Prabodhanm Weekly

Pages

Search

2016 ജൂണ്‍ 24

2957

1437 റമദാന്‍ 19

നാഥന്റെ മുന്നില്‍ മനസ്സും ശരീരവും ഇറക്കിവെക്കാനുള്ള നാളുകള്‍

അബ്ദുല്‍ ഹകീം നദ്‌വി

പാപങ്ങളെ കരിച്ചുകളയുകയും ഹൃദയരോഗങ്ങളെ ചികിത്സിക്കുകയും ചെയ്യുന്ന ആത്മീയോത്കര്‍ഷത്തിന്റെ സന്തോഷ നാളുകളാണ് റമദാന്‍. ശരീരവും മനസ്സും പരമകാരുണ്യവാനായ അല്ലാഹുവിന്റെ സമക്ഷം തുറന്നുവെക്കുന്ന ആത്മ വിചാരണയുടെ നാളുകള്‍. വിശുദ്ധിയുടെ വസന്തനാളുകള്‍ ഹൃദയങ്ങളെ തൊട്ടുണര്‍ത്തിയും മനസ്സിന് കുളിരു പകര്‍ന്നും തഴുകിയും തലോടിയും കടന്നുവന്ന അതേ വേഗത്തില്‍ തിരിച്ചു പോയിക്കൊണ്ടിരിക്കുകയാണ്. 

കാരുണ്യം, പാപമുക്തി, നരകമോചനം, സ്വര്‍ഗലബ്ധി എന്നിവ ഉറപ്പുവരുത്തുന്ന അനര്‍ഘനിമിഷങ്ങളാണ് റമദാനിന്റെ രാപ്പകലുകള്‍. മണ്ണൂം വിണ്ണൂം തമ്മിലെ അകലം നേര്‍ത്തില്ലാതായി രണ്ടും ഒന്നായി മാറുന്ന അസുലഭ നാളുകള്‍. മണ്ണിലുള്ളവര്‍ക്ക് വിണ്ണിലുള്ളവരേക്കാള്‍ ഉയരങ്ങളിലെത്തിപ്പെടാന്‍ സ്വര്‍ഗ കവാടങ്ങള്‍ തുറന്നുവെക്കപ്പെടുകയും നരക കവാടങ്ങള്‍ക്ക് താഴിടപ്പെടുകയും പിശാചിന്റെ സൈ്വരവിഹാരങ്ങള്‍ക്ക് ചങ്ങല വീഴുകയും ചെയ്യുന്ന സുന്ദരമുഹൂര്‍ത്തങ്ങള്‍. കലവറയില്ലാതെ കോരിച്ചൊരിയുന്ന അല്ലാഹുവിന്റെ കാരുണ്യത്തിന് വിധേയമായി പാപങ്ങള്‍ പൊറുക്കപ്പെടുകയും നരകമുക്തിയും സ്വര്‍ഗലബ്ധിയും ഉറപ്പുവരുത്തുകയും ചെയ്യാതെ പോയാല്‍ റമദാന്‍ തീരാ നഷ്ടവും വന്‍ പരാജയവുമായിരിക്കും. 

