Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

ഖുര്‍ആന്‍ വ്യാഖ്യാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍

അശ്‌റഫ് കീഴുപറമ്പ്

സ്മാനി കപ്പല്‍ പടയിലെ ഒരു സൈനികന്‍ പുണ്യത്തിനു വേണ്ടി ഹദീസ് ഗ്രന്ഥമായ ബുഖാരി വായിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട അഡ്മിറല്‍, 'കപ്പല്‍ ഓടുന്നത് ബുഖാരി കൊണ്ടല്ല, ബുഖാര്‍ (ആവി) കൊണ്ടാണ്' എന്ന് പറഞ്ഞ ഒരു കഥയുണ്ട്. പൊതു മുസ്‌ലിം സമൂഹത്തിന്റെ തിരിച്ചറിവില്ലായ്മയിലേക്കാണ് ഇക്കഥ വിരല്‍ചൂണ്ടുന്നത്. ദൈവ മാര്‍ഗത്തിലുള്ള പോരാട്ടങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് ഖുര്‍ആനും നബിചര്യയും പഠിപ്പിച്ചിട്ടുണ്ട്. ശത്രുവിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചും ധാരാളം നിര്‍ദേശങ്ങളുണ്ട്. അതൊന്നും ശ്രദ്ധിക്കുകയോ നടപ്പില്‍വരുത്തുകയോ ചെയ്യാതെ ഖുര്‍ആനും ഹദീസും 'തബര്‍റുകി'ന് (പുണ്യത്തിന്) വേണ്ടി വെറുതെ പാരായണം ചെയ്തുകൊണ്ടിരുന്നാല്‍ തന്നെ പടച്ചവന്‍ സഹായിച്ചുകൊള്ളും, അനുഗ്രഹിച്ചുകൊള്ളും എന്നാണ് വിശ്വാസം. കേരളത്തിലെ ഉത്പതിഷ്ണു മുസ്‌ലിം വിഭാഗങ്ങള്‍ പോലും അര്‍ഥമറിയാതെയും പൊരുള്‍ അന്വേഷിക്കാതെയുമുള്ള ഖുര്‍ആന്‍ ഓത്തിനെ ചോദ്യം ചെയ്യാനോ തിരുത്താനോ വല്ലാതെയൊന്നും മുതിര്‍ന്നിട്ടില്ല. അറബി മാതൃഭാഷയായ ജനങ്ങള്‍ക്ക് ഖുര്‍ആന്റെ അര്‍ഥമറിയാമെങ്കിലും അതിന്റെ പൊരുളുകളിലേക്കോ, ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കോ അവരുടെ ചിന്തയും ആലോചനയും എത്താറില്ല. ഫിഖ്ഹുല്‍ മഖാസ്വിദിനെ ഉപയോഗപ്പെടുത്തി ഈ അവസ്ഥക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് സമര്‍ഥിച്ചുകൊണ്ട് ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയും ഡോ. യൂസുഫുല്‍ ഖറദാവിയും ഓരോ പുസ്തകം എഴുതിയിട്ടുണ്ട്. രണ്ടിന്റെയും പേര് ഒന്നു തന്നെ-'ഖുര്‍ആനുമായുള്ള നമ്മുടെ ഇടപഴക്കം എങ്ങനെ?'1

