Prabodhanm Weekly

Pages

Search

2016 മെയ് 13

2951

1437 ശഅ്ബാന്‍ 06

പരമ്പരാഗത ഫിഖ്ഹും നവീന രൂപങ്ങളും

അശ്‌റഫ് കീഴുപറമ്പ്‌

ഫിഖ്ഹിന് 'കര്‍മശാസ്ത്രം' എന്നാണ് നാം പൊതുവില്‍ അര്‍ഥം പറഞ്ഞുപോരുന്നത്. ഈ പരിഭാഷ ആരാണ് ആദ്യം പ്രയോഗിച്ചതെന്നോ എപ്പോള്‍ മുതലാണ് അത് പ്രചാരത്തിലായതെന്നോ കൃത്യമായി അറിയില്ല. ശ്രീകണ്‌ഠേശ്വരത്തിന്റെ 'ശബ്ദതാരാവലി'യില്‍ ഇങ്ങനെയൊരു പ്രയോഗം കാണുന്നില്ല. ഹിന്ദു എന്‍സൈക്ലോപീഡിയ(ചീഫ് എഡിറ്റര്‍ ആചാര്യ നരേന്ദ്രഭൂഷണ്‍)യിലോ, ഹൈന്ദവ വിജ്ഞാനകോശ(എഡിറ്റര്‍മാര്‍: വി. ബാലകൃഷ്ണ്‍, ഡോ. ആര്‍ ലീലാവതി)ത്തിലോ ഇങ്ങനെയൊരു ശീര്‍ഷകമില്ല. 'കര്‍മമീമാംസ' എന്നുണ്ട്. കര്‍മത്തെക്കുറിച്ചുള്ള ചിന്തയാണത്. വിഹിതമെന്നും അവിഹിതമെന്നും കര്‍മങ്ങള്‍ രണ്ട് തരമുണ്ട്. വിഹിത കര്‍മങ്ങള്‍ ജീവിതകാലം മുഴുവന്‍ അനുഷ്ഠിക്കുന്നതും ഫലാപേക്ഷയില്ലാത്തതുമാവണം. ഈ കര്‍മങ്ങള്‍ അനുഷ്ഠിച്ചില്ലെങ്കില്‍ പാപമുണ്ടാകും. ഇത്തരം കര്‍മങ്ങള്‍ എങ്ങനെ അനുഷ്ഠിക്കണം എന്ന് വിവരിക്കുന്ന നിയമാവലിക്കോ മറ്റോ ആയിരിക്കാം വേദഭാഷയില്‍ 'കര്‍മശാസ്ത്രം' എന്ന് പറഞ്ഞിട്ടുണ്ടാവുക.

അതുകൊണ്ടുതന്നെ, കര്‍മങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്ന ഒരു വൈജ്ഞാനിക ശാഖക്ക് 'കര്‍മശാസ്ത്രം' എന്ന പേര് കടമെടുക്കുന്നതില്‍ തകരാറൊന്നുമില്ല. പക്ഷേ, 'ഫിഖ്ഹ്' അത്തരമൊരു 'കര്‍മശാസ്ത്ര'മാണോ എന്നതാണ് വിഷയം. 'ഫിഖ്ഹി'ല്‍നിന്ന് ഉത്ഭൂതമായ 'തഫഖുഹ്' എന്ന വാക്ക് ഖുര്‍ആന്‍ പ്രയോഗിച്ചത് മുഴുവന്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങളെക്കുറിച്ചും അറിവ് നേടുന്നതിനാണ് എന്ന് മനസ്സിലാക്കാം (4:78, 6:25, 9:122). ഗ്രാഹ്യത നേടുക, ആഴത്തില്‍ മനസ്സിലാക്കുക എന്ന അര്‍ഥത്തില്‍ തന്നെയാണ് സാങ്കേതികാര്‍ഥത്തിലും 'ഫിഖ്ഹ്' പ്രയോഗിക്കപ്പെടുന്നത്. 'വിശദമായ തെളിവുകളില്‍നിന്ന് നിര്‍ധാരണം ചെയ്‌തെടുക്കപ്പെട്ട പ്രായോഗിക നിയമവിധികളെക്കുറിച്ച ജ്ഞാനം'1 എന്നാണ് ഫിഖ്ഹിന്റെ പൊതു സ്വീകാര്യമായ നിര്‍വചനം. 'പ്രായോഗികം' (അമലിയ്യ) എന്ന വാക്ക് ഇവിടെ മര്‍മപ്രധാനമാണ്. കാരണം മനുഷ്യന്‍ ഓരോ കാലത്തും നേരിടുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ക്കാണ് ഫിഖ്ഹിലൂടെ പരിഹാരം കാണുന്നത്. വിശ്വാസപരമായ (ഇഅ്തിഖാദിയ്യ) കാര്യങ്ങള്‍ അവിടെ മുഖ്യ ചര്‍ച്ചാ വിഷയമല്ല. നിര്‍വചനത്തില്‍ പറഞ്ഞ 'വിശദമായ തെളിവുകള്‍' (അല്‍ അദില്ലത്തുത്തഫ്‌സ്വീലിയ്യ) ഖുര്‍ആനും സുന്നത്തുമാണ്. ഓരോ പ്രയോഗത്തിന്റെയും പൊരുള്‍ മനസ്സിലാകുന്നതോടെ ഫിഖ്ഹിനെക്കുറിച്ച കൃത്യമായ ചിത്രം നമുക്ക് ലഭിക്കുകയായി. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഓരോ കാലഘട്ടത്തിലെയും പണ്ഡിതന്മാര്‍ അവരുടെ കാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയും പരിഹാരവും കണ്ടെത്താന്‍ നടത്തുന്ന യത്‌നമാണ് ഫിഖ്ഹ്. അത് താന്‍ ജീവിക്കുന്ന കാലത്തെ ഖുര്‍ആനും ഹദീസും മുന്‍നിര്‍ത്തി വായിക്കലാണ്. ഇജ്തിഹാദ്, തജ്ദീദ് തുടങ്ങിയ സംജ്ഞകള്‍ക്കും ഏറക്കുറെ ഇതേ അര്‍ഥമാണ്.

