Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

ഉമൈറുബ്‌നു സഅ്ദിന് ഭാവുകങ്ങള്‍

പി.കെ.ജെ

ഉമര്‍(റ), ഉമൈറുബ്‌നു സഅ്ദിനെ ഹിംസിലെ ഗവര്‍ണറായി നിയോഗിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് അദ്ദേഹത്തെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത ഉമര്‍ ഉദ്യോഗസ്ഥനോട്: ''ഉമൈറിന് എഴുതുക. ഈ കത്ത് കിട്ടിയാല്‍ ഉടനെ ഇവിടെയെത്തണം. അവിടെ നിന്ന് സംഭരിച്ച സകാത്ത്-സ്വദഖ-ഫൈഅ് മുതലുകളും കൂടെ കൊണ്ടുവരണം.''

കത്ത് കിട്ടിയ ഉമൈര്‍ ഉടനെ മദീനയിലേക്ക് തിരിച്ചു. ഒരു സഞ്ചി. അതില്‍ ഭക്ഷണത്തളിക. കുടിവെള്ളം നിറയ്ക്കുന്ന തോല്‍ പാത്രം. കൈയില്‍ ഒരു വടിയും. നാളുകളോളം നടന്ന് അദ്ദേഹം മദീനയിലെത്തി. നിറം കെട്ടിരുന്നു. പൊടിപിടിച്ച ശരീരവും ജടകുത്തിയ മുടിയുമായി ഉമറിന്റെ സന്നിധിയില്‍ പ്രവേശിച്ച ഉമൈര്‍: ''അസ്സലാമു അലൈക യാ അമീറല്‍ മുഅ്മിനീന്‍!''

ഉമര്‍: ''വഅലൈകുമുസ്സലാം. എന്തൊക്കെയാണ് നിങ്ങളുടെ വര്‍ത്തമാനങ്ങള്‍?''

ഉമൈര്‍: ''ഈ കാണുന്നതൊക്കെത്തന്നെ. ആരോഗ്യവാനാണ്. രക്തത്തില്‍ കലര്‍പ്പില്ല. തോളിലുള്ള ഭാണ്ഡക്കെട്ടില്‍ എന്റെ ഇഹലോകം മുഴുക്കെയുണ്ട്.''

ഉമര്‍: ''നിങ്ങള്‍ എന്താണ് കൊണ്ടുവന്നിട്ടുള്ളത്?'' (ഉമര്‍ ധരിച്ചത് ഒരുപാട് സമ്പത്തുമായിട്ടായിരിക്കും വന്നതെന്നാണ്).

ഉമൈര്‍: ''ഇതാ തോളിലുള്ള ഭാണ്ഡക്കെട്ടിലെ സഞ്ചിയില്‍ ഭക്ഷണം കരുതും. തളികയില്‍ ഭക്ഷണം കഴിക്കും. കുളിക്കാനും അലക്കാനുമൊക്കെ ഈ തളിക ധാരാളം, പിന്നെ തുകല്‍പാത്രത്തില്‍ എനിക്ക് വുദൂ എടുക്കാനും കുടിക്കാനുമുള്ള വെള്ളവുമുണ്ടാവും. ഈ വടി കുത്തിപ്പിടിച്ചു നടക്കും. ശത്രുക്കളെ കണ്ണില്‍ പെട്ടാല്‍ തല്ലാനും ഈ വടി ഉതകും. എന്റെ ദുന്‍യാവ് ഇതൊക്കെയാണ്. അത് അപ്പാടെ ഞാനിവിടെ കൊണ്ടുവന്നിരിക്കുന്നു.''

ഉമര്‍: ''നടന്നാണോ നിങ്ങള്‍ വന്നത്?''

ഉമൈര്‍: ''അതേ.''

ഉമര്‍: ''യാത്ര ചെയ്യാന്‍ ഒരു വാഹനം ആരും നിങ്ങള്‍ക്ക് തന്നില്ലേ?''

ഉമൈര്‍: ''അവര്‍ തന്നില്ല. ഞാന്‍ ചോദിച്ചുമില്ല.''

