Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

ശവ്വാല്‍ നോമ്പിനെക്കുറിച്ച്

ഇല്‍യാസ് മൗലവി

എന്താണ് ശവ്വാല്‍ നോമ്പിന്റെ ശ്രേഷ്ഠത?

 

ശവ്വാലിലെ ആറ് നോമ്പ് പല നിലക്കും പ്രാധാന്യമുള്ളതും പുണ്യകരവും ശ്രേഷ്ഠവുമാണ്. ഏതൊരു സല്‍ക്കര്‍മവും  ചെയ്തുകഴിഞ്ഞാല്‍ അതു പറ്റേ ഉപേക്ഷിക്കാതെ അതുമായുള്ള ബന്ധം പറ്റെ വിഛേദിക്കാതെ, ഒരു തുടര്‍ച്ചയും നൈരന്തര്യവും ഉണ്ടാകുന്നത് ആ കര്‍മം പൂര്‍ണമായി സ്വീകരിക്കപ്പെടാനും നിര്‍ബന്ധ കര്‍മങ്ങളുടെ പ്രതിഫലം ഒട്ടും കുറയാതെ ലഭിക്കാനും നിര്‍ബന്ധ കര്‍മങ്ങളനുഷ്ഠിക്കുന്നിടത്ത് സംഭവിച്ചുപോകുന്ന സ്ഖലിതങ്ങള്‍ പരിഹരിക്കാനുമെല്ലാം സഹായകമാണ്. ഒരാളുടെ കര്‍മം സ്വീകരിക്കപ്പെട്ടു എന്നതിന്റെ തെളിവ് കൂടിയാണ് ഇങ്ങനെയുള്ള തുടര്‍ച്ച. അല്ലാഹു പറയുന്നു: ''ഒന്നില്‍നിന്ന് വിരമിച്ചാല്‍ അടുത്തതിലേക്ക് പ്രവേശിക്കുക'' (അല്‍ ഇന്‍ശിറാഹ്).

കൂടാതെ ആറ് നോമ്പിന്റെ ശ്രേഷ്ഠത പ്രത്യേകം വിവരിക്കുന്ന ഹദീസുകളും കാണാം. അബൂ അയ്യൂബുല്‍ അന്‍സ്വാരി(റ) നബി(സ)യില്‍നിന്ന് നിവേദനം ചെയ്യുന്നു: ''ആരെങ്കിലും റമദാന്‍ നോമ്പ് അനുഷ്ഠിക്കുകയും തുടര്‍ന്ന്  ശവ്വാലില്‍ ആറ് നോമ്പു കൂടി നോല്‍ക്കുകയും ചെയ്താല്‍ അതത്രെ ഒരു വര്‍ഷത്തെ നോമ്പ്''(മുസ്‌ലിം: 2815, അല്‍ബാനിയുടെ സ്വഹീഹ് അബീദാവൂദ് : 2102). കൂടാതെ അഹ്മദ്(5/417),  തിര്‍മിദി (1164) തുടങ്ങിയവരും ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സൗബാന്‍ നബിയില്‍നിന്ന് ഉദ്ധരിക്കുന്നു: ''ആരെങ്കിലും റമദാന്‍ വ്രതമനുഷ്ഠിച്ച് തുടര്‍ന്ന് ഈദുല്‍ ഫിത്വ്‌റിനു ശേഷം ആറ് ദിവസം കൂടി നോമ്പനുഷ്ഠിച്ചാല്‍ അത് ഒരു വര്‍ഷം പൂര്‍ണമായി നോമ്പെടുത്ത പോലെയാണ്. ആരെങ്കിലും ഒരു സല്‍ക്കര്‍മം ചെയ്താല്‍ അവന് പത്തിരട്ടി പ്രതിഫലമുണ്ടല്ലോ.''

ഇബ്‌നു അബ്ബാസി(റ)ല്‍നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ''റമദാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലിലെ ആറ് ദിവസങ്ങളില്‍ അതിനെ തുടരുകയും ചെയ്തവന്‍ ഒരു വര്‍ഷം നോമ്പെടുത്തവനെ പോലെയാണ്''(മുസ്‌ലിം).