അപ്പോള്‍ കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെ ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ വായിക്കുകയും അവക്ക് പ്രതിവിധി നിര്‍ദേശിക്കുകയും ചെയ്യുന്ന വ്യക്തിയാണ് 'ഫഖീഹ്'. അയാളില്‍ ഗ്രാഹ്യത (ഫഹ്മ്), പ്രത്യക്ഷബോധം (തസ്വവ്വുര്‍), അന്തര്‍ദര്‍ശനം (ഇദ്‌റാക്) എന്നീ ഗുണങ്ങള്‍ മേളിച്ചിരിക്കണം. ഫഖീഹ് എന്ന വിശേഷണം ഒരിക്കലും അല്ലാഹുവിലേക്ക് ചേര്‍ത്തുപറയാന്‍ പാടില്ല. മറഞ്ഞിരിക്കുന്നത് കണ്ടെത്തുന്നവനാണല്ലോ ഫഖീഹ്. അല്ലാഹുവില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ലല്ലോ.

ഗ്രഹിക്കലും കണ്ടെത്തലുമൊക്കെയാണ് ഫിഖ്ഹിന്റെ ആത്മാവെങ്കില്‍ 'കര്‍മശാസ്ത്രം' എന്ന പരിഭാഷ അതിന് ചേര്‍ന്നതാണോ എന്നതാണ് ചോദ്യം. നമ്മുടെ സമൂഹത്തില്‍ ഫിഖ്ഹിന്റെ വ്യാപ്തി വളരെയധികം ശുഷ്‌കിച്ചുപോകാന്‍ കൃത്യതയില്ലാത്ത ഇതുപോലുള്ള പരിഭാഷകളും കാരണമായിട്ടുണ്ടാവാം എന്നേ പറയാനാവൂ. അതല്ല മുഖ്യ കാരണം. അങ്ങനെയായിരുന്നെങ്കില്‍, അറബ് ലോകത്തെങ്കിലും ഫിഖ്ഹ് അതിന്റെ ആത്മചൈതന്യത്തോടെ മനസ്സിലാക്കപ്പെടുമായിരുന്നല്ലോ.

