Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

അന്നഹ്ദ മതത്തെയും രാഷ്ട്രത്തെയും വേര്‍പിരിക്കുകയാണോ?

ഫഹ്മി ഹുവൈദി

രാഷ്ട്രീയ ഇസ്‌ലാമി'ല്‍നിന്ന് മാറി പൂര്‍ണമായി ജനാധിപത്യ ഇസ്‌ലാമിനായി പ്രവര്‍ത്തിക്കാനുള്ള തുനീഷ്യയിലെ അന്നഹ്ദയുടെ പ്രഖ്യാപനം ഉളവാക്കിയ ആശ്ചര്യം ഇനിയും വിട്ടുമാറിയിട്ടില്ല. 

വലിയ കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനമായിരുന്നു അത്. തുനീഷ്യക്കകത്തും പുറത്തും അത് പ്രതിധ്വനിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്ത സംഘടനയുടെ പത്താം സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനിലാണ് അന്നഹ്ദ പ്രസിഡന്റ് റാശിദുല്‍ ഗനൂശി ഈ നയംമാറ്റം പ്രഖ്യാപിച്ചത്. അന്നഹ്ദയുടെ പ്രവര്‍ത്തകര്‍ മാത്രമായിരുന്നില്ല സമ്മേളനത്തില്‍ പങ്കെടുത്തത്. തുനീഷ്യന്‍ സമൂഹത്തിന്റെ പരിഛേദം തന്നെയായിരുന്നു സമ്മേളനസദസ്സ്. പല രാഷ്ട്രീയധാരകളിലുള്ളവരും അവിടെ സമ്മേളിച്ചു എന്ന് മാത്രമല്ല, സദസ്സിന്റെ മുന്‍നിരയില്‍ കോണ്‍സ്റ്റിറ്റിയൂഷനല്‍ (ദസ്തൂര്‍) പാര്‍ട്ടിയുടെ നേതാക്കളെയും ബൂറഖീബയുടെയും ബിന്‍ അലിയുടെയും കാലത്തെ മന്ത്രിമാരെയും കാണാമായിരുന്നു. ചിത്രത്തില്‍ ബിന്‍ അലിയുടെ ഒരു കുറവേ ഉള്ളൂ എന്ന് പറഞ്ഞവരുമുണ്ട്. ഇസ്‌ലാമിസ്റ്റുകളും ദസ്തൂര്‍ പാര്‍ട്ടിയും തമ്മിലുള്ള യോജിപ്പിനായി ഗനൂശിയും നിലവിലെ തുനീഷ്യന്‍ പ്രസിഡന്റ് അല്‍ബാജി അസ്സബ്‌സിയും തെരഞ്ഞെടുപ്പിനു മുമ്പ് പാരീസില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയുടെ തുടര്‍ അധ്യായമാണ് ഇതെന്ന് ചിലര്‍  അഭിപ്രായപ്പെടുന്നു. തുനീഷ്യയിലെ സെക്യുലറിസ്റ്റുകളടക്കമുള്ള രാഷ്ട്രീയ ചേരികളോട്  അടുക്കാനും ചേര്‍ന്നുനില്‍ക്കാനുമുള്ള അന്നഹ്ദയുടെ താല്‍പര്യത്തെ മാത്രമല്ല, ഭൂതകാലത്തിനും വര്‍ത്തമാനത്തിനുമിടക്കും ആ അടുപ്പം സാധ്യമാകണം എന്നതിന്റെ അടയാളം കൂടിയായിരുന്നു സമ്മേളനസദസ്സ്. 

സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയമേഖലയും പ്രബോധനരംഗവും തമ്മില്‍ വേര്‍തിരിക്കാന്‍ തീരുമാനിച്ചതായി ഗനൂശി പ്രഭാഷണത്തില്‍ സൂചിപ്പിച്ചു. രാഷ്ട്രീയ പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധയൂന്നാന്‍ സംഘടന തീരുമാനിച്ചതായും ഐഡിയോളജിയില്‍നിന്ന് രാഷ്ട്ര സങ്കല്‍പത്തിലേക്ക് മാറുന്നതായും അദ്ദേഹം വിശദീകരിച്ചു. പ്രബോധനപ്രധാന പ്രവര്‍ത്തനങ്ങള്‍ പൗരസമൂഹ സംഘടനകള്‍ ഏറ്റെടുക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമവായത്തിലൂടെ രാജ്യപുരോഗതി കൈവരിക്കുകയും ആധുനികരാഷ്ട്രനിര്‍മിതി സാധ്യമാക്കുകയും ചെയ്യുകയെന്നതാണ് സംഘടനയുടെ അടുത്ത ഘട്ടത്തിലെ മുഖ്യദൗത്യം. 'ആദ്യം രാഷ്ട്രം, പിന്നെ സംഘടന' എന്ന തങ്ങളുടെ മുദ്രാവാക്യം ആവര്‍ത്തിച്ചുകൊണ്ടാണ് അന്നഹ്ദയുടെ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് മോറോ ഈ ആശയം വിശദീകരിച്ചത്. തുനീഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരകലം കാത്തുസൂക്ഷിക്കുന്നതിനാല്‍ ആശങ്കയോടെയാണ് താന്‍ ഇതില്‍ പങ്കെടുക്കുന്നതെന്ന് സമ്മേളനത്തില്‍ സംസാരിച്ച തുനീഷ്യന്‍ പ്രസിഡന്റ് അസ്സബ്‌സി വ്യക്തമാക്കി. എന്നാലും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് തീരുമാനിച്ചത്, ഏകാധിപത്യത്തില്‍നിന്ന് ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തന ഘട്ടത്തില്‍ രാജ്യത്ത് സുസ്ഥിരതയും സമവായവും ഉണ്ടാക്കുന്നതില്‍ അന്നഹ്ദയുടെ പങ്ക് മാനിച്ചാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പാര്‍ട്ടി ഒരു തുനീഷ്യന്‍ പൗര സംഘടനയാണെന്നും തുനീഷ്യയോടാണതിന്റെ പ്രതിബദ്ധതയെന്നും ഉറപ്പുവരുത്താന്‍ അന്നഹ്ദ പ്രവര്‍ത്തകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം ജനാധിപത്യത്തിന് ഭീഷണിയല്ലെന്ന് ആഗോളവേദികളില്‍ താന്‍ ആവര്‍ത്തിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗനൂശിയുടെ പ്രഖ്യാപനം വന്നതോടെ വിഷയം, അറബ്- പാശ്ചാത്യ മീഡിയയില്‍ ബ്രേക്കിംഗ് ന്യൂസ് ആയി. ചിലരതിനെ അട്ടിമറിയെന്നും രാഷ്ട്രീയ ഭൂകമ്പമെന്നും വിലയിരുത്തി. ഗനൂശി സെക്യുലര്‍ പക്ഷത്ത് ചേര്‍ന്നതായി പ്രചരിപ്പിച്ചു. മത- രാഷ്ട്ര വിഭജന സിദ്ധാന്തത്തില്‍നിന്നുള്ള രക്ഷപ്പെടലായി മനസ്സിലാക്കിയ മറ്റു ചിലര്‍ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തു. രാഷ്ട്രീയ ഇസ്‌ലാമിന്റെ പരാജയ പ്രഖ്യാപനമായി ഇതിനെ വ്യാഖ്യാനിച്ചവരുമുണ്ട്. ഈജിപ്ത് ഭരണകൂടം ഇഖ്‌വാനെ നോക്കിക്കാണുന്ന തലത്തില്‍ കാര്യങ്ങളെ മനസ്സിലാക്കുന്ന ചില എഴുത്തുകാര്‍ ഇതിനെ സംശയത്തോടെയും നിരീക്ഷിച്ചു. 

ഉദ്ഘാടനത്തിന്റെ പിറ്റേ ദിവസത്തെ സമ്മേളനത്തില്‍ സ്ത്രീകളടക്കമുള്ള സംഘടനാ നേതൃത്വത്തിലുള്ള 1200 പേര്‍ പങ്കെടുത്തു. 156 പേജ് വരുന്ന റിപ്പോര്‍ട്ട് അതില്‍ വിതരണം ചെയ്തു.പ്രസ്ഥാനം പിന്നിട്ട വഴികള്‍, കഴിഞ്ഞ കാലത്ത് സംഭവിച്ച അബദ്ധങ്ങള്‍, പാളിച്ചകള്‍ എന്നിവ റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, വരുംകാലത്ത് സ്വീകരിക്കേണ്ട നിലപാടുകള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടിയായി പരിവര്‍ത്തിതമാകാനും മറ്റു പൗരസംഘടനകള്‍ക്ക് കടന്നുവരാവുന്ന വിധത്തില്‍ സാംസ്‌കാരിക- പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനുമുള്ള തീരുമാനവുമൊക്കെ വിശദീകരിക്കുന്ന റിപ്പോര്‍ട്ടായിരുന്നു അത്. 

