Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

അഹങ്കാരം വ്യക്തിത്വത്തിന്റെ ശോഭ കെടുത്തുന്നു

ഡോ. സയ്യിദ് മുഹമ്മദ് നൂഹ്‌

ഹംഭാവത്തിന്റെയും പൊങ്ങച്ചത്തിന്റെയും ഫലമായി ഉടലെടുക്കുന്ന അഹന്ത, അപരരെ പുഛിക്കുകയും അവഹേളിക്കുകയും അവരുടെ അഭിമാനം ക്ഷതപ്പെടുത്തുകയും ചെയ്യുന്ന അധമ വേലകളിലേക്ക് വ്യക്തിയെ നയിക്കുന്നു. സ്വര്‍ഗപ്രവേശം നിഷേധിക്കപ്പെടുന്ന കൊടുംകുറ്റമായാണ് നബി (സ) അഹങ്കാരത്തെ വിശേഷിപ്പിച്ചത്. അണുത്തൂക്കം അഹങ്കാരം ഉള്ളിലുള്ളവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ലെന്ന് നബി (സ) പറഞ്ഞപ്പോള്‍ ഒരാള്‍: 'നല്ല വസ്ത്രവും പാദരക്ഷയും ധരിക്കാന്‍ ആളുകള്‍ക്ക് ഇഷ്ടമാണല്ലോ.' നബി (സ): 'അല്ലാഹു സുന്ദരനാണ്, സൗന്ദര്യം അവന്‍ ഇഷ്ടപ്പെടുന്നു. അഹങ്കാരമെന്നാല്‍ സത്യത്തെ പുഛിച്ചുതള്ളലും ജനങ്ങളെ അവഹേളിക്കലുമാകുന്നു' (മുസ്‌ലിം). അഹങ്കാരവും ആത്മാഭിമാനവും രണ്ടും രണ്ടാണ്. തനിക്ക് അല്ലാഹു നല്‍കിയ കഴിവുകളും സൗകര്യങ്ങളും വിനയപൂര്‍വം ഉപയോഗപ്പെടുത്തുന്നത് അഹങ്കാരപ്രകടനമല്ല. നബി(സ)യുടെ പ്രാര്‍ഥന ഇതായിരുന്നു: 'നാഥാ, നിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുന്നവരുടെ കൂട്ടത്തില്‍ നീ ഞങ്ങളെ ആക്കേണമേ. നിന്നെ പ്രകീര്‍ത്തിച്ചും വാഴ്ത്തിയും നിന്റെ അനുഗ്രഹങ്ങളെല്ലാം സസന്തോഷം സ്വീകരിക്കുന്നവരാക്കി ഞങ്ങളെ നീ മാറ്റേണമേ. ഇവയെല്ലാം ഞങ്ങള്‍ക്ക് നീ പൂര്‍ണാര്‍ഥത്തില്‍ തരേണമേ.' മാലികുബ്‌നു നഅ്‌ലത്തുല്‍ ജശ്മി ഓര്‍ക്കുന്നു: 'ഞാന്‍ ഒരിക്കല്‍ താണയിനം വസ്ത്രം ധരിച്ചു പ്രവാചകസന്നിധിയില്‍ ചെന്നു. നബി (സ) ചോദിച്ചു: 'നിനക്ക് സമ്പത്തുണ്ടോ?' ഞാന്‍: 'ഉണ്ട്.' നബി (സ): 'എന്തുതരം സമ്പത്താണ്?' ഞാന്‍: 'ഒട്ടകം, ആട്, കുതിര, അടിമകള്‍ അങ്ങനെ പലതും.' നബി (സ): 'അല്ലാഹു നിനക്ക് സമ്പത്ത് തന്നിട്ടുണ്ടെങ്കില്‍ അതിന്റെ പ്രതിഫലനവും അന്തസ്സും നിന്നില്‍ അല്ലാഹു കാണാന്‍ ഇടവരട്ടെ' (അബൂദാവൂദ്). ജനങ്ങളെ വിലയിരുത്താനും അവര്‍ക്ക് മാന്യത കല്‍പിച്ചരുളാനുമുള്ള മാനദണ്ഡങ്ങളിലെയും മൂല്യങ്ങളിലെയും മാറ്റം ഈ കാലഘട്ടത്തില്‍ അഹങ്കാരികളെ സൃഷ്ടിക്കാന്‍ ഹേതുവായിട്ടുണ്ട്. സാധാരണ ജനത്തിന്റെ കണ്ണില്‍ പണമുള്ളവനാണ് പ്രതാപി. അവന്‍ കൊടും കുറ്റവാളിയാണെങ്കിലും വാഴ്ത്താന്‍ ആളുണ്ടാവും. അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്ന സാധുവായ വിശ്വാസിക്ക് ഒരു വിലയും കല്‍പിക്കില്ല. ഇങ്ങനെ മൂല്യങ്ങളുടെ കുഴമറച്ചില്‍ സംഭവിച്ചുകഴിഞ്ഞ സമൂഹത്തില്‍ സംപൂജ്യരായി വാഴുന്നവര്‍ അഹങ്കാരികളായിത്തീരുന്നതില്‍ അത്ഭുതമില്ല. ''സ്വത്തും സന്താനങ്ങളും നല്‍കി നാം അവരെ തുണച്ചുകൊണ്ടിരിക്കുന്നത് നാം അവര്‍ക്ക് നന്മകള്‍ നല്‍കാന്‍ ധൃതികാണിക്കുന്നതാണ് എന്ന് അവര്‍ വിചാരിക്കുന്നുണ്ടോ? അല്ല, അവര്‍ യാഥാര്‍ഥ്യം ഗ്രഹിക്കുന്നില്ല'' (അല്‍ മുഅ്മിനൂന്‍ 55, 56). 