പ്രശസ്ത തുനീഷ്യന്‍ പണ്ഡിതനായ മുഹമ്മദു ബ്‌നു ത്വാഹിര്‍ ബ്‌നു ആശൂറി(1879-1973)ന്റെ 'മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ' എന്ന കൃതിയുടെ സംശോധന നിര്‍വഹിച്ച മുഹമ്മദ് ത്വാഹിര്‍ അല്‍ മൈസാവി പ്രൗഢമായ ഒരു പഠനം അതിന്റെ ആമുഖമായി എഴുതിച്ചേര്‍ത്തിട്ടുണ്ട്. ഒരു കാലത്ത് ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതയുടെയും വളര്‍ച്ചക്കും വൈജ്ഞാനിക വികാസത്തിനും രാസത്വരകമായി വര്‍ത്തിച്ച ഫിഖ്ഹും അതിന്റെ നിദാന ശാസ്ത്രമായ ഉസ്വൂലുല്‍ ഫിഖ്ഹും പില്‍ക്കാലത്ത് എങ്ങനെയാണ് മുരടിക്കുകയും ശുഷ്‌കിച്ചുപോവുകയും ചെയ്തത് എന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. ഫിഖ്ഹിന്റെ വളര്‍ച്ച നിന്നുപോയ ചരിത്രഘട്ടത്തെ ചില അടയാളങ്ങളിലൂടെ അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അതില്‍ രണ്ട് പ്രധാന അടയാളങ്ങളാണ് ഇമാം ശാത്വിബിയും ഇബ്‌നു ഖല്‍ദൂനും. ഇസ്‌ലാമിക നാഗരികതയുടെ അധഃപതന ഘട്ടത്തിനു മുമ്പ് ജീവിച്ച രണ്ട് മഹാരഥന്മാര്‍. അവര്‍ക്കു ശേഷം ഗവേഷണവും അന്വേഷണവും നിലച്ചു. പിന്നെ അന്ധമായി അനുകരിക്കുന്നവരുടെയും ടിപ്പണി എഴുതുന്നവരുടെയും കാലമായിരുന്നു.

ഒരേ കാലത്താണ് ഈ രണ്ട് മഹാന്മാരും ജീവിച്ചത്. ഹിജ്‌റ എട്ടാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലായിരുന്നു ഇവരുടെ വൈജ്ഞാനിക സംഭാവനകള്‍; ഇബ്‌നു ഖല്‍ദൂന്‍ മരിച്ചത് ഒമ്പതാം നൂറ്റാണ്ടിലായിരുന്നുവെങ്കിലും (ഹിജ്‌റ 808). അബൂ ഇസ്ഹാഖ് ശാത്വിബി എട്ടാം നൂറ്റാണ്ടില്‍ തന്നെ (ഹിജ്‌റ 790) മരണപ്പെട്ടു. മുസ്‌ലിം ഭരണം അങ്ങേയറ്റം ശിഥിലമായ ഒരു കാലമായിരുന്നു. പരസ്പരം പോരടിക്കുന്ന നാടുവാഴികളായിരുന്നു എങ്ങും. തന്റെ വൈജ്ഞാനിക യാത്രയില്‍ പല നാടുവാഴികളുടെയും ജയിലിലകപ്പെട്ടിട്ടുണ്ട് ഇബ്‌നു ഖല്‍ദൂന്‍. ഈ രാഷ്ട്രീയ ശൈഥില്യമാണ് അന്വേഷണങ്ങളെയും ഗവേഷണങ്ങളെയും സ്തംഭിപ്പിച്ചുകളഞ്ഞത്. ഇന്ന് നാം ഹിജ്‌റ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലെത്തിയെങ്കിലും മുസ്‌ലിം പൊതുസമൂഹത്തിന്റെ മുരടിപ്പിന് കാര്യമായ മാറ്റമൊന്നുമില്ല. സ്തംഭനാവസ്ഥയുടെ തുടക്കത്തില്‍ ജീവിച്ചവരെന്ന നിലക്ക് ഇമാം ശാത്വിബിക്കും ഇബ്‌നു ഖല്‍ദൂന്നുമാണ് അതിന്റെ കെടുതികള്‍ കൂടുതല്‍ ഏറ്റുവാങ്ങേണ്ടിവന്നത്.

