Prabodhanm Weekly

Pages

Search

2016 ജൂണ്‍ 10

2955

1437 റമദാന്‍ 05

അസം നല്‍കുന്ന പാഠങ്ങള്‍

പശ്ചിമ ബംഗാള്‍, അസം, തമിഴ്‌നാട്, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനങ്ങള്‍ ഒട്ടേറെ വന്നുകഴിഞ്ഞു. കൂടുതല്‍ നഷ്ടമുണ്ടായത് കോണ്‍ഗ്രസിനു തന്നെ. ഭരണത്തിലുണ്ടണ്ടായിരുന്ന അസമും കേരളവും അവരെ കൈവിട്ടു. ഏക ആശ്വാസം പോണ്ടണ്ടിച്ചേരിയില്‍ ഭരണത്തില്‍ തിരിച്ചുവരാനായതാണ്. സി.പി.എം കേരളം തിരിച്ചുപിടിച്ചെങ്കിലും, ബംഗാളില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്തി മത്സരിച്ചിട്ടും മൂന്നാം സ്ഥാനത്തായി. കോണ്‍ഗ്രസില്‍നിന്ന് അസം പിടിച്ചെടുത്തതും കേരളത്തില്‍ അക്കൗണ്ട് തുറക്കാനായതും ബി.ജെ.പി കൊട്ടിഘോഷിക്കുമ്പോള്‍, പശ്ചിമബംഗാളില്‍ അവര്‍ നാലാം സ്ഥാനത്തോ അഞ്ചാം സ്ഥാനത്തോ ആണ്. അവിടെ വോട്ട് വിഹിതം കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനം കുറയുകയും ചെയ്തു. പശ്ചിമ ബംഗാളില്‍ മുഖ്യപ്രതിപക്ഷമാകാമെന്ന മോഹമാണ് അങ്ങനെ തകര്‍ന്നടിഞ്ഞത്. തിളക്കമാര്‍ന്ന ജയം സ്വന്തമാക്കിയ മമതക്കും ജയലളിതക്കുമല്ലാതെ, ദേശീയ കക്ഷികള്‍ക്ക് വല്ലാതെയൊന്നും ആഹ്ലാദിക്കാനുള്ള വക ഈ തെരഞ്ഞെടുപ്പ് നല്‍കുന്നില്ല എന്നര്‍ഥം. ഇനി വരാന്‍ പോകുന്ന പ്രധാന രാഷ്ട്രീയപ്പോര് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പാണ്; പിന്നെ, 2019-ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും. ആ രണ്ട് തെരഞ്ഞെടുപ്പുകളെയും പലവിധത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സ്വാധീനിക്കുമെന്ന് മുന്‍കൂട്ടി കാണേണ്ടതുണ്ട്. 

ന്യൂനപക്ഷ വോട്ടിംഗ് പാറ്റേണുകളില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് തെരഞ്ഞെടുപ്പ് അവലോകനങ്ങളില്‍ ഒരു പ്രധാന വിഷയം. കേരളത്തിലത് ഇടതു മുന്നണിക്ക് അനുകൂലമായിരുന്നു. പക്ഷേ, ജനസംഖ്യയില്‍ 29% വരുന്ന മുസ്‌ലിം ന്യൂനപക്ഷം ഇത്തവണയും സി.പി.എമ്മിനെ കൈവിടുന്ന കാഴ്ചയാണ് ബംഗാളില്‍ കണ്ടത്. 44.9% വോട്ടുകള്‍ സ്വന്തമാക്കി മമത അവിടെ ജയിച്ചുകയറുകയായിരുന്നു. ഈ അഭൂതപൂര്‍വമായ നേട്ടത്തിന് മമത കാര്യമായും കടപ്പെട്ടിരിക്കുന്നത് മുസ്‌ലിം വോട്ടര്‍മാരോടാണ്. സി.പി.എമ്മിനെ അവര്‍ ഇനിയും വിശ്വാസത്തിലെടുക്കാന്‍ കൂട്ടാക്കുന്നില്ല എന്നാണിത് കാണിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സി.പി.എം ഭരണത്തില്‍ അത്രയേറെ അവഗണിക്കപ്പെട്ടുപോയിരുന്നു ബംഗാളിലെ മുസ്‌ലിംകള്‍. ഇത് തുറന്നു സമ്മതിക്കാനോ തിരുത്തലുകള്‍ വരുത്താനോ അങ്ങനെ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കാനോ സി.പി.എമ്മിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടാണല്ലോ മുന്നണിയായി മത്സരിച്ചിട്ടും അവര്‍ കോണ്‍ഗ്രസിന് വോട്ട് നല്‍കിയപ്പോള്‍ സി.പി.എമ്മിന് നല്‍കാതിരുന്നത്. അങ്ങനെ അപ്രതീക്ഷിതമായി സി.പി.എമ്മിനെ പിന്തള്ളി മുഖ്യപ്രതിപക്ഷമാവാനും കോണ്‍ഗ്രസിനു കഴിഞ്ഞു. ഞങ്ങള്‍ക്ക് സീറ്റ് കുറഞ്ഞാലെന്താ, ബി.ജെ.പിയെ തടയാന്‍ പറ്റിയില്ലേ എന്നാണ് സി.പി.എം ആശ്വസിക്കുന്നത്. അത് വാസ്തവമാണെങ്കിലും, ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനായില്ലെങ്കില്‍ സി.പി.എമ്മിന് തിരിച്ചുവരവ് ദുഷ്‌കരമാവും എന്ന വലിയ സത്യം അവശേഷിക്കുന്നു. 

