Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

നോമ്പിലൂടെ സാക്ഷാത്കരിക്കപ്പെടേണ്ടത്

പി.പി അബ്ദുര്‍റസാഖ്‌

ഒട്ടേറെ ചരിത്ര വിജയങ്ങള്‍ മുസ്‌ലിംലോകത്തിന് സമ്മാനിച്ചത് റമദാന്‍ മാസമായിരുന്നു. ഈ വിജയങ്ങള്‍ക്ക്ആധാരമായി നിലകൊള്ളുന്നത് റമദാനില്‍ മുസ്‌ലിംകള്‍ ആര്‍ജിക്കുന്ന വര്‍ധിത തഖ്‌വ തന്നെയാണ്. ഇത്രയും വലിയ വിജയങ്ങള്‍ക്ക് നിദാനമായി അനിവാര്യമായും ഉണ്ടണ്ടായിരിക്കേണ്ടണ്ട ഏറ്റവും സുപ്രധാന സ്വഭാവഗുണമായ ഇഛാശക്തിയെ കൂടിയാണ് തഖ്‌വ സത്യാവിശ്വാസിക്ക് നല്‍കുന്നത്. ഇച്ഛാശക്തിയെന്നാല്‍ ഏറ്റവും പ്രലോഭിപ്പിക്കുന്ന തെറ്റായ കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുവാനും, വളരെ പ്രയാസകരമാണെങ്കില്‍ പോലും നല്ല കാര്യങ്ങള്‍ ചെയ്യാനുമുള്ള മനക്കരുത്തും നിശ്ചയദാര്‍ഢ്യവുമാണ്.  പ്രകോപനങ്ങളില്‍ വീഴാതിരിക്കുവാനുള്ള സംയമനശേഷിയും അധര്‍മത്തിനും അക്രമത്തിന്നും എതിരെ പ്രതികരിക്കുവാനുള്ള ധീരതയും ഇച്ഛാശക്തിയുള്ളവനില്‍നിന്നു മാത്രമേ ഉണ്ടാവുകയുള്ളൂ. നോമ്പ് ഉള്‍പ്പടെ ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാന കര്‍മങ്ങളും ഒരു മുസ്‌ലിമില്‍ ഇച്ഛാശക്തി വളര്‍ത്താന്‍ സഹായകമാണ് എന്നതാണ് വസ്തുത.  പുലര്‍ക്കാലവേളയില്‍ ഉറക്കം ഏറെ പ്രലോഭിപ്പിക്കുമ്പോള്‍  എഴുന്നേറ്റു നമസ്‌കരിക്കുന്നത് നമ്മള്‍ വളര്‍ത്തിയെടുത്ത ഇച്ഛാശക്തി കൊണ്ടാണ്. അല്ലാഹുവാണ് എനിക്ക് ഏറ്റവും വലിയവന്‍ എന്ന്പറഞ്ഞു റുകൂഉം സുജൂദും ചെയ്യുമ്പോള്‍, സൃഷ്ടികളായ ആരുടെ മുമ്പിലും തലകുനിക്കുവാനോ ഊര മടക്കുവാനോ തയ്യാറില്ല എന്ന് കൂടി വിശ്വാസത്തിന്റെ  ഭാഗമായി  പ്രഖ്യാപിക്കുന്ന ഇച്ഛാശക്തിയുള്ള ഒരു വിശ്വാസിയാണ് രൂപംകൊള്ളുന്നത്. അതീവ പ്രലോഭാനീയങ്ങളോ അങ്ങേയറ്റം ഭീഷണിയുയര്‍ത്തുന്നതോ ആയ സകലമാന ആത്മീയ ഭൗതികവ്യവസ്ഥിതികളുടെയും നിഷേധത്തില്‍നിന്നു കൂടിയാണ് അവന്റെ സത്യവിശ്വാസപ്രഖ്യാപനം തുടങ്ങുന്നത് തന്നെ. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്റെ തലയെ അവന്റെ  മറ്റെല്ലാ  അവയവങ്ങളുടെയും മുകളില്‍  വെച്ചതിന്റെ തേട്ടം കൂടിയാണിത്. ഈ ഇഛാശക്തിയുടെ വികാസത്തെ സൂചിപ്പിക്കുന്നു നമസ്‌കാരസ്ഥലത്തിന്നു അറബിയില്‍ പറയുന്ന, വിശുദ്ധഖുര്‍ആന്‍ പ്രയോഗിച്ച 'യുദ്ധം ചെയ്യുന്നതിന്നു ഉപയോഗിക്കുന്ന ഉപകരണം' എന്നും 'യുദ്ധംചെയ്യുന്നിടം' എന്നും അര്‍ഥമുള്ള 'മിഹ്‌റാബ്' എന്ന പദം പോലും. തന്റെ ഇഛയുമായി ദ്വന്ദ്വയുദ്ധത്തിലേര്‍പ്പെട്ടിരിക്കുകയാണ് നമസ്‌കരിക്കുന്നവന്‍ എന്നര്‍ത്ഥം. ഈ ദ്വന്ദ്വയുദ്ധത്തില്‍ സത്യവിശ്വാസി ജയിക്കണമെങ്കില്‍ അവന്നു അല്ലാഹുവിന്റെ മുമ്പില്‍  അല്ലാഹു അക്ബര്‍ എന്ന് അവന്‍ നമസ്‌കാരത്തിലും അല്ലാതെയും  നിരന്തരം  പ്രഖ്യാപിക്കുന്ന മുദ്രാവാക്യത്തിന്റെ താല്‍പര്യത്തിന്നനുസരിച്ചു പ്രപഞ്ചത്തെ മുഴുവന്‍ നിസ്സാരമായി  കാണുവാന്‍ സാധിക്കേണ്ടതുണ്ട്. 