ആത്മവിചാരണക്കും സ്വയം വിമര്‍ശനത്തിനുമുള്ള അസുലഭ മുഹൂര്‍ത്തങ്ങളാണ് റമദാന്‍. പുനരാലോചനകളും ആത്മവിമര്‍ശനങ്ങളും ജീവിത നവീകരണത്തിന്റെ ഏറ്റവും കരുത്തേറിയ മാര്‍ഗമാണ്. തെറ്റില്‍നിന്നും ശരിയിലേക്കും ശരിയില്‍നിന്ന് കൂടുതല്‍ വലിയ ശരിയിലേക്കും നയിക്കുന്നത് ആത്മപരിശോധനകളും സ്വയം വിമര്‍ശനങ്ങളുമാണ്. അല്ലാഹുവിന്റെ കോടതിക്കൂട്ടില്‍ വിചാരണക്ക് കയറ്റിനിര്‍ത്തുന്നതിനു മുമ്പായി സ്വന്തത്തെ ഇഴകീറി വിചാരണ ചെയ്തവന്‍ ഖേദിക്കേണ്ടിവരില്ല. ഭൂമിയിലെ കര്‍മഫലങ്ങള്‍ കണിശമായി അളന്ന് തൂക്കുന്നതിന് മുന്നോടിയായി സ്വകര്‍മങ്ങളെ നീതിയുടെ തുലാസില്‍ സ്വയം തൂക്കി നോക്കുന്നതിനേക്കാള്‍ സഹായകമാകുന്ന മറ്റൊരു രക്ഷാമാര്‍ഗവും യഥാര്‍ഥ വിചാരണയുടെ നാളില്‍ കൂട്ടിനുണ്ടാകില്ല. വിചാരണയുടെ ചൂണ്ടുവിരല്‍ മറ്റൊരാള്‍ക്കു നേരെ തിരിയുമ്പോള്‍ ഒളിക്കാനും മറയ്ക്കാനും പലതുമുണ്ടാകും. എന്നാല്‍, ആത്മവിചാരണയുടെ മുന്നില്‍ ഒളിയും മറയുമില്ലാതെ ജീവിതം തുറന്നുവെക്കപ്പെടും. രഹസ്യവും പരസ്യവും ചെറുതും വലുതും എല്ലാം ഇഴകീറി മുറിക്കപ്പെടും. യഥാര്‍ഥ ബുദ്ധിമാന്‍ സ്വന്തത്തെ വിചാരണക്ക് വിധേയനാക്കുന്നവനാണെന്ന തിരുവചനത്തിന്റെ പൊരുളും അതായിരിക്കാം.

തെറ്റുകളും കുറവുകളും ബോധ്യപ്പെടുക എന്നതാണ് ആത്മവിചാരണയുടെ ഏറ്റവും വലിയ നേട്ടം. തന്നില്‍ പോരായ്മകളുണ്ടെന്നും തെറ്റുകള്‍ സംഭവിക്കുന്നുണ്ടെന്നും തിരിച്ചറിയാത്തേടത്തോളം ഒരാള്‍ക്ക് രക്ഷാമാര്‍ഗം പ്രാപിക്കുക സാധ്യമല്ല. തെറ്റുകള്‍ സംഭവിച്ചിരിക്കുന്നുവെന്ന ബോധം പാപമോചന പ്രാര്‍ഥനയിലേക്കും പശ്ചാത്താപത്തിലേക്കും നയിക്കുന്നു. അഹങ്കാരവും താന്‍പോരിമയും കൈവെടിഞ്ഞ് സര്‍വലോക രക്ഷിതാവിന് മുന്നില്‍ വിനീതവിധേയനായി തല കുനിക്കുന്നവന്‍ ചെറുതാവുകയല്ല, ഔന്നത്യത്തിന്റെ ഉന്നതസ്ഥാനങ്ങളിലേക്ക് ആനയിക്കപ്പെടുകയാണ് ചെയ്യുന്നത്. ഭൂമിയില്‍ മനുഷ്യവാസം ആരംഭിക്കുന്നത് കണ്ണുനീരില്‍ കുതിര്‍ന്ന പശ്ചാത്താപത്തിന്റെയും പാപമോചനത്തിന്റെയും വചനങ്ങളുടെ അകമ്പടിയോടു കൂടിയാണ്. സ്വര്‍ഗസ്ഥരായിരുന്ന ആദം-ഹവ്വാ ദമ്പതികള്‍ പിശാചിന്റെ ദുഷ്‌പ്രേരണയില്‍ അകപ്പെട്ട് വിലക്കപ്പെട്ട കനിയെ സമീപിച്ചയുടന്‍ തന്നെ പറ്റിയ അബദ്ധം ബോധ്യപ്പെടുകയും നാഥന്റെ സമക്ഷം അഹങ്കാരമേതുമില്ലാതെ കുറ്റമേറ്റു പറഞ്ഞ് പശ്ചാത്തപിക്കുകയുമായിരുന്നു. 'നാഥാ, ഞങ്ങള്‍ സ്വന്തത്തോടു തന്നെയാണ് അതിക്രമം കാണിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് നീ പൊറുത്തുതന്നില്ലെങ്കില്‍ ഞങ്ങള്‍ നഷ്ടകാരികളില്‍ പെട്ടുപോകുമല്ലോ' എന്ന മനസ്സുരുകിയ വിലാപ വാക്യങ്ങള്‍ അല്ലാഹു അനുഭാവപൂര്‍വം പരിഗണിക്കുകയും ഭൂമിയില്‍ ഉന്നത പദവി നല്‍കി ഭൂവാസത്തിന്റെ തുടക്കക്കാരായി അവരെ നിശ്ചയിക്കുകയുമായിരുന്നു. അഥവാ പശ്ചാത്താപമനസ്സും പാപമുക്തിക്കായുള്ള പ്രാര്‍ഥനയുമായിരുന്നു ഭൂമിയില്‍ ഉന്നതരായി ജീവിക്കാന്‍ അവരെ അര്‍ഹരാക്കിയത്. ഭൂമിയില്‍ എക്കാലത്തും മനുഷ്യവാസം സാധ്യമാക്കുന്നതും അവര്‍ക്ക് ജീവിക്കാന്‍ അര്‍ഹത നേടിക്കൊടുക്കുന്നതും പാപമുക്തി ആഗ്രഹിക്കുന്ന പശ്ചാത്താപവിവശമായ സുമനസ്സുകളുടെ സാന്നിധ്യമാണ്.

