Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

ഈദ്ഗാഹില്‍ പോകുമ്പോള്‍ എങ്ങനെ തലശ്ശേരിയെ മറക്കും?

ഫൗസിയ ഷംസ്

പെരുന്നാള്‍ മാസം കാണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ചെഞ്ചോര ചെമപ്പ് കൈയിലണിയിക്കുന്ന മൈലാഞ്ചിസ്റ്റിക്ക് ഏതാണെന്നു തെരയാന്‍ കടകള്‍ കയറിയിറങ്ങുമ്പോള്‍ കുട്ടിക്കാലത്ത്  കൈകള്‍ ചോപ്പിച്ച ആ മൈലാഞ്ചിക്കമ്പുകളുടെ മര്‍മരം കാതില്‍ മുഴങ്ങും. ആ മുഴക്കം കുട്ടിക്കാലത്തിന്റെ പെരുന്നാള്‍ ഓര്‍മകള്‍ ബാക്കിവെച്ച കണ്ണൂരെന്ന എന്റെ നാടിനോളമെത്തും. കൂട്ടുകുടുംബത്തിന്റെ ഒന്നായിക്കൂടുന്ന പെരുന്നാളാഘോഷത്തിന്റെ തിമര്‍പ്പുകളിലേക്ക്.

ആകാശനീലിമയില്‍ ചന്ദ്രക്കലവിരിഞ്ഞതറിയിച്ച് പള്ളിമിനാരങ്ങള്‍ തക്ബീര്‍ ധ്വനികളുയര്‍ത്തുമ്പോള്‍ എല്ലാവരാലും മുമ്പേ പള്ളിയിലേക്കോടാന്‍ മെനക്കെടുന്ന ഒപ്പമുള്ള ആണ്‍പിള്ളേര്‍. കൈയില്‍ മൈലാഞ്ചിയിട്ട് ആരുടെ കൈയാണ് ചുവപ്പ് എന്ന വാശിയില്‍ ഉറങ്ങാതെ കൈവെള്ളയില്‍ യൂക്കാലിവെള്ളമിറ്റിച്ച് കാത്തിരിക്കുന്ന ഞാനടക്കമുള്ള പെണ്‍കൂട്ടങ്ങള്‍. തറവാട്ടുമുറ്റം കുടുംബക്കാരാല്‍ നിറഞ്ഞു. ഇറച്ചിക്കടയില്‍ പോകണം; അവിടേക്ക് പായുന്ന ഒരുകൂട്ടം.  തറവാട്ടിലെ കുട്ടികളില്‍ പലരുടെയും പെരുന്നാള്‍ ഉടുപ്പ് തുന്നാന്‍ കൊടുത്തത് കിട്ടിയിട്ടുണ്ടാവില്ല, തുന്നല്‍ കടയില്‍ കാവലിരിക്കാന്‍ വേറൊരു കൂട്ടം. എല്ലാം കഴിയുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാവും. തറവാട്ടില്‍ താഴെയും മേലെയുമായി ഐക്യത്തോടെ താമസിക്കുന്ന അഞ്ചെട്ടു കുടുംബങ്ങളും അതില്‍ ഇന്നത്തെ ഒരു പ്രൈമറി സ്‌കൂള്‍ തുടങ്ങാന്‍ മാത്രം കുട്ടികളും... മുറ്റത്തെ കിണറില്‍നിന്ന് പരപരാ വെള്ളം കോരിയൊഴിച്ച് കുളിച്ച് പിന്നെയൊരൊറ്റ ഓട്ടമാണ്. പുത്തനുടുപ്പുമിട്ട് ഈദ്ഗാഹിലേക്ക്. മനസ്സുനിറയെ കൈയിലെമ്പാടും കിട്ടുന്ന 'സകാത്താ'ണ്, പെരുന്നാള്‍ പൈസ.

കണ്ണൂര്‍-തലശ്ശേരി നാടിന്റെ പെരുന്നാള്‍ പെരുമ പറയണമെങ്കില്‍ ആദ്യം കണ്ണൂരെന്ന  നാടിനെ കുറിച്ച് പറയണം. ന•കള്‍ മാത്രം പേറുന്ന ഈ പെരുമയെ കുറിച്ച് പറയുമ്പോള്‍ അതങ്ങ് സമ്മതിച്ചുതരാന്‍ പലര്‍ക്കും മടിയായിരിക്കും. കാരണം ലോകത്തൊരിടത്തും കാണാത്തൊരു സംസ്‌കാരം പേറുന്നവരാണ് കണ്ണൂരുകാര്‍. അറക്കല്‍ രാജവംശംകൊണ്ട് കേരള ഭൂപടത്തിലെ മുസ്‌ലിം രാജകീയ പെരുമ അടയാളപ്പെടുത്തിയ നാട് പേറുന്നൊരു സംസ്‌കാരമുണ്ട്. മരുമക്കത്തായവും അതിലൂടെ ഉരുവംകൊണ്ട പുതിയാപ്പിള സംസ്‌കാരവും. ഈ ഇരട്ട പെറ്റ സംസ്‌കാരത്തിന്റെ ശേഷിപ്പുകളാണ് എല്ലാ ആഘോഷങ്ങളിലുമെന്ന പോലെ ആത്മീയഭാവം പേറുന്ന പെരുന്നാളിലും ഉള്‍ച്ചേര്‍ന്നിരിക്കുന്നത്.

