Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

സാമ്പത്തിക പ്രവര്‍ത്തനത്തിലെ സമുന്നത ലക്ഷ്യങ്ങള്‍

അശ്‌റഫ് കീഴുപറമ്പ്‌

അറേബ്യന്‍ പുരാവൃത്തങ്ങളില്‍ ഏറെ പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയാണ് ത്വയ്യിഅ് ഗോത്രക്കാരനായ ഹാതിം. ഇസ്‌ലാമിക ചരിത്രത്തില്‍ നാലാം ഖലീഫ അലി(റ)യും ഇതുപോലെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇരുവരുടെയും ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങളാണ് ചരിത്ര കൃതികളില്‍ ഇടം പിടിച്ചിരിക്കുന്നത്. ആ സംഭവങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ നാം എത്തിച്ചേരുന്ന ഒരു നിഗമനമുണ്ട്- ഹാതിം മഹാ ഔദാര്യവാനായിരുന്നു, അലി ധീരയോദ്ധാവായിരുന്നു. 'മഹാ ഔദാര്യവാന്‍', 'ധീരയോദ്ധാവ്' എന്നീ വിശേഷണങ്ങള്‍ അവര്‍ക്ക് ചരിത്രകാരന്മാര്‍ ചാര്‍ത്തി നല്‍കിയില്ലെങ്കിലും നമുക്ക് അക്കാര്യത്തില്‍ സംശയമുണ്ടാവില്ല. ഇങ്ങനെ വിവിധ സംഭവങ്ങളെ/ കാര്യങ്ങളെ (സാങ്കേതികമായി 'ജുസ്ഈ' ആയവ) ചേര്‍ത്തുവെച്ച് അടുത്തുനിന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി ഒരു പൊതു തത്ത്വ(സാങ്കേതികമായി 'കുല്ലിയ്യ്')ത്തില്‍ എത്തിച്ചേരുന്നതിനെയാണ് 'ഇസ്തിഖ്‌റാഅ്' എന്ന് പറയുന്നത്. ഫിഖ്ഹുല്‍ മഖാസ്വിദിലെ ഒരു സുപ്രധാന സംജ്ഞയാണിത്. നാല് മദ്ഹബുകളും ഇത് അംഗീകരിച്ചിട്ടുണ്ട്. വിവിധ അംശങ്ങള്‍ ചേര്‍ത്തു വെച്ച് എത്തിച്ചേരുന്ന നിഗമനം ഖണ്ഡിത(ഖത്വ്ഈ)മാണോ, ഊഹാധിഷ്ഠിത(ളന്നി)മാണോ എന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ.

'ഇസ്തിഖ്‌റാഇ'ന്റെ പ്രാധാന്യവും പ്രാമുഖ്യവും വീണ്ടെടുത്തവരില്‍ അഗ്രഗണ്യന്‍ ഇമാം ശാത്വിബി തന്നെ. അദ്ദേഹത്തിന്റെ 'അല്‍ മുവാഫഖാത്ത്' എന്ന കൃതിയില്‍ ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതിന് എല്ലാം ചേര്‍ത്തുവെച്ചുള്ള സൂക്ഷ്മമായ അന്വേഷണം അനിവാര്യമാണെന്ന് സമര്‍ഥിക്കുന്നുണ്ട്.1 അംശങ്ങള്‍(ജുസ്ഉകള്‍) അംശങ്ങളായിത്തന്നെ പരസ്പരം വേറിട്ടു നിന്നാല്‍, നിയമദാതാവായ അല്ലാഹു എന്തിനാണോ ഒരു നിയമം ഉണ്ടാക്കിയത് അതിന്റെ ആത്മാവും അന്തസ്സത്തയും നഷ്ടപ്പെടുത്താന്‍ അത് ഇടയാക്കും.

