Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

അറബിയും മരുഭൂമിയും പിന്നെ പ്രവാസികളും

വി.പി ശൗക്കത്തലി

'ണലിലെ ഒട്ടകപ്പാടുകള്‍ നോക്കി മുമ്പേ കടന്നുപോയ സാര്‍ഥവാഹക സംഘത്തിന്റെ കുലവും ഗോത്രവും മാര്‍ഗവും ലക്ഷ്യവും ലക്ഷണങ്ങളും പറഞ്ഞ ആ പഴയ അറബി എന്നേ മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞു. ഏറെ നാള്‍ ദാഹിച്ചു വലഞ്ഞ് ഒട്ടകം ഒരു തെളിനീരുറവ കണ്ടെത്തിയപ്പോള്‍ പിന്നാലെ വരുന്നവര്‍ക്കു വേണ്ടി ദാഹം സഹിച്ചു കാത്തിരുന്ന് അവര്‍ ദാഹമകറ്റിയതിനു ശേഷം ദാഹം തീര്‍ത്ത അറബിയും മരിച്ചു മണ്ണടിഞ്ഞു' (പ്രവാസിയുടെ കുറിപ്പുകള്‍). 

അക്ഷരങ്ങളുടെ സഞ്ചാരലാവണ്യം മലയാളത്തിനു സമ്മാനിച്ച പ്രവാസികളുടെ കഥാകാരന്‍ ഇപ്പോള്‍ നമ്മോടൊപ്പമില്ല. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് കുവൈത്തിലെ യുവജനവേദിയായ യൂത്ത് ഇന്ത്യ, ഈയിടെ അന്തരിച്ച ബാബു ഭരദ്വാജിന് ഒരുക്കിയ ആദരിക്കല്‍ ചടങ്ങില്‍ കുവൈത്തിലെ സാംസ്‌കാരിക സദസ്സിനു മുന്നില്‍ ഇതാണ് ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും നല്ല ആദരം എന്ന് പറഞ്ഞത് ഓര്‍ക്കുന്നു. ബാബു ഭരദ്വാജിന്റെ മരണാനന്തരം അറബിയും മരുഭൂമിയും പ്രവാസിക്കുറിപ്പുകളും ഒരിക്കല്‍കൂടി അനുസ്മരിക്കപ്പെടുന്നത് പ്രസക്തമാണെന്ന് കരുതുന്നു. 

വഴിപോക്കന്റെ കീറമാറാപ്പില്‍നിന്ന് വാക്കുകളില്‍ രക്തം കിനിയുന്ന, ചൂടും ചൂരും നോവും നൊമ്പരങ്ങളുമുള്ള പ്രവാസിയുടെ ജീവിതഛായകളെ ഇത്രയും പച്ചയായി കുറിച്ചിട്ട എഴുത്തുകാര്‍ അധികമില്ലല്ലോ. 'ഓര്‍മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടുപോയവന്റെ നിസ്സഹായതക്ക് നാം നല്‍കിയ ഓമനപ്പേരാണ് പ്രവാസി' എന്ന് ഭരദ്വാജിന്റെ പ്രവാസിയുടെ വഴിയമ്പലങ്ങള്‍ പ്രസിദ്ധീകരിച്ച പ്രതീക്ഷാ ബുക്‌സിന്റെ മുഖമൊഴി എത്ര അര്‍ഥവത്താണെന്ന് പുതിയ ഗള്‍ഫ് പ്രതിസന്ധിയുടെ കാലത്ത് നാം നന്നായി തിരിച്ചറിയുന്നുണ്ട്. 'പ്രവാസി', 'ഗര്‍ഷോം', 'ദേശാടനം', 'അതിദേശാടനം' (Over Wintering), 'ഡയസ്‌പോറ', 'ഗള്‍ഫ് സിന്‍ഡ്രോം' തുടങ്ങിയ സംജ്ഞകള്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടാന്‍ പ്രവാസിക്കുറിപ്പുകള്‍ ഹേതുവായതുപോലെ ഗള്‍ഫ് പ്രവാസംതന്നെ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വിധേയമാകണമെന്നതാണ് സാഹചര്യത്തിന്റെ തേട്ടം. മരുഭൂമിയില്‍ കാറ്റെടുത്തു മാഞ്ഞുപോകുന്ന പാദമുദ്രകളെ നോക്കി, 'കാല്‍പാടുകള്‍ പോലും പതിയാത്ത ഈ യാത്ര എങ്ങോട്ടാണ്?' എന്ന കഥാകാരന്റെ ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നില്ലേ? പാഴ്ഭൂമികളില്‍ മനുഷ്യനെ പ്രതിഷ്ഠിക്കാനും പ്രകൃതിയുടെ നിറവില്‍ അവന്റെ സ്‌നേഹം ചാലിച്ചുചേര്‍ക്കാനുമാണ് ഈ പ്രവാസിക്കുറിപ്പുകള്‍ എന്ന് അദ്ദേഹം തന്നെ എഴുതുന്നുണ്ടല്ലോ. 