ചരിത്രത്തിലും സാമൂഹിക ശാസ്ത്രത്തിലും പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന കൃതിയാണ് ഇബ്‌നു ഖല്‍ദൂന്റെ 'മുഖദ്ദിമ'. തകര്‍ന്നുകൊണ്ടിരുന്ന സമൂഹത്തിന് അതിജീവനമന്ത്രം പകര്‍ന്നുകൊടുക്കുകയായിരുന്നു അദ്ദേഹം. ഫിഖ്ഹിന് അതിന്റെ ആത്മാവും ചടുലതയും നഷ്ടപ്പെട്ടപ്പോള്‍, പുനരുജ്ജീവനത്തിനുള്ള മാര്‍ഗങ്ങള്‍ പറഞ്ഞുകൊടുക്കുന്ന വിശിഷ്ട കൃതിയായിരുന്നു ശാത്വിബിയുടെ  'അല്‍ മുവാഫഖാത്ത് ഫീ ഉസ്വൂലിശ്ശരീഅ'. ഗ്രന്ഥകാരന്മാര്‍ ജീവിച്ച കാലത്ത് ഈ രണ്ട് കൃതികളും തീരെ ശ്രദ്ധിക്കപ്പെട്ടില്ലെന്നു മാത്രമല്ല, പിന്നീടുള്ള നാല് നൂറ്റാണ്ടുകാലവും അവ പൊടിപിടിച്ചു തന്നെ കിടന്നു. പരമ്പരാഗത ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ ശറഹു(വ്യാഖ്യാനം)കളും ഹാശിയ(ടിപ്പണി)കളും കെട്ടുകണക്കിന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോഴാണ് മുഖദ്ദിമക്കും മുവാഫഖാത്തിനും ഈ ദുര്‍ഗതി. മുരടിപ്പിന്റെ ആഴം നമുക്കിത് മനസ്സിലാക്കിത്തരുന്നു.

ഹിജ്‌റ പതിമൂന്നാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മുസ്‌ലിം ലോകത്ത് നവോത്ഥാന നായകരും പ്രസ്ഥാനങ്ങളും പ്രത്യക്ഷപ്പെട്ടുതുടങ്ങിയതോടെയാണ് മുഖദ്ദിമക്കും മുവാഫഖാത്തിനും ശാപമോക്ഷമുണ്ടായത്. മുസ്‌ലിം ലോകത്ത് ഇന്ന് വളരെയേറെ വികാസം പ്രാപിച്ച സാമൂഹിക പഠനങ്ങള്‍ക്ക് ഇന്ധനം പകര്‍ന്നത് മുഖദ്ദിമയുടെ വീണ്ടെടുപ്പായിരുന്നു എന്ന് കണ്ടെത്താനാവും. നമ്മുടെ ചര്‍ച്ചാ വിഷയമല്ലാത്തതുകൊണ്ട് ആ ഭാഗം വിടുന്നു. മുവാഫഖാത്തിന്റെ പ്രാധാന്യവും സാമൂഹിക പ്രസക്തിയും ആദ്യമായി ചൂണ്ടിക്കാട്ടിയത് പ്രമുഖ ഈജിപ്ഷ്യന്‍ പണ്ഡിതനായ മുഹമ്മദ് അബ്ദു(ഹിജ്‌റ 1266-1323)ആയിരുന്നു. വൈജ്ഞാനിക വൃത്തങ്ങളിലെങ്കിലും ഫിഖ്ഹിന്റെ ചൈതന്യം വീണ്ടെടുക്കുന്നതിന് നിമിത്തമായത് മുവാഫഖാത്തിനെക്കുറിച്ച് ആധുനിക പണ്ഡിതന്മാര്‍ നടത്തിയ പഠനങ്ങളും, ആ കൃതിയുടെ വിപുലനം എന്ന നിലക്ക് ശാഹ് വലിയ്യുല്ലാഹി ദ്ദഹ്‌ലവി, മുഹമ്മദ് ബ്‌നു ആശൂര്‍, അല്ലാലുല്‍ ഫാസി, മുഹമ്മദുല്‍ ഗസാലി, യൂസുഫുല്‍ ഖറദാവി, അഹ്മദ് റയ്‌സൂനി, ജാസിര്‍ അല്‍ ഔദഃ തുടങ്ങി കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ജീവിച്ചവരും ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുമായ നിരവധി പേര്‍ രചിച്ച കൃതികളുമാണ്. പരമ്പരാഗത ഫിഖ്ഹിന് സമാന്തരമായി വികസിച്ച ഒരു പഠന മേഖലയായാണ് അത് മനസ്സിലാക്കപ്പെടുന്നത്.

