Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

ഉന്നത ഇസ്‌ലാമിക കലാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാവണം

ഇ. യാസിര്‍

സ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ച ഏതൊരു ചര്‍ച്ചയും  ഇമാം ഗസാലി, ഇബ്‌നുഖല്‍ദൂന്‍, മാലിക് ബിന്നബി, സയ്യിദ് മൗദൂദി, ഹുസൈന്‍ നസ്വ്ര്‍ പോലുള്ള പൗരാണികരും ആധുനികരുമായ ചിന്തകന്മാരെ അപഗ്രഥിക്കാതെ കടന്നുപോകാറില്ല. അവിടെനിന്ന് മുന്നോട്ടുപോകാറുമില്ല പലപ്പോഴും. അതുപോലെത്തന്നെ, വിജ്ഞാനത്തോടും വിദ്യാഭ്യാസത്തോടുമുള്ള ഇസ്‌ലാമിന്റെ കാഴ്ചപ്പാട് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, സ്ത്രീ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആരംഭിക്കുകയും അവിടെത്തന്നെ സമാപിക്കുകയും ചെയ്യുന്നതായും കാണാം. ഇസ്‌ലാമിക വിദ്യാഭ്യാസത്തെക്കുറിച്ച ചര്‍ച്ചയില്‍ സ്ഥിരം കടന്നുവരുന്ന ഒരു തലക്കെട്ടാണ് അറിവിന്റെ ഇസ്‌ലാമീകരണം. വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമീകരണം എന്ന പദ്ധതിയുടെ ലക്ഷ്യം ഏതളവില്‍ കൈവരിക്കാനായി എന്ന വിലയിരുത്തലിനുംവലിയ അളവില്‍ പ്രസക്തിയുണ്ട്. കേരളത്തിലെ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസത്തെക്കറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഈ വിഷയങ്ങളെ ആമുഖമായി വിലയിരുത്തി വേണം മുന്നോട്ടുപോകാന്‍. ഇസ്മാഈല്‍ റാജി ഫാറൂഖിയും മറ്റും മുന്നോട്ടുവെച്ച  വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമീകരണം എന്ന ആശയം  പടിപടിയായി ചെയ്തുതീര്‍ക്കേണ്ട ഒരു ബൃഹദ് സംരംഭമാണ്. ആ കാഴ്ചപ്പാടില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും ഇനിയും  ഒട്ടേറെ തലങ്ങളിലേക്ക് അത് വികസിക്കാനുണ്ട്. ഇമാം ഗസാലിയുടെയും  ഉസ്താദ് മൗദൂദിയുടെയും നഖീബുല്‍ അത്ത്വാസിന്റെയും ചിന്തകളാണ് ഈ സംരംഭത്തിനു അടിത്തറ പാകിയത്. പക്ഷേ,  ഈ മഹാന്മാരുടെ വിദ്യാഭ്യാസ ചിന്തകള്‍ ആശയതലം വിട്ട് പ്രായോഗികരൂപം കൈവരിച്ചിട്ടില്ല എന്ന യാഥാര്‍ഥ്യം നാം അംഗീകരിക്കേണ്ടതുണ്ട്. അല്‍പമെങ്കിലും പ്രായോഗിക രൂപം വരച്ചുകാണിച്ചത് സയ്യിദ് മൗദൂദിയാണ്. ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെ തന്നെ ചോദ്യം ചെയ്തുകൊണ്ട് അവര്‍ സമര്‍പ്പിച്ച ചിന്തകളെ നിലവിലുള്ള സാഹചര്യത്തില്‍ അപ്പടി പകര്‍ത്തുക സാധ്യമാണ് എന്നുപറയാന്‍ കഴിയില്ല. ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തെ  തീര്‍ത്തും മാറ്റിവെച്ചുകൊണ്ടല്ല, മറിച്ച് ആവുന്നത്ര അളവില്‍ എടുത്തുപയോഗിച്ചുകൊണ്ടാണ് ഈ കാലഘട്ടത്തില്‍ ഇസ്‌ലാമിക വിദ്യാഭ്യാസ കാഴ്ചപ്പാടുകളെ വികസിപ്പിക്കേണ്ടത് എന്നാണ് ഈ കുറിപ്പുകാരന്റെ അഭിപ്രായം. 