നിര്‍ബന്ധമായും കൊടുത്തു വീട്ടേണ്ട അവകാശമായി ഇസ്‌ലാം നിശ്ചയിച്ച സകാത്തും ഇഛാശക്തി വികസിപ്പിച്ചെടുക്കാന്‍ സഹായിക്കുന്ന ടൂള്‍  തന്നെയാണ്. ആഗ്രഹിക്കുന്നത് വര്‍ജിക്കാനും ത്യജിക്കാനുമുള്ള സന്നദ്ധത വളര്‍ത്തിയെടുക്കാന്‍ ഇതും ഒരു മുസ്‌ലിമിനെ പ്രാപ്തനാക്കുന്നു. നോമ്പും ഇഛാശക്തി കൂടിയുള്ള മുസ്‌ലിമിനെ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അനുഷ്ഠാനമാണെന്ന് സുതരാം വ്യക്തമാണ്.  ഹജ്ജിലെ 'ഇഹ്‌റാം', ആ പദം തന്നെ സൂചിപ്പിക്കുന്നത് പോലെ   അനുവദനീയമായത് പലതും സ്വന്തത്തിന്നു നിശ്ചിത കാലത്തേക്ക് നിഷിദ്ധമാക്കുന്ന പ്രക്രിയയാണ്.  ഹജ്ജില്‍  അറിവിലൂടെ (അറഫ) കടന്നു, അതിനെ പവിത്രാവബോധമാക്കി മാറ്റി (മശ് അറുല്‍ഹറാം) കര്‍മമാക്കി പൂര്‍ത്തിയാക്കുമ്പോള്‍ ഇസ്‌ലാം അന്തിമമായി സത്യവിശ്വാസിയോടു ആവശ്യപ്പെടുന്നത് ചരിത്രാവബോധത്തിലൂന്നിക്കൊണ്ട് സകല പൈശാചിക ശക്തികള്‍ക്കെതിരെയുമുള്ള നിരന്തരമായ സമരമാണ്.  ഇത് നല്ല ഇഛാശക്തിയുള്ള വ്യക്തികള്‍ക്കും സമൂഹത്തിന്നും മാത്രമേ സാധിക്കൂ. റമദാന്‍ മാസം നോമ്പും സകാത്ത് സദഖകളും ഉംറയും തവാഫുമൊക്കെ ഏറ്റവും കൂടുതല്‍ ഒന്നിച്ചു നടക്കുന്ന കാലമായതിനാല്‍ റമദാന്‍ ഇഛാശക്തി ഏറ്റവും കൂടുതല്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന മാസമാണ്. 