സകാത്ത് ഉദാഹരണമായിപ്പറയാം. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണിത്; നമസ്‌കാരം പോലെ, നോമ്പ് പോലെ, ഹജ്ജ് പോലെ. പക്ഷേ, കേവലം അനുഷ്ഠാനമായും ആരാധനയായും മാത്രം അതിനെ കണ്ടാല്‍ മതിയാവുകയില്ല. ഖുര്‍ആനും ഹദീസും വ്യക്തമാക്കിയതുപോലെ ദ്വിമുഖ ലക്ഷ്യമാണ് സകാത്തിനുള്ളത്. വ്യക്തിയുടെ സംസ്‌കരണവും അവന്റെ ധനത്തിന്റെ സംസ്‌കരണവും. ഇതില്‍ ആദ്യത്തേത് മനഃസംസ്‌കരണവുമായി ബന്ധപ്പെട്ടതാണ്. 'ധനത്തിന്റെ സംസ്‌കരണ'ത്തിന് വിശാലമായ സാമൂഹിക തലങ്ങളുണ്ട്. ധനികന്റെ സ്വത്തില്‍ ദരിദ്രന് അവകാശമുണ്ട് എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. ആ അവകാശം കൊടുത്തുവീട്ടുമ്പോള്‍ മാത്രമേ ഏതൊരു വ്യക്തിയുടെയും സമ്പത്ത് ശുദ്ധമാവുകയുള്ളൂ. പക്ഷേ, ആ അവകാശം എങ്ങനെയെങ്കിലും കൊടുത്തൊഴിവാക്കിയാല്‍ മതിയാവുകയില്ല. ഇസ്‌ലാം സകാത്തിന്റെ അവകാശികളായി പറഞ്ഞ അവശ വിഭാഗങ്ങളെ സാമ്പത്തികമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും ശാക്തീകരിക്കുന്നതിനും ആ സകാത്ത് വിഹിതങ്ങള്‍ ഉപകാരപ്പെടണം. പ്രമാണങ്ങളെ പുതിയ കാലത്തിന്റെ ആവശ്യങ്ങളെയും വെല്ലുവിളികളെയും മുമ്പില്‍ വെച്ച് ഇസ്തിഖ്‌റാഅ് (Exploration) നടത്തിയാല്‍ മാത്രമേ സകാത്തിന്റെ അന്തസ്സത്തയോട് നീതി പുലര്‍ത്തുന്ന ഒരു സമീപനം നമുക്ക് ഉരുത്തിരിച്ചെടുക്കാനാവൂ.

മുസ്‌ലിം സമൂഹത്തിന്റെ നൂറ്റാണ്ടുകള്‍ നീണ്ട അധഃപതന കാലത്ത് ഏറെ പരിക്കേറ്റിട്ടുണ്ട്, സച്ചരിതരായ ഖലീഫമാരുടെ കാലത്ത് ക്ഷേമ രാഷ്ട്രത്തിന്റെ അസ്തിവാരമായി നിലകൊണ്ട സകാത്ത് വ്യവസ്ഥക്ക്. റമദാന്‍ ഇരുപത്തിയേഴാം രാവിലോ മറ്റോ ധനികന്റെ വീട്ടില്‍ കൂട്ടമായെത്തുന്ന ദരിദ്രര്‍ക്ക് എറിഞ്ഞുകൊടുക്കുന്ന പിച്ചക്കാശായി അത് മനസ്സിലാക്കപ്പെട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. അത്തരം ധാരണകളൊക്കെ ഇപ്പോള്‍ ഏറക്കുറെ തിരുത്തപ്പെട്ടുകഴിഞ്ഞു. പക്ഷേ സകാത്തിന്റെ കാര്യത്തില്‍ പ്രമാണങ്ങളുടെ അക്ഷരവായനകള്‍ ഇപ്പോഴും തുടരുകയാണ്. നബിയുടെ കാലത്ത് മുഖ്യ ഭക്ഷ്യവിഭവങ്ങള്‍ക്കായിരുന്നു സകാത്ത്; നമ്മുടെ കാലത്തും അതേ നല്‍കേണ്ടതുള്ളൂ, നബി പറയാതിരുന്നതുകൊണ്ട് സേവന മേഖലകള്‍ സകാത്തിന്റെ പരിധിയില്‍ വരുന്നില്ല, ഒരാള്‍ക്ക് എത്ര ശമ്പളം കിട്ടിയാലും അയാള്‍ സകാത്ത് കൊടുക്കേണ്ടതില്ല, നബിയുടെ കാലത്ത് ഇല്ലാതിരുന്നതിനാല്‍ നാണ്യവിളകളും സകാത്തിന്റെ പരിധിക്ക് പുറത്ത്, എന്നും നഷ്ടത്തിലോടാന്‍ വിധിക്കപ്പെട്ട നെല്‍കൃഷിക്ക് മാത്രം സകാത്ത് നല്‍കിയാല്‍ മതി- ഇത്തരം പരിഹാസ്യമായ വാദമുഖങ്ങളുമായി നടക്കുന്നവര്‍ പ്രബുദ്ധ കേരളത്തില്‍ ഇപ്പോഴും എണ്ണത്തില്‍ കുറവല്ലെങ്കിലും, സകാത്തിനെക്കുറിച്ച സങ്കുചിത കാഴ്ചപ്പാടുകള്‍ ആഗോളതലത്തില്‍ വളരെയധികം തിരുത്തപ്പെട്ടുകഴിഞ്ഞു എന്ന വസ്തുത വിസ്മരിക്കാനാവില്ല.

