Prabodhanm Weekly

Pages

Search

2016 മെയ് 20

2952

1437 ശഅ്ബാന്‍ 13

സ്ത്രീധനം നല്‍കാന്‍ പലിശപ്പണം?!

ചേറൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍

''ല്ലാതെ ഞ്ഞി ഓന്‍ ന്താക്വാനാണോളീ.''

നാദാപുരത്തിന്റെ പരിസരത്തെവിടെയോ നിന്ന് കോഴിക്കോട് നഗരത്തില്‍ വന്നവരാണവര്‍. കല്യാണത്തിന് ആഭരണങ്ങളെടുക്കാന്‍. കുറേ ആണും പെണ്ണും. മര്‍കസ് കോംപ്ലക്‌സിനടുത്ത ഒരു ഹോട്ടലില്‍ തിന്നും കുടിച്ചും കലപില കൂട്ടുന്ന അവരുടെ ഉച്ചത്തിലുള്ള സംസാരം നാട്ടിലെ കല്യാണങ്ങളെയും സ്ത്രീധനത്തെയും കുറിച്ചായപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. 

സ്ത്രീധനം നല്‍കാന്‍ വേണ്ടി താമസിക്കുന്ന കൂര ബാങ്കില്‍ പണയം വെച്ച് വായ്പ വാങ്ങിയ ഒരു പരമദരിദ്രന്റെ കഥയാണവര്‍ പറയുന്നത്. വായ്പയുടെ പേരില്‍ ബാങ്ക് നല്‍കുന്ന ധനം ചെറുകിട കച്ചവടക്കാരും കര്‍ഷകരുമൊക്കെയായ പാവങ്ങളുടെ ചോര കുടിച്ചു വീര്‍ത്ത പലിശപ്പണത്തില്‍നിന്നാണെന്നും ഈ വായ്പാ 'സഹായ'ത്തിന് കനത്ത പലിശ തിരിച്ചടക്കേണ്ടിവരുമെന്നും അടവുതെറ്റിയാല്‍ പലിശ ഇരട്ടിയാകുമെന്നും അയാള്‍ക്കോ ആ പലിശക്കിഴി തലേന്ന് തന്നെ വാങ്ങിവെക്കുന്ന നാണംകെട്ട പുതിയാപ്ലക്കുടുംബത്തിനോ നികാഹ് ചൊല്ലിക്കൊടുത്തതിന് കമ്മീഷന്‍ വാങ്ങി റസീറ്റ് കൊടുക്കുന്ന പള്ളിക്കമ്മിറ്റിക്കോ അതില്‍ ഓഹരി പറ്റുന്ന ഖാദിക്കോ അറിയാത്തതല്ല!

അവരുടെ സംഭാഷണം തുടരവേ കൂട്ടത്തിലൊരു മധ്യവയസ്‌കന്‍-അയാളൊരു ഗള്‍ഫുകാരനായിരിക്കണം-താന്‍ കാണിച്ച ആസൂത്രണ വൈദഗ്ധ്യവും ദീര്‍ഘവീക്ഷണവും വിളമ്പി. മകള്‍ വിവാഹപ്രായമെത്തിയെങ്കിലും അയാള്‍ക്ക് ആശ്വാസമുണ്ട്. ആറേഴു വര്‍ഷം മുമ്പേ അയാള്‍ ഗള്‍ഫില്‍നിന്ന് സ്വരൂപിച്ച സംഖ്യ ഫിക്‌സഡ് ഡിപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ സ്ത്രീധനക്കാശെങ്കിലും ഒരുവിധമൊപ്പിക്കാന്‍ അതിന്റെ പലിശകൊണ്ട് പറ്റുമെന്നാണയാളുടെ പ്രതീക്ഷ! തന്റെ ബുദ്ധിസാമര്‍ഥ്യത്തില്‍ അയാള്‍ അഭിമാനിക്കുന്നു! കല്യാണച്ചന്തയില്‍ നിന്ന് ലഭിച്ച ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്! 

