Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

ഇമാം അബൂഹനീഫ (റ)

പി.കെ ജമാല്‍

ത്കൃഷ്ട സ്വഭാവ ഗുണങ്ങളുടെ പടച്ചട്ടയണിഞ്ഞ് സമൂഹത്തില്‍ വ്യാപരിച്ച ഇമാം അബൂഹനീഫയുടെ ജീവിതത്തിന്റെ ഏടുകളില്‍ ആത്മസംയമനത്തിന്റെയും ക്ഷമയുടെയും നിരവധി ഉദാഹരണങ്ങള്‍ കാണാം.

ശിഷ്യനായ അബ്ദുര്‍റസ്സാഖ് ഒരു സംഭവം ഓര്‍ക്കുന്നു: കൂഫയിലെ മസ്ജിദുല്‍ ഖയ്ഫില്‍ ഒരുനാള്‍ ഞാനും ഇമാം അബൂഹനീഫയോടൊപ്പമുണ്ട്. ഒരാള്‍ ഒരു ചോദ്യമെടുത്തിട്ടു. അതിന് ഇമാം മറുപടിയും കൊടുത്തു. ചോദ്യകര്‍ത്താവ് വീണ്ടും: 'ഹസന് മറിച്ചാണല്ലോ അഭിപ്രായം?'

അബൂഹനീഫ: 'ഹസന് തെറ്റു പറ്റി.' ആളറിയാതിരിക്കാന്‍ വസ്ത്രം കൊണ്ട് മുഖം മൂടിക്കെട്ടിയ ചോദ്യകര്‍ത്താവ് രോഷത്തോടെ: 'അതേ, ഹസന് അബദ്ധം പിണഞ്ഞു. അബ്ദുല്ലാഹിബ്‌നു മസ്ഊദ് പറഞ്ഞതാണ് ശരി' (താരീഖു ബഗ്ദാദ് 13/351,352).

ജീവിച്ചിരിക്കുന്നവരും മരിച്ചു മണ്‍മറഞ്ഞവരുമായ പരിഷ്‌കര്‍ത്താക്കളും പണ്ഡിത ശ്രേഷ്ഠരുമായ മഹാന്മാരെ നേരിട്ടും മുഖം മൂടി ധരിച്ചും വിമര്‍ശിക്കുന്നവരും ആക്ഷേപ ശകാരങ്ങള്‍ ചൊരിയുന്നവരും ഇന്നുമുണ്ട്. മുഖംമൂടിക്ക് പകരം ചിലര്‍ യഥാര്‍ഥ നാമം മറച്ചുവെച്ച് അപരനാമത്തിലാവും പ്രത്യക്ഷപ്പെടുക എന്ന വ്യത്യാസം മാത്രം. ഇമാം അബൂഹനീ

ഫ എപ്പോഴും ഉരുവിടുന്ന ഒരു വചനമുണ്ട്: ''അല്ലാഹുമ്മ മന്‍ ദാഖ ബിനാ സ്വദ്‌റുഹു, ഫഇന്ന ഖുലൂബനാ ഖദ് ഇത്തസഅത്ത് ലഹു'' (അല്ലാഹുവേ, ആരുടെയെങ്കിലും നെഞ്ചകങ്ങളില്‍ നമ്മോട് വിരോധമുെണ്ടങ്കില്‍ നമ്മുടെ ഹൃദയം അത്തരക്കാരോട് വിട്ടുവീഴ്ചയോടെ സ്‌നേഹവുമായി തുറന്നിട്ടിരിക്കുന്നു). ഹൃദയത്തില്‍ പകയും പോരുമായി ആ വിരോധികള്‍ മണ്‍മറഞ്ഞുപോയെങ്കിലും തലമുറകള്‍ക്ക് വെളിച്ചമേകി അബൂഹനീഫയെ പോ

ലുള്ള പ്രകാശഗോപുരങ്ങള്‍ നൂറ്റാണ്ടുകളായി പ്രഭ ചൊരിഞ്ഞുകൊണ്ടിരിക്കുന്നു. ജനകോടികളുടെ ഹൃദയത്തില്‍ ജീവിക്കുന്ന ആ മഹാന്മാര്‍ എവിടെ! കാപട്യത്തിന്റെയും കാലുഷ്യത്തിന്റെയും ആകാരം പൂണ്ട മനുഷ്യജന്മങ്ങളെവിടെ!

ഇമാം അബൂഹനീഫ: ''എന്റെ ഗുരുവര്യനായ ഹമ്മാദ് മരിച്ചതില്‍ പിന്നെ പ്രാര്‍ഥനയില്‍ എന്റെ മാതാപിതാക്കള്‍ക്കൊപ്പം അദ്ദേഹത്തെയും ചേര്‍ത്തു പറയാതെ ഒരു നമസ്‌കാരവും എനിക്കുണ്ടായിട്ടില്ല. ഞാന്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്ത എല്ലാവര്‍ക്കും ഞാന്‍ മഗ്ഫിറത്തിന് പതിവായി പ്രാര്‍ഥിക്കാറുണ്ട്.''