റാജി ഫാറൂഖിയുംസുഹൃത്തുക്കളും ഈ വഴിയില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെങ്കിലും ഒരു സര്‍വകലാശാലയുടെയോ ഒരു ഇസ്‌ലാമിക് എജുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെയോ രൂപത്തിലേക്ക് അതിനെ  വിവര്‍ത്തനം ചെയ്യാന്‍ അവര്‍ക്കോ ശേഷക്കാര്‍ക്കോ സാധിച്ചിട്ടില്ല. മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഈ രംഗത്ത് വിജയകരമായ ചില പരീക്ഷണങ്ങള്‍ നടത്തിയ സ്ഥാപനമാണ്. മഹാതീര്‍ മുഹമ്മദിന്റെ അസാധാരണമായ ഇഛാശക്തി തീര്‍ച്ചയായും ഇതില്‍ എടുത്തു പറയേണ്ടതാണ്. ഒരു സ്റ്റേറ്റിന്റെ പരിപൂര്‍ണ പിന്തുണയോടെ നടത്തപ്പെടുമ്പോള്‍ പോലും ഭാഗികമായി മാത്രമേ ഇത്തരം സംരംഭങ്ങള്‍ വിജയം വരിക്കൂ എന്നാണ് ഇത് കാണിക്കുന്നത്.

ആ അര്‍ഥത്തില്‍ ചിന്തിക്കുമ്പോള്‍, അറിവിന്റെ ഇസ്‌ലാമീകരണം എന്ന പദ്ധതി ഇസ്‌ലാമിക  ഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍  സര്‍ക്കാര്‍ സംരംഭമായി നടപ്പിലാക്കപ്പെടേണ്ടതാണ്; അല്ലാതെ ചിന്തകന്മാരുടെ ഒരു കൂട്ടത്തിനോ ആക്ടിവിസ്റ്റുകളുടെ ഒരു ഗ്രൂപ്പിനോ ഇത്തരം ബൃഹദ് പദ്ധതികള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുക സാധാരണഗതിയില്‍ സാധ്യമല്ല (മറിച്ച് അഭിപ്രായമുള്ളവരുണ്ടാകാം). എന്നു മാത്രമല്ല, സജീവവും സക്രിയവുമായ ഇസ്‌ലാമിക സമൂഹത്തിന്റെ സൃഷ്ടിപ്പിലും അതിന്റെ നിലനില്‍പ്പിലും ഈ പദ്ധതി, മുന്‍ഗണനയില്‍ വരേണ്ട ഒരു കാര്യമല്ല എന്നും  മനസ്സിലാക്കേണ്ടതുണ്ട്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സാര്‍വത്രികത ഉണ്ടായിരിക്കണം എന്ന് ശഠിക്കാനും പാടില്ല. 

ഈ ആമുഖത്തിനുശേഷം നമുക്ക് കേരളത്തിലെ ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ വര്‍ത്തമാനത്തിലേക്ക് വരാം. കേരളത്തില്‍ ഇസ്‌ലാമിക  ഉന്നത വിദ്യാഭ്യാസത്തിനു അര്‍ഥവത്തായ പുതിയൊരു തലം സൃഷ്ടിക്കാനും, ആധുനിക സമൂഹത്തിനു മുന്നില്‍ ഇസ്‌ലാമിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനും അവതരിപ്പിക്കാനും കഴിയുന്ന തലമുറകളെ വാര്‍ത്തെടുക്കാനും ഇസ്‌ലാമിക പ്രസ്ഥാനം ആവിഷ്‌കരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ആ അര്‍ഥത്തില്‍ അന്നു പരീക്ഷിക്കപ്പെട്ട മാതൃക വിജയകരമായിരുന്നുവെന്ന് വിലയിരുത്താം. 

