Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

നയതന്ത്ര രംഗത്തെ പ്രവാചക മാതൃക

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

മദീനയും പരിസര പ്രദേശങ്ങളും ഇസ്‌ലാമിന് അനുകൂലമായ സന്ദര്‍ഭം. ഇസ്‌ലാമിലേക്ക് കൂടുതലാളുകള്‍ ആകൃഷ്ടരായി. യുദ്ധങ്ങളില്‍ മുസ്‌ലിംകള്‍ വിജയശ്രീലാളിതരായി. മുസ്‌ലിമേതര വിഭാഗങ്ങളുമായുണ്ടാക്കിയ സന്ധികള്‍ ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി. ഇസ്‌ലാം കൂടുതല്‍ ആളുകളിലും പ്രദേശങ്ങളിലുമെത്തി. പ്രവാചകനും സ്വഹാബികളും ഇസ്‌ലാമിക പ്രബോധനം മക്കയിലും മദീനയിലും പരിസര പ്രദേശങ്ങളിലും മാത്രം ചുരുക്കിയില്ല. അറേബ്യന്‍ ഉപദ്വീപിനു പുറത്തെ മറ്റു രാജ്യങ്ങളിലേക്കും ദൈവിക സന്ദേശമെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തി. രാജാക്ക•ാരിലേക്കും നേതാക്ക•ാരിലേക്കും ദൂത•ാരെ അയച്ചു. കത്തുകള്‍ കൊടുത്തയച്ചു. എത്യോപ്യയിലെ നജ്ജാശി, പേര്‍ഷ്യന്‍ ഭരണാധികാരിയായിരുന്ന കിസ്‌റ, റോമന്‍ ചക്രവര്‍ത്തി ഹിര്‍ഖല്‍, ഈജിപ്തിലെ ഖിബ്ത്വികളുടെ നേതാവ് മുഖൗഖിസ്, ബഹ്‌റൈന്‍ രാജാവ് മുന്‍ന്ദിര്‍ ബിന്‍ സാവി തുടങ്ങിയവരെ തേടി ദൂത•ാരെത്തി.

ഇതര രാജ്യങ്ങളിലെ ഭരണാധികാരികളോടുള്ള പ്രവാചകന്റെ നിലപാടുകളും സമീപനങ്ങളും വളരെ മാന്യവും വിനയാന്വി

തവും മാതൃകാപരവുമായിരുന്നു. അവരോടൊരിക്കലും ശത്രുതാഭാവത്തോടെ പെരുമാറിയില്ല. മതമേതായാലും അവരുടെ പദവികളെ പ്രവാചകന്‍ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. അതിന്റെ വ്യക്തമായ തെളിവാണ് കിസ്‌റ, ഹിര്‍ഖല്‍, മുഖൗഖിസ്, നജ്ജാശി എന്നിവര്‍ക്ക് പ്രവാചകന്‍ കൊടുത്തയച്ച കത്തുകള്‍. ഇസ്‌ലാമിലേക്ക് അവരെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകളിലെ വരികള്‍ ബഹുമാനവും ആദരവും വിനയവും മുറ്റിനില്‍ക്കുന്നതായിരുന്നു. കത്തുകളില്‍ ഭരണാധികാരികളുടെ പേരിനു മുമ്പില്‍ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്ന വാക്കുകള്‍ പ്രവാചകന്‍ പ്രയോഗിച്ചിരുന്നു. ആളുകളുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളും കാഴ്ചപ്പാടുകളും നോക്കിയായിരുന്നില്ല പ്രവാചകന്റെ പെരുമാറ്റം. അത് മാന്യവും വിനയം നിറഞ്ഞതുമായിരുന്നു. 

ഒരോ രാജ്യത്തേക്കും അവിടത്തെ അവസ്ഥകള്‍ നന്നായറിയുന്നവരും അവരുടെ ഭാഷകള്‍ വശമുള്ളവരും ദൗത്യനിര്‍വഹണത്തിന് കഴിവുറ്റവരും ക്ഷമാശീലരും വാക്ചാതുര്യമുള്ളവരും സമര്‍ഥരുമായ ആളുകളെയാണ്  പ്രവാചകന്‍ അയച്ചത്. 

