Prabodhanm Weekly

Pages

Search

2016 മെയ് 27

2953

1437 ശഅ്ബാന്‍ 20

മഖാസ്വിദും സമാന പ്രയോഗങ്ങളും

അശ്‌റഫ് കീഴുപറമ്പ്‌

രാള്‍ കാറോടിക്കുകയാണ്. ഒപ്പം അയാളുടെ കൊച്ചുമകളുമുണ്ട്. ട്രാഫിക് ലൈറ്റ് കത്തിയപ്പോള്‍ അയാള്‍ വണ്ടി നിര്‍ത്തി. മകള്‍ ചോദിക്കുന്നു: ട്രാഫിക് ലൈറ്റ് കത്തിയപ്പോള്‍ നിങ്ങള്‍ എന്തിനാണ് വണ്ടി നിര്‍ത്തിയത്?

പിതാവ്: കത്തിയത് ചുവപ്പ് ലൈറ്റല്ലേ, ചുവപ്പ് എന്നാല്‍ നിര്‍ത്തൂ എന്നാണര്‍ഥം.

മകള്‍: അത് എന്തിനാണെന്നാണ് ചോദിച്ചത്.

പിതാവ്: നിര്‍ത്തിയില്ലെങ്കില്‍ പോലീസുകാരന്‍ നമുക്ക് പിഴ അടക്കാനുള്ള സ്ലിപ് തരും.

മകള്‍: എന്തിനാണ് അയാള്‍ ആ സ്ലിപ് തരുന്നത്?

പിതാവ്: കാരണം ചുവന്ന ലൈറ്റ് കത്തുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്നത് അപകടമാണ്. 

മകള്‍: അതെങ്ങനെ? 

പിതാവ്: നമ്മള്‍ ആളുകളെ ഉപദ്രവിക്കാന്‍ പാടില്ലല്ലോ. നിന്നെ ആരെങ്കിലും ഉപദ്രവിക്കുന്നത് നീ ഇഷ്ടപ്പെടുമോ?

മകള്‍: ഇല്ല.

പിതാവ്: ജനങ്ങളും അത് ഇഷ്ടപ്പെടുന്നില്ല. പ്രവാചകന്‍ പറഞ്ഞിട്ടില്ലേ, നീ നിനക്കു വേണ്ടി ഇഷ്ടപ്പെടുന്നത് ജനങ്ങള്‍ക്കു വേണ്ടിയും ഇഷ്ടപ്പെടുക. 

മകള്‍: നമുക്ക് വേണ്ടി നാം ഇഷ്ടപ്പെടുന്നത് നാം ജനങ്ങള്‍ക്ക് വേണ്ടി ഇഷ്ടപ്പെടുന്നത് എന്തിനാണ്?

പിതാവ്: കാരണം ജനങ്ങള്‍ തുല്യരാണ്. അവരെ സൃഷ്ടിച്ച ദൈവം നീതിമാനാണ്. നീതിമാനായതുകൊണ്ടാണ് എല്ലാവരെയും തുല്യരായി സൃഷ്ടിച്ചത്. അതിനാല്‍ എല്ലാവര്‍ക്കും തുല്യാവകാശങ്ങളാണുള്ളത്. ലോകത്തെ സൃഷ്ടിച്ചിരിക്കുന്നതും ആ നിലക്കാണ്. 

ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെ (മഖാസ്വിദുശ്ശരീഅഃ) ലളിതമായി പരിചയപ്പെടുത്തുന്ന ഒരു പുസ്തകം ആരംഭിക്കുന്നത് ഈ കഥ പറഞ്ഞുകൊണ്ടാണ്. ഇതുപോലെ ചോദ്യങ്ങള്‍ ചോദിച്ച് വിഷയത്തിന്റെ മര്‍മത്തിലേക്കും ആന്തരിക ചൈതന്യത്തിലേക്കും എത്തിച്ചേരുകയാണ് നാം മഖാസ്വിദ് ഫിഖ്ഹിലൂടെ. സകാത്ത് നല്‍കുന്നത് എന്തുകൊണ്ടാണ് ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായത്? അയല്‍വാസികളോട് നല്ല നിലയില്‍ പെരുമാറണമെന്ന് പ്രവാചകന്‍ ഊന്നിപ്പറയാന്‍ കാരണമെന്താണ്? എല്ലാ ദിവസവും മുസ്‌ലിംകള്‍ പലവട്ടം നമസ്‌കരിക്കുന്നത് എന്തിനാണ്? എത്ര ചെറിയ അളവ് മദ്യം കഴിക്കുന്നതും ഇസ്‌ലാമില്‍ വന്‍ പാപമായത് എന്തുകൊണ്ടാണ്? ബലാത്സംഗത്തിനും സായുധകൊള്ളക്കും ഇസ്‌ലാമിക നിയമത്തില്‍ വധശിക്ഷ നല്‍കുന്നത് എന്തിനാണ്?

ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ചിലപ്പോള്‍ പ്രമാണങ്ങളില്‍ കൃത്യമായി പറഞ്ഞിരിക്കും; അല്ലെങ്കില്‍ സൂചനകള്‍ നല്‍കിയിരിക്കും. വ്യക്തമായ പരാമര്‍ശങ്ങളോ സൂചനകളോ ഇല്ലെങ്കില്‍, നിയമാവിഷ്‌കാരത്തിന്റെ പൊതു തത്ത്വങ്ങളെ വിശദമായും അവയുടെ സാകല്യത്തിലും പഠിച്ചാല്‍ ഉത്തരങ്ങള്‍ സ്വയമേവ തെളിഞ്ഞുവരും. ഫിഖ്ഹുല്‍ മഖാസ്വിദിന്റെ വിശാലമായ പഠന മേഖലയാണിത്. 'മഖ്‌സ്വദ്' എന്ന അറബി വാക്കിന്റെ ബഹുവചനമാണ് 'മഖാസ്വിദ്'. ലക്ഷ്യങ്ങള്‍, ഉദ്ദേശ്യങ്ങള്‍ എന്നൊക്കെ അര്‍ഥം പറയാം. പല മുന്‍കാല നിയമജ്ഞരും മഖാസ്വിദിനെ 'മസ്വാലിഹി'(താല്‍പര്യങ്ങള്‍)ന്റെ പര്യായമായാണ് കണ്ടിരുന്നത്. അബ്ദുല്‍ മാലിക് അല്‍ജുവൈനി (മരണം: ഹി. 478) അല്‍ മഖാസ്വിദിനെയും അല്‍മസ്വാലിഹുല്‍ ആംമി(പൊതുതാല്‍പര്യങ്ങള്‍)നെയും പര്യായപദങ്ങള്‍ പോലെയാണ് പ്രയോഗിച്ചിട്ടുള്ളത്. 'പരിധിവെക്കാത്ത താല്‍പര്യങ്ങള്‍' (അല്‍ മസ്വാലിഹുല്‍ മുര്‍സലഃ) എന്ന് ഇമാം ഗസാലി (മരണം: ഹി. 505) പ്രയോഗിക്കുന്നതും ഇതേ അര്‍ഥത്തില്‍തന്നെ. നിയമനിര്‍മാതാവായ അല്ലാഹുവിന്റെ ലക്ഷ്യം ഏതുകൊണ്ട് പൂര്‍ത്തീകരിക്കപ്പെടുന്നുവോ അതിനെയാണ് നജ്മുദ്ദീന്‍ ത്വൂഫി (മരണം: ഹി. 716) 'മസ്വാലിഹ്' എന്ന് വിളിക്കുന്നത്. ഒരു ലക്ഷ്യം (മഖ്‌സ്വദ്) സാധുവാകണമെങ്കില്‍ ചില താല്‍പര്യങ്ങള്‍ (മസ്വാലിഹ്) സംരക്ഷിക്കപ്പെടണമെന്നും ദ്രോഹങ്ങള്‍ (മഫാസിദ്) ഇല്ലാതാവണമെന്നും ഖറാഫി (മരണം: ഹി. 1285) പറഞ്ഞിട്ടുണ്ട്. മഖ്‌സ്വദിനെയും മസ്വാലിഹിനെയും ബന്ധിപ്പിച്ചുപറയുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. ഇങ്ങനെ പല രീതിയില്‍ മഖ്‌സ്വദിനെ പൂര്‍വകാല പണ്ഡിതന്മാര്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. അതേക്കുറിച്ച ചര്‍ച്ച പിന്നീട് വരുന്നുണ്ട്. 

