Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

സകാത്തിന്റെ അടിസ്ഥാനങ്ങള്‍

വി.കെ അലി

സകാത്തിന്റെ അവകാശികള്‍ ആരൊക്കെയെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ''ഈ നിര്‍ബന്ധ ദാനങ്ങള്‍ (സകാത്ത്) വാസ്തവത്തില്‍ പാവങ്ങള്‍, അഗതികള്‍, സകാത്തു ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവര്‍ക്കും, അടിമത്തമോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവികമാര്‍ഗത്തിനും വഴിപോക്കനെ സേവിക്കുന്നതിനും മാത്രമുള്ളതാകുന്നു. ഇത് അല്ലാഹു നിര്‍ദേശിച്ച ഒരു കടമയാകുന്നു. അല്ലാഹു സകലതും അറിയുന്നവനും യുക്തിമാനുമല്ലോ'' (അത്തൗബ 60).

മറ്റൊരു സൂക്തത്തില്‍ ഇങ്ങനെ കാണാം: ''നീ അവരുടെ സമ്പത്തില്‍നിന്ന് ധര്‍മം വസൂല്‍ചെയ്ത് അവരെ ശുദ്ധീകരിക്കുകയും(ന•യുടെ മാര്‍ഗത്തില്‍) വളര്‍ത്തുകയും ചെയ്യുക'' (അത്തൗബ 103)

നബി (സ) നേരിട്ടും പ്രതിനിധികളെ അയച്ചും സകാത്ത് ശേഖരിച്ചിരുന്നു. സകാത്ത് നല്‍കല്‍ ഒരാള്‍ മുസ്‌ലിമായി എന്നതിന്റെ അടയാളമാണ്. അല്ലാഹു പറയുന്നു: ''ആളുകള്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് കൊടുക്കുകയുമാണെങ്കില്‍, അവര്‍ മുസ്‌ലിംകളാണെന്ന് അംഗീകരിക്കുകയും അവരോട് ശത്രുതാപരമായ നിലപാട്, അല്ലെങ്കില്‍ യുദ്ധനടപടികള്‍ സ്വീകരിക്കുന്നത് നിങ്ങള്‍ ഒഴിവാക്കുകയും വേണം'' (അത്തൗബ 5). മുര്‍ത്തദ്ദുകളോട് യുദ്ധം ചെയ്യാനുള്ള പ്രമാണമായി അബൂബക്ര്‍(റ) സ്വീകരിച്ചത് ഈ സൂക്തമാണ്. ഇസ്‌ലാമിനെ ഒരു നിലക്കും അംഗീകരിക്കില്ല എന്ന വാദം അവര്‍ക്കുണ്ടായിരുന്നില്ല. പ്രവാചകന്റെ കാലശേഷം സകാത്ത് നല്‍കേണ്ടതില്ല, അതിനാല്‍ അതിന്  ഞങ്ങള്‍ സന്നദ്ധരല്ല എന്നതായിരുന്നു അവരുടെ നിലപാട്. എന്നാല്‍ നമസ്‌കാരം മതി, സകാത്ത് വേണ്ട എന്ന ഈ നിലപാട് സ്വീകാര്യമല്ല, അവരോട് കര്‍ക്കശ നടപടി സ്വീകരിച്ചേ പറ്റൂ എന്നതായിരുന്നു ഖലീഫ അബൂബക്‌റിന്റെ വീക്ഷണം.

പല സന്ദര്‍ഭത്തിലും സകാത്ത് നല്‍കേണ്ടതിന്റെ അനിവാര്യത പ്രവാചകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ളമാമുബ്‌നു സഅ്‌ലബ പ്രവാചകനോട് ഇസ്‌ലാമിലെ ഓരോ കാര്യങ്ങളെ കുറിച്ചും ചോദിക്കുന്ന കൂട്ടത്തില്‍ സകാത്തിനെ കുറിച്ചും ചോദിച്ചു.  അല്ലാഹു തന്നെയാണോ സമ്പന്നരില്‍നിന്ന് സകാത്ത് ഈടാക്കണമെന്നും ദരിദ്രര്‍ക്ക് അത് വിതരണം ചെയ്യണമെന്നും താങ്കളോട് കല്‍പിച്ചത് എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് 'അതെ' എന്നായിരുന്നു പ്രവാചകന്റെ മറുപടി (ബുഖാരി, മുസ്‌ലിം).  

