Prabodhanm Weekly

Pages

Search

2016 ജൂലൈ 08

2959

1437 ശവ്വാല്‍ 03

ഒരിക്കലും കലഹിക്കാത്ത ദമ്പതിമാര്‍

കെ.പി സല്‍വ

വല്യുമ്മ മരിച്ച് മൂന്നാമത്തെ ദിവസം ളുഹ്‌റിനു ശേഷം സമീപത്തെ സുന്നി പള്ളിയിലെ ഇമാമും കുട്ടികളും വന്ന് ദുആ ഇരക്കാന്‍ അനുവാദം ചോദിച്ചു. 'അല്ലാഹുവിനോട് നേരിട്ടുള്ള പ്രാര്‍ഥനകളെല്ലാം ആയിക്കോട്ടെ. ഞങ്ങളും ആമീന്‍ പറയാം' എന്ന ഉപാധിയില്‍ അവര്‍ പ്രാര്‍ഥിച്ചു. വല്യുമ്മയുടെ ബന്ധുക്കളും മക്കളുമെല്ലാം പ്രാര്‍ഥനയില്‍ പങ്കാളികളായി. നോമ്പുതുറക്ക് വരുമ്പോഴും അവര്‍ പ്രാര്‍ഥിക്കാറുണ്ട്.

കോഴിക്കോട് മൂര്യാടിലെ പരമ്പരാഗത യാഥാസ്ഥിതിക സുന്നീ കുടുംബാംഗമാണ് ഞങ്ങളുടെ വല്യുമ്മ; അവിടെ നിന്നും ഇസ്‌ലാമിക നവോത്ഥാന പ്രസ്ഥാന നായകന്റെ ഇണയാവുന്നതിലൂടെ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളുകയും അദ്ദേഹത്തിനും പ്രസ്ഥാനത്തിനും പ്രവര്‍ത്തകര്‍ക്കും താങ്ങും തണലുമാവുകയും ചെയ്തു അവര്‍. ഇതില്‍ നടേ പറഞ്ഞ നിലപാടിന് വലിയ പങ്കുണ്ട്. യാഥാസ്ഥിതികതയെയും ശിര്‍ക്ക് മാമൂലുകളെയും എതിര്‍ക്കുമ്പോഴും വല്യുമ്മക്ക് സ്വന്തം കുടുംബത്തെയോ വേരുകളെയോ നിരാകരിക്കേണ്ടിവന്നില്ല. മറിച്ച് അവയിലെ ശരിതെറ്റുകളെ വേര്‍തിരിച്ച് നന്മയില്‍ പങ്കുകൊള്ളാന്‍ വല്യുപ്പ വല്യുമ്മയെ സഹായിച്ചു. അതുകൊണ്ടുതന്നെ ആ കുടുംബത്തിനകത്ത് ഈ ദമ്പതികള്‍ സുസമ്മതരായിരുന്നു. മക്കളുടെ സാക്ഷ്യം ശരിയാണെങ്കില്‍ ഒരിക്കലും കലഹിച്ചിട്ടില്ലാത്ത ദമ്പതിമാരാണവര്‍. ഇതിന് വേറെയും കാരണങ്ങള്‍ ആ കുടുംബത്തിലുണ്ടായിരുന്നു. വല്യുമ്മയുടെ കൈകാര്യ ശേഷിയെ പൂര്‍ണമായി ഉള്‍ക്കൊണ്ട് പ്രോത്സാഹനവും സ്വാതന്ത്ര്യവും നല്‍കി വല്യുപ്പ. ഭരണ നിര്‍വഹണത്തില്‍ ആധിപത്യത്തിന്റെ മേല്‍നോട്ടമല്ല, തന്റെ രാപ്പകല്‍ പ്രാസ്ഥാനിക ജീവിതം കൊണ്ട് കുടുംബത്തിന് യാതൊരുവിധ സാമ്പത്തിക പ്രയാസങ്ങളും ഉണ്ടാവാന്‍ പാടില്ല എന്ന നിര്‍ബന്ധമായിരുന്നു വല്യുപ്പക്കുണ്ടായിരുന്നത്. അതിനായി മൂത്ത മകനെ ശട്ടം കെട്ടുകയും ചെയ്തു. വല്യുമ്മയാകട്ടെ കുട്ടികളുടെ ശിക്ഷണത്തിലടക്കം തന്നെ കൊണ്ട് കൂട്ടിയാല്‍ കൂടാത്തത് മാത്രം വല്യുപ്പയിലേക്കെത്തിച്ചു. എന്നിട്ടും പ്രയാസങ്ങളും പരിഭവങ്ങളുമുണ്ടാകുമ്പോള്‍ കനത്ത മൗനത്തില്‍ അഭയം തേടും അവര്‍. ഈ മൗനത്തെ അലിയിച്ചില്ലാതാക്കാന്‍ വല്യുപ്പക്കും സാധിച്ചു. ഇതാണ് ആ ബന്ധത്തിന്റെ രസതന്ത്രം.