പക്ഷേ, കാലത്തിന്റെ മാറ്റവും സമൂഹത്തിന്റെ തേട്ടവും യഥാവിധി ഉള്‍ക്കൊണ്ട് പ്രസ്തുത പരീക്ഷണങ്ങളില്‍ നവീനമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ പിന്നീട് വന്നവര്‍ക്ക്  വേണ്ടത്ര സാധിച്ചില്ല എന്നതാണ് യാഥാര്‍ഥ്യം. 

പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം തുടര്‍ പഠനം ആഗ്രഹിക്കുന്ന ഏതൊരു വിദ്യാര്‍ഥിയും ഉപരിപഠനത്തിനു തെരഞ്ഞെടുക്കുന്നത് ഇസ്‌ലാമിക  കലാലയങ്ങളാവുമ്പോഴാണ് മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസത്തിന്റെ 'മികവിന്റെ കേന്ദ്രം' (ഇലിൃേല ീള ഋഃരലഹഹലിരല) എന്ന തലത്തിലേക്ക് നമ്മുടെ സ്ഥാപനങ്ങള്‍ ഉയര്‍ന്നിരിക്കുന്നു എന്നു പറയാന്‍ സാധിക്കുക. ഇത്തരത്തില്‍ മികവിന്റെ കേന്ദ്രം എന്ന ഖ്യാതിയുള്ള എത്ര സ്ഥാപനങ്ങളുണ്ട് എന്ന് നാം വിലയിരുത്തണം. പ്രസ്തുത ലക്ഷ്യം കൈവരിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ സാധിക്കും എന്ന് മുന്‍കൂട്ടി നിശ്ചയിക്കുകയും  ആ നിലവാരത്തിലേക്ക് എത്തിച്ചേരാന്‍ ആവശ്യമായ ഘടകങ്ങളേത് എന്ന് നിര്‍ണയിക്കുകയും വേണം. പ്രസ്തുത ഘടകങ്ങള്‍ കൈവരിക്കാനാവശ്യമായ മാര്‍ഗങ്ങളും സമയപരിധിയും നിര്‍ണയിക്കുക, അത് കൈവരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശനിര്‍ദേശങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കുക ഇതിനൊക്കെയുള്ള ഒരു സംവിധാനമാണ് ആദ്യം ഉണ്ടാകേണ്ടത്. അങ്ങനെയൊരു സംവിധാനത്തിന് കീഴില്‍ ശ്രദ്ധിക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളാണ് ചുവടെ പങ്കുവെക്കുന്നത്. 

1. മികവുറ്റ ഭരണനിര്‍വഹണം: ശാസ്ത്രീയ രീതിയില്‍ ഭരണനിര്‍വഹണം നടക്കുന്നത് നമ്മുടെ സ്‌കൂളുകളിലാണ്. ഉന്നത ഇസ്‌ലാമിക സ്ഥാപനങ്ങളില്‍ മികവുറ്റ ഭരണനിര്‍വഹണം എന്ന കാഴ്ചപ്പാട് ഇപ്പോഴും അതിന്റെ ശൈശവത്തിലോ ബാല്യത്തിലോ ആണ്. മികവുള്ള ഭരണനിര്‍വഹണത്തിന്റെ അറിയപ്പെടുന്ന കേന്ദ്രങ്ങളായി ഇസ്‌ലാമിക ഉന്നത കലാലയങ്ങള്‍ മാറണം. പ്രസ്തുത കലാലയങ്ങളില്‍നിന്ന് പഠിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത്തരം രീതികള്‍ അനുഭവിച്ചറിയാനും അവരുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാനും അതുവഴി സാധിക്കും. അഥവാ ദീന്‍ പഠിക്കാന്‍ വരുന്ന ഒരു കുട്ടി നല്ല മികവുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആയി പുറത്തുവരും. ഒപ്പം അവന്‍ ദീനില്‍ അവഗാഹമുള്ള പണ്ഡിതനുമായിരിക്കും.