തെക്കുപടിഞ്ഞാറ് പരമ്പരാഗത ഉത്തര കേരള സംസ്‌കാരവും കിഴക്കന്‍ പ്രദേശങ്ങളില്‍ മധ്യകേരള തിരുവിതാംകൂര്‍ സംസ്‌കാരവും നിലനില്‍ക്കുന്ന തറികളുടെയും തിറകളുടെയും നാട്. വടക്കേയറ്റത്തുനിന്നും രണ്ടാമതായി സ്ഥിതിചെയ്യുന്ന ഈ ജില്ലയുടെ നാടിന്റെ സാംസ്‌കാരികതയില്‍ വ്യതിരിക്തമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ മുസ്‌ലിം സാമാന്യത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മതവിശ്വാസത്തേക്കാള്‍ പാരമ്പര്യാചാരങ്ങളോടാണ് ബന്ധം. ആ പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലുകളാണ് പെരുന്നാളാഘോഷത്തിനും പൊലിമ കൂട്ടിക്കൊണ്ടിരിക്കുന്നത്. ചേരമാന്‍ പെരുമാളിന്റെ പേരമകന്‍ മഹാബലി മുസ്‌ലിമായി മമ്മാലിയായി അറക്കല്‍ പിറന്നെന്നോ ആഴിയിലമരാന്‍ പോകുന്ന കോലത്തിരി പെണ്ണിന്റെ കൈപിടിച്ചു രക്ഷിച്ച മുസ്‌ലിം ചെറുപ്പക്കാരന് കോലത്തിരി രാജാവ് ഇഷ്ടദാനം കൊടുത്തെന്നോ ചരിത്രം സംശയിക്കുന്ന അറക്കല്‍ വംശത്തിനും സഞ്ചാരികളാല്‍ സമ്പന്നമായ സംസ്‌കാരത്തിന്റെ തിരുശേഷിപ്പായ തലശ്ശേരിയിലെ കേയികുടുംബത്തിനും ഇടയില്‍ രൂപപ്പെട്ട ആ 'അറ' സംസ്‌കാരത്തിന്റെയും പുതിയാപ്പിള സംസ്‌കാരത്തിന്റെയും ഇടയില്‍  ചേര്‍ത്തുവെച്ചാലേ ഏതാഘോഷത്തെപ്പോലെയും പെരുന്നാള്‍ ആഘോഷത്തിന്റെയും പൊലിമ പൂര്‍ണമാവൂ.

ശവ്വാലമ്പിളി മാനത്തുതെളിയുന്നതോടെയാണ് പെരുന്നാളിന്റെ തക്ബീര്‍ മുഴക്കം എല്ലാ നാട്ടിലും കേള്‍ക്കാറെങ്കിലും കണ്ണൂരുകാരെ സംബന്ധിച്ചേടത്തോളം അത് ബറാഅത്ത് രാവോടെ തുടങ്ങും. മുസ്‌ലിം നവോത്ഥാനത്തിന് കേരളക്കരയില്‍ ആദ്യം കൊടി പിടിച്ച തലശ്ശേരിയുള്‍പ്പെടെ പല സ്ഥലങ്ങളിലും  പഴമക്കാര്‍ പെരുന്നാള്‍ തുടങ്ങിയത് സലാം കൊടുത്തയച്ചുകൊണ്ടാണ്. പരസ്പരം കണ്ടാല്‍ കെട്ടിപ്പിടിച്ച് കൈമുത്തിപ്പറയുന്ന സലാമല്ല. ഇത് വേറെയാണ്. തറവാട്ടിലെ കാരണവ•ാരോ അവരേല്‍പ്പിക്കുന്ന വാല്യക്കാരോ പുതിയാപ്പിള വീട്ടില്‍പോയി പറയുന്ന സലാമാണത്. തറവാട്ടിലെ അടുത്തിടെ കല്യാണം കഴിഞ്ഞ പെണ്ണിന്റെ പുതിയാപ്ല വീട്ടിലേക്കാണ് പോകുന്നത്. ആദ്യ പെരുന്നാള്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാനും ക്ഷണിക്കാനുമുള്ള പോക്കാണത്. അവിടെ പോയി സലാം പറഞ്ഞ് ഇന്ന സ്ഥലത്ത് ഇന്ന സമയത്ത് പെരുന്നാള്‍ മാസം കണ്ടിട്ടുണ്ടെന്നറിയിച്ച് പുതിയാപ്പിള വീട്ടുകാരെ പെണ്‍വീട്ടിലേക്ക് പെരുന്നാളിന് ക്ഷണിക്കും. പള്ളിയില്‍നിന്നും നാലാള്‍ കൂടുന്നിടത്തുനിന്നും റേഡിയോവിലോ ടീവിയിലോ ഒന്നും കേട്ടാല്‍ പോരാ, അത് പെണ്‍വീട്ടുകാര്‍ തന്നെ വന്നു പറഞ്ഞാലേ തലമൂത്ത കാരണവ•ാര്‍ക്ക് മതിയാവൂ. മതത്തില്‍ പരിഷ്‌കരണം വരുന്നതിനനുസരിച്ച് നാടുകടന്ന നാട്ടാചാരത്തിന്റെ കൂടെ ഇതു നീങ്ങിയെങ്കിലും ഇപ്പോഴും കണ്ണൂര്‍ ഭാഷയില്‍ അള്ളി(ഹള്ളി)യെന്നു പറയുന്ന ഗ്രാമപ്രദേശങ്ങളില്‍ ഈ പതിവ് ഇപ്പോഴുമുണ്ടത്രെ. 