മറ്റൊരു നിവേദനത്തില്‍ കാണാം. ''ഒരു നന്മക്ക് അല്ലാഹു പത്ത് ഇരട്ടിയാണ് പ്രതിഫലം നല്‍കുന്നത്. ഒരു മാസത്തിന് പത്തു മാസത്തിന്റെ പ്രതിഫലം. അപ്പോള്‍ ശവ്വാലിലെ ആറ് നോമ്പിന് ഒരു വര്‍ഷം മുഴുവന്‍ നോമ്പനുഷ്ഠിച്ചതിന്റെ പ്രതിഫലമാണ്.''

ഒരു മാസവും ഒരാഴ്ചയും നോമ്പെടുത്തവന് ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്തവന്റെ പ്രതിഫലം എന്ന് പറയുന്നതും പത്തിരട്ടി പ്രതിഫലം എന്ന് പറയുന്നതും തുല്യമാണ്. മറ്റൊരു രീതിയിലും കണക്കുകൂട്ടാം. റമദാന്‍ മാസം ചിലപ്പോള്‍ 29-ഉം ചിലപ്പോള്‍ 30-ഉം ദിവസങ്ങളായിരിക്കും. ശവ്വാല്‍ മാസത്തിലെ 'ആറ് നോമ്പ്' കൂടി ഇതിനോടൊപ്പം ചേര്‍ത്താല്‍ വര്‍ഷാന്ത നോമ്പ് 35 അല്ലെങ്കില്‍ 36 ദിവസങ്ങളായിരിക്കും. ഇതിനെ പത്തുകൊണ്ട് ഗുണിച്ചാല്‍ കിട്ടുന്നത് 350 അല്ലെങ്കില്‍ 360. ഇതിന്റെ ശരാശരിയായ 355 ദിവസങ്ങളാണ് ഒരു ശരാശരി ചാന്ദ്രവര്‍ഷത്തിലും ഉള്ളത്.

 

ശവ്വാല്‍ ആറ് നോമ്പ് തുടര്‍ച്ചയായി ഒന്നിച്ച് അനുഷ്ഠിക്കേണ്ടതുണ്ടോ?

ശവ്വാല്‍ നോമ്പ് പെരുന്നാള്‍ പിറ്റേന്നു തന്നെ തുടങ്ങി ആറും തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതാണ് ഏറെ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാല്‍ ഇടവിട്ട ദിവസങ്ങളില്‍ ആയാലും കുഴപ്പമില്ല.

ഹദീസിന്റെ പ്രയോഗം ശവ്വാല്‍ മാസത്തില്‍നിന്ന് ആറു ദിവസം എന്നാണ്. തുടര്‍ച്ചയായി തന്നെ വേണമെന്ന് ആ പ്രയോഗം കുറിക്കുന്നില്ല. ശവ്വാലില്‍ ആയിരിക്കണമെന്നേ ഉള്ളൂ (ശറഹുല്‍ മുഹദ്ദബ് 6/379).

പെരുന്നാളിന്റെ പിറ്റേ ദിവസം തന്നെ തുടങ്ങുന്നതാണ് ഉത്തമമെങ്കിലും, ബന്ധുക്കളെയും വിരുന്നുകാരെയുമൊക്കെ പരിഗണിച്ച് അവരോടൊപ്പം സന്തോഷത്തിന് വല്ലതും തിന്നുകയോ കുടിക്കുകയോ ഒക്കെ ചെയ്യുന്നത് ബന്ധങ്ങള്‍ ഊഷ്മളമാകുന്നതിന് ഉപകരിക്കുമെന്നതിനാല്‍ അതിന് മുന്‍ഗണന നല്‍കി ശവ്വാല്‍ അവസാനിക്കും മുമ്പ് ആറു നോമ്പുകള്‍ സൗകര്യം പോലെ അനുഷ്ഠിക്കാവുന്നതാണ്. കുറഞ്ഞ ലീവിന് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വേണ്ടി വരുന്ന ഭര്‍ത്താക്കന്മാരെ പരിഗണിച്ച് ഭാര്യമാര്‍ സുന്നത്ത് നോമ്പുകള്‍ നീട്ടിവെക്കുന്നതാണ് ഉത്തമം. ഭര്‍ത്താവിന് സമ്മതമില്ലെങ്കില്‍ ഭാര്യ സുന്നത്ത് നോമ്പുകളനുഷ്ഠിക്കുന്നത് അനുവദനീയമല്ല.

