Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

മുഹമ്മദലി ക്ലേയിലെ പ്രബോധകന്‍

മുനീര്‍ മുഹമ്മദ് റഫീഖ്‌

1977 - ഇംഗ്ലണ്ടിലെ ന്യൂ കാസ്റ്റില്‍ നഗരത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഒരു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഒരു ടെലിവിഷന്‍ ഷോ നടക്കുകയാണ്. ടെലിവിഷന്‍ ഷോകള്‍ക്ക് പ്രചാരം ലഭിച്ചുവരുന്ന കാലം, വിശിഷ്യാ രാഷ്ട്രീയാധിഷ്ടിത വാര്‍ത്താ പരിപാടികള്‍ക്ക്. സദസ്സ് ആബാലവൃദ്ധം ജനങ്ങളാല്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു. എക്കാലത്തെയും മികച്ച ടോക് ഷോ അവതാരകരില്‍ ഒരാളായ, നിരവധി സെലിബ്രിറ്റികളെയും രാഷ്ട്രനായകരെയും ഉത്തരം മുട്ടിച്ച മൈക്കിള്‍ പാര്‍കിന്‍സന്‍ ആണ് ആതിഥേയന്‍. പരിപാടിയെ കുറിച്ച് ഒരു ചെറുവിവരണം നല്‍കി അദ്ദേഹം അതിഥിയെ വേദിയിലേക്കു ക്ഷണിച്ചു. നൂറുകണക്കിനു കാണികള്‍ തിങ്ങി നിറഞ്ഞ സദസ്സിന്റെ ഒരു ഭാഗത്തു നിന്നും അതാ സെലിബ്രിറ്റി നാടകീയമായി പ്രത്യക്ഷപ്പെടുന്നു. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മുഹമ്മദലി ക്ലേ. ഇളം നീല നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് പുഞ്ചിരിതൂകി കാണികളെ മുഴുവന്‍ കൈവീശി അഭിവാദ്യം ചെയ്തു അദ്ദേഹം വേദിയിലേക്കു കടന്നുവരുന്നു. സദസ്സില്‍ നിന്ന് നിര്‍ത്താതെയുള്ള കരഘോഷവും ആര്‍പ്പുവിളികളും. തങ്ങളുടെ ഇഷ്ടതാരം വേദിയില്‍ ഉപവിഷ്ടനാകുവോളം കരഘോഷം മുഴങ്ങിക്കൊണ്ടിരുന്നു. ഇരുകൈകളും വിശാലമായ സോഫയില്‍ വിടര്‍ത്തി മുഹമ്മദലി ഇരുന്നു. ആരെയും കൂസാത്ത പ്രകൃതം. എങ്കിലും മുഖത്ത് സദാസമയവും ഒരു കുസൃതിചിരിയുണ്ട്. അവതാരകനുമായി മുഹമ്മദലി സംസാരിച്ചു തുടങ്ങി. ഇന്ററാക്ടീവ് സെഷനില്‍ സദസ്സില്‍നിന്ന് ഒരു കൊച്ചു ബാലന്റെ ചോദ്യം; 

''ബോക്‌സിംഗില്‍നിന്ന് വിരമിച്ചാല്‍ പിന്നെ എന്തു ചെയ്യും?'' 