2. സാമ്പത്തിക സ്വയം പര്യാപ്തത:  സ്‌കൂളുകള്‍ ഒട്ടുമുക്കാലും സ്വയം പര്യാപ്തമാണെങ്കിലും ഉന്നത കലാലയങ്ങള്‍ ഇതില്‍ മാത്യകാപരമായ രൂപത്തിലല്ല കാണപ്പെടുന്നത്. അധ്യാപകരുടെ ശമ്പളം, വിദ്യാര്‍ഥികളുടെ ഭക്ഷണം, താമസം തുടങ്ങി എല്ലാവിധ ചെലവുകള്‍ക്കും,  പിരിച്ചുണ്ടാക്കുന്ന പണത്തെ ആശ്രയിക്കുന്ന രീതി ഉന്നത കലാലയങ്ങളില്‍നിന്ന് എടുത്തു പോകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉന്നത കലാലയങ്ങളില്‍ ഒന്നോ രണ്ടോ കലാലയങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സാമ്പത്തിക സ്വയം പര്യാപ്തതയുള്ളത്. ദീര്‍ഘദൃഷ്ടിയോടെ അന്ന് ഈ സ്ഥാപനങ്ങളുടെ സ്വയം പര്യാപ്തതക്ക് ആവശ്യമായ വഖ്ഫുകള്‍ സ്വരൂപിക്കുകയും കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്തതുകൊണ്ടാണ് ഈ മികവ് അവര്‍ കൈവരിച്ചത്. മറ്റു സ്ഥാപന മേധാവികളൂം ഇത് മാതൃകയായി സ്വീകരിക്കണം. ഗള്‍ഫ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തില്‍ പുനരാലോചനക്ക് നമ്മെ നിര്‍ബന്ധിക്കേണ്ടതാണ്.

3.  മികവുറ്റ അധ്യാപകരുടെ സേവനം:  ഇസ്‌ലാമിക  സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി അറിയപ്പെടാന്‍ ഏറ്റവും അനിവാര്യമായ ഘടകങ്ങളില്‍ മുന്‍പന്തിയിലാണ് മികവുള്ള അധ്യാപകരുടെ സേവനം. തേനുള്ള പൂവിലേക്കേ തേനീച്ച ആകര്‍ഷിക്കപ്പെടൂ എന്നത് ലളിതമായ സത്യം. ഉന്നത കലാലയങ്ങളില്‍നിന്ന് ബിരുദം നേടി ഇസ്‌ലാമിക  കലാലയങ്ങളില്‍ സേവനമനുഷ്ഠിച്ച ഒന്നാമത്തെ തലമുറയില്‍ അധികപേരും ഈ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ശേഷിക്കുന്നവര്‍ വിശ്രമ ജീവിതം നയിക്കുന്നു. ഇവര്‍ക്കു പകരം കനവും കാമ്പുമുള്ള പുതിയ അധ്യാപക സമൂഹത്തെ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിച്ചെടുക്കണം; അധ്യാപനരംഗത്ത് മികവുള്ള വിദ്യാര്‍ഥികളെ ആരംഭത്തില്‍തന്നെ കണ്ടെത്തി അവരെ ഉന്നത പഠനത്തിനു രാജ്യത്തിനകത്തും പുറത്തുമുള്ള അറിയപ്പെടുന്ന സ്ഥാപനങ്ങളില്‍ പഠിക്കാനയച്ചുകൊണ്ട് ഈ പ്രതിസന്ധി കുറേയൊക്കെ മറികടക്കാം. അധ്യാപകരുടെ വളര്‍ച്ചക്കും വൈജ്ഞാനിക വികാസത്തിനും ഉതകുന്ന നിരന്തര പ്രവര്‍ത്തനങ്ങള്‍ എല്ലാ ഇസ്‌ലാമിക  കലാലയങ്ങളുടെയും വാര്‍ഷിക, പഞ്ചവത്സര പദ്ധതികളിലും പരിപാടികളിലും ഉള്‍പ്പെടുത്തണം. ചുരുങ്ങിയത് ഒരു വര്‍ഷത്തില്‍  രണ്ട്  സെമിനാറുകള്‍, ഒരു ദേശീയ നിലവാരമുള്ള അക്കാദമിക് കോണ്‍ഫറന്‍സ്, അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രാതിനിധ്യമുളള നിലവാരമുള്ള ഒരു പ്രസിദ്ധീകരണം,  പ്രസിദ്ധമായ അക്കാദമിക പ്രസിദ്ധീകരണങ്ങളില്‍ പ്രസ്തുത കലാലയത്തിലെ അധ്യാപകരുടെയും തെരഞ്ഞെടുത്ത വിദ്യാര്‍ഥികളൂടെയും രചനകള്‍ പ്രസിദ്ധീകരിക്കല്‍, മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട തലക്കെട്ടുകളില്‍ പ്രശസ്തരായ വ്യക്തികളൂടെ ഗസ്റ്റ് പ്രഭാഷണങ്ങള്‍ ഇത്യാദി കാര്യങ്ങള്‍ കൂടി ഇതോടൊന്നിച്ച് ഉണ്ടാവേണ്ടതുണ്ട്. എങ്കിലാണ് അധ്യയനരംഗത്ത് ഏതൊരു സ്ഥാപനത്തിനും മികവിന്റെ കേന്ദ്രം എന്ന നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കുക. 