ശഅ്ബാന്‍ പതിനാലിനും പതിനഞ്ചിനും തുടങ്ങിയ പെരുന്നാള്‍ ദിനത്തിന്റെ കാത്തിരിപ്പിന് മൂര്‍ച്ചയേറുന്നത് നോമ്പിന്റെ അവസാനത്തെ പത്തോടെയാണ്. പെരുന്നാളെന്ന ആ ഒരൊറ്റ ദിവസത്തിനു വേണ്ടി അണിയാനുള്ള ഡ്രസ്സും ചെരിപ്പും വളയും മാലയും എന്നുവേണ്ട എല്ലാത്തരം ഐറ്റത്തിനും വേണ്ടിയുള്ള പരക്കംപാച്ചിലാണ് പിന്നെ. മനസ്സിനിണങ്ങിയതു കിട്ടുന്നതുവരെ രാവേറെ ചെന്നാലും കടകള്‍ക്കുമുന്നില്‍ കാവലിരിക്കുന്ന പെണ്‍കൂട്ടം നഗരത്തിരക്കിന്റെ കാഴ്ചകളിലൊന്നാണ്. കെട്ടിയോള്‍ക്കും പെങ്ങള്‍ക്കും മക്കള്‍ക്കും പൂതിതീരെ തെരഞ്ഞെടുക്കുന്നതിന് വീട്ടിലെ ആണ്‍തുണകള്‍ നഗരം ചുറ്റി കാവലോടെ എവിടെയങ്കിലുമുണ്ടാകും. കണ്ണൂര്‍ നഗരത്തിന്റെ ഈ പെരുന്നാള്‍ കാഴ്ചക്ക് ഖുര്‍ആന്‍ ക്ലാസ്സും പള്ളിയും പ്രബോധന പ്രവര്‍ത്തനങ്ങളുമെല്ലാം വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എല്ലാ നാട്ടിലുമെന്നപോലെ അതൊരു അലങ്കാരമായി തന്നെ ഇപ്പോഴും കാണാം. 