പാപക്കറകളില്ലാത്ത ശുദ്ധ പ്രകൃതത്തോട് (ഫിത്വ്‌റത്ത്) കൂടിയാണ് മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. തിരിച്ച് അല്ലാഹുവിലേക്ക് ചെന്നെത്തുമ്പോഴും അതേ ശുദ്ധ പ്രകൃതത്തില്‍ തന്നെയായിരിക്കണം എന്നതാണ് തൗബയുടെയും ഇസ്തിഗ്ഫാറിന്റെയും ന്യായയുക്തി. മറിച്ചൊരവസ്ഥ ഒരാളിലും ഉണ്ടാകരുതെന്നാണ് അല്ലാഹു ആഗ്രഹിക്കുന്നത്. പാപപങ്കിലമായ ഹൃദയവും തെറ്റുകുറ്റങ്ങള്‍ വഹിക്കുന്ന ശരീരവുമായി അല്ലാഹുവിനെ കണ്ടുമുട്ടുന്നതില്‍ ലജ്ജയുള്ളവരുടെ ഹൃദയവികാരമായി വളരേണ്ടതാണ് പാപമോചന പ്രാര്‍ഥനകളും പശ്ചാത്താപവും. പാപവാഹകരെ കണ്ടുമുട്ടാന്‍ അല്ലാഹുവിന് ഇഷ്ടമില്ലാത്തതിനാല്‍തന്നെ അവരും അല്ലാഹുവും തമ്മിലുള്ള ദൂരം വളരെ വലുതായിരിക്കും. പാപഭാണ്ഡങ്ങളുടെ കനം കൂടുന്നതിനനുസരിച്ച് അല്ലാഹുവും അവനുമിടയിലെ വഴിദൂരം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