ചോദ്യം ശ്രവിച്ച ക്ലേ അതേ ഇരുപ്പില്‍ കണ്ണുകള്‍ അടച്ചു. ഉത്തരം കേള്‍ക്കാന്‍ കാത്തിരിക്കുന്ന കാണികള്‍ക്കു മുമ്പില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നതായി മുഹമ്മദലി അഭിനയിക്കുകയാണ്. കാണികള്‍ ഈ കാഴ്ച ആസ്വദിച്ച് ഉച്ചത്തില്‍ ചിരിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു. മുഹമ്മദലി ക്ലേ ഇങ്ങനെയാണ്. ടോക് ഷോകളിലും സ്‌റ്റേജ് പരിപാടികളിലും അദ്ദേഹത്തിന്റെ ചലനങ്ങളും സംസാരവും ഭാവപ്രകടനങ്ങളും ഏതൊരാളുടെയും മനം കവരും. അടുത്ത നിമിഷം എന്താണ് പറയുകയെന്നോ ചെയ്യുകയെന്നോ പ്രവചിക്കാന്‍ കഴിയില്ല. വിമര്‍ശകര്‍ അദ്ദേഹത്തെ വായാടി എന്നു വിളിക്കുന്നു. ആരെയും കൂസാതെയുള്ള അദ്ദേഹത്തിന്റെ പ്രകൃതവും വായടപ്പന്‍ മറുപടികളും അദ്ദേഹത്തിന് ആ പേര് ചാര്‍ത്തിക്കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. നാല് പ്രാവശ്യം മുഹമ്മദലിയെ ഇന്റര്‍വ്യൂ ചെയ്ത മൈക്കിള്‍ പാര്‍കിന്‍സണ്‍ തന്നെയും അത് സ്ഥിരീകരിക്കുന്നു. താന്‍ അഭിമുഖസംഭാഷണം നടത്തിയതില്‍ ഏറ്റവും അസാധാരണ വ്യക്തിത്വമാണ് മുഹമ്മദലിയെന്ന്. തന്നെ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരിക്കുന്നവര്‍ക്കു മുമ്പിലായി മുഹമ്മദലി സംസാരിച്ചു തുടങ്ങി. ചോദ്യമുന്നയിച്ച ബാലന്റെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി.

''ഞാന്‍ ബോക്‌സിംഗില്‍നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യുമെന്ന് കൃത്യമായി പറയാന്‍ വയ്യ. എങ്കിലും ഒരു കാര്യം എനിക്കിവിടെ പറയണം. അത് നിങ്ങളെ ചിന്തിപ്പിച്ചേക്കാം. ജീവിതം കുറഞ്ഞ കാലയളവേ ഉള്ളൂ. അതിനിടയില്‍ യാത്രകള്‍, ഉറക്കം, പഠനം, വിനോദം എന്നിങ്ങനെ നിരവധി കാര്യങ്ങളുണ്ട് ജീവിതത്തില്‍. ജീവിതത്തിന്റെ പകുതിയും നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല. ഇപ്പോള്‍ എനിക്ക് 35 വയസ്സായി. ഒരു മുപ്പതു വര്‍ഷം കൂടി കഴിഞ്ഞാല്‍ എനിക്ക് 65 ആകും. അന്നെനിക്ക് ഇന്നത്തെ പോലെ പലതും ചെയ്യാന്‍ കഴിയില്ല. എന്റെ സ്വാധീനം കുറയും. ഈ മുപ്പത് വര്‍ഷം പോലും എനിക്ക് മുഴുവനായും കിട്ടില്ല. മുപ്പത് വര്‍ഷത്തില്‍ 9 വര്‍ഷമെങ്കിലും ഉറങ്ങിപ്പോകും (അതാണ് അദ്ദേഹം അഭിനയിച്ചുകാട്ടിയത്). 30 വര്‍ഷത്തില്‍ നാലു വര്‍ഷം യാത്രകള്‍ക്കായി പോകും. മൂന്ന് വര്‍ഷത്തോളം വിനോദങ്ങള്‍ക്കായി പോകും. ചുരുക്കത്തില്‍ 30 വര്‍ഷത്തില്‍ വെറും പതിനാറുവര്‍ഷം മാത്രമേ എനിക്ക് പ്രയോജനപ്പെടുത്താന്‍ കഴിയൂ. എനിക്കുള്ള ആ പതിനാറു വര്‍ഷത്തില്‍ ഏറ്റവും നല്ല കാര്യങ്ങള്‍ ചെയ്യാനല്ലേ അപ്പോള്‍ ഞാന്‍ ശ്രമിക്കേണ്ടത്.... ദൈവത്തെ കണ്ടുമുട്ടാന്‍ തയാറാവുക. അതാണ് എനിക്ക് ചെയ്യാനുള്ളത്. റിയല്‍ എസ്റ്റേറ്റ്, ബിസിനസ്, ബോക്‌സിംഗ് കോച്ചിംഗ് ഇതൊന്നുമല്ല എനിക്ക് സ്വര്‍ഗം നേടിത്തരുന്നത്.'' 

