Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

വിദ്യാഭ്യാസം, ഗുലന്‍ പ്രസ്ഥാനം, ഇസ്‌ലാംഭീതി

ഫൈസല്‍ കൊച്ചി

നുഷ്യചരിത്രത്തിന് യൗവനവും പുതുമയും സൗന്ദര്യവും പകര്‍ന്നുനല്‍കുന്നത് സംവാദാത്മകമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളാണ്. ശരീരത്തില്‍ ശിരസ്സിനുള്ള സ്ഥാനമാണ് സമൂഹത്തില്‍ സര്‍വകലാശാലകളടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ധിഷണയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളാണ് വിപ്ലവങ്ങളുടെ തീപ്പൊരികള്‍ക്ക് പ്രചോദനമേകാറുള്ളത്. ചരിത്രം അതിന് സാക്ഷിയാണ്. ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ പോലെ ആര്‍ക്കും വായിക്കാനും മനസ്സിലാക്കാനും കഴിയാത്ത വാക്കുകളായിരിക്കും ധിഷണാശാലി സ്വപ്‌നത്തിലെന്നവണ്ണം കുറിച്ചിടുന്നത്. ധിഷണയെ സ്വാംശീകരിക്കാനും 

ജനമനസ്സുകളെ കൈയിലെടുക്കാനും കഴിയുന്ന നായകന്മാര്‍ അവരുടെ സ്വതഃസിദ്ധമായ ഇന്ദ്രജാലത്താല്‍ ഈ സ്വപ്‌നങ്ങള്‍ക്ക് പ്രാ

യോഗികവര്‍ണങ്ങള്‍ നല്‍കും. വിദ്യാര്‍ഥികളും കലാകാരന്മാരും യുവാക്കളും അവയെ ജനകീയമാക്കും. വിജ്ഞാനവും സംസ്‌കാരവും കലയും അസാമാന്യമാംവിധം സമന്വയിപ്പിക്കുമ്പോള്‍ വിപ്ലവങ്ങള്‍ക്ക് നവജീവന്‍ ലഭിക്കും. അവയില്‍ സംഭവിക്കുന്ന കാലിടറലുകള്‍ വിപ്ലവങ്ങളെ താല്‍ക്കാലിക പ്രതിഭാസങ്ങളാക്കി ചുരുക്കിക്കെട്ടും. 

പുരാതനകാലം മുതല്‍ മനുഷ്യസമൂഹത്തില്‍ അരങ്ങേറിയ താല്‍ക്കാലികവും സ്ഥിരസ്ഥായിയുമായ ചുവടുവെപ്പുകളെ വിശകലനം ചെയ്യുന്ന പഠനങ്ങള്‍ ധാരാളമുണ്ട്. വിപ്ലവങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ വേണ്ടത്ര മുന്നൊരുക്കമില്ലാതെയുള്ള എടുത്തുചാട്ടങ്ങള്‍ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നതിനെക്കുറിച്ച് ഡോ. താരീഖ് സുവൈദാനെ പോലെയുള്ള ഇസ്‌ലാമിക പണ്ഡിതര്‍  മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിപ്ലവവസന്തത്തിന്റെ സൗരഭ്യത്തെ അതേ അനുപാ