പാപങ്ങള്‍ ചെയ്യുക എന്നതിനേക്കാള്‍ വലിയ പാതകമാണ് സംഭവിച്ച തെറ്റുകളുടെ പേരില്‍ ഖേദിക്കാതിരിക്കുന്നതും പശ്ചാത്താപബോധം മനസ്സിന്റെ വികാരമായി അനുഭവപ്പെടാതിരിക്കുന്നതും.  തെറ്റുകളും കുറവുകളും പോരായ്മകളും ബോധ്യപ്പെടുന്ന പക്ഷം അതില്‍ നിന്ന് വിട്ടുനില്‍ക്കുകയും സംഭവിച്ച അബദ്ധങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുകയും ചെയ്യലാണ് ഒരാളെ സ്വര്‍ഗാവകാശിയാക്കുന്ന ഘടകം. ആകാശ ഭൂമിയേക്കാള്‍ വിശാലമായ സ്വര്‍ഗവും പാപമോചനവും അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്ന മുത്തഖികള്‍ക്ക് വേണ്ടി തയാര്‍ ചെയ്തതാണെന്ന് പറഞ്ഞതിനു ശേഷം സൂക്ഷ്മത പാലിക്കുന്നവരുടെ ഗുണഗണങ്ങള്‍ എണ്ണുന്നതിനിടയില്‍ വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം പ്രഖ്യാപിക്കുന്നത് കാണാം: ''അവര്‍ ഏതെങ്കിലും നീചകൃത്യം ചെയ്യാനോ അധര്‍മത്തിലേര്‍പ്പെട്ട് സ്വന്തത്തോടു തന്നെ അക്രമം ചെയ്യാനോ ഇടയായാല്‍ ഉടനെ തന്നെ അല്ലാഹുവിനെ സ്മരിച്ച് തങ്ങളുടെ പാപങ്ങളില്‍നിന്ന് മോചനമര്‍ഥിക്കുന്നവരാകുന്നു. എന്തെന്നാല്‍ പാപമോചനം നല്‍കുന്നവന്‍ അല്ലാഹുവല്ലാതാരുണ്ട്? അവര്‍ അറിഞ്ഞുകൊണ്ട് തങ്ങളുടെ ദുഷ്‌ചെയ്തികളില്‍ ഉറച്ചുനില്‍ക്കുന്നവരല്ല'' (ആലുഇംറാന്‍ 135).

പശ്ചാത്താപത്തിന് കാലവും നേരവുമില്ല. നേരും നെറികേടും തിരിച്ചറിയാന്‍ തുടങ്ങുന്നതു മുതല്‍ ജീവിതം മുഴുവന്‍ നിറഞ്ഞുനില്‍ക്കേണ്ട ഒന്നാണത്. ഭൂമി പശ്ചാത്താപത്തിന്റെ കേന്ദ്രവും ആയുസ്സ് മുഴുവന്‍ അതിന്റെ സമയവുമാണ്. പാപസുരക്ഷിതത്വം വാഗ്ദാനം ചെയ്യപ്പെട്ട പ്രവാചകന്‍(സ) പോലും ദിവസം എഴുപതോ നൂറോ തവണ പാപമോചന പ്രാര്‍ഥന ഉരുവിട്ടിരുന്നത് അതുകൊണ്ടാണ്. വീഴ്ചകള്‍ ആര്‍ക്കും സംഭവിക്കാം. ആദം നബി മുതല്‍ ആരംഭിക്കുന്നതാണ് മനുഷ്യ ജീവിതത്തിലെ അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും. മൂസാ പ്രവാചകന് തത്ത്വബോധവും ജ്ഞാനവും (ഹുക്മും ഇല്‍മും) നല്‍കിയതിനു ശേഷം ബനൂഇസ്രാഈല്‍ വിഭാഗത്തില്‍ പെട്ട സ്വസമുദായക്കാരനെ ഖിബ്ത്വിയായ അപരന്‍ ആക്രമിക്കുന്ന സമയം തന്നോട് അദ്ദേഹം സഹായമഭ്യര്‍ഥിച്ച പ്രകാരം ഖിബ്ത്വിയെ അടിച്ചിടുകയും അടിയുടെ ആഘാതത്തില്‍ അബദ്ധത്തില്‍ അയാള്‍ മരണപ്പെടുകയും ചെയ്ത സന്ദര്‍ഭത്തില്‍ മൂസാ നബി അല്ലാഹുവോട് ഇപ്രകാരം തൗബ ചെയ്യുന്നതായി വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''എന്റെ നാഥാ, ഞാന്‍ എന്നോട് തന്നെ അതിക്രമം പ്രവര്‍ത്തിച്ചിരിക്കുന്നു. എനിക്ക് നീ മാപ്പ് തരേണമേ! അങ്ങനെ അല്ലാഹു അദ്ദേഹത്തിന് മാപ്പ് കൊടുത്തു. അവന്‍ കരുണാവാരിധിയും ധാരാളം പൊറുത്തുകൊടുക്കുന്നവനുമാണല്ലോ. മൂസാ പ്രതിജ്ഞയെടുത്തു. എന്റെ നാഥാ, നീ എനിക്ക് ഈ അനുഗ്രഹം ചെയ്തു തന്നുവല്ലോ. ഇനിയൊരിക്കലും ഞാന്‍ കുറ്റവാളികളുടെ സഹായിയാവുകയില്ല തന്നെ'' (അല്‍ഖസ്വസ്വ് 16, 17).