നിയമ-നിയമനിര്‍ധാരണ പഠനങ്ങളുടെ ചരിത്രത്തില്‍ ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും നല്‍കിയ സംഭാവനകള്‍ക്ക് സമാനതകളില്ല. ചരിത്രപരായ കാരണങ്ങളാല്‍ പില്‍ക്കാലത്ത് അതിന് ബലക്ഷയവും ശോഷണവും സംഭവിച്ചു എന്നത് നേരാണ്. ആ പോരായ്മകള്‍ പരിഹരിക്കാനായിരുന്നില്ലേ ആധുനിക യുഗത്തിലെ പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളും ശ്രമിക്കേണ്ടിയിരുന്നത് എന്ന ചോദ്യം ന്യായമാണ്. പരിഷ്‌കരണങ്ങള്‍ ഏറെയൊന്നും ഏശാത്ത വിധം സങ്കീര്‍ണമായിക്കഴിഞ്ഞിരുന്നു പരമ്പരാഗത ഫിഖ്ഹിന്റെ ഘടന എന്നതാണ് അതിനുള്ള ഉത്തരം.

ഫിഖ്ഹും ഉസ്വൂലുല്‍ ഫിഖ്ഹും പിറവിയെടുത്ത കാലത്തു തന്നെയാണ് ഹനഫി, മാലികി, ശാഫിഈ, ഹമ്പലി പോലുള്ള മദ്ഹബുകളുടെ ആവിര്‍ഭാവവും; ഹിജ്‌റ രണ്ടും മൂന്നും നൂറ്റാണ്ടുകളില്‍. ഫിഖ്ഹിന്റെ വളര്‍ച്ചയും മദ്ഹബുകളുമായി ചേര്‍ന്നായിരുന്നു. പിന്നെപ്പിന്നെ ഓരോ മദ്ഹബിനും അതിന്റേതായ ഫിഖ്ഹും രൂപപ്പെട്ടു. ഫിഖ്ഹിന്റെ നിദാന തത്ത്വങ്ങളിലും മദ്ഹബുകള്‍ തമ്മില്‍ അഭിപ്രായപ്പൊരുത്തമുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും അവലംബിക്കാവുന്ന പൊതു ഫിഖ്‌ഹോ ഫിഖ്ഹീ നിര്‍ധാരണ തത്ത്വങ്ങളോ ഇല്ലാതെയായി. അധഃപതന ഘട്ടത്തില്‍ മദ്ഹബീ പക്ഷപാതിത്വം വര്‍ധിച്ചതല്ലാതെ ഒട്ടും കുറഞ്ഞില്ല. ഫിഖ്ഹിനെ മദ്ഹബുകള്‍ അവയുടെ കൊത്തളങ്ങളില്‍ തളച്ചു. പിന്നെ ഫിഖ്ഹ് എന്ന് കേള്‍ക്കുമ്പോള്‍ ശാഫിഈ ഫിഖ്‌ഹോ ഹനഫീ ഫിഖ്‌ഹോ ഹമ്പലീ ഫിഖ്‌ഹോ എന്നൊക്കെ ചോദിക്കേണ്ടതായും വന്നു. ഫിഖ്ഹ് എന്നാല്‍ കാലഘട്ടത്തെ ഇസ്‌ലാമിന്റെ മൗലിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വായിക്കുക എന്നാണല്ലോ. പരമ്പരാഗത മദ്ഹബുകളില്‍ ചിലതെങ്കിലും അത്തരം വായനകള്‍ (ഇജ്തിഹാദ്) തന്നെ നിരോധിച്ചിരിക്കുകയുമാണ്. പിന്നെ എങ്ങനെയാണ് ഒരു പൊതു ചട്ടക്കൂടു പോലും നഷ്ടപ്പെട്ട പരമ്പരാഗത ഫിഖ്ഹിനെ നവീകരിക്കുക? ഈ കെട്ടിക്കുടുക്കുകളില്‍നിന്ന് അതിനെ മോചിപ്പിച്ചെടുക്കുക ഏറെ അസാധ്യം തന്നെ. ഇക്കാര്യം ഇബ്‌നു ആശൂറിനോട് ഉന്നയിച്ചപ്പോള്‍, പരമ്പരാഗത ഫിഖ്ഹീ ഉസ്വൂലുകളെ (നിര്‍ധാരണ തത്ത്വങ്ങളെ)ക്കുറിച്ച് ഒട്ടനവധി അഭിപ്രായ ഭിന്നതകള്‍ ഉള്ളതുകൊണ്ട് ഒരു രീതിശാസ്ത്രം എന്ന നിലയില്‍ അതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയില്ല എന്നായിരുന്നു ഉത്തരം. 