മതകീയ ആരാധനകളെ നാട്ടാചാരങ്ങളോട് ബന്ധിപ്പിക്കുന്ന ഇത്തരം  മാമൂലുകള്‍ നാലഞ്ച് കിലോമീറ്ററുകള്‍ ദൂരത്തിന് വ്യത്യാസപ്പെട്ടിരിക്കും. അറക്കല്‍ സ്വരൂപത്തിനു ചുറ്റുമുള്ള കണ്ണൂര്‍ സിറ്റിയുള്‍പ്പെട്ട പ്രദേശത്തിന്റെയും കേയിമാരുള്‍പ്പെടുന്ന തലശ്ശേരിയുടെയും ഇത് രണ്ടിലും പെടാത്ത കോയ്യോട്, ചാല, മൗവ്വഞ്ചേരി, കാടച്ചിറ ഭാഗത്തെ 'തറക്കാര്‍' എന്നപേരിലറിയപ്പെടുന്നവരുടെയും പെരുന്നാളില്‍ അല്ലറ ചില്ലറ വ്യത്യാസമുണ്ടെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടുമുള്ള വിവാഹബന്ധത്തിലൂടെ അതൊന്നായും രണ്ട് നാലായും മാറുന്ന പെരുന്നാളാഘോഷ പുതുമ ഒന്നുവേറെത്തന്നെ. കതിന വെടിമുഴക്കിയാണ് കുറച്ചുകാലം മുമ്പുവരെ ഈ പ്രദേശങ്ങളിലെല്ലായിടത്തും പെരുന്നാള്‍ മാസം കണ്ടതറിയിച്ചിരുന്നതെങ്കില്‍ ഇന്നതില്ല. വാട്‌സ്ആപ്പ് കാലത്ത് അതുവേണ്ടെന്ന് പുതിയ തലമുറ തീരുമാനിച്ചിരുന്നെങ്കിലും അതിന്റെ രസങ്ങളെ കൈയൊഴിയാന്‍ അവര്‍ തയാറല്ല. മാസം കണ്ടത് അറിയേണ്ട താമസം കണ്ണൂര്‍ സിറ്റിയെ ലക്ഷ്യമാക്കി ഒരു കൂട്ടം പായും. അവരെ കാത്ത് 'ചെരണ്ടി ഐസ്' വില്‍പ്പനക്കാരനുണ്ടാകും. മധുരം നിറച്ച ഐസും കൂടാതെ കബാബും കൂട്ടിത്തിന്നാലേ നോമ്പ് പൂര്‍ത്തിയായി മാസം കണ്ടെന്നു അവര്‍ മനസ്സിലുറപ്പിക്കൂ. നാടിന്റെ പല ഭാഗത്തുനിന്നും അവിടേക്ക് പുലരും വരെ ഒഴുക്കാണ്. നാടു നീളെ മതജാതി ഭേദമന്യേയുള്ള നോമ്പുതുറ സല്‍ക്കാരങ്ങള്‍ സജീവമാകാതിരുന്ന കാലത്ത് പരിസരത്തുള്ള അമുസ്‌ലിം കുടുംബങ്ങള്‍ക്ക് കോളുകൊടുത്തക്കാനായി ചക്കരച്ചോറും കായിക്കറിയും പുളിവാരലും നെയ്പ്പത്തിരിയും ഉണ്ടാക്കി മാസം കണ്ടത് കേള്‍ക്കാനായി  കാതോര്‍ത്തിരിക്കുന്ന കാലത്തിന്റെ സ്വാദുള്ള ഓര്‍മ ഇപ്പോഴും തലശ്ശേരിയിലെ പഴയ തലമുറ മറന്നിട്ടില്ല. തലശ്ശേരിയിലെ ഖാന്‍ ബഹാദൂര്‍ ഫക്കി സാഹിബിന്റെ മാളിയമ്മല്‍ തറവാട്ടില്‍ 'കൊട്ടമുറ'ത്തില്‍ നിറയെ നേരിയരിയും ചെറുപയറും അല്‍സക്കുള്ള കുത്തിയഗോതമ്പും നെയ്യും നിറച്ചുവെച്ച് പാവപ്പെട്ടവര്‍ക്കു കൊടുത്തയക്കാനായി പെരുന്നാള്‍ മാസം കാണുന്നത് നോക്കിയിരുന്നൊരു കാലമുണ്ടായിരുന്നു. ഇവിടേക്കുള്ള 'കൊട്ട മുറം' കൊടുത്തയച്ചിരുന്നത് താനൂര്‍ ഭാഗത്ത് താമസിച്ചിരുന്ന കേയികുടുംബക്കാരായിരുന്നു. 

മൈലാഞ്ചിയിടല്‍ മത്സരങ്ങളും ഷോയും കാണുമ്പോള്‍ അതിന്റെ പിന്നില്‍ തലശ്ശേരിയെന്ന നാടിന്റെ പെരുന്നാള്‍ പെരുമ കാണാം. മംഗലത്തിന് (കല്യാണത്തിന്) തലേന്ന് രാത്രി നടത്തുന്ന മൈലാഞ്ചിക്കല്യാണത്തിന്റെ മറ്റൊരു പതിപ്പ് കാണുന്നത് പിന്നീട് പെരുന്നാള്‍ രാവിനാണ്. തറവാടുകളില്‍ ഒത്തുകൂടി കൈകള്‍ ചോപ്പിച്ചെടുക്കുന്ന പെണ്‍കൂട്ടങ്ങളാണ് പെരുന്നാള്‍ തലേന്ന് ഉറക്കമില്ലാ രാത്രിയാക്കി വീടുകളെ മാറ്റുന്നത്. അരച്ചെടുത്ത മൈലാഞ്ചി കൈവെള്ളയില്‍ പൊട്ടുപോലെ നിരത്തി, നഖം മുതല്‍ വിരലിന്റെ പകുതി വരെ മൈലാഞ്ചികൊണ്ട് മൂടുന്ന -തൊപ്പിയിടല്‍- എന്ന പഴയ രീതി പോയെങ്കിലും ഇപ്പോള്‍ മറ്റൊരു രൂപത്തില്‍ ആഘോഷമായിത്തന്നെയുണ്ട്. ഇപ്പോള്‍ കടയില്‍ നിന്നും വാങ്ങുന്ന സ്റ്റിക്കും അച്ചും ഉപയോഗിച്ച് കൈമുട്ടുവരെയും അതും കഴിഞ്ഞ് കാലില്‍ ഞെരിയാണിവരെയും ചുവപ്പിച്ചുകൊണ്ടാണ് പെണ്ണുങ്ങള്‍ പെരുന്നാളിനെ വരവേല്‍ക്കുന്നത്.