ഇതര മതസങ്കല്‍പങ്ങളെക്കുറിച്ച് പഠിപ്പിക്കാന്‍ അതത് മതത്തിന്റെ പണ്ഡിതന്മാരെ കൊണ്ടുവരുന്ന സംവിധാനം ഉണ്ടാകണം. എസ്.ഐ.ഒ കേന്ദ്ര സെക്രട്ടറിയായിരിക്കെ, ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഒരുന്നത ക്രിസ്ത്യന്‍ സെമിനാരിയിലേക്ക് 'ഇസ്‌ലാം' എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ ഒരാളെ പറഞ്ഞയക്കണം എന്ന അപേക്ഷ  എസ്.ഐ.ഒ കേന്ദ്ര സെക്രട്ടേറിയറ്റില്‍ വന്നത് ഓര്‍ക്കുന്നു. ഇതര സംഘടനകളെക്കുറിച്ച പഠനത്തിനും നാം ഇതേ നിലപാടാണ് സ്വീകരിക്കേണ്ടത്. അതത് സംഘടനകളുടെ ആളുകള്‍ വരട്ടെ, അവര്‍ പറയട്ടെ അവരുടെ ആദര്‍ശവും ലക്ഷ്യവും പ്രവര്‍ത്തന രീതികളും. ബുദ്ധിപരമായ സത്യസന്ധത, അഖണ്ഡത (കിലേഴൃശ്യേ), തുറന്ന അനേഷണ പഠനാന്തരീക്ഷം എന്നിവയാല്‍ പുഷ്‌കലമാവട്ടെ നമ്മുടെ ഉന്നത കലാലയങ്ങള്‍. 

4. മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങള്‍: ഭൗതിക സൗകര്യങ്ങള്‍ കാലത്തിനനുസരിച്ച് നവീകരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, കാമ്പസില്‍ സദാ 'വൈഫൈ'  ലഭ്യമാകുന്നത് കുട്ടികള്‍ക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെ ടുത്താന്‍ അത്യധികം സഹായകമാണ്. രണ്ട് കാരണത്താല്‍ ഇത് ഇസ്‌ലാമിക  കലാലയങ്ങളില്‍ നടപ്പിലാക്കുക ശ്രമകരമാണ്: ഒന്ന്, ആവശ്യമായ സൗകര്യങ്ങളുടെ പരിമിതി. രണ്ടണ്ട്, ദുരുപയോഗ സാധ്യത. സൗകര്യങ്ങളുടെ പരിമിതി ഒരു കാരണവശാലും ഉന്നയിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ദുരുപയോഗ സാധ്യതയെ വിദ്യാര്‍ഥികളെ ബോധവത്കരിച്ചുകൊണ്ടണ്ടാണ്  മറികടക്കേണ്ടത്.