 

ഭാഷയും മഖ്‌സ്വദും

ഇസ്‌ലാമിന്റെ മൗലികപ്രമാണങ്ങളായ ഖുര്‍ആന്റെയും ഹദീസിന്റെയും ഭാഷ അറബിയാണല്ലോ. അറബി നന്നായി അറിഞ്ഞിരിക്കണം ഏതൊരു മഖാസ്വിദി ഗവേഷകന്നും. ഇമാം ശാഫിഈ തന്റെ അര്‍രിസാലയില്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ളതുപോലെ, അറബിയില്‍ ചിലപ്പോള്‍ ഒരു വാക്ക് പ്രയോഗിക്കുന്നത് അതിന്റെ പ്രത്യക്ഷാര്‍ഥം ഉദ്ദേശിച്ചായിരിക്കില്ല. ചിലപ്പോള്‍, പ്രയോഗിക്കപ്പെടുന്ന വാക്കിന് സാധാരണ മനസ്സിലാക്കപ്പെടുന്ന അതിന്റെ മുഴുവന്‍ അര്‍ഥങ്ങളും ഉദ്ദേശ്യമായിരിക്കില്ല. മറ്റു ചിലപ്പോള്‍ യഥാര്‍ഥ അര്‍ഥമല്ല, ആലങ്കാരികാര്‍ഥം (മജാസ്) ആയിരിക്കും ഉദ്ദേശിച്ചിട്ടുണ്ടാവുക. വ്യക്തമാക്കിപ്പറയാതെ സൂചനകള്‍ മാത്രം  നല്‍കുന്ന സന്ദര്‍ഭങ്ങളുമുണ്ടാകും. ചില അറബി പ്രയോഗങ്ങള്‍ക്ക് പ്രത്യക്ഷാര്‍ഥത്തിനു നേരെ വിപരീതമായ അര്‍ഥം സിദ്ധിച്ചുവെന്നും വരാം. അതിനാല്‍ ഓരോ വാക്കും ഓരോ സന്ദര്‍ഭത്തില്‍ എന്തര്‍ഥത്തില്‍ പ്രയോഗിച്ചു എന്ന് മനസ്സിലാക്കല്‍ വളരെ പ്രധാനമാണ്. 

ചില ഉദാഹരണങ്ങള്‍ നോക്കാം. ഖുര്‍ആന്‍ രണ്ടിടത്ത് 'പലിശ തിന്നുന്നതിനെ' കുറിച്ച് പറഞ്ഞിട്ടുണ്ട് (അല്‍ബഖറ 275, ആലുഇംറാന്‍ 130). പലിശ (രിബ) എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അധ്വാനമോ മുതല്‍മുടക്കോ റിസ്‌കോ ഒന്നുമില്ലാതെ ഒരു നിശ്ചിത കാലയളവില്‍ മൂലധനത്തില്‍ ഉണ്ടാവുന്ന വര്‍ധനവാണത്. അത് മിക്കവാറും പണം/കറന്‍സി ആയിട്ടായിരിക്കും ലഭിക്കുക. അതിനെ എങ്ങനെയാണ് 'തിന്നുക'? 'പന്നി മാംസം തിന്നരുത്' എന്ന് പറയുമ്പോലെയാണോ ഇത്? അല്ലെന്ന് വ്യക്തം. പലിശപ്പണം കൊണ്ട് നിങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങിക്കഴിക്കരുത് എന്നാണവിടെ അര്‍ഥം. 'തിന്നരുത്' എന്നല്ലേ പറഞ്ഞിട്ടുള്ളൂ, അതിനാല്‍ പലിശപ്പണം കൊണ്ട് വീടോ നിലമോ വാഹനമോ ഒക്കെ വാങ്ങാം എന്ന് അര്‍ഥമാക്കാമോ? ഒരിക്കലും പാടില്ല. നിങ്ങളുടെ ഒരാവശ്യത്തിനും പലിശപ്പണം ചെലവഴിക്കല്‍ അനുവദനീയമല്ല എന്നാണ് അപ്പോള്‍ 'തിന്നരുത്' എന്നതിന്റെ അര്‍ഥം. ഖുര്‍ആന്‍ ആ രണ്ടിടത്തും 'തിന്നുക' (അക്ല്‍) എന്ന വാക്ക്, ഉപയോഗിക്കുക (ഇസ്തിഹ്‌ലാക്) എന്ന അര്‍ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. 'അക്ല്‍' എന്ന വാക്കിനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്നാല്‍ നമുക്ക് ഈ അര്‍ഥ വൈപുല്യമൊന്നും ലഭിക്കുകയില്ല; പ്രയോഗലക്ഷ്യ(മഖ്‌സ്വൂദ്)ത്തെക്കുറിച്ച് ചിന്തിക്കണം. 