 

നഷ്ടപ്പെട്ട നോമ്പ് ഖദാ വീട്ടും മുമ്പ് സുന്നത്ത് നോമ്പ്  അനുഷ്ഠിക്കാമോ?

നിര്‍ബന്ധ നോമ്പ് ബാധ്യതയായി ഉണ്ടായിരിക്കെ സുന്നത്ത് നോമ്പെടുക്കുന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ ഭിന്നാഭിപ്രായക്കാരാണ്. എന്നാല്‍ നോറ്റു വീട്ടാനുള്ളവ വീട്ടിയ ശേഷം ശവ്വാലിലെ ആറ് നോമ്പ് എടുക്കുന്നതാണ് ഏറ്റവും ഉത്തമം എന്നതില്‍ തര്‍ക്കമില്ല. ഹദീസില്‍ വന്നതനുസരിച്ച് റമദാന്‍ നോമ്പ് നോറ്റ ശേഷം ശവ്വാലില്‍ ആറു നോമ്പുകൂടി എടുക്കുന്നവര്‍ക്കാണ് ഒരു വര്‍ഷം നോമ്പെടുക്കുന്ന പ്രതിഫലമുണ്ടെന്ന് നബി (സ) അരുളിയത്. ഇവിടെ റമദാനില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റുവീട്ടിയവരെ മാത്രമാണ് റമദാനില്‍ പൂര്‍ണമായി നോമ്പെടുത്ത ആളുകളായി കണക്കാക്കുന്നത്. എന്നാല്‍ ഖദാ വീട്ടുന്നത് ശവ്വാലില്‍ തന്നെയാണെങ്കില്‍ കൂട്ടത്തില്‍ ശവ്വാലിലെ സുന്നത്തായ ആറ് നോമ്പുകൂടി നിയ്യത്ത് ചെയ്താല്‍ രണ്ടും കിട്ടുമോ എന്ന ചോദ്യത്തിന് ലഭിക്കുമെന്നാണ് ശാഫിഈ മദ്ഹബിന്റെ ഇമാമുമാരില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഖദാഓ നേര്‍ച്ചയാക്കിയതോ ആയ നോമ്പ് ശവ്വാലില്‍ അനുഷ്ഠിക്കുന്നവര്‍ക്ക് ശവ്വാലിലെ ഐഛിക വ്രതത്തിന്റെ കൂലി കൂടി ലഭിക്കുന്നതാണ്. എന്നാല്‍ പൂര്‍ണാര്‍ഥത്തില്‍ നോമ്പിന്റെ പ്രതിഫലം ലഭിക്കുകയില്ല (തുഹ്ഫ 10/21).

ഒരാള്‍ക്ക് റമദാനിലെ നോമ്പ് 'ഖദാഅ്' വീട്ടാനുണ്ടെങ്കില്‍, ആദ്യം 'ഖദാഅ്' വീട്ടാനുള്ള നോമ്പാണ് എടുക്കേണ്ടത്. ശേഷം ശവ്വാലിലെ ആറ് നോമ്പെടുക്കണം. ഒരാള്‍ ഖദാഅ് വീട്ടാനുള്ള നോമ്പ് വീട്ടുന്നതിനു മുമ്പ് ശവ്വാലിലെ ആറ് നോമ്പ് പിടിച്ചാല്‍, ആ നോമ്പിന്റെ പ്രതിഫലം ലഭിക്കില്ല. കാരണം നിര്‍ബന്ധ നോമ്പ് അവന് പിടിച്ചുവീട്ടാനുണ്ട്. നിര്‍ബന്ധ നോമ്പ് കഴിഞ്ഞതിനു ശേഷമാണ് ഐഛിക നോമ്പ് അവന്‍ എടുക്കേണ്ടത്. ഇവിടെ നബി (സ) പറഞ്ഞിരിക്കുന്നത് 'റമദാനിലെ നോമ്പ് പിടിക്കുകയും പിന്നീട് അതിനെ തുടരുകയും' ചെയ്യുക എന്നാണ്. റമദാനിലെ എല്ലാ നോമ്പും പിടിക്കാത്തവര്‍ 'ആര് റമദാനില്‍ നോമ്പനുഷ്ഠിച്ചുവോ' എന്ന വിഭാഗത്തില്‍ പെടില്ല. റമദാനിലെ നോമ്പ് 'ഖദാഅ്' ഉള്ളവരെ റമദാനില്‍ നോമ്പനുഷ്ഠിച്ചവര്‍ എന്നു പറയാന്‍ കഴിയില്ല. ശവ്വാലിലെ നോമ്പ് തുടര്‍ച്ചയായും അല്ലാതെയും പിടിക്കാം. എന്നാല്‍ തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. നന്മകളില്‍ കൂടുതല്‍ സ്ഥിരത ലഭിക്കാനും നോമ്പില്ലാത്ത വേളകളിലുണ്ടാകുന്ന അലംഭാവങ്ങളില്‍ നിന്ന് മാറിനില്‍ക്കാനും കൂടുതല്‍ അനുയോജ്യമതാണ് (ശറഹു മുസ്‌ലിം 4/278).