5. അധ്യയന മാധ്യമം: ഇസ്‌ലാമിക  കലാലയങ്ങളിലെ നിലവിലുള്ള അധ്യയന മാധ്യമം ഒട്ടു മുക്കാലും മലയാളമാണ്.  അറുപതു കൊല്ലങ്ങള്‍ക്കു മുമ്പ് പ്രഥമ ഇസ്‌ലാമിക കലാലയം തുടങ്ങുമ്പോള്‍  കേരളത്തില്‍ ഏതാണ്ടെല്ലാ സ്‌കൂളുകളും മലയാളം മീഡിയം ആയിരുന്നു. ഇന്ന് സ്ഥിതി മാറി. മലയാളം മീഡിയം സ്‌കൂളുകള്‍ എണ്ണത്തില്‍ കുറവായി.  പക്ഷേ ഇന്നും നമ്മുടെ ഇസ്‌ലാമിക  കലാലയങ്ങളുടെ അധ്യയന ഭാഷ മലയാളമായി തുടരുന്നു. നമ്മുടെ തന്നെ മക്കളില്‍ അമ്പത് ശതമാനത്തിലധികവും പഠിക്കുന്നത് ഇന്ന് ഇംഗ്ലീഷ് മീഡിയത്തിലാണ്. കഴിഞ്ഞ കുറച്ചു വര്‍ഷമായി സ്‌കൂള്‍ പഠനം കഴിഞ്ഞിറങ്ങുന്നവരില്‍ അധികവും ഇംഗ്ലീഷ് മീഡിയത്തില്‍ നിന്നു തന്നെയാണ്. സമൂഹം ഇങ്ങനെ മാറിയത് പക്ഷേ ഇസ്‌ലാമിക  കലാലയങ്ങള്‍ക്ക് സിലബസും കരിക്കുലവും നിര്‍മിക്കുന്നവര്‍ ഇന്നും അറിഞ്ഞിട്ടില്ല. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ഇസ്‌ലാമിക കലാലയങ്ങള്‍ക്ക് ഇപ്പോള്‍ ആകര്‍ഷിക്കുന്ന തലമുറയെപ്പോലും ആകര്‍ഷിക്കാന്‍ സാധിക്കാതെ വരും. ഈ രംഗത്ത് അടിയന്തരമായ മാറ്റം ഉണ്ടായേ പറ്റൂ. കേരളത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു കലാലയമെങ്കിലും ഇംഗ്ലീഷ് അധ്യയന ഭാഷയുള്ളതാക്കി മാറ്റണം. അതിനുതകുന്ന അധ്യാപകരെ തയാറാക്കണം; പാഠ്യപദ്ധതികള്‍ വിദേശ സര്‍വകലാശാലകളില്‍നിന്ന് സ്വീകരിക്കണം. മലേഷ്യന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അവലംബനീയമായ സ്ഥാപനമാണ്. മറ്റു ധാരാളം സ്ഥാപനങ്ങളുണ്ട്. ഉയര്‍ന്ന ക്ലാസ്സുകളില്‍ അറബി അധ്യയന ഭാഷയായി സ്വീകരിച്ച സ്ഥാപനങ്ങള്‍ നമുക്കുണ്ട്. അഭിനന്ദീയമായ കാര്യമാണത്. അത് തുടരട്ടെ.

6. ഏകീകൃത അക്കാദമിക രീതികള്‍: സ്ഥാപനങ്ങള്‍ക്ക് പൊതുവായി ഒരു അക്കാദമിക കോര്‍ഡിനേഷന്‍ ഉണ്ടാവേണ്ടതുണ്ട്. സിലബസുകളുടെ ഏകീകരണം, സമയാസമയങ്ങളിലെ സിലബസ് നവീകരണം മുതലായ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വ്യവസ്ഥാപിതമായി നടക്കണം. ചില സ്ഥാപനങ്ങള്‍ക്ക് നാമമാത്രമായെങ്കിലും ഇങ്ങനെ സംവിധാനങ്ങളുണ്ട്. പക്ഷേ സക്രിയമായ സംവിധാനം എവിടെയുമില്ല. ഈ അവസ്ഥക്ക് മാറ്റം വരണം.  കേരളത്തിലെ ഇസ്‌ലാമിക  കലാലയങ്ങളില്‍  അക്കാദമിക തലങ്ങളില്‍ കൊണ്ടുവരേണ്ട മാറ്റങ്ങളെക്കറിച്ച് നിരന്തരം ആലോചനകളും പഠനങ്ങളും നടത്തുന്ന ഒരു സംവിധാനത്തിന്റെ സാന്നിധ്യം നമ്മുടെ വിദ്യാഭ്യാസ രംഗത്ത് ഉണ്ടാക്കിയേക്കാവുന്ന മാറ്റങ്ങള്‍ അത്ഭുതാവഹമായിരിക്കും.