കുറേക്കൂടി സങ്കീര്‍ണമാണ് അസമിലെ സ്ഥിതിഗതികള്‍. കോണ്‍ഗ്രസിന്റെ പിടിപ്പുകേടാണ് അവിടെ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത്. പ്രാദേശിക കക്ഷികളുമായി സഖ്യങ്ങള്‍ രൂപപ്പെടുത്താനും ബി.ജെ.പിക്ക് സാധിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ ബലത്തില്‍ തങ്ങള്‍ക്ക് സംസ്ഥാനത്ത് വികസനം കൊണ്ടുവരാന്‍ കഴിയുമെന്ന അവരുടെ പ്രചാരണവും ഏറ്റു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും മറ്റും തെരഞ്ഞെടുപ്പില്‍ വിഷയമായിരുന്നെങ്കിലും വികസന അജണ്ടക്കാണ് ജനം വോട്ട് നല്‍കിയത്; ഹിന്ദുത്വ അജണ്ടക്കല്ല. 34% വരുന്ന മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനുമിടയില്‍ ഭിന്നിച്ചതും ബി.ജെ.പിക്ക് തുണയായി. കോണ്‍ഗ്രസിന്റെ പതിനഞ്ചും എ.ഐ.യു.ഡി.എഫിന്റെ പന്ത്രണ്ടും മുസ്‌ലിം സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍, ബി.ജെ.പി ടിക്കറ്റിലും രണ്ട് മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായി. മുസ്‌ലിംകള്‍ നിര്‍ണായക ശക്തിയായ നിരവധി മണ്ഡലങ്ങളില്‍ വിജയിക്കാനായത് ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മറ്റേതൊരു തെരഞ്ഞെടുപ്പിനേക്കാളും കൂടുതല്‍ മുസ്‌ലിം വോട്ടുകള്‍ സമാഹരിക്കാനായത് അവരുടെ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നതിന്റെ തെളിവാണ്. നുഴഞ്ഞുകയറ്റപ്രശ്‌നം വര്‍ഗീയ അജണ്ടയാക്കി മാറ്റി ഹിന്ദു-മുസ്‌ലിം ധ്രുവീകരണം നടത്തിക്കൊണ്ടിരുന്നപ്പോഴും, മുസ്‌ലിം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മറ്റൊരു അടവാണ് ബി.ജെ.പി പുറത്തെടുത്തത്. രണ്ടായിരം മൗലവിമാരെയെങ്കിലും ബി.ജെ.പി തങ്ങള്‍ക്കു വേണ്ടി പ്രചാരണം നടത്താന്‍ രംഗത്തിറക്കിയിരുന്നുവെന്ന് 'റ്റൂസര്‍ക്കിള്‍സ് നെറ്റി'(Two Circles.net) അഫ്‌റോസ് ആലം സാഹില്‍ എഴുതുന്നു. ഒരു ഭാഗത്ത് മുസ്‌ലിം വിദ്വേഷ പ്രചാരണം, മറുവശത്ത് മുസ്‌ലിം പ്രീണനം!

ഈ തന്ത്രം മുന്‍കൂട്ടി കാണാന്‍ മുസ്‌ലിം കൂട്ടായ്മകള്‍ക്ക് സാധിച്ചില്ല. മുസ്‌ലിം വോട്ടുകള്‍ ഏകീകരിക്കാന്‍ അവര്‍ എന്തെങ്കിലും ശ്രമങ്ങള്‍ നടത്തിയതായും കാണുന്നില്ല. കോണ്‍ഗ്രസിനും എ.ഐ.യു.ഡി.എഫിനുമിടയില്‍ ധാരണയുണ്ടാക്കാന്‍ മുസ്‌ലിം പൊതുവേദികള്‍ രംഗത്തിറങ്ങിയിരുന്നുവെങ്കില്‍ അസമിലെ 34 ജില്ലകളില്‍ മുസ്‌ലിംകള്‍ക്ക് ഭൂരിപക്ഷമുള്ള ഒമ്പത് ജില്ലകളില്‍നിന്നെങ്കിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറുന്നത് തടയാമായിരുന്നു. 2019-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരുപക്ഷേ ബി.ജെ.പി പയറ്റാന്‍ പോകുന്നതും ഈ ദ്വിമുഖ സ്ട്രാറ്റജിയായിരിക്കും. ഇതിന്റെ പൊള്ളത്തരം തുറന്നുകാണിക്കാനും പൊതു സ്ട്രാറ്റജി രൂപപ്പെടുത്താനും സെക്യുലര്‍ കക്ഷികളും ന്യൂനപക്ഷ പൊതുവേദികളും രംഗത്തിറങ്ങിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പുകളിലും അസമുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. 


Comments