റോമന്‍ ഭരണാധികാരി ഹിര്‍ഖലിന്റെ അടുക്കലേക്ക് ദഹിയ അല്‍കലബി എന്നയാളെയായിരുന്നു പ്രവാചകന്‍ അയച്ചത്. ഇബ്‌നു ഹജര്‍ എഴുതുന്നു: ''ദഹിയ കലബി സുമുഖനും കഴിവുറ്റ കുതിരപ്പടയാളിയും റോമിനെക്കുറിച്ച് നന്നായി അറിവുള്ളവനുമായിരുന്നു'' (ഇസാബ). കിസ്‌റയുടെ അടുക്കലേക്ക് അയച്ചത് അബ്ദുല്ലാഹിബ്‌നു ഖുദാഫയെയാണ്. പേര്‍ഷ്യ പരിചയമുള്ളവനും അവരുടെ ഭാഷ നന്നായി അറിയുന്നവനും ധീരനുമായിരുന്നു അദ്ദേഹം. ഈജിപ്തിലെ മുഖൗഖിസിന്റെ അടുക്കലേക്ക് അയച്ചത് ഹാത്വിമുബ്‌നു അബീബല്‍തഅയെയാണ്. ഇബ്‌നുഹജ്ര്‍ പറയുന്നു: ''ഹാത്വിമുബ്‌നു അബീബല്‍തഅ ഖുറൈശികളിലെ കുതിരപ്പടയാളിയും ജാഹിലിയ്യാ കാലത്തെ കവികളിലൊരാളും ക്രിസ്തുമതത്തെക്കുറിച്ച് നന്നായി അറിവുള്ളനും സംഭാഷണ ചാതുരിയുള്ളവനുമായിരുന്നു'' (ഇസാബ).

 

മാന്യമായ സ്വീകരണം

വിവിധ രാജ്യങ്ങളുടെ ദൂത•ാരായി എത്തുന്നവരെ പ്രവാചകന്‍ മാന്യമായി സ്വീകരിക്കുകയും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുകയും ചെയ്തു. ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ മനോഭാവം വെച്ചുപുലര്‍ത്തുകയും ധിക്കാരപരമായ നിലപാട് സ്വീകരിക്കുകയും ചെയ്ത ഭരണാധികാരികളുടെ ദൂത•ാരാണെങ്കില്‍ പോലും അവരെ  ശത്രുതയോടെ ഒരിക്കലും പ്രവാചകന്‍ കണ്ടിരുന്നില്ല. കിസ്‌റയുടെ രണ്ട് ദൂത•ാരോട് പ്രവാചകന്‍ സ്വീകരിച്ച സമീപനം ഉദാഹരണം. ഹിര്‍ഖലും മുഖൗഖിസും നജ്ജാശിയും പ്രവാചകന്റെ കത്തിനോട് മാന്യമായാണ് പ്രതികരിച്ചത്. നജ്ജാശിയും മുഖൗഖിസും പ്രവാചകന്റെ ദൂത•ാരെ നന്നായി സ്വീകരിച്ചു. മുഖൗഖിസ് ദൂത•ാരോടൊപ്പം പ്രവാചകന് സമ്മാനങ്ങള്‍ കൊടുത്തയക്കുകയുമുണ്ടായി. എന്നാല്‍ പേര്‍ഷ്യന്‍ ഭരണാധികാരി കിസ്‌റയുടെ പ്രതികരണം തികച്ചും ധിക്കാരപരമായിരുന്നു. പ്രവാചകന്‍ കൊടുത്തയച്ച കത്ത് കിസ്‌റ പിച്ചിച്ചീന്തി. അഹങ്കാരത്തോടെ പറഞ്ഞു: ''എന്റെ അടിമയായ ഒരാള്‍ എനിക്കിങ്ങനെ എഴുതുകയോ?'' യമനിലെ തന്റെ ഗവര്‍ണറായിരുന്ന ബാദാനോട് ശക്തരായ രണ്ടാളുകളെ ഹിജാസിലെ മുഹമ്മദിന്റെ അടുക്കലേക്ക് അയക്കാനും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാനും കിസ്‌റ കല്‍പന പുറപ്പെടുവിക്കുകയും ചെയ്തു. 

കിസ്‌റയുടെ രണ്ട് ദൂത•ാര്‍ മദീനയിലെത്തി. പ്രവാചകന്‍ അവരിരുവരെയും മാന്യമായി സ്വീകരിച്ചു. കിസ്‌റ കാണിച്ച ധിക്കാരപരമായ പ്രതികരണത്തിന് മറുപടിയായി അവരോട് കോപിക്കുകയോ അവരെ ഉപദ്രവിക്കുകയോ ചെയ്തില്ല. അവരുമായി നല്ലനിലയില്‍ സംവദിച്ചു. സമ്മാനങ്ങള്‍ നല്‍കി. നോക്കൂ, ഇതരമതസ്ഥരും ധിക്കാരം കാണിച്ചവരുമായ ഭരണാധികാരികളോടും അവരുടെ ദൂത•ാരോടും പ്രവാചകന്‍ സ്വീകരിച്ച നയതന്ത്രപരമായ നിലപാടും സമീപനവും! അവരുടെ നേതാവിനെ പോലെ ഭീഷണിയുടെയും അഹങ്കാരത്തിന്റെയും ശൈലിയില്‍ പ്രവാചകന്‍ അവരോട്  സംസാരിച്ചില്ല. കിസ്‌റ കത്ത് പിച്ചിച്ചീന്തിയതറിഞ്ഞപ്പോള്‍ പ്രവാചകന്‍ കിസ്‌റയുടെ ഭരണം തകരട്ടെയെന്ന് പ്രാര്‍ഥിക്കുക മാത്രമാണ് ചെയ്തത്. ആ പ്രാര്‍ഥന ഫലം കണ്ടു. കിസ്‌റയുടെ ഭരണം തകര്‍ന്നു.