7. അനറബി ഭാഷകളിലെ ഇസ്‌ലാമിക  രചനകള്‍: അറബി ഭാഷയിലുള്ള ഗ്രന്ഥങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതി ഇസ്‌ലാമിക ഉന്നത വിദ്യാഭ്യാസത്തിന്റെ പൊതുവായ പരിമിതികളില്‍ പെട്ടതാണ്. യഥാര്‍ഥത്തില്‍ ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ പുതിയ ധാരാളം ഇസ്‌ലാമിക  ചിന്തകളും രചനകളും ലഭ്യമാണ്. ഇസ്‌ലാമിക  കലാലയങ്ങള്‍ ഉര്‍ദു, ഇംഗ്ലീഷ് ഭാഷാ പഠനത്തിനു വേണ്ടി മാത്രമാണ് ഇപ്പോള്‍ ആ ഭാഷകളിലെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്. ഇസ്‌ലാമിക  കലാലയങ്ങളിലെ ഭാഷാപഠനം എന്നതുതന്നെ പുനര്‍നിര്‍ണയിക്കപ്പെടേണ്ട മറ്റൊരു മേഖലയാണ്. മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്വ്‌ലാഹിയുടെ തദബ്ബുറെ ഖുര്‍ആന്‍ പോലുള്ള തഫ്‌സീര്‍ അധികരിച്ച് ഖുര്‍ആന്‍ പഠിക്കുന്ന തലമുറക്ക് ഉര്‍ദു ഭാഷയും തഫ്‌സീറും ഒന്നിച്ച് സ്വായത്തമാക്കാന്‍ സാധിക്കുമെന്നിരിക്കെ ആ അര്‍ഥത്തിലുള്ള നീക്കങ്ങള്‍ ഇസ്‌ലാമിക കലാലയങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് അത്ഭുതമുളവാക്കുന്നു. ഇംഗ്ലീഷ് ഭാഷ പഠിക്കാന്‍ ഏതെങ്കിലും യൂനിവേഴ്‌സിറ്റി നിര്‍ദേശിക്കുന്ന പുസ്തകങ്ങളെ അധികരിക്കുന്നതിനു പകരം  ഇസ്‌ലാമിക  ചിന്തകള്‍ സ്ഫുരിക്കുന്ന നിലവാരമുള്ള ഇംഗ്ലീഷില്‍ ധാരാളം പുസ്തകങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത്തരത്തിലുള്ള ഒരു ഷിഫ്റ്റ് ഈ രംഗത്ത് മികവ് കൈവരിക്കാന്‍ ഉതകുമെന്നതില്‍ സംശയിക്കേണ്ടതില്ല.