ഇബ്‌റാഹീം നബി(അ) നടത്തിയ പ്രാര്‍ഥന വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു: ''നാഥാ, എന്നെയും എന്റെ സന്തതികളെയും മുറപ്രകാരം നമസ്‌കാരം അനുഷ്ഠിക്കുന്നവരാക്കേണമേ. ഞങ്ങളുടെ നാഥാ, എന്റെ പ്രാര്‍ഥന സ്വീകരിച്ചാലും. നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും വിചാരണാനാളില്‍ പാപമോചനമരുളേണമേ!'' (ഇബ്‌റാഹീം 40, 41). നൂഹ് നബി(അ) നടത്തിയ പ്രാര്‍ഥനയും പാപമോചനത്തിന്റെ ദാഹം തുളുമ്പുന്നതായിരുന്നു: ''നാഥാ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസികളായി എന്റെ ഭവനത്തിലെത്തിയവര്‍ക്കും സത്യ വിശ്വാസികളായ സ്ത്രീപുരുഷന്മാര്‍ക്കും നീ പാപമുക്തിയേകേണമേ'' (നൂഹ് 28). മുഹമ്മദ് നബി(സ)യോടും അല്ലാഹു ഇസ്തിഗ്ഫാര്‍ നടത്താന്‍ ആവശ്യപ്പെടുന്നുണ്ട്: ''പ്രവാചകരേ താങ്കള്‍ ഇപ്രകാരം പ്രാര്‍ഥിക്കണം; എന്റെ നാഥാ, മാപ്പരുളേണമേ, കരുണയേകേണമേ! കരുണ ചെയ്യുന്നവരില്‍ ഏറ്റം ഉത്കൃഷ്ടനല്ലോ നീ!'' (അല്‍മുഅ്മിനൂന്‍ 118). ചുരുക്കത്തില്‍ തൗബയും ഇസ്തിഗ്ഫാറൂം ജീവിതത്തിന്റെ ഭാഗമാക്കിയവരായിരുന്നു അല്ലാഹുവിന്റെ പ്രവാചകന്മാര്‍.

മനസ്സിലടിഞ്ഞുകൂടിയ അഴുക്കുകളും കറകളും കഴുകി ശുദ്ധീകരിച്ച് കളങ്കരഹിതമായ ഹൃദയവുമായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ കഴിയുന്നവര്‍ മാത്രമാണ് യഥാര്‍ഥ വിജയം വരിച്ചവര്‍. കാരണം ഹൃദയമാണ് വിശുദ്ധിയുടെ അളവും തൂക്കവും നിര്‍ണയിക്കുന്നത്. അല്ലാഹു പറയുന്നു: ''സമ്പത്തും സന്താനങ്ങളും ഒട്ടും പ്രയോജനപ്പെടാത്ത നാളില്‍ സംശുദ്ധ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ഹാജരാകുന്നവരൊഴിച്ച് ആരും (രക്ഷപ്പെടുകയില്ല)'' (അശ്ശുഅറാഅ് 88, 89). ഹൃദയ വിശുദ്ധി നേടിയെടുക്കുന്നതില്‍ തൗബയും ഇസ്തിഗ്ഫാറും നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ജീവിതത്തില്‍ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ക്ക് മനുഷ്യനെ പാകപ്പെടുത്തുക പാപമുക്തമായ മനസ്സും സംശുദ്ധമായ ഹൃദയവുമാണ്. മൂസാ നബിയെ പരാജയപ്പെടുത്താന്‍ ഒരുമിച്ചുകൂടിയ സാഹിറുകളുടെ മനഃസ്താപം ചരിത്രത്തില്‍ തുല്യതയില്ലാത്ത പാപവിമുക്തിയും പശ്ചാത്താപവുമായിരുന്നു. നബി(സ)യെ വധിക്കാന്‍ ഉറയില്‍നിന്നും വലിച്ചൂരിയ വാളുമായി ഇറങ്ങിപ്പുറപ്പെട്ട ഉമറിന്റെ മനഃസ്താപം മറ്റൊരത്ഭുതമായിരുന്നു.

