Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

അശ്ലീലം കാണുന്നവര്‍ നശിപ്പിക്കുന്നത് സ്വന്തം മസ്തിഷ്‌കെത്ത

ഇ.എന്‍ അസ്വീല്‍

നൈഗ്ലേരിയ ഫൗളേരി (Naegleria Fowleri) എന്ന അമീബയുടെ പ്രധാന ഭക്ഷണം മനുഷ്യ മസ്തിഷ്‌കമാണ്. വേനല്‍ക്കാലത്ത് അമേരിക്കയിലും ആസ്‌ത്രേലിയയിലും നിരവധിയാളുകള്‍ ഇതിന്റെ ആക്രമണത്തില്‍ മരണപ്പെടാറുണ്ട്. ഈ അമീബയെപ്പോലെ മനുഷ്യമസ്തിഷ്‌കത്തെ തിന്നുകൊണ്ടിരിക്കുന്ന കാന്‍സറാണ് ആഭാസകരമായ നൃത്തങ്ങളും അശ്ലീലത നിറഞ്ഞ പാട്ടുകളും രതിവൈകൃത വീഡിയോകളും കാണുന്ന ശീലം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആനന്ദത്തിനു വേണ്ടി ഇത്തരം വീഡിയോകള്‍ കാണുന്ന പുതുതലമുറക്കറിയില്ല, ഈ ശീലം അവരുടെ ലൈംഗികാരോഗ്യത്തെയും മസ്തിഷ്‌കത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന്. 2014 ല്‍ ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് (Max Plank) ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനം തെളിയിച്ചത്, ഈ ശീലം മസ്തിഷ്‌കത്തിലെ ചില ഭാഗങ്ങളെ ചുരുക്കിക്കൊണ്ടിരിക്കുന്നു എന്നാണ്. 

മയക്കുമരുന്ന് മനുഷ്യനെ അടിമപ്പെടുത്തുന്നതുപോലെ അശ്ലീല വീഡിയോകളും മനുഷ്യനെ കീഴ്‌പ്പെടുത്തുന്നു. മയക്കുമരുന്നിന്റെ ലഭ്യത വിരളവും ഉള്ളതിന് തീപിടിച്ച വിലയുമാണ്. എന്നാല്‍ അശ്ലീലത ഇന്റര്‍നെറ്റില്‍ സുലഭമാണ്, ആരും അറിയാതെ കാണുകയും ചെയ്യാം. കൊച്ചുകുട്ടികളുടെ കൈകളില്‍പോലും സ്മാര്‍ട്ട് ഫോണ്‍ ഉള്ളപ്പോള്‍ സ്വകാര്യമായി ഇത്തരം ദൃശ്യങ്ങള്‍ കാണാന്‍ അവര്‍ക്ക് സാഹചര്യമൊരുങ്ങുന്നു. ഇരുപത്തിനാലു മണിക്കൂറും നമ്മുടെ വീട്ടില്‍ പ്രവര്‍ത്തിക്കുന്ന വൈഫൈയും ബ്രോഡ് ബാന്റ് കണക്ഷനും അതിനു സഹായം ചെയ്യുന്നു. 70% കുട്ടികളും പത്തു വയസ്സാകുമ്പോഴേക്ക് ഇത്തരം വീഡിയോകള്‍ കാണാന്‍ തുടങ്ങുന്നു എന്നാണ് ബാംഗ്ലൂരില്‍ നടന്ന ഒരു സര്‍വേ വ്യക്തമാക്കുന്നത്. 

2012-ല്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇന്റര്‍നെറ്റില്‍ അശ്ലീലത കാണുകയും തിരയുകയും ചെയ്യുന്ന മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചു എന്ന് വ്യക്തമാക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളും കോളേജ് വിദ്യാര്‍ഥികളുമാണ് ഇതില്‍ 80% പേരും. ഇത്തരം വീഡിയോകള്‍ കാണാത്തവര്‍ ലൈംഗിക പ്രശ്‌നങ്ങളുള്ളവരാണെന്നാണ് കോളേജുകളിലുള്ള പൊതുധാരണ. ഈ ധാരണയെ തിരുത്തിക്കുറിക്കുന്നതാണ് അടുത്തു നടന്ന പല പഠനങ്ങളും. 