അന്നഹ്ദയുടെ ചിന്താപരവും സാമൂഹികവും രാഷ്ട്രീയവുമായ വികാസത്തിന്റെ അടുത്ത ചുവടാണ് പുതിയ തീരുമാനമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇസ്‌ലാമിക അടിസ്ഥാനങ്ങളില്‍ നിലകൊണ്ട് തുനീഷ്യന്‍ ഭരണഘടനയെയും അതില്‍നിന്ന് രൂപം കൊള്ളുന്ന നിയമങ്ങളെയും അംഗീകരിച്ചുകൊണ്ട് രൂപപ്പെടുത്തിയ പരിഷ്‌കരണ, നാഗരിക പദ്ധതിയാണത്. 

പ്രഖ്യാപനമുണ്ടാക്കിയ പ്രതികരണങ്ങളെക്കുറിച്ച് ഗനൂശി വിശദീകരിച്ചതിങ്ങനെ:

 മത- രാഷ്ട്രീയ വിഭജനത്തെ കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ സംഘടനയുടെ പുതിയ സ്ട്രാറ്റജി പ്രകാരം രണ്ടും തമ്മില്‍ വേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഇസ്‌ലാമിന്റെ സമഗ്രതയെന്നാല്‍ അതിനു വേണ്ടി പണിയെടുക്കുന്ന സംഘടനകള്‍ സമഗ്രമാവണം എന്നല്ല. സംഘടനകളുടെ പ്രവര്‍ത്തന രംഗം വിവിധങ്ങളാണ്. ആധുനിക കാലത്തെ സ്‌പെഷ്യലൈസേഷന്‍ ഇതനിവാര്യമാക്കുന്നുണ്ട്. വിശേഷിച്ചും രാഷ്ട്രീയവും പ്രബോധന പ്രവര്‍ത്തനങ്ങളും തമ്മിലുള്ള വിഭജനത്തില്‍. കാരണം, രാഷ്ട്രീയ പിടിവലികള്‍ക്കിടക്കുണ്ടാകുന്ന വേലിയേറ്റ, വേലിയിറക്കങ്ങള്‍ പ്രബോധനവിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്നവരെ ബാധിക്കേണ്ടതില്ല. 

 അന്നഹ്ദയുടെ ആശയങ്ങളിലും പേരിലും കഴിഞ്ഞകാലത്ത് പല വികാസവും സംഭവിച്ചിട്ടുണ്ട്. 'അല്‍ജമാഅ: അല്‍ ഇസ്‌ലാമിയ്യ' എന്ന പേരിലാണ് സംഘടന പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീടത് 'ഹറകത്തുല്‍ ഇത്തിജാഹ് അല്‍ ഇസ്‌ലാമി' എന്ന പേര് സ്വീകരിച്ചു. ഇപ്പോഴത് അന്നഹ്ദ എന്ന പേരില്‍ അറിയപ്പെടുന്നു. തുനീഷ്യയിലുടനീളം പാശ്ചാത്യവത്കരണത്തിന്റെ കാറ്റു വീശിയ ബൂറഖീബയുടെ ഭരണകാലത്ത് പ്രസ്ഥാനം ആദര്‍ശ പ്രബോധനത്തിലാണ് ശ്രദ്ധയൂന്നിയത്. അസ്തിത്വത്തിനു വേണ്ടി പോരാടിയ കാലമായിരുന്നു അത്. ബിന്‍ അലിയുടെ കടുത്ത ഏകാധിപത്യ ഭരണത്തില്‍ അക്രമത്തെ എതിര്‍ക്കുന്ന ചെറുത്തുനില്‍പ് പ്രസ്ഥാനമായത് മാറി. ജനകീയ വിപ്ലവത്തിലൂടെ പുതിയ ഭരണം നിലവില്‍ വന്നപ്പോള്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതമായി ഇസ്‌ലാമിനെ ഭരണഘടനാ ഭേദഗതിയിലൂടെ അംഗീകരിച്ചതോടെ പ്രസ്ഥാനം ഇസ്‌ലാമിക അസ്തിത്വമുള്ള ഭരണഘടനയെ മാനിക്കുന്ന, കാലഘട്ടത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച ദേശീയ ജനാധിപത്യ പാര്‍ട്ടിയായി മാറാന്‍ തീരുമാനിച്ചു. ചുരുക്കത്തില്‍, പുതിയ മാറ്റം നിലവിലെ സാഹചര്യത്തോടുള്ള വെറുപ്പില്‍നിന്ന് ഉടലെടുത്തതല്ല. കാലത്തോടൊപ്പം മുന്നേറിയ സംഘടനയുടെ നിലപാടുകളുടെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശമാണ്; പുതിയ കാലത്തിന്റെ തേട്ടങ്ങളെ ഉള്‍ക്കൊള്ളാനും വെല്ലുവിളികളെ അതിജീവിക്കാനുമുള്ളതാണ്.

