Prabodhanm Weekly

Pages

Search

2016 ജൂണ്‍ 17

2956

1437 റമദാന്‍ 12

സകാത്തിന്റെ ചരിത്ര-സാമൂഹിക നിയോഗങ്ങള്‍

സ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ സകാത്തിനെ കേന്ദ്രീകരിച്ച് രൂപംകൊണ്ട സമ്പദ്ഘടനയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും സാമൂഹിക പ്രസക്തിയെക്കുറിച്ചും ധാരാളം പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലമാണിത്. ചരിത്രപ്രാധാന്യം വിവരിക്കുന്ന ഒരു പഠനത്തിന്റെ ഉള്ളടക്കം ഇങ്ങനെയാണ്: പ്രവാചകന്‍ ആഗതനാവുമ്പോള്‍ അറേബ്യ മാത്രമല്ല ലോകം മുഴുക്കെ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലായിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വരേണ്യവര്‍ഗങ്ങളിലും വ്യക്തികളിലും കേന്ദ്രീകരിക്കപ്പെട്ടു എന്നതായിരുന്നു അതിന് കാരണം. അടിമകളാക്കപ്പെടുകയോ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയോ ചെയ്തവരായിരുന്നു കീഴാള വിഭാഗങ്ങള്‍. ജനങ്ങളെ തട്ടുകളിലായി തിരിച്ചുള്ള ഈ സാമൂഹിക-സാമ്പത്തിക സംവിധാനം അക്കാലത്തെ മതസങ്കല്‍പ്പങ്ങളുടെ കൂടി സൃഷ്ടിയായിരുന്നു. മക്കയില്‍ നിലനിന്നിരുന്ന സാമ്പത്തിക അസമത്വത്തിനും ചൂഷണത്തിനും ഖുറൈശികളുടെ ബഹുദൈവത്വ വിശ്വാസാചാരങ്ങളുമായി അഗാധ ബന്ധമുണ്ട്. ഓരോ ഗോത്രത്തിനും അവരുടേതായ പ്രതിഷ്ഠകളും പൂജകളുമുണ്ടായിരുന്നു. ഇത് ഗോത്രാന്തര ബന്ധങ്ങള്‍ക്ക് തടസ്സമായി; ഗോത്ര വൈരങ്ങള്‍ക്ക് ശക്തിപകരുകയും ചെയ്തു. വ്യാപാരത്തിലൂടെ സാമ്പത്തികാഭിവൃദ്ധിയും സൈനികശേഷിയും നേടിയ ഖുറൈശി ഗോത്രമാകട്ടെ, ചുറ്റുമുള്ള ഗോത്രങ്ങളെ തങ്ങളുടെ കാല്‍ക്കീഴിലമര്‍ത്താനാണ് ശ്രമിച്ചത്. ഖുറൈശികള്‍ ദുര്‍ബല ഗോത്രങ്ങളെ കടന്നാക്രമിക്കുകയും അവരുടെ പ്രധാന പ്രതിഷ്ഠകള്‍ തട്ടിയെടുത്ത് അവയെ കഅ്ബയില്‍ സ്ഥാപിക്കുകയും ചെയ്തു. അതുകൊണ്ടാണത്രെ കഅ്ബയില്‍ അക്കാലത്ത് ഇത്രയധികം വിഗ്രഹങ്ങളുണ്ടായത്. കഅ്ബയില്‍ സ്ഥാപിച്ചിരിക്കുന്ന തങ്ങളുടെ വിഗ്രഹങ്ങളെ തൊഴാന്‍ ഓരോ ഗോത്രവും ഊഴമിട്ട് വരണമെന്നായിരുന്നു ഖുറൈശികളുടെ തിട്ടൂരം. ഇതിനവര്‍ ഗോത്രങ്ങള്‍ക്ക് പ്രത്യേക നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. ഭക്ഷണ പാനീയങ്ങളൊന്നും കൊണ്ടുവരാന്‍ പാടില്ലെന്നും എല്ലാം ഖുറൈശികളില്‍നിന്ന് നേരിട്ട് വിലകൊടുത്ത് വാങ്ങണമെന്നുമായിരുന്നു മറ്റൊരു ഉപാധി. 