8. തൊഴിലധിഷ്ഠിത ഇസ്‌ലാമിക വിദ്യാഭ്യാസം (ജൃീളലശൈീിമഹ കഹെമാശര ഋറൗരമശേീി): അവസാനമായി, എന്നാല്‍ ഏറ്റവും പ്രാധാന്യത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാര്‍ഥികളുടെ തൊഴില്‍പരമായ ഭാവി. പല സ്ഥാപനങ്ങളും അഞ്ചും ആറും വര്‍ഷം വിദ്യാര്‍ഥികളെ ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കിയിട്ട് അവര്‍ പുറത്തുവരുമ്പോള്‍ അവരുടെ ജീവിതം കരുപ്പിടിപ്പിക്കാന്‍ എന്തു മാര്‍ഗം എന്ന ചോദ്യത്തിനു മുന്നില്‍ ക്യത്യമായ ഉത്തരം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. ഇതു മാറണം. നേരത്തേ 6 വര്‍ഷം കൊണ്ട് ഒരു വിദ്യാര്‍ഥി പഠിച്ചിരുന്ന അത്രയും കാര്യങ്ങള്‍ പുതിയ കാലത്ത് പഠിക്കാന്‍ മൂന്നോ നാലോ വര്‍ഷം മതി. പഠനത്തിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുന്നു. അതിനാല്‍ പുതിയ കാലത്ത് എഞ്ചിനീയറിംഗിന് പഠിക്കുന്ന ഒരു വിദ്യാര്‍ഥിക്കു വരെ  ഉസ്വൂലുദ്ദീന്‍ കോഴ്‌സിലെ മുഴുവന്‍ ഭാഗങ്ങളും അവന്റെ എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം തന്നെ പഠിച്ചുതീര്‍ക്കാന്‍ സാധിക്കും. മെഡിസിനുംമാനേജ്‌മെന്റ് കോഴ്‌സുകളും മറ്റും പഠിക്കുന്ന വിദ്യാര്‍ഥികളെയൊക്കെ  റസിഡന്‍ഷ്യല്‍ സംവിധാനത്തില്‍ ലഭ്യമാക്കിയാല്‍ ഇസ്‌ലാമിക വിദ്യാഭ്യാസം നല്‍കാന്‍ ഇന്നത്തെ സാഹചര്യത്തില്‍ സാധിക്കും. എഞ്ചിനീയറിംഗ് കോളേജും മെഡിക്കല്‍ കോളേജുമൊക്കെ നമുക്ക് സ്വന്തമായി വേണമെന്നു മാത്രം. നിലവിലുള്ള സ്ഥാപനങ്ങളെ ആ അര്‍ഥത്തില്‍ പരിവര്‍ത്തനം ചെയ്താല്‍ മതി. ഏറെ ഗൗരവത്തില്‍ ആലോചിക്കേണ്ട വിഷയമാണിത്. എഞ്ചിനീയറിംഗ്-മെഡിക്കല്‍ കോളേജുകള്‍ അല്‍പം വൈകിയാലും ഇസ്‌ലാമിക് മാനേജ്‌മെന്റ് കോളേജും ഇസ്‌ലാമിക് ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ടും സോഷ്യല്‍ വര്‍ക്ക് സ്‌കൂളൂം ലോ കോളേജും സ്ഥാപിക്കാന്‍ വൈകേണ്ടതുണ്ട് എന്ന് തോന്നുന്നില്ല. 

ഇത്തരം വിപ്ലവകരമായ മാറ്റത്തിലൂടെ പഠിതാക്കള്‍ക്ക് ജോലിലഭ്യത ഉറപ്പുവരുത്തുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ഇന്ത്യയില്‍ ഇസ്‌ലാമിക  പ്രവര്‍ത്തനത്തിനു ചുക്കാന്‍ പിടിക്കാന്‍ കെല്‍പും കരുത്തുമുള്ള യുവ തലമുറയുടെ നിര്‍മിതിയാണതിലൂടെ സാധ്യമാകുന്നത്. അവസാനമായി, നിലവിലുള്ള സ്ഥാപനങ്ങളിലെ കോഴ്‌സുകളുടെയും അധ്യയന രീതിയുടെയും ഏകീകരണം, ദേശീയ-അന്തര്‍ദേശീയ സര്‍വകലാശാലകളുമായി തുല്യതാ സഹകരണം, മികവിന്റെ മാനദണ്ഡങ്ങള്‍ നിര്‍ണയിക്കല്‍, മികവുറ്റ സ്ഥാപനങ്ങളെ കണ്ടെത്തലും പ്രോത്സാഹിപ്പക്കലും, അധ്യാപകരുടെ നിരന്തര വളര്‍ച്ചക്കു സംവിധാനങ്ങള്‍ തുടങ്ങി ഇനിയും പല മേഖലകളിലേക്കും ഉന്നത ഇസ്‌ലാമിക കലാലയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച കടന്നു ചെല്ലേണ്ടതുണ്ട്.  


Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