 ഇസ്‌ലാമിന്റെയും സെക്യുലറിസത്തിന്റെയും പേരിലുള്ള തീവ്രവാദങ്ങള്‍ തുനീഷ്യ നേരിടുന്നുണ്ട്. ഇസ്‌ലാമിന്റെ പേരിലുള്ള തീവ്രവാദത്തിന്റെ കാരണം, കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി(22 വര്‍ഷം) രാജ്യത്ത് അടിച്ചേല്‍പിക്കപ്പെട്ട മതപരമായ മുരടിപ്പാണ്. അതാണിപ്പോള്‍ ദീനീ ആവേശമുണര്‍ത്തുന്ന ആഹ്വാനങ്ങളായി ഉയരുന്നത്. അത്തരം ആശയക്കാര്‍ അന്നഹ്ദയെ ഉന്നം വെച്ചപ്പോള്‍ വിവിധ സ്വഭാവത്തിലുള്ള സലഫിസത്തിന്റെ വ്യാപനത്തിനുള്ള വാതിലാണ് മലര്‍ക്കെ തുറക്കപ്പെട്ടത്. വിപ്ലവാനന്തരം 3000 സലഫികളാണ് ജയില്‍ മോചിതരായത്. വിപ്ലവാനന്തര ഭരണകൂടം തുനീഷ്യന്‍ ആഭ്യന്തര ഭദ്രതയില്‍ ശ്രദ്ധ കൊടുത്ത ആദ്യ മൂന്ന് വര്‍ഷം അവരെല്ലാം വിവിധ പള്ളി സ്ഥാനങ്ങളില്‍ കയറിപ്പറ്റി. മറുവശത്ത് ഫ്രഞ്ച് സെക്യുലറിസത്താല്‍ സ്വാധീനിക്കപ്പെട്ട മതത്തോട് ശത്രുതയും എതിര്‍പ്പും വെച്ചുപുലര്‍ത്തുന്ന തീവ്ര സെക്യുലറിസവും വളര്‍ന്നു. 

രാഷ്ട്രീയ, ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ ഒരുപോലെ നിര്‍വഹിച്ച അന്നഹ്ദയുടെ അനുഭവത്തില്‍, രണ്ട് മുന്‍ വ്യവസ്ഥകളോടുള്ള സംഘട്ടനത്തിനിടക്ക് ബലിയാടായ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ മൂലം രാഷട്രീയരംഗം കൂടുതല്‍ പരിക്കേറ്റതായി ബോധ്യപ്പെട്ടു. 

രാഷ്ട്രീയവും പ്രബോധനവും തമ്മിലെ ഈ വേര്‍തിരിവ് ഇസ്‌ലാമിക പരിസരത്ത് ഇതാദ്യമല്ല. എന്നാല്‍, തുനീഷ്യയിലെ ഈ പ്രഖ്യാപനം വന്നത് ഒട്ടും അനുകൂലമല്ലാത്ത അറബ്- അന്താരാഷ്ട്ര സാഹചര്യത്തിലായതിനാല്‍ അതിന് വലിയ മുഴക്കങ്ങളുണ്ടായി. നിലവില്‍ ദാഇശിനും(ഐ.എസ്) മുമ്പ് അല്‍ഖാഇദക്കുമാണ് പൊതു മണ്ഡലത്തിലെ മേധാവിത്വം. മറുവശത്ത്, ഈജിപ്ത് ഭരണകൂടവും ഇഖ്‌വാനും തമ്മിലുള്ള സംഘര്‍ഷം ഇഖ്‌വാന്റെ പരീക്ഷണങ്ങളെ വിലയിരുത്താനുള്ള അവസരം നഷ്ടപ്പെടുത്തിയതോടെ  അവരും 'മോശക്കാര്‍' എന്ന ഗണത്തില്‍പ്പെട്ടു. ചിന്താപരവും പ്രാദേശികവുമായ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട മറ്റു ഘടകങ്ങള്‍ കൂടിയായപ്പോള്‍ എല്ലാ ഇസ്‌ലാമിക വിഭാഗങ്ങളും ആക്ഷേപാര്‍ഹരായി. അങ്ങനെ ശരിയും തെറ്റും ഇടകലര്‍ന്നു. മിതവാദികളും തീവ്രവാദികളും തമ്മിലുള്ള വ്യത്യാസത്തെ നിരാകരിക്കുന്ന ശബ്ദം ശക്തമായി. അതോടെ എല്ലാവരും തീവ്രവാദികളും ഭീകരവാദികളുമായി ചിത്രീകരിക്കപ്പെട്ടു. അതിനാലാണ് ചിലരെങ്കിലും പുതിയ പ്രഖ്യാപനത്തെ രാഷ്ട്രീയ ഇസ്‌ലാമിന്റെ പരാജയമായും സെക്യുലറിസത്തിന്റെ വിജയമായും വിലയിരുത്തുന്നത്.

