Prabodhanm Weekly

Pages

Search

2016 ജൂണ്‍ 03

2954

1437 ശഅ്ബാന്‍ 27

അന്നഹ്ദ സെക്യുലറാവാന്‍ തീരുമാനിച്ചതാണോ?

അബൂസ്വാലിഹ

ഴിഞ്ഞ മെയ് 20,21,22 തീയതികളിലായിരുന്നു തുനീഷ്യയിലെ ഇസ്‌ലാമിക പ്രസ്ഥാനമായ അന്നഹ്ദയുടെ പത്താം ദേശീയ സമ്മേളനം. 'ഇസ്‌ലാമിക പ്രസ്ഥാനം' എന്ന വിശേഷണം അന്നഹ്ദക്ക് നഷ്ടമായ സമ്മേളനം കൂടിയായിരുന്നു അത്. ഒരു പൂര്‍ണ രാഷ്ട്രീയ സംഘടനയാക്കി അന്നഹ്ദയെ മാറ്റുക എന്നതായിരുന്നു സമ്മേളനത്തിന്റെ മുഖ്യ പ്രമേയം തന്നെ. പ്രസ്ഥാനം ഇതുവരെ ചെയ്തുപോന്നിരുന്ന ഇസ്‌ലാമിക പ്രബോധന (ദഅ്‌വ) പ്രവര്‍ത്തനങ്ങള്‍ അതിന്റെ കീഴിലുള്ള സിവില്‍ കൂട്ടായ്മകളും മറ്റുമാണ് ഇനി നിര്‍വഹിക്കുക. പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'ദഅ്‌വ സെല്‍' നേരത്തേ നിലവിലുണ്ട്. പ്രബോധന മേഖലയില്‍ അത് കൂടുതല്‍ സജീവമാകും.

ഒന്നര വര്‍ഷമായി അന്നഹ്ദ പ്രസ്ഥാന ഘടനക്കകത്ത് ഈ വിഷയം ചര്‍ച്ച ചെയ്തുവരികയായിരുന്നു. ദഅ്‌വ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും കൂട്ടിക്കുഴക്കാതെ വെവ്വേറെയാക്കണം ('മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍പ്പെടുത്തും' എന്ന മട്ടില്‍ വന്ന വാര്‍ത്തകള്‍ വസ്തുതാപരമായി ശരിയല്ല) എന്ന പ്രമേയത്തിന് സമ്മേളന പ്രതിനിധികളുടെ തൊണ്ണൂറ് ശതമാനത്തിന്റെയും അംഗീകാരം ലഭിച്ചു. ഈ ആശയത്തിന്റെ ഉപജ്ഞാതാവായ 74-കാരനായ റാശിദുല്‍ ഗനൂശി അടുത്ത അഞ്ചു വര്‍ഷത്തേക്ക് അന്നഹ്ദയുടെ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇസ്‌ലാമിനെ ഐഡിയോളജിയായി സ്വീകരിച്ച് രൂപം കൊണ്ട ഒരു പ്രസ്ഥാനത്തിന് ഇതെങ്ങനെ സാധ്യമാവും എന്ന് ഉറ്റുനോക്കുകയാണ് ഇസ്‌ലാമിക ലോകം. പ്രബോധന-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ വേര്‍പെടുത്താനുള്ള പ്രമേയത്തിന് ബഹുഭൂരിപക്ഷത്തിന്റെ പിന്തുണ ലഭിച്ചെങ്കിലും, അന്നഹ്ദയില്‍ തന്നെ മുറുമുറുപ്പുകളും ഉയരുന്നുണ്ട്. സമീര്‍ ദയ്‌ലു, ആമിര്‍ അറയ്യിദ് പോലുള്ള അന്നഹ്ദ നേതാക്കള്‍ ദേശീയ സമ്മേളനത്തില്‍നിന്ന് വിട്ടുനിന്നത് അതിന്റെ സൂചനയായി കരുതുന്നവരുണ്ട്.