മുഹമ്മദലി ക്ലേ എന്ന ഇതിഹാസത്തെ അനശ്വരമാക്കുന്ന ഒട്ടേറെ വിശേഷണങ്ങളുണ്ട്. ഇടിക്കൂട്ടിലെ ഇതിഹാസം, വര്‍ണവിവേചനവിരുദ്ധ പോരാളി, കൂര്‍മബുദ്ധിശാലി, മൂര്‍ച്ചയേറിയ നാവിനുടമ, മനുഷ്യത്വത്തിന്റെ ദൂതന്‍ ഇങ്ങനെ പോകുന്നു അവ. എന്നാല്‍ ഇതിനെല്ലാം പുറമെ, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സമര്‍ഥനായ പ്രബോധകരില്‍ ഒരാളായിരുന്നു മുഹമ്മദലി.  മുഹമ്മദലിയുടെ വിയോഗത്തിലൂടെ ഒരു മികച്ച ഇസ്‌ലാമിക പ്രബോധകനെയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ഇസ്‌ലാമാശ്ലേഷത്തോടെയായിരുന്നു യു.എസില്‍ ഇസ്‌ലാമിന്റെ സാന്നിധ്യം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഇസ്‌ലാം സ്വീകരിക്കുക മാത്രമല്ല, തന്റെ വിശ്വാസവും മൂല്യങ്ങളും ജീവിതത്തില്‍ കാത്തുസൂക്ഷിക്കാനും സമൂഹത്തോടു തുറന്നു പ്രഖ്യാപിക്കാനും അദ്ദേഹം എന്നും താല്‍പര്യം കാണിച്ചു. 

നിര്‍മതവാദം പടിഞ്ഞാറന്‍ സമൂഹത്തില്‍ ശക്തിപ്പെട്ടുകൊണ്ടിരുന്ന കാലത്താണ് അദ്ദേഹം ദൈവവിശ്വാസം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് സംസാരിക്കുന്നത്. മേല്‍ സൂചിപ്പിച്ച പരിപാടിയില്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കട്ടെ. നിങ്ങളില്‍ എത്ര പേര്‍ അജയ്യനും സര്‍വജ്ഞനുമായ ഒരു ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്? നിങ്ങളില്‍ എത്രപേര്‍ ഒരു ദൈവമുണ്ടെന്ന് വിശ്വസിക്കുന്നുണ്ട്? സൂര്യചന്ദ്രനക്ഷത്രാദികളെ പടച്ച ഒരു ശക്തിയുണ്ടെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് വിശ്വാസമുണ്ട്? ഇക്കാണുന്നവയൊക്കെ യാദൃഛികമായി ഉണ്ടായതല്ല എന്ന് നിങ്ങളില്‍ എത്രപേര്‍ വിശ്വസിക്കുന്നുണ്ട്?''

ഒരേസമയം തത്ത്വചിന്താപരം, ആത്മീയം തുടങ്ങി പല മാനങ്ങളുണ്ട് മുഹമ്മദലിയുടെ സംഭാഷണങ്ങള്‍ക്ക്. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന സംസാര ശൈലി. ഏതു സദസ്സിലും പൊതുവേദിയിലും ദൈവത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും അദ്ദേഹം സംസാരിക്കും. ഒരുവേള ഒരു പണ്ഡിതനോ മുഴുസമയ പ്രബോധകനോ അവതരിപ്പിക്കുന്നതിനേക്കാള്‍ ഭംഗിയായി, ലളിതമായി അദ്ദേഹം ഇസ്‌ലാമിനെ അവതരിപ്പിക്കും. ദൈവവിശ്വാസത്തിന്റെ ആവശ്യകത ശ്രോതാക്കളെ നര്‍മത്തില്‍ ചാലിച്ച കൊച്ചുകൊച്ചു ഉദാഹരണങ്ങളിലൂടെ ബോധ്യപ്പെടുത്തും. ആരും അദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നു പോകും. സമ്പൂര്‍ണ ശാരീരിക പങ്കാളിത്തമുള്ള ബോധനരീതി. ഇങ്ങനെ, ഒരു പ്രബോധകന് വേണ്ട കുറേയേറെ ഗുണങ്ങള്‍ക്കുടമയായിരുന്നു മുഹമ്മദലി ക്ലേ.