പിറന്നുവീണ അതേ ശുദ്ധ പ്രകൃതിയില്‍ മനുഷ്യന്‍ തന്റെയടുക്കല്‍ തിരിച്ചെത്തണമെന്നാണ് കാരുണ്യവാനായ നാഥന്റെ ആഗ്രഹം. അതിനാല്‍തന്നെ തൗബയും ഇസ്തിഗ്ഫാറും അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. പാപങ്ങള്‍ എത്ര കഠിനമാണെങ്കിലും തെറ്റുകള്‍ക്ക് എത്ര കനമുണ്ടെങ്കിലും അബദ്ധങ്ങളുടെ പട്ടിക എത്ര നീണ്ടതാണെങ്കിലും ജീവിതത്തിന്റെ പഴയ കണക്കുപുസ്തകത്തിലെ ഏടുകള്‍ എത്രമാത്രം ഇരുണ്ടതാണെങ്കിലും നിഷ്‌കളങ്ക മനസ്സുമായി തന്റെ കുറവുകള്‍ ഏറ്റുപറഞ്ഞാല്‍ ഭൂതകാല അപരാധങ്ങള്‍ അല്ലാഹു മായ്ച്ചുകളയുമെന്ന കാര്യത്തില്‍ സംശയമില്ല.

മരണം ഉറപ്പാകുന്ന സമയം വന്നെത്തുംവരെയും തൗബയുടെയും ഇസ്തിഗ്ഫാറിന്റെയും കവാടങ്ങള്‍ക്ക് താഴു വീഴുകയില്ല. കുറ്റകൃത്യങ്ങളുടെയും അപരാധങ്ങളുടെയും ഭാണ്ഡം പേറി ജീവിതം ദുരിതപൂര്‍ണമായവര്‍ക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും ആശ്വാസ വചനങ്ങളുമായാണ് അല്ലാഹു അവരെ അഭിമുഖീകരിക്കുന്നത്. ''നബിയേ, താങ്കള്‍ പറയുക; സ്വന്തത്തോട് അക്രമം പ്രവര്‍ത്തിച്ചവരായ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തില്‍ നിരാശരാകരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങള്‍ക്കും മാപ്പേകുന്നവനത്രെ. അവന്‍ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ'' (അസ്സുമര്‍ 53). കൊടും കുറ്റവാളികള്‍ക്ക് പോലും മാപ്പേകാന്‍ സന്നദ്ധനായ അല്ലാഹുവിനെയാണ് തിരുദൂതര്‍ പരിചയപ്പെടുത്തുന്നത്. 99 പേരെ വധിച്ച കൊടും കുറ്റവാളിയുടെ മനോമുകുരത്തില്‍ പശ്ചാത്താപ ചിന്ത മുളപൊട്ടിയപ്പോള്‍, നാട്ടുകാരനായ പണ്ഡിതനെ സമീപിച്ച് തന്റെ ആഗ്രഹം പങ്കുവെച്ചപ്പോള്‍ നിരാശാജനകമായ മറുപടിയാണ് അദ്ദേഹത്തിന് കിട്ടിയത്. തന്റെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുകയില്ലെന്ന മറുപടി അയാളെ കോപാന്ധനാക്കുകയും പഴയ പൈശാചികത പിടികൂടുകയും ചെയ്തപ്പോള്‍ ആ പണ്ഡിതന്റെ കഴുത്തിലും കഠാര പതിച്ചു. പട്ടിക 100 തികച്ച അദ്ദേഹത്തിന്റെ മനസ്സില്‍ വേദനയും നീറ്റലുമായി, തന്റെ ഭൂതകാല ജീവിതം വീണ്ടും കടന്നുവരികയും പശ്ചാത്താപമനസ്സുമായി ഇറങ്ങിയ വഴിയില്‍ കണ്ടുമുട്ടിയ മറ്റൊരു പണ്ഡിതനോട് തന്റെ പഴയ ആഗ്രഹം വീണ്ടും പങ്കുവെക്കുകയും ചെയ്തു. പണ്ഡിതന്‍ സന്തോഷപൂര്‍വം ഇയാളെ കേള്‍ക്കുകയും പശ്ചാത്തപത്തിനുള്ള പോംവഴി പറഞ്ഞുകൊടുക്കുകയും ചെയ്തു. പശ്ചാത്താപ മനസ്സുമായുള്ള യാത്രാമധ്യേ അയാള്‍ മരണപ്പെടുകയും അദ്ദേഹം സ്വര്‍ഗാവകാശിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സംഭവം നബി(സ) തന്റെ അനുയായികള്‍ക്ക് പറഞ്ഞു കൊടുത്തതായി ബുഖാരിയും മുസ്‌ലിമും ഉള്‍പ്പെടെ പ്രസിദ്ധ ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം.