വയറുപൊള്ളിക്കുന്ന പലിശാഗ്നിയാണ് സ്ത്രീധനമായി കൊടുക്കുന്നത്. ആ പണം വാങ്ങിയാണ് ഇവിടെ വരന്‍ മഹ്‌റ് വാങ്ങുന്നത്. അതില്‍ നിന്നാണവന്‍ സദ്യയുണ്ടാക്കി നാട്ടുകാരെയും കൂട്ടുകാരനെയും ഉസ്താദുമാരെയും തീ തീറ്റുന്നത്. ആ സംഖ്യയില്‍നിന്നാണ് നികാഹിന് കമ്മിറ്റിക്ക് പണമെണ്ണി നല്‍കിയത്. അതില്‍നിന്നാണ് ഖതീബിനും മുക്രിക്കും ഉസ്താദുമാര്‍ക്കും കൈമടക്ക് നല്‍കിയത്! അന്വേഷിച്ചു ചെല്ലുമ്പോള്‍ അതൊക്കെ 'ഉര്‍ഫായി'പ്പോയിട്ടുണ്ടത്രെ! എല്ലാവരും കണ്ണടച്ച് പാലുകുടിക്കുന്നു. പരലോകവും നരകവുമൊക്കെ 'വഅള്' പറയാന്‍ കൊള്ളാം, അല്ലേ?'

അജ്ഞരും ദുരഭിമാനികളും മാമൂല്‍പ്രിയരുമായ മാതാപിതാക്കളും ബന്ധുക്കളും തങ്ങള്‍ക്കുവേണ്ടി വിലപേശിയും വാശിപിടിച്ചും നേടിയെടുക്കുന്ന സ്ത്രീധനം അധികവും ഇപ്രകാരമുള്ള മലിനധനമാണെന്ന് ഇപ്പോള്‍ ചെറുപ്പക്കാര്‍ മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. പ്രാര്‍ഥനക്ക് ഉത്തരം പോലും ലഭിക്കാത്ത വിധം നമ്മുടെ വയറും രക്തവും മാംസവും അശുദ്ധമാക്കുന്ന പലിശയോ യാചിച്ചു ശേഖരിച്ചതോ മറ്റു മക്കള്‍ക്കിഷ്ടമില്ലാതെ അതൃപ്തിയോടെ നല്‍കുന്നതോ ഒക്കെയാണത്. ഇതറിയാവുന്ന മാന്യന്മാര്‍ കല്യാണ വീടുകളില്‍നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. 

ആദര്‍ശബോധമുള്ള യുവാക്കള്‍ സ്ത്രീധനത്തെക്കുറിച്ച് സംസാരിച്ചുപോകരുതെന്ന കര്‍ശന നിര്‍ദേശം വീട്ടുകാര്‍ക്ക് നല്‍കുന്നുണ്ട്. ആത്മാഭിമാനത്താല്‍ പ്രചോദിതരായ അവരില്‍ പലരും ദരിദ്രരാണ്. മഹ്‌റ്, വിവാഹ വസ്ത്രം, ചെറിയൊരു കല്യാണസല്‍ക്കാരം തുടങ്ങിയ അത്യാവശ്യ ചിലവുകള്‍ക്ക് പോലും വരുമാനമില്ലാത്തവരുണ്ട്. അത്തരം ദീനീ ബോധമുള്ള യുവാക്കളെ വിവാഹത്തിന് സഹായിക്കാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. മിതമായ തോതില്‍ മഹ്‌റ് നല്‍കാനും (ആ മഹ്‌റ് സ്വര്‍ണമാകണമെന്നില്ല. പുസ്തകങ്ങളോ മറ്റ് ഉപയോഗപ്രദമായ വസ്തുക്കളോ ആകാം) പുതുവസ്ത്രങ്ങള്‍ വാങ്ങാനും കല്യാണസദ്യക്കും വേണ്ട പണം-പത്തോ പന്ത്രണ്ടോ ആയിരം രൂപ വന്നേക്കും-സ്വരൂപിച്ചുനല്‍കുകയേ വേണ്ടൂ. അവന്റെ കൂട്ടുകാര്‍ വിചാരിച്ചാല്‍ ഒപ്പിച്ചെടുക്കാവുന്നതേയുള്ളൂ ആ സംഖ്യ. മഹല്ലുകളില്‍ ഉയര്‍ന്നുചിന്തിക്കുന്ന നല്ല മനുഷ്യരുടെ കൂട്ടായ്മകള്‍ ഉണ്ടായിരിക്കണം. അത്തരം പ്രായോഗിക ബുദ്ധിയുള്ള മുപ്പത് ചെറുപ്പക്കാര്‍ ഒരു യൂനിറ്റിലുണ്ടെങ്കില്‍ ഇതൊരു പരസ്പര സഹായപദ്ധതിയായി ആസൂത്രണം ചെയ്യാന്‍ പറ്റില്ലേ? മഹാദുരന്തത്തില്‍നിന്ന് ഒരു സമുദായത്തെ രക്ഷിക്കാനുള്ള ലളിതമാര്‍ഗം!

