Prabodhanm Weekly

Pages

Search

2016 ജൂലൈ 29

2961

1437 ശവ്വാല്‍ 24

ബോധവത്കരണം തൃണമൂലതലത്തില്‍ നടത്തേണ്ട സമയം

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ ഇത്രയധികം കൂട്ടക്കൊലകളും നശീകരണ പ്രവൃത്തികളും മഹാ പലായനങ്ങളും നടന്ന മറ്റൊരു കാല്‍നൂറ്റാണ്ട് ചരിത്രത്തില്‍നിന്ന് കണ്ടെടുക്കാന്‍ വളരെ പ്രയാസപ്പെടും. കൊല ചെയ്യപ്പെടുന്നവരില്‍ ബഹുഭൂരിഭാഗവും നിരപരാധികളായ സാധാരണക്കാര്‍. ഒന്നുകില്‍ ഭീകരര്‍ കൊല്ലുന്നു, അല്ലെങ്കില്‍ ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചവര്‍ കൊല്ലുന്നു. ഭീകരര്‍ക്കും ഭീകരവിരുദ്ധര്‍ക്കും ഒരുപോലെ കൊല നടത്താനുള്ള അനുകൂല സാഹചര്യങ്ങള്‍ നിരന്തരം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. കഴിഞ്ഞ രണ്ടു മാസത്തെ പ്രധാന സംഭവങ്ങള്‍ തന്നെ പരിശോധിക്കുക. എല്ലാം ഭീകരാക്രമണങ്ങള്‍. ബഗ്ദാദിലും ഇസ്തംബൂളിലും ധാക്കയിലും അത്യുഗ്രന്‍ സ്‌ഫോടനങ്ങള്‍, നൂറുകണക്കിനാളുകള്‍ക്ക് ജീവഹാനി. ഫ്രാന്‍സിലെ നീസ് നഗരത്തില്‍ വെടിക്കെട്ട് കണ്ടുകൊണ്ടുനിന്ന ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ അക്രമി പോലീസിന്റെ വെടിയേറ്റ് വീഴും വരെ നടുറോഡില്‍ കൊലക്കളം തീര്‍ക്കുകയായിരുന്നു. അമേരിക്കയില്‍നിന്ന് വെടിവെപ്പു വാര്‍ത്തകളേ ഇപ്പോള്‍ കേള്‍ക്കാനുള്ളൂ. പോലീസ് കറുത്ത വര്‍ഗക്കാരെ വെടിവെക്കുന്നു, കറുത്ത വര്‍ഗക്കാര്‍ തിരിച്ചും വെടിവെക്കുന്നു. ഏറ്റവും ഒടുവിലത്തേതാണ് തുര്‍ക്കിയില്‍ ജനം തെരുവിലിറങ്ങി പരാജയപ്പെടുത്തിയ പട്ടാള അട്ടിമറി ശ്രമവും അതില്‍ നൂറുകണക്കിനു പേര്‍ കൊല്ലപ്പെട്ടതും.

ഈ ബോംബ് സ്‌ഫോടനങ്ങളും കൂട്ടക്കൊലകളും ഏതൊക്കെയോ അര്‍ഥത്തില്‍ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. ഒന്നും ഒറ്റപ്പെട്ടതല്ല. ഇതിന്റെയൊക്കെ പിന്നില്‍ ചില ശക്തികള്‍ സമര്‍ഥമായി കരുനീക്കുന്നുണ്ട്. അവര്‍ ചില ദര്‍ശനങ്ങളെയും ജനവിഭാഗങ്ങളെയും കൃത്യമായി ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. ഭീകരാക്രമണങ്ങള്‍ക്കു ശേഷം ലോക നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ വായിച്ചാല്‍ അത് വ്യക്തമാവും. ഫ്രാന്‍സിലെ നീസില്‍ ട്രക്ക് കയറ്റി നിരവധി പേരെ കൊലപ്പെടുത്തിയ അക്രമി തികഞ്ഞ അരാജക ജീവിതം നയിക്കുന്ന, അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിരന്തരം ശല്യമുണ്ടാക്കുന്ന, ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളാണെന്ന് വ്യക്തമായിട്ടും ഫ്രഞ്ച് പ്രസിഡന്റ് ഓലന്റ് ആ ക്രൂരപ്രവൃത്തിയെ 'ഇസ്‌ലാമിക ഭീകരവാദ'ത്തിന്റെ ചെലവില്‍ എഴുതിച്ചേര്‍ക്കാനാണ് തുനിഞ്ഞത്. തുനീഷ്യന്‍ വംശജനാണ് എന്നതു മാത്രം മതിയായിരുന്നു അക്രമിയെ 'ഇസ്‌ലാമിക ഭീകരവാദി'യാക്കാന്‍. പ്രതിസന്ധികളില്‍ അവധാനതയോടെ അഭിപ്രായം പറയാനും സമൂഹത്തെ ഐക്യത്തോടെ മുന്നോട്ടു നയിക്കാനും ബാധ്യസ്ഥരായ ഭരണകര്‍ത്താക്കള്‍ വരെ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം നേടിയെടുക്കാനുള്ള മത്സരത്തിനിടയില്‍ കടുത്ത മുസ്‌ലിംവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി നിറഞ്ഞാടുകയായിരുന്നല്ലോ വലതുപക്ഷ തീവ്രവാദിയായ ഡൊണാള്‍ഡ് ട്രംപ്. ഇത് അദ്ദേഹത്തെ അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയിലും എത്തിച്ചുകൂടായ്കയില്ല. അടുത്ത പത്തു വര്‍ഷത്തിനകം യൂറോപ്പിലെ ഒരു ഡസന്‍ നാടുകളിലെങ്കിലും  വലതുപക്ഷ തീവ്രവാദികള്‍ അധികാരം പിടിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ലോകം വൈകാതെ സ്വാസ്ഥ്യത്തിലേക്കും സമാധാനത്തിലേക്കും കരകയറും എന്ന നമ്മുടെ ആത്മവിശ്വാസത്തെ ഉലച്ചുകളയുന്നതാണ് ഈ സംഭവ വികാസങ്ങള്‍.