മുആദുബ്‌നു ജബലിനെ യമനിലേക്കയച്ചപ്പോള്‍ നബി പറഞ്ഞു: ''വേദക്കാരായ ഒരു സമൂഹത്തിന്റെ അടുത്തേക്കാണ് താങ്കള്‍ പോകുന്നത്. അവരെ ആദ്യം ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന് പഠിപ്പിക്കണം. അത് അവര്‍ അംഗീകരിച്ചാല്‍ അവര്‍ക്ക് അഞ്ചു നേരത്തെ നമസ്‌കാരം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് പഠിപ്പിക്കണം. അതും അംഗീകരിച്ചാല്‍ അല്ലാഹു അവര്‍ക്ക് സകാത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നു, അത് അവരിലെ സമ്പന്നരില്‍നിന്ന് വാങ്ങി ദരിദ്രര്‍ക്ക് വിതരണം ചെയ്യണം എന്ന് പഠിപ്പിക്കണം'' (ബുഖാരി, മുസ്‌ലിം).

ഇപ്രകാരം സകാത്ത് ഐഛികമല്ല, ഇസ്‌ലാമിക സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ അനിവാര്യമായും നിര്‍വഹിക്കപ്പെടേണ്ട ഒന്നാണത് എന്ന കാര്യം ഖുര്‍ആനും സുന്നത്തും സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കുന്നു.

സമ്പന്നത(ഗിന)യാണ് സകാത്ത് നല്‍കാന്‍ ബാധ്യസ്ഥമാവുന്ന അടിസ്ഥാന മാനദണ്ഡം. ചില പ്രത്യേക സമ്പത്തുള്ളവര്‍ മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ, അവയല്ലാത്ത സമ്പത്ത് എത്രയുണ്ടായാലും സകാത്ത് നല്‍കേണ്ടതില്ല എന്ന സമീപനം പ്രമാണങ്ങള്‍ക്ക് നിരക്കുന്നതല്ല. വളരെ പരിമിതമായ വസ്തുക്കള്‍ക്കേ സകാത്തുള്ളൂ എന്ന വാദമുള്ളവരുണ്ട്. കറന്‍സിക്ക് സകാത്തില്ല എന്ന വാദം ഉദാഹരണം. കാര്‍ഷികവിളകളില്‍ ഗോതമ്പ്, ബാര്‍ലി, കാരക്ക, ഉണക്ക മുന്തിരി എന്നീ നാല് ഇനങ്ങള്‍ക്കേ സകാത്തുള്ളൂ എന്ന് ഹദീസ് ഉദ്ധരിച്ച് ചിലര്‍ വാദിക്കുന്നു. ഇത് ളാഹിരികളുടെ മാത്രം അഭിപ്രായമാണ്. മദ്ഹബിന്റെ ഇമാമുകള്‍ക്കൊന്നും അങ്ങനെയൊരു വീക്ഷണമില്ല. മുഖ്യ ആഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായ വിളകള്‍ക്കേ സകാത്ത് നല്‍കേണ്ടതുള്ളൂ എന്നാണ് ശാഫിഈ മദ്ഹബ്.  നബി(സ) സകാത്ത് വാങ്ങിയ വിളകള്‍ക്ക് സമാനമായ സ്വഭാവമുള്ളവക്കെല്ലാം സകാത്ത് ബാധകമാവും എന്നര്‍ഥം. ഈ വീക്ഷണപ്രകാരം നെല്ലിന് സകാത്തുണ്ട് എന്ന് ശാഫിഈ മദ്ഹബ് സമ്മതിക്കുന്നു. അതേസമയം നമ്മുടെ നാട്ടിലെ റബര്‍, തേങ്ങ, പഴങ്ങള്‍ തുടങ്ങിയ പല കാര്‍ഷിക വിളകള്‍ക്കും അവരുടെ വീക്ഷണത്തില്‍ സകാത്ത് നല്‍കേണ്ടതില്ല. 

അഹ്മദുബ്‌നു ഹമ്പലിന്റെ വീക്ഷണപ്രകാരം കാര്‍ഷികോല്‍പന്നങ്ങളില്‍ ഉണക്കി സൂക്ഷിക്കാന്‍ പറ്റുന്നതും അളക്കാനും തൂക്കാനും സാധിക്കുന്നതുമായ വസ്തുക്കള്‍ക്ക് മാത്രമേ സകാത്ത് നല്‍കേണ്ടതുള്ളൂ.

