Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

സന്തോഷത്തിന്റെയും സൗഭാഗ്യത്തിന്റെയും ഉറവിടം തേടി

ജാസിമുല്‍ മുത്വവ്വ

തകോടികള്‍ അനന്തരാവകാശമായി ലഭിച്ച വ്യക്തി. സന്തോഷവും ആഹ്ലാദവും എന്തെന്നറിഞ്ഞിട്ടില്ലാത്ത അയാള്‍, തന്റെ മടുപ്പുളവാക്കുന്ന ജീവിതത്തെക്കുറിച്ച പരാതിയുമായാണ് എത്തിയത്. ഇത്തരം പരാതികള്‍ പലരില്‍നിന്നും എനിക്ക് കേള്‍ക്കാന്‍ ഇടവന്നിട്ടുണ്ട്. ഭര്‍ത്താവ് മരണമടഞ്ഞ വിധവയില്‍നിന്നും വിവാഹമോചിതയായ സ്ത്രീയില്‍നിന്നും ഇതേ പരാതി കേട്ടു. യുവാക്കള്‍, യുവതികള്‍, പണക്കാര്‍, മുതിര്‍ന്നവര്‍- എല്ലാ തരക്കാരില്‍നിന്നും ഉയരുന്നു തങ്ങള്‍ക്ക് വിനഷ്ടമായ സന്തോഷത്തെ ഓര്‍ത്തുള്ള ആകുലമായ നെടുവീര്‍പ്പുകള്‍. ആഹ്ലാദചിത്തരായി, സന്തോഷഭരിതരായി എങ്ങനെ ജീവിക്കാമെന്ന് എത്ര പേര്‍ക്കറിയുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

വീടുകളില്‍നിന്നോ പാഠശാലകളില്‍നിന്നോ ഗ്രന്ഥങ്ങളില്‍നിന്നോ ആഹ്ലാദപൂര്‍ണമായ ജീവിതം സാധിതമാക്കുന്ന നൈപുണികളെക്കുറിച്ച ധാരണ കിട്ടിയവരാണോ നമ്മള്‍? ജീവിതാനുഭവങ്ങളില്‍നിന്ന് കൂടുതല്‍ സന്തുഷ്ട ജീവിതം നയിക്കാനുതകുന്ന പാഠങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയുമായി ഭൗതികലോകത്തേക്ക് ഇറങ്ങിത്തിരിച്ചവരാണോ നാം?

ഒരു സ്ത്രീയെ എനിക്ക് പരിചയമുണ്ട്. മാനസികോല്ലാസം തേടി അവര്‍ നേരെ പോവുക അങ്ങാടിയിലേക്കാണ്. ധാരാളം പണം ചെലവിട്ട് നിരവധി വസ്തുക്കള്‍ വാങ്ങുന്നതോടെ അവര്‍ ആഹ്ലാദവതിയാകും. ആ നിമിഷങ്ങളിലാണ് അവരുടെ സന്തോഷം. ആഹ്ലാദം തേടി യാത്ര പോകലാണ് വേറൊരാളുടെ പരിപാടി. ദുഃഖവും മടുപ്പും തോന്നുമ്പോള്‍ ഒന്നോ രണ്ടോ ദിവസത്തേക്ക് അയാള്‍ ഒരു യാത്ര പോകും. തിരിച്ചുവരുന്നതോടെ അയാള്‍ സന്തോഷവാനാകും. ഇതാണോ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും പൊരുള്‍? സാമ്പത്തികവും ആരോഗ്യപരവുമായ വിഷമപ്രശ്‌നങ്ങള്‍ നേരിടുന്ന വ്യക്തിക്ക് സന്തോഷത്തോടെ ജീവിക്കാനാവുമോ? സന്തോഷം നാം ഉണ്ടാക്കുന്നതോ അല്ലെങ്കില്‍ അത് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോ? സന്തോഷത്തിനും സൗഭാഗ്യത്തിനും നിശ്ചിത വേളകളുണ്ടോ? അല്ലെങ്കില്‍ അത് ജീവിതത്തിലെ ഒരു ചിരന്തന സത്യമായി അഭംഗുരം നിലനില്‍ക്കുന്നതോ? സന്തുഷ്ടരായി എങ്ങനെ ജീവിക്കാമെന്ന് ചിന്തിക്കുമ്പോഴെല്ലാം എന്റെ മനസ്സിലേക്ക് കടന്നുവരുന്ന ചോദ്യങ്ങളാണിവ.