പ്രവാചകന്റെ അനുയായികളും അവരുടെ ശേഷമുള്ള തലമുറകളും സമുന്നതമായ ഖുര്‍ആനിക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുതകുന്ന വിശാലമായ പരിപ്രേക്ഷ്യം വളര്‍ത്തിയെടുത്തിരുന്നു. ഇമാം അബൂഹനീഫക്ക് പ്രമുഖരായ രണ്ട് ശിഷ്യന്മാരുണ്ടായിരുന്നു-ഇമാം അബൂയൂസുഫും ഇമാം മുഹമ്മദും. ആദ്യത്തെയാള്‍ എഴുതിയത് നികുതിയെയും വരുമാനത്തെയും (അല്‍ ഖറാജ്) കുറിച്ച്; രണ്ടാമത്തെയാള്‍ എഴുതിയതാകട്ടെ അന്താരാഷ്ട്ര ബന്ധങ്ങളെ (അസ്സിയറുല്‍ കബീര്‍) കുറിച്ചും. ഹിജ്‌റ രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഇത്രയേറെ വികാസം പ്രാപിച്ച ഫിഖ്ഹാണ് നമ്മുടെ കാലത്ത് വ്യക്തികളുടെ ആരാധനാനുഷ്ഠാനങ്ങളിലേക്കും മറ്റുമായി ചുരുങ്ങിപ്പോയത്. ഇബ്‌നുല്‍ ഹൈതമും ജാബിറുബ്‌നു ഹയ്യാനും ഖുവാറസ്മിയും പ്രപഞ്ചത്തെക്കുറിച്ചുള്ള ഖുര്‍ആനിക ദര്‍ശനം ഏറെ വിപുലപ്പെടുത്തിയവരാണ്. ഇതുപോലുള്ള മഹാമനീഷികളായിരുന്നു ഒരുകാലത്ത് ശാസ്ത്രമുന്നേറ്റത്തിന്റെ വക്താക്കളും വഴികാട്ടികളുമായി ശോഭിച്ചത്. 

'അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ അധീനപ്പെടുത്തിത്തന്നത്' എന്നുണ്ട് ഖുര്‍ആനില്‍. സമുദ്ര സഞ്ചാരത്തെക്കുറിച്ചുള്ള ഒട്ടുവളരെ പരാമര്‍ശങ്ങളും. ഒരു പ്രകൃതി പ്രതിഭാസ വിവരണമായി നാമതൊക്കെ അലസമായി വായിച്ചുതള്ളുകയാണ് പതിവ്. ഈ വിവരണത്തിലൂടെ എന്താണ് അല്ലാഹു നമ്മോട് ആവശ്യപ്പെടുന്നതെന്ന് നാം ചിന്തിക്കാറില്ല. കപ്പലോ, സമുദ്രസഞ്ചാരമോ പരിചയമില്ലാത്ത ഒരു സമൂഹത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത് എന്നോര്‍ക്കണം. അവര്‍ക്ക് പരിചയമുള്ളത് 'മരുക്കപ്പല്‍' (ഒട്ടകം) മാത്രമായിരുന്നു. പക്ഷേ, ആദ്യ ഉമവി ഖലീഫ മുആവിയയുടെ ഭരണകാലമായപ്പോഴേക്കും ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ നാവികപ്പട മുസ്‌ലിംകളുടേതായി മാറിക്കഴിഞ്ഞിരുന്നു. 'അല്ലാഹു കടലിനെ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നു' എന്ന ഖുര്‍ആന്‍ സൂക്തത്തെ അവര്‍ വായിച്ചത് അങ്ങനെയാണ്. ഖുര്‍ആനിലെ സൂചനകള്‍ മുന്‍നിര്‍ത്തി അറബികള്‍ കടലിലെ സഞ്ചാരപാതകള്‍ കൃത്യമായി നിര്‍ണയിക്കുകയും ചെയ്തിരുന്നു. 'കടലിലെ വെള്ളം ശുദ്ധമാണ്; അതിലെ ശവം (മത്സ്യം) അനുവദനീയമാണ്' എന്ന നബിവചനം ആധുനികാനന്തര മുസ്‌ലിം സമൂഹത്തിന് പോലും ഫിഖ്ഹീ മസ്അലകള്‍ കുരുക്കഴിക്കാനുള്ള ഉപാധി മാത്രമാണെന്ന് മുഹമ്മദുല്‍ ഗസ്സാലി കുറ്റപ്പെടുത്തുന്നുണ്ട്. കടലായ കടലിലൊക്കെ സാമ്രാജ്യത്വശക്തികള്‍ പിടിമുറുക്കുമ്പോള്‍ മത്സ്യം എങ്ങനെ കിട്ടും എന്ന സുപ്രധാനമായ രാഷ്ട്രീയ ചോദ്യം അതില്‍നിന്ന് ഉരുത്തിരിച്ചെടുക്കാനും അങ്ങനെ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനും അത്തരം പ്രവാചകവചനങ്ങള്‍ നിമിത്തമാവുന്നില്ലെന്നത്, പ്രമാണങ്ങളെ സമുന്നത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വായിച്ചിരുന്ന മുന്‍കാല തലമുറകളുടെ പാരമ്പര്യം തിരിച്ചുപിടിക്കാന്‍ ഇനിയും മുസ്‌ലിം സമൂഹത്തിന് കഴിയുന്നില്ല എന്നതിന്റെ തെളിവാണ്. 