 

ഇഛയുടെ മേല്‍ ആധിപത്യം

ഈ ഇഛാശക്തിയും നിശ്ചയദാര്‍ഢ്യവും ഒരു വ്യക്തിയില്‍ ഉണ്ടാവുമ്പോള്‍ ഇസ്‌ലാം വ്യക്തിയോടാവശ്യപ്പെടുന്നത് ഇഛയുടെ മേലുള്ള തന്റെ ആധിപത്യമാണ്. ലോകം തന്നെ കീഴടക്കിയ ആളുകള്‍ പലപ്പോഴും അവരവരുടെ ഇഛയുടെ മുമ്പില്‍ പരാജയപ്പെടാറുണ്ട്. തന്റെ ഇഛയുടെ മേലുള്ള ആധിപത്യത്തിന്റെ തുടക്കത്തിലും തുടര്‍ച്ചയിലും പൂര്‍ണതയിലും ഇസ്‌ലാം വ്യക്തിയോട് ആര്‍ജിക്കാന്‍ ആവശ്യപ്പെടുന്നത് 'ഞാന്‍' എന്ന ഭാവത്തിന്റെ നിഷേധമാണ്. ഈ അഹംഭാവം കാരണമായാണ് ഇബ്‌ലീസ് സ്വര്‍ഗത്തില്‍നിന്നും പുറത്തായത് എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. മനുഷ്യന്റെ സ്വര്‍ഗത്തില്‍നിന്നുമുള്ള പുറത്താക്കലിന്നു കാരണമായതാവട്ടെ ഇഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അഭാവമായിരുന്നുവെന്നും  വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. അഹംഭാവം കൂടാതെയുള്ള ഇഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ്  നഷ്ടപ്പെട്ട സ്വര്‍ഗം തിരിച്ചുപിടിക്കാനുള്ള മാര്‍ഗമെന്ന് പാഠം.   