പ്രമാണങ്ങളോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത് എല്ലാതരം കാര്‍ഷിക വിളകള്‍ക്കും സകാത്തുണ്ട് എന്ന ഇമാം അബൂഹനീഫയുടെ വീക്ഷണമാണ്. എന്നാല്‍ ഇവക്കൊന്നും നിസ്വാബ് തികയണമെന്നില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായം സ്വീകരിക്കാന്‍ പ്രയാസമാണ്. ഖുര്‍ആനിലെ പരാമര്‍ശത്തോട് നീതിപുലര്‍ത്തുന്ന നിലപാടാണ് അബൂഹനീഫയുടേത്. ഖുര്‍ആന്‍ പറയുന്നു: ''പന്തലില്‍ പടര്‍ത്തപ്പെടുന്നതും അല്ലാത്തതുമായ പലതരം തോട്ടങ്ങളും മുന്തിരിത്തോപ്പുകളും ഈത്തപ്പഴത്തോട്ടങ്ങളും ഉണ്ടാക്കിയത് അല്ലാഹു മാത്രമാകുന്നു-പലതരം ആഹാരങ്ങള്‍ ലഭിക്കുന്ന വിളകളുണ്ടാക്കിയതും; രൂപത്തില്‍ സാദൃശ്യമുള്ളതും രുചിയില്‍ വ്യത്യാസമുള്ളതുമായ ഫലങ്ങളുണ്ടാകുന്ന ഒലിവിന്റെയും റുമ്മാന്റെയും വൃക്ഷങ്ങളുണ്ടാക്കിയതും. അവ കായ്ക്കുമ്പോള്‍ ഫലങ്ങള്‍ ഭുജിച്ചുകൊള്ളുവിന്‍. അവയുടെ കൊയ്ത്തു(വിളവെടുപ്പ്)കാലത്ത് അല്ലാഹുവിന്റെ അവകാശം കൊടുക്കുകയും ചെയ്യുവിന്‍'' (അല്‍അന്‍ആം 141). കാര്‍ഷികോല്‍പന്നങ്ങളില്‍ ഏതെങ്കിലും നിശ്ചിത വസ്തുക്കള്‍ക്കേ സകാത്തുള്ളൂ എന്ന് പറയുമ്പോള്‍ അത് അത്തരം കാര്‍ഷികമേഖലയില്‍നിന്ന് ആളുകള്‍ പിന്തിരിയാന്‍ ഇടയാക്കുകയും അതുമുഖേന സമൂഹത്തില്‍ വലിയ പ്രതിസന്ധി രൂപപ്പെടുകയും ചെയ്യും.

ഓരോന്നിനും സകാത്ത് നിര്‍ബന്ധമാവുന്നതിന് ഇസ്‌ലാം മിനിമം തോത് (നിസ്വാബ്) നിശ്ചയിച്ചിട്ടുണ്ട്. ആ തോത് ഉണ്ടാവുമ്പോഴാണ് ഒരാള്‍ ഗനിയ്യ് (സമ്പന്നന്‍) ആണെന്ന് പറയാന്‍ കഴിയുക. അതേസമയം മിതമായ രീതിയില്‍ ജീവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങള്‍ (ഭക്ഷണം, വസ്ത്രം, തൊഴിലുപകരണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ചികിത്സ) പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ലാത്തവന്‍ ഗനിയ്യ് എന്ന വിഭാഗത്തില്‍ പെടുകയില്ല. അവന്റെ കൈവശമുള്ള ഏതെങ്കിലും വസ്തുവിന് നിസ്വാബ് എത്തി എന്നതുകൊണ്ടുമാത്രം അയാള്‍ സകാത്ത് നല്‍കാന്‍ ബാധ്യസ്ഥനാവുകയില്ല. അടിസ്ഥാനാവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ള സമ്പത്തില്‍ നിസ്വാബ് പൂര്‍ത്തിയാവുമ്പോഴാണ് സകാത്ത് നല്‍കേണ്ടത്. അടിസ്ഥാനാവശ്യങ്ങളുടെ ചെലവ് കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