കുടുംബം കൂടിയിരിക്കേണ്ടതാണെന്ന ബോധ്യവും പ്രയോഗവും ഇന്നും തേക്കുമ്പാലി കുടുംബത്തില്‍ ശക്തമാണ്. അതുണ്ടാക്കുന്നതില്‍ വല്യുമ്മ വിജയിച്ചിട്ടുണ്ട്. ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുന്ന പിതാവിനോടൊപ്പം കുട്ടികളെയും കൂട്ടി അവരിരിക്കും. പഠനം, കളി, തമാശകള്‍, ഖുര്‍ആന്‍, ആവശ്യങ്ങള്‍, പരാതികള്‍ എല്ലാം പങ്കുവെക്കും. സമ്മാനങ്ങളും വാഗ്ദാനങ്ങളും ഉണ്ടാവും. എല്ലാ വഖ്തും എല്ലാവരെയും കൂട്ടി ജമാഅത്തായിട്ടാണ് നമസ്‌കരിക്കുക. 'പോയി നമസ്‌കരിക്കൂ' എന്നതല്ല 'വരൂ നമസ്‌കരിക്കാം' എന്നതാണവിടത്തെ രീതി. ഓര്‍മ ഒളിച്ചുകളി നടത്തും കാലം വരെ കുട്ടികളുടെ നിസ്‌കാരത്തില്‍ വല്യുമ്മ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പ്രസ്ഥാനം കൊണ്ട് തങ്ങളില്‍നിന്നകന്നുനില്‍ക്കുന്ന പിതാവിനെ അവരൊരിക്കലും കുറ്റം പറഞ്ഞില്ല. വലിയ വലിയ സിദ്ധാന്തങ്ങള്‍ പറഞ്ഞ് ന്യായീകരിച്ചുമില്ല. മറിച്ച്, അദ്ദേഹത്തിന്റെ സാമീപ്യം ആഘോഷമാക്കും. വീട്ടിലെ കൂട്ടിയിരിക്കലുകള്‍ക്കും ജമാഅത്ത് നമസ്‌കാരങ്ങള്‍ക്കും പുറമെ കുടുംബ, രോഗ സന്ദര്‍ശനങ്ങള്‍ക്ക് കുട്ടികളെയും കൂട്ടി യാത്രകള്‍ ഏര്‍പ്പാടാക്കും. വല്യുപ്പയുടെ കൂടെ തൊടിയില്‍ കറങ്ങാനും കുട്ടികളുണ്ടാവും. ഈ കൂടലുകളും പങ്കുവെപ്പുമൊക്കെയാണ് വല്യുപ്പയോടും പ്രസ്ഥാനത്തോടും മക്കള്‍ക്ക് അടുപ്പമുണ്ടാക്കിയത്. ഇന്നും ഈ കുടുംബത്തില്‍ പ്രസ്ഥാനത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നവരില്ലെന്ന് സന്തോഷം പറയാം.

വിരുന്നുകാരൊഴിഞ്ഞ സമയം തേക്കുമ്പാലിക്കുണ്ടായിരുന്നില്ല. അവരെയെല്ലാം വേണ്ടവിധം സല്‍ക്കരിക്കാന്‍ വല്യുമ്മക്ക് സാധിച്ചു. പണത്തിനും ജോലിക്കുമായി വീട്ടില്‍ താമസിക്കുന്നവരെയെല്ലാം തന്റെ മക്കളെപ്പോലെ പരിപാലിച്ചു. രോഗാവശതക്കിടയിലും അവരെയെല്ലാം എളുപ്പം തിരിച്ചറിയുമായിരുന്നു. പലപ്പോഴും വിളമ്പിയ ചോറിലേക്കായിരിക്കും വിരുന്നുകാരെത്തുന്നത്. അപ്പോഴെല്ലാം തന്റെ ഭക്ഷണം കഞ്ഞിവെള്ളത്തിലൊതുക്കുമായിരുന്നുവെന്ന് മരുമക്കള്‍ സാക്ഷ്യം പറയുന്നു. വീട്ടിലെത്തുന്നവര്‍ മാത്രമല്ല അയല്‍പ്പക്കത്തും പട്ടിണിക്കാരുണ്ടാവരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതറിയാന്‍ വല്യുമ്മ മക്കളെ പറഞ്ഞുവിടും. 'വയറ് നിറയെ ചോറ് തിന്നണമെങ്കില്‍ ഇവിടെ വരണമെന്ന്' പറയുന്ന ഒട്ടേറെ പേരുണ്ടായിരുന്നു. പാഴ്‌ച്ചെലവുകള്‍ ഇല്ലാതെ നോക്കിയതുകൊണ്ടാവാം, വറുതിയുടെയും കടത്തിന്റെയും കാലത്തും വല്യുമ്മക്ക് ഇത്രകണ്ട് ഉദാരയാകാന്‍ സാധിച്ചത്. വെറുതെ കത്തുകയും കറങ്ങുകയും പാടുകയും ചെയ്യുന്നതൊക്കെ വല്യുമ്മ ഓഫ് ചെയ്യും. ദിവസങ്ങള്‍ കൊണ്ട് ഉപേക്ഷിക്കുന്ന ഫാന്‍സി ആഭരണങ്ങള്‍ പാഴാക്കുന്ന ധനത്തെക്കുറിച്ച് ഓര്‍മിപ്പിക്കും. ദോശ മാവിന്റെ പാത്രം വടിക്കുന്നിടത്ത് കാണാം ആ സൂക്ഷ്മത.