നിശ്ചയദാര്‍ഢ്യം എല്ലാ കാര്യങ്ങളിലും ഉണ്ടാവലാണ് അതിന്റെ കാതലായ തലം. ചില കാര്യങ്ങളില്‍ നല്ല നിശ്ചയദാര്‍ഢ്യം കാണിക്കുന്ന ആളുകള്‍ തന്നെ മറ്റു ചില കാര്യങ്ങളില്‍ പ്രലോഭനങ്ങള്‍ക്ക് എളുപ്പത്തില്‍ വിധേയരാവുന്നതായി കാണാം. പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള കരുത്തും പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ശേഷിയുമാണ് നിശ്ചയദാര്‍ഢ്യം. റമദാന്‍ മാസത്തിലെ നോമ്പ് ഒരു വിശ്വാസിയില്‍ വേണ്ടത്ര ഉണ്ടാക്കുന്ന ഒരു സ്വഭാവഗുണമാണിത്. പക്ഷേ, ഇതില്‍ 'ഞാന്‍' എന്ന ഭാവത്തിന്റെ അണുമണിതൂക്കം കടന്നുവന്നാല്‍ സ്വര്‍ഗം നിഷേധിക്കപ്പെടുമെന്നു പ്രവാചകസൂക്തം.  ഇബ്‌ലീസ് പുറത്തായ ദൗര്‍ബല്യവുമായി മനുഷ്യനെങ്ങനെസ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ സാധിക്കും? സൂക്ഷിച്ചില്ലെങ്കില്‍ ഇഛാശക്തി വളരെ എളുപ്പത്തില്‍ അഹങ്കാരമായി മാറും.   ഒരുപക്ഷേ ഇബ്‌ലീസ് പരാജയപ്പെട്ട കാരണംകൊണ്ടുതന്നെയായിരിക്കും മനുഷ്യരിലേറെ പേരെയും പരാജയപ്പെടുത്താന്‍ ഇബ്‌ലീസ് ശ്രമിക്കുക..  നമ്മുടെ ഉണ്മയിലോ വളര്‍ച്ചയിലോ ഒരു പങ്കുമില്ലാത്ത, നമ്മുടെ ശരീരത്തില്‍ തന്നെ ഒരു ഉടമാവകാശവുമില്ലാത്ത, നമ്മോടു ഏറ്റവും അടുത്തു കിടക്കുന്ന  നാം കാണുവാന്‍ ഉപയോഗിക്കുന്ന കണ്ണു ഉള്‍പടെയുള്ള  നമ്മുടെ ശരീരത്തെ പോലും പൂര്‍ണമായി കാണുവാന്‍ ബാഹ്യഉപകരണങ്ങളെ ആശ്രയിക്കേണ്ടി വരുന്ന നമ്മളിലെ 'ഞാന്‍' എന്തുമാത്രം നിസ്സഹായനാണ് എന്ന് ആലോചിക്കുമ്പോള്‍ ഒരാള്‍ക്ക് എങ്ങനെയാണ് അഹങ്കാരിയാകാന്‍ സാധിക്കുക..? നമ്മിലെ രണ്ടു കണ്ണുകളെ അല്ലാഹു 180 ഡിഗ്രി കോണ്‍ അളവില്‍ പ്രതിഷ്ഠിച്ചതു 'ഞാന്‍' എന്ന അയഥാര്‍ഥവും  ഭിന്ന രൂപത്തില്‍  ഉടലെടുക്കുന്നതുമായ ഇമേജിനെ ഇല്ലാതാക്കാന്‍ കൂടിയായിരിക്കണം. കാരണം, നമ്മുടെ കണ്ണുകള്‍ക്ക് പ്രവിശാല ലോകത്തെ കാണുവാന്‍ സാധിക്കുമ്പോള്‍ ആ കണ്ണിനെ തന്നെയോ കണ്ണ് നിലകൊള്ളുന്ന ശരീരത്തെ തന്നെയോ പൂര്‍ണമായി കാണുവാന്‍ സാധിക്കില്ല. 180 ഡിഗ്രിയില്‍ നിന്നും രണ്ടു കണ്ണാടികളുടെ കോണ്‍ അളവ് കുറയുന്നതു പോലെയാണ് നാം ലോകത്തെ കാണാതെ നമ്മെ മാത്രം കാണുന്ന അവസ്ഥ!  നമ്മുടെ ലോകം ചുരുങ്ങി നാം നമ്മളില്‍ ഒതുങ്ങുമ്പോള്‍  നമ്മുടെ കൂടുതല്‍ കൂടുതല്‍ ഇമേജുകള്‍ മാത്രമാണ് കണ്ണാടി പ്രതിഫലിപ്പിക്കുന്നത്. സങ്കുചിതത്ത്വവും 'ഞാന്‍' എന്ന ഭാവവും തമ്മിലുള്ള ബന്ധത്തെയാണ് ഇത് കുറിക്കുന്നത്.  