ഉമര്‍: ''അവര്‍ വല്ലാത്ത ഒരു കൂട്ടര്‍ തന്നെ. ഇരിക്കട്ടെ. ഞാന്‍ നിങ്ങളെ ഏല്‍പിച്ച കാര്യങ്ങളൊക്കെ ചെയ്‌തോ?''

ഉമൈര്‍: ''ഹിംസില്‍ ചെന്ന ഞാന്‍ അവിടത്തെ പൗരപ്രമുഖരെയെല്ലാം ഒരുമിച്ചുകൂട്ടി. സകാത്ത്-സ്വദഖ-ഫൈഅ് സംഭരണം അവരെ ചുമതലപ്പെടുത്തി. അവര്‍ ശേഖരിച്ചു കൊണ്ടുവന്ന സമ്പത്ത് അര്‍ഹര്‍ക്കിടയില്‍ വിതരണം ചെയ്തു. നിങ്ങള്‍ക്ക് വല്ല വിഹിതവും ബാക്കി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ കൊണ്ടുവന്നേനെ!''

ഉമര്‍: ''എന്നുവെച്ചാല്‍ നിങ്ങള്‍ ഇവിടേക്ക് ഒന്നും കൊണ്ടുവന്നില്ലെന്നോ!''

ഉമൈര്‍: ''ഒന്നുമില്ല.''

ഉമര്‍: ''ഉമൈറിന്റെ കരാര്‍ പുതുക്കി നല്‍കൂ.''

ഉമൈര്‍: ''ഇതൊക്കെ കഴിഞ്ഞകഥ. ഇനിമേല്‍ ഒരുദ്യോഗം ഏല്‍ക്കുന്ന വിഷയമില്ല.''

മദീനയില്‍നിന്ന് അല്‍പം അകലെയുള്ള വീട്ടിലേക്ക് ഉമൈര്‍ നടന്നുനീങ്ങി.

ഉമൈര്‍ പിരിഞ്ഞുപോയപ്പോള്‍ ഉമര്‍: ''അദ്ദേഹം നമ്മോടു വഞ്ചന കാട്ടിയതായി നാം കരുതുന്നില്ല.'' ഹാരിസ് എന്ന ഉദ്യോഗസ്ഥന്റെ വശം നൂറ് ദീനാര്‍ നല്‍കി ഉമര്‍ തുടര്‍ന്നു: 'ഉമൈറിന്റെ വസതിയില്‍ ഒരതിഥിയെന്ന വണ്ണം പാര്‍ക്കുക. ജീവിത പ്രയാസങ്ങളൊന്നുമില്ലെങ്കില്‍ തിരിച്ചുപോരുക. സ്ഥിതി കഷ്ടമാണെങ്കില്‍ ഈ നൂറ് ദീനാര്‍ അദ്ദേഹത്തിന് നല്‍കുക.''

ഹാരിസ് ഉമൈറിന്റെ വസതി ലക്ഷ്യമാക്കി നീങ്ങി. കുപ്പായം ചുമരിലെ ആണിയില്‍ തൂക്കുകയാണ് ഉമൈര്‍. ഹാരിസ് സലാം ചൊല്ലി.

ഉമൈര്‍: ''വരൂ, സഹോദരാ വരൂ, അല്ലാഹു കരുണ കാട്ടട്ടെ. എവിടന്നാണ്?''

ആഗതന്‍: ''മദീനയില്‍നിന്ന്.''

ഉമൈര്‍: ''അമീറുല്‍ മുഅ്മിനീനും മുസ്‌ലിംകളും എങ്ങനെ?''

ആഗതന്‍: ''എല്ലാവരും നല്ല നിലയില്‍.''

ഉമൈര്‍: ''പടച്ചവനേ! ഉമറിനെ നീ സഹായിക്കേണമേ! നിന്നോടുള്ള അതിരറ്റ സ്‌നേഹമാണ് ആ മനസ്സ് നിറയെ.''