സഞ്ചാരാഖ്യാനങ്ങളുടെ താവഴിശീലങ്ങളില്‍നിന്ന് ചുവടുമാറിയ രചനാ ശൈലികളിലൂടെ മലയാളത്തിന് പുതു സംഭാവനകള്‍ നല്‍കിയ ഭരദ്വാജിന്റെ മരുഭൂവിവരണം നമുക്ക് വെറും പ്രകൃതിയുടെ ആസ്വാദനം മാത്രമല്ല, അര്‍ഥവത്തായ ചില പാഠങ്ങള്‍ കൂടിയാണ്. 'മരുഭൂമിയില്‍ ശബ്ദത്തിന് പ്രതിധ്വനിക്കാനാവില്ല. ആഴി പോലെ പരന്നുകിടക്കുന്ന പൂഴിപ്പരപ്പില്‍ നമ്മുടെ ചുണ്ടുകള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുന്ന ശബ്ദം ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം അകലങ്ങളിലേക്ക് പറന്നു പറന്നുപോവുന്നു. അതുകൊണ്ടായിരിക്കണം മരുഭൂമിയില്‍നിന്നുള്ള കാതരമായ വിളികള്‍ കടലേഴും കടന്ന് രാജ്യാന്തരങ്ങളില്‍ പരന്നത്. ഈ വിളി കേട്ടായിരിക്കണം ലോകത്തിന്റെ നാനാ കോണുകളില്‍നിന്നും തീര്‍ഥാടകര്‍ മക്കത്തും മദീനത്തും യെരുശലേമിലും തിരക്കിയാര്‍ത്തെത്തിയത്' (പ്രതിധ്വനിക്കാത്ത ശബ്ദങ്ങള്‍). 'മരുഭൂമിയിലെ പുഴകള്‍ ഒരു കാലത്തും മരിക്കുന്നില്ല. അവ കൊല്ലത്തില്‍ നാലഞ്ചു നാളുകള്‍ മാത്രം പ്രത്യക്ഷപ്പെടുന്നുവെന്ന് മാത്രം. മഴ കഴിഞ്ഞു കുറച്ചു നാളുകള്‍ മാത്രം. പിന്നീടവ യാത്രികര്‍ക്ക് ദാനം തീര്‍ക്കാന്‍ മരുഭൂമിയിലെ കിണറുകളില്‍ ഉള്‍വലിയുന്നു. ഇല്ലെങ്കില്‍ നാലഞ്ചു നാള്‍ കൂടി വിലാസനൃത്തം ചവിട്ടിയാല്‍ തളര്‍ന്നു വറ്റിവരണ്ടുപോവും.' കഥാകാരന്റെ മരുഭൂമിയിലെ അറബികൂട്ടുകാരന്‍ സഅ്ദ് പറഞ്ഞ ഈ ജലപുരാണം മറ്റൊരു ഉദാഹരണം. ജലസാന്നിധ്യം മണത്തറിയാനുള്ള മരുഭൂ ഒട്ടകങ്ങളുടെ ദൈവദത്തമായ കഴിവിനെ സ്വന്തം അനുഭവം ചേര്‍ത്ത് കഥാകാരന്‍ കുറിച്ചിടുമ്പോള്‍ നമുക്കത് പുതിയ അറിവും വിസ്മയവുമായി മാറുന്നു.