അഹങ്കാരി സങ്കുചിത മനസ്‌കനാണ്. ആ സങ്കുചിതമനസ്‌കതയില്‍ അവന്‍ അവന്റെ തന്നെ ഇമേജുകള്‍ അല്ലാതെ മറ്റൊന്നും കാണുന്നില്ല. അതുകൊണ്ടു കൂടിയാണ് ഇഛാശക്തിയുടെ ഉച്ചസ്ഥായില്‍ വ്യക്തി ആര്‍ജിക്കേണ്ടത് 'ഞാന്‍' എന്ന ഭാവത്തിന്റെ നിഷേധമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചത്. അതെ, നട്ടുച്ച നേരത്ത് നമ്മുടെ നിഴല്‍ നമ്മുടെ പാദത്തിന്നുകീഴിലാവുന്നത് പോലെ.. നില്‍ക്കുമ്പോള്‍ നീണ്ടുകിടക്കുന്ന നമ്മുടെ നിഴല്‍ കുനിയുമ്പോള്‍ ചുരുങ്ങുകയും സാഷ്ടാംഗം നമിക്കുമ്പോള്‍ പൂര്‍ണമായും നമുക്ക് കീഴെയാവുകയും ചെയ്യുന്ന പോലെതന്നെ. ഇസ്‌ലാം എല്ലാ നിര്‍ബന്ധ അനുഷ്ഠാന കര്‍മങ്ങളും സംഘടിതമായും സാമൂഹികമായും നിര്‍വഹിക്കാന്‍ കല്‍പിച്ചതു പോലും മനുഷ്യന്റെ സാമൂഹിക ഭാവം കേവല വൈയക്തികതയില്‍ രൂപംകൊള്ളുന്ന അഹങ്കാരത്തെ ഒരു പരിധിയോളം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും എന്നതിനാല്‍ കൂടി ആയിരിക്കണം.

 

സമര്‍പ്പണത്തിന്റെ പൊരുള്‍

ഇസ്‌ലാം എന്ന വാക്കിന്റെ അര്‍ഥം അനുസരണം എന്നും അനുസരണത്തിന്റെ സമ്പൂര്‍ണതയെ ദ്യോതിപ്പിക്കുന്ന  സമര്‍പ്പണം എന്നുമാണ്. ദീന്‍ എന്ന വാക്കിന്റെ നാനാര്‍ഥങ്ങളില്‍ പ്രധാനമായത് അനുസരണമെന്നും അനുസരണത്തിന്റെ പാരമ്യതയെ സൂചിപ്പിക്കുന്ന വിധേയത്വം എന്നുമാണ്. മനുഷ്യസൃഷ്ടിയുടെ ലക്ഷ്യമായി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞ അല്ലാഹുവിന്നുള്ള ഇബാദത്ത് എന്നതിലെ ഇബാദത്തിന്റെ അര്‍ഥം വഴിപ്പെടുക, അടിപ്പെടുക, വിധേയപ്പെടുക, അനുസരിക്കുക എന്നൊക്കെയാണ്. അല്ലാഹുവാണ് നമ്മുടെ റബ്ബ്  എന്ന് നാം പറയുമ്പോള്‍ അവനാണ് നമ്മുടെയെല്ലാം ഉടയവന്‍ എന്നുകൂടിയാണ് വിവക്ഷിക്കപ്പെടുന്നത്. ആദമിന്റെമുമ്പില്‍ സാഷ്ടാംഗം ചെയ്യാനുള്ള ദൈവിക കല്‍പനയെ  ഇബ്‌ലീസ് ലംഘിച്ചപ്പോള്‍ ഇബ്‌ലീസ് പരാജയപ്പെട്ടത് അനുസരണത്തിന്റെ തലത്തിലായിരുന്നു എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. സ്വര്‍ഗത്തില്‍ വെച്ച്  ഒരു പ്രത്യേക വൃക്ഷത്തിലെ ഫലം ഭുജിക്കരുത് എന്ന നിരോധത്തിലൂടെ ആദമും ഹവ്വയും പരീക്ഷിക്കപ്പെട്ടതും അനുസരണത്തിന്റെ തലത്തിലായിരുന്നു. ഇബ്രാഹീം  നബിയോട് സ്വന്തം പുത്രനായ ഇസ്മാഈലിനെ അറുക്കാന്‍  ആജ്ഞാപിച്ചപ്പോള്‍, കല്‍പിക്കപ്പെട്ട കാര്യം  പ്രത്യക്ഷത്തില്‍ ഒരു ക്രിമിനല്‍ കുറ്റം ആയിരുന്നിട്ടു പോലും, ഇബ്‌റാഹീം അല്ലാഹുവിനെ അനുസരിക്കാന്‍ ബാധ്യസ്ഥനായിരുന്നു. ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം കല്‍പിക്കപ്പെട്ട വിഷയത്തേക്കാള്‍ കല്‍പിച്ച ശക്തി ഏതാണ് എന്നതിനായിരുന്നു പ്രാധാന്യം എന്നര്‍ഥം. അതുകൊണ്ടാണ് ഇസ്‌ലാം മുസ്‌ലിംകള്‍ക്ക് നിശ്ചയിച്ച നമസ്‌കാരം, നോമ്പ്, സകാത്ത് ഹജ്ജു പോലുള്ള   അനുഷ്ഠാനകര്‍മങ്ങള്‍ പോലും സ്വീകാര്യമാകുന്നതിന് ആ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുമ്പോഴുള്ള അല്ലാഹുവിന്നുള്ള അനുസരണം നിര്‍ബന്ധമാകുന്നത്.   