നല്ല വസ്ത്രമണിഞ്ഞായിരുന്നു പ്രവാചകന്‍  പ്രതിനിധി സംഘാംഗങ്ങളെ സ്വീകരിച്ചിരുന്നത്. അവരോടൊപ്പം ഇരിക്കുകയും കുശലം പറയുകയും അവരെ മാന്യമായ നിലയില്‍ സല്‍ക്കരിക്കുകയും ചെയ്തു. സംഘാംഗങ്ങളെ സ്വീകരിക്കാന്‍ പ്രത്യേക വീടുകള്‍ പ്രവാചകന്‍ ഒരുക്കിയിരുന്നതായും ചില റിപ്പോര്‍ട്ടുകളിലുണ്ട്.

അമുസ്‌ലിം ഭരണാധികാരികള്‍ പ്രവാചകന് ദൂത•ാര്‍ വശം സമ്മാനങ്ങള്‍ കൊടുത്തയക്കുകയും പ്രവാചകനത് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതര രാജ്യങ്ങളിലെ ഭരണാധികാരികളുമായുള്ള പ്രവാചകന്റെ സൗഹൃദമാണ് ഇത് സൂചിപ്പിക്കുന്നത്. ഈജിപ്തിലെ ഖിബ്ത്വികളുടെ നേതാവായിരുന്ന മുഖൗഖിസ് പ്രവാചകന്റെ ദൂതന്‍ വശം രണ്ട് ദാസികളെയും (മാരിയ, സിരീന്‍ എന്നിവരെ) ഒരടിമയെയും, ഉപഹാരമെന്നോണം സ്വര്‍ണവും വസ്ത്രവും തേനും സുഗന്ധദ്രവ്യങ്ങളുമെല്ലാം കൊടുത്തയച്ചതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രവാചകന്റെ കത്തിനുള്ള മറുപടിയില്‍ മുഖൗഖിസ് ഇക്കാര്യം എഴുതിയിട്ടുണ്ട്: ''താങ്കളുടെ കത്ത് കിട്ടി. വായിച്ചു. അതില്‍ സൂചിപ്പിച്ച കാര്യവും ഏതെന്നിലേക്കാണ് താങ്കള്‍ ക്ഷണിക്കുന്നതെന്നും മനസ്സിലായി. ഒരു പ്രവാചകന്‍ വരാനുണ്ടെന്ന് എനിക്കറിയാം. ശാമില്‍നിന്നായിരിക്കും അദ്ദേഹത്തിന്റെ ആഗമനമെന്ന് ഞാന്‍ കരുതുകയും ചെയ്തിരുന്നു......... താങ്കളുടെ ദൂതനെ നല്ല നിലയില്‍  സ്വീകരിക്കുകയും ആദരിക്കുകയും ചെയ്തിരിക്കുന്നു. അദ്ദേഹത്തിനൊപ്പം താങ്കള്‍ക്ക് എന്റെ രണ്ട് ദാസികളെ അയക്കുന്നുണ്ട്. കോപ്റ്റിക്കുകളുടെ അടുക്കല്‍ വലിയ സ്ഥാനമുള്ളവരാണവര്‍. കൂടെ ഒരടിമയുമുണ്ട്. വസ്ത്രങ്ങളും അവരുടെ യാത്രക്ക് വേണ്ട സവാരി മൃഗവുമുണ്ട്. താങ്കള്‍ക്ക് രക്ഷയുണ്ടാകട്ടെ.''