 

സുന്നത്തും ഖദാഉം ഒരു നോമ്പ് കൊണ്ട് വീടുമോ?

ഖദാ ആയവ ബാധ്യതയായിരിക്കെ സുന്നത്ത് നോമ്പുകള്‍ എടുക്കാമോ എന്നതിന് എടുക്കാം എന്നാണ് ഉത്തരം. കാരണം ഖദാ വീട്ടാന്‍ അടുത്ത റമദാന്‍ വരെ സാവകാശമുണ്ട്. സ്വഹാബിമാരില്‍ ചിലര്‍ ശഅ്ബാനിലായിരുന്നു ഖദാ വീട്ടിയിരുന്നത്. ആഇശ(റ) പറയുന്നു: ''എനിക്ക് നോറ്റു വീട്ടേണ്ടതായ നോമ്പുണ്ടായിരിക്കും. അവ ശഅ്ബാനിലല്ലാതെ എനിക്ക് നോറ്റു വീട്ടാന്‍ കഴിയാറുണ്ടായിരുന്നില്ല'' (ബുഖാരി 1814, മുസ്‌ലിം 1933). ഈ ഹദീസില്‍ ഖദാ വീട്ടുന്നത് വൈകിപ്പിക്കുന്നത് അനുവദനീയമാണെന്നതിന് തെളിവുണ്ട്. അത് ന്യായമായ കാരണം കൊണ്ടാവട്ടെ അല്ലാതിരിക്കട്ടെ (ഫത്ഹുല്‍ ബാരി 4/191).

 

ശവ്വാലിലെ ആറ് നോമ്പിന് അടിസ്ഥാനമില്ലെന്ന് ഒരു പണ്ഡിതന്‍ ഖുത്വ്ബയില്‍ പറയുന്നത് കേട്ടു. എന്താണ് വസ്തുത?

അടിസ്ഥാനം എന്നതില്‍ സ്വഹീഹായ ഹദീസ് പെടുമെങ്കില്‍ അടിസ്ഥാനമുണ്ട്. സുന്നത്ത് അടിസ്ഥാന പ്രമാണമായി അംഗീകരിക്കാത്തവരാണ് ഈ വാദമുന്നയിച്ചതെങ്കില്‍ ആദ്യം അക്കാര്യമാണ് തീര്‍പ്പിലെത്തേണ്ടത്.

ശവ്വാലിലെ ആറ് നോമ്പിനെ ഇമാം മാലിക് തള്ളിപ്പറഞ്ഞിട്ടുണ്ട് (അല്‍ മുവത്വ). എന്നാല്‍ ദീനുല്‍ ഇസ്‌ലാമില്‍ പ്രമാണം ഖുര്‍ആനും സുന്നത്തുമാണ്. സ്വഹാബിയുടെ അഭിപ്രായം പോലും ദീനില്‍ പ്രമാണമല്ല. ഏതൊരു ഹദീസും സ്വീകാര്യമാവണമെങ്കില്‍ അത് മദീനാ വാസികളുടെ പതിവിന് എതിരാവരുത് എന്ന ഒരു നിബന്ധന കൂടിയുണ്ട് ഇമാം മാലികിന്.  പക്ഷേ ആ നിബന്ധന ആരും സ്വീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. പ്രവാചകനില്‍നിന്ന് നേരിട്ട് ദീന്‍ പഠിച്ച സ്വഹാബികള്‍ പലരും ജീവിച്ചതും മരിച്ചതും മദീനയിലായിരുന്നില്ല. അതുകൊണ്ടുതന്നെ അവരില്‍ പലരും കേട്ടതും പഠിച്ചതും  മദീനക്കാരില്‍ പ്രചരിക്കാതിരിക്കാനും ഇടയുണ്ട്.  ഇമാം മാലികിന്റെ നിലപാടിനെപ്പറ്റി ഇമാം നവവി പായുന്നു: ''സുന്നത്ത് സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ ആരെങ്കിലുമോ, ഏതാനും ചിലരോ, ഇനി എല്ലാവരും തന്നെയോ ഒരു കാര്യം ഉപേക്ഷിച്ചെന്നു കരുതി ഒഴിവാക്കാവതല്ല'' (ശറഹുല്‍ മുഹദ്ദബ് 6/379).

