Prabodhanm Weekly

Pages

Search

2016 ജൂലൈ 01

2958

1437 റമദാന്‍ 26

ഈദുല്‍ ഫിത്വ്ര്‍ പൂര്‍ണ മുസ്‌ലിം പിറന്നതിന്റെ ആഘോഷം

ശമീര്‍ബാബു കൊടുവള്ളി

എന്താണ് ഈദുല്‍ ഫിത്വ്ര്‍? അതിന്റെ ലക്ഷ്യവും ഉദ്ദേശ്യങ്ങളും എന്താണ്? വര്‍ഷംതോറും എന്തിനാണ്  ഈദുല്‍ ഫിത്വ്ര്‍ നിശ്ചയിക്കപ്പെട്ടത്? റമദാന്‍ മാസവും ഈദുല്‍ ഫിത്വ്‌റും തമ്മിലുള്ള ബന്ധം എന്താണ്? ഈദുല്‍ അദ്ഹയും ഈദുല്‍ ഫിത്വ്‌റും തമ്മില്‍ വല്ല ബന്ധവുമുണ്ടോ? ഈദുല്‍ഫിത്വ്‌റിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന സുപ്രധാന ചോദ്യങ്ങളാണിവ. പ്രസ്തുത ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് ഈ കുറിപ്പ്.

പൂര്‍ണവ്യക്തിത്വത്തിന്റെ രൂപവത്കരണവും ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മാണവും മനുഷ്യന്റെ എന്നത്തെയും ഉദാത്തമായ സ്വപ്നങ്ങളായിരുന്നു. പ്ലാറ്റോയുടെ റിപ്പബ്ലിക്, തോമസ് മൂറിന്റെ ഉട്ടോപ്യ, ഫാറാബിയുടെ അല്‍മദീനത്തുല്‍ ഫാദില എന്നീ കൃതികള്‍ ഇത്തരം സങ്കല്‍പ്പങ്ങളുടെ ആശയ പ്രകാശനങ്ങളായിരുന്നു. വേദഗ്രന്ഥങ്ങളുടെ  സാരാംശങ്ങളുടെയും പ്രവാചകന്മാര്‍ക്ക് ലഭിച്ച ദൈവിക സന്ദേശങ്ങളുടെയും ആകെത്തുക സുന്ദരമായ ഒരു ലോകത്തെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെയായിരുന്നു. തസ്വവ്വുഫിന്റെയും ഫിലോസഫിയുടെയും വായന നല്‍കുന്ന അനുഭൂതിയും മറ്റൊന്നല്ല. പൂര്‍ണവ്യക്തിത്വത്തെയും ക്ഷേമരാഷ്ട്രത്തെയും പ്രണയിക്കുന്ന പ്രകൃതമാണ് മനുഷ്യന്റേത്. അതിനാലാണ് വ്യക്തിയും രാഷ്ട്രവും അപഥസഞ്ചാരം നടത്തുമ്പോള്‍ മനുഷ്യസമൂഹം എപ്പോഴും ആകുലമാവുന്നത്.

ദൈവിക തത്ത്വശാസ്ത്രമാണ് ഇസ്‌ലാം. അതോടൊപ്പം അത് പ്രായോഗികമായ നിലപാടുകൂടിയാണ്. പൂര്‍ണവ്യക്തിത്വത്തിന്റെ രൂപവത്കരണം, ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മാണം എന്നിവയെക്കുറിച്ച് ഇസ്‌ലാമിന് കൃത്യമായ വീക്ഷണമുണ്ട്. വ്യക്തിയെ ഉന്നതമായ വിതാനത്തിലേക്കും ലോകത്തെ നീതിയിലധിഷ്ഠിതമായ സ്വഭാവത്തിലേക്കും ഇസ്‌ലാം നയിക്കുന്നു. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന ആദര്‍ശത്തിലൂന്നിയാണ് ഇസ്‌ലാമിന്റെ പൂര്‍ണവ്യക്തിത്വസങ്കല്‍പവും ക്ഷേമരാഷ്ട്രസങ്കല്‍പവും വികസിക്കുന്നത്. രണ്ട്  ഭാഗങ്ങളാണ് ആദര്‍ശം ഉള്‍ക്കൊള്ളുന്നത്. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല' എന്നതാണ് ആദര്‍ശത്തിന്റെ ഒന്നാം ഭാഗം. ദൈവമാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം. ഇസ്‌ലാമിന്റെ പ്രഥമ തത്ത്വമാണ് ദൈവാസ്തിക്യം. പരമസത്യമായി അവന്‍ മാത്രമേയുള്ളൂ. ദൈവമെന്ന യാഥാര്‍ഥ്യം ഒന്നേയുള്ളൂവെന്നതാണ് വിശ്വാസത്തിന്റെ അടിസ്ഥാനം. ദൈവത്തില്‍നിന്ന് തുടങ്ങി ദൈവത്തിലൂടെ സഞ്ചരിച്ച് ദൈവത്തില്‍ ഒടുങ്ങുന്നതാണ് ജീവിതം. പൂര്‍ണമായ സത്തയും അസ്തിത്വവുമാണ് ദൈവം. സര്‍വ മികവുകളും തികവുകളും ഉള്‍ച്ചേര്‍ന്ന അസ്തിത്വമാണ് അവന്‍. ദൈവമാകുന്ന യാഥാര്‍ഥ്യത്തെ  ഉള്‍ക്കൊണ്ട് ദൈവികപാതയോട് ഒട്ടിച്ചേര്‍ന്ന് സ്വത്വത്തെ വിശുദ്ധീകരിക്കുന്നതിലാണ് മുസ്‌ലിമിന്റെ പൂര്‍ണവ്യക്തിത്വം കുടികൊള്ളുന്നത്. 