മദ്ഹബീ പക്ഷപാതിത്വവും മുരടിപ്പും ഫിഖ്ഹിനെ ബാധിച്ചപ്പോള്‍, പഴി മുഴുവന്‍ ഫിഖ്ഹിനായി. ഈ വാറോലകള്‍ വലിച്ചെറിഞ്ഞാലേ രക്ഷയുള്ളൂ എന്ന് അഭ്യസ്തവിദ്യര്‍ക്ക് തോന്നിത്തുടങ്ങി. യഥാര്‍ഥത്തില്‍ ഫിഖ്ഹിനായിരുന്നില്ല കുഴപ്പം; മദ്ഹബുകള്‍ക്കായിരുന്നു. പക്ഷേ, എല്ലാം വരവു വെക്കപ്പെട്ടത് ഫിഖ്ഹിന്റെ ചെലവിലായിരുന്നു. ഈയിടെ അന്തരിച്ച സുഡാനി പണ്ഡിതന്‍ ഹസന്‍ തുറാബി ഇക്കാര്യം വിശകലനം ചെയ്തിട്ടുണ്ട്: ''ഇസ്‌ലാമിക നവോത്ഥാനത്തിനും ഐക്യത്തിനും മുതല്‍ക്കൂട്ടാവേണ്ടതാണ് ഫിഖ്ഹ്. പക്ഷേ, ഇന്നത് ഭിന്നതക്ക് വളം വെക്കുന്ന ഒന്നായി മാറിയിരിക്കുന്നു.'' ഫുഖഹാഅ് എന്ന് വിളിക്കപ്പെടുന്ന പണ്ഡിതന്മാര്‍ക്ക് കാലത്തെ അഭിമുഖീകരിക്കാനായില്ലെന്നും അദ്ദേഹം എഴുതുന്നു: ''ഫുഖഹാഅ് അധികമൊന്നും പൊതുജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരുന്നില്ല.''2

മദ്ഹബുകള്‍ക്കകത്ത് പഠനവും ഗവേഷണവും നിലച്ചതിനാല്‍ സാമൂഹിക മാറ്റത്തെക്കുറിച്ച ചര്‍ച്ചകളൊന്നും പൊതുവെ നടക്കാറില്ല. സ്റ്റോക് എക്‌സ്‌ചേഞ്ചുകളും ഓഹരി വിപണികളും ആഗോള മൂലധനവും ലോകത്തെ ഭരിക്കുമ്പോള്‍, ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലെ അവധി വ്യാപാരമാണ് അവിടെ ഇപ്പോഴും ചര്‍ച്ച! ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ 'ബാബുകള്‍' (അധ്യായങ്ങള്‍) സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും അന്താരാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ ഉള്‍പ്പെടുത്തി വികസിപ്പിക്കേണ്ടിയിരുന്നുവെന്നും തുറാബി എഴുതുന്നുണ്ട്. അതും നടന്നില്ല. ഒരു പ്രശ്‌നത്തെ അതിന്റെ വിശാല പരിപ്രേക്ഷ്യത്തില്‍ കാണാതെ ഭാഗികമായി കണ്ട് ഒരു പഴയ കാല സംഭവവുമായി തട്ടിച്ച് വിധി കണ്ടെത്തുന്നതിനു പകരം, പ്രവാചകന്റെ കാലത്തെ ശരീഅത്തിനെ മാനദണ്ഡമാക്കി അതിന്റെ അടിസ്ഥാനത്തില്‍ ആധുനിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വേണ്ടതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. 'വിശാല പരിപ്രേക്ഷ്യമുള്ള ഖിയാസ്' (സാധര്‍മ്യം) എന്നോ, 'നൈസര്‍ഗിക ഖിയാസ്' (അല്‍ ഖിയാസ് അല്‍ ഫിത്വരി) എന്നോ ആണ് അദ്ദേഹമതിനെ വിളിക്കുന്നത്.