അല്‍മാഇദ അധ്യായത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ കാണാം: ''ശവം, രക്തം, പന്നിമാംസം, അല്ലാഹുവല്ലാത്തവരുടെ നാമം ഉച്ചരിച്ച് അറുത്തത്, കുടുങ്ങിയോ അടിയേറ്റോ വീഴ്ചമൂലമോ ചത്തത്, ഹിംസ്ര ജന്തുക്കള്‍ കൊന്ന് (കുറച്ചു) ഭക്ഷിച്ചത്-ഇവയെല്ലാം നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'' (5:3). 

മറ്റൊരിടത്ത്: ''നിങ്ങളുടെ മാതാക്കളും പുത്രിമാരും സഹോദരിമാരും മാതൃസഹോദരിമാരും.......നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'' (4:23). ഇവിടെ ആദ്യത്തെ സൂക്തത്തില്‍ നിഷിദ്ധമാക്കപ്പെട്ടത് എന്തില്‍നിന്നൊക്കെ എന്നു പറഞ്ഞിട്ടില്ല. നിരുപാധികമാണ് (മുത്വ്‌ലഖ്) പ്രയോഗം. അപ്പോള്‍ ശവത്തിലേക്കും രക്തത്തിലേക്കും പന്നിമാംസത്തിലേക്കുമൊക്കെ നോക്കുന്നതും അവ തൊടുന്നതും നിഷിദ്ധമാക്കപ്പെട്ടിട്ടുണ്ടോ? അക്ഷരാര്‍ഥവാദികള്‍(ളാഹിരികള്‍)ക്ക് അങ്ങനെ വാദിക്കാം. ഭക്ഷിക്കുന്നതിനും മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുമാണ് ഇവിടെ വിലക്ക് എന്ന് ഖുര്‍ആനും സുന്നത്തും മുമ്പില്‍വെച്ച് എളുപ്പത്തില്‍ കണ്ടെത്താനാവും. 'നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു' എന്ന അതേ പ്രയോഗമാണ് മാതാക്കളെക്കുറിച്ചും പുത്രിമാെരക്കുറിച്ചുമൊക്കെ വന്നിരിക്കുന്നത്. അവരുടെ കാര്യത്തില്‍ എന്താണ് നിഷിദ്ധമായത് എന്നു പറഞ്ഞിട്ടില്ല. ആദ്യത്തെ സൂക്തത്തില്‍നിന്ന് തീര്‍ത്തും ഭിന്നമായ ഒരു നിഷിദ്ധത്തെക്കുറിച്ച്, അഥവാ വിവാഹം നിഷിദ്ധമാകുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ബുദ്ധിയും ആലോചനയുമുള്ളവര്‍ക്ക് ഇതിന്റെ പൊരുളും ഉദ്ദേശ്യവും (മഖാസ്വിദ്) എളുപ്പത്തില്‍ കണ്ടെത്താം. ഇതിലൊക്കെ എന്ത് തര്‍ക്കമിരിക്കുന്നു എന്നു ചോദിച്ചേക്കാം. ഒരേ പ്രയോഗമല്ലേ, അതുകൊണ്ട് എല്ലായിടത്തും ഒരേ അര്‍ഥം കൊടുക്കണം എന്ന മട്ടിലുളള തീവ്ര ചിന്തകള്‍ ചില വിഭാഗങ്ങളുടെ ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ കണ്ടുവരുന്നുണ്ട്. അല്‍ ബഖറ അധ്യായത്തില്‍ നോമ്പും പ്രതിക്രിയയും നിര്‍ബന്ധമാക്കിയതിനെക്കുറിച്ച് ഒരേ ശൈലി(കുതിബ അലൈകും......)യാണ് പ്രയോഗിച്ചിട്ടുള്ളത്. ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും, ഒറ്റക്കായിരിക്കുമ്പോഴും കൂട്ടത്തിലായിരിക്കുമ്പോഴുമൊക്കെ നോമ്പ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, പ്രതിക്രിയ അതുപോലെയാണോ? ഭരണവും നീതിന്യായ സംവിധാനങ്ങളുമൊക്കെ ഒത്തുവന്നാലേ അത് നിര്‍ബന്ധമാകുന്നുള്ളൂ, ചെയ്യേണ്ടതുള്ളൂ. അതാണ് പ്രവാചകജീവിതത്തിലെ മാതൃക. പക്ഷേ ഈജിപ്തിലെ അല്‍ജമാഅ അല്‍ഇസ്‌ലാമിയ്യ പോലുള്ള തീവ്രവാദി വിഭാഗങ്ങള്‍ ഒരു കാലത്ത് രണ്ടു കല്‍പനകളെയും ഒരുപോലെ കണ്ടു. നോമ്പ് എപ്രകാരം നിര്‍ബന്ധമാണോ അപ്രകാരം പ്രതിക്രിയയും നിര്‍ബന്ധമാണെന്ന് വാദിച്ചു. വ്യക്തികളും ഗ്രൂപ്പുകളും നിയമം കൈയിലെടുത്താലുള്ള അവസ്ഥയെന്തായിരിക്കും? അതിന്റെ കെടുതികള്‍ ഒട്ടേറെ ഏറ്റുവാങ്ങിയിട്ടുണ്ട് ഈജിപ്ത്. പക്ഷേ, പിന്നീട് പുനരാലോചനകള്‍ നടത്തി അത്തരം സംഘടനകള്‍ തങ്ങളുടെ ഖുര്‍ആന്‍ വായനകള്‍ തെറ്റായിരുന്നുവെന്നും തിരുത്തുന്നുവെന്നും കുറ്റസമ്മതം നടത്തി. പറഞ്ഞതിന്റെ ചുരുക്കമിതാണ്: ഒരേ തരം ഭാഷാ പ്രയോഗമാണെന്ന് കരുതി അതിലെ നിയമവിധികളും ഒരേ പോലെയാണെന്ന് വിചാരിക്കരുത്. പൊതു തത്ത്വങ്ങളും സന്ദര്‍ഭവും ഉദ്ദേശ്യലക്ഷ്യങ്ങളുമൊക്കെ മുമ്പില്‍ വെച്ചുകൊണ്ടേ അതിന്റെ യഥാര്‍ഥ വിവക്ഷ എന്തെന്ന് നിര്‍ണയിക്കാനാവൂ. 