പകരം നാം ചെയ്യുന്നതോ? നാട്ടിലുള്ള പാവപ്പെട്ട പെണ്‍കുട്ടികളെ കെട്ടിക്കാന്‍ സ്ത്രീധനവും ആഭരണങ്ങളും നല്‍കാന്‍ ഫണ്ടുണ്ടാക്കാന്‍ തീരുമാനിക്കുന്നു. പിരിവെടുക്കുന്നു. ഒന്നരലക്ഷം രൂപയും അന്‍പതു പവനും പറഞ്ഞുറപ്പിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്ക് മൂവായിരം രൂപ 'മഹത്തായ സംഭാവന' നല്‍കുന്നു. അടുത്ത ദിവസം വേറൊരു പെണ്‍കുട്ടിയുടെ കല്യാണം കൂടി ആ മഹല്ലില്‍ നിശ്ചയിക്കപ്പെട്ടാല്‍ സഹായധനം ആയിരത്തഞ്ഞൂറായി ചുരുങ്ങും. ഇതിന്റെ പിന്നിലെ ഉദ്ദേശ്യശുദ്ധിയെ അംഗീകരിക്കുന്നു. പക്ഷേ, ഇതൊക്കെ എവിടെയെത്തും? എവിടെയും എത്താന്‍ പോകുന്നില്ല. ആ ദരിദ്രകുടുംബത്തിന്റെ ദുരിതക്കയത്തില്‍ ആ തുഛസംഖ്യയും കലങ്ങി ഇല്ലാതാകും. 

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം നടക്കാതെ കഷ്ടപ്പെടുന്ന എണ്ണമറ്റ പാവങ്ങളുടെ ദുഃസ്ഥിതിയില്‍ വേദനിക്കുന്ന ചില ഉദാരമനസ്‌കരായ ധനികര്‍ പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ തയാറാകാറുണ്ട്. ആ വാര്‍ത്ത പരക്കുന്നതോടെ പിന്നെ സഹായാര്‍ഥികളുടെ പ്രവാഹമായി. ഉണ്ണാനും ഉറങ്ങാനും കഴിയാതെ വശംകെട്ടുപോയ അത്തരം മുതലാളിമാര്‍ പലരും അവസാനം ഗേറ്റ് കൊട്ടിയടച്ച് താഴിടേണ്ടിവരുന്നു. ഉദാര മനഃസ്ഥിതിക്ക് പലപ്പോഴും ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. ഗള്‍ഫുനാടുകളില്‍ പോയി അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ കുറഞ്ഞകാലം കൊണ്ട് നല്ല വരുമാനവും പ്രതീക്ഷിക്കാത്തവിധം സമ്പല്‍സമൃദ്ധിയും നേടാന്‍ കഴിഞ്ഞ പലരും ഇപ്രകാരം ഉദാരരാകാറുണ്ട്. ആദ്യമൊക്കെ അവരുടെ ശുദ്ധഗതി കൊണ്ട് ചോദിച്ചുവരുന്നവര്‍ക്കെല്ലാം വാരിക്കോരിക്കൊടുക്കും. നനഞ്ഞിടം തേടി നടക്കുന്നവര്‍ സ്വന്തം ഘ്രാണശക്തികൊണ്ട് ഇത്തരക്കാരെ കണ്ടുപിടിക്കും. ആവശ്യങ്ങള്‍ക്ക് വരുന്നവരേക്കാള്‍ കൂടുതല്‍ ചൂഷകരായിരിക്കും. അവസാനം തിരിച്ചറിവുണ്ടാകുമ്പോള്‍ എല്ലാവരെയും വെറുത്ത് മടുത്ത് മടങ്ങിപ്പോയ നിരവധി പേരുണ്ട്. അവരെ കുറ്റപ്പെടുത്തിക്കൂടാ. അവരുടെ സന്മനസ്സ് വഞ്ചിക്കപ്പെടുകയാണുണ്ടായത്. ആവശ്യക്കാരന് ഔചിത്യമുണ്ടാവില്ലല്ലോ! 