തത്തില്‍ ഇന്നും നിലനിര്‍ത്തുന്ന മേഖലകളില്‍ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ വഹിച്ച പങ്ക് പ്രത്യേകം പരാമര്‍ശവിധേയമായിട്ടുണ്ട്. വൈജ്ഞാനികവികാസം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പക്ഷേ മനുഷ്യചരിത്രത്തിന്റെയും സാങ്കേതികവികാസത്തിന്റെയും അനുപാതമനുസരിച്ച് വളരാന്‍ മുസ്‌ലിം രാജ്യങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും കഴിയുന്നില്ലെന്നത് വലിയ ദുഃഖം തന്നെയാണ്. ഖുര്‍ആന്റെ പരമപ്രധാനമായ അടിസ്ഥാനങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുകയും ശാഖകളില്‍ കടിച്ചുതൂങ്ങുകയും ചെയ്യുന്ന പ്രവണതയുടെ ലക്ഷണമൊത്ത ഉദാഹരണമായി ഈ മേഖലയോടുള്ള അവഗണനയെ കണക്കാക്കാനാകും. ദിവ്യബോധനം, ഖലം, കിതാബ്, പ്രവാചകന്‍, പ്രഭാഷണം തുടങ്ങിയ വൈജ്ഞാനിക സൂചകങ്ങളാല്‍ ബന്ധിതമായ ഒരു സമൂഹമാണ് വിധിവൈപരീത്യമെന്നോണം  ഈ നിലപാട് കൈക്കൊള്ളുന്നത്. ആയുധപോരാട്ടം പോലെ വേഗത്തില്‍ ഫലമുണ്ടാകുമെന്ന് സ്വയം ധരിക്കുന്ന പ്രവര്‍ത്തനങ്ങളോടാണ് പല പ്രസ്ഥാനങ്ങള്‍ക്കും പൊതുവെ ആഭിമുഖ്യം. വിദ്യാഭ്യാസം പോലെ തലമുറകളോളം ആഴത്തില്‍ സ്വാധീനം ചെലുത്തുകയും ദീര്‍ഘകാലം സ്ഥായിയായ ഫലം ഉണ്ടാക്കുകയും ചെയ്യുന്ന പദ്ധതികളെ കുറിച്ച് ആലോചിക്കാന്‍ കഴിയാതെ പോവുകയാണ് പതിവ്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, ഗവേഷണം തുടങ്ങിയ അജണ്ടകളില്‍ തുര്‍ക്കി, മലേഷ്യ, ഖത്തര്‍, ഫലസ്ത്വീന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധേയമായ ചലനങ്ങളുണ്ടാകുന്നത് ശുഭോദര്‍ക്കമാണ്.

വേദവും പ്രവാചകന്മാരും പകര്‍ന്നുനല്‍കിയ  ഇസ്‌ലാമിക ദര്‍ശനം ജ്ഞാനാടിസ്ഥാനത്തില്‍ വികാസം പ്രാപിച്ചിട്ടുള്ളതാണ്. അജ്ഞാനകാലത്ത് (ജാഹിലിയ്യ) വന്ന അന്ത്യപ്രവാചകനും വേദവും വിജ്ഞാനത്തിനു നല്‍കിയ പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്.  പ്രവാചകന്റെ 'ദാറുല്‍ അര്‍ഖം' വിജ്ഞാനത്തിന്റെ പ്രഥമ കേന്ദ്രമായിരുന്നു. മദീനയില്‍ പ്രവാചകന്‍ സ്ഥാപിച്ച പള്ളി കേന്ദ്രീകരിച്ചും വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിച്ചു. ആരാധനാ കേന്ദ്രത്തെ തന്നെ അറിവിന്റെ ഉറവിടമാക്കി. പള്ളിയെയും പള്ളിക്കൂടത്തെയും സമന്വയിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പിന്നീട് ഉയര്‍ത്തപ്പെട്ട പള്ളിമിനാരങ്ങളെല്ലാം തന്നെ വിജ്ഞാന വികാസത്തിന്റെ ഉയര്‍ച്ച വിളിച്ചുപറഞ്ഞു.ആയുഷ്‌കാലമത്രയും ജ്ഞാനമാര്‍ജിക്കണമെന്നതാണ് ഇസ്‌ലാമിന്റെ പാഠം. അറിവ് ആണ്‍-പെണ്‍ ഭേദമന്യേ ആര്‍ക്കും പ്രാപ്യമാകണമെന്നും പ്രവാചകന്‍(സ) അക്കാലത്തുതന്നെ നിഷ്‌കര്‍ശിച്ചു. 

ഉമറുല്‍ ഫാറൂഖി(റ)ന്റെ കാലത്ത് കരിക്കുലം തയാറാക്കി ഭരണകൂടം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു ശ്രദ്ധ പുലര്‍ത്തിത്തുടങ്ങി. അമവികളും അബ്ബാസികളുമടങ്ങുന്ന പില്‍ക്കാല ഭരണകൂടങ്ങളും നബി(സ)യുടെ മാതൃക പിന്‍