ആരെങ്കിലും എങ്ങനെയെങ്കിലും ഉദ്ദേശിക്കുന്നതു പോലെ ഏതെങ്കിലും നേരത്ത് അവനവന്നു തോന്നിയതു പോലെ ചെയ്യാവുന്നതല്ല ഇസ്‌ലാമിലെ ഒരു അനുഷ്ഠാനകര്‍മവും. ഇന്നലെ വരെ പകല്‍ വേളകളില്‍ നമുക്ക് അനുവദനീയമായിരുന്ന അന്നപാനീയങ്ങള്‍ ഇന്ന് നോമ്പുകാലത്ത്  നിഷിദ്ധമാകുമ്പോള്‍ നാം അനുവദനീയമാക്കുവാനും നിഷിദ്ധമാക്കുവാനും ഉള്ള അല്ലാഹുവിന്റെ അധികാരാവകാശത്തെ അംഗീകരിക്കുകയും അല്ലാഹുവിനെ അനുസരിക്കുകയുമാണ് ചെയ്യുന്നത്. റമദാന്‍ മാസത്തില്‍ പുണ്യം കല്‍പ്പിക്കപ്പെടുന്ന നോമ്പ്, ശവ്വാല്‍ ഒന്നിനു പെരുന്നാള്‍ദിവസം  അല്ലാഹു കല്‍പ്പിച്ചതനുസരിച്ച് നിഷിദ്ധമായി നാം കണക്കാക്കുമ്പോള്‍, പുണ്യവും പാപവും നന്മയും തിന്മയും അല്ലാഹു   കല്‍പ്പിക്കുന്നതനുസരിച്ച് മാത്രമാണെന്നാണ് നാം വിശ്വസിക്കുന്നത്. റമദാന്‍ മാസത്തില്‍ നോമ്പ് നോറ്റുകൊണ്ട് അനുസരിക്കുന്നതാണ് അല്ലാഹുവിനുള്ള ഇബാദത്തെങ്കില്‍ ശവ്വാല്‍  ഒന്നിനു നോമ്പ് നോല്‍ക്കാതെ ആഘോഷിച്ചു അല്ലാഹുവിന്റെ   കല്‍പന അനുസരിക്കുന്നതാണ് അല്ലാഹുവിന്നുള്ള ഇബാദത്ത്. 