1960-ല്‍ ഇസ്‌ലാം സ്വീകരിച്ച ശേഷം അസുഖം മൂലം പൊതരംഗത്തുനിന്ന് വിടവാങ്ങുന്നതുവരേക്കും അദ്ദേഹം അതു തുടര്‍ന്നു പോന്നു. താന്‍ ലോകത്ത് ഇനി എങ്ങനെ ഓര്‍ക്കപ്പെടണം എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയിലും അദ്ദേഹം ഇതു കൂട്ടിച്ചേര്‍ത്തു: "As a man who stood up for his beliefs no matter what'' 'തന്റെ വിശ്വാസസംരക്ഷണത്തിനു വേണ്ടി നിലകൊണ്ട മനുഷ്യന്‍' എന്ന രീതിയില്‍ കൂടി താന്‍ ലോകത്ത് അറിയപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 

താന്‍ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുന്നത് നരകത്തിലെ ശിക്ഷയാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഹിറ്റ്‌ലറെ പോലെ ക്രൂരനായ ഒരു മനുഷ്യന് അര്‍ഹമായ ശിക്ഷ നല്‍കാന്‍ കഴിയാത്ത ഈ ലോകത്തിന്റെ പരിമിതിയെക്കുറിച്ചും വരാന്‍ പോകുന്ന വിചാരണയുടെ ലോകത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തെറ്റു ചെയ്യാന്‍ മനസ്സ് പ്രേരിതമാവുമ്പോള്‍ കൈയില്‍ കരുതിയ തീപ്പെട്ടിയുരച്ച് കൈയില്‍ ചൂടേല്‍പ്പിച്ച് നരകത്തിന്റെ ഭയാനകമായ ചൂടിനെ കുറിച്ച് സ്വയം ഓര്‍മിക്കുകയും മറ്റുള്ളവരെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന മുഹമ്മദലി. ദൈവവിശ്വാസത്തെ കുറിച്ച് പറയുമ്പോള്‍ മുമ്പില്‍ മേശപ്പുറത്തിരിക്കുന്ന ഒരു ഗ്ലാസ് വെള്ളം കൈയിലുയര്‍ത്തി അദ്ദേഹം കാണികളോടായി ചോദിക്കുന്നു. ''ഈ ഗ്ലാസ് വെറുതെ ഉണ്ടായതാണെന്നും ഇതാരും നിര്‍മിച്ചതല്ലെന്നും ഞാന്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുമോ? ഇല്ല, നിങ്ങളാരും വിശ്വസിക്കില്ല. ഈ ടെലിവിഷന്‍ സ്‌റ്റേഷന്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായിവന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അങ്ങനെ ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ പറയും, മുഹമ്മദലിക്ക് ഭ്രാന്താണെന്ന്. ഈ ഗ്ലാസ് തനിയെ ഉണ്ടായതല്ലെന്നു നിങ്ങള്‍ വിശ്വസിക്കുന്നു. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം തനിയെ ഉണ്ടായതല്ലെന്നും നിങ്ങള്‍ വിശ്വസിക്കുന്നു. എങ്കില്‍ പിന്നെ ഈ ചന്ദ്രന്‍ എങ്ങനെ തനിയെ ഉണ്ടായി? ഈ സൂര്യനും നക്ഷത്രങ്ങളും ഗ്രഹങ്ങളും എങ്ങനെയുണ്ടായി? ഒരു ശക്തിയുണ്ട് ഇതിന്റെയെല്ലാം പിന്നില്‍. ഒരു നാള്‍ നമ്മുടെ ജീവിതത്തിന്റെ പേരില്‍ നാം വിചാരണ ചെയ്യപ്പെടുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.''

മറ്റൊരിക്കല്‍ പാര്‍കിന്‍സണ്‍ അഭിമുഖത്തില്‍ ചോദിച്ചു: ''താങ്കള്‍ക്ക് ബോഡി ഗാര്‍ഡുണ്ടോ?''  