'മുഹമ്മദ്(സ) നബി അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന ഭാഗമാണ് ആദര്‍ശത്തിന്റെ രണ്ടാം ഭാഗം. ദൈവദൂതനാണ് ഈ ഭാഗത്തിന്റെ ഉള്ളടക്കം. മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം പൂര്‍ണവ്യക്തിത്വത്തിന്റെ പ്രായോഗിക മാതൃക മുഹമ്മദ് നബിയാണ്. മനുഷ്യനെന്ന അര്‍ഥത്തില്‍ എല്ലാ തികവുകളുടെയും ഉന്നതമായ സ്വഭാവങ്ങളുടെയും സമാഹാരമായിരുന്നു പ്രവാചകന്‍. നിശ്ചയം താങ്കള്‍ ഉത്തമസ്വഭാവത്തിന്റെ ഉടമസ്ഥനാണെന്ന സാക്ഷ്യപത്രം വിശുദ്ധവേദം പ്രവാചകന് നല്‍കുന്നുണ്ട്. മൂന്ന് തലങ്ങളിലുള്ള സ്വഭാവങ്ങളാണ് ഒരാളെ പൂര്‍ണ വ്യക്തിത്വമാക്കുന്നത്. ഒന്ന്, ആധ്യാത്മികതലം. സമര്‍പ്പണം(ഇസ്‌ലാം), വിശ്വാസം(ഈമാന്‍), ആത്മാര്‍ഥത(ഇഖ്‌ലാസ്), സുകൃതം(ഇഹ്‌സാന്‍), സ്മരണ(ദിക്‌റുല്ല), ധാര്‍മികത(തഖ്‌വ), സാക്ഷ്യം(ശഹാദത്ത്) പോലുള്ളവ ആധ്യാത്മിക സ്വഭാവങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. വിശ്വാസപരമായ സ്വഭാവങ്ങളെന്നും അവ അറിയപ്പെടുന്നു. രണ്ട്, വൈയക്തികതലം. വ്യക്തിത്വവികാസവുമായി ബന്ധപ്പെട്ട സ്വഭാവങ്ങളാണിവ. ഇഛാശക്തി, ആസൂത്രണം, സംയമനം, കൃത്യനിഷ്ഠ, കര്‍മോല്‍സുകത, സന്തുലിതത്വം, സര്‍ഗാത്മകത പോലുള്ളവ അവക്കുദാഹരണങ്ങളാണ്. മൂന്ന്, മാനവികതലം. ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട സ്വഭാവങ്ങളാണിവ. സ്‌നേഹം, സമത്വം, സാഹോദര്യം, നീതി, സ്വാതന്ത്ര്യം, കാരുണ്യം, വിശ്വസ്തത പോലുള്ളവ ഉദാഹരണം. പ്രവാചകനില്‍ ഈ മൂന്ന് തലങ്ങളിലുമുള്ള സ്വഭാവസവിശേഷതകള്‍ കൃത്യമായ അളവിലും സംതുലിതമായ രീതിയിലും ഉള്‍ചേര്‍ന്നിരിക്കുന്നുണ്ട്. 