റമദാന്‍ മാസത്തില്‍  നാം നോമ്പ് അനുഷ്ഠിക്കുന്നത് കൃതജ്ഞതാബോധത്തിന്റെ ഭാഗം കൂടിയായാണ്. വിശുദ്ധ ഖുര്‍ആന്‍ തഖ്‌വക്കു പുറമേ റമദാന്‍ മാസത്തിലെ നോമ്പിന്റെ ലക്ഷ്യമായി പറഞ്ഞ മറ്റൊരു കാര്യം 'നന്ദിയുള്ളവരാകുന്നതിനു വേണ്ടി' എന്നതാണ്. കൃതജ്ഞതാബോധമുള്ള മനസ്സാവട്ടെ എല്ലാ നന്മകളുടെയും വിളനിലവുമാണ്. ഒരുധര്‍മനിഷ്ഠമനസ്സ് സ്വാഭാവികമായും കൃതജ്ഞതാബോധം ഉള്ളതായിരിക്കും.   പരമമായ കൃതജ്ഞതാബോധം നമ്മെ സൃഷ്ടിക്കുകയും നമുക്ക് എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങള്‍ ചെയ്യുകയും ചെയ്ത അല്ലാഹുവിനോടായിരിക്കണം. വിശുദ്ധ ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട് 'നിങ്ങള്‍ ദൈവാനുഗ്രഹങ്ങളെ എണ്ണി  തിട്ടപ്പെടുത്തുവാന്‍ ശ്രമിച്ചാല്‍  നിങ്ങള്‍ക്ക് അത് സാധിക്കില്ല' എന്ന്.  നിങ്ങള്‍ നന്ദിബോധമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഇനിയുമേറെ വര്‍ധിപ്പിച്ചുതരുമെന്നും വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്.  ഖുര്‍ആനില്‍ വളരെയേറെ പരാമര്‍ശവിധേയമാകുന്ന പ്രമേയമാണ് നന്ദിബോധം എന്നത്.  ഇത്രയധികം അനുഗ്രഹങ്ങള്‍ ചെയ്ത അല്ലാഹുവിനോട് നന്ദിബോധം ഇല്ലാത്തവന്  സമസൃഷ്ടികളോട് ആത്മാര്‍ഥമായ നന്ദിബോധം ഉണ്ടാവുക സാധ്യമല്ല. അല്ലാഹുവിന്റെ സുകുമാരനാമങ്ങളില്‍ ഒന്നാണ് 'ശകൂര്‍' അഥവാ ഏറെ നന്ദിയുള്ളവന്‍ എന്നത്.  പ്രവാചകനാവട്ടെ അല്ലാഹുവിന്റെ സുകുമാര നാമങ്ങളിലൂടെ പ്രകാശിതമാകുന്ന സ്വഭാവങ്ങളെ മാനുഷികമായ ആപേക്ഷികതയോടു കൂടി ആര്‍ജിക്കാന്‍ നമ്മോടു ആവശ്യപ്പെടുന്നുണ്ട്. നാം ഈ ലോകത്ത് ജനിച്ചുവീഴുന്നതിലും  ജനിച്ചതിനു ശേഷമുള്ള നമ്മുടെ വളര്‍ച്ചയിലും വികാസത്തിലും ഒക്കെ നമ്മുടെ മാതാപിതാക്കള്‍ക്കും സഹോദരീസഹോദരന്മാര്‍ക്കും സമൂഹത്തിനും നാടിനും വലിയ പങ്കുണ്ട്.   അല്ലാഹു നമുക്ക് നല്‍കുന്ന അനുഗ്രഹങ്ങളില്‍ പലതും മാതാപിതാക്കളിലൂടെയും സഹോദരീസഹോദരന്മാരിലൂടെയും സമൂഹത്തിലൂടെയും നാട്ടിലൂടെയുമാണ് ലഭ്യമാക്കി തീര്‍ക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യത്തോടും സമൂഹത്തോടും കുടുംബത്തോടും മാതാപിതാക്കളോടും അല്ലാഹുവിന്റെ തൃപ്തിക്ക് വിധേയമായി നന്ദിബോധമുള്ളവരും കടപ്പാടുള്ളവരും ആവുക എന്നത് ധര്‍മനിഷ്ഠയുള്ള സത്യവിശ്വാസിക്ക് ഒഴിച്ചുകൂടാനാവാത്ത സ്വഭാവ വിശേഷണമാണ്.  