സകാത്തിനെക്കുറിച്ച അബദ്ധധാരണകള്‍ തിരുത്തുന്നതില്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഫിഖ്ഹുസ്സകാത്ത് എന്ന പ്രകൃഷ്ട രചന വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവുകയില്ല. സകാത്തിനെക്കുറിച്ച് ഇന്നേവരെ ഇറങ്ങിയ മഖാസ്വിദീ പഠനങ്ങളില്‍ ഏറ്റവും സമഗ്രവും സമ്പൂര്‍ണവും എന്ന് വിശേഷിപ്പിക്കാവുന്ന കൃതി. 1973-ല്‍ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ അദ്ദേഹം സമര്‍പ്പിച്ച ഡോക്ടറല്‍ തിസീസാണിത്. വര്‍ഷങ്ങളുടെ അന്വേഷണവും കഠിനാധ്വാനവും അതിന് പിന്നിലുണ്ട്. 'ഇരുപതാം നൂറ്റാണ്ടിന്റെ പുസ്തകം' എന്നാണ് മൗലാനാ മൗദൂദി അതിനെ പ്രശംസിച്ചത്. 'ഇതുപോലൊന്ന് ഈ വിഷയത്തില്‍ വേറെ രചിക്കപ്പെട്ടിട്ടില്ല' എന്ന് മുഹമ്മദുല്‍ ഗസ്സാലി. ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടുള്ള സകാത്ത് ചര്‍ച്ചകളിലേക്കെല്ലാം ആ കൃതി ഇറങ്ങിച്ചെല്ലുന്നുണ്ട്. അവയില്‍ കൊള്ളേണ്ടതും തള്ളേണ്ടതും ഏതൊക്കെയെന്ന് ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ വെച്ച് അദ്ദേഹം കാട്ടിത്തരുന്നു. തന്റെ അഭിപ്രായങ്ങളും നിഗമനങ്ങളും വിവാദങ്ങള്‍ക്ക് വഴിവെക്കുമെന്ന് അറിഞ്ഞിട്ടും, തുറന്നുപറയുക എന്ന ആര്‍ജവമുള്ള നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. ഇസ്‌ലാമിക സമ്പദ്ഘടനയെക്കുറിച്ച പില്‍ക്കാല പഠനങ്ങള്‍ക്കെല്ലാം അടിസ്ഥാന റഫറന്‍സായി ഫിഖ്ഹുസ്സകാത്ത് ഇന്നും നിലകൊള്ളുന്നു. ഇസ്‌ലാമിക് ഫിനാന്‍സ്, പലിശരഹിത ബാങ്കിംഗ് പോലുള്ള വികാസങ്ങള്‍ക്കും ആ കൃതിയോട് കടപ്പാടുണ്ട്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നെങ്കില്‍ നമ്മുടെ സകാത്ത് ചര്‍ച്ചകളെ വളരെയേറെ മുന്നോട്ടു കൊണ്ടുപോകാന്‍ അതിന് സാധിക്കുമായിരുന്നു.

