Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

ഖുര്‍ആന്‍ പഠനത്തിന് ഒരെളുപ്പവഴി

മുസാഫിര്‍

വിശുദ്ധ ഖുര്‍ആന്റെ ഭാഷ അറബി അറിയാത്തവര്‍ ഖുര്‍ആന്‍ പഠനം തങ്ങള്‍ക്ക് അസാധ്യമാണെന്ന തീര്‍പ്പിലെത്തുകയാണ് പതിവ്. അത്തരം ധാരണകളെ തിരുത്തുന്ന ചെറുകൃതിയാണ് അബ്ദുല്ല മന്‍ഹാം എഴുതിയ മധുരം ഖുര്‍ആന്‍ പഠനം. 

അറബി ഭാഷയില്‍ പരിജ്ഞാനമില്ലാത്തവര്‍ക്ക് ഖുര്‍ആനിക പദങ്ങളിലൂടെയും പ്രയോഗങ്ങളിലൂടെയും ലളിതമായി വേദഗ്രന്ഥത്തിന്റെ ഭാഷ പഠിപ്പിക്കുന്ന രീതിയാണ് പുസ്തകത്തിന്റേത്. ആ അര്‍ഥത്തില്‍ ഖുര്‍ആന്‍ പഠനം തുടങ്ങുന്നവര്‍ക്കും അതാഗ്രഹിക്കുന്നവര്‍ക്കുമുള്ള കൈപ്പുസ്തകമാണിത്. ഖുര്‍ആനില്‍ അനേകം തവണ ആവര്‍ത്തിച്ചുവരുന്ന പദങ്ങളും പ്രയോഗങ്ങളും തെരഞ്ഞുപിടിച്ച് അവ പഠിപ്പിക്കുന്നതിനാണ് ഗ്രന്ഥകര്‍ത്താവ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഖുര്‍ആനിലെ 80 ശതമാനം വാക്കുകളും അനേകം തവണ ആവര്‍ത്തിക്കുന്നവയാണ്. ഇത്രയും പദങ്ങളുടെ അര്‍ഥം പഠിച്ചാല്‍ മുസ്വ്ഹഫിലെ ഓരോ വരിയിലെയും രണ്ട് പദങ്ങള്‍ ഒഴിച്ച് ബാക്കി മുഴുവന്‍ മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ഗ്രന്ഥകര്‍ത്താവ് പറയുന്നു. കേവലം മുന്നൂറ് പദങ്ങളും അവയുടെ വ്യാകരണ പ്രയോഗങ്ങളും പഠിച്ചാല്‍ ഖുര്‍ആനിലെ 70 ശതമാനം വാക്കുകളും പഠിക്കാന്‍ സാധിക്കും. ഇത്തരം ആവര്‍ത്തിത പദങ്ങളും പ്രയോഗങ്ങളുമാണ് 25 അധ്യായങ്ങളില്‍ 98 പേജുകളിലായി ഈ പുസ്തകം പരിചയപ്പെടുത്തുന്നത്. എല്ലാ വാക്കുകള്‍ക്കും ആയത്തുകള്‍ ഉദാഹരണമായി ചേര്‍ത്തിട്ടുണ്ട്. ഖുര്‍ആനിക പദങ്ങളും ആയത്തുകളും ഉപയോഗപ്പെടുത്തി ലളിതമായ പ്രാഥമിക അറബിക് വ്യാകരണ പാഠങ്ങളും പുസ്തകത്തിലുണ്ട്. അല്ലാഹുവിന്റെ നാമങ്ങള്‍, ജീവിതത്തെയും മരണത്തെയും പരിചയപ്പെടുത്താന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദങ്ങള്‍, പരലോകം, നരകശിക്ഷ തുടങ്ങിയവക്ക് ഉപയോഗിച്ച വാക്കുകള്‍ എന്നിവ ഉദാഹരണസഹിതം ചേര്‍ത്തിരിക്കുന്നു. തൗബ, നീതി, ദിക്ര്‍ തുടങ്ങിയ വിഷയങ്ങളില്‍ വന്ന ആയത്തുകളും പരിചയപ്പെടുത്തുന്നു. പ്രബോധനം വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച 20 അധ്യായങ്ങളില്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ക്കൊപ്പം അഞ്ച് അധ്യായങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന പുസ്തകം വചനം ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വില 100 രൂപ.