 

പാര്‍ശ്വവീക്ഷണങ്ങള്‍

ഖുര്‍ആന്റെ വിശകലനവും വ്യാഖ്യാനവും പലപ്പോഴും ഭാഗികമായി(ജുസ്ഈ)പ്പോകുന്നു എന്നതാണ് അതിന്റെ സമുന്നത ലക്ഷ്യങ്ങളെ തിരിച്ചറിയുന്നതില്‍ മുസ്‌ലിം സമൂഹം പരാജയപ്പെടാനുള്ള ഒരു കാരണം. മര്‍മം കാണാതെയുള്ള പാര്‍ശ്വവീക്ഷണങ്ങളായി അപ്പോഴാ വ്യാഖ്യാനങ്ങള്‍ ചുരുങ്ങിപ്പോകും. ഫിഖ്ഹും ഖുര്‍ആനുമായുള്ള ബന്ധം തന്നെ നോക്കുക. ഏതൊരു പ്രശ്‌നത്തിന്റെയും പരിഹാരം ആദ്യം അന്വേഷിക്കേണ്ടത് ഖുര്‍ആനിലാണല്ലോ. അന്വേഷകര്‍ (ഫുഖഹാഅ്) ഖുര്‍ആനെയും അതിന്റെ വ്യാഖ്യാനമായ സുന്നത്തിനെയും അവയുടെ സാകല്യത്തിലും സമഗ്രതയിലും മനസ്സിലാക്കി പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് വേണ്ടത്. ഇങ്ങനെയാണോ അന്വേഷണങ്ങള്‍ നടന്നിട്ടുള്ളത്? ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ച് സാമാന്യ വിവരമുള്ള ആരും അല്ല എന്ന് പറഞ്ഞുപോകും. 300 അല്ലെങ്കില്‍ 500 ഖുര്‍ആനിക സൂക്തങ്ങള്‍ മാത്രമേ സാധാരണ ഫുഖഹാഇന്റെ പരിഗണനയില്‍ വരാറുള്ളൂ. അവരതിനെ ഹുകുമിന്റെ /നിയമ വിധിയുടെ സൂക്തങ്ങള്‍ എന്നാണ് വിളിക്കുന്നത്. കൊലപാതകിക്കുള്ള ശിക്ഷ, വ്യഭിചാരിക്കുള്ള ശിക്ഷ, മോഷ്ടാവിനുള്ള ശിക്ഷ പോലുള്ളവ. ഇത്തരം സൂക്തങ്ങള്‍ ഖുര്‍ആനിന്റെ പത്തിലൊന്ന് പോലും വരുന്നില്ല എന്നോര്‍ക്കണം. ഈ സൂക്തങ്ങളുടെ ഇഴകീറിയുള്ള ചര്‍ച്ചയാണ് ഒരര്‍ഥത്തില്‍, ചില്ലറ അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍, നാളിതുവരെയുള്ള ഫിഖ്ഹ് എന്നു പറയാം. ഏതൊരു ഇസ്‌ലാമിക ഗ്രന്ഥപ്പുരയിലേക്ക് കയറിച്ചെന്നാലും അതില്‍ പകുതിയോളം പുസ്തകങ്ങള്‍ ഈ ഇനത്തില്‍ പെടുന്നവയായിരിക്കും.