അപ്പത്തരത്തിലും ആര്‍ഭാടങ്ങളിലും ചുറ്റിത്തിരിഞ്ഞ് ബന്ധങ്ങളെ കെട്ടുറപ്പോടെ നിര്‍ത്താന്‍ കഴിയുന്നതാണ് കണ്ണൂര്‍-തലശ്ശേരി പോരിശ.  തീന്‍മേശയില്‍ വിളയുന്ന സൗഹൃദ കുടുംബബന്ധങ്ങളുടെ രുചി വേറൊരു നാട്ടിലും കാണില്ല. പെരുന്നാളിനും ഉണ്ട് ഈ അപ്പത്തര പോരിശ. മുട്ടസുര്‍ക്കയും മുട്ടമാലയും ഉന്നക്കായയും കൈവീശിയും കിച്ചരിയും അങ്ങനെയങ്ങനെ പേരുപറഞ്ഞാല്‍ തീരാത്ത അപ്പത്തരങ്ങള്‍ നോമ്പിന്റെ അകമ്പടിയായി വരുന്ന പെരുന്നാളിനുമുണ്ട് രുചിഭേദങ്ങളുടെ ഒരു പെരുന്നാള്‍ക്കൂട്ട്. അല്‍സയും മുട്ടമാലയുമില്ലാത്ത പെരുന്നാളിവിടെയില്ല... പെരുന്നാള്‍ രാവിന് പള്ളിയില്‍ പോകും മുമ്പ് തന്നെയുണ്ടാകും ഏതൊരു വീട്ടിലും കായിവാട്ടിയതും (പഴം വാട്ടിയത്) മുട്ട ബുള്‍സായിയും.  അതുകഴിച്ചുകൊണ്ടാണ് ഈദ്ഗാഹില്‍ പോവുന്നവര്‍ അങ്ങോട്ടും അല്ലാത്തവര്‍ പള്ളിയിലേക്കും പോവുക. രണ്ടിടത്തും പോകാത്ത പെണ്ണുങ്ങള്‍ എല്ലാ നാട്ടിലുമെന്നപോലെ കണ്ണൂരിലുമുണ്ട്. അവര്‍ ഉച്ച ഭക്ഷണത്തിനുള്ള തയാറെടുപ്പിലായിരിക്കും. കോഴി ബിരിയാണിയേക്കാള്‍ പഥ്യം മീന്‍ ബിരിയാണി തന്നെ.  ഇന്നും കേയികുടുംബത്തില്‍ പലയിടത്തും ബിരിയാണി കൂടാതെ വെറുംചോറും പുളിഞ്ചാറും (മോരുകറി) പെരുന്നാള്‍ വിഭവങ്ങളില്‍ ഇടംതേടുന്നുണ്ട്.

പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞുവരുന്നവര്‍ക്കായി  ഭക്ഷണം വിളമ്പാനുള്ള തിരക്കുകളായിരിക്കും നീറാലിയെന്ന് പഴയപേരില്‍ അറിയപ്പെടുന്ന അടുക്കളയില്‍. നിസ്‌കാരം കഴിഞ്ഞുവന്നാല്‍ പിന്നെ നാസ്ത. തലേന്നു രാത്രി തന്നെയുണ്ടാക്കിവെക്കുന്ന കുത്തിയഗോതമ്പും വെല്ലവും ഉപയോഗിച്ച് തേങ്ങാപാലില്‍ ഉണ്ടാക്കിയെടുക്കുന്ന ചക്കരച്ചോര്‍ എന്നുപറയുന്ന പലഹാരം പല വീട്ടുകാരും തലേന്നു രാത്രി തന്നെ ഉണ്ടാക്കിവെച്ചിട്ടുണ്ടാകും. അതിന്റെ കൂടെ നെയ്പ്പത്തിരിയും ഇറച്ചിക്കറിയും മുട്ടസുര്‍ക്കയും തടിച്ച പത്തിരിയുമൊക്കെ വേറെയും. 

ഒരു കാലത്ത്  ജ്യേഷ്ഠത്തി അനുജത്തിമാരും അവരുടെ മക്കളുമായി ഒരേ തറവാട്ടില്‍ നാലും അഞ്ചും കുടുംബങ്ങളുണ്ടാവും. അഞ്ചെട്ട് പുതിയാപ്പിളമാരും കാരണവ•ാരും രണ്ടുമൂന്നു ഉമ്മാമമാരും. ഓരോ  കുടുംബവും അവരുണ്ടാക്കിയതും പെണ്‍മക്കളുടെ ഭര്‍ത്താക്ക•ാര്‍ കൊണ്ടുവന്നതും കൂടി  എല്ലാ പലഹാരവും ഡ്രൈഫ്രൂട്ടുസുമൊക്കെ 'കനാത്തര' (മുമ്പ് കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ സ്റ്റേജ് പോലെത്തെ ഒരു സ്ഥലം)യില്‍ ഒരു സുപ്രയില്‍ നിരത്തി ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന പെരുന്നാള്‍ പോരിശ ന്യൂക്ലിയര്‍ കുടുംബത്തോടെ ഇല്ലാതായെങ്കിലും  കൂടുമ്പോള്‍ ഇമ്പം തോന്നുന്ന കുടുംബരസം പെരുന്നാളിനു ഒത്തുകൂടി ഒന്നായിച്ചേര്‍ന്ന് ആഘോഷിക്കുന്നത് പലപ്പോഴും രാത്രികളിലാണ്. 