പറ്റി ഈ മേഖലയില്‍ കാലത്തിനനുസരിച്ച മാറ്റങ്ങള്‍ വരുത്തി.ഇമാം ഗസാലി, അല്‍ഫാറാബി, ഇബ്‌നു ഖല്‍ദൂന്‍ എന്നിവരുടെ ചിന്തകള്‍ വിജ്ഞാനചക്രവാളം വികസിക്കുന്നതിനു സഹായകമായി. ആദ്യകാല തലമുറയുടെ ജ്ഞാനപ്രവര്‍ത്തനങ്ങളുടെ മാതൃക അതേ അളവില്‍ സ്വാംശീകരിക്കാന്‍ പില്‍ക്കാല ഇസ്‌ലാമിക സമൂഹങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നത് ഖേദകരം തന്നെയാണ്. ഇസ്‌ലാമിക സമൂഹം വികാസം പ്രാപിക്കുകയും എതിര്‍പ്പുകളുടെയും കുഴപ്പങ്ങളുടെയും കാലഘട്ടം കടന്നുവരികയും ചെയ്തതോടെ ചരിത്രമെഴുതുന്നവര്‍ രാഷ്ട്രീയവും യുദ്ധസംബന്ധവുമായ വിവരങ്ങള്‍ നല്‍കുന്നതിനാണ് പ്രാധാന്യം 

നല്‍കിയത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച നഷ്ടപ്പെടുന്നതിന് ഇതു പ്രധാന കാരണമായിട്ടുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ച് ഗവേഷണപടുക്കളായ പണ്ഡിതന്മാര്‍ നയിച്ച പഠനവേദികളുടെ വെളിച്ചം പക്ഷേ ഏറെ തിളക്കമുള്ളതായിരുന്നു. ഈജിപ്ത് (മുഹമ്മദ് അബ്ദു), തുര്‍ക്കി (സുല്‍ത്താന്‍ അബ്ദുല്‍ മജീദ്), തുനീഷ്യ (മുഹമ്മദ് ബയ്‌റാം), അള്‍ജീരിയ (ഇബ്‌നു ബാദിസ്), ഇറാഖ് (ആലൂസി കുടുംബം) തുടങ്ങിയ രാഷ്ട്രങ്ങളില്‍ പിന്നീട് 

രൂപപ്പെട്ട വിദ്യാഭ്യാസ നവേത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗമേകിയത് ഈ പ്രവര്‍ത്തനങ്ങളായിരുന്നു.  

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സംഭവിച്ച യൂറോപ്യന്‍ യാത്രകള്‍ മുസ്‌ലിംകളുടെ സംസ്‌കാരത്തിനും രാഷ്ട്രീയ ഘടനക്കും ഏറെ ക്ഷതമേല്‍പ്പിച്ചു. പാശ്ചാത്യ സാങ്കേതികവിദ്യയും ആധുനികതയും വളരെ വേഗത്തില്‍ മുസ്‌ലിം ജനമനസ്സുകളെ കീഴടക്കി. ഉസ്മാനീ സാമ്രാജ്യത്തിന്റെ തകര്‍ച്ച ഈ കീഴൊതുങ്ങല്‍ എളുപ്പമാക്കി. ആധുനികതയെ പൂര്‍ണമായും തിരസ്‌കരിക്കണമോ അതോ അതിനു കീഴൊതുങ്ങണമോ എന്ന ചിന്തയ്ക്കായിരുന്നു പല കാരണങ്ങളാലും അന്ന് ഏറെ പ്രചാരം സിദ്ധിച്ചിരുന്നത്. മറുവഴികളന്വേഷിച്ച രണ്ടു ഗവേഷകരായിരുന്നു മുഹമ്മദ് അബ്ദുവും ജമാലുദ്ദീന്‍ അഫ്ഗാനിയും. ആധുനികതയെയും യുക്തിയെയും ഇസ്‌ലാമികവിരുദ്ധമായി അവര്‍ അവതരിപ്പിച്ചില്ല. ഇസ്‌ലാം യുക്തിയെ ബഹുമാനിക്കുന്നുവെന്നും ശാസ്ത്ര സത്യങ്ങളോട് അന്ധമായി പുറംതിരിഞ്ഞുനില്‍ക്കേണ്ടതില്ലെന്നും ഇരുവരും  വാദിച്ചു. വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവ പൂര്‍വ

കാല ഇസ്‌ലാമിക സംസ്‌കാരത്തിന്റെ സന്താനങ്ങളാണ് എന്നായിരുന്നു അഫ്ഗാനിയുടെ നിരീക്ഷണം. ഈ മാതൃക സ്വീകരിച്ചുകൊണ്ടാണ് ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസചിന്തകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. 