ബഹുദൈവങ്ങളെ വെടിയണമെന്നും ഏകദൈവത്തില്‍ മാത്രമേ വിശ്വസിക്കാവൂ എന്നും ആഹ്വാനം ചെയ്തുകൊണ്ട് പ്രവാചകന്‍ (സ) ആഗതനായപ്പോള്‍, അദ്ദേഹത്തെ പല്ലും നഖവുമുപയോഗിച്ച് ഖുറൈശികള്‍ എതിര്‍ക്കാനുള്ള ഒരു പ്രധാന കാരണം അന്യരെ ചൂഷണം ചെയ്തുനേടുന്ന ഈ വരുമാനമെല്ലാം നിന്നുപോവുമല്ലോ എന്ന പേടിയായിരുന്നു. പ്രബോധനപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കാമെങ്കില്‍ പ്രവാചകന് തങ്ങള്‍ എന്തും നല്‍കാന്‍ തയാറാണെന്ന് മക്കക്കാര്‍ വാഗ്ദാനം ചെയ്തതും അതുകൊണ്ടുതന്നെ. പക്ഷേ ഖുറൈശികളുടെ ആശങ്കകളെല്ലാം അസ്ഥാനത്താക്കിക്കൊണ്ട് ഏകദൈവദര്‍ശനത്തെ പുല്‍കിയ അറബികള്‍ വലിയൊരു സാമ്പത്തിക വിപ്ലവത്തിന് തുടക്കം കുറിക്കുകയായിരുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തീര്‍ത്ത അടിമത്തത്തിന്റെയും വിവേചനത്തിന്റെയും മതില്‍കെട്ടുകള്‍ തകര്‍ക്കപ്പെടുകയും വിശ്വസാഹോദര്യവും മാനവികതയും ഊട്ടിയുറപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ സകാത്തും മറ്റു ദാനധര്‍മങ്ങളും വാങ്ങാന്‍ ആളില്ലാത്ത വിധം അറേബ്യ സമൃദ്ധവും സമ്പന്നവുമായി. അസമത്വങ്ങളെ ഇല്ലാതാക്കിയ തൗഹീദീ ദര്‍ശനമാണ് ഇവിടെ സാമ്പത്തിക കുതിച്ചുചാട്ടത്തോടൊപ്പം തന്നെ സാമൂഹിക നീതി പുലരുന്നതിനും നിമിത്തമായതെന്ന അടിസ്ഥാന വസ്തുത ചര്‍ച്ചകളില്‍ വിസ്മരിക്കാന്‍ പാടില്ല. 

സാമ്പത്തിക മാന്ദ്യങ്ങള്‍ ഇടക്കിടെ അനുഭവപ്പെടുന്നുണ്ടെങ്കിലും ഇന്നും ലോകത്ത് സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയില്‍ നടക്കുന്നുണ്ട്. ആരുടെ സാമ്പത്തിക വളര്‍ച്ച എന്നതാണ് നാമിവിടെ ഉന്നയിക്കേണ്ട പ്രധാന ചോദ്യം. കോര്‍പറേറ്റുകളും ബഹുരാഷ്ട്ര കമ്പനികളുമാണ് വളരുന്നതും തടിച്ചുകൊഴുക്കുന്നതും. മധ്യവര്‍ഗങ്ങള്‍ വരെ പട്ടിണിയിലേക്കും വറുതിയിലേക്കും എടുത്തെറിയപ്പെടുന്നു. ദാരിദ്ര്യരേഖക്ക് താഴെയുള്ള ജനകോടികളുടെ കാര്യം പിന്നെ പറയാനുണ്ടോ? ഓരോ വര്‍ഷവും ധനിക-ദരിദ്ര അന്തരം ഭയാനകമാംവിധം വര്‍ധിച്ചുവരുന്നു. പട്ടിണികിടന്നും പോഷകാഹാരം ലഭിക്കാതെയും പതിനായിരങ്ങള്‍ മരിച്ചൊടുങ്ങുന്നു. അപ്പോള്‍ പ്രശ്‌നം ഉല്‍പാദനം നടക്കാത്തതോ സമ്പത്ത് വര്‍ധിക്കാത്തതോ ഒന്നുമല്ല. ധനവിതരണത്തിലെ കടുത്ത അനീതിയാണ് യഥാര്‍ഥ വില്ലന്‍. സ്വാര്‍ഥതയും അറ്റമില്ലാത്ത ആര്‍ത്തിയും സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്ന മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ ഇതിലപ്പുറം പ്രതീക്ഷിക്കുകയേ വേണ്ട. 