ഉപ്പാന്റേത്ത് പോക്ക് എന്നു പറയുന്ന ഉപ്പവീട്ടില്‍ പോക്കാണ് പെരുന്നാളിന്റെ പ്രധാന നാട്ടുനടപ്പ്. കല്യാണം കഴിഞ്ഞ പെണ്ണ്  വീട്ടില്‍ തന്നെ താമസിക്കുന്ന സമ്പ്രദായമുള്ളതിനാല്‍  പെണ്‍മക്കളധികവും സ്വന്തം വീട്ടില്‍ തന്നെയായിരിക്കും. പെണ്‍മക്കളും അവരുടെ കുട്ടികളും പുത്തനുടുപ്പിട്ട് ചോറുകഴിഞ്ഞ ഉടനെ ഉപ്പാന്റെ വീട്ടില്‍ പോകുന്നതിനുള്ള തയാറെടുപ്പിലായിരിക്കും. പലഹാരങ്ങളുമായി പെണ്‍മക്കളെ ഭര്‍തൃവീട്ടില്‍ പറഞ്ഞയക്കുകയും ഇങ്ങോട്ടുവരുന്ന ആണ്‍മക്കളുടെ ഭാര്യമാര്‍ക്ക് പലഹാരങ്ങളുണ്ടാക്കി കാത്തിരിക്കുകയും ചെയ്യുന്ന ഉമ്മമാരുടെ പെരുന്നാള്‍ വൈകുന്നേരങ്ങളാണ് വീട്ടിന്റെ അടുക്കളയും കോലായിയും വീണ്ടും സജീവമാക്കുന്നത്.

പെരുന്നാളെന്താണെന്നു ചോദിച്ചാല്‍ കൈനിറയെ സകാത്ത് കിട്ടുന്ന ദിവസമെന്നാണ് കണ്ണൂരിലെ കുട്ടികളുടെ ഉത്തരം. പെരുന്നാള്‍ പൈസ നിറക്കാന്‍ കുഞ്ചികളുമായി കാത്തിരിക്കുന്ന കുട്ടികളാണ് പെരുന്നാളിന്റെ കണ്ണൂര്‍ തലശ്ശേരി രസങ്ങള്‍. രാവിലെ എണീറ്റാടുലന്‍ പുതുവസ്ത്രമണിഞ്ഞ് അയല്‍വാസികളുടെ അടുത്തും ബന്ധുവീടുകളിലും  പെരുന്നാള്‍ പൈസക്കായി അവര്‍ പായും. ഏറ്റവും കൂടുതല്‍ പൈസ കിട്ടുന്നത് ഉപ്പവീട്ടില്‍ നിന്നാണ്. അതുകൊണ്ട് എത്രയും വേഗം അങ്ങോട്ടേക്ക് പോകാനായിരിക്കും തിടുക്കം. അതുകൊടുക്കാനായി ബാങ്കില്‍നിന്നും ചില്ലറവാങ്ങി സൂക്ഷിക്കുന്ന മുതിര്‍ന്നവരും. മുമ്പൊക്കെ ചില്ലറയെന്തെങ്കിലും മതിയായിരുന്നു. പക്ഷേ ആരെ പറ്റിച്ചാലും മക്കളെ പറ്റിക്കാനാവില്ല. ചുളിവില്ലാത്ത നല്ല കനമുള്ള നോട്ട് കിട്ടിയാലേ ഇന്നവരടങ്ങൂ. നിറഞ്ഞ കീശയും നിറഞ്ഞ മനസ്സുമായി വന്ന് കിട്ടിയതൊക്കെ എണ്ണിത്തിട്ടപ്പെടുത്തി കിട്ടിയ ഓഹരിയുടെ വലിപ്പം പറഞ്ഞ് പരസ്പരം അഹങ്കരിക്കുന്ന കുഞ്ഞുകുസൃതികളെ ഓരോ വീടിന്റെ ചേതിയിലും (വരാന്തയിലും) കാണാം.