''അതേ, എനിക്കൊരു അംഗരക്ഷകനുണ്ട്. അവന്‍ കാണുന്നു. എങ്കിലും അവന് കണ്ണുകളില്ല. അവന്‍ എല്ലാം കേള്‍ക്കുന്നു. എന്നാല്‍ അവന് കാതുകളില്ല. അപാരമായ ഓര്‍മശക്തിയാല്‍ അവന്‍ എല്ലാം ഓര്‍ക്കുന്നു. എന്തെങ്കിലും സൃഷ്ടിക്കണമെന്ന് അവന്‍ കരുതുമ്പോള്‍ അവന് ഒരു കല്‍പന മതി. ആ കല്‍പന പോലും വാക്കുകളിലൂടെ അവന് പറയേണ്ടതില്ല. മനസ്സിനകത്തുള്ള രഹസ്യങ്ങള്‍ വരെ അവന്‍ അറിയുന്നു. അതാരാണെന്ന് ഊഹിക്കാന്‍ കഴിയുമോ? അതാണ് അല്ലാഹു. അവനാണ് എന്റെ ബോഡി ഗാര്‍ഡ്.'' 

അഭിമുഖീകരിച്ച പല ചോദ്യങ്ങള്‍ക്കും അദ്ദേഹം നല്‍കിയ മറുപടികളും ദൈവവിശ്വാസത്തിലൂന്നിയുള്ളതാണ്. 

തന്റെ സംഭാഷണങ്ങളും പ്രവര്‍ത്തനങ്ങളും കൃത്യമായ ലക്ഷ്യബോധമുള്ളതാണെന്നും ഉദ്ദ്യേശ്യാധിഷ്ഠിതമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ''നിങ്ങളുടെ ചോദ്യത്തിന് ഇത്രയും ദീര്‍ഘമായ ഉത്തരമെന്തെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. ഏതൊരു ചോദ്യം പോലെയും പെട്ടെന്ന് ഉത്തരം പറയാന്‍ കഴിയുന്നതല്ല ഈ ചോദ്യം. ബോക്‌സിംഗില്‍നിന്ന് വിരമിച്ചാല്‍ എനിക്ക് കഴിയുംവിധം പാവങ്ങളെ സഹായിക്കണം. കാരണം ദൈവം എന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.''

2002-ല്‍ ഹോളിവുഡില്‍ നടന്ന ആദരിക്കല്‍ ചടങ്ങിലും മുഹമ്മദലിയുടെ നിലപാട് ഇസ്‌ലാമിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലായിരുന്നു. ദൃശ്യ-ശ്രാവ്യ രംഗത്ത് കഴിവുതെളിയിച്ച പ്രശസ്തര്‍ക്ക് അവരുടെ സംഭാവനകള്‍ മാനിച്ച് ഹോളിവുഡ് സിനിമാ വ്യവസായം നല്‍കുന്ന ആദരവാണ് 'ഹോളിവുഡ് വാക് ഓഫ് ഫെയിം'. നക്ഷത്രാകൃതിയിലുള്ള വെങ്കലത്തില്‍ പേരുകള്‍ കൊത്തി ഹോളിവുഡ് ബുലീവാര്‍ഡിലെ രണ്ടു കിലോമീറ്ററോളം നീളമുള്ള ഇടനാഴിയില്‍ നിലത്ത് പതിക്കുന്നതാണ് ആ ആദരം. ഇതുവരെ 2500-ഓളം കലാകാരന്മാരുടെ പേരുകള്‍ ചേര്‍ക്കപ്പെട്ട ആ വിശാലമായ ഇടനാഴിയില്‍ മുഹമ്മദലിയുടെ പേരും ചേര്‍ക്കാന്‍ തീരുമാനിക്കപ്പെട്ടത് 2002-ലാണ്. ടെലിവിഷന്‍, റേഡിയോ, ചലച്ചിത്ര, നാടക കലാരംഗത്തുള്ളവര്‍ക്ക് മാത്രം ലഭിക്കുന്ന ഈ ആദരം ലഭിക്കുന്ന ആദ്യ കായികതാരം കൂടിയാണ് മുഹമ്മദലി. ബോക്‌സിംഗിനെ ഒരു ലൈവ് പെര്‍ഫോമന്‍സിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് മുഹമ്മദലിയെ ആ സ്ഥാനത്തേക്കു സംഘാടകര്‍ പരിഗണിച്ചത്. എന്നാല്‍, അതിലൂടെ മറ്റൊരാള്‍ക്കും ലഭിക്കാത്ത മറ്റൊരു ആദരവ് കൂടി മുഹമ്മദലിക്കുണ്ടായി. അത് തന്റെ നിലപാടിനുകൂടിയുള്ള അംഗീകാരമായിരുന്നു. 