എത്യോപ്യയിലെ നജ്ജാശിയുമായുള്ള പ്രവാചകന്റെ ബന്ധം വളരെ സുദൃഢമായിരുന്നു. മക്കയില്‍ ശത്രുക്കളുടെ പീഡനങ്ങളും മര്‍ദനങ്ങളും സഹിക്കവയ്യാതായപ്പോള്‍ മുസ്‌ലിംകള്‍ ആദ്യമായി പലായനം നടത്തിയത് നജ്ജാശിയുടെ എത്യോപ്യയിലേക്കായിരുന്നു. നല്ല സ്വീകരണമാണ് മുസ്‌ലിംകള്‍ക്ക് അവിടെ ലഭിച്ചത്. കുറേകാലം നജ്ജാശിയുടെ ഭരണത്തിനു കീഴില്‍ മുഹാജിറുകളായെത്തിയവര്‍ അവിടെ സമാധാനത്തോടും സന്തോഷത്തോടും കഴിഞ്ഞുകൂടി. പ്രവാചകന്‍ തന്റെ അനുചര•ാരോട് നജ്ജാശിയെ പ്രകീര്‍ത്തിച്ചു പറഞ്ഞതായി കാണാം. പ്രവാചകന്‍ പറഞ്ഞു: ''എത്യോപ്യയില്‍ ഒരു രാജാവുണ്ട്. അദ്ദേഹത്തിന്റെ അടുക്കല്‍ ഒരാളും ആക്രമിക്കപ്പെടുകയില്ല.'' നജ്ജാശിക്കും പ്രവാചകന്നുമിടയിലെ ബന്ധം സാധാരണ രാഷ്ട്രീയ-നയതന്ത്ര ബന്ധങ്ങള്‍ക്ക് ഉപരിയായി വളരെ ആഴമേറിയതായിരുന്നു. നജ്ജാശിയുടെ വാക്കുകളില്‍നിന്നുതന്നെ അക്കാര്യം ബോധ്യമാകും. അബൂസുഫ്‌യാന്റെ മകള്‍ ഉമ്മുഹബീബയെ പ്രവാചകന് വിവാഹം ചെയ്തുകൊടുക്കാന്‍ നേതൃത്വം നല്‍കിയ സന്ദര്‍ഭത്തില്‍ നജ്ജാശി പറഞ്ഞു: ''താങ്കളുടെ ആളുകളില്‍പെട്ട ഒരു സ്ത്രീയെ താങ്കള്‍ക്ക് വിവാഹം കഴിച്ചുതന്നിരിക്കുന്നു. താങ്കളുടെ മതത്തില്‍പെട്ട ഉമ്മുഹബീബ ബിന്‍ത് അബീസുഫ്‌യാനാണത്. താങ്കള്‍ക്കു വേണ്ടി വസ്ത്രങ്ങടക്കമുള്ള ഉപഹാരങ്ങള്‍ അയക്കുകയും ചെയ്തിരിക്കുന്നു.'' 

ഒാരോരുത്തര്‍ക്കും അവരവരുടെ സ്ഥാനം വകവെച്ചുകൊടുക്കുന്ന നിലപാടും ശൈലിയുമായിരുന്നു പ്രവാചകന്റേത്. അമുസ്‌ലിം രാജ്യങ്ങളിലെ ഭരണാധികാരികളോടും അങ്ങനെത്തന്നെ. അതുപോലെ ധീരമായിരുന്നു പ്രവാചകന്റെ നിലപാടുകളും. ഇസ്‌ലാമിക പ്രബോധനമെന്ന മഹത്തായ ദൗത്യനിര്‍വഹണ പാതയില്‍ പ്രവാചകനാരെയും ഭയപ്പെട്ടിട്ടില്ല. സമൂഹത്തിലെ എല്ലാത്തരം ആളുകളിലേക്കും ആ സന്ദേശമെത്തിച്ചു. അതില്‍ സാധാരണക്കാരും ഭരണാധികാരികളുമെല്ലാം ഉള്‍പ്പെട്ടിരുന്നു. പ്രവാചകനല്ലാത്ത മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഭരണാധികാരികളിലേക്കും രാജാക്ക•ാരിലേക്കും കത്തയക്കുന്നതിലുള്ള പരിണിതഫലം എന്തായിരിക്കുമെന്നോര്‍ത്ത് ഭയന്നുനില്‍ക്കാന്‍ സാധ്യതയുണ്ട്. പ്രവാചകന്‍ അതൊന്നും ആലോചിച്ചില്ല. തന്റെ ഉത്തരവാദിത്തം സത്യസന്ധമായി നിര്‍വഹിക്കുകയായിരുന്നു. ഇസ്‌ലാമിക സന്ദേശം മുഴുവനാളുകളിലേക്കുമെത്തിക്കാന്‍ പ്രവാചകന്‍ കാണിച്ച അതീവ താല്‍പര്യമാണ് ഇവിടെ വ്യക്തമാകുന്നത്. ഏതെങ്കിലും പ്രത്യേക സമൂഹത്തിലേക്കോ നിശ്ചിത സ്ഥലത്തേക്കോ നിയോഗിതനായ പ്രവാചകനല്ലെന്നും സ്ഥലകാലവ്യത്യാസമില്ലാതെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനുമായാണ് തന്റെ നിയോഗമെന്നും വ്യക്തമാക്കുന്നതായിരുന്നു  പ്രവാചകന്റെ നയതന്ത്ര സമീപനങ്ങള്‍. 

''നിന്നെ നാം മനുഷ്യര്‍ക്കാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടുതന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരില്‍ അധികപേരും അറിയുന്നില്ല'' (സബഅ്:28).

 

 

Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