ഇന്ത്യയിലും ശുഭകരമല്ല കാര്യങ്ങള്‍. ഏറ്റവുമൊടുവിലത്തെ സാകിര്‍ നായിക് പ്രശ്‌നം തന്നെ നോക്കുക. ധാക്കാ സ്‌ഫോടനത്തില്‍ പങ്കാളികളായ രണ്ടു പേര്‍ സാകിര്‍ നായികിന്റെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടരായിരുന്നു എന്ന ഒരു ബംഗ്ലാദേശി പത്രത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരേണ്ട താമസം, ഇന്ത്യന്‍ ഭരണസംവിധാനങ്ങളും മീഡിയയും ബുദ്ധിജീവികളും ഒന്നടങ്കം സാകിര്‍ നായികിനെതിരെ തിരിഞ്ഞു. ബംഗ്ലാദേശിലെ പത്രം സാകിര്‍ നായികുമായി ബന്ധപ്പെട്ട പരാമര്‍ശം പിന്‍വലിച്ചുവെങ്കിലും, പ്രഭാഷണങ്ങളില്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്ന വരികള്‍ കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടുവെങ്കിലും സാകിറിനെതിരായ ഭരണകൂട -മീഡിയാ വിചാരണ ഇപ്പോഴും തുടരുകയാണ്. ഏക സിവില്‍കോഡ്- അലീഗഢ് ന്യൂനപക്ഷ പദവി വിഷയങ്ങള്‍ അനവസരത്തില്‍ വിവാദമാക്കുന്നതും വര്‍ഗീയ ധ്രുവീകരണവും അതുവഴി തെരഞ്ഞെടുപ്പു വിജയവും ലക്ഷ്യം വെച്ചുകൊണ്ടുതന്നെ. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍നിന്ന് ഹിന്ദുക്കള്‍ പലായനം ചെയ്യുന്ന പോലുള്ള വ്യാജവാര്‍ത്തകള്‍ വേറെയും.

ആഗോളതലത്തിലായാലും ദേശീയതലത്തിലായാലും ഒരേ പാറ്റേണിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു ദര്‍ശനത്തെയും ജനവിഭാഗത്തെയും പ്രതിസ്ഥാനത്ത് നിര്‍ത്തുക. അവരെ പിശാചുവത്കരിക്കാന്‍ ആവശ്യമായ ക്രൂരകൃത്യങ്ങള്‍ ഇടക്കിടെ അവരുടെ പേരില്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുക. മീഡിയ വഴി അതിന് വന്‍പ്രചാരം നല്‍കുക. ഈ പ്രചാരണം പൊതുസമൂഹത്തെ സ്വാധീനിക്കുമെന്ന് ഉറപ്പാണ്. വിവിധ മതസമൂഹങ്ങളെ നൂറ്റാണ്ടുകളായി ഒന്നിപ്പിച്ചു നിര്‍ത്തിയ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും ഇഴകളെ അത് അറുത്തെറിയും. ഇത്തരം വിഷലിപ്തമായ പ്രചാരണങ്ങള്‍ക്കെതിരെ തൃണമൂല തലത്തില്‍ ശക്തമായ ബോധവത്കരണ പരിപാടികള്‍ നടത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ഈയൊരു പശ്ചാത്തലത്തിലാണ് ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 4 വരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ തലത്തില്‍ നടത്താന്‍ തീരുമാനിച്ച 'പീസ് ആന്റ് ഹ്യുമാനിറ്റി' കാമ്പയിന്‍ പ്രസക്തമാകുന്നത്. വലിയ സെമിനാറുകളോ സമ്മേളനങ്ങളോ നടത്താനല്ല ലക്ഷ്യമിട്ടിരിക്കുന്നത്. പ്രാദേശിക തലങ്ങളില്‍ സൗഹൃദ കൂട്ടായ്മകള്‍ ഉണ്ടാക്കുന്നതിനാണ് പ്രാമുഖ്യം. തെറ്റിദ്ധാരണകള്‍ അകറ്റാനും സൗഹൃദം ഊട്ടിയുറപ്പിക്കാനും ഇത്തരം വേദികളെ ഉപയോഗപ്പെടുത്തും. മതന്യൂനപക്ഷങ്ങള്‍ക്കും കീഴാള അധഃസ്ഥിത വിഭാഗങ്ങള്‍ക്കുമെതിരെ അടുത്ത കാലത്തായി ശക്തിപ്പെട്ട നീക്കങ്ങള്‍ക്കെതിരെ കൂട്ടായ പ്രതിരോധം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, കവര്‍ന്നെടുക്കപ്പെട്ടുകൊണ്ടിരിക്കുന്ന അവകാശങ്ങള്‍ക്കു വേണ്ടിയും ശബ്ദമുയര്‍ത്തും. ജനാധിപത്യത്തിലും മത സൗഹാര്‍ദത്തിലും വിശ്വസിക്കുന്ന എല്ലാ കൂട്ടായ്മകളും ഇതുപോലുള്ള കാമ്പയിനുകള്‍ സംഘടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. 


Comments

Other Post

ഹദീസ്‌

ഭൗതികാസക്തിയും ആത്മീയ തീവ്രതയും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 47-50
എ.വൈ.ആര്‍