Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

ചിന്താ സ്വാതന്ത്ര്യം സമൂഹത്തെ മുന്നോട്ടു നയിക്കുന്നു

എസ്സെംകെ

സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി എഴുതുന്നു: 'ഇസ്‌ലാം അതിന്റെ അനുയായികളില്‍ സ്വാതന്ത്ര്യബോധം വളര്‍ത്തുന്നു. ചൈതന്യം ഉത്തേജിപ്പിക്കുന്നു. ശരിയായ ജനാധിപത്യ അടിത്തറകളില്‍ അവരെ ശിക്ഷണം ചെയ്‌തെടുക്കുന്നു. ഏത് അഭിപ്രായവും പ്രകടിപ്പിക്കാമെന്നാണ് അത് പഠിപ്പിക്കുന്നത്. ഈ അവകാശം ഓരോ മനുഷ്യനും ജന്മസിദ്ധമാണ്.'

'ഒരു സമൂഹത്തില്‍ ഒരു വ്യക്തിക്ക് താനിഷ്ടപ്പെടുന്ന രീതിയില്‍ തന്റെ വ്യക്തിത്വം വികസിപ്പിക്കാന്‍ അവസരം ലഭിച്ചില്ലെങ്കില്‍ ആ സമൂഹത്തില്‍ മനുഷ്യത്വം തണുത്തുറഞ്ഞുപോകും. കഴിവുകളോ സിദ്ധികളോ പ്രകാശിപ്പിക്കാന്‍ ആ സമൂഹത്തിനു കഴിയുകയില്ല. ബന്ധിതനായി ഒതുങ്ങിക്കഴിയേണ്ടിവരുന്ന വ്യക്തി  മരവിച്ച് ഒന്നുമല്ലാതായിത്തീരുന്നു.'

മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷത അന്വേഷിക്കാനും അറിയാനുമുള്ള കഴിവാണ്. ചിന്താശേഷിയും ജ്ഞാന തൃഷ്ണയും അവനെ മറ്റു ജീവികളില്‍നിന്ന് വേര്‍തിരിക്കുന്നു. മനുഷ്യരാശിയുടെ വളര്‍ച്ചയുടെയും ഉയര്‍ച്ചയുടെയും അടിസ്ഥാനം അന്വേഷണവാഞ്ഛയാണ്. അത് വമ്പിച്ച വികാസത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നു. 

ചിന്താ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതോടെ മുന്നോട്ടുള്ള പോക്ക് നിലക്കുന്നു. സമൂഹം നിശ്ചലമാകുന്നു. ക്രമേണ ജീര്‍ണിക്കുന്നു. അങ്ങനെ അവസാനം നാശത്തിലേക്ക് നീങ്ങുന്നു. അതിനാല്‍ ചിന്താസ്വാതന്ത്ര്യം അനുവദിക്കുന്ന സമൂഹങ്ങള്‍ അതിവേഗം വളര്‍ച്ച നേടുന്നു. പുരോഗതി പ്രാപിക്കുന്നു. അവ നിഷേധിക്കപ്പെടുന്ന സമൂഹങ്ങള്‍ വളരെ പെട്ടെന്നുതന്നെ പിന്നാക്കം പോകുന്നു. അധഃപതനത്തെ നേരിടുന്നു. 

ഖിലാഫത്ത് സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. നന്മയും തിന്മയും ചെയ്യാനുള്ള സ്വാതന്ത്ര്യം അതുള്‍ക്കൊള്ളുന്നു. ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം. അതിനാലാണ് ഖലീഫയെന്ന് കേട്ടപ്പോഴേക്കും മലക്കുകള്‍ കുഴപ്പക്കാരെന്ന് വിധിയെഴുതിയത്. രക്തം ചൊരിയുന്നവരെന്നും.

എല്ലാം സൃഷ്ടിച്ചതും സംരക്ഷിക്കുന്നതും അല്ലാഹുവാണ്. അതിനാല്‍ എല്ലാം അവന്റേതാണ്. എന്നിട്ടും അവന്‍ തന്നെ ധിക്കരിക്കാനും നിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കി. ഇബ്‌ലീസിന്റെ ആവശ്യങ്ങളൊക്കെ അംഗീകരിച്ചു. തന്റെ അടിമകളെ വഴിപിഴപ്പിക്കാന്‍ പോലും അനുവാദം നല്‍കി. തന്നെ തള്ളിപ്പറയുകയും കള്ളമാക്കുകയും ചെയ്യുന്നതുകൊണ്ടു മാത്രം ജീവിക്കാനുള്ള അവകാശം നിഷേധിക്കില്ലെന്ന് ഉറപ്പു നല്‍കി. അപ്പോഴും അന്നം നല്‍കുമെന്ന് അറിയിച്ചു. 

പരലോകം പ്രസക്തവും അര്‍ഥപൂര്‍ണവുമാകുന്നത് സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോഴാണ്. അത് നിഷേധിക്കപ്പെടുന്നവര്‍ക്ക് സ്വന്തം വഴികണ്ടെത്താനും തെരഞ്ഞെടുക്കാനും സാധ്യമല്ല. തെരഞ്ഞെടുക്കുന്ന വഴിയിലൂടെ സഞ്ചരിക്കാനും കഴിയില്ല. സമൂഹത്തില്‍ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുമ്പോഴാണ് വ്യക്തികള്‍ തങ്ങളുടെ കര്‍മങ്ങള്‍ക്ക് ഉത്തരവാദിയാവുക. ഓരോരുത്തര്‍ക്കും ദൈവദത്തമായി ലഭിച്ച സാധ്യതകള്‍ക്കും സ്വാതന്ത്ര്യത്തിനുമനുസരിച്ചാണ് അയാളുടെ ബാധ്യത. അത് പൂര്‍ത്തീകരിക്കുന്നവര്‍ക്കാണ് പരലോക വിജയം. അതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പരാജയവും. അതിനാലാണ് ഇസ്‌ലാം അത് സ്വീകരിക്കാനും നിരാകരിക്കാനുമുള്ള സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നത്. തികഞ്ഞ ചിന്താ സ്വാതന്ത്ര്യം അനുവദിക്കുന്നത്. വ്യക്തികളുടെയും സമൂഹങ്ങളുടെയും വളര്‍ച്ചക്കും വികാസത്തിനും അത് അനിവാര്യവുമത്രെ. ചിന്താസ്വാതന്ത്ര്യം അനുവദിച്ചപ്പോഴൊക്കെ ഇസ്‌ലാമിക ധിഷണ മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചു. മാനവരാശിക്ക് അനശ്വരമായ സംഭാവനകള്‍ നല്‍കി. അതിനെ നിരാകരിച്ചപ്പോഴെല്ലാം സമൂഹം ജീര്‍ണിക്കുകയും പിന്നാക്കം പോവുകയും ചെയ്തു. ഇന്നോളമുള്ള ചരിത്രം ഇതിനു സാക്ഷി. 


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