ഇവിടെയാണ് നാം സകാത്തിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിയേണ്ടത്. മൗലാനാ മൗദൂദി നിരീക്ഷിച്ചതുപോലെ സകാത്ത് സംവിധാനം ശതക്കണക്കിന് കോടീശ്വരന്മാരെ സൃഷ്ടിക്കണമെന്നില്ല. പക്ഷേ, അടിസ്ഥാനാവശ്യങ്ങള്‍ ലഭ്യമല്ലാത്ത ഒരാളും സമൂഹത്തിലില്ല എന്ന് അത് ഉറപ്പുവരുത്തിയിട്ടുണ്ടാവും. അതാണ് യഥാര്‍ഥ ക്ഷേമരാഷ്ട്രം. അതൊരു ഉട്ടോപ്യന്‍ ആശയമല്ല. ഇസ്‌ലാമിക ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും അത് യാഥാര്‍ഥ്യമായി പുലര്‍ന്നിട്ടുണ്ട്. നിശ്ചയദാര്‍ഢ്യവും സന്നദ്ധതയുമുണ്ടെങ്കില്‍ അതിനിയും സാധ്യമാണ്. ദേശരാഷ്ട്രങ്ങള്‍ക്ക് വലിയ തോതില്‍ അധികാരവും സ്വാധീനവും നഷ്ടമായ  ഉത്തരാധുനിക കാലത്ത് ഭരണമില്ലാതെ എങ്ങനെ എന്ന ചോദ്യത്തിനൊന്നും വലിയ പ്രസക്തിയില്ല. സകാത്ത് കൊണ്ട് ഉദ്ദേശിച്ച സമുന്നത ലക്ഷ്യങ്ങള്‍ വലിയൊരളവില്‍ ഇന്ന് എന്‍.ജി.ഒകള്‍ വഴി സാക്ഷാത്കരിക്കാന്‍ കഴിയും. 2014-ലെ ഒരു കണക്കനുസരിച്ച് ഒരു ട്രില്യന്‍ ഡോളറെങ്കിലും സകാത്ത്-സ്വദഖകള്‍ വഴി ആഗോളതലത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സമാഹരിക്കപ്പെട്ടിരിക്കുന്നു. യു.എന്‍ പോലുള്ള അന്താരാഷ്ട്ര വേദികള്‍ സമാഹരിക്കുന്നതിനേക്കാള്‍ എത്രയോ അധികമാണിത്. സകാത്തായി ലഭിക്കേണ്ടതിന്റെ മൂന്നിലൊന്നു പോലും ഇപ്പോഴും സമാഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓര്‍ക്കണം. ഈ വലിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താനും അങ്ങനെ പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും താങ്ങാവാനും കേരളത്തിലും വിപുലമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. അവയുമായി സഹകരിച്ച് തന്നാലാവുന്ന സഹായങ്ങള്‍ ചെയ്യേണ്ടത് ഓരോ വിശ്വാസിയുടെയും ഇസ്‌ലാമികമായ ബാധ്യതയത്രെ.  


Comments

Other Post

ഹദീസ്‌

റമദാനും ഖുര്‍ആനും
എം.എസ്.എ റസാഖ്‌

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 33
എ.വൈ.ആര്‍