മറ്റു പ്രശസ്തരുടെ പേരുകളെല്ലാം തറയില്‍ പാകിയപ്പോള്‍ മുഹമ്മദലിയുടെ പേര് ഉല്ലേഖനം ചെയ്യപ്പെട്ട താമ്രനക്ഷത്രം ചുമരിലാണ് അധികൃതര്‍ പതിച്ചത്. ''എന്നെ ആദരിക്കാത്ത ആളുകള്‍ അതില്‍ ചവിട്ടി നടന്നുപോകുംവിധം എന്റെ പേര് നിങ്ങള്‍ നിലത്ത് പതിക്കരുത്. കാരണം എന്റെ പേര് ഞങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രവാചകന്‍ മുഹമ്മദി(സ)ന്റെ പേരാണ്.'' വാക് ഓഫ് ഫെയിമിന്റെ ചരിത്രത്തില്‍ ആദ്യമായി (ഒരുപക്ഷേ അവസാനത്തേതുമാകാം) സകല പേരുകളും തറയില്‍ പതിക്കപ്പെട്ടിരിക്കെ മുഹമ്മദലിയുടെ പേര് മാത്രം കൊഡാക് തിയേറ്ററിന്റെ ചുമരില്‍ തൂക്കിയിട്ടിരിക്കുകയാണ്. 

ഇസ്‌ലാമിന്റെ മഹത്വവും മുസ്‌ലിമായതിലുള്ള അഭിമാനവും ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുമായിരുന്ന ഒരവസരവും മുഹമ്മദലി തന്റെ ഇസ്‌ലാമാശ്ലേഷത്തിനു ശേഷം പാഴാക്കിയില്ല. അത്തരം സന്ദര്‍ഭങ്ങളിലൊക്കെയും മുഹമ്മദലി ഇസ്‌ലാമിനെ കുറിച്ചും അതിന്റെ ഉന്നതമായ മൂല്യങ്ങളെ കുറിച്ചും ആത്മാഭിമാനത്തോടെ വാചാലനാകുമായിരുന്നു. അദ്ദേഹം പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്ന അവസരങ്ങളൊക്കെയും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഇസ്‌ലാമിന്റെ മഹത്വം ലോകത്തെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു. യു എസിലെ മുഴുസമയ പ്രബോധകരായിരുന്ന മാല്‍കം എക്‌സിന്റെയും എലിജാ മുഹമ്മദിന്റെയും പ്രബോധന പ്രവര്‍ത്തനങ്ങളേക്കാള്‍ അമേരിക്കന്‍ പൊതുസമൂഹത്തെ കൂടുതല്‍ സ്വാധീനിച്ചത് മുഹമ്മദലിയുടെ നിലപാടുകളും പ്രസംഗങ്ങളുമായിരുന്നു. 

 തന്റെ യുദ്ധവിരുദ്ധ നിലപാടുകളുടെയും വംശവെറിക്കെതിരിലുള്ള പോരാട്ടങ്ങളുടെയും നിലപാടുതറ ഇസ്‌ലാമായിരുന്നുവെന്ന് പ്രഖ്യാപിക്കാന്‍ അദ്ദേഹം തെല്ലും മടിച്ചില്ല. അതുകൊണ്ടാണ് മുഹമ്മദലിയുടെ നിലപാടുകള്‍ക്കു പിന്നില്‍ അദ്ദേഹത്തിന്റെ മതമാണെന്ന് പലരും നിരീക്ഷിച്ചതും. 

അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും കൊമേഡിയനുമായ ഡിക് ഗ്രിഗറി മുഹമ്മദലിയെ കുറിച്ച് പറഞ്ഞതാണ് ശരി: ''അലി തന്നില്‍ കുത്തിവെച്ചിരിക്കുന്നത് ദൈവബോധമാണ്. നിങ്ങള്‍ അലിയെ കാണുമ്പോഴൊക്കെയും-ചിലപ്പോള്‍ മത്സരത്തിന്റെ അവസാനത്തില്‍, അല്ലെങ്കില്‍ എന്തെങ്കിലും സംസാരിക്കുന്നതിനു മുമ്പ്-അലി ദൈവത്തെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നതു കാണാം. അലി തന്നില്‍ മതവും വിശ്വാസവും കുത്തിവെച്ചിരിക്കുകയാണ്... ഒന്നു കൂടി ഞാന്‍ പറയാം. ഭൂമിക്കു പുറമെനിന്ന് അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ വന്നാല്‍ മനുഷ്യവര്‍ഗത്തിന്റെ പ്രതിനിധിയായി നമുക്ക് ആരെയെങ്കിലും കാട്ടിക്കൊടുക്കാനുണ്ടെങ്കില്‍, മനുഷ്യന്റെ ശാരീരിക ശേഷിയും ഭക്തിയും മാന്യതയും സ്‌നേഹവും കാരുണ്യവും നര്‍മവും എല്ലാം ഒത്തുചേര്‍ന്ന ഒരാളെയാണ് നമുക്ക് കാണിച്ചുകൊടുക്കാനുള്ളത്. അത് മുഹമ്മദലിയാണ്.'' 

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് മുഹമ്മദലിയുടേതായി അവസാനമായി വന്ന ഒരു പ്രസ്താവന മാധ്യമശ്രദ്ധ നേടിയത്. അതും തന്റെ വിശ്വാസത്തെ മറയില്ലാതെ തുറന്നു പ്രഖ്യാപിക്കുന്നതും ഇസ്‌ലാമിനെ മനസ്സിലാക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായിരുന്നു. മുസ്‌ലിംവിരുദ്ധ നിലപാടുകളാല്‍ ഇതിനകം മാധ്യമശ്രദ്ധ നേടിയ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിന് മറുപടി പറഞ്ഞുകൊണ്ടുള്ളതായിരുന്നു അത്:

''ഞാനൊരു മുസ്‌ലിമാണ്. പാരീസിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ നിരപരാധികളായ മനുഷ്യരെ കൊല്ലുന്നതുമായി ഇസ്‌ലാമിന് ഒരു ബന്ധവുമില്ല. തങ്ങളുടെ വ്യക്തിതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഇസ്‌ലാമിനെ ഉപയോഗിക്കുന്നവര്‍ക്കെതിരില്‍ നാം മുസ്‌ലിംകള്‍ നിലകൊള്ളേണ്ടതുണ്ട്. അവര്‍ ഇസ്‌ലാമിനെ മനസ്സിലാക്കുന്നതില്‍നിന്ന് ഏറെ അകന്നുപോയി... നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ തങ്ങളുടെ സ്ഥാനത്തെ ഇസ്‌ലാം പോലൊരു മതത്തെ മനസ്സിലാക്കാന്‍ ഉപയോഗപ്പെടുത്തണം എന്നാണ് ആഗ്രഹം. ഇസ്‌ലാമിന്റെ പേരു പറഞ്ഞ് കൊലനടത്തുന്നവര്‍, ഇസ്‌ലാമിനെ സംബന്ധിച്ച് ജനമനസ്സുകളില്‍ തെറ്റായ ചിത്രം നല്‍കുകയാണ്.'' 

ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങള്‍ മുഹമ്മദലിയുടെ ജീവിതത്തില്‍ വേറെയും കാണാം. ചുരുക്കത്തില്‍, പടിഞ്ഞാറ് ഇസ്‌ലാമിനുണ്ടായിരുന്ന ശക്തമായ ഒരു ജിഹ്വയാണ് മുഹമ്മദലിയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. 


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