 

ശിവപുരത്തിന്റെ ചരിത്രം

 

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിക്കടുത്ത ശിവപുരം എന്ന ഗ്രാമത്തിന്റെ വിസ്മയകരവും അഭിമാനകരവുമായ പരിണാമങ്ങളും ദിശാമാറ്റങ്ങളും പറഞ്ഞുതരികയാണ് കെ.ടി ഹുസൈന്‍ ശിവപുരം എഴുതിയ എന്റെ ഗ്രാമം-ഒരു നാട് ചരിത്രം പറയുന്നു എന്ന കൃതി. സ്മൃതിചിത്രങ്ങളിലൂടെയാണ് ഈ നാടിന്റെ വിവിധ കാലഘട്ടങ്ങളെ സംബന്ധിച്ച ചരിത്രം എഴുത്തുകാരന്‍ നമുക്ക് പകര്‍ന്നുനല്‍കുന്നത്. 

കപ്പുറം എന്ന ശിവപുരം ഗ്രാമത്തിന്റെ, ഒരുപക്ഷേ രണ്ടര സഹസ്രാബ്ദത്തോളം ചെന്നെത്തുന്ന ഐതിഹ്യവും ചരിത്രവും ഭൂമിശാസ്ത്രവും പിന്നീട് വന്നെത്തിയവരുടെ വഴികളുമെല്ലാം നമുക്കിതില്‍ വായിക്കാം. പിന്നിട്ടവരുടെ സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ സ്ഥിതിവിവരങ്ങളും അവരുടെ കുടുംബ ബന്ധങ്ങളും അന്വേഷിച്ചറിഞ്ഞ് ഈ നാട് കടന്നുപോയ മാറ്റത്തിന്റെ വഴികള്‍ അടയാളപ്പെടുത്തുന്നു. കാടും കാട്ടാറും കാട്ടു മൃഗങ്ങളും നിറഞ്ഞ കാലത്തില്‍നിന്നും പുതിയ തലമുറയിലേക്കും കാലത്തിലേക്കുമുള്ള വികാസപരിണാമങ്ങളെ തികഞ്ഞ ഗവേഷണ ബുദ്ധിയോടെയാണ് ഗ്രന്ഥകാരന്‍ സമീപിക്കുന്നത്. ലോകമഹായുദ്ധങ്ങള്‍, അടിയന്തരാവസ്ഥ, കേരള സംസ്ഥാന രൂപീകരണം തുടങ്ങിയ അന്തര്‍ദേശീയ -ദേശീയ സംഭവഗതികള്‍ പോലും നാടിനോട് കണ്ണിചേര്‍ത്താണ് അനുസ്മരിക്കുന്നത്. 

ഒപ്പം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഉദ്ഭവം, വളര്‍ച്ച, സ്വാധീനം, ചരിത്രം എന്നിവയും സമാന്തരമായി വിവരിക്കപ്പെടുന്നു. സ്ഥിരോത്സാഹം കൈമുതലാക്കി ജനകീയ കൂട്ടായ്മകളിലൂടെ സാക്ഷാല്‍ക്കരിക്കപ്പെട്ട റോഡുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സംരംഭങ്ങളും ഇന്നത്തെ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്കും വരുംതലമുറക്ക് തന്നെയും ഏറെ ആവേശം പകരുന്നതാണ്. ശിവപുരത്തിന്റെയും കപ്പുറം ഗ്രാമത്തിന്റെയും ചരിത്രവും ഭൂമിശാസ്ത്രവും മുസ്‌ലിംകളുടെ ആഗമനവും ആരാധനാലയ നിര്‍മാണവും മതമൈത്രിയും ആദ്യകാല മുസ്‌ലിംകളുടെ കുടുംബചരിത്രവും അവരുടെ ഇടയില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊക്കെ വിവിധ അധ്യായങ്ങളിലായി ഈ പുസ്തകത്തില്‍ വായിക്കാം. ഇസ്‌ലാമിക പ്രസ്ഥാനം കടന്നുവന്ന വഴികളിലെ കയ്പുറ്റ അനുഭവങ്ങളും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത സംരംഭങ്ങളും മാത്രമല്ല, സ്വപ്‌നങ്ങളില്‍ കാത്തുസൂക്ഷിച്ച് സഫലമാകാതെ പോയ ആഗ്രഹങ്ങള്‍ വരെ സത്യസന്ധതയോടെ ചുരുള്‍നിവര്‍ത്തുന്നു. മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കാലയവനികയില്‍ മറഞ്ഞുപോയ വലിയ മനുഷ്യരെ ഈ പ്രാദേശിക ചരിത്രകൃതിയില്‍ നാം കണ്ടുമുട്ടുന്നു. മേഴ്‌സി ഫൗണ്ടേണ്ടഷന്‍ പ്രസിദ്ധീകരിച്ച 

പുസ്തകത്തിന് പ്രഫ. അഹ്മദ് കുട്ടി ശിവപുരം അവതാരിക എഴുതിയിരിക്കുന്നു. പേജ് 144, വില 120 രൂപ. ഐ.പി.എച്ചില്‍ പുസ്തകം ലഭ്യമാണ്.

 

മജീദ് കുട്ടമ്പൂര്‍

 

Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