നന്ദിബോധത്തിന് ആദ്യം ഉണ്ടാവേണ്ടത് നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളെ സംബന്ധിച്ച അറിവാണ്. ആ അറിവാണ് അനുഗ്രഹങ്ങളെ വിലമതിക്കുന്നവരായി നമ്മെ മാറ്റുന്നത്. പിന്നെ വാക്കിലൂടെയും കര്‍മങ്ങളിലൂടെയും നാം നമ്മുടെ നന്ദിബോധവും കടപ്പാടും പ്രകടിപ്പിക്കുന്നു. നമുക്ക് നല്‍കപ്പെട്ട അനുഗ്രഹങ്ങളെ വിലമതിക്കാന്‍ സാധിക്കാതിരിക്കുക എന്നതിനേക്കാള്‍ നമുക്ക് അഭികാമ്യം  നമുക്കില്ലാതെ പോയ അനുഗ്രഹങ്ങളുടെ വിലയറിയുക എന്നതായിരിക്കും. ഈ നന്ദിബോധം യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതത്തെതന്നെയാണ് സുന്ദരമാക്കിത്തീര്‍ക്കുന്നത്.  ജീവിതത്തില്‍ പരുക്കനായി തോന്നുന്ന യാഥാര്‍ഥ്യങ്ങളെ  മൃദുലപ്പെടുത്താനും നിഷേധാത്മക ചിന്തകളെ പോസിറ്റീവാക്കാനും, നമ്മളില്‍ ശുഭാപ്തിവിശ്വാസവും സന്തോഷവും സഹാനുഭൂതിയും ഉദാര മാനോഭാവവും സൃഷ്ടിക്കാനും, എന്തിനേറെ പറയുന്നു നമ്മുടെ രക്തസമ്മര്‍ദത്തെ കുറക്കാന്‍ പോലും നന്ദിബോധം നമ്മെ സഹായിക്കുന്നു.  

ഏത് പ്രയാസത്തിലും അവസരവും ഏത് ദുരന്തത്തിലും അനുഗ്രഹവും കണ്ടെത്തുന്ന ഒരു ശുഭാപ്തി വിശ്വാസിയുടെ മനസ്സാണ് കൃതജ്ഞതാബോധം നമുക്ക് പ്രദാനം ചെയ്യുന്നത്. അത് പനിനീര്‍പൂവില്‍ മുള്ളിനെ കാണുകയല്ല,  മറിച്ചു മുള്ളില്‍ പനിനീര്‍പൂവിനെ കാണുകയാണ് ചെയ്യുന്നത്. ഒരു മുന്തിരി തിന്നുമ്പോള്‍ അത് വളര്‍ത്തിയ കര്‍ഷകനെ കുറിച്ച് ഓര്‍ക്കുന്ന മനസ്സാണ് നന്ദിബോധമുള്ളവന്റെ മനസ്സ്.   നമുക്ക് അല്ലാഹു ചെയ്തുതന്ന അനുഗ്രഹങ്ങളില്‍ ഏറെ വിലപ്പെട്ടതും പ്രധാനപ്പെട്ടതുമാണ് സാന്മാര്‍ഗിക ദര്‍ശനം എന്നത്. ഇത് അന്തിമമായി നല്‍കപ്പെട്ടത് വിശുദ്ധ ഖുര്‍ആനിലൂടെയാണ്. ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണ് റമദാന്‍. ആ മാസത്തില്‍ വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായതിലെ നന്ദിപ്രകടനം കൂടിയാണ് റമദാന്‍ മാസത്തിലെ  വ്രതാനുഷ്ഠാനമെന്നു വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ജീവിതത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഒരു സാക്ഷാത്കാരം (Embodiment) സാധ്യമാവുക എന്നതാണ് അതിനോട് കാണിക്കാവുന്ന ഏറ്റവും വലിയ ആദരവും നന്ദിയും. അതാണ് റമദാന്‍ മാസത്തിലെ നോമ്പിലൂടെ സാക്ഷാല്‍കരിക്കപ്പെടുന്നതും സാക്ഷാല്‍കരിക്കപ്പെടേണ്ടതും.  

 

 

Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