ശവ്വാല്‍ നോമ്പിന്റെ കാര്യത്തിലാണെങ്കില്‍ മാലികീ മദ്ഹബിന്റെ തന്നെ പിന്നീട് വന്ന ആധികാരികരും പ്രാമാണികരുമായ പണ്ഡിതന്മാരും ഫുഖഹാഉം പ്രോത്സാഹിപ്പിക്കുകയും ഇമാം മാലികിന്റെ വീക്ഷണം നിസ്സങ്കോചം തള്ളുകയുമാണ് ചെയ്തത്.

ഈ നോമ്പുമായി ബന്ധപ്പെട്ട വിധികകള്‍ ചുവടെ ചേര്‍ക്കുന്നു:

1. ഇത് നിര്‍ബന്ധ നോമ്പല്ല, ഐഛികമാണ്. സുന്നത്ത് നോമ്പുകളില്‍ കൂടുതല്‍ പ്രാധാന്യമുള്ള നോമ്പുകളില്‍ പെട്ടതാണ്.

2. ആറ് നോമ്പുകളും ഇടമുറിയാതെ തുടര്‍ച്ചയായി നോല്‍ക്കണമെന്നില്ല. ഇടവിട്ട ദിവസങ്ങളില്‍ നോറ്റാലും മതി. ശവ്വാല്‍ മാസം അവസാനത്തോടു കൂടി പൂര്‍ത്തീകരിച്ചാലും മതി. എന്നാല്‍ ശ്രേഷ്ഠമായിട്ടുള്ളത് പെരുന്നാള്‍ ദിവസം കഴിഞ്ഞുള്ള ആറ് ദിനങ്ങള്‍ തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതാണ്.

3. റമദാനില്‍ ഉപേക്ഷിച്ച നിര്‍ബന്ധ നോമ്പ് നോറ്റുവീട്ടുന്നതിനു മുമ്പ് ശവ്വാലിലെ ഐഛിക നോമ്പ് അനുഷ്ഠിക്കാമോ എന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത് റമദാനിലെ നോമ്പ് വീട്ടിയതിനു ശേഷമേ ശവ്വാലിലെ സുന്നത്ത് നോമ്പനുഷ്ഠിക്കേണ്ടതുള്ളൂ എന്നാണ്. കാരണം, റമദാനിലേത് നിര്‍ബന്ധ നോമ്പും ശവ്വാലിലേത് ഐഛികവുമാണ്. സുന്നത്തിനേക്കാള്‍ ഫര്‍ദിന് മുന്‍ഗണന നല്‍കണം.

4. ആര്‍ത്തവം കാരണമോ മറ്റോ റമദാന്‍ വ്രതം ഉപേക്ഷിച്ച സ്ത്രീകള്‍ ആദ്യം നിര്‍ബന്ധ നോമ്പ് നോറ്റുവീട്ടണം. ശേഷം തുടര്‍ച്ചയായോ അല്ലാതെയോ ശവ്വാല്‍ നോമ്പ് അനുഷ്ഠിക്കാവുന്നതാണ്.

5. ശവ്വാല്‍ മാസം  കഴിയുന്നതോടെ ഈ നോമ്പിന്റെ സാധുതയും അവസാനിക്കും. എന്തെങ്കിലും കാരണങ്ങളാല്‍ ശവ്വാലില്‍ ഈ നോമ്പ് അനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ മറ്റ് മാസങ്ങളില്‍ ഇത് അനുഷ്ഠിച്ചതുകൊണ്ട് കാര്യമില്ല. അത് കേവല സുന്നത്ത് നോമ്പില്‍ മാത്രമേ ഉള്‍പ്പെടുകയുള്ളൂ. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