തെറ്റുകള്‍ ബോധ്യപ്പെട്ടവന്‍ പശ്ചാത്തപിച്ച് മടങ്ങുന്നത് അല്ലാഹുവിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്ന് നബി(സ) ഓര്‍മപ്പെടുത്തുന്നുണ്ട്. തൗബയും ഇസ്തിഗ്ഫാറും വഴി പാപമുക്തി ആഗ്രഹിക്കുന്നവനോട് അല്ലാഹുവിനുണ്ടാകുന്ന അളവറ്റ സന്തോഷത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന രസകരമായ ഒരു വിവരണം ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം. മരുഭൂമിയിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ യാത്രാമധ്യേ മരത്തണലില്‍ വിശ്രമിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോവുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ തന്റെ യാത്രാ വാഹനമായ ഒട്ടകം അയാള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. വെള്ളവും ഭക്ഷണവും ഉള്‍പ്പെടെ യാത്രക്കാവശ്യമായ പാഥേയം മുഴുവന്‍ ഒട്ടകപ്പുറത്താണുണ്ടായിരുന്നത്. ഒട്ടകത്തെ കണ്ടെത്താനുള്ള സകല ശ്രമങ്ങളും പരാജയപ്പെട്ട് നിരാശനായി മരണം മുന്നില്‍ കണ്ട് വീണ്ടും മരത്തണലിലെത്തിയ അദ്ദേഹം ഉറങ്ങിപ്പോവുന്നു. ഉറങ്ങി എഴുന്നേറ്റപ്പോള്‍ തന്റെ നഷ്ടപ്പെട്ട ഒട്ടകം കണ്‍മുന്നില്‍ നില്‍ക്കുന്നു. സന്തോഷം കൊണ്ട് കണ്ണുതള്ളിയ അദ്ദേഹം പറഞ്ഞു; 'അല്ലാഹുവേ നീ എന്റെ അടിമയും ഞാന്‍ നിന്റെ റബ്ബുമാണ്.' വിവരണാതീതമായ സന്തോഷത്തില്‍ വാക്കുകള്‍ മാറിപ്പോയ ഈ മനുഷ്യന് ഉണ്ടായതിനേക്കാള്‍ പതിന്മടങ്ങ് സന്തോഷമാണ് തന്റെ ദാസന്‍ പശ്ചാത്താപ മനസ്സുമായി തന്നിലേക്ക് കൈകള്‍ ഉയര്‍ത്തുമ്പോള്‍ അല്ലാഹുവിന് ഉണ്ടാകുന്നതെന്നാണ് നബി(സ) പറഞ്ഞത്. നാം സമര്‍പ്പിക്കുന്ന മറ്റെല്ലാ ആരാധനകളേക്കാളും കര്‍മങ്ങളേക്കാളും അല്ലാഹുവിന് സന്തോഷകരമായത് തൗബയും ഇസ്തിഗ്ഫാറുമായിരിക്കും.

