Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

എ.കെ. അബ്ദുല്ലത്വീഫ്

വി. മുഹമ്മദ് ശരീഫ്

ജമാഅത്തെ ഇസ്‌ലാമി അംഗവും ദഅ്‌വാ മേഖലയിലെ നിറസാന്നിധ്യമായിരുന്നു സുല്‍ത്താന്‍ ബത്തേരി എ.കെ. അബ്ദുല്ലത്വീഫ് (83). യുവാവായിരിക്കെ, ഇസ്‌ലാമിലേക്കു കടന്നുവന്ന അദ്ദേഹം, പിന്നീട് ഇസ്‌ലാമിക പ്രബോധനം ജീവിതത്തിന്റെ മുഖ്യ അജണ്ടയാക്കി. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നൂറിലധികം ആളുകള്‍ ലത്വീഫ് സാഹിബിലൂടെ നേര്‍വഴി കണ്ടണ്ടെത്തിയിട്ടുണ്ട്. അമൃതവാണിയുടെ രചയിതാവായ രാഘവവാര്യരെ അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശിച്ച് അമൃതവാണിയിലൂടെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഖുര്‍ആനിന്റെ കാവ്യാവിഷ്‌കാരമായ അമൃതവാണി ഹൃദിസ്ഥമാക്കിയത് ദഅ്‌വ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. പ്രബോധിതരെ വേര്‍തിരിച്ചുകാണാന്‍ അദ്ദേഹം ഒരിക്കലും തയാറായില്ല. കിം ലഘുലേഖകള്‍ സദാസമയവും കൈയില്‍ കരുതുകയും സന്ദര്‍ഭോചിതം വിതരണം ചെയ്യുകയും പതിവായിരുന്നു.

ഭൗതിക ജീവിതത്തിലെ ആര്‍ഭാടങ്ങളോട് തികച്ചും വിരക്തി പുലര്‍ത്തി. സകാത്ത്, ബൈത്തുല്‍മാല്‍, വരിസംഖ്യ എന്നിവ യഥാസമയം നല്‍കുന്നതില്‍ കൃത്യനിഷ്ഠ പുലര്‍ത്തി. വീട്ടുപരിസരത്തെത്തുന്ന പക്ഷി, പൂച്ച എന്നിവക്കു മാത്രമല്ല, ഉറുമ്പുകള്‍ക്കു പോലും ഭക്ഷണം നല്‍കുമായിരുന്നു. ചെറുപ്പക്കാലത്ത് അറിയാനും പഠിക്കാനും കഴിയാതിരുന്നതിന്റെ ഖേദം നിരന്തരമായ വായനയിലൂടെയാണ് പരിഹരിച്ചത്. ഖുര്‍ആനിലെ ആയത്തുകള്‍ എഴുതി പോക്കറ്റിലിട്ടാണ് ജോലിക്ക് പോവുക. ഒഴിവു സമയങ്ങളില്‍ ഇത് ആവര്‍ത്തിച്ച് ഉച്ചരിച്ച് പഠിക്കും. ഖുര്‍ആന്‍-ഹദീസ് പഠനം, പുസ്തക പാരായണം എന്നിവ മരിക്കുന്ന സമയം രാവിലെയും തുടര്‍ന്നു. ഹൈന്ദവ പുരാണങ്ങളിലും ബൈബിളിലും പാണ്ഡിത്യമുണ്ടായിരുന്നു. ജമാഅത്ത് നമസ്‌കാരങ്ങളിലും പ്രസ്ഥാന യോഗങ്ങളിലും നേരത്തെ എത്തുന്നതില്‍ എപ്പോഴും നിഷ്‌കര്‍ഷ പുലര്‍ത്തി. 

 

എന്‍.ഇ മൂസ്സ

ചെറുവാടി ഹല്‍ഖയിലെ കാര്‍കുനായിരുന്ന നെടുംകണ്ടത്തില്‍ എളമ്പിലാശ്ശേരി മൂസ കാരശ്ശേരി സ്വദേശിയാണ്. യു.പി മുഹമ്മദ് മുസ്‌ലിയാരുടെയും കക്കാട് ഫൈസിയുടെയും സ്വാധീനഫലമായി മൂസ മതരംഗത്തേക്ക് ആകൃഷ്ടനാവുകയും പില്‍ക്കാലത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. സാമ്പത്തികമായി കടുത്ത പ്രയാസം നേരിടുമ്പോഴും അദ്ദേഹത്തിന്റെ ഉദാരതയും സല്‍ക്കാരപ്രിയവും എടുത്തു പറയേണ്ട ഗുണങ്ങളാണ്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ എന്നും മുന്‍ നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. സിവില്‍ സ്റ്റേഷന്‍ പള്ളി, മസ്ജിദ് ലിവാഅ മുക്കം, ആനയാംകുന്ന്, കാരശ്ശേരി, ചെമ്മാട് തുടങ്ങി നിരവധി പള്ളികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത മാതൃകാപരമായിരുന്നു. നല്ലൊരു വായനക്കാരനായിരുന്നു. അവസാന നാളുകളില്‍ പ്രബോധനം ഇമാം ശാഫി പതിപ്പ് വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും പ്രസ്ഥാനപ്രവര്‍ത്തകരാണ്. 

സി. അബ്ദു

 

പ്രഫ. അബൂബക്കര്‍ 

അധ്യാപകനും നല്ലൊരു വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു കടവത്തൂരിലെ പ്രഫ. അബൂബക്കര്‍ സാഹിബ്. പുളിയാവ് നാഷ്‌നല്‍ കോളേജ് പേരോടുള്ള താല്‍ക്കാലിക കെട്ടിടത്തില്‍ തുടങ്ങിയപ്പോള്‍ അതിന്റെ പുരോഗതിക്ക് വേണ്ടി അഹോരാത്രം പരിശ്രമിച്ചു. എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിക്കുകയും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതില്‍ പാടവം കാണിക്കുകയും ചെയ്തു. തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മൊകേരി കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനം ചെയ്ത അദ്ദേഹം റിട്ടയര്‍ ആയതിന് ശേഷം പുളിയാവ് കോളേജില്‍ സേവനം ചെയ്തുവരുന്നതിനിടയിലാണ് നിര്യാതനായത്. ഫാറൂഖ് കോളേജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദവും മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബിക്കില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. കടവത്തൂരില്‍ മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാക്കിയ, നുസ്രത്തുല്‍ ഇസ്‌ലാം സംഘവും കോളേജും സ്ഥാപിച്ച പുത്തലത്ത് മമ്മി മൗലവിയുടെ മകനാണ് അബൂബക്കര്‍ സാഹിബ്. തന്റെ അഭിപ്രായങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ തന്നെ എതിരഭിപ്രായങ്ങളെ മാനിക്കുന്ന വിശാല മനസ്സിന്റെ  ഉടമയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഏതു സഹായവും ചെയ്യാനും അബൂബക്കര്‍ സാഹിബ് മുന്‍പന്തിയിലുണ്ടായിരുന്നു. 

ആലിക്കുട്ടി ചെറുവത്ത്, തൂണേരി 

 

Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