ഇബ്‌നുല്‍ ഖയ്യിം സന്തോഷത്തെയും ആഹ്ലാദത്തെയും നിര്‍വചിച്ചതും വകതിരിച്ചതും ഈ ചോദ്യങ്ങളുടെ പ ശ്ചാത്തലത്തില്‍ ഞാന്‍ ഓര്‍ക്കുകയാണ്. 'മിഫ്താഹു ദാരിസ്സആദഃ '(ആനന്ദഭവനത്തിന്റെ താക്കോല്‍) എന്ന കൃതിയില്‍ മനോഹരമായ രീതിയില്‍ സന്തോഷത്തെ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. 'ആനന്ദ ഭവനം' എന്നതുകൊണ്ട് അദ്ദേഹം ഉദ്ദേശിക്കുന്നത് സ്വര്‍ഗവും അല്ലാഹുവിന്റെ തൃപ്തിയുമാണ്. സന്തോഷ-സൗഭാഗ്യങ്ങളെ അദ്ദേഹം മൂന്നായി തരംതിരിക്കുന്നു: ഒന്ന്, മനുഷ്യന്റെ സ്വത്വത്തിന് പുറത്തുള്ള സന്തോഷങ്ങള്‍. പണം നല്‍കുന്ന സന്തോഷം. വിനോദങ്ങളില്‍നിന്ന് കിട്ടുന്ന സന്തോഷം. ജോലിയില്‍നിന്ന് കിട്ടുന്ന സന്തോഷം. ക്ഷണികമാണ് ഇവ നല്‍കുന്ന സന്തോഷം. കുറേ പണം കിട്ടുന്നവര്‍ അല്‍പകാലത്തേക്ക് സന്തോഷവാനായിരിക്കും. അത് എന്നും ലോഭമില്ലാതെ കിട്ടുന്നതോടെ അയാള്‍ സന്തോഷത്തിന്റെ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങും. രോഗം വന്ന് ചികിത്സിച്ചോ ആപത്തുകളൊഴിവാക്കാന്‍ പണം ചെലവഴിച്ചോ സമ്പാദ്യം തീര്‍ന്നു തുടങ്ങുമ്പോള്‍ സന്തോഷവും അസ്തമിക്കും.

രണ്ടാമത്തെ സന്തോഷം ശരീരത്തിന്റെ ആരോഗ്യം, സൗന്ദര്യം, അംഗലാവണ്യം, ദൃഢപേശികള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയുള്ളതാണ്. ശരീരഘടനയും അഭിരുചികളുമാണ് ഈ സന്തോഷത്തിനാധാരം. ശരീര പോഷണത്തിനും വൈവിധ്യമാര്‍ന്ന അഭിരുചി പരീക്ഷണത്തിനും സമയം പാഴാക്കുന്നവരാകും ഇത്തരക്കാര്‍. ഒരു സ്ത്രീയെ ഞാനോര്‍ക്കുന്നു. തന്റെ രൂപത്തെക്കുറിച്ചും ശരീരത്തിന്റെ ആകൃതിയെക്കുറിച്ചും ഒരുപാട് വേവലാതികളുമായാണ് അവര്‍ കയറിവന്നത്. അവര്‍ക്ക് ജീവിതം മടുത്തിരിക്കുന്നു. പത്തോളം സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിക്കഴിഞ്ഞിട്ടുണ്ട് അവര്‍. ശരീരാകൃതി മാറ്റി, മുഖഭാവത്തില്‍ മാറ്റം വരുത്തി. എന്നിട്ടും സന്തോഷം തോന്നുന്നില്ല അവര്‍ക്ക്. ദീര്‍ഘകായനായ യുവാവ്. ദൃഢമാംസപേശികള്‍ ഉരുട്ടി വലുതാക്കി മുഴപ്പിച്ച് നെഞ്ചു വിരിച്ചാണ് വരവ്. ഈ രൂപം വരുത്താന്‍ അയാള്‍ ദീര്‍ഘകാലമെടുത്തിട്ടുണ്ട്. എന്നിട്ടും സന്തോഷം മരീചിക പോലെ.