നന്മയാണ് മനുഷ്യന്റെ സഹജപ്രകൃതം. ശുദ്ധപ്രകൃതിയിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ദൈവികമായ വര്‍ണമാണ് മനുഷ്യനുള്ളത്. എങ്കിലും കാമനകളോടുള്ള അഭിലാഷങ്ങളാലും സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളാലും തിന്മയിലേക്ക് മനുഷ്യന്‍ തിരിയാന്‍ സാധ്യത കൂടുതലാണ്. മനസ് തിന്മയിലേക്ക് തിരിയാതിരിക്കണമെങ്കില്‍ നല്ല ഇഛാശക്തി ഉണ്ടാവണം. ഇഛാശക്തി മുസ്‌ലിമില്‍ രൂഢമൂലമാക്കുന്നു നോമ്പ്. ഇഛാശക്തി നേടുന്നതോടൊപ്പം പാപങ്ങളും വീഴ്ചകളും കഴുകിക്കളഞ്ഞ് അകം ശുദ്ധമാക്കണം. ഉള്ളിലെ നന്മകളെ കൃത്യമായി അടയാളപ്പെടുത്തണം. അവയെ പടിപടിയായി പൂര്‍ണതയിലേക്ക് നയിക്കണം. ആധ്യാത്മികവും വൈയക്തികവും മാനവികവുമായ സകല നന്മകളും തിരിച്ചറിഞ്ഞ് ഊതിക്കാച്ചിയെടുത്ത് വ്യക്തിത്വത്തില്‍ കൊത്തിവെക്കണം.  അപ്പോഴാണ് ഒരു പൂര്‍ണമുസ്‌ലിം പിറവിയെടുക്കുന്നത്. പൂര്‍ണമുസ്‌ലിം ആയിത്തീരാനുള്ള സുവര്‍ണാവസരമാണ് റമദാന്‍. റമദാന്‍ മാസം പൂര്‍ത്തിയാവുമ്പോഴേക്കും മുസ്‌ലിം എത്തിച്ചേരുന്ന പരമമായ അവസ്ഥയാണിത്. റമദാന്‍ പൂര്‍ണമുസ്‌ലിമിനെയും പൂര്‍ണ ഉമ്മത്തിനെയുമാണ് സൃഷ്ടിക്കാന്‍ വിഭാവനം ചെയ്യുന്നത്.

വ്യക്തിത്വ സംസ്‌കരണത്തിനുള്ള അനുകൂലസാഹചര്യം റമദാന്‍ സൃഷ്ടിക്കുന്നുവെന്ന് പറഞ്ഞുവല്ലോ. ആത്മനിയന്ത്രണത്തിനുള്ള ശേഷിയാണ് അതില്‍ പ്രധാനം. സംസ്‌കരണത്തിന് വിഘാതമായി നില്‍ക്കുന്ന മൂന്ന് ഘടകങ്ങളാണ് അമിത ഭക്ഷണം, അമിത ലൈംഗികത, അമിത ഉറക്കം എന്നിവ. ഇവ മൂന്നും ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ അളവില്‍ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ അവ അധികമായാല്‍ ജീവിതം മുഴുവന്‍ അവതാളത്തിലാവും. ആലസ്യവും ആസക്തിയും നിറഞ്ഞതായിരിക്കും പിന്നെ ജീവിതം. പൂര്‍ണമുസ്‌ലിമാവുന്നതു പോയിട്ട് പ്രാഥമികമായ ഉത്തരവാദിത്തങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ആസക്തികള്‍ക്ക് അടിപ്പെട്ടവര്‍ക്ക് സാധിക്കില്ല. നോമ്പ് ഈ മൂന്ന് കാര്യങ്ങളില്‍ നിയന്ത്രണം വരുത്തുകയും സന്തുലിതമായ തലത്തിലേക്ക് അവയെ കൊണ്ടുവരികയും ചെയ്യുന്നു. ഈ പ്രക്രിയ ഓരോ വര്‍ഷവും അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കണം. 