1928-ല്‍ പ്രവര്‍ത്തനമാരംഭിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ  പ്രഥമ പരിഗണനാ വിഷയം  വിദ്യാഭ്യാസമായിരുന്നുവെന്ന് ചരിത്രത്തില്‍ കാണാനാകും. ഇമാം ഹസനുല്‍ ബന്നായുടെ വീക്ഷണമനുസരിച്ച് പൂര്‍ണ വ്യവസ്ഥ (നിളാം ശാമില്‍) എന്ന നിലയില്‍ ഇസ്‌ലാം സ്ഥാപിതമാകണമെങ്കില്‍ അതിന്റെ ചവിട്ടുപടി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ്. 1929-ല്‍ അദ്ദേഹം ആദ്യമായി പ്രസിദ്ധീകരിച്ച ലഘുലേഖയുടെ തലക്കെട്ട് 'മതവിദ്യാഭ്യാസത്തിന് ഒരു രൂപരേഖ' എന്നതായിരുന്നു. പാരമ്പര്യത്തിലധിഷ്ഠിതമായ അസ്ഹര്‍ സര്‍വകലാശാലയില്‍നിന്ന് വ്യത്യസ്തമായി, ആധുനികവിജ്ഞാനീയങ്ങളുടെ കൂടി മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ടതും 1871-ല്‍ സ്ഥാപിതമാവുകയും ചെയ്ത ദാറുല്‍ ഉലൂമിന്റെ (കയ്‌റോ) സന്തതിയായിരുന്നു ഇമാം ബന്നാ. അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവതമാരംഭിക്കുന്നത്.  പ്രസ്ഥാനം രൂപീകരിച്ചു മൂന്നു വര്‍ഷത്തിനുശേഷം (1931) ഇസ്മാഈലിയ്യയില്‍ ആദ്യമായി ആണ്‍കുട്ടികള്‍ക്കു വേണ്ടി ഒരു സ്‌കൂള്‍ അദ്ദേഹം സ്ഥാപിച്ചു. രണ്ടു വര്‍ഷത്തിനുശേഷം പെണ്‍പള്ളിക്കൂടവും നിലവില്‍ വന്നു. പിന്നീടങ്ങോട്ട് പള്ളിയും വിദ്യാലയവും അടുത്തടുത്ത് സ്ഥാപിച്ചുകൊണ്ട് പ്രബോധനമെന്നാല്‍ വിദ്യാഭ്യാസമാണ് എന്ന കാഴ്ചപ്പാട് ബന്നാ പകര്‍ന്നുനല്‍കി. 

സമാനമായ സംഭാവനകളാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൗലാനാ മൗദൂദിയും നിര്‍വഹിച്ചത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസചിന്തകള്‍ തഅ്‌ലീമാത്ത് എന്ന ഗ്രന്ഥത്തില്‍ വിശദമാക്കപ്പെട്ടിട്ടുണ്ട്. വിദ്യാഭ്യാസത്തെ മതം, ഭൗതികം എന്നിങ്ങനെ തരംതിരിക്കുന്നതിനെ അദ്ദേഹം എതിര്‍ത്തു. വിജ്ഞാനത്തിന്റെ മുഴുമേഖലകളിലും ഇസ്‌ലാമിക മൂല്യങ്ങളുടെ സാന്നിധ്യമുണ്ടാകണമെന്നതാണ് മൗദൂദി ചിന്ത. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, കരിക്കുലം, ധാര്‍മിക  വിദ്യാഭ്യാസം, സ്ത്രീ വിദ്യാഭ്യാസം, അധ്യാപകപരിശീലനം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ പുതുചിന്തകള്‍ പ്രഭാഷണങ്ങളായും പ്രബന്ധങ്ങളായും അവതരിപ്പിക്കപ്പെടുകയും ചര്‍ച്ചാവിധേയമാവുകയും ചെയ്തു.  