ചേന്ദമംഗല്ലൂര്‍ വനിതാ ഹല്‍ഖയുടെ ആദ്യകാല നാസിമത്തായിരുന്ന അവര്‍ വിപുലമായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചികിത്സാ സഹായാര്‍ഥം ഫണ്ട് ശേഖരണവും രോഗീ സന്ദര്‍ശനവും നന്നായി നടന്നു. ഈ ആശയം പിന്നീട് മെഡിക്കല്‍ എയ്ഡ് സൊസൈറ്റി എന്ന വിപുലമായ സംവിധാനത്തിന് നിദാനമായി.

അടുക്കളമുറ്റത്തും തൊടിയിലും മത്തനും കുമ്പളവും ചേമ്പുമെല്ലാം വല്യുമ്മയുടെ കൈയാല്‍ വളര്‍ന്നു. വാര്‍ധക്യത്തില്‍ കൃഷിയില്‍ കുറച്ചുകൂടി സജീവമായി. വിളഞ്ഞു നില്‍ക്കുന്ന തക്കാളിച്ചെടികളും കറിവേപ്പിലയും ചീരയുമൊക്കെ കണ്‍കുളിര്‍പ്പിക്കുന്നതായിരുന്നു.

സ്ത്രീകള്‍ മാതൃകയാക്കേണ്ട നല്ലൊരു ശീലമാണ് വല്യുമ്മയുടെ ആരോഗ്യ സംരക്ഷണം. പന്ത്രണ്ട് മക്കളുണ്ടായിരുന്നു വല്യുമ്മക്ക്. ആഴ്ചയിലൊരിക്കല്‍ എണ്ണ തേച്ചുകുളി. കര്‍ക്കടകത്തിലെ ഉലുവാ ഉള്ളി മരുന്ന് സേവയെല്ലാം അവരുടെ പതിവായിരുന്നു. വല്യുമ്മക്ക് കണ്ണട ഉണ്ടായിരുന്നില്ല. സംസാരപ്രിയ ആയിരുന്നില്ല അവര്‍. അല്‍പം കൂമ്പിയ കണ്ണുകളും സദാ പ്രാര്‍ഥനാനിര്‍ഭരമായ മുഖവും. യാത്രയിലും കൃഷിയിലും അടുക്കളയിലും മുഴുകിയിരിക്കുമ്പോഴെല്ലാം ഹൃദയത്തില്‍ നിറയുന്ന ദിക്‌റ് ദുആകള്‍ ആ മുഖത്തിന് അത്യധികം ശാന്തത നല്‍കിയിരുന്നു. ചിലപ്പോഴൊക്കെ ഉറക്കത്തില്‍ മാത്രം ആ മന്ത്രധ്വനികള്‍ ശബ്ദവീചികളായി പുറത്തുവരും. യാത്ര ചോദിക്കുമ്പോള്‍ മൗനം പ്രാര്‍ഥനയാല്‍ തുളുമ്പിനില്‍ക്കുന്നത് നമുക്ക് തൊട്ടറിയാം. സംസാരം പോലും ദൈവസ്മരണയെ ഭഞ്ജിക്കാത്ത വിധത്തിലായിരിക്കും. അവരുടെ നന്മകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നുതരേണമേ എന്നും അവരുടെ കൂടെ ഫിര്‍ദൗസിലും കൂടിയിരിക്കാന്‍ സാധിക്കണേയെന്നും പ്രാര്‍ഥിച്ചുകൊണ്ട്. 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 39-42
എ.വൈ.ആര്‍