ഖറദാവി നല്‍കുന്ന ചില ഉദാഹരണങ്ങള്‍ നോക്കാം. സാമ്പത്തിക കാര്യങ്ങളിലെ പല നിര്‍ദേശങ്ങളും നാട്ടുനടപ്പനുസരിച്ചാണ് ഉണ്ടാവുക. നാട്ടുനടപ്പ് മാറുമ്പോള്‍ ആ നിര്‍ദേശങ്ങളിലും മാറ്റം വേണ്ടിവരും. നബിയുടെ കാലത്ത് നാണയത്തിന്റെ സകാത്ത് വെള്ളിയും സ്വര്‍ണവും വെച്ച് രണ്ട് രീതിയില്‍ കണക്കാക്കിയിരുന്നു. ഒരാള്‍ക്ക് ഇരുനൂറ് വെള്ളി നാണയങ്ങള്‍ (ദിര്‍ഹം) ഉണ്ടെങ്കില്‍ (ഏകദേശം 595 ഗ്രാം) അയാള്‍ നിശ്ചിത വിഹിതം സകാത്ത് കൊടുക്കണം. ഇരുപത് സ്വര്‍ണ നാണയങ്ങള്‍ (ദീനാര്‍) ഉണ്ടെങ്കിലും (ഏകദേശം 85 ഗ്രാം) അയാള്‍ സകാത്ത് കൊടുക്കാന്‍ അര്‍ഹനായിത്തീരുന്നു. അന്നത്തെ വിനിമയ നിരക്കനുസരിച്ച് ഒരു ദീനാര്‍ എന്നാല്‍ പത്ത് ദിര്‍ഹമാണ്. അത് ഹദീസില്‍ വിശദീകരിക്കപ്പെട്ടതുമാണ്.

ഇവിടെ പ്രവാചകന്‍ സകാത്ത് നിര്‍ബന്ധമാകുന്ന രണ്ട് പരിധികള്‍ (നിസ്വാബ്) നിശ്ചയിച്ചുവെന്നാണ് തോന്നുക. യഥാര്‍ഥത്തില്‍ അങ്ങനെയല്ല. ഒരൊറ്റ നിസ്വാബേ വെച്ചിട്ടുള്ളൂ. നബിയുടെ കാലത്ത് അറബികള്‍ക്ക് സ്വന്തമായ നാണയ വ്യവസ്ഥ ഉണ്ടായിരുന്നില്ല. അതിനാലവര്‍ വെള്ളി ദിര്‍ഹമിനെയും സ്വര്‍ണ ദീനാറിനെയും ആശ്രയിച്ചു. വെള്ളിദിര്‍ഹം പേര്‍ഷ്യക്കാരുടേതും സ്വര്‍ണ ദീനാര്‍ ബൈസാന്റിയന്‍ റോമക്കാരുടേതുമായിരുന്നു. ഇടപാടുകളില്‍ അധികമായി ഉപയോഗിച്ചിരുന്നത് ദിര്‍ഹമായിരുന്നു. ദീനാര്‍ വളരെക്കുറഞ്ഞ അളവിലേ ഉണ്ടായിരുന്നുള്ളൂ. ആളുകളുടെ കൈവശം രണ്ടു തരം നാണയങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഏതെങ്കിലുമൊരു നാണയം വെച്ച് സകാത്ത് പരിധി നിശ്ചയിക്കാനാവുമായിരുന്നില്ല. അതുകൊണ്ടാണ് മൂല്യത്തില്‍ ഇരു നാണയങ്ങളും തുല്യമാവുന്ന രണ്ട് വ്യത്യസ്ത അളവുകള്‍ (200 ദിര്‍ഹം, 20 ദീനാര്‍) വെച്ചത്.