രാഷ്ട്രീയ, ദഅ്‌വാ രംഗങ്ങളിലെ വിഭജനം നേരത്തേ ജോര്‍ദാന്‍, മൊറോക്കോ, ഈജിപ്ത് എന്നീ അറബ് രാജ്യങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്. 1964-ല്‍ രൂപീകരിക്കപ്പെട്ട ജോര്‍ദാനിലെ ഇഖ്‌വാന്‍ 1992-ലാണ് 'ഇസ്‌ലാമിക് ആക്ഷന്‍ ഫ്രണ്ട്' എന്ന പേരിലുള്ള പാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത്. 1996-ല്‍ രൂപീകൃതമായ മൊറോക്കന്‍ ഇസ്‌ലാമിക പ്രസ്ഥാനമായ 'ഹറകത്തുത്തൗഹീദ് വല്‍ ഇസ്വ്‌ലാഹ്' 1997- ലാണ് ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് എന്ന പേരിലുള്ള തങ്ങളുടെ പാര്‍ട്ടിക്ക് രൂപം കൊടുത്തത്. ഇരു രാജ്യങ്ങളിലെയും  സംഘടനകള്‍ തമ്മില്‍ ഘടനയില്‍ സമാനതകളുണ്ടെങ്കിലും രണ്ട് പരീക്ഷണങ്ങളും തമ്മില്‍ വലിയ അന്തരങ്ങളുണ്ടായിരുന്നു. ജോര്‍ദാനില്‍ സംഘടനയും രാഷ്ട്രീയ പാര്‍ട്ടിയും ഒരേ നേതൃത്വത്തിനു കീഴിലാണെന്നു തോന്നുമാറ് ഒന്നിച്ചാണ് പ്രവര്‍ത്തിച്ചത്. പാര്‍ട്ടി അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം നേടി ഭരണത്തിലേറാന്‍ പല കാരണങ്ങളാല്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അവരുടെ പ്രാതിനിധ്യം ചില പാര്‍ലമെന്റ് സീറ്റുകളില്‍ പരിമിതമാണ്. 

മൊറോക്കോയില്‍ കാര്യങ്ങള്‍ വലിയ അളവില്‍ വ്യത്യസ്തമാണ്. പാര്‍ട്ടിയും സംഘടനയും തമ്മിലുള്ള അന്തരം അവിടെ പൂര്‍ണമാണ്. പാര്‍ട്ടിക്ക് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലിയ വിജയം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. 2011-ല്‍ അവര്‍ ഭൂരിപക്ഷം നേടി. 2012 മുതല്‍ മറ്റു മൂന്നു പാര്‍ട്ടികളുടെ കൂടി പിന്തുണയോടെ രൂപീകരിച്ച ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്നത് പാര്‍ട്ടിയുടെ ജന. സെക്രട്ടറി അബ്ദുല്‍ ഇലാഹ് ബെന്‍കീറാനാണ്. 