ആരാധനാ കാര്യങ്ങളില്‍ ഉത്സാഹവും അതീവ ശുഷ്‌കാന്തിയും കാണിച്ച അബൂഹനീഫയെ സുഫ്‌യാനുബ്‌നു ഉയൈന ഓര്‍ക്കുന്നു: ''അബൂഹനീഫയേക്കാള്‍ അധികം നമസ്‌കരിക്കുന്ന ഒരാളും നമ്മുടെ കാലത്ത് മക്കയില്‍ വന്നിട്ടില്ല.'' അബൂ മുത്വീഉല്‍ ഖല്‍ബി: ''ഞാന്‍ മക്കയിലായിരുന്നപ്പോള്‍ കണ്ട ഒരു കാര്യം പറയാം. രാവേറെ ചെന്ന് കഅ്ബയില്‍ ത്വവാഫിന് ചെന്നാലും കാണാം അവിടെ അബൂഹനീഫയെയും സുഫ്‌യാനെയും ത്വവാഫില്‍.''

അസദുബ്‌നു അംറുല്‍ ബജലി രേഖപ്പെടുത്തുന്നു: ''ഇശാ നമസ്‌കാരത്തിനെടുത്ത വുദൂവുമായി ഇമാം അബൂഹനീഫ നാല്‍പത് വര്‍ഷം ഫജ്ര്‍ നമസ്‌കാരം നിര്‍വഹിച്ചു. രാത്രി നേരത്തുള്ള നമസ്‌കാരവേളകളില്‍ ഇമാമിന്റെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ക്ക് അനുകമ്പ തോന്നുമായിരുന്നു.'' താന്‍ അന്ത്യശ്വാസം വലിച്ച ഇടത്തില്‍ എഴുപതിനായിരം തവണ ഖുര്‍ആന്‍ ഖത്തം തീര്‍ത്തിരുന്നു ഇമാം. അബൂഹനീഫയുടെ പു

ത്രന്‍: എന്റെ വന്ദ്യപിതാവ് മരിച്ചപ്പോള്‍ കുളിപ്പിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ഞാന്‍ ഹസനുബ്‌നു ഉമാറയോട് അഭ്യര്‍ഥിച്ചു. കുളിപ്പിച്ച് കഴിഞ്ഞ് പുറത്തുവന്ന ഹസന്‍: ''അല്ലാഹു അങ്ങയ്ക്ക് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കട്ടെ. കഴിഞ്ഞ മുപ്പത് വര്‍ഷമായല്ലോ അങ്ങ് സ്ഥിരമായി ദിനേനയെന്നോണം നോമ്പു നോല്‍ക്കുന്നു! കഴിഞ്ഞ നാല്‍പതു വര്‍ഷമായില്ലേ അങ്ങ് കൈത്തണ്ട തലയിണയാക്കി ഒന്നുറങ്ങിയിട്ട്! പിന്മുറക്കാരായ പണ്ഡിതന്മാരെ കുഴക്കിയാണല്ലോ അങ്ങയുടെ ഈ യാത്ര!'' ഈ പ്രസ്താവങ്ങളില്‍ അതിശയോക്തിയുെണ്ടന്ന് വ്യക്തം. ആ വ്യക്തിത്വങ്ങളെ പുറംലോകം വിലയിരുത്തിയ രീതിയാണ് ഈ വിവരണങ്ങളില്‍ വായിക്കേണ്ടത്. രഹസ്യ ജീവിതവും പരസ്യ ജീവിതവും സുതാര്യമാക്കി ഇസ്‌ലാമിന്റെ ചലിക്കുന്ന മാതൃകകളായി ജനമധ്യത്തില്‍ നിലകൊള്ളാന്‍ കഴിഞ്ഞു ഇമാമുമാര്‍ക്ക്. അവരോട് ആദരം മൂത്ത അനുയായികളുടെ വിവരണത്തില്‍ കടന്നുകൂടിയ അത്യുക്തി മാറ്റിനിര്‍ത്തി വേണം ആ മഹാന്മാരുടെ ജീവിത ചരിത്രം വായിക്കുന്നത്.

സമ്പന്നനായ വ്യാപാരിയായിരുന്നു ഇമാം അബൂഹനീഫ. ഇഹലോക വിരക്തിയായിരുന്നു ആ വ്യക്തിത്വത്തില്‍ അലിഞ്ഞുചേര്‍ന്നത്. ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ വാക്കുകളില്‍: ''അബൂഹനീഫയേക്കാള്‍ ഭക്തനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. ചമ്മട്ടി കൊണ്ടും ധനം കൊണ്ടും അദ്ദേഹം പരീക്ഷിക്കപ്പെട്ടു.''