അടയാളപ്പെടുത്തപ്പെടേണ്ട മറ്റൊരു ചുവടുവെപ്പായിരുന്നു 1977-ല്‍ മക്കയില്‍ നടന്ന 'ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ അടിത്തറ' എന്ന തലക്കെട്ടിലുള്ള അന്താരാഷ്ട്ര സമ്മേളനം. 350-ലേറെ പണ്ഡിതന്മാര്‍ അതില്‍ സംബന്ധിച്ചു. മുസ്‌ലിം രാജ്യങ്ങളില്‍ അന്ന് നിലവിലുണ്ടായിരുന്ന വിദ്യാഭ്യാസ സമ്പ്രദായം ഇസ്‌ലാമിന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന രീതിയിലല്ലെന്നും, വളരുന്ന തലമുറയില്‍ വിശ്വാസം, ചിന്ത, സംസ്‌കാരം എന്നിവ സമ്മാനിക്കുന്ന തരത്തിലല്ലെന്നും വിലയിരുത്തിയ സമ്മേളനം ചില സുപ്രധാന ചുവടുവെപ്പുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മറ്റു ചില സമ്മേളനങ്ങളും സംഘടിപ്പിച്ചു. തുടര്‍ ചലനമെന്നോണം സംഭവിച്ച കാര്യങ്ങളാണ് ശഹീദ് ഇസ്മാഈല്‍ റാജീ ഫാറൂഖിയുടെ ഇസ്‌ലാമിക് തോട്ടും കാംബ്രിഡ്ജ് പ്രഫസറായ അശ്‌റഫ് സ്ഥാപിച്ച 

ഇസ്‌ലാമിക് അക്കാദമിയും. മക്കാ സമ്മേളനത്തിന്റെ സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള കമ്മിറ്റിയുടെ കണ്‍വീനറായിരുന്നു റാജീ ഫാറൂഖി. അന്നത്തെ ചര്‍ച്ചകളാണ് 

പിന്നീട് വിജ്ഞാനത്തിന്റെ ഇസ്‌ലാമീകരണം എന്ന ചിന്തയിലേക്ക് നയിച്ചത്. ഇസ്‌ലാമിക് തോട്ടും ഇസ്‌ലാമിക് അക്കാദമിയും ഇതര മത വിഭാഗങ്ങള്‍ക്ക് ഇസ്‌ലാം പഠനവിഷയമാകുന്നതിന് ഏറെ സഹായകമായി. ധാക്കയിലും ഇസ്‌ലാമാബാദിലും ക്വാലാലമ്പൂരിലും ഇസ്‌ലാമിക സര്‍വകാലശാലകള്‍ ഉയര്‍ന്നുവരുന്നതിനും മക്കാ സമ്മേളനം പ്രചോദനമേകി.  

 

ഗുലന്‍ പ്രസ്ഥാനം

മക്കാ സമ്മേളനത്തിന്റെ പ്രമേയങ്ങളില്‍ ആകൃഷ്ടനായും റാജീ ഫാറൂഖിയുടെ ചിന്തകളില്‍ പ്രചോദിതനായും വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്ക് സ്വന്തം നിലക്ക് ഇറങ്ങിത്തിരിക്കുകയും തുര്‍ക്കിയില്‍ അതിനുള്ള പ്രായോഗിക മാതൃക സമര്‍പ്പിക്കുകയും ചെയ്ത പണ്ഡിതനാണ് ഫത്ഹുല്ലാ ഗുലന്‍. തുര്‍ക്കി തന്ത്രപ്രധാനമായ പ്രദേശമായതിനാല്‍ അവിടെ സംഭവിക്കുന്ന ചലനങ്ങള്‍ക്ക് വളരെ വേഗം ശ്രദ്ധയും പ്രസിദ്ധിയും ലഭിക്കാറുണ്ട്. പുരാതന നാഗരികതകളിലൊന്നായാണ് രാജ്യം അറിയപ്പെടുന്നത്. 1924-ല്‍ ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെടുകയും കമാലിസ്റ്റ് ഭൗതികത തുര്‍ക്കിയെ അടക്കിവാഴുകയും ചെയ്ത സന്ദര്‍ഭത്തില്‍ സൂഫി ചിന്തയുമായി ഗ്രാമങ്ങളിലേക്കും നഗരങ്ങളിലേക്കും ഇറങ്ങിത്തിരിച്ച മഹാനായ പണ്ഡിതന്‍ ബദീഉസ്സമാന്‍ സഈദ് നൂര്‍സിയുടെ അനുയായിയാണ് ഫത്ഹുല്ലാ ഗുലന്‍. തുര്‍ക്കിയിലെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നൂര്‍സി നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളും പ്രാര്‍ഥനയും സാക്ഷാത്കരിക്കപ്പെട്ടുവെന്നതിന്റെ തെളിവാണ് ആധുനിക തുര്‍ക്കി. ഇപ്പോള്‍ തുര്‍ക്കി ഭരിക്കുന്ന ഉര്‍ദുഗാനും സയ്യിദ് 