 

തൗബയുടെയും ഇസ്തിഗ്ഫാറിന്റെയും മാസം 

റമദാനിന്റെ ആദ്യ പത്ത് കാരുണ്യത്തിന്റേതും രണ്ടാം പത്ത് പാപമോചനത്തിന്റേതും അവസാന പത്ത് നരകമുക്തിയുടേതും എന്ന നബിവചനത്തിന്റെ സ്വീകാര്യതയെ പറ്റി പണ്ഡിതന്മാര്‍ക്കിടയില്‍ തര്‍ക്കമുണ്ടെങ്കിലും ഈ മൂന്ന് അനുഗ്രഹങ്ങളാല്‍ സമ്പന്നമാണ് റമദാനിന്റെ മുഴുവന്‍ രാപ്പകലുകളുമെന്ന കാര്യത്തില്‍ എതിരഭിപ്രായമുണ്ടാകാനിടയില്ല. റമദാനില്‍ അല്ലാഹു നല്‍കുന്ന വാഗ്ദാനങ്ങളില്‍ ഏറ്റവും മികച്ചതും പാപമുക്തി തന്നെ. റമദാനിന്റെ പകലുകളില്‍ നാം സവിശേഷമായി അനുഷ്ഠിക്കുന്ന സ്വിയാമും രാവുകളില്‍ നിര്‍വഹിക്കുന്ന ഖിയാമുല്ലൈലും പാപമോചനത്തിനുള്ള മുഖ്യ മാര്‍ഗമാണെന്ന് തിരുദൂതര്‍ (സ) പഠിപ്പിക്കുന്നുണ്ട്. ഉറച്ച വിശ്വാസവും പ്രതിഫലേഛയുമായി (ഈമാനും ഇഹ്തിസാബും) വ്രതമനുഷ്ഠിച്ചാലും രാവുകളില്‍ നമസ്‌കരിച്ചാലും മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് തിരുദൂതര്‍ (സ) ഉറപ്പു പറയുന്നത്.

തൗബയും ഇസ്തിഗ്ഫാറും സ്വീകരിക്കാന്‍ സമയവും സ്ഥലവും പരിഗണനീയമല്ലെങ്കിലും അതിന് ഏറ്റവും അനുയോജ്യമായ സന്ദര്‍ഭം ഇതുതന്നെ. കാരണം മനസ്സും ശരീരവും അതിനായി ഒരുങ്ങുകയും മെരുങ്ങുകയും ചെയ്യുന്ന സന്ദര്‍ഭമാണ് റമദാനിന്റെ രാപ്പകലുകള്‍. കണ്ണും കാതും ഹൃദയവും അല്ലാഹുവിലേക്ക് തിരിച്ചുപിടിച്ച ഈ സുന്ദര നിമിഷങ്ങളേക്കാള്‍ അനുയോജ്യമായ മറ്റൊരു സമയം നമുക്ക് എവിടുന്ന് കിട്ടാന്‍! അല്ലാഹുവിന്റെ ഭവനങ്ങളില്‍ ഖുര്‍ആന്‍ പഠന പാരായണങ്ങളും ദിക്‌റുകളും ദുആകളുമായി കഴിഞ്ഞുകൂടുന്ന ഈ അസുലഭ മുഹൂര്‍ത്തം തന്നെയാണ് മനുഷ്യന്റെ സ്വകാര്യതകളുടെ കെട്ടഴിച്ച് അല്ലാഹുവിന്റെ മുന്നില്‍ തുറന്നിടാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ സമയം. അതുകൊണ്ട് കാത്തിരിക്കാതെ കിട്ടിയ അവസരം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തുക. റമദാന്‍ സമാപ്തി കുറിക്കുന്നതോടെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍നിന്ന് പിറന്നുവീണ കുഞ്ഞിന്റെ വിശുദ്ധിയോടെ പുതിയ ആകാശവും ഭൂമിയുമായി, പുതിയ ജീവിത വീക്ഷണവും നിലപാടുകളുമായി, പുതിയ കര്‍മപദ്ധതികളും പ്രവര്‍ത്തനങ്ങളുമായി അല്ലാഹുവിന്റെ ഭൂമിയില്‍ നാം സജീവരാവുക.  


Comments

Other Post

ഹദീസ്‌

ഖുര്‍ആന്‍ പഠനത്തിന്റെ പ്രാധാന്യം
അബൂമിശ്അല്‍ കുന്നമംഗലം

ഖുര്‍ആന്‍ ബോധനം

സൂറ-24/ അന്നൂര്‍/ 34-35
എ.വൈ.ആര്‍