പ്രമാണ പാഠങ്ങളെ പഠിക്കുന്നവരെ ഇബ്‌നുല്‍ ഖയ്യിം രണ്ട് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്: അതിലൊരു വിഭാഗം ചോദിക്കുക 'എന്താണ് പറഞ്ഞത്' എന്നാണ്. മറ്റേ വിഭാഗം 'എന്താണ് ഉദ്ദേശിച്ചത്' എന്നും. ആദ്യ ചോദ്യം അക്ഷരവാദിയുടേതും രണ്ടാമത്തേത് ജ്ഞാനിയുടേതുമായിരിക്കും. പത്ത് വയസ്സുകാരന്‍ ഖുര്‍ആന്‍ മനഃപാഠമാക്കുന്നതോ കൗമാരമെത്തുമ്പോള്‍ ബുഖാരിയും മുസ്‌ലിമും ഹൃദിസ്ഥമാക്കുന്നതോ ഇന്ന് അപൂര്‍വ സംഭവമല്ല. ഇതൊക്കെയും പദസംബന്ധിയാണ്, ആശയങ്ങളിലേക്കോ പൊരുളുകളിലേക്കോ എത്തുന്ന പഠനമല്ല. 'അറിവ് നിറച്ചുവെച്ചിരിക്കുന്ന പാത്രങ്ങള്‍' എന്ന് ഇമാം ഗസാലി അവരെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇതൊരു സ്തുതി വചനമാണെങ്കിലും ഒരു വിമര്‍ശവും അതിലടങ്ങിയിട്ടുണ്ട്. പാത്രങ്ങള്‍ വെള്ളത്തെ എന്നപോലെ അറിവിനെ സൂക്ഷിച്ചുവെക്കുക മാത്രമാണവര്‍. അറിവിനെ പ്രയോജനപ്പെടുത്തണമെങ്കില്‍ ഹൃദിസ്ഥമാക്കുക എന്ന ഗുണം മാത്രമുണ്ടായാല്‍ പോരാ. നമ്മുടെ മതപഠന സമ്പ്രദായങ്ങളുടെ വലിയൊരു പരിമിതിയാണ് ഇവിടെ വെളിപ്പെടുന്നത്. അര്‍ഥവും പൊരുളും അറിയാതെയും അറിയാന്‍ ശ്രമിക്കാതെയും ഓതിക്കൊണ്ടിരിക്കുക, ഹൃദിസ്ഥമാക്കിക്കൊണ്ടിരിക്കുക എന്നതാണത്. പഠനം പൊരുളുകളിലേക്കും ഉദ്ദേശ്യലക്ഷ്യങ്ങളിലേക്കും വികസിപ്പിച്ചുകൊണ്ടേ ഈ പരിമിതിയെ മറികടക്കാനാവൂ. 

 

വ്യത്യാസം പ്രയോഗങ്ങളില്‍ മാത്രം

മഖാസ്വിദിനെപ്പറ്റി പറയുമ്പോള്‍ സാധാരണക്കാര്‍ മാത്രമല്ല, പണ്ഡിതന്മാര്‍ പോലും ചിലപ്പോള്‍ നെറ്റിചുളിക്കാറുണ്ട്. ഇതിനെപ്പറ്റി പഴയ കിതാബുകളിലൊന്നും കാണുന്നില്ലല്ലോ, പിന്നെ നിങ്ങള്‍ക്കിത് എവിടുന്നു കിട്ടി? മുന്‍കാല പണ്ഡിതന്മാര്‍ക്ക് ഖുര്‍ആനും സുന്നത്തും ശരിക്ക് മനസ്സിലായിട്ടില്ലെന്നും, നിങ്ങള്‍ക്കേ അവ മനസ്സിലായിട്ടുള്ളൂ എന്നുമാണോ? മുന്‍കാല പണ്ഡിതന്മാരുടെ രചനകളില്‍ മഖാസ്വിദ് എന്ന് കണ്ടില്ലെങ്കില്‍ പരിഭവിക്കേണ്ടതില്ല. അവര്‍ മഖാസ്വിദിന്  പകരം തത്തുല്യ അര്‍ഥമുള്ള മറ്റു വാക്കുകള്‍ പ്രയോഗിച്ചു എന്നേയുള്ളൂ. വിപുലമായ അര്‍ഥതലങ്ങളുള്ള ഒരാശയം ചിലപ്പോള്‍ ഒറ്റ ശീര്‍ഷകത്തില്‍ നമുക്ക് ഒതുക്കിപ്പറയാനാവില്ല. അതിന്റെ പല മാനങ്ങളെക്കുറിക്കാന്‍ പല പേരുകള്‍ പറയേണ്ടിവന്നേക്കാം. അല്ലാഹുവിന് തൊണ്ണൂറ്റി ഒമ്പത് നാമങ്ങളുണ്ടല്ലോ. ഇതൊക്കെയും അല്ലാഹുവിന്റെ ഗുണങ്ങളിലേക്കും ശക്തി വിശേഷങ്ങളിലേക്കുമുള്ള ചൂണ്ടുപലകകളാണ്. എല്ലാം ഒരേ അസ്തിത്വത്തെ മാത്രം കുറിക്കാനുള്ളതാണ്. അതുപോലെ, പ്രമാണങ്ങളുടെയും നിയമവിധികളുടെയും പൊരുളും ഉദ്ദേശ്യലക്ഷ്യങ്ങളും പല പേരുകളില്‍ കുറിക്കപ്പെട്ടത് അസ്വാഭാവികതയായി കാണേണ്ടതില്ല. ഒരു തരത്തിലുള്ള ആശക്കുഴപ്പവും അതുകൊണ്ട് ഉണ്ടാവുന്നുമില്ല. മഖാസ്വിദിന്റെ പര്യായങ്ങള്‍ എന്നു വിളിക്കാവുന്ന അത്തരം ചില പ്രയോഗങ്ങള്‍ നോക്കാം. 