ആഗതന്‍ മൂന്ന് ദിവസം അവിടെ തങ്ങി. തന്റെ കുടുംബത്തിന് ഉമൈര്‍ കരുതിവെച്ച അല്‍പം ഗോതമ്പ് പൊടിയല്ലാതെ അവിടെ വേറൊന്നും ഇല്ലായിരുന്നു. മൂന്ന് ദിവസം പിന്നിട്ടപ്പോള്‍ ഉമൈര്‍: ''സഹോദരാ! ഞങ്ങള്‍ ഈ മൂന്ന് ദിവസം വിശന്നാണ് കഴിഞ്ഞത്. ആകെയുള്ളത് നിങ്ങള്‍ക്ക് തന്നു. ഇനി ഇവിടെ നിന്ന് മറ്റു വല്ലിടത്തേക്കും പോകാന്‍ പറ്റുമെങ്കില്‍ സന്തോഷമായേനെ!''

ആഗതന്‍ തന്റെ വശമുള്ള നൂറ് ദീനാര്‍ ഉമൈറിന് നല്‍കി. ''ഇത് അമീറുല്‍ മുഅ്മിനീന്‍ നിങ്ങള്‍ക്ക് നല്‍കാനായി ഏല്‍പിച്ചതാണ്.''

ഉമൈര്‍ ഉറക്കെ നിലവിളിച്ചു: ''എനിക്കിതിന്റെ ആവശ്യമില്ല. അത് അമീറുല്‍ മുഅ്മിനീന് തന്നെ തിരിച്ചുനല്‍കിയേക്കൂ.''

ഉമൈറിന്റെ പത്‌നി രംഗം വീക്ഷിച്ചുകൊണ്ട്: ''നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആവശ്യമുള്ള ദരിദ്രര്‍ കാണും.''

അവര്‍ തന്റെ മേല്‍വസ്ത്രം വലിച്ചുകീറി കൊച്ചു സഞ്ചികള്‍ തുന്നി ഭര്‍ത്താവിന് നല്‍കി. അദ്ദേഹം പണം കിഴികളിലാക്കി ദരിദ്രരായ മുസ്‌ലിംകള്‍ക്കും രക്തസാക്ഷികളുടെ മക്കള്‍ക്കും വീതിച്ചുനല്‍കി.

ദൂതന്‍ ഉമറിന്റെ സന്നിധിയില്‍ തിരിച്ചെത്തി.

ഉമര്‍: ''ഉമൈറിന്റെ കഥയെന്താണ്?''

ദൂതന്‍: ''മഹാ കഷ്ടമാണ്.''

ഉമര്‍: ''ദീനാറുകള്‍ അയാള്‍ എന്തു ചെയ്തു?''

ദൂതന്‍: ''അറിഞ്ഞുകൂടാ.''

ഉമര്‍, ഉമൈറിനോട് മദീനയില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഉമൈര്‍ എത്തിയപ്പോള്‍-

ഉമര്‍: ''ആ, ദീനാര്‍ നിങ്ങളെന്ത് ചെയ്തു?''

ഉമൈര്‍: ''എനിക്കിഷ്ടമുള്ളത് ചെയ്തു. അതെന്തിനാണ് നിങ്ങള്‍ ചോദിക്കുന്നത്?''

ഉമര്‍: ''പറഞ്ഞേ പറ്റൂ.''

ഉമൈര്‍: ''അത് ഞാന്‍ പരലോകത്തേക്ക് കരുതിവെച്ചു.''

ഉമര്‍ അദ്ദേഹത്തിന് ഭക്ഷ്യവിഭവങ്ങളും രണ്ടു ജോഡി വസ്ത്രവും നല്‍കാന്‍ കല്‍പിച്ചു.

ഉമൈര്‍: ''ഭക്ഷണം എനിക്കാവശ്യമില്ല. വീട്ടില്‍ അല്‍പം ഗോതമ്പുണ്ട്. അത് ധാരാളം. അത് തീര്‍ന്നാല്‍ അല്ലാഹു വേറെ തരും. വസ്ത്രം, എന്റെ ഭാര്യക്ക് ഉടുക്കാന്‍ വസ്ത്രമില്ല. അതിങ്ങു തന്നേക്കൂ.'' ഉമൈര്‍ നടന്നുനീങ്ങി.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