അടുത്തിടെ മംഗലം (കല്യാണം) കഴിഞ്ഞ പെണ്ണിന്റെ മനസ്സില്‍ സന്തോഷപ്പൂവിരിയുന്ന അവസരമാണ് പെരുന്നാള്‍. ആദ്യപെരുന്നാളിന് പെണ്ണിന് മാത്രമല്ല, അവളുടെ ഉപ്പാക്കും ഉമ്മാക്കും  കാരണവ•ാര്‍ക്കും ഉമ്മാമയുമടക്കമുള്ള പെണ്ണിന്റെ കുടുംബത്തിനൊന്നാകെയുമുള്ള പെരുന്നാള്‍ ഡ്രസ്സ് പുതിയാപ്ല വകയാണ്.  'പീറ്റിയാര്‍' എന്നു നാട്ടുഭാഷയില്‍ പറയുന്ന പുതുപ്പെണ്ണിനും കൂട്ടര്‍ക്കും പെരുന്നാള്‍ ഡ്രസ്സെടുക്കാന്‍ പോകുന്നതും അത് അയല്‍ക്കാരെയും ബന്ധുക്കളെയും കാണിച്ചുകൊടുത്തുകൊണ്ടേയിരിക്കുന്നതും പുതിയാപ്ലിള വീട്ടുകാര്‍ക്കൊരു പെരുന്നാള്‍ ഹരമാണ്. പര്‍ദയും നിഖാബും എല്ലാം ധരിക്കുമെങ്കിലും അതിനടിയില്‍ നാട്ടിലിറങ്ങിയ ഫാഷന്‍ അതേപടി പകര്‍ത്തുന്നതില്‍ മിടുക്കരാണ് ഞങ്ങള്‍ കണ്ണൂരുകാര്‍. പക്ഷേ പെരുന്നാളിന് വേറെങ്ങും കാണാത്തൊരു പുതുമ പെരുന്നാള്‍ ദിവസം റോഡിലിറങ്ങിയാല്‍ കാണാം. അത് തൂവെള്ളക്കളറില്‍ നിസ്‌കാരക്കുപ്പായവുമിട്ട് ഈദ് ഗാഹിലേക്കു പോകുന്ന പെണ്‍കൂട്ടങ്ങളാണ്. തിരക്കുപിടിച്ച റോഡില്‍ ബൈക്കിന്റെ പിന്നിലിരുന്നും കാറിലും വരിവരിയായി നടന്നും നിസ്‌കരിക്കാന്‍ പോകുന്ന ഈ പെണ്‍കൂട്ടങ്ങള്‍ നിര്‍മലമായ ഒരു സംസ്‌കാരത്തെ അടയാളപ്പെടുത്തുന്നു.

എല്ലാറ്റിനെക്കാളും രസം പകരുന്നതാണ് 'അരിവാരല്‍' പരിപാടി. പാരമ്പര്യത്തില്‍ ചുറ്റിത്തിരിയുന്നവര്‍ക്കൊരു 'ചടങ്ങാ'ണീ പരിപാടി. അങ്ങോട്ടുമിങ്ങോട്ടും ഫിത്വ്‌റിന്റെ അരി കൊടുക്കുന്ന അരിവാരല്‍ എന്ന പേരിലറിയപ്പെടുന്ന ഫിത്വ്ര്‍ സകാത്ത് കൊടുക്കല്‍ പരിപാടിയാണിത്. സംഘടിത ഫിത്വ്ര്‍ സകാത്ത് നിലവിലുണ്ടെങ്കിലും കൊടുത്തതത്രയും തിരിച്ചിങ്ങോട്ടും കിട്ടുന്ന ഈ അരി വാങ്ങാനും കൊടുക്കാനും അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കുന്ന കുട്ടികളെയും സ്ത്രീകളെയും പെരുന്നാള്‍ രാവിലും  കാണാം.

കുറച്ചു കാലം മുമ്പുവരെ തലശ്ശേരി ടൗണിലും കണ്ണൂര്‍ സിറ്റിയിലുമൊക്കെ പെരുന്നാള്‍ വൈകുന്നേരങ്ങളെ പൊലിപ്പിച്ചത് റംലാ ബീഗത്തിന്റെയും വിളയില്‍ ഫസീലയുടെയും ബദ്ര്‍-ഉഹുദ് സ്മരണകള്‍ അയവിറക്കുന്ന ഗാനമേളകളായിരുന്നു. ചാനല്‍ സംസ്‌കാരം വന്നതോടെ അതുമാറി. ഇപ്പോള്‍ വലിയ തറവാടുകളെ കേന്ദ്രീകരിച്ചുകൊണ്ട് വിവിധ ചാനലുകള്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ എത്തുന്നുണ്ട്. നഗരത്തിന്റെ പല പ്രധാന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചും വിവിധ സംഘടനകള്‍ ഈദ് സുഹൃദ്‌സംഗമങ്ങളും പ്രഭാഷണങ്ങളും നടത്തുന്നുമുണ്ട്. കെ.സി അബ്ദുല്ല മൗലവിയടക്കമുള്ളവര്‍ ഈദ് സുഹൃദ്‌സംഗമങ്ങളില്‍ സംഘടനാ വ്യത്യസമില്ലാതെ പങ്കെടുത്തതിന്റെ ഓര്‍മകള്‍ പഴയതലമുറക്ക് ഇപ്പോഴും ഉണ്ട്. പെരുന്നാളിനെ അതിന്റെ ആര്‍ഭാടത്തോടെ ആഘോഷിച്ച യുവത്വങ്ങള്‍ വിനയത്തോടെ ഈ സദസ്സുകളിലെ കേള്‍വിക്കാരായി കുടുംബസമേതം എത്തുകയും ചെയ്യും. അപ്പോഴും തലശ്ശേരി -കണ്ണൂര്‍ കോട്ടകളും പയ്യാമ്പലം ബീച്ചും  മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചും പെരുന്നാളിനവര്‍ മറക്കില്ല. സുഹൃദ്ബന്ധത്തിന്റെ അലയൊലികള്‍ ആ തിരമാലകള്‍ക്കൊപ്പം അനുഭവിക്കാനായി കുടുംബസമേതം അങ്ങോട്ടും പോകും ഒരു പോക്ക്.