മസ്തിഷ്‌കത്തില്‍ ആസ്വാദനം, രസം, സുഖം, ആനന്ദം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളുണ്ട് (Reward Centre). ഇത്തരം കേന്ദ്രങ്ങളെ അമിതമായി ഉദ്ദീപിപ്പിക്കുകയാണ് അശ്ലീല വീഡിയോകള്‍ ചെയ്യുന്നത്. എന്നാല്‍ വര്‍ധിച്ച അളവിലുള്ള ഉദ്ദീപനങ്ങള്‍ ഈ കേന്ദ്രങ്ങളെ പതിയെ തളര്‍ത്തുകയാണ് ചെയ്യുന്നത്. പിന്നീട് യഥാര്‍ഥ ലൈംഗികത നല്‍കുന്ന ഉദ്ദീപനങ്ങള്‍ക്ക് ഈ കേന്ദ്രങ്ങളെ ഉണര്‍ത്താന്‍ സാധിക്കാതെ വരുന്നു. പുരുഷന്മാരില്‍ ഉദ്ധാരണശേഷിക്കുറവ് (Erectile Dysfunction) പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും സ്വാഭാവിക ലൈംഗികത സാധ്യമാവാതെ വരികയും ചെയ്യും. അശ്ലീല വീഡിയോകള്‍ ലൈംഗിക സംതൃപ്തിയും ആനന്ദവും നല്‍കുമെന്നാണ് കരുതപ്പെടുന്നതെങ്കിലും അബദ്ധമാണ് ആ ധാരണ. എന്നു മാത്രമല്ല, ഉപഭോക്താക്കളെ കൂടുതല്‍ കൂടുതല്‍ അടിമപ്പെടുത്തുകയും ചെയ്യും ഇത്തരം സൈറ്റുകളും വീഡിയോകളും. കൂടുതല്‍ ലൈംഗികതക്കു വേണ്ടി ഇത്തരമാളുകള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ തപസ്സിരിക്കാന്‍ തുടങ്ങും. 

ഓരോ പ്രാവശ്യം ഇത്തരം വീഡിയോ കാണുമ്പോഴും 'ഇതവസാനത്തേതാണ്, ഇനിയൊരിക്കലും ഞാനിത് ചെയ്യില്ല' എന്നൊക്കെയുള്ള പ്രതിജ്ഞയോടെയാണ് പലരും ഇത്തരം ദൃശ്യങ്ങള്‍ കാണാറുള്ളത്. അതിനാല്‍തന്നെ തങ്ങളതിന് അടിമപ്പെട്ടു എന്നവര്‍ സമ്മതിക്കുകയില്ല. മ്ലേഛകാര്യങ്ങളില്‍ നിന്ന് മനുഷ്യനെ തടയുന്ന മസ്തിഷ്‌കത്തിലെ മുന്‍ഭാഗത്തെ (Frontal Lobe) ധാര്‍മികമായ ബ്രേക് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. അശ്ലീല വീഡിയോകള്‍ കാണരുത്, മ്ലേഛപ്രവൃത്തി ചെയ്യരുത് തുടങ്ങിയ ഈ ഭാഗത്തിന്റെ നിര്‍ദേശങ്ങള്‍ നിരന്തരം അവഗണിച്ചാല്‍ ആ ഭാഗത്തിന്റെ പ്രവര്‍ത്തനം ക്രമേണ താളംതെറ്റുകയും മൂല്യബോധവും ധാര്‍മികതയുമൊന്നും വേണ്ടതില്ല എന്ന തോന്നലിലേക്ക് നമ്മളെത്തുകയും ചെയ്യും. ചെറുപ്പക്കാര്‍ ഇത്തരം അശ്ലീല ശീലങ്ങളുടെ അടിമകളായാല്‍ തിരുത്താന്‍ പ്രയാസമായ ഒരുപാട് മാനസിക പ്രശ്‌നങ്ങളിലേക്ക് അതവരെ കൊണ്ടെത്തിക്കുന്ന രൂപത്തിലേക്ക് മസ്തിഷ്‌കം പരിണമിക്കും. ഹൈപ്പോ ഫ്രോണ്‍ടാലിറ്റി (Hypo Frontality) എന്ന് നാഡീ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഈ അവസ്ഥ ഗുരുതര മാനസിക പ്രശ്‌നങ്ങളായ സ്‌കീസോഫ്രേനിയ (Schizophrenia) പോലുള്ളവ ബാധിച്ച രോഗികളിലാണ് കണ്ടുവരാറുള്ളത്. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മടുപ്പനുഭവപ്പെടുകയും അവരുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. 