1. ഹികം: ഇത് 'ഹിക്മത്ത്' എന്ന വാക്കിന്റെ ബഹുവചനമാണ്. യുക്തി, പൊരുള്‍, വിവേകം എന്നൊക്കെ അര്‍ഥം പറയാം. പുരാതന ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ ഒരു വിധി (ഹുകുമ്) പറയുന്നുണ്ടെങ്കില്‍ അതിലെ യുക്തിയും (ഹിക്മത്) പറഞ്ഞിരിക്കും. നമസ്‌കാരം: വിധിയും യുക്തിയും, സകാത്ത്: വിധിയും യുക്തിയും, കച്ചവടം: വിധിയും യുക്തിയും എന്നിങ്ങനെ. ഖുര്‍ആനില്‍ ധാരാളമായി പരാമര്‍ശിക്കപ്പെട്ടതുകൊണ്ടാവാം (ഉദാ: 54:5, 2:269, 2:129) പല പൗരാണിക പണ്ഡിതരും ഈ പദം തെരഞ്ഞെടുത്തത്. നമ്മള്‍ പറയുന്ന മഖാസ്വിദിനെ കുറിക്കാന്‍ അവര്‍ പ്രയോഗിക്കുന്നത് 'നിയമത്തിനാധാരമായ യുക്തി' (ഹിക്മത്തുത്തശ്‌രീഅ്/ ഹിക്മത്തുശ്ശരീഅഃ) എന്നായിരിക്കും. ഈ പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിരവധി പൗരാണിക ഗ്രന്ഥങ്ങളും നിബന്ധങ്ങളും നമുക്ക് കാണാം. 