നൂര്‍സിയുടെ ശിഷ്യഗണങ്ങളില്‍ പെടുന്നു. ഗുലന്‍ പൂര്‍ണമായും  വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 'തുര്‍ക്കിയില്‍ പള്ളികള്‍ സ്ഥാപിക്കുന്നതിനല്ല, പള്ളിക്കൂടങ്ങള്‍ സ്ഥാപിക്കുന്നതിനാണ് നിങ്ങള്‍ മുന്‍ഗണന നല്‍കേണ്ടത്' എന്ന ഗുലന്റെ ആഹ്വാനം ശ്രദ്ധേയമാണ്.  പള്ളികള്‍ സ്ഥാപിക്കുന്നതിനു മുന്നിട്ടിറങ്ങാന്‍ തയാറായ ധാരാളം വിഭാഗങ്ങള്‍ തുര്‍ക്കിയില്‍  ഉണ്ടായിരുന്നു. എന്നാല്‍, കമാലിസ്റ്റ് പ്രത്യയശാസ്ത്രത്തോട് ഏറ്റുമുട്ടാന്‍  പാകത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുലോം തുഛമായിരുന്നു. വിദ്യാഭ്യാസം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായതിനാല്‍ യുവാക്കള്‍ക്ക് ഇസ്‌ലാമിനെ മനസ്സിലാക്കാനുള്ള അവസരമില്ലായിരുന്നു. വീടകങ്ങളില്‍ സ്വകാര്യ ട്യൂഷന്‍ എന്ന സമ്പ്രദായത്തിലൂടെയാണ് ഗുലന്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതും മതനിരാസത്തെ പ്രതിരോധിക്കുന്നതും. 1960-കളില്‍ അദ്ദേഹം വ്യാപകമായി ഒഴിവുകാല ഇസ്‌ലാമിക പഠനക്യാമ്പുകള്‍ സംഘടിപ്പിച്ചു. പിന്നീട് നഗരങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മാത്രമായി  പ്രവേശനം ലഭിക്കുന്ന ഹോസ്റ്റലുകള്‍ സ്ഥാപിച്ചു. ഈ ഹോസ്റ്റലുകള്‍ രക്ഷിതാക്കളുടെ മമത പിടിച്ചുപറ്റി. പ്രത്യേകം ശിക്ഷണം ലഭിച്ചവരായിരുന്നു ഇവിടെ നിന്നും പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍. 

പിന്നീടദ്ദേഹം തുര്‍ക്കിയില്‍ സ്വകാര്യ സ്‌കൂളുകള്‍ സ്ഥാപിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. ഇന്ന് തുര്‍ക്കിയില്‍ മാത്രം അദ്ദേഹത്തിനു കീഴില്‍ 300-ലധികം സ്‌കൂളുകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 180 രാജ്യങ്ങളിലായി ആയിരക്കണക്കിന് സ്‌കൂളുകളും രണ്ടു മില്യന്‍ വിദ്യാര്‍ഥികളുമുള്ള ഒരു വലിയ വിദ്യാഭ്യാസ സംവിധാനമായി ഗുലന്‍പ്രസ്ഥാനം പടര്‍ന്നു പന്തലിച്ചിട്ടുണ്ട്. അമേരിക്കയില്‍ 140 ചാര്‍ട്ടര്‍ സ്‌കൂളുകളുള്ള ഗുലന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് സജീവ ചര്‍ച്ചാവിഷയമാണ്. നജ്മുദ്ദീന്‍ അര്‍ബകാനുമായും ഉര്‍ദുഗാനുമായും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഗുലന്‍ നടത്തികൊണ്ടിരുന്നത്. അക് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുകളില്‍ വമ്പിച്ച 

പിന്തുണ ലഭിക്കുന്നതിനു വലിയ സഹായമാണ് ഗുലന്റെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരുന്നത്. ഇന്നും തുര്‍ക്കിയിലെ വലുതും ചെറുതുമായ പദവികളിലിരുന്ന് സര്‍ക്കാറിനെ സേവിക്കുന്നത് ഗുലന്റെ വിദ്യാര്‍ഥികളാണ്. ഉര്‍ദുഗാനും 

ഗുലനും ഇപ്പോള്‍ പക്ഷേ രണ്ടു വഴിയിലാണുള്ളത്. മതം/യുക്തിചിന്ത, ശാസ്ത്രം/ആത്മീയത എന്നിവയെ സമ്മേളിപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗുലന്‍ നേതൃത്വം നല്‍കിവരുന്നത്. അജ്ഞത, ദാരിദ്ര്യം, അനൈക്യം എന്നിവയോട് പോരാടണമെന്നും ആത്മീയവും ബുദ്ധിപരവും സാമ്പത്തികവുമായ ഉന്നമനത്തിനായി യത്‌നിക്കണമെന്നും അദ്ദേഹം അവശ്യപ്പെടുന്നു. ബഹുസ്വരത, വൈവിധ്യം, സഹിഷ്ണുത, പൗരാവകാശം, മതേതരത്വം, ജനാധിപത്യം എന്നീ മൂല്യങ്ങളോട് ഇസ്‌ലാമിക സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം വാദിക്കുന്നു..