ഇപ്പോള്‍ അതാണോ സ്ഥിതി? സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിയുടെ വില വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. 85 ഗ്രാം സ്വര്‍ണവും 595 ഗ്രാം വെള്ളിയും തമ്മിലുള്ള വിലയിലെ വ്യത്യാസം പത്തിരട്ടിയെങ്കിലും വരും. അതിനാല്‍ വെള്ളിക്കണക്ക് വെച്ച് ഇപ്പോള്‍ സകാത്ത് ബാധകമാവുന്ന പരിധി നിശ്ചയിക്കാനാവില്ല. സ്വര്‍ണം വെച്ച് കണക്കാക്കുമ്പോഴേ അത് നീതിപൂര്‍വകമാവുകയുള്ളൂ. മുഹമ്മദ് അബൂസഹ്‌റ, അബ്ദുല്‍ വഹാബ് ഖല്ലാഫ്, അബ്ദുര്‍റഹ്മാന്‍ ഹസന്‍ തുടങ്ങിയ നിരവധി ആധുനിക പണ്ഡിതന്മാര്‍ ഇത് ശരിവെച്ചിട്ടുണ്ട്.2 ഇവിടെ, പ്രമാണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ രണ്ട് അളവുകോലുകള്‍ ഉണ്ടെങ്കിലും, ചരിത്രവും സന്ദര്‍ഭവും പരിഗണിക്കുമ്പോള്‍ നിവൃത്തിയില്ലാതെയാണ് പ്രവാചകന്‍ രണ്ട് രീതികള്‍ നിര്‍ദേശിച്ചതെന്നും ഇന്നത്തെ കാലത്ത് അത് ഒന്നാക്കി ചുരുക്കുകയാണ് വേണ്ടതെന്നും വ്യക്തമാവും.

 

കറന്‍സിക്ക് ബാധകമല്ലെന്ന്!

ലബനാനില്‍ അഹ്ബാശ് എന്നൊരു വിഭാഗമുണ്ട്. അബ്ദുല്ല ഹബശി അല്‍ഹററി എന്ന ഒരാളുടെ അനുയായികള്‍. അവര്‍ പറയുന്നത് ഇതാണ്: ഇന്ന് നാം കൈകാര്യം ചെയ്യുന്ന കറന്‍സികള്‍ ഖുര്‍ആനിലും സുന്നത്തിലും വന്നിട്ടുള്ള നിയമാനുസൃത നാണയങ്ങളല്ല. അതിനാല്‍ കറന്‍സിക്ക് സകാത്ത് കൊടുക്കേണ്ടതില്ല! അത് വെച്ച് പലിശ ഇടപാട് നടത്തിയാല്‍ അതും ഹലാല്‍! സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നാണയങ്ങള്‍ ഉണ്ടെങ്കിലേ ഇപ്പറഞ്ഞ ആജ്ഞാ നിരോധങ്ങളൊക്കെ ബാധകമാവൂ. നിങ്ങളുടെ കൈവശം ബില്യന്‍ കണക്കിന് ഡോളറുകള്‍ വന്നുചേര്‍ന്നാലും വര്‍ഷം തികയുമ്പോള്‍ അതിന് സകാത്തൊന്നും കൊടുക്കണ്ട. വേണമെങ്കില്‍ ആ തുക പരമ്പരാഗത ബാങ്കുകളില്‍ നിക്ഷേപിച്ച് വലിയൊരു തുക പലിശ മേടിക്കുകയും ചെയ്യാം.

അക്ഷരവായനക്ക് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേറെ കിട്ടാനില്ല. ഹദീസിലെ പദങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ സകാത്ത് നിഷേധിക്കുക മാത്രമല്ല, പലിശ അനുവദിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ ചെറിയ ന്യൂനപക്ഷമാണെന്ന് സമ്മതിക്കാം. ബഹുഭൂരിപക്ഷവും ഇത്തരം അതിവാദങ്ങളെ തള്ളിക്കളയുന്നുണ്ട്. പക്ഷേ, ഇത്രക്ക് കടന്നുപറയുന്നില്ലെങ്കിലും നവ ളാഹിരികളുടെ പല നിലപാടുകളിലും സകാത്തിന്റെ അന്തസ്സത്തക്ക് പോറലേല്‍പിക്കുന്ന രീതികള്‍ കണ്ടെത്താനാവും.