മൂന്നാമത്തെ സന്തോഷം, അതാണ് ഇബ്‌നുല്‍ ഖയ്യിം യഥാര്‍ഥ സന്തോഷവും സൗഭാഗ്യവുമായി ഗണിക്കുന്നത്. മനസ്സിന്റെയും ഹൃദയത്തിന്റെയും ആത്മാവിന്റെയും സന്തോഷമാണത്. ജനനം മുതല്‍ മരണം വരെ മനുഷ്യനെ വിടാതെ പിന്തുടരുന്ന സന്തോഷം. മരണാനന്തരവും അത് തുടരുന്നു എന്നതാണ് അതിന്റെ സവിശേഷത. 'പ്രയോജനകരമായ അറിവി'ല്‍നിന്നാണ് ഇത് ഉത്ഭൂതമാവുന്നത്. താന്‍ ആര്‍ജിക്കുന്ന ഈ അറിവില്‍നിന്ന് നിരവധി കാര്യങ്ങള്‍ ഒരാള്‍ പഠിക്കുന്നുണ്ട്. അല്ലാഹുവിനോടും പ്രവാചകനോടുമുള്ള സ്‌നേഹം, വിധിവിശ്വാസം, ജീവിത വിപത്തുകളോടും ദുരിതങ്ങളോടും ഇടപെടേണ്ട രീതി ഈ മൂല്യങ്ങള്‍ മനുഷ്യനെ ഏതവസ്ഥയിലും പിന്തുടര്‍ന്നുകൊണ്ടിരിക്കും. മെലിഞ്ഞവനായാലും തടിച്ചവനായാലും പണക്കാരനായാലും പാവപ്പെട്ടവനായാലും സുഭദ്ര കുടുംബത്തിലെയും ശിഥില കുടുംബത്തിലെയോ അംഗമായാലും അറിവ് നല്‍കുന്ന മഹിത മൂല്യങ്ങള്‍ എപ്പോഴും അയാള്‍ക്കൊപ്പമുണ്ടാകും. എപ്പോഴുമെന്നാല്‍ ഇഹലോകത്തും ഖബ്ര്‍ ജീവിതത്തിലും പരലോകത്തും ഒക്കെ.

സന്തോഷ-സൗഭാഗ്യങ്ങളെക്കുറിച്ച ഈ പരികല്‍പനയാണ് ഇഹ-പരലോക വിജയങ്ങളെക്കുറിച്ച് അഭിജ്ഞവരായവരെല്ലാം ഉദ്‌ഘോഷിക്കുന്നത്. നളറാത്ത്  എന്ന ഗ്രന്ഥത്തില്‍ ലുത്വ്ഫി അല്‍ മന്‍ഫലൂത്വി ഭാഗ്യ-നിര്‍ഭാഗ്യങ്ങളെക്കുറിച്ചും സന്തോഷ-സന്താപങ്ങളെക്കുറിച്ചും ഒരു ചിത്രം വരച്ചുവെക്കുന്നുണ്ട്: ''എല്ലാവരും തേടുന്നത് ശരീരത്തിന്റെ സൗഭാഗ്യ-സന്തോഷങ്ങളാണ്; ആത്മാവിന്റേതല്ല. പട്ടില്‍ പൊതിഞ്ഞ ശവശരീരം പോലെയാണത്. പുറം ഭാഗം പട്ടാണെങ്കിലും അകം കൃമികീടങ്ങളുടെയും പുഴുക്കളുടെയും വിഹാര ഭൂമിയാണ്. അതിനാല്‍ നമുക്ക് ആന്തരിക സൗന്ദര്യത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങാം. ബാഹ്യ സൗന്ദര്യമല്ല പ്രധാനം. ആത്മാവിന്റെയും മനസ്സിന്റെയും സൗന്ദര്യത്തെക്കുറിച്ചാലോചിക്കാം. ശരീര സൗഭാഗ്യത്തെക്കുറിച്ചല്ല.'' 

വിവ: പി.കെ ജമാല്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