Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

നവദമ്പതികള്‍ക്ക് ഒരു സ്‌നേഹസമ്മാനം

ഡോ. പുത്തൂര്‍ മുസ്തഫ

വിശേഷമായൊരു വായനാനുഭവം നല്‍കുന്ന കൃതിയാണ് നവദമ്പതികള്‍ക്ക് ഒരു സ്‌നേഹസമ്മാനം. കുടുംബ ജീവിതത്തിന്റെ നാനാര്‍ഥങ്ങള്‍ വിശദീകരിക്കുന്ന ഒരു ലഘു വിജ്ഞാനകോശം എന്ന് പുസ്തകത്തെ വിശേഷിപ്പിക്കാം. നവദമ്പതികള്‍ക്കും കുടുംബജീവിതം നയിക്കുന്നവര്‍ക്കും  ഒരുപോലെ പ്രയോജനകരമാണ് ഇതിലെ പ്രതിപാദ്യം. പുസ്തകത്തിന്റെ ഉള്ളടക്കം രണ്ടായി ഭാഗിച്ചിരിക്കുന്നു. ഒന്നാം ഭാഗത്ത് കുടുംബ വ്യവസ്ഥയുടെ ആശയതലം സൂക്ഷ്മമായി വിശകലനം ചെയ്യുന്നു. രണ്ടാം ഭാഗം പ്രായോഗിക വിഷയങ്ങളും നിയമങ്ങളും വിധിവിലക്കുകളും ചര്‍ച്ചചെയ്യുന്നു. അകക്കാമ്പുള്ള വിഷയങ്ങളാണ് പതിനഞ്ചോളം ലേഖനങ്ങളില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ടി. മുഹമ്മദ് വേളം (വിവാഹം സ്വര്‍ഗീയമാണ്), പി.കെ ജമാല്‍ (സ്വര്‍ഗം ഭൂമിയില്‍ ഇറങ്ങിവരുന്നു), ശിഹാബുദ്ദീന്‍ ഇബ്‌നുഹംസ (കുടുംബത്തിന്റെ വിജയപ്പൊരുള്‍, കുടുംബം എന്തിന്?), കെ.സി അബ്ദുല്ല മൗലവി (വിവാഹത്തിലെ അത്യാചാരങ്ങള്‍), സദ്‌റുദ്ദീന്‍ വാഴക്കാട് (ദാമ്പത്യം സൗഹൃദമാണ്), ബാലിയില്‍ മുഹമ്മദ് (മായാത്ത മുദ്രകള്‍), സുലൈഖ അബ്ദുല്‍ അസീസ് (സന്തുഷ്ട കുടുംബം സൃഷ്ടിക്കാം), ഡോ. മുഹമ്മദ് ഷാന്‍, ഡോ. അന്‍സ ഷാന്‍ (നമ്മുടെ വസ്ത്രങ്ങളും നമ്മുടെ ഇണകളും), നജീബ് കുറ്റിപ്പുറം (ജീവിത പാഠങ്ങള്‍), എം. ദാവൂദ് (ഭവനങ്ങള്‍ ഹൃദയംകൊണ്ടണ്ട് പണിയുക), പി. റുഖ്‌സാന (നമുക്ക് കര്‍മനിരതരാകാം), വാഹിദ സുബി (കണ്ണീരുപ്പിന്റെ നീരുറവ), ഫൗസിയ ശംസ് (മനസ്സറിഞ്ഞ് കെട്ടിപ്പടുക്കുക ദാമ്പത്യം), സുഹൈറലി തിരുവിഴാംകുന്ന് (ആപ്പ് ലോകത്തെ ദാമ്പത്യ വിശേഷങ്ങള്‍) എന്നിവരാണ് ലേഖകര്‍. ശിഹാബുദ്ദീന്‍ ഇബ്‌നു ഹംസയാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

മാനവ സംസ്‌കൃതിയുടെ നിലനില്‍പിന്റെ ഏറ്റവും പ്രധാനപ്പെട്ട ആധാരമാണല്ലോ കുടുംബവ്യവസ്ഥ. ഇതിന്റെ പ്രാധാന്യവും ഇസ്‌ലാമിക മാനവും പുസ്തകം ചര്‍ച്ചചെയ്യുന്നു. മനുഷ്യ ചരിത്രത്തോളം പഴക്കമുള്ളതാണ് പ്രണയം. എന്നാല്‍ എന്നും പുതിയ വിഷയമായി ചര്‍ച്ചചെയ്യാന്‍ മാത്രം നിത്യപ്രസക്തിയുണ്ട് അതിന്. പ്രണയത്തെ വ്യവസ്ഥപ്പെടുത്തുന്നതാണ് വിവാഹം എന്ന് പുസ്തകം ഊന്നിപ്പറയുന്നു. എങ്ങനെ പ്രണയികളായി തുടരാം എന്നതാണ് എല്ലാ ദമ്പതിമാരും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഒരു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകുന്നത് അവര്‍ താമസിക്കുന്ന വീടിന്റെ നിര്‍മാണരീതിയുടെ പ്രത്യേകതയല്ല. മറിച്ച്, അവിടെ താമസിക്കുന്ന മനുഷ്യരുടെ ഹൃദയബന്ധങ്ങളാണ്. അതുകൊണ്ടാണ് കല്ലുകൊണ്ടോ ഇഷ്ടിക കൊണ്ടോ അല്ല വീടുകള്‍ പണിയേണ്ടത്, സ്‌നേഹം കൊണ്ടാണ് എന്നു പറയുന്നത്. അതുകൊണ്ട് ഭവനങ്ങള്‍ ഹൃദയം കൊണ്ട് പണിയാന്‍ ഈ പുസ്തകം ആവശ്യപ്പെടുന്നു. 

വിവാഹാലോചന, പെണ്ണ് കാണല്‍, വിവാഹ ഖുത്വ്ബ, ദാമ്പത്യ ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന രണ്ടാം ഭാഗത്തിലെ ഇല്‍യാസ് മൗലവിയുടെ പഠനം പ്രൗഢമാണ്. ഏതൊരു കുടുംബത്തിനും കൈപുസ്തമായി ഉപയോഗിക്കാവുന്ന ഈ കൃതി പ്രസിദ്ധീകരിക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും വഴി വലിയൊരു സല്‍ക്കര്‍മമാണ് ബി.എസ്.എം ട്രസ്റ്റ് ചെയ്തിട്ടുള്ളത്. നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ മഹല്ലുകള്‍ക്ക് തികച്ചും സൗജന്യമായി പുസ്തകം ലഭിക്കുന്നതാണ്. 

ബന്ധപ്പെടുക: സുബൈര്‍: 9744615434. ബി.എസ്.എം ട്രസ്റ്റ്, 

എലാങ്കോട്, പാനൂര്‍, തലശ്ശേരി, കണ്ണൂര്‍ ജില്ല.  


Comments