അബ്ദുല്‍ ഹമീദ് അബൂസുലൈമാന്‍ (1936-) പാരമ്പര്യ ഫിഖ്ഹിന്റെ മറ്റൊരു പ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.3 ഇസ്‌ലാമിക ചരിത്രത്തില്‍ ഇടക്കാലത്ത് വലിയൊരു വിഭജനം നടക്കുകയുണ്ടായി. പണ്ഡിതരും നിയമനിര്‍ധാരകരും (ഉലമാഅ്, ഫുഖഹാഅ്) ഒരു ഭാഗത്തും, നേതാക്കളും ഭരണാധികാരികളും (ഉമറാഅ്, സ്വലാത്വീന്‍) മറുഭാഗത്തും. ഒരു മത-രാഷ്ട്രീയ വിഭജനം തന്നെ. അതേത്തുടര്‍ന്ന് രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ പണ്ഡിതന്മാര്‍ ശ്രദ്ധ പതിപ്പിക്കാതെയായി. വ്യക്തികളുടെ ആരാധനാനുഷ്ഠാനങ്ങള്‍, പെരുമാറ്റ രീതികള്‍ തുടങ്ങിയ കാര്യങ്ങളില്‍ മാത്രമായി അവരുടെ ശ്രദ്ധ. വ്യക്തിയെ കണ്ടുകൊണ്ടല്ല, സമൂഹത്തെ കണ്ടുകൊണ്ടായിരുന്നു ഫിഖ്ഹിലെ ഊന്നല്‍ വികസിക്കേണ്ടിയിരുന്നത്. അങ്ങനെ ഉണ്ടായില്ല. ഖുര്‍ആനിക പരിപ്രേക്ഷ്യമാണ് അതുമൂലം നഷ്ടമായത്. സമഗ്ര (കുല്ലിയ്യഃ) വീക്ഷണത്തിന് പകരം ഭാഗിക (ജുസ്ഈ) വീക്ഷണത്തിന് മേല്‍ക്കൈ ലഭിച്ചു. '' ഭാഗിക വീക്ഷണത്തില്‍നിന്ന് സമഗ്ര വീക്ഷണത്തിലേക്ക് ഫിഖ്ഹ് വികസിക്കണം. ബന്ധപ്പെട്ട വിഷയത്തിലെ മുഴുവന്‍ പ്രമാണങ്ങളും മുമ്പില്‍ വെച്ചാകണം ഒരു തീര്‍പ്പിലെത്തുന്നത്.''4 ഈ വിഷയത്തില്‍ മുഹമ്മദുബ്‌നു ആശൂര്‍ നല്‍കിയ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് റാശിദുല്‍ ഗനൂശി പറഞ്ഞു: ''സമൂഹത്തിന് അതിന്റെ നാഗരിക പ്രയാണം തുടരാന്‍, വെല്ലുവിളികളെയും പ്രശ്‌നങ്ങളെയും അതിജീവിക്കാന്‍ പ്രയാണ മാര്‍ഗങ്ങള്‍ ക്ലിപ്തപ്പെടുത്തുന്ന ഒരു അടിസ്ഥാന രൂപരേഖ സമര്‍പ്പിക്കുകയാണ് ഇബ്‌നു ആശൂര്‍ ചെയ്തത്. അത് ദിശ നിര്‍ണയിക്കുകയും മുന്‍ഗണനകള്‍ തീരുമാനിക്കുകയും ചെയ്യുന്നു.''5