ചോദ്യം ഇതാണ്: ഖുര്‍ആന്റെ പത്തില്‍ ഒമ്പത് ഭാഗത്തെയും അവഗണിച്ചുകൊണ്ട് രൂപപ്പെട്ട ഒരു ജ്ഞാനശാസ്ത്രം എങ്ങനെ സമഗ്രമാകും? ഖുര്‍ആന്റെ സമുന്നത ലക്ഷ്യങ്ങളെ അതിനെങ്ങനെ പ്രകാശിപ്പിക്കാനാകും? ഇസ്‌ലാമിക ശരീഅത്ത് എന്നാല്‍ ശിക്ഷാവിധികള്‍ പ്രതിപാദിക്കല്‍ മാത്രമാണോ? അത്യന്തം വികലമായ ഈ ഫിഖ്ഹീ കാഴ്ചപ്പാട് മൂലമാണ് ശരീഅത്ത് എന്ന് കേള്‍ക്കുന്ന മാത്രയില്‍ മുസ്‌ലിംകള്‍ക്കും അല്ലാത്തവര്‍ക്കും 'ക്രൂരമായ' ശിക്ഷാവിധികള്‍ മാത്രം ഓര്‍മ വരുന്നത്. ഇസ്‌ലാം ഊന്നിപ്പറഞ്ഞ കാരുണ്യം, ദയ, വിട്ടുവീഴ്ച, സഹിഷ്ണുത പോലുള്ള മഹോന്നത മൂല്യങ്ങളൊന്നും ഈ ഫിഖ്ഹീ ചര്‍ച്ചയിലേക്ക് കയറിവരുന്നതേയില്ല. മുഹമ്മദുല്‍ ഗസ്സാലി കൃത്യമായി നിരീക്ഷിച്ചതു പോലെ, ഖുര്‍ആന്‍ ജീവിതത്തിന്റെ ഫിഖ്ഹ് കൈകാര്യം ചെയ്യുന്ന ഗ്രന്ഥമാണ്; ശിക്ഷാവിധികളുടെ (ഹുദൂദ്) ഫിഖ്ഹല്ല അതിലെ പ്രതിപാദ്യം. 

ഖുര്‍ആനിലെ വലിയൊരു ഭാഗം പൂര്‍വസമൂഹങ്ങളെക്കുറിച്ച വിവരണമാണ്. അതോടൊപ്പം പ്രവാചകന്മാരുടെ പ്രബോധനത്തിന്റെയും പോരാട്ടത്തിന്റെയും ആഖ്യാനങ്ങളും. അടിസ്ഥാന സിദ്ധാന്തങ്ങളും ലക്ഷ്യങ്ങളും ഊന്നിപ്പറയുന്ന ധാരാളം സൂക്തങ്ങള്‍ വേറെയും. ഇതൊക്കെ മുന്നില്‍ വെച്ച് മനുഷ്യനെ ഉദ്‌ബോധിപ്പിക്കുകയും നേര്‍പാതയിലേക്ക് വഴികാട്ടുകയുമാണ് ഖുര്‍ആന്‍. ഇതൊന്നും ഫിഖ്ഹിന് അന്യമാകേണ്ട വിഷയങ്ങളേ ആയിരുന്നില്ല. ഹദീസും ചരിത്രവും ദൈവശാസ്ത്രവും ഉള്‍പ്പെടെ മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാനശാഖകളെയും ഈ വൈകല്യം വളരെ ഗുരുതരമായി ബാധിച്ചിച്ചിട്ടുണ്ടെന്നും, അതിനാല്‍ ഖുര്‍ആന്റെ സമുന്നത ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് ഇസ്‌ലാമിക കലാലയങ്ങളിലെ കരിക്കുലവും സിലബസും പൊളിച്ചെഴുതേണ്ടതുണ്ടന്നും സമര്‍ഥിച്ചുകൊണ്ട് മുഹമ്മദുബ്‌നു ആശൂര്‍ ഒരു ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്.2 