സ്ത്രീധന സഹായത്തിന് ഒരുങ്ങുന്ന സമ്പന്നരും അതിന് സഹായ സമിതികളുണ്ടാക്കുന്നവരും ഒരു പുണ്യകര്‍മമെന്ന നിലയിലാണ് അത് ചെയ്യുന്നത്. തുഛവരുമാനങ്ങളില്‍നിന്ന്, സ്വന്തം ആവശ്യങ്ങളെപ്പോലും അവഗണിച്ചു നാട്ടിലെ കല്യാണപ്പിരിവുകള്‍ക്ക് സംഭാവന അയച്ചുകൊടുക്കുന്ന പാവം ഗള്‍ഫുകാരനും പുണ്യം തന്നെയാണ് തേടുന്നത്. പക്ഷേ, ഇത് പുണ്യകരമാകുമോ എന്ന് രണ്ടാമതൊന്നുകൂടി ആലോചിക്കണം. വെറുതെ കിട്ടുമെന്ന് കണ്ടാല്‍ സ്ത്രീധനക്കൊതിയന്മാരുടെ വിലപേശല്‍ ശക്തി കൂടുകയേ ഉള്ളൂ. നിങ്ങളുടെ അനുഭവവും അതുതന്നെയല്ലേ? അത്യാര്‍ത്തിയുള്ളവരുടെ മോഹങ്ങള്‍ 'കൊടുത്ത്' കെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല, ഒരിക്കലും. 

മറ്റൊരു കാര്യം, ഗള്‍ഫില്‍ പണിയെടുക്കുന്ന പാവങ്ങളുടെ വിയര്‍പ്പില്‍നിന്ന് ശേഖരിക്കുന്ന പണംകൊണ്ട് എണ്‍പതോ നൂറോ പവന്‍ ആഭരണങ്ങള്‍ ഒരു പെണ്ണിന്റെ കഴുത്തിലിട്ട് നടന്നാല്‍ ആ പാവങ്ങള്‍ക്ക് എന്ത് പുണ്യംകിട്ടുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? സ്വന്തം പണം മുടക്കി വാങ്ങി കഴുത്തിലണിഞ്ഞ മാലയും കൈകളിലിട്ട വളയും കണ്ടിട്ടുതന്നെ തിരുനബി (സ) അങ്ങേയറ്റം നീരസം പ്രകടിപ്പിച്ചിട്ടുണ്ട്. അപ്പോള്‍ ആരാന്റെ വിയര്‍പ്പില്‍നിന്ന് പങ്കുപറ്റി കഴുത്തിലും തലയിലും സ്വര്‍ണം ചൂടുന്നവരുടെ പുണ്യവും മഹത്വവും മാനവും ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പിരിച്ചുനല്‍കുന്നതോ നല്ല മനസ്സുള്ള സമ്പന്നരുടെ ഉദാരതകൊണ്ട് നല്‍കുന്നതോ ആയ പണമാണ് കല്യാണത്തലേന്ന് പുതിയാപ്ലയുടെ കമ്പനി മദ്യപിച്ചും ഡാന്‍സും പാട്ടുകച്ചേരിയും നടത്തിയും ധൂര്‍ത്തടിക്കുന്നത് എന്നുകൂടി ഓര്‍ക്കണം. കല്യാണ വീടുകളില്‍ സ്ത്രീ പുരുഷന്മാര്‍ ലജ്ജയില്ലാതെ, ഔറത്ത് പോലും മറക്കാതെ വീഡിയോക്ക് മുമ്പില്‍ തിക്കിത്തിരക്കുന്നതും ഊട്ടുപുരകളില്‍ മുട്ടിയുരുമ്മുന്നതും വണ്ടികളില്‍ അടിച്ചുപൊളിച്ച് കറങ്ങുന്നതുമെല്ലാം നാട്ടുകാരുടെ ഈ പണം കൊണ്ടാണ്. ഇതത്രയും പുണ്യമായിരിക്കുമോ? വഴിവിട്ട ആചാരങ്ങള്‍ക്കു വേണ്ടി ദാനം നല്‍കുന്നവര്‍ ചിന്തിക്കണം. പുണ്യം കിട്ടുകയില്ലെന്ന് മാത്രമല്ല, കുറ്റം കിട്ടുകയും ചെയ്യും. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുശേഷം പണവും പെണ്ണിന്റെ ആഭരണങ്ങളുമായി മുങ്ങുന്ന കല്യാണ വീരന്മാര്‍ കൊണ്ടുപോകുന്നതും നാട്ടുകാര്‍ നല്‍കിയ പണമാണ്. 