വര്‍ഷം (ഹൗല്‍) പൂര്‍ത്തിയാവുക എന്നതൊരു ഉപാധിയായി പലരും പറയാറുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ വിളവെടുക്കുമ്പോള്‍ സകാത്ത് നല്‍കണം, ഒരിക്കല്‍ സകാത്ത് കൊടുത്ത ഒരു ധനത്തിന് ഒരു വര്‍ഷം കഴിയുമ്പോഴേ വീണ്ടും സകാത്ത് ബാധകമാവുകയുളളൂ, ഒരാള്‍ ഒരു കച്ചവടം തുടങ്ങിയാല്‍ ഒരു വര്‍ഷം കഴിഞ്ഞ ശേഷം കണക്കെടുപ്പ് നടത്തിയിട്ടേ സകാത്ത് കൊടുക്കേണ്ടതുള്ളൂ എന്നീ കാര്യങ്ങളിലൊന്നും അഭിപ്രായവ്യത്യാസമില്ല. അതേസമയം സ്വര്‍ണം, വെള്ളി, നാണയം/കറന്‍സി എന്നിവ നിസ്വാബ് തികഞ്ഞ നിലയില്‍ ഒരാളുടെ കൈവശം വന്നുചേര്‍ന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞ ശേഷമാണോ സകാത്ത് നല്‍കേണ്ടത്, അതല്ല തത്സമയം തന്നെ സകാത്ത് നല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വ്യത്യസ്ത വീക്ഷണങ്ങള്‍ കാണാം. ഒരു വര്‍ഷം കഴിഞ്ഞ് സകാത്ത് നല്‍കിയാല്‍ മതി എന്നാണ് ഭൂരിപക്ഷം പണ്ഡിതരുടെയും വീക്ഷണം. ഇത് ശരിയല്ല. ഇതിന് ഉപോദ്ബലകമായി ഉദ്ധരിക്കപ്പെടുന്ന രിവായത്ത് പ്രമാണയോഗ്യമല്ല.  (ദാറുഖുത്‌നി, ബൈഹഖി) എന്നതാണ് വര്‍ഷം പൂര്‍ത്തിയാവണം എന്നതിന് തെളിവായി ഉദ്ധരിക്കാറുള്ളത്. ഇതിന്റെ സനദിലുള്ള ഇസ്മാഈലുബ്‌നു അയ്യാശ് ദുര്‍ബലനാണ്, അതിനാല്‍ രിവായത്ത് സ്വീകാര്യമല്ല.

നിസ്വാബ് തികഞ്ഞ പണം ഒരാളുടെ ഉടമസ്ഥതയിലെത്തുകയും ഒരു വര്‍ഷം അത് അയാളുടെ കൈവശമുണ്ടാവുകയും ചെയ്താലേ സകാത്ത് ബാധകമാവുകയുള്ളൂ എന്ന് പറഞ്ഞാല്‍ ബഹുഭൂരിപക്ഷം സമ്പന്നരും സകാത്തില്‍നിന്ന് ഒഴിവാവുകയായിരിക്കും ഫലം. കാരണം ഒരേ സമ്പത്ത് ഒരു വര്‍ഷമോ അതിലപ്പുറമോ കാലം യാതൊരു ക്രയവിക്രയവും കൂടാതെ സൂക്ഷിക്കുന്നവര്‍ വളരെ വിരളമായിരിക്കും.

എപ്പോഴാണോ ഒരാള്‍ സമ്പന്നനാവുന്നത് അപ്പോള്‍ സകാത്ത് കൊടുക്കണം എന്നാണ് ഇബ്‌നു അബ്ബാസ്, മുആവിയ, ഇബ്‌നു മസ്ഊദ് എന്നിവരുടെ പക്ഷം. ആധുനിക കാലത്തെ പല പണ്ഡിത•ാരുടെയും നിലപാട് ഇതുതന്നെയാണ്. ഇതാണ് കൂടുതല്‍ യുക്തിസഹവും സകാത്തിന്റെ ചൈതന്യത്തോട് അടുത്തു നില്‍ക്കുന്നതും. ഉപരിസൂചിത രിവായത്ത് പ്രബലമാണെങ്കില്‍തന്നെ ഒരിക്കല്‍ സകാത്ത് കൊടുത്ത സമ്പത്തിന് പിന്നീട് ഒരു വര്‍ഷം കഴിഞ്ഞിട്ടേ സകാത്ത് ബാധകമാവുകയുള്ളൂ എന്നാണ് ചില പണ്ഡിതന്മാര്‍ അതിനെ വ്യാഖ്യാനിക്കുന്നത്. ഇതാണ് സ്വീകാര്യമായ നിലപാട്. 


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