ഇബ്‌നു ജുറൈജ്: ''കൂഫയിലെ ഫഖീഹ് നുഅ്മാനെക്കുറിച്ച് ഞാന്‍ ഏറെ കേട്ടു, അറിഞ്ഞു. ഭക്തന്‍, വിജ്ഞാനത്തിന്റെ കേദാരം. പരലോകത്തിന്റെ ആളുകളേക്കാള്‍ ഇഹലോകത്തിന്റെ ആളുകള്‍ക്ക് ഒരു മുന്‍ഗണനയും കല്‍പി

ക്കാത്ത നിസ്വാര്‍ഥന്‍. കാമനകളില്ലാത്ത കര്‍മങ്ങളുടെ ഉടമ.''

ദഹബി: ''ഇമാമാണ് അദ്ദേഹം. കര്‍മനിരതനായ പണ്ഡിതന്‍. കര്‍മയോഗി. ഭരണാധികാരികളുടെ സമ്മാനങ്ങളോ ഉപഹാരങ്ങളോ സ്വീകരിക്കാന്‍ കൂട്ടാക്കാതിരുന്ന തന്റേടി.''

വ്യാപാരത്തിന്റെ തിരക്കുകള്‍ക്കിടയിലും ഇബാദത്തുകള്‍ക്കും വിജ്ഞാന സമ്പാദനത്തിനും സമയം കെണ്ടത്തിയ ഇമാം അബൂഹനീഫയെ സുല്‍ത്താന്മാരുടെയും രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും പടിവാതില്‍ക്കല്‍ കാണില്ല.

നിരവധി പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ഇമാം ഇരയാക്കപ്പെട്ടു. അബൂ ജഅ്ഫറുല്‍ മന്‍സൂറിന്റെ കാലത്ത് ന്യാ

യാധിപജോലി നിരസിച്ചതിന്റെ പേരില്‍ ചമ്മട്ടി പ്രഹരം ഏല്‍ക്കേണ്ടിവന്നു. പക്ഷേ, അദ്ദേഹം വഴങ്ങിയില്ല. യഹ്‌യാബ്‌നു മുഈന്‍ പറയുന്നു: ''സത്യസന്ധതയുടെ ആള്‍രൂപമായ അബൂഹനീഫയെക്കുറിച്ച് ഒരു കള്ളവും ആരോപിക്കാനാവില്ല. ന്യായാധിപ ജോലി നിരാകരിച്ചതിനാല്‍ ഇബ്‌നു ഹുബൈറ അദ്ദേഹത്തെ ചമ്മട്ടി കൊണ്ട് പ്രഹരിച്ചു. പക്ഷേ, അദ്ദേഹം തന്റെ വിസമ്മതത്തില്‍ ഉറച്ചുനിന്നു.''

ഉബൈദുബ്‌നു അബ്ദില്ലാ അല്‍ റുഖി വിശദീകരിക്കുന്നു: ''ന്യായാധിപജോലി ഏറ്റെടുക്കാന്‍ അബൂഹനീഫ നിര്‍ബന്ധിക്കപ്പെട്ടു. പക്ഷേ, അദ്ദേഹം അതംഗീകരിച്ചില്ല. നൂറ്റിപ്പത്ത് ചമ്മട്ടി പ്രഹരമായിരുന്നു അതിന് ശിക്ഷ വിധിച്ചത്. ഓരോ ദിവസവും പത്ത് ചമ്മട്ടി പ്രഹരം.''

തന്റെ നിലപാടില്‍ ഉറച്ചുനിന്ന അബൂഹനീഫയെ ഒടുവില്‍ അവര്‍ക്ക് വിട്ടയക്കേണ്ടിവന്നു. 

ഇസ്മാഈലുബ്‌നു സലീമില്‍ ബഗ്ദാദി: ''ന്യായാധിപസ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇമാം അബൂഹനീഫക്ക് ചമ്മട്ടി പ്രഹരം ഏല്‍ക്കേണ്ടിവന്നു. അദ്ദേഹം വഴങ്ങിയില്ല. ആ സംഭവങ്ങളോര്‍ത്ത് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പൊട്ടിക്കരഞ്ഞ് ഇമാമിന്റെ മഗ്ഫിറത്തിനും 

മര്‍ഹമത്തിനും വേണ്ടി പ്രാര്‍ഥിക്കുമായിരുന്നു. ഇമാം അഹ്മദിന് ചമ്മട്ടി പ്രഹരമേറ്റതിന്റെ പിറ്റേ ദിവസമായിരുന്നു ഇത്.''


Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