എന്നാല്‍, ഈജിപ്തിലെ പരീക്ഷണം പരിമിതവും ചെറുതുമായിരുന്നു. 1928- ല്‍ സ്ഥാപിതമായ ഇഖ്‌വാന്‍ 2011-ലെ ജനുവരി 25 പ്രക്ഷോഭത്തിനു ശേഷമാണ് ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി രൂപീകരിക്കുന്നത്. സംഘടനയുമായി ചേര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തിച്ചത്. 2013- ലെ സംഘടനയുടെ നിരോധനവും അതിനെ തുടര്‍ന്നുണ്ടായ ദൗര്‍ബല്യങ്ങളും പാര്‍ട്ടിയെയും ബാധിച്ചു. ഇഖ്‌വാന് പുറമെ ഇസ്‌ലാമിക അടിത്തറകളില്‍ നിലകൊള്ളുന്ന വേറെയും രണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ ഈജിപ്തിന് പരിചയമുണ്ട്. അല്‍വസത്വ്, മിസ്വ്‌റുല്‍ ഖവിയ്യ എന്നിവയാണവ. കൂടാതെ, സലഫികളുടെ അന്നൂര്‍ സംഘടനയുമുണ്ട്. ഈ പാര്‍ട്ടികള്‍ക്കൊന്നും ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തില്‍ ഇടമുറപ്പിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഇഖ്‌വാന്‍ ഭരണത്തിനു കീഴില്‍ അന്നൂര്‍ പാര്‍ട്ടി നേടിയ ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ മാത്രമാണപവാദം.

ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ- ദഅ്‌വാ വിഭജനമെന്ന അന്നഹ്ദയുടെ പുതിയ തീരുമാനം മൊറോക്കന്‍ അനുഭവങ്ങള്‍ക്ക് സമാനമാണെന്ന് പറയാനാവും. എന്നാല്‍ പ്രത്യക്ഷ പ്രബോധന പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍ അന്നഹ്ദ അവരെ മുന്‍കടന്നു. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തനം കേന്ദ്രീകരിക്കാനുള്ള തീരുമാനം തുര്‍ക്കി മാതൃകയോട് സമാനതയുള്ളതാണ്. ഇരു പാര്‍ട്ടികളുടെയും മൗലിക അടിത്തറകളില്‍ മാത്രമാണ് അന്തരമുള്ളത്. മൊറോക്കന്‍ പരീക്ഷണത്തില്‍നിന്ന് കടമെടുത്ത തുര്‍ക്കിയുടെ അക് പാര്‍ട്ടിയുടേത് മതേതര അടിത്തറയാണ് എന്നതുമാത്രമാണ് വ്യത്യാസം. 

അന്നഹ്ദയുടെ പുതിയ പ്രഖ്യാപനത്തെക്കുറിച്ച് തുനീഷ്യയില്‍ വെച്ച് ഈ ലേഖകനോട് ചിലരന്വേഷിച്ചു. എന്നും ജനാധിപത്യത്തെ സംരക്ഷിക്കുന്ന നിലപാടെടുത്ത ഗനൂശിയുടെ നേതൃത്വത്തിലുള്ള അന്നഹ്ദയുടെ ധീരമായ ചുവടുവെപ്പാണിതെന്ന് ഞാന്‍ അഭിപ്രായപ്പെട്ടു. ഗനൂശിയുടെ പല പുസ്തകങ്ങളിലും നമുക്കത് വായിക്കാം. 2012-ല്‍ പുറത്തിറങ്ങിയ 'ജനാധിപത്യവും മനുഷ്യാവകാശങ്ങളും' എന്ന പുസ്തകമാണ് അതില്‍ അവസാനത്തേത്. പുതിയ ചുവടുവെപ്പിന്റെ ഫലവും ഒപ്പം സംഘടനയുടെ ഭദ്രതയെയും എതിരാളികളുടെ നിലപാടിനെയും അതെങ്ങനെ സ്വാധീനിച്ചു എന്നുമറിയാന്‍ നാം ഇനിയും കാത്തിരിക്കേണ്ടിവരും. നിലപാടിനെ പിന്തുണക്കുന്നതോടൊപ്പം ദഅ്‌വാ മേഖല സലഫി വിഭാഗങ്ങള്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കുമായി പൂര്‍ണമായി കൈയൊഴിയുന്നതിനെ ഞാന്‍ ഭയക്കുന്നു. അത്  ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുക. പാര്‍ട്ടി അധികാര രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴുണ്ടാകുന്ന പരീക്ഷണങ്ങളും പ്രലോഭനങ്ങളും അന്നഹ്ദയുടെ സന്ദേശങ്ങളെ ബാധിച്ചേക്കുമോ എന്നും ഞാനാശങ്കിക്കുന്നു. ഈ രണ്ട് ആശങ്കകളും വിജയകരമായി മറികടക്കാനായാല്‍ സമാനതകളില്ലാത്ത ഒരു ചരിത്ര പരീക്ഷണമാണിതെന്നു നിസ്സംശയം പറയാം. 

വിവ: നാജി ദോഹ

najidoha@gmail.com


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