മുസ്‌ലിം പൂര്‍ണമുസ്‌ലിമെന്ന സ്വപ്‌നം സാക്ഷാത്കരിച്ചതിന്റെ ആഹ്ലാദമാണ് ഈദുല്‍ഫിത്വ്ര്‍. തികച്ചും അനുഭൂതിദായകമായ അവസ്ഥയിലാണ് അന്ന് മുസ്‌ലിം. ആധ്യാത്മികമൂല്യങ്ങള്‍ റമദാനാകുന്ന പാഠശാലയില്‍നിന്ന് അവന്‍ സ്വായത്തമാക്കിയിരിക്കുന്നു. ഉത്തമ സ്വഭാവങ്ങള്‍ ആര്‍ജിച്ചിരിക്കുന്നു. മുസ്‌ലിമിന്റെ വ്യക്തിത്വത്തിന് നല്ല തിളക്കമുണ്ട്. വാക്കുകള്‍കൊണ്ട് വര്‍ണിക്കാനാവാത്ത സന്തോഷത്തിലാണവന്‍. ദൈവത്തിനും അവനും മാത്രമേ അക്കാര്യം അറിയുകയുള്ളൂ. ഈദ് സുദിനത്തില്‍ മുസ്‌ലിമിന്റെ കണ്ഠനാളത്തില്‍നിന്ന് പുറത്തേക്ക് വശ്യമായി ഒഴുകിവരുന്ന തക്ബീര്‍ ധ്വനികള്‍  സന്തോഷത്തിന്റെ പ്രകാശനങ്ങളാണ്. 

മുസ്‌ലിം ഉമ്മത്തെന്ന നിലക്കും ഈദുല്‍ഫിത്വ്ര്‍ ചില പൊരുളുകള്‍ ഉള്‍കൊള്ളുന്നുണ്ട്. ഇത്തരം വ്യക്തികള്‍ കൂടിച്ചേരുമ്പോള്‍ രൂപപ്പെടുന്നതാണ് ഉമ്മത്ത്. പൂര്‍ണമുസ്‌ലിമിന്റെ പിറവിപോലെ പൂര്‍ണഉമ്മത്തിന്റെയും പിറവി കൂടിയാണ് ഈദുല്‍ഫിത്വ്ര്‍. ഇപ്പോള്‍ എല്ലാ തികവുകളുടെയും മികവുകളുടെയും ചേരുവയാണ് ഉമ്മത്ത്. ലോകത്തിന്റെ പുതുനിര്‍മിതിക്കും ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മാണത്തിനും ആവശ്യമായ എല്ലാ യോഗ്യതകളും ഇപ്പോള്‍ ഉമ്മത്തിനുണ്ട്. ധ്യാനത്തില്‍നിന്നും കര്‍മത്തിലേക്കുള്ള മാറ്റമാണ് ഉമ്മത്തിന് ഈദുല്‍ഫിത്വ്ര്‍. ഇന്നലെ വരെ മൗനമായിരുന്നു ഉമ്മത്തിന്റെ ഭക്ഷണം. നാളെ മുതല്‍ സമരമാണ് ഉമ്മത്തിന്റെ ഭക്ഷണം. ഇന്നലെ വരെ പള്ളിയായിരുന്നു ഉമ്മത്തിന്റെ പാര്‍പ്പിടം. നാളെ മുതല്‍ തെരുവാണ് ഉമ്മത്തിന്റെ പാര്‍പ്പിടം.

ആത്മീയവും ആദര്‍ശകേന്ദ്രിതവുമായ ആഘോഷമാണ് ഈദുല്‍ഫിത്വ്ര്‍. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന വചനമാണ് ഇസ്‌ലാമിന്റെ ആദര്‍ശം. ആദര്‍ശത്തിന്റെ ഉഛൈസ്തരമുള്ള പ്രഖ്യാപനമാണ് ഈദുല്‍ഫിത്വ്ര്‍. മനുഷ്യന്റെ അസ്തിത്വപരമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആദര്‍ശം. മുസ്‌ലിം തന്റെ അസ്തിത്വത്തിന്റെ യാഥാര്‍ഥ്യത്തെക്കുറിച്ചുള്ള തിരിച്ചറിവ് നേടികഴിഞ്ഞിരിക്കുന്നു. ദൈവത്തില്‍ നിന്നാണ് തന്റെ തുടക്കം, ദൈവത്തിനുവേണ്ടിയാണ് തന്റെ ജീവിതം, ദൈവത്തിലേക്കാണ് തന്റെ മടക്കം. അതിനാലാണ് ഈദുല്‍ഫിത്വ്

റില്‍ ആദര്‍ശം  മുഷിപ്പും മടുപ്പുമില്ലാതെ മുസ്‌ലിം നിരന്തരം ഉരുവിട്ടുകൊണ്ടിരിക്കുന്നത്. അങ്ങനെ ദൈവത്തിനുള്ള പുകഴ്ചയും പ്രകീര്‍ത്തനവും സ്തുതിയുമായി മാറുന്നു ഈദുല്‍ഫിത്വ്ര്‍. ലോകത്തുടനീളമുള്ള മുസ്‌ലിംകള്‍ ഒരു ദിവസം മുഴുവന്‍ ആദര്‍ശം അനുസ്യൂതം ഉരുവിട്ടുകൊണ്ടിരിക്കുന്നത് ഈദുല്‍ഫിത്വ്‌റിലും ഈദുല്‍ അദ്ഹയിലും മാത്രമായിരിക്കും.