 

സകാത്തിന്റെ ലക്ഷ്യങ്ങള്‍

സകാത്ത് നല്‍കുന്നവരുണ്ട്, അത് സ്വീകരിക്കുന്നവരുണ്ട്, ഈ രണ്ട് വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പൊതു സമൂഹമുണ്ട്. ഇവരെ മുമ്പില്‍ വെച്ച് ഡോ. ഖറദാവി സകാത്തിന്റെ യുക്തിയും ലക്ഷ്യവും വിവരിക്കുന്നു: ''നാണയങ്ങളുടെ/ കറന്‍സികളുടെ ദൗത്യം ചലിക്കുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുക എന്നതാണ്. വ്യവഹാരത്തിലേര്‍പ്പെടുന്നവര്‍ക്കൊക്കെ അതിന്റെ പ്രയോജനം ലഭിക്കണം. ഇനി പണം തടഞ്ഞുവെക്കുകയും പൂഴ്ത്തിവെക്കുകയുമാണെന്ന് കരുതുക. അത് തൊഴില്‍ മാന്ദ്യത്തിലേക്കും പിന്നീട് തൊഴിലില്ലായ്മയിലേക്കും കൊണ്ടെത്തിക്കും. അതോടെ കമ്പോളങ്ങള്‍ ചത്ത നിലയിലാവും. മൊത്തം സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും അത് അവതാളത്തിലാക്കും.''3 സകാത്ത് അതിന്റെ ദായകനില്‍ ചെലുത്തുന്ന സ്വാധീനം തുടര്‍ന്ന് വിവരിക്കുന്നു. ''പിശുക്കില്‍നിന്ന് മനസ്സിനെ ശുദ്ധി ചെയ്‌തെടുക്കുന്നു... ചെലവഴിക്കാനുള്ള പരിശീലനം നല്‍കുന്നു... ദൈവിക ഗുണങ്ങള്‍ ആര്‍ജിക്കാനും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി കാണിക്കാനും അവസരമൊരുക്കുന്നു. ദുന്‍യാ സ്‌നേഹത്തില്‍നിന്ന് മനസ്സിനെ മോചിപ്പിക്കുന്നു. ധനത്തെ ശുദ്ധീകരിക്കുന്നതോടൊപ്പം അതിനെ പല നിലയില്‍ വളര്‍ത്തുന്നു. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നു. സകാത്ത് സ്വീകരിക്കുന്നവനാകട്ടെ തന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനും പണക്കാരോടുള്ള വിദ്വേഷത്തില്‍നിന്നും അസൂയയില്‍നിന്നും സ്വന്തം മനസ്സിനെ ശുദ്ധീകരിക്കാനും കഴിയുന്നു. സകാത്ത് വഴി ഏറ്റവും ഭദ്രമായ സാമൂഹിക സുരക്ഷിതത്വം സംജാതമാവുകയും ഇസ്‌ലാമിക സമൂഹത്തിന് അതിന്റെ മൂല്യസംഹിത പ്രതിഫലിപ്പിക്കുന്ന മികച്ച മാതൃകകള്‍ അവതരിപ്പിക്കാന്‍ സാധ്യമാവുകയും ചെയ്യുന്നു.'' 4

സകാത്തിന്റെ സമുന്നത ലക്ഷ്യങ്ങളില്‍ ആദ്യത്തേത് സാമൂഹിക നീതിയാണെന്നും അദ്ദേഹം അടിവരയിടുന്നുണ്ട്. ''സാമൂഹിക നീതി പുലരണമെങ്കില്‍ സമ്പത്ത് വിതരണം ചെയ്യപ്പെടണം. ഒരു ചെറിയ വിഭാഗം എല്ലാ സാമ്പത്തിക സുഖസൗകര്യങ്ങളും അനുഭവിക്കുകയും ബാക്കിയുള്ള വിഭാഗങ്ങളൊക്കെ അതില്‍നിന്ന് തടയപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. എന്നല്ല, സമൂഹത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളുടെ ആദ്യ ഉപഭോക്താക്കള്‍ ദുര്‍ബല വിഭാഗങ്ങള്‍ ആയിരിക്കുകയും വേണം. അത് എണ്ണയില്‍നിന്നും പ്രകൃതിവാതകങ്ങളില്‍നിന്നും മറ്റുമുള്ള വരുമാനമായിരുന്നാല്‍ പോലും. 'പണം നിങ്ങളുടെ ധനികര്‍ക്കിടയില്‍ ചുറ്റിക്കറങ്ങാതിരിക്കാന്‍' എന്ന് ഖുര്‍ആന്‍ പറഞ്ഞതിന്റെ അര്‍ഥമതാണ്. വിദ്യാഭ്യാസം, തൊഴില്‍, സമ്പാദ്യം തുടങ്ങിയ സര്‍വ മേഖലകളിലും ദുര്‍ബല വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ തുറന്നു കൊടുക്കുക എന്നതും അതിന്റെ താല്‍പര്യമാണ്.''5 