 

വിവാഹ ഫണ്ടുകള്‍

വിവാഹങ്ങള്‍ക്ക് സഹായിക്കാന്‍ തയാറുള്ള പലരും ഇക്കാര്യം ആഴത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ചോദിക്കാറുണ്ട്; ഇതാണ് സ്ഥിതിയെങ്കില്‍ എങ്ങനെ നാം കല്യാണങ്ങള്‍ക്ക് സഹായം ചെയ്യും? അവരോട് പറയാനുള്ളതിതാണ്: നേരത്തേ സൂചിപ്പിച്ച പോലെ യുവാക്കളെ സഹായിക്കുക. കല്യാണ പ്രായമായ നല്ലവരായ യുവാക്കള്‍ എമ്പാടും നാട്ടിലുണ്ട്. അവരോട് പറയുക: 'നല്ല പെണ്‍കുട്ടികളെ കണ്ടുപിടിക്കുക. പെണ്‍വീട്ടുകാരോട് പണമോ ആഭരണമോ ചോദിക്കരുത്. എന്നിട്ട് നികാഹ് ചെയ്യുക. ലളിതമായ വിവാഹസദ്യ നടത്തുക. അതിനുവേണ്ട ചെലവ് ആവശ്യമായ തോതില്‍ നല്‍കാം. ഭാവി അല്ലാഹുവിന്റെ കൈയിലാണ്. ഉദ്ദേശ്യശുദ്ധിയുണ്ടെങ്കില്‍ അല്ലാഹു അനുഗ്രഹിക്കും.' ഇതാണ് ശരിയായ രീതി. വിവാഹ ഫണ്ടുണ്ടാക്കിയ പല കമ്മിറ്റികളുമുണ്ട്. അവരുടെ ഫണ്ടില്‍നിന്നും ഇത്തരം യുവാക്കളെ സഹായിക്കാം. പൊതുഫണ്ട് കുറ്റകരമല്ലാത്ത രീതിയില്‍ ചെലവഴിക്കപ്പെടുന്നു എന്നുറപ്പുവരുത്തേണ്ടതുണ്ട്. 

പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ ഫണ്ട് ശേഖരിക്കുന്ന സാമൂഹിക സംഘടനകളും കമ്മിറ്റികളും ചെയ്യേണ്ടതിതാണ്: നിങ്ങള്‍ അനുവദിക്കുന്ന പണം സ്ത്രീധനമോ സ്വര്‍ണമോ നല്‍കാനെന്ന പേരില്‍ പെണ്‍വീട്ടുകാരെ ഏല്‍പിക്കരുത്. പകരം കല്യാണം കഴിക്കാന്‍ പോകുന്ന പുതിയാപ്ലയെ കമ്മിറ്റിക്ക് മുമ്പില്‍ വരുത്തുക. അവന്‍ ഒരു തട്ടിപ്പുകാരനോ മദ്യപാനിയോ മോഷ്ടാവോ കുറ്റവാളിയോ അല്ലെന്ന് ഉറപ്പുവരുത്തണം. അവന്‍ പാവപ്പെട്ടവനാണെങ്കില്‍ മഹ്‌റ്, വസ്ത്രം, ലളിതസദ്യ തുടങ്ങിയവക്കുള്ള സംഖ്യ നേരിട്ടുനല്‍കുക. പെണ്‍വീട്ടുകാരോട് പണമാവശ്യപ്പെടില്ലെന്ന നിബന്ധനയോടെ. ആ പണം ദുര്‍വ്യയം ചെയ്യില്ലെന്ന് കമ്മിറ്റി ഉറപ്പുവരുത്തണം. സാധനങ്ങള്‍ നേരിട്ട് വാങ്ങി നല്‍കുകയുമാവാം. കച്ചവട സ്ഥാപനങ്ങളോ കമ്പനികളോ ഉള്ള മുതലാളിമാര്‍ക്ക് സ്ത്രീധനം വാങ്ങാതെ കല്യാണം കഴിക്കാന്‍ തയാറുള്ള നല്ലവരായ ചെറുപ്പക്കാര്‍ക്ക് പ്രത്യേകമായ പരിഗണനയോടെ തൊഴില്‍ നല്‍കാനുള്ള സംവിധാനമുണ്ടാക്കാവുന്നതാണ്. ദാനശീലരായ ചില സമ്പന്നരോട് ഈ വഴി പറഞ്ഞുകൊടുക്കുകയും അവരത് വിജയകരമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്. അതുമൂലം എത്രയോ പെണ്‍കുട്ടികള്‍ക്ക് പുതുജീവന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ ഇന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. 

ചുരുക്കത്തില്‍ ദാനമോ ഫണ്ടോ ശേഖരണമോ നിര്‍ത്തേണ്ടതില്ല; അത് ശരിയായ രീതിയില്‍ വിനിയോഗിക്കപ്പെടണമെന്ന് മാത്രം. 

 

(ലേഖകന്റെ 'സ്പന്ദിക്കുന്ന ഹൃദയമുണ്ടേണ്ടാ നമുക്ക്?' എന്ന പുസ്തകത്തില്‍നിന്ന്)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /27-28
എ.വൈ.ആര്‍