അതുകൊണ്ടാണ് ഡോ. യൂസുഫുല്‍ ഖറദാവി, ഖുര്‍ആന്റെയും ശരീഅത്തിന്റെയും സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച പഠനം മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക ഉത്തരവാദിത്തം (അല്‍ ഫര്‍ദുല്‍ കിഫാഈ) ആണെന്ന് പ്രഖ്യാപിച്ചത്.3 മഖാസ്വിദുശ്ശരീഅഃ അറിയുന്ന കുറച്ചാളുകളെങ്കിലും ഏതൊരു സമൂഹത്തിലും വഴികാട്ടികളായി ഉണ്ടാവണം. ഖറദാവി എഴുതുന്നു: ''ഖുര്‍ആനോടുള്ള വിശ്വാസിയുടെ നിലപാട്, സൂക്തങ്ങളെ ചേര്‍ത്ത് ചേര്‍ത്ത് വെച്ച് പഠിക്കുക എന്നതായിരിക്കണം. അപ്പോഴാണ് അതിന്റെ പൊരുളും ലക്ഷ്യവും തെളിഞ്ഞുവരിക. മുഹമ്മദീയ സന്ദേശം വിശ്വാസ സംഹിതയായും കര്‍മരേഖയായും ദര്‍ശനമായും സദാചാര-ധാര്‍മിക ചട്ടക്കൂടായും സമഗ്രശോഭയോടെ അപ്പോള്‍ നിങ്ങള്‍ക്ക് കാണാനാകും. ആ വെളിച്ചത്തിലാണ് നിങ്ങള്‍ നേര്‍വഴി കണ്ടെത്തുന്നത്. എന്നാല്‍ ചിലരുണ്ട്. അവര്‍ ചില സൂക്തങ്ങള്‍ സ്വീകരിക്കുകയും മറ്റുള്ളവ അവഗണിക്കുകയും ചെയ്യുന്നു. എന്നിട്ട് ഈ സൂക്തവും ആ സൂക്തവും തമ്മില്‍ വൈരുധ്യമാണല്ലോ എന്നവര്‍ ജല്‍പ്പിക്കും. ഇങ്ങനെ ചെയ്യരുതെന്ന് പ്രവാചകന്‍ കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവരോട് അവിടുന്ന് ഭയങ്കരമായി കോപിച്ചിട്ടുമുണ്ട്. കാര്യം എത്ര ഗുരുതരമാണെന്ന് ഇത് സൂചിപ്പിക്കുന്നു. ഖുര്‍ആനിക സൂക്തങ്ങളെ പരസ്പരം തമ്മിലടിപ്പിക്കാനല്ല, അവയെ പരസ്പരം ബന്ധിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. ദീനില്‍ പുതുനിര്‍മിതി (ബിദ്അത്ത്) എങ്ങനെയുണ്ടാകുന്നു എന്ന് വിശദീകരിക്കവെ ഇമാം ശാത്വിബി പറയുന്നുണ്ട്, 'ഇതിനൊക്കെ കാരണം ഒന്നേയുള്ളൂ, ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെക്കുറിച്ച അറിവില്ലായ്മ' എന്ന്.'' 4

 

വ്യാഖ്യാനത്തിന്റെ പരിമിതികള്‍

വിശുദ്ധ ഖുര്‍ആന് ഓരോ കാലഘട്ടത്തിലും നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുണ്ട്. പക്ഷേ ഇസ്‌ലാമിലെ മറ്റു ജ്ഞാനശാസ്ത്രങ്ങള്‍ക്കുള്ളതു പോലെ ഖുര്‍ആന്‍ വ്യാഖ്യാനത്തെ നിജപ്പെടുത്തുകയും കൃത്യപ്പെടുത്തുകയും ചെയ്യുന്ന ഒരു നിദാന ശാസ്ത്രം (ഉസ്വൂലുത്തഫ്‌സീര്‍) അതിന് സമാന്തരമായി വികസിച്ചുവന്നിരുന്നില്ല; ഉസ്വൂലുല്‍ ഫിഖ്ഹും ഉസ്വൂലുല്‍ ഹദീസും പോലെ. അതീവ ദുര്‍ബലമായ ഹദീസുകളും ഇസ്രാഈലീ കെട്ടുകഥകളുമെല്ലാം ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ ധാരാളമായി കടന്നുവരാന്‍ ഇത് ഇടയാക്കിയിട്ടുണ്ട്. പല സൂക്തങ്ങളുടെയും അവതരണ പശ്ചാത്തലമായി കൊടുത്ത ഹദീസുകള്‍ ഒട്ടും വിശ്വാസയോഗ്യമല്ലെന്ന് പ്രമുഖ മഖാസ്വിദി പണ്ഡിതന്‍ മുഹമ്മദുബ്‌നു ആശൂര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.5 ഹദീസ് പണ്ഡിതന്മാര്‍ വ്യാജമെന്ന് കണ്ടെത്തിയ 'ഹദീസുകള്‍' വെച്ചാണ് പലപ്പോഴും ഖുര്‍ആന്‍ വ്യാഖ്യാനം വികസിക്കുന്നത് എന്നര്‍ഥം. ഇബ്‌നു അബ്ബാസില്‍നിന്ന് കല്‍ബി, ളഹ്ഹാക്ക്, മുഖാതില്‍ തുടങ്ങിയവര്‍ ഉദ്ധരിക്കുന്ന പല നബിവചനങ്ങളും ഇത്തരത്തിലുള്ളതാണെന്ന് ഇബ്‌നു ആശൂര്‍ എഴുതുന്നു. രണ്ടാം പ്രമാണമായ ഹദീസുകള്‍ വെച്ചുള്ള വ്യാഖ്യാനമാണ് ഏറ്റവും മികച്ച ഖുര്‍ആന്‍ വ്യാഖ്യാനമെങ്കിലും ഹദീസുകള്‍ വിശ്വാസയോഗ്യമല്ലെങ്കില്‍ എന്തുചെയ്യും? ഇബ്‌നു കസീറിന്റെ ഖുര്‍ആന്‍ വ്യാഖ്യാനം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നവരുണ്ട്. സയ്യിദ് ഖുത്വ്ബ് ഉള്‍പ്പെടെയുള്ള പില്‍ക്കാലക്കാര്‍ ഹദീസുകളുടെ ബലാബലം പരിശോധിക്കാതെ ഇവയത്രയും തങ്ങളുടെ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ പകര്‍ത്തിവെക്കുകയായിരുന്നു. ഇത് മുസ്‌ലിം സമൂഹത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെയും കര്‍മങ്ങളെയും ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പ്രമുഖ ഹദീസ് നിരൂപകനായ ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.6 

