Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

'ബസ്മാത്തു റൗദ' മദ്‌റസാ ജീവിതം അടയാളപ്പെടുത്തുന്നു

അശ്‌റഫ് കൊടിഞ്ഞി, രിയാദ്

രിയാദ് നഗരത്തിലെ  റൗദ മേഖലയിലെ 'അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ' വിദ്യാര്‍ഥികള്‍ തങ്ങളുടെ മദ്‌റസാജീവിതം അടയാളപ്പെടുത്തുന്നു. പ്രവാസലോകത്ത് പതിനേഴു വര്‍ഷമായി നിലനില്‍ക്കുന്ന ഇസ്‌ലാമിക പാഠശാലയെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും ചേര്‍ന്ന് ജനസമക്ഷം അവതരിപ്പിക്കുകയാണ് 'ബസ്മാത്തു റൗദ' എന്ന മാഗസിനിലൂടെ. അറിവുകളുടെയും അനുഭവങ്ങളുടെയും പങ്കുവെക്കലിനോടൊപ്പം പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയുള്ള അന്വേഷണം കൂടിയാണ് ഈ മാഗസിന്‍. കുട്ടികള്‍ തന്നെ എഴുത്തും വരയും എഡിറ്റിംഗും നിര്‍വഹിച്ച ഈ സര്‍ഗസൃഷ്ടി മഹത്തായൊരു സ്ഥാപനത്തിന്റെ ചൈതന്യം വിളിച്ചറിയിക്കുന്നതാണ്. അവര്‍ നേടിയ സാംസ്‌കാരികവും വൈജ്ഞാനികവുമായ ഉള്‍ക്കാഴ്ചയുടെ നിദര്‍ശനം കൂടിയാണ് ഈ മാഗസിന്‍.

കേരളത്തില്‍ ഇസ്‌ലാമിക നവജാഗരണ രംഗത്ത് നവോത്ഥാനത്തിന്റെ വിത്തുപാകി കടന്നുവന്ന പ്രസ്ഥാനമാണ് 'അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ' എന്ന മദ്‌റസാ പ്രസ്ഥാനം. പ്രാഥമികതലംതൊട്ട് ജാമിഅഃ വരെയായി വൈപുല്യമുള്ള ഒരു ദീനീസംരംഭമാണ് ഇപ്പോള്‍ അത്. ഓത്തുപള്ളിയില്‍നിന്നും പള്ളിദര്‍സുകളില്‍നിന്നും ഇസ്‌ലാമിക വിജ്ഞാനത്തിന് മോചനം നല്‍കി, കേവലം ആരാധനാനുഷ്ഠാനങ്ങള്‍ മാത്രമല്ല, സമഗ്രമായ ഒരു ജീവിതദര്‍ശനമാണ് ഇസ്‌ലാമെന്ന് കേരളീയ സമൂഹത്തിനു മുമ്പില്‍ അനാവരണം ചെയ്തതില്‍ ഈ മദ്‌റസകള്‍ക്കുള്ള സ്ഥാനം ചെറുതല്ല.

എണ്‍പതുകളുടെ തുടക്കത്തോടെ ഗള്‍ഫ്‌നാടുകളിലേക്ക് തൊഴിലന്വേഷകരുടെ പ്രവാഹം വര്‍ധിച്ചപ്പോള്‍ നമ്മുടെ മദ്‌റസകള്‍ക്കും ഇവിടെ അനുബന്ധമുണ്ടായി. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ ഈ മദ്‌റസകളിലും നടന്നുവരുന്നു.

അഞ്ചും ഏഴും ക്ലാസ്സുകളിലേക്കുള്ള പൊതുപരീക്ഷയിലെ മികച്ച വിജയങ്ങള്‍, ധാര്‍മിക പഠന നിലവാരം, ഖുര്‍ആന്‍ ഹാഫിളുകള്‍, മലര്‍വാടി കലോത്സവത്തിലെ ഓവറോള്‍ ട്രോഫി,  'The Time Line' ഷോര്‍ട്ട് ഫിലിം നിര്‍മാണം തുടങ്ങി മദ്‌റസയുടെ പാഠ്യ-പാഠ്യേതര രംഗത്തെ നേട്ടങ്ങള്‍ പ്രധാനാധ്യാപിക ബഹ്ജ ബിന്‍ത് അബൂബക്കര്‍ വിശദീകരിക്കുന്നു. രക്ഷിതാക്കള്‍ നല്‍കിയ നിര്‍ലോഭ സഹകരണം  അനുസ്മരിക്കുകയും ചെയ്യുന്നു. കഥയും കവിതയും ലേഖനങ്ങളുമായി വിദ്യാര്‍ഥികളും സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍ വ്യാപരിക്കുന്ന പൂര്‍വവിദ്യാര്‍ഥികളും പുതുചിന്തകള്‍ കൊണ്ട് 'ബസ്മാത്തു റൗദ'യുടെ ദളങ്ങള്‍ ധന്യമാക്കുന്നു.

'പ്രവാസത്തിലെ മദ്‌റസാപഠനം നേരിടുന്ന വെല്ലുവിളികള്‍' എന്ന ശീര്‍ഷകത്തില്‍ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നടത്തിയ ചര്‍ച്ച ആധുനിക സാങ്കേതിക വിദ്യകള്‍ ബോധനരീതികളില്‍ അവലംബിക്കാനും നിലവിലെ ഭൗതിക സാഹചര്യങ്ങള്‍ സമൂലമായി പരിഷ്‌കരിക്കാനും നിര്‍ദേശിക്കുന്നു. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് മദ്‌റസക്കും സമൂഹത്തിനും ഉണ്ടാക്കുന്ന പ്രയാസങ്ങളില്‍ ചര്‍ച്ചയില്‍ സംബന്ധിച്ചവര്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നു. രിയാദിലെ ആദ്യകാല മദ്‌റസാ സ്ഥാപകരിലൊരാളായ സഈദ് ഉമറുമായി കുട്ടികള്‍ ഒരഭിമുഖവും തയാറാക്കിയിരിക്കുന്നു.

ആകര്‍ഷകമായ രൂപഘടനയും മികച്ച അച്ചടിയും മാഗസിന്റെ പ്രത്യേകതകളാണ്. ഫാത്വിമാ റശീദ്, ആമിനാ ഹൈഫ, ആഇശ ബാബു, വര്‍ദ റശീദ് (പത്രാധിപ സമിതിയംഗങ്ങള്‍), ബിലാല്‍ ഹനീഫ് (ഫോട്ടോഗ്രാഫര്‍), വി.പി ജുമാന (ഡിസൈന്‍ & ലേഔട്ട്) എന്നിവരാണ് അണിയറയില്‍. സഹായിയായി റശീദ് അലി കൊയിലാണ്ടിയും. 

സര്‍ഗാത്മകത മരുഭൂമിയിലും പൂത്തുലയുമെന്നും പ്രവാസികുട്ടികള്‍ക്കും വര്‍ണാഭമായ കുട്ടിക്കാലമുണ്ടെന്നും മാഗസിന്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. വൈവിധ്യമാര്‍ന്ന സര്‍ഗസിദ്ധികളുടെ ഉടമകളാണ് ഇന്നത്തെ കുട്ടികള്‍; അവര്‍ അടയാളപ്പെടുത്താന്‍ ശ്രമിച്ചതും അതാണ്. 

 


Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