അറബി ജീവിതത്തിന്റെ മരുഭൂമണമുള്ള കഥകള്‍ മലയാളികള്‍ക്കെത്തിക്കാന്‍ ദൈവത്തിന്റെ നിശ്ചയമെന്നോണം അറബികള്‍ക്കൊപ്പം മരുഭൂമിയില്‍ അലയുന്ന കഥാകാരന്‍ സഅ്ദ് പറഞ്ഞ കാര്യങ്ങള്‍ കുറിക്കുന്ന വരികള്‍ നമുക്ക് പുതിയ അറിവുകള്‍ സമ്മാനിക്കുന്നു. വെള്ളം എങ്ങനെ കുടിക്കണമെന്ന് പഠിച്ചതിനെക്കുറിച്ച്: 'ഭൂമിയുടെ കനിവും ആകാശത്തിന്റെ സ്‌നേഹവും സൂര്യന്റെ ഗൗരവവും ചന്ദ്രന്റെ കുളിര്‍മയും ചേര്‍ന്നാണ് ജലം ഉണ്ടാവുന്നത്. ചരാചരങ്ങള്‍ക്ക് ദൈവത്തിന്റെ സ്‌നേഹത്തിന്റെ സാക്ഷ്യപത്രമാണത്. ആ സ്‌നേഹം നിങ്ങള്‍ (മലയാളികള്‍) മണ്ണിലേക്ക് ആര്‍ക്കും ഉപകാരപ്പെടാത്ത വിധം തൂവിക്കളയുന്നു. ഒരു കവിള്‍ വെള്ളം കൊണ്ട് ഒരു ദാഹം തീരും. എന്നാല്‍ ഒരു കുടം വെള്ളം കൊണ്ട് ഒരു ദാഹവും തീരില്ല. വെള്ളത്തെ കവിള്‍ക്കൊള്ളുക, എന്നിട്ട് പതുക്കെ അലിച്ചലിച്ച് ഇറക്കുക. ശരീരത്തിന്റെ എല്ലാ താപദാനങ്ങളും അതോടെ തീരും. ആമാശയത്തിലേക്ക് നേരിട്ട് കമിഴ്ത്തുന്ന ജലം ഒഴുകിവന്ന വഴികള്‍ നനയ്ക്കാതെ കുടലില്‍ എത്തുന്ന ഒരു താന്തോന്നിപ്പുഴയാണ്. ഒരിക്കലും കൊടുക്കല്‍ വാങ്ങല്‍ നടത്താത്ത ഒരു മുരടന്‍ പുഴ.' നമ്മള്‍ മലയാളികള്‍ ജലത്തെ ശാസിക്കുന്നവരും ശിക്ഷിക്കുന്നവരുമാണെന്നും എന്നാല്‍ അറബികള്‍ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് ജലത്തെ പ്രാപിക്കുന്നതെന്നും ഗ്രന്ഥകാരന്‍ കുറിക്കുന്നു. പിന്നാലെ വരുന്നവര്‍ക്കു വേണ്ടി ജലവും വിഭവങ്ങളും കരുതിവെക്കുന്ന അറബിയുടെ ജീവിതസമ്പ്രദായത്തെ ഖലീല്‍ ജിബ്രാന്റെ കവിതയെ കൂട്ടുപിടിച്ചുകൊണ്ട് ഇങ്ങനെ വിവരിക്കുന്നു: 

'നിന്റെ വിശപ്പിലേറെ നിനക്ക് ആശിക്കാനാവില്ല

അപ്പത്തിന്റെ നേര്‍പാതി അപരനുള്ളതാണ്

അവിചാരിതമായി വന്നെത്തുന്ന അതിഥിക്കും

ഒരു കഷ്ണം ബാക്കിവെക്കണം.'

 

അറബികളുടെ കൂട്ടുഭക്ഷണ സമ്പ്രദായത്തിന് പലവുരു സാക്ഷിയും പങ്കാളിയുമാകുന്നു കുറിപ്പുകാരന്‍. ഓരോരുത്തര്‍ക്കും വെവ്വേറെ കിണ്ണങ്ങളും പാത്രങ്ങളുമായതാണ് ഇന്ന് മനുഷ്യര്‍ക്കിടയിലെ സൗഹൃദവും കൂട്ടായ്മയും ക്ഷയിച്ചുപോകാന്‍ കാരണമെന്നും നിരീക്ഷിക്കുന്നു. മനുഷ്യന്‍ തന്റെ ശരീരഭാഷ കൊണ്ട് സംസാരിച്ച കാലങ്ങളിലാണ് ഏറ്റവും ഉദാത്തമായ മാനുഷിക ബന്ധങ്ങള്‍ ഉണ്ടായിരുന്നതെന്നും വാക്കുകള്‍ ഉണ്ടാവാന്‍ തുടങ്ങിയതോടെയാണ് മനസ്സുകള്‍ മറച്ചുവെച്ച് മനുഷ്യന്‍ അസത്യം സംസാരിക്കാന്‍ തുടങ്ങിയതെന്നും പരസ്പരം ഭാഷയറിയാത്ത സോമാലീ പ്രവാസികളുമായുള്ള ഊഷ്മള സൗഹൃദങ്ങള്‍ അയവിറക്കുന്ന കഥാകാരന്‍ കുറിക്കുന്നു. 