തന്റെ മുന്നിലൂടെ കടന്നുപോയ ഒരു വ്യക്തിയെ ചൂണ്ടി റസൂല്‍ (സ): 'ഇയാളെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?' ഞങ്ങള്‍: 'അയാള്‍ സമൂഹത്തിലെ പ്രമാണിയും തറവാട്ടുകാരനുമാണ്. അയാള്‍ വിവാഹമാഗ്രഹിച്ചാല്‍ അത് നിരസിക്കപ്പെടില്ല. ശിപാര്‍ശ ചെയ്താല്‍ അത് നടക്കും. അയാള്‍ പറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കും.' നബി (സ) ഒന്നും മിണ്ടിയില്ല. അല്‍പം കഴിഞ്ഞ് വേറൊരാള്‍ ആ വഴി കടന്നുപോയപ്പോള്‍ നബി (സ): 'ഇയാളെക്കുറിച്ച് നിങ്ങള്‍ എന്ത് പറയുന്നു?' ഞങ്ങള്‍: 'റസൂലേ, ഇയാള്‍ ഒരു പാവപ്പെട്ട മുസ്‌ലിമാണ്. ഇയാള്‍ വിവാഹമാലോചിച്ചാല്‍ അത് പരിഗണിക്കപ്പെടില്ല. ശിപാര്‍ശ ചെയ്താല്‍ നടക്കില്ല. അയാള്‍ പറഞ്ഞാല്‍ അനുസരിക്കാനും ആളുകളുണ്ടാവില്ല.' നബി (സ): 'ഇയാളാണ് ഭൂമി നിറയെ നേരത്തേ പോയ ആളുകള്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത്' (ഇബ്‌നുമാജ). 

ആരോഗ്യം, കുടുംബം, പണം, പദവി, മക്കള്‍, വിജ്ഞാനം, പ്രഭാഷണ ചാതുരി, ആവിഷ്‌കാര സിദ്ധി തുടങ്ങി നാനാതരം അനുഗ്രഹങ്ങള്‍ തനിക്കു മേല്‍ കുമിഞ്ഞുകൂടുന്നത് കാണുന്ന വ്യക്തി, ഇവയൊന്നും ഇല്ലാത്തവരെ പുഛത്തോടെ കാണാന്‍ തുടങ്ങും. ദാതാവായ അല്ലാഹുവിനെ മറന്നുകൊണ്ടുള്ള ഈ നിലപാട് അഹങ്കാരത്തിന്റെ കൊടിയടയാളമാണ്. തനിക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ എന്നും വഴിമാറാതെ, വിട്ടൊഴിയാതെ തന്നോടൊപ്പമുണ്ടാവുമെന്ന മൂഢധാരണയും അഹങ്കാരത്തിന് ഹേതുവാകും. പ്രബോധനപ്രവര്‍ത്തനങ്ങളിലും അറിവാര്‍ജിക്കുന്നതിലുമൊക്കെ മറ്റുള്ളവരേക്കാള്‍ മുമ്പേ വ്യാപൃതരായവര്‍ പിന്നീടു വരുന്നവരെ പുഛത്തോടെ കാണുന്ന പ്രവണതയുണ്ട്. ആദ്യമായാലും പിന്നീടായാലും സത്യസന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇസ്‌ലാമില്‍ പരിഗണന. 

