Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ് പുതിയ മേഖലകളിലേക്ക്

കെ.കെ അലി

വിഷന്‍ 2016-ന്റെ ഭാഗമായ പലിശരഹിത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 2010-ല്‍ ദല്‍ഹി ആസ്ഥാനമായി രൂപീകരിച്ച സഹൂലത്ത് എന്ന ദേശീയ എന്‍.ജി.ഒ ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴെത്തട്ടില്‍ കഴിയുന്ന ദുര്‍ബല വിഭാഗങ്ങളുടെ സര്‍വതോമുഖ പുരോഗതിക്ക് ഉതകുന്ന തരത്തില്‍ സഹകരണ മേഖലയില്‍ നിയമപരിരക്ഷയോടെ പലിശരഹിത മൈക്രോ ഫിനാന്‍സ് സൊസൈറ്റികള്‍ സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്നതിനുള്ള എല്ലാ സഹായങ്ങളും സഹൂലത്ത് ചെയ്തു കൊടുക്കുന്നു. ഇതുവരെയായി യു.പി, മഹാരാഷ്ട്ര, ബിഹാര്‍, തെലങ്കാന, ആന്ധ്ര, ഝാര്‍ഖണ്ഡ്, ദല്‍ഹി, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം, കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലായി സഹൂലത്തില്‍ അഫിലിയേറ്റ് ചെയ്ത ഏഴ് സൊസൈറ്റികള്‍ സ്ഥാപിതമായിട്ടുണ്ട്. ഈ സൊസൈറ്റികള്‍ക്ക് മൊത്തം 38 ശാഖകളുമുണ്ട്. കൂടാതെ മഹാരാഷ്ട്രയില്‍ എട്ട് ശാഖകള്‍ പ്രവര്‍ത്തനസജ്ജമായിക്കൊണ്ടിരിക്കുന്നു. 

ഡോ. റഹ്മത്തുല്ലയുടെ നേതൃത്വത്തില്‍ സ്ഥാപിതമായ, ഇനിയും സഹൂലത്തില്‍ അഫിലേയറ്റ് ചെയ്തിട്ടില്ലാത്ത ജനസേവ കോ-ഓപറേറ്റീവ് സൊസൈറ്റി 29 ശാഖകളുമായി മഹാരാഷ്ട്രയിലും മറ്റിടങ്ങളിലുമായി സ്തുത്യര്‍ഹ സേവനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് അംഗങ്ങളുള്ള ഈ സൊസൈറ്റികള്‍ ദശകോടി രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും വായ്പകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമായ വലിയൊരു വിഭാഗത്തില്‍ സമ്പാദ്യശീലം വളര്‍ത്താനും അവരുടെ തൊഴില്‍പരവും വിദ്യാഭ്യാസപരവും മറ്റുമായ ആവശ്യങ്ങള്‍ നിറവേറ്റാനും ഈ സംരംഭങ്ങള്‍ക്ക് കഴിയുന്നുണ്ട്. ഓരോ സംസ്ഥാനത്തെയും കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്‌ടോ, കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റീസ് ആക്ട് 2002 പ്രകാരമോ രജിസ്റ്റര്‍ ചെയ്ത് നിയമപരിരക്ഷ ഉറപ്പാക്കിയതാണ് ഈ സംഘങ്ങളെല്ലാം തന്നെ. 

കോഴിക്കോട് ആസ്ഥാനമായ സംഗമം മള്‍ട്ടി സ്‌റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തന മേഖല കേരള, തമിഴ്‌നാട്, പോണ്ടിച്ചേരി പ്രദേശങ്ങളാണ്. 'സംഗമ'ത്തിന് കേരളത്തില്‍ ആലുവ, കോഴിക്കോട്, ഈരാറ്റുപേട്ട എന്നീ ശാഖകള്‍ക്കു പുറമെ തമിഴ്‌നാട്ടിലെ വാണിയമ്പാടി, വിരുതുനഗര്‍, ട്രിച്ചി എന്നീ സ്ഥലങ്ങളിലും ശാഖകളുണ്ട്. 

ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായി മുശാറക, മുറാബഹ, മുളാറബ, ഇജാറ മുതലായ മിക്കവാറും എല്ലാ ഇസ്‌ലാമിക് ബാങ്കിംഗ് സേവനങ്ങളും ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ് സൊസൈറ്റികള്‍ മുഖേന ഇന്ന് ഇന്ത്യയില്‍ ലഭ്യമാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് ശക്തി പകരുന്നതിനും പലിശക്കെണിയില്‍നിന്ന് പാവപ്പെട്ടവരെ മോചിപ്പിക്കുന്നതിനുമുള്ള ഇസ്‌ലാമിക് മൈക്രോ ഫിനാന്‍സ് സൊസൈറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്. ഈ പശ്ചാത്തലത്തിലാണ് സഹൂലത്തില്‍ അഫിലിയേറ്റ് ചെയ്ത മൈക്രോ ഫിനാന്‍സ് സൊസൈറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്കു വേണ്ടി കഴിഞ്ഞ മെയ് 14, 15 തീയതികളില്‍ ദല്‍ഹിയില്‍ ഒരു വര്‍ക്‌ഷോപ്പ് സംഘടിപ്പിച്ചത്. 60-ല്‍പരം പേര്‍ പങ്കെടുത്ത വര്‍ക്‌ഷോപ്പ് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും സഹൂലത്ത് വി.പിയുമായ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സാമൂഹിക പ്രവര്‍ത്തന രംഗത്തെ നല്ലൊരു ചുവടുവെപ്പായ മൈക്രോ ഫിനാന്‍സിന്റെ പ്രാധാന്യം അംഗങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി. പലിശരഹിത മൈക്രോ ഫിനാന്‍സ് സൊസൈറ്റികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വികസന വഴിയിലെ പ്രതിബന്ധങ്ങളും സംബന്ധിച്ച് ഇന്ത്യയിലെ പ്രശസ്ത മൈക്രോ ഫിനാന്‍സ് കണ്‍സള്‍ട്ടന്റും ബാഗ്ലൂരു ആസ്ഥാനമായ 'സമ്പര്‍ക്' എന്ന എന്‍.ജി.ഒയുടെ സെക്രട്ടറിയുമായ ഡോ. സ്മിത പ്രേംചന്ദര്‍ വിശദീകരിച്ചു. സഹൂലത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച അവര്‍ അടുത്ത ഭാവിയില്‍ പലിശരഹിത മൈക്രോ ഫിനാന്‍സ് ഒരു പാന്‍ ഇന്ത്യാ സംരംഭമായി മാറുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. തുടര്‍ന്ന് നടന്ന സെഷനുകളില്‍ വിവിധ സൊസൈറ്റികളുടെ പ്രതിനിധികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. 'സംഗമ'ത്തില്‍നിന്ന് ആക്ടിംഗ് എം.ഡി മുഹമ്മദ് അശ്ഫാഖും വി.പി തുഫൈല്‍ അഹ്മദ് വാണിയമ്പാടിയും പങ്കെടുത്തു. 

രണ്ടാം ദിവസം ഏറ്റവും ശ്രദ്ധേയ പരിപാടി, ഇന്ത്യയിലെ ഏക സഹകരണ യൂനിവേഴ്‌സിറ്റിയായ 'അസം രാജീവ്ഗാന്ധി യൂനിവേഴ്‌സിറ്റി ഓഫ് കോ-ഓപറേറ്റീവ് മാനേജ്‌മെന്റ്' വൈസ് ചാന്‍സ്‌ലര്‍ ഡോ. സമാന്‍ ഐ.എ.എസിന്റേതായിരുന്നു. കൂടാതെ എം.എച്ച്. ഘട്ട്ഘട്ടെ (താസിസ്), സുഹൂലത്ത് വി.പി അര്‍ശദ് അജ്മല്‍ മുതലായവരും വിവിധ വിഷയങ്ങളില്‍ സദസ്സുമായി സംവദിച്ചു. 

അടുത്ത കാലം വരെ കേവല ബൗദ്ധിക ചര്‍ച്ചാവിഷയം മാത്രമായിരുന്ന പലിശരഹിത മൈക്രോ ഫിനാന്‍സ് ഇന്ന് യാഥാര്‍ഥ്യമായി പരിണമിച്ചുകൊണ്ടിരിക്കുകയാണ്. അത് അനുദിനം പുരോഗതിയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുകയാണ് എന്ന ഈ ആത്മവിശ്വാസം പകര്‍ന്നുകൊണ്ടാണ് വര്‍ക്‌ഷോപ്പ് സമാപിച്ചത്.  

(സഹൂലത്ത് എക്‌സി. കമ്മിറ്റി അംഗമാണ് ലേഖകന്‍)


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