ചില വിത്യാസങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈദുല്‍ഫിത്വ്‌റിന്റെ അതേ ഉള്ളടക്കം തന്നെയാണ് ഈദുല്‍അദ്ഹക്കും ഉള്ളത്. ഈദുല്‍ഫിത്വ്‌റില്‍ ഉപവാസത്തിലൂടെയാണ് പൂര്‍ണമുസ്‌ലിമും പൂര്‍ണ ഉമ്മത്തും പിറക്കുന്നതെങ്കില്‍ ഈദുല്‍അദ്ഹയില്‍ ഹജ്ജിലൂടെയാണ് അവ രണ്ടും പിറക്കുന്നത്. നോമ്പിലും ഹജ്ജിലും ത്യാഗത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയും തുടര്‍ന്നുള്ള സംസ്‌കരണത്തിന്റെയും പാഠങ്ങളുണ്ട്. ഈദുല്‍അദ്ഹയിലും ഈദുല്‍ഫിത്വ്‌റിലും മുസ്‌ലിമിന്റെ കണ്ഠനാളത്തില്‍നിന്ന് പുറത്തേക്ക് ഒഴുകിവരുന്നത് തക്ബീര്‍ ധ്വനികളാണ്. നോമ്പിന്റെയും തുടര്‍ന്നുള്ള ഈദുല്‍ഫിത്വ്‌റിന്റെയും കേന്ദ്രസ്ഥാനത്ത് മുഹമ്മദ് നബിയാണ്. മുഹമ്മദ് നബിയെ മുന്‍നിര്‍ത്തി പൂര്‍ണമുസ്‌ലിമാവാനുള്ള ആഹ്വാനമാണ് നോമ്പ്. ഹജ്ജിന്റെയും തുടര്‍ന്നുള്ള ഈദുല്‍അദ്ഹയുടെയും കേന്ദ്രകഥാപാത്രം ഇബ്‌റാഹീം നബിയാണ്. ഇബ്‌റാഹീം നബിയെ മുന്‍നിര്‍ത്തി പൂര്‍ണമുസ്‌ലിമാവാനുള്ള ആഹ്വാനമാണ് ഹജ്ജ്. ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് പ്രവാചകന്മാരായിരുന്നു ഇബ്‌റാഹീം നബിയും മുഹമ്മദ് നബിയും. പൂര്‍ണമുസ്‌ലിമിന്റെ രൂപവത്കരണത്തിനും ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മാണത്തിനും ദൈവത്താല്‍ നിയോഗിക്കപ്പട്ടവരാണ് അവര്‍. പൂര്‍ണമനുഷ്യരായ ഇരുവരും ക്ഷേമരാഷ്ട്രം നിര്‍മിക്കുകയും ചെയ്തു. ഇരുവരിലും ഉല്‍കൃഷ്ഠമായ മാതൃകയുണ്ടെന്ന് വിശുദ്ധവേദം പഠിപ്പിക്കുന്നുണ്ട്. മുഹമ്മദ് നബിയെക്കുറിച്ച് വിശുദ്ധവേദം പറയുന്നു: ''നിശ്ചയം, നിങ്ങള്‍ക്ക് ദൈവദൂതനില്‍ മികച്ച മാതൃകയുണ്ട്'' (അല്‍അഹ്‌സാബ് 21). ഇബ്‌റാഹീം നബിയെക്കുറിച്ച് പറയുന്നു: ''തീര്‍ച്ചയായും ഇബ്‌റാഹീമിലും അദ്ദേഹത്തോടൊപ്പമുള്ളവരിലും നിങ്ങള്‍ക്ക് മഹിതമായ മാതൃകയുണ്ട്'' (അല്‍മുംതഹിന: 4). 


Comments

Other Post

ഹദീസ്‌

ലൈലത്തുല്‍ ഖദ്‌റിന്റെ മഹത്വം
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 36-38
എ.വൈ.ആര്‍