2. തഅ്‌ലീല്‍: 'ഇല്ലത്ത്' എന്നും പറയും. ഇതിന്റെ ബഹുവചനമാണ് 'ഇലല്‍'. അടിസ്ഥാന കാരണം എന്നര്‍ഥം. ഇംഗ്ലീഷില്‍ പറയുന്ന യമശെ-െന്റെ ഏകദേശ അര്‍ഥം. ഏതൊരു നിയമവിധിയും ആവിഷ്‌കരിക്കപ്പെടാനുള്ള അടിസ്ഥാന കാരണവും ന്യായവും അന്വേഷിക്കുകയാണ് നാം തഅ്‌ലീലൂടെ. തര്‍ക്കശാസ്ത്രത്തിലും വചന ശാസ്ത്രത്തിലുമെല്ലാം ഈ പ്രയോഗങ്ങള്‍ വരുന്നുണ്ട്. അവിടങ്ങളില്‍ ഇതേ അര്‍ഥമായിരിക്കില്ല ഈ പ്രയോഗത്തിന്. യാത്രയില്‍ ഒരാള്‍ക്ക് ചുരുക്കി (ഖസ്വ്ര്‍) നമസ്‌കരിക്കുകയും നോമ്പ് മുറിക്കുകയും ചെയ്യാം. യാത്രയിലെ പ്രയാസമാണ് അതിന്റെ കാരണം (ഇല്ലത്ത്). ഹിക്മത്ത്, മസ്വ്‌ലഹത്ത് എന്നീ വാക്കുകളുടെ അര്‍ഥമാണ് ഇല്ലത്തിന് ഉള്ളതെന്ന് ഇമാം ശാത്വിബി പറഞ്ഞിട്ടുണ്ട്. അസ്ബാബ് (ഏകവചനം: സബബ്) എന്നത് സമാനാര്‍ഥമുള്ള പദമാണെങ്കിലും വ്യത്യാസമുണ്ടെന്ന് ഇബ്‌നു ഹസം എഴുതുന്നു. ഒരാള്‍ കോപാകുലനായി പ്രതികാരത്തിന് ചെല്ലുന്നു എന്നിരിക്കട്ടെ. പ്രതികാരത്തിന് ചെല്ലാനുള്ള കാരണം (സബബ്) കോപമാണ്. അയാള്‍ക്ക് പ്രതികാരം ചെയ്യാം, ചെയ്യാതിരിക്കാം. ഇവിടെ പറഞ്ഞ 'സബബ്' ഒരു പ്രവൃത്തിയില്‍ എത്തുകയോ എത്താതിരിക്കുകയോ ചെയ്യാം എന്നര്‍ഥം. 'ഇല്ലത്ത്' ആവുമ്പോള്‍ അവിടെ നിര്‍ബന്ധമായും പ്രവൃത്തി ഉണ്ടായിരിക്കണം. 

3. അസ്‌റാര്‍: രഹസ്യങ്ങള്‍ എന്നാണ് വാക്കിന്റെ അര്‍ഥം. ചിലര്‍ ഈ വാക്ക് പ്രയോഗിക്കാന്‍ മടിക്കാറുണ്ട്. ശരീഅത്തില്‍ രഹസ്യങ്ങളില്ലല്ലോ എന്നാണ് അവര്‍ പറയുന്നത്. അത്തരം രഹസ്യങ്ങളെക്കുറിച്ചല്ല ഇത്. ചൈതന്യം, ആന്തരാത്മാവ് എന്നൊക്കെയാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇമാം ഗസാലി ഇഹ്‌യാ ഉലുമിദ്ദീനില്‍ നമസ്‌കാരത്തിന്റെയും നോമ്പിന്റെയും ഹജ്ജിന്റെയും സകാത്തിന്റെയും പൊരുളുകളെയും ആന്തരാര്‍ഥങ്ങളെയും കുറിക്കാന്‍ അസ്‌റാര്‍ എന്ന വാക്കാണ് പ്രയോഗിച്ചിട്ടുള്ളത്. ഇഹ്‌യായുടെ ഇംഗ്ലീഷ് പരിഭാഷയില്‍ ടുശൃശ േഎന്നാണതിനെ ഭാഷാന്തരപ്പെടുത്തിയിരിക്കുന്നത്. ഫിഖ്ഹുല്‍ മഖാസ്വിദില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഇമാം ശാത്വിബിയുടെ അല്‍മുവാഫഖാത്തിന് അദ്ദേഹം ആദ്യമിട്ട പേര് അത്തഅ്‌രീഫു ബി അസ്‌റാരിത്തക്‌ലീഫ് (കര്‍ത്തവ്യ നിര്‍വഹണത്തിന്റെ രഹസ്യങ്ങളെക്കുറിച്ച്) എന്നായിരുന്നു. 

വേറെയും വാക്കുകളുണ്ട്. പഴയ കൃതികളില്‍ ലക്ഷ്യത്തെയും ഉദ്ദേശ്യത്തെയും കുറിക്കാന്‍ ധാരാളമായി പ്രയോഗിക്കാറുള്ളത് ഗര്‍ദ്, മുറാദ് എന്നീ വാക്കുകളാണ്. മഖാസ്വിദ് കൊണ്ട് ഉദ്ദേശിക്കുന്നതും മറ്റൊന്നല്ല.   

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ / 29-30
എ.വൈ.ആര്‍