ദാമ്പത്യജീവിതത്തിനു സഹായകമാവും എന്നു കരുതിയാണ് പലരും ഇത് ശീലമാക്കുന്നത്. ഈ ശീലമുള്ള 54% പേര്‍ക്കും സ്വാഭാവിക ലൈംഗിക കേളിയിലേര്‍പ്പെടാന്‍ സാധിക്കാത്ത തരം പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് 2014-ല്‍ നടന്ന പഠനം 

തെളിയിക്കുന്നത്. അശ്ലീല വീഡിയോകള്‍ ചടുല ചലനങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കാറുള്ളത്. സ്വാഭാവിക ലൈംഗികവൃത്തി വളരെ പതുക്കെയാണ്. അശ്ലീലതകളെല്ലാം സംവിധാനിച്ചിരിക്കുന്നത് പുരുഷന്റെ കാമകേളികളെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ്. സ്വാഭാവിക ലൈംഗികതയില്‍ സ്ത്രീയുടെ വൈകാരികതകളെ പരിഗണിച്ചേ തീരൂ. പങ്കാളികള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ക്കോ സ്‌നേഹത്തിനോ രതിവൈകൃതങ്ങളില്‍ ഒരു പങ്കുമില്ല. സ്പര്‍ശനത്തിനും ഗന്ധത്തിനുമൊന്നും വീഡിയോകളില്‍ ഒരു പഴുതുമില്ലാത്തതുകൊണ്ടുതന്നെ അവ ദാമ്പത്യബന്ധങ്ങളെ തകര്‍ക്കാന്‍ മാത്രമേ സഹായിച്ചുള്ളൂ. പാശ്ചാത്യരാജ്യങ്ങളില്‍ നടക്കുന്ന 64% വിവാഹ മോചനങ്ങളിലെയും പ്രധാന വില്ലന്‍ അശ്ലീല വീഡിയോകളാണെന്നു വന്നതോടെ അവിടെയുള്ള മനഃശാസ്ത്രജ്ഞര്‍ അതിനെതിരില്‍ ബോധവല്‍ക്കരണവുമായി രംഗത്തിറങ്ങി. ഇത്തരം ശീലങ്ങള്‍ക്ക് അടിമകളായിരുന്ന പലരും കൂട്ടായ്മകള്‍ രൂപീകരിച്ചു ഇതിനെതിരെ മുന്നോട്ടുവന്നു. 

വേഗത കൂടിയ ഇന്റര്‍നെറ്റ് നമ്മുടെ നാട്ടിലേക്ക് വന്നപ്പോള്‍ ഇത് നമ്മുടെ കൂടി പ്രശ്‌നമായി. പക്ഷേ, മുസ്‌ലിം സമൂഹം ഇപ്പോഴും മൗനത്തിലാണ്. ഇത്തരം ദുശ്ശീലങ്ങളുടെ ഗൗരവം അവര്‍ മനസ്സിലാക്കിയിട്ടില്ല. ചെറുപ്പക്കാര്‍ ഇതിന്റെ ദൂരവ്യാപക ഫലങ്ങളറിയാതെയും, ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഫലമായും ഇത്തരം ശീലങ്ങള്‍ക്ക് അടിമകളാവുന്നുണ്ട്. ഇതിനെതിരെ ബോധവല്‍ക്കരണം പള്ളി-മിമ്പറുകള്‍ അടക്കം ഉപയോഗപ്പെടുത്തി ശക്തമാക്കേണ്ടതുണ്ട്. 

ഇത്തരം ശീലങ്ങളില്‍ കുടുങ്ങിപ്പോയ ചെറുപ്പക്കാര്‍ക്ക് അതില്‍നിന്ന് രക്ഷപ്പെടാനുള്ള അവസരമാണ് റമദാന്‍. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തില്‍ നമ്മള്‍ ഖുര്‍ആനിക നിര്‍ദേശങ്ങളിലേക്ക് മടങ്ങേണ്ടതുണ്ട്. കണ്ണുകള്‍ താഴ്ത്തണമെന്നും (24:30,31) പരസ്യമായാലും രഹസ്യമായാലും മ്ലേഛവൃത്തികളോടടുക്കരുത് എന്നും (6:151) ഖുര്‍ആന്‍ താക്കീത് ചെയ്തിട്ടുണ്ടല്ലോ. നമസ്‌കാരം ഇത്തരം മ്ലേഛ വൃത്തികളെ തടയുമെന്ന് (29:45) ഖുര്‍ആന്‍ പ്രഖ്യാപിക്കുമ്പോള്‍ ഇതു ശീലമാക്കിയവര്‍ അവരുടെ നമസ്‌കാരങ്ങളെ കൂടി വിലയിരുത്തേണ്ടതുണ്ട്. ഖുര്‍ആനിലെ ആ ചോദ്യം ഉദ്ധരിക്കട്ടെ: 'അല്ലാഹു നിങ്ങളെ കണ്ടുകൊണ്ടിരിക്കുന്നുവെന്ന് നിങ്ങള്‍ അറിയുന്നില്ലേ?'' (96:14). 

(പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയില്‍ ഫിസിക്‌സ് റിസര്‍ച്ച് സ്‌കോളറാണ് ലേഖകന്‍) 


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