അഹങ്കാരത്തിന് ഒരു ശരീര ഭാഷയുണ്ട്. നടത്തത്തിലെ നാട്യമാണ് ഒന്ന്. കഴുത്ത് കനപ്പിച്ചും മുഖംകോട്ടിയും ചുമല്‍കുലുക്കിയുമുള്ള നടത്തം അഹങ്കാരത്തിന്റെ ബാഹ്യലക്ഷണമാണ്. ലുഖ്മാന്‍ (അ) മകന് നല്‍കിയ ഉപദേശം ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''നീ അഹങ്കാരത്തോടെ മനുഷ്യരുടെ നേര്‍ക്ക് നിന്റെ കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയുമരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല'' (ലുഖ്മാന്‍ 18). അഹങ്കാരത്തോടെ ഉടുതുണി നിലത്തുകൂടി വലിച്ചിഴച്ചു നടക്കുന്നത് നിരോധിച്ചു റസൂല്‍ (സ): 'തന്റെ വസ്ത്രം അഹങ്കാരത്തോടെ വലിച്ചിഴച്ചു നടക്കുന്നവരെ അന്ത്യനാളില്‍ അല്ലാഹു നോക്കുകയില്ല.' അപ്പോള്‍ അബൂബക്ര്‍ സിദ്ദീഖ് (റ): 'എന്റെ ഒരു ഭാഗത്തെ വസ്ത്രം എത്രയായിട്ടും ഇഴഞ്ഞുപോകുന്നു റസൂലേ. ഞാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്, എന്നിട്ടും.' അബൂബക്‌റി(റ)നെ ആശ്വസിപ്പിച്ചുകൊണ്ട് റസൂല്‍ (സ): 'താങ്കള്‍ അങ്ങനെ പൊങ്ങച്ചത്തോടെ വലിച്ചിഴച്ചു നടക്കുന്ന ആളുകളുടെ ഗണത്തില്‍പെടില്ല' (അബൂദാവൂദ്). 

ഏതു സദസ്സിലും തനിക്ക് മുന്തിയ ഇടവും പരിഗണനയും കിട്ടണമെന്ന മോഹം അഹങ്കാരത്തില്‍നിന്നുണ്ടാവുന്നതാണ്. താന്‍ കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതനാണെന്ന വിചാരം ഒരാളുടെ വ്യക്തിത്വത്തിന്റെ ശോഭ കെടുത്തുകയും അല്ലാഹുവിങ്കല്‍ അയാള്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടുകയും ചെയ്യും. അഹങ്കാരികള്‍ക്ക് നേതൃപദവി ലഭിക്കുമ്പോള്‍ അനുയായികള്‍ അവരെ വിട്ടുപോകും. വിനയവും സൗമ്യതയും ആര്‍ദ്രതയുമുള്ള വ്യക്തിത്വങ്ങളെ മാത്രമേ ജനങ്ങള്‍ ഉള്ളറിഞ്ഞ് സ്‌നേഹിക്കുകയുള്ളൂ. നബി(സ)യുടെ ഏറ്റവും വലിയ കൈമുതല്‍ വിനയവും സൗമ്യശീലവുമായിരുന്നു. ജനങ്ങള്‍ തന്നിലേക്ക് ആകൃഷ്ടരായത് ഈ സ്വഭാവ മഹിമ മൂലമാണെന്ന് അല്ലാഹു വാഴ്ത്തിപ്പറയുന്നുണ്ട്. വിനയശീലമുള്ളവര്‍ ദൈവിക സഹായത്തിന് അര്‍ഹരാവും. 

അഹങ്കാരത്തിന്റെ തിക്തഫലങ്ങളെ കുറിച്ച് ബോധമുള്‍ക്കൊള്ളുക, രോഗികളെയും ദുരിതബാധിതരെയും സന്ദര്‍ശിച്ച് തങ്ങളുടെ നിസ്സഹായത സ്വയം ബോധ്യപ്പെടുക, അഹങ്കാരികളുമായുള്ള കൂട്ടുകെട്ട് വര്‍ജിക്കുക, സാധുജനങ്ങളും നിസ്വരുമായുള്ള സഹവാസം വര്‍ധിപ്പിക്കുക, അനുഗ്രഹദാതാവിനെ സദാ ഓര്‍ത്തുകൊണ്ടിരിക്കുക, അഹങ്കാരികളായി ചമഞ്ഞ ഫിര്‍ഔന്റെയും ഖാറൂന്റെയും ഹാമാന്റെയും ചരിത്രമറിയുക, സാധാരണ ജനങ്ങള്‍ക്കിടയില്‍ കഴിയുക തുടങ്ങിയ ശീലങ്ങള്‍ വളര്‍ത്തി അഹങ്കാരത്തെ മറികടക്കാം.

 

ആശയ സംഗ്രഹം: ജെ.എം ഹുസൈന്‍


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