Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

അതിരുകളില്ലാത്ത ആര്‍ത്തി

എസ്സെംകെ

കിഴക്കേ ആഫ്രിക്കയിലെ പുരാതന നഗരമാണ് മൊമ്പാസ. പറങ്കികള്‍ അവിടം അതിക്രമിച്ചുകടന്ന് ആധിപത്യമുറപ്പിച്ചു. ഇന്ത്യയിലെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ച ശേഷമായിരുന്നു ഈ അധീനപ്പെടുത്തല്‍. അതിനാല്‍ അവരുടെ വശം ധാരാളം രത്‌നങ്ങളും പവിഴങ്ങളുമുണ്ടായിരുന്നു. പിന്നീട് ഉമാനികള്‍ മൊമ്പാസ ഉപരോധിച്ചു. പറങ്കിപ്പട പട്ടിണികൊണ്ട് പൊറുതിമുട്ടി. ദാഹവും വിശപ്പും സഹിക്കാനാവാതെ പലരും മരിച്ചുവീണു. ആഹാരത്തിനു വേണ്ടി അവര്‍ അന്യോന്യം കലഹിച്ചു. കരുത്തന്മാര്‍ ദുര്‍ബലരെ കൊള്ളയടിച്ചു. മരിക്കാതെ ബാക്കിയായവര്‍ കടുത്ത ക്ഷീണം കാരണം വേച്ചുവേച്ചാണ് നടന്നിരുന്നത്. രോഗവും മരണവും അവരെ വേട്ടയാടിക്കൊണ്ടിരുന്നു. അപ്പോഴും പറങ്കിപ്പട പരസ്പരം പോരടിച്ചിരുന്നത് പവിഴവും രത്‌നവും കൈവശപ്പെടുത്താനായിരുന്നു. ഓരോരുത്തരും മരിച്ചുവീഴുമ്പോള്‍ മറ്റുള്ളവര്‍ അയാളുടെ വശമുള്ള രത്‌നങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. നടക്കാനാവാതെ ഇഴഞ്ഞുനീങ്ങുന്നവര്‍ പോലും രത്‌നക്കിഴികള്‍ കൈവിടാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. 

ഈ സംഭവം മനുഷ്യപ്രകൃതത്തെ നന്നായി വരഞ്ഞുകാട്ടുന്നുണ്ട്. എത്ര കിട്ടിയാലും മതിവരാത്തവനാണവന്‍. പ്രവാചകന്‍ (സ) പറഞ്ഞതുപോലെ മനുഷ്യന്റെ വയറു നിറക്കാന്‍ മണ്ണിനല്ലാതെ കഴിയില്ല. 

ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവര്‍ സദാ സംതൃപ്തരായിരിക്കും. അവരുടെ ആഗ്രഹങ്ങള്‍ പരിമിതമായിരിക്കും. ലോകത്തെ അതിസമ്പന്നര്‍ പോലും അവരെപ്പോലെ ആശ്വാസമോ ആനന്ദമോ അനുഭവിക്കുന്നുണ്ടാവില്ല. എന്നാല്‍ സമൂഹത്തില്‍ അത്തരക്കാര്‍ വളരെ കുറച്ചേ കാണുകയുള്ളു. 

മനുഷ്യമനസ്സ് തിരയടങ്ങാത്ത കടലു പോലെയാണ്. ഓരോ തിരയും തീരമണയുമ്പോഴേക്കും നിരവധി തിരകള്‍ പിറവിയെടുക്കും. ഓരോ ആഗ്രഹം പൂര്‍ത്തീകരിക്കുമ്പോഴേക്കും പുതിയവ ജന്മമെടുക്കും. ആയിരങ്ങളാഗ്രഹിച്ചവന്‍ അവ കിട്ടുന്നതോടെ പതിനായിരങ്ങള്‍ കൊതിക്കും. അത് കിട്ടുന്നതോടെ മോഹം ലക്ഷങ്ങളിലേക്കും പിന്നീട് കോടികളിലേക്കും കോടാനു കോടികളിലേക്കുമെത്തും. ധനതൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ സമ്പത്തിന്റെ വമ്പിച്ച ശേഖരങ്ങള്‍ക്കു പോലും സാധ്യമല്ല. ധനമോഹത്തെ തൃപ്തിപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ചവന്‍ നിഴലിനെ കവച്ചുവെക്കാന്‍ അതിനു പിന്നാലെ പായുന്നവനെപ്പോലെയാണ്. മനുഷ്യന്റെ ഈ പ്രകൃതത്തെ പ്രവാചകന്‍ പരിചയപ്പെടുത്തിയതിങ്ങനെ: 'മനുഷ്യന് സ്വര്‍ണത്തിന്റെ ഒരു താഴ്‌വര തന്നെ കിട്ടിയാലും രണ്ടാമത്തേതവന്‍ കൊതിക്കും. രണ്ടാമത്തേത് ലഭിച്ചാല്‍ മൂന്നാമത്തേത് മോഹിക്കും.'

പലരും പണത്തിനു പിന്നാലെ പായുന്നത് അത് എന്തിനാണെന്നു പോലും ആലോചിക്കാതെയാണ്. അതിനാല്‍ കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിക്കുന്നു. എങ്ങനെയങ്കിലും തട്ടിയെടുക്കുന്നു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടിവെക്കുന്നു. സ്വന്തക്കാര്‍ക്കു പോലും നല്‍കാന്‍ മടിക്കുന്നു. ഏതൊരാള്‍ക്കും ഉപയോഗിച്ചുതീര്‍ക്കാവുന്ന സമ്പത്തിന് ഒരു കണക്കുണ്ട്. പരമാവധി ഒരു വയറു നിറക്കാം. ഒരു ശരീരം മറയ്ക്കാം. ഒരു കസേരയിലിരിക്കാം. ഒരു കട്ടിലില്‍ കിടക്കാം. ഒരു റൂമിലുറങ്ങാം. ഒരു വീട്ടില്‍ താമസിക്കാം. ഒരു വാഹനത്തില്‍ സഞ്ചരിക്കാം. സമ്പാദിക്കുന്ന ബാക്കിയുള്ളതൊക്കെയും അനന്തരാവകാശികള്‍ക്കുള്ളതാണ്. അതിനായി സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്നവരേക്കാള്‍ നിര്‍ഭാഗ്യവാന്മാരില്ല. 

മരണത്തോട് അടുക്കുംതോറും സ്വാര്‍ഥതയും ആര്‍ത്തിയും കുറയുകയല്ല, കൂടുകയാണ് ചെയ്യുക. ആസന്നമരണന്‍ പോലും പണപ്പെട്ടിയുടെ താക്കോല്‍ കൈമാറാന്‍ കൂട്ടാക്കുകയില്ല. ഈ അത്യാര്‍ത്തി വ്യക്തികളെ നശിപ്പിക്കുന്നു. സമൂഹത്തെ കുഴപ്പത്തിലകപ്പെടുത്തുന്നു. അതിനാലാണ് ഖുര്‍ആന്‍ ധനത്തോടുള്ള അതിരുകളില്ലാത്ത പ്രേമത്തെ അതിരൂക്ഷമായി ആക്ഷേപിച്ചത്. പ്രവാചകന്‍ ആര്‍ത്തിക്ക് അറുതിവരുത്താനാവശ്യപ്പെട്ടതും അതുകൊണ്ടുതന്നെ.  

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