 

ഇസ്‌ലാം ഭീതി

നിരവധി പഠനങ്ങളാണ് ഗുലന്‍പ്രസ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി ചാര്‍ട്ടര്‍ സ്‌കൂളുകള്‍ അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്നതിനാലും ഗുലന്റെ താവളം  ഇപ്പോള്‍ ഫിലാഡെല്‍ഫിയയായതിനാലും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളും ഈ വിദ്യാലയങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും  ചെയ്യുന്നു. ഈ പഠനങ്ങളിലെല്ലാം നിഴലിക്കുന്നത് ഇസ്‌ലാം ഭീതിയാണെന്നതില്‍ സംശയമില്ല. തികച്ചും മതേതര സ്വഭാവത്തോടെയും ഓരോ രാഷ്ട്രത്തിലെയും നിയമവ്യവസ്ഥകള്‍ അംഗീകരിച്ചുകൊണ്ടും പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങളുടെ ജനിതക പരിശോധന നടത്താനുള്ള  മാധ്യമങ്ങളുടെ താല്‍പര്യങ്ങളില്‍നിന്നുതന്നെ അവരുടെ ഉദ്ദേശ്യം വ്യക്തമാണ്. ഗുലന്‍ തികഞ്ഞ ഇസ്‌ലാം മതവിശ്വാസിയാണെന്നതു തന്നെ അദ്ദേഹത്തിനുമേല്‍ സംശയത്തിന്റെ നിഴല്‍ പതിയുന്നതിനുള്ള കാരണമാണ്. ഗുലന്‍ എന്തിനാണ് സ്‌കൂളുകള്‍ നടത്തുന്നത് എന്ന ചോദ്യമാണ് ഏമാന്മാരെ ഏറെ കുഴക്കുന്നത്. ടര്‍ക്കിഷ് സംസ്‌കാരം കുട്ടികളില്‍  അടിച്ചേല്‍പ്പിക്കുകയാണ് ഗുലന്‍ സ്‌കൂള്‍ എന്നാണ് വ്യാപകമായ പ്രചാരണം. ഗുലന്‍ സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന അധിക അധ്യാപകരും തുര്‍ക്കിയില്‍നിന്നുള്ളവരാണ്. അവര്‍ വളരെ കുറഞ്ഞ ശമ്പളത്തിനാണ് ജോലിചെയ്യുന്നത്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുന്നുവെന്നും കുട്ടികളില്‍ അമേരിക്കന്‍വിരുദ്ധ വികാരം രൂപപ്പെടുന്നുവെന്നും ആരോപിച്ച് സ്‌കൂള്‍ പൂട്ടിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. താജികിസ്താനില്‍ അടുത്തകാലത്ത് ഗുലന്‍ വിദ്യാലയങ്ങള്‍ അടച്ചുപൂട്ടി

ക്കൊണ്ടുള്ള കല്‍പ്പനയും വന്നു. സമാനമായ ശ്രമങ്ങള്‍ക്ക് തുര്‍ക്കിയില്‍  ഉര്‍ദുഗാനും തുടക്കം കുറിച്ചു. സമാന്തരഭരണം ഗുലന്‍ തുര്‍ക്കിയില്‍ നടത്തുന്നുവെന്നതാണ്  ഉര്‍ദുഗാന്റെ പ്രധാന ആരോപണം. ഉര്‍ദുഗാനെയും ഗുലനെയും ശത്രുക്കളാക്കുന്നതില്‍ പാ

ശ്ചാത്യ മാധ്യമങ്ങളും ഇസ്‌ലാംവിരുദ്ധപക്ഷത്ത് നിലയുറപ്പിച്ച സൈനികമേധാവികളും വിജയിച്ചുവെന്നുവേണം കരുതാന്‍. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