ഇസ്‌ലാമിക ലോകത്ത് പല കാലങ്ങളിലായി ഉയര്‍ന്നുവന്ന വിവിധ ചിന്താധാരകള്‍ അവയുടെ ആശയങ്ങള്‍ക്കൊത്ത് ഖുര്‍ആനിക സൂക്തങ്ങളെ വ്യഖ്യാനിക്കുന്നു എന്നതാണ് മറ്റൊരു പരിമിതി. ഖുര്‍ആനിലെ വാക്കുകളെ അടര്‍ത്തിമാറ്റി അവയൊക്കെയും നമുക്ക് പിടികിട്ടാത്ത ഏതോ മഹാപൊരുളുകളിലേക്കുള്ള സൂചനകള്‍ (ഇശാറാത്ത്) ആണെന്ന മട്ടിലാണ് ബാത്വിനികളുടെയും ഇസ്മാഈലികളുടെയും സ്വൂഫികളുടെയുമൊക്കെ വ്യാഖ്യാനം. തീവ്ര ശീഈകളുടെ വ്യാഖ്യാനം സകല സീമകളെയും ലംഘിക്കുന്നതുമാണ്. സാധാരണ വായനയില്‍ ഒരാള്‍ക്ക് മനസ്സിലാകുന്നതല്ല യഥാര്‍ഥ ഖുര്‍ആന്‍ എന്നാണിവര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ സമുന്നത ലക്ഷ്യങ്ങള്‍ തിരിച്ചറിയുന്നതിനും അങ്ങനെ സമൂഹത്തിന് ദിശാബോധം നല്‍കുന്നതിനും ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ ഇപ്പോഴും വളരെയേറെ തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. 

 