 

സമ്പദ് ഘടനയുടെ പ്രാധാന്യം

ഇസ്‌ലാമില്‍ സമ്പദ്ഘടനയുടെ ലക്ഷ്യം ഭൂമിയുടെ പരിപാലനവും വികസനവുമാണ്.6 ഭൂമിയുടെ പരിപാലനം (ഇമാറതുല്‍ അര്‍ദ്) എന്ന പ്രയോഗം ചില മനുഷ്യ പ്രവൃത്തികളിലേക്ക് മാത്രമായി ചുരുക്കാന്‍ കഴിയില്ല. ആദര്‍ശ പ്രബോധനം, അവശര്‍ക്കും ദുര്‍ബലര്‍ക്കും വേണ്ടിയുള്ള പോരാട്ടം, നീതിയുടെ സംസ്ഥാപനം, സുരക്ഷയും സമാധാനവും ഉറപ്പുവരുത്തല്‍ ഇതൊക്കെ സാക്ഷാത്കരിക്കാന്‍ ഉതകുന്ന വിധത്തില്‍ കൃഷിയും വ്യവസായങ്ങളും മറ്റു സാമ്പത്തിക പ്രവര്‍ത്തനങ്ങളും- നാം നേരത്തേ അത്യാവശ്യങ്ങള്‍ (ദറൂരിയ്യാത്ത്) ആയി എണ്ണിയ 'ധനത്തിന്റെ സംരക്ഷണം' എന്ന പ്രയോഗത്തിന്റെ വിവക്ഷ ഇതൊക്കെയാണ്. സമ്പദ്ഘടന സംരക്ഷിക്കപ്പെട്ടെങ്കില്‍ മാത്രമേ മനുഷ്യജീവന്‍ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂ. 'ജീവന്റെ സംരക്ഷണവും' അപ്പോള്‍ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങളിലൊന്നായിത്തീരുന്നു.

സാമ്പത്തിക പ്രവര്‍ത്തനത്തിലെ സമുന്നത ലക്ഷ്യങ്ങളെ നമുക്ക് ഇങ്ങനെ സംഗ്രഹിക്കാം:

എ) വ്യവസായവത്കരണത്തിന് സ്വന്തമായ രീതികളുണ്ടാവണം. വികസന കാര്യത്തില്‍ പാശ്ചാത്യരെ അന്ധമായി അനുകരിക്കരുത്. 'നല്ല ശക്തിയുള്ളതും (ബഅ്‌സുന്‍ ശദീദ്) ജനങ്ങള്‍ക്ക് പ്രയോജനമുള്ളതും' (അല്‍ഹദീദ് 25) എന്നതാവണം തത്ത്വം. ഘന വ്യവസായങ്ങളും മറ്റും അത്യാവശ്യം തന്നെ. പക്ഷേ അത് പാരിസ്ഥിതിക നാശത്തിന് ഇടവരുത്തുന്നതോ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നതോ ആവരുത്.

ബി) ആഗോള മൂലധനത്തിന്റെ നീരാളിപ്പിടിത്തത്തിലാണ് ഇന്ന് ലോകം. കോര്‍പറേറ്റുകളുടെ മുതല്‍മുടക്ക് വര്‍ധിക്കുന്നതിനനുസരിച്ച് ദുര്‍ബല വിഭാഗങ്ങള്‍ കൂടുതല്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും അവര്‍ക്ക് ജീവിതാവശ്യങ്ങള്‍ തടയപ്പെടുകയുമാണ്. മുതല്‍മുടക്കിന്റെ പുതിയൊരു രീതി സമര്‍പ്പിക്കാന്‍ കഴിയണം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയവ എല്ലാവര്‍ക്കും ലഭ്യമാവുന്ന ഒരു വികസന കാഴ്ചപ്പാടായിരിക്കും ഈ മൂലധന നിക്ഷേപം മുന്നോട്ടുവെക്കുക.