പെരുന്നാളിന്റെ വളക്കിലുക്കം ഒരുപാട് തവണ കണ്ടത് ഉമ്മമാരിലൂടെയാണ്. ആ പെണ്‍കുപ്പായത്തില്‍ സ്വര്‍ണക്കുടുക്കും അരയില്‍ അരഞ്ഞാണും കാതിലെ കനം തൂങ്ങിയ ചിറ്റും മാത്രം പോരാ. 'കൊമ്പു' വളയിടാനായി  വളച്ചെട്ടിയെ കാത്തിരിക്കുന്ന, വാതില്‍പ്പടിയില്‍ മറഞ്ഞിരുന്നു 'ചെട്ടിച്ചി'ക്കു നേരെ കൈനീട്ടിക്കൊടുത്ത് പൊന്‍ നിറത്തില്‍ ഉമ്മച്ചിമാര്‍ക്കു മാത്രമായി കൊണ്ടുവരുന്ന ആ സ്വര്‍ണനിറത്തിലുള്ള വള മുട്ടോളം ഇട്ട് സന്തോഷിക്കുന്ന പഴയതലമുറ ടെലിഷോപ്പിംഗ് പെരുന്നാള്‍ കാലത്ത് മറഞ്ഞുപോയെങ്കിലും അതു പറയാതെ കണ്ണൂര്‍ പെരുന്നാളാവില്ല.

മദ്രാസ് പ്രസിഡന്‍സി ഭരണ കാലത്തുതന്നെ യാഥാസ്തികത്വത്തെ വെല്ലുവിളിച്ച് സംഘടിതമായി ഈദ്ഗാഹ് നടത്തിയവരാണ് തലശ്ശേരിക്കാര്‍. 1933-ല്‍ തലശ്ശേരി ജുമുഅത്ത് പള്ളിമുറ്റത്ത് ഏതാനും പരിഷ്‌കരണവാദികളെ കൂട്ടുപിടിച്ച് അതിനു ചുക്കാന്‍ പിടിച്ച സീതിസാഹിബിനെയും സത്താര്‍ സേട്ടിനെയും ജില്ലാ ജഡ്ജ് ജസ്റ്റിസ് സൈനുദ്ദീനെയും ഹൈക്കോടതി ജഡ്ജായിരുന്ന കുഞ്ഞഹമ്മദ് കുട്ടിയെയുമൊക്കെ ഓര്‍ത്തുകൊണ്ടാണ് പേരമക്കളുടെ കൈപിടിച്ച് പഴയതലമുറ നടന്നുനീങ്ങുന്നത്. ആദ്യ ഈദ്ഗാഹിന് നേതൃത്വം നല്‍കിയത് ഖാദി കുടുംബത്തിലെ അംഗമായിരുന്ന കുഞ്ഞിക്കോയ തങ്ങളായതിനാല്‍ സുന്നികള്‍ക്കും അത്ര എതിര്‍പ്പുണ്ടായിരുന്നില്ലെന്ന് അവരോര്‍ക്കുന്ന ചരിത്രമാണ്. പക്ഷേ ആദ്യം ഈദ്ഗാഹ് നടന്ന ജുമുഅത്ത് പള്ളിമിനാരത്തെ സാക്ഷി നിര്‍ത്തി മുക്കിന് മുക്കിന് സംഘടനാതലത്തില്‍ ഈദ്ഗാഹുകളും പള്ളികളില്‍നിന്നുള്ള പെരുന്നാള്‍ നമസ്‌കാരവും കാണുമ്പോള്‍  തലശ്ശേരിയിലെ പഴയതലമുറ മാത്രമല്ല, പുതിയ തലമുറയും അസ്വസ്ഥരാണ്. എന്നാലും അവര്‍ കാത്തിരിക്കുന്നു സന്തോഷത്തിന്റെ പെരുന്നാള്‍.

 


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