എന്നോ ഇരതേടി പറന്നുചെന്ന് ഏറെ കഷ്ടപ്പെട്ട് വീടിനെയും നാടിനെയും പോറ്റുന്നതിനിടയില്‍ പ്രവാസത്തിന്റെ ഇടുങ്ങിയ തെരുവില്‍ അന്നം തേടിയെത്തുന്ന പാവപ്പെട്ട പ്രവാസികളെ തീറ്റിപ്പോറ്റുന്നവരുടെ നിഷ്‌കളങ്ക സ്‌നേഹത്തെപ്പറ്റി സ്വന്തം അനുഭവങ്ങള്‍ ചാലിച്ച് കഥാകാരന്‍ വരക്കുന്ന നേര്‍സാക്ഷ്യങ്ങള്‍ അതീവ ഹൃദ്യമാണ്. അറബികള്‍ ഉപേക്ഷിച്ചുപോയ ജിദ്ദയിലെ ഇടുങ്ങിയ മണ്‍പുരകളിലൊന്നില്‍ പാര്‍ത്ത കൊണ്ടോട്ടിക്കാരന്‍ മൂസക്കയുടെ അളവറ്റ സ്‌നേഹത്തിനു മുന്നില്‍ തരളിതനാവുന്ന കഥാകാരന്‍, സാധാരണക്കാരില്‍ സാധാരണക്കാരായ ഈ മലയാളികള്‍ക്ക് തന്റെ പ്രവാസക്കുറിപ്പുകള്‍ സമര്‍പ്പിക്കാന്‍ ധീരത കാട്ടുന്നു. മലയാളിക്കും നാട്ടില്‍ അന്നമെത്തിയത് ഇവരുടെ വിയര്‍പ്പിലൂടെയാണെന്ന തിരിച്ചറിവായിരുന്നു അതിന്റെ കാരണം. 

ജിദ്ദയുടെ ഇടുങ്ങിയ മലയാളി തെരുവുകളെ മനുഷ്യസ്‌നേഹം കൊണ്ട് ധന്യമാക്കിയ മൊയ്തീന്‍ക്ക, ജോലിയില്ലാത്ത ഖാദറിനും വാസുവിനും ജോസഫിനും വേണ്ടി എരിഞ്ഞ അടുക്കളയുടെ ഉടമയാണ്. പോറ്റാനുള്ള വയറുകളുടെ എണ്ണം കൂടിയ അങ്കലാപ്പില്‍, തെരുവുകളിലൂടെ കപ്പലണ്ടി ടിന്നുകളുമായി ഓടുന്നവരുടെ പ്രതിനിധി.. 'ജ്ജ് ഒന്നോണ്ടും ബേജാറാവണ്ട, ചെങ്ങായി. കുടീപ്പോയി രണ്ടുമാസം സുല്‍ത്താനെപ്പോലെ വെലസ്. പെങ്ങക്കും കുട്ട്യാള്‍ക്കും ബേണ്ടുന്ന സാധനങ്ങള്‍ ഇപ്പെട്ടീലുണ്ട്. അയിനെടേല് ഞമ്മള് അനക്കൊരു ബിസേണ്ടാക്കും, ഒറപ്പ്...'-വിസ നഷ്ടപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടില്‍ പോയിവരാന്‍ പ്രയാസപ്പെടുന്ന പ്രവാസിയോട് മൊയ്തീന്‍ക്കയുടെ ആശ്വാസ വാക്കുകളാണിത്. 

പ്രവാസിയുടെ വഴിയമ്പലങ്ങളിലൂടെ വീണ്ടും സഞ്ചരിച്ച കഥാകാരന്‍, ഗോപാലന്‍ കുട്ടിയുടെ യാത്രകളും തലശ്ശേരി മട്ടാമ്പുറത്തുകാരി ഹലീമത്തയുടെ പത്തു ജന്മങ്ങളും റുസ്താക്കിലെ ഫാത്തിമയുടെ കഥകളുമടക്കം ഒട്ടേറെ പ്രവാസ നൊമ്പരങ്ങള്‍ വേറെയും പകര്‍ത്തുന്നുണ്ടല്ലോ. എന്നാല്‍ അടയാളപ്പെടുത്താത്ത പ്രവാസകഥകള്‍ ഇനിയുമെത്ര! എസ്.എ ജമീലിന്റെ കത്തുപാട്ടുകളും ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകളും ശേഷം വന്ന നൂറ് പതിപ്പുകള്‍ കടന്ന ബെന്‍യാമിന്റെ ആടുജീവിതവും പ്രവാസത്തിന്റെ ഒട്ടേറെ നേര്‍ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ചു. പ്രവാസത്തിന്റെ കുതിപ്പും കിതപ്പും ഇനിയുമേറെയാണ്. മരുഭൂമി പോലെ വിശാലമായ കുറേ പാടങ്ങള്‍...! പക്ഷേ, ഇതൊക്കെ ഇനിയും ആരു പകര്‍ത്തും? ഒന്നുണ്ട്, 'പാതകളെക്കുറിച്ച് മുയലുകളേക്കാള്‍ പറയാനുണ്ടാവുക ആമകള്‍ക്കായിരിക്കും' (ഖലീല്‍ ജിബ്രാന്‍). 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