സി) നീതി പുലരുന്ന സാമൂഹിക ക്രമത്തിനു വേണ്ടി യത്‌നിക്കുക.

ഡി) മനുഷ്യനിലെ നന്മയോടുള്ള ആഭിമുഖ്യങ്ങളെ പുറത്തുകൊണ്ടുവരാന്‍ സഹായകമാവണം. ഇഹ്‌സാന്‍ എന്നാണ് ഖുര്‍ആന്‍ അതിനെ വിളിക്കുന്നത്. ഇഹ്‌സാനെയും അദ്‌ലി(നീതി)നെയും ചേര്‍ത്താണ് അല്ലാഹു പറഞ്ഞിരിക്കുന്നത്.

ഇ) ഏതൊരു സാമ്പത്തിക പ്രവര്‍ത്തനവും ലക്ഷ്യം നേടണമെങ്കില്‍ അതിന്റെ വക്താക്കള്‍ക്ക് അടിയുറച്ച ദൈവ വിശ്വാസവും ജീവിത സൂക്ഷ്മതയും അനിവാര്യമാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍അഅ്‌റാഫ് 96, നൂഹ് 10-12).7

ഡോ. നജാത്തുല്ല സിദ്ദീഖി തന്റെ 'മഖാസ്വിദെ ശരീഅ' എന്ന പുസ്തകത്തില്‍ മലേഷ്യയിലെ ഒരു പണ്ഡിത സമിതിയുടെ ഫത്‌വ ഉദ്ധരിക്കുന്നുണ്ട്. പത്തു മുപ്പത് കൊല്ലം മുമ്പുള്ള ഫത്‌വയാണ്. അനിവാര്യ സാഹചര്യങ്ങളില്‍ ബാങ്കുമായുള്ള പലിശയിടപാടുകള്‍ ആവാം എന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. അതേ പണ്ഡിത സമിതി ബാങ്കുകളുമായുള്ള ഒരു പലിശയിടപാടും ഒരു സാഹചര്യത്തിലും പാടില്ല എന്നും പിന്നീട് ഫത്‌വ നല്‍കി. കാരണം, മലേഷ്യയില്‍ ഇപ്പോള്‍ എല്ലായിടത്തും പലിശരഹിത ബാങ്കുകളുടെ സേവനം ലഭ്യമാണ്. അതിനാല്‍ പലിശ ഇടപാടുകള്‍ നടത്തേണ്ട നിര്‍ബന്ധിത സാഹചര്യം മലേഷ്യയില്‍ ഒരിടത്തുമില്ല. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ബ്രിട്ടനിലും വിദൂരമല്ലാത്ത ഭാവിയില്‍ ഇങ്ങനെയൊരു സാഹചര്യം രൂപപ്പെട്ടേക്കും. ഏതായാലും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പുതിയ സാമ്പത്തിക പഠനങ്ങളും അന്വേഷണങ്ങളും നന്മയുടെ വഴിയില്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. 

(തുടരും)

കുറിപ്പുകള്‍

1. ഇമാം ശാത്വിബി-അല്‍ മുവാഫഖാത്ത് 1/36

2. യൂസുഫുല്‍ ഖറദാവി- ദിറാസതുന്‍ ഫീ ഫിഖ്ഹി മഖാസ്വിദിശ്ശരീഅ പേജ് 164,165

3. ഖറദാവി- ഫിഖ്ഹുസ്സകാത്ത്, പേജ് 242

4. അതേ പുസ്തകം, പേജ് 884

5. ഖറദാവി- ദൗറുല്‍ ഖിയമി വല്‍ അഖ്‌ലാഖ് ഫില്‍ ഇഖ്തിസ്വാദില്‍ ഇസ്‌ലാമി, പേജ് 14,15

6. സൂറ ഹൂദ് 61

7. ഡോ. മിഹ്മാദ് റഫീഅ്- അല്‍ ബിനാഉല്‍ മഖാസ്വിദിലില്‍ ബഅ്‌സില്‍ ഇല്‍മി ഫില്‍ ഇഖ്തിസ്വാദില്‍ ഇസ്‌ലാമി 255-272


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