വ്യാഖ്യാനത്തിന്റെ സമുന്നത ലക്ഷ്യങ്ങള്‍ 

ഇങ്ങനെ ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് ഒട്ടേറെ പഴുതുകള്‍ ഉള്ളതിനാല്‍ ഖുര്‍ആന്റെ അടിസ്ഥാന തത്ത്വങ്ങളിലും മൗലിക ലക്ഷ്യങ്ങളിലും ഊന്നിക്കൊണ്ടേ ഖുര്‍ആനിക സൂക്തങ്ങളെ വ്യാഖ്യാനിക്കാവൂ എന്ന് മുന്‍കാല പണ്ഡിതന്മാര്‍ നിഷ്‌കര്‍ഷിച്ചിരുന്നു. ത്വൂഫി7യും ബഖാഇ8യും ഉദാഹരണങ്ങള്‍. നേരത്തേ സൂചിപ്പിച്ചതുപോലെ, മുന്‍കാലങ്ങളില്‍ അത് തഫ്‌സീര്‍ നിദാന ശാസ്ത്രമായി വളര്‍ന്നിരുന്നില്ല. മഖാസ്വിദുശ്ശരീഅഃ പഠനങ്ങള്‍ക്ക് പ്രാമുഖ്യം കൈവന്നതോടെ ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഒരു നിദാന ശാസ്ത്രരീതി (മഖാസ്വിദുത്തഫ്‌സീര്‍) ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ഇമാം ശാത്വിബിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ശൈഖ് റശീദ് രിദ(1865-1935)യാണ് അതിനു തുടക്കം കുറിച്ചത്. 'അല്‍വഹ്‌യുല്‍ മുഹമ്മദി' എന്ന ഗ്രന്ഥത്തിലും, അല്‍മനാര്‍ എന്ന തന്റെ ഖുര്‍ആന്‍ വ്യാഖ്യാന കൃതിയിലെ രണ്ട് ശീര്‍ഷകങ്ങളിലും9 ആ തത്ത്വങ്ങള്‍ അദ്ദേഹം വികസിപ്പിച്ചെഴുതിയിട്ടുണ്ട്. 

ഖുര്‍ആന്റെ മൗലിക ലക്ഷ്യങ്ങള്‍ പത്താണെന്നും അവയില്‍ ഊന്നിക്കൊണ്ടാവണം ഏതൊരു ഖുര്‍ആന്‍ വ്യാഖ്യാനവും വികസിക്കേണ്ടതെന്നും റശീദ് രിദ എഴുതുന്നു. ഒന്ന്: ദീനിന്റെ മൂന്ന് അടിസ്ഥാനങ്ങളുടെ ശരിയായ വ്യാഖ്യാനം. അല്ലാഹുവിലുള്ള വിശ്വാസം, പുനരുത്ഥാനത്തിലും അന്ത്യനാളിലെ വിചാരണയിലുമുള്ള വിശ്വാസം, സല്‍ക്കര്‍മം എന്നിവയാണവ. രണ്ട്: പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും പരിചയപ്പെടുത്തല്‍. മൂന്ന്: ഇസ്‌ലാം ശുദ്ധപ്രകൃതിയുടെ തേട്ടമാണെന്ന് സ്ഥാപിക്കല്‍. ബുദ്ധിയും അറിവും ചിന്തയും തെളിവും യുക്തിയും സ്വാതന്ത്ര്യവുമെല്ലാം സ്വതന്ത്രമായും നിഷ്പക്ഷമായും മനുഷ്യന്‍ ഉപയോഗപ്പെടുത്തുമ്പോള്‍ എത്തിച്ചേരുന്നത്  ഇസ്‌ലാമിലേക്കായിരിക്കും. നാല്: മനുഷ്യന്റെ സാമൂഹികവും രാഷ്ട്രീയവുമായ സംസ്‌കരണം. മനുഷ്യന്റെ ഏകത്വം, മതത്തിന്റെ ഏകത്വം, നീതിനിര്‍വഹണത്തിലെ ഏകത്വം, സാഹോദര്യത്തിലെ ഏകത്വം തുടങ്ങി പത്ത് കാര്യങ്ങള്‍ അവിടെ എണ്ണിപ്പറഞ്ഞിരിക്കുന്നു. അഞ്ച്: ആരാധനകളിലും നിരോധനങ്ങളിലും ദീക്ഷിച്ച പൊതുതത്ത്വങ്ങള്‍ വിശദീകരിക്കുക. മധ്യമ മാര്‍ഗം (വസത്വിയ്യ), ഇരുലോകത്തെയും വിജയം, മനുഷ്യര്‍ തമ്മിലെ ഇണക്കം, എളുപ്പമാക്കല്‍, തീവ്രത ഒഴിവാക്കല്‍, പ്രയാസമുണ്ടാകുമ്പോള്‍ ഇളവ് നല്‍കല്‍, ജനങ്ങളുടെ ഗ്രാഹ്യശേഷിയിലുള്ള വ്യത്യാസം പരിഗണിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍. ആറ്: ഇസ്‌ലാമിലെ രാഷ്ട്രീയത്തിന്റെ അടിത്തറകളും പൊതുസ്വഭാവങ്ങളും. ഏഴ്: ധനവിനിയോഗത്തെക്കുറിച്ച മാര്‍ഗദര്‍ശനം. എട്ട്: യുദ്ധനിയമങ്ങള്‍ പരിഷ്‌കരിച്ച് കെടുതികള്‍ പരമാവധി കുറക്കലും മനുഷ്യനന്മയുണ്ടെങ്കിലേ യുദ്ധം ചെയ്യാവൂ എന്ന നിഷ്‌കര്‍ഷ വെക്കലും. ഒമ്പത്: സ്ത്രീകള്‍ക്ക് അവരുടെ മാനുഷികവും മതപരവും പൗരത്വപരവുമായ മുഴുവന്‍ അവകാശങ്ങളും നല്‍കല്‍. പത്ത്: അടിമ വിമോചനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍. 