റാശിദുല്‍ ഗനൂശി ഫ്രഞ്ച് പത്രമായ ലമോണ്ടിന് അനുവദിച്ച അഭിമുഖത്തില്‍, അന്നഹ്ദയെ ഒരു സിവില്‍, ഡെമോക്രാറ്റിക് രാഷ്ട്രീയ പാര്‍ട്ടിയാക്കാനാണ് തീരുമാനം എന്ന് പറയുന്നുണ്ട്. മുഴു ശ്രദ്ധയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കേന്ദ്രീകരിക്കും. രാഷ്ട്രീയ ഘടനയുടെ പരിഷ്‌കരണത്തിനു വേണ്ടി യത്‌നിക്കും. രാജ്യം അരാജകത്വത്തിന്റെ പിടിയിലകപ്പെടാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ കക്ഷികളുമായും പൊതു പ്രശ്‌നങ്ങളില്‍ സമവായത്തിന് ശ്രമിക്കും. കേവല ഭൂരിപക്ഷമില്ലാത്ത 'നിദാഅ് തൂനിസ്' എന്ന ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ രണ്ടാമത്തെ വലിയ കക്ഷിയായ അന്നഹ്ദ (69 അംഗങ്ങള്‍) നല്‍കുന്ന നിരുപാധിക പിന്തുണ ഇതിന്റെ ഭാഗമാണ്. 'നിദാഅ് തൂനിസ്' ഇപ്പോള്‍ ഫലത്തില്‍ പിളര്‍ന്നുകഴിഞ്ഞു. തുനീഷ്യന്‍ പ്രസിഡന്റ് അല്‍ബാജി ഖായിദ് സബ്‌സിയുടെ മകന്‍് ഹാഫിള് ഖായിദ് സബ്‌സിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിരിക്കുന്നത് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ മുഹ്‌സിന്‍ മര്‍സൂഖാണ്. വീണ്ടും അധികാരത്തില്‍ വരാന്‍ ഇത് അവസരമൊരുക്കിയെങ്കിലും, മറ്റൊരു പാര്‍ട്ടിയെ പിളര്‍ത്തിക്കൊണ്ടുള്ള അധികാരാരോഹണം വേണ്ടെന്നു വെക്കുകയായിരുന്നു അന്നഹ്ദ. ഇത്തരം രാഷ്ട്രീയ നിലപാടുകള്‍ അന്നഹ്ദയുടെ ജനസ്വീകാര്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ സമ്മതിക്കുന്നു.

അന്നഹ്ദയുടെ ഊന്നലുകളില്‍ വരുന്ന മാറ്റം, ഇസ്‌ലാമികമായ വേരുകളില്‍നിന്നുള്ള വിടുതിനേടലോ കേവലം സെക്യുലറായി നിറം മാറലോ അല്ലെന്ന് പാര്‍ട്ടിയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അധ്യക്ഷന്‍ ഫത്ഹി അല്‍ ഇയാദിയും കേന്ദ്ര എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം റഫീഖ് അബ്ദുസ്സലാമും വ്യക്തമാക്കുന്നു. രാഷ്ട്രങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമൊക്കെ സമഗ്ര സ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് കാര്യക്ഷമമായി നിലനിര്‍ത്തുക ഇനി എളുപ്പമല്ല. ഓരോ മേഖലയിലും ഊന്നല്‍ നല്‍കുന്ന വിവിധ കൂട്ടായ്മകള്‍ ഉയര്‍ന്നുവരികയാണ് പരിഹാരം. അതിനാല്‍ അന്നഹ്ദയുടെ മാറ്റം കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചുകൊണ്ടുള്ള 'ദൗത്യ/തൊഴില്‍ വിഭജനം' മാത്രമാണെന്ന് നേതാക്കള്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിന്റെ പ്രായോഗിക രൂപം എന്ത് എന്ന് വരുംവര്‍ഷങ്ങളില്‍ കാണാം. മൊറോക്കോയില്‍ ഈ നിലപാട് ഏറക്കുറെ പരീക്ഷിച്ച് വിജയിച്ചതാണെങ്കിലും, തുനീഷ്യന്‍ മാതൃക സവിശേഷമായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 31
എ.വൈ.ആര്‍