മുഹമ്മദുബ്‌നു ആശൂര്‍, യൂസുഫുല്‍ ഖറദാവി പോലുള്ള ആധുനിക പണ്ഡിതന്മാര്‍ ഈ ആശയങ്ങള്‍ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് കുറേക്കൂടി വികസിപ്പിച്ചിട്ടുണ്ട്. അതേക്കുറിച്ച് പിന്നീട്.

 

(തുടരും)

 

കുറിപ്പുകള്‍:

1. മുഹമ്മദുല്‍ ഗസ്സാലി, ഖറദാവി-കൈഫ നതആമലു മഅല്‍ ഖുര്‍ആന്‍

2. മുഹമ്മദുബ്‌നു ആശൂര്‍-അലൈസസ്സ്വുബ്ഹു ബി ഖരീബ്

3. 2005-ല്‍ മഖാസ്വിദുശ്ശരീഅ ഇന്‍സ്റ്റിറ്റിയൂട്ട് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ. ഖറദാവി ലണ്ടനില്‍ നടത്തിയ പ്രഭാഷണം (മഖാസ്വിദുശ്ശരീഅഃ ഇന്‍ദല്‍ ഖറദാവി എന്ന ജാസിറുല്‍ ഔദയുടെ പുസ്തകത്തില്‍നിന്ന് ഉദ്ധരിച്ചത്, പേജ് 75). 

4. യൂസുഫുല്‍ ഖറദാവി-അല്‍മര്‍ജഇയ്യത്തുല്‍ ഉല്‍യാ ഫില്‍ ഇസ്‌ലാമി ലില്‍ ഖുര്‍ആനി വസ്സുന്നഃ പേജ് 180-181

5. ഇബ്‌നു ആശൂര്‍-അലൈസസ്സുബ്ഹു ബിഖരീബ് പേജ്: 178-179

6. നാസ്വിറുദ്ദീന്‍ അല്‍ബാനി-സില്‍സിലത്തുല്‍ അഹാദീസിദ്ദഈഫഃ വ അസറുഹാ അസ്സയ്യിഅ് ഫില്‍ ഉമ്മഃ

7. നജ്മുദ്ദീന്‍ ത്വൂഫി-അല്‍ഇഖ്‌സീര്‍ ഫീ ഇല്‍മിത്തഫ്‌സീര്‍

8. ശാഫിഈ പണ്ഡിതന്‍ ഇബ്‌റാഹീം ബഖാഇയുടെ രണ്ടണ്ട് പുസ്തകങ്ങള്‍: മസാഇദുന്നള്ര്‍ ഫീ മഖാസ്വിദിസ്സുവര്‍, നള്മുദ്ദുറര്‍ ഫീ തനാസുബില്‍ ആയാത്തി വസ്സുവര്‍ 

9. അല്‍മനാറിലെ 'ആയത്തുല്ലാഹില്‍ കുബ്‌റാ-അല്‍ഖുര്‍ആനുല്‍ അളീം' (11/195), 'മഖാസ്വിദുല്‍ ഖുര്‍ആന്‍ ഫീ തര്‍ഖിയ്യതിനൗഇല്‍ ഇന്‍സാന്‍' (11/206) എന്നീ ശീര്‍ഷകങ്ങള്‍ കാണുക. 

 

 

Comments