ഇമാം ശാത്വിബി അടിത്തറയിടുകയും ശാഹ് വലിയ്യുല്ലാഹിദ്ദഹ്‌ലവി, ഇബ്‌നു ആശൂര്‍, യൂസുഫുല്‍ ഖറദാവി തുടങ്ങിയവരിലൂടെ വികസിക്കുകയും ചെയ്ത ഈ അന്വേഷണ/ഗവേഷണ രീതിശാസ്ത്രത്തിന് 'ഫിഖ്ഹുല്‍ മഖാസ്വിദ്' എന്നാണ് പേര്. 'ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളെ' (മഖാസ്വിദുശ്ശരീഅഃ)ക്കുറിച്ച പഠനമാണിത്. സമുന്നത ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു മുമ്പ് ശരീഅത്ത് എന്ത് എന്ന് വ്യക്തമാക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. ശരീഅത്ത് എന്നാല്‍ 'ഇസ്‌ലാമിക നിയമം' (കഹെമാശര ഘമം) എന്നാണ് പലരും മനസ്സിലാക്കിവെച്ചിരിക്കുന്നത്. ഇന്ന് 'ഇസ്‌ലാമിക് ലോ' ആയി മനസ്സിലാക്കപ്പെടുന്നത് മൂന്ന് കാര്യങ്ങളാണ്. ഒന്നാമത്തേത്, ശരീഅത്ത് തന്നെ. അഥവാ ഖുര്‍ആനിലും പ്രവാചക ചര്യയിലും വന്നിട്ടുള്ള ഖണ്ഡിതമായ നിയമവിധികള്‍. രണ്ടാമത്തേത് ഫിഖ്ഹ്. ഈ രണ്ട് പ്രാമാണിക സ്രോതസ്സുകളെയും അടിസ്ഥാനപ്പെടുത്തി പ്രവാചക വിയോഗത്തിനു ശേഷം നേതാക്കളും പണ്ഡിതന്മാരും പരിഷ്‌കര്‍ത്താക്കളുമൊക്കെ ഇന്നേവരെ നടത്തിയിട്ടുള്ള അന്വേഷണ പഠനങ്ങളുടെയും നിയമനിര്‍ധാരണങ്ങളുടെയും മഹാ സമാഹാരം. മൂന്നാമത്തേത് ഫത്‌വ. ഒരു വിഷയത്തില്‍ ഏതെങ്കിലുമൊരു പണ്ഡിതന്‍ നടത്തുന്ന അഭിപ്രായ പ്രകടനം. ഈ മൂന്നും ചേര്‍ന്നതാണ് ഇന്ന് മനസ്സിലാക്കപ്പെടുന്ന 'ഇസ്‌ലാമിക നിയമം.6 അത് ശരീഅത്തിന്റെ പര്യായമോ പരിഭാഷയോ അല്ല. ശരീഅത്ത് 'ഇസ്‌ലാമിക നിയമ'ത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. ഫിഖ്ഹിലെ ഭിന്നാഭിപ്രായങ്ങളും സങ്കുചിതമനസ്‌കരായ പണ്ഡിതന്മാര്‍ നടത്തുന്ന ഫത്‌വകളും ശരീഅത്തായി തെറ്റിദ്ധരിക്കപ്പെടാന്‍ കാരണമതാണ്. ഈ മൂന്നിനെയും വെവ്വേറെ മാറ്റിനിര്‍ത്തുകയും നിയമനിര്‍ധാരണത്തിന് യഥാര്‍ഥ ശരീഅത്തിനെ മാത്രം അവലംബമാക്കുകയും ചെയ്യുന്നു എന്നതാണ് ഫിഖ്ഹുല്‍ മഖാസിദിന്റെ പ്രത്യേകത. ഇതിന്റെ അനുബന്ധമെന്നോണം ഫിഖ്ഹുല്‍ ഔലവിയ്യാത്ത്, ഫിഖ്ഹുല്‍ അഖല്ലിയാത്ത്, ഫിഖ്ഹുല്‍ മുവാസനാത്ത്, ഫിഖ്ഹുല്‍ മആലാത്ത് തുടങ്ങി നിരവധി ഫിഖ്ഹീ ഉപശാഖകളും വികസിച്ചുവരികയുണ്ടായി. ഇനിയുള്ള ലക്കങ്ങളില്‍ അവയെ സമഗ്രമായി പരിചയപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

പാരമ്പര്യ ഫിഖ്ഹിന്റെ പുതിയ തുറസ്സും വികാസവുമായി ഫിഖ്ഹുല്‍ മഖാസ്വിദിനെയും അനുബന്ധ ശാഖകളെയും കാണുകയാണ് വേണ്ടത്. അതിന്റെ പരിപൂരകമായ, അതിന്റെ കുറവുകള്‍ നികത്തുന്ന ഒന്നാണിത്. പക്ഷേ ഒരു വിഭാഗം പണ്ഡിതന്മാര്‍ ഈ പുതിയ അന്വേഷണങ്ങളെ ഭയക്കുകയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്യുന്നു. അവരുടെ വിമര്‍ശനങ്ങളില്‍ എത്രമാത്രം ശരിയുണ്ട്? അടുത്ത ലക്കത്തില്‍ അതേക്കുറിച്ചാണ് ചര്‍ച്ച. 

(തുടരും)

1. അല്‍ ഇല്‍മു ബില്‍ അഹ്കാമിശ്ശറഇയ്യ അല്‍ അമലിയ്യ മിന്‍ അദില്ലതിഹാ അത്തഫ്‌സ്വീലിയ്യ

2. ഹസന്‍ തുറാബി-ഖദായാ അത്തജ്ദീദ് 196

3. അബ്ദുല്‍ ഹമീദ് സുലൈമാന്‍- അസിമ്മതുല്‍ അഖ്‌ലില്‍ മുസ്‌ലിം

4. ഡോ. ലുഅ്‌യ് സ്വാഫി-ഇഅ്മാലുല്‍ അഖ്ല്‍ ു 195

5. ഗനൂശി 1997-ല്‍ ലണ്ടനില്‍ ചെയ്ത പ്രസംഗം. ഉദ്ധരണം, ഇബ്‌നു ആശൂറിന്റെ 'മഖാസ്വിദുശ്ശരീഅ'ക്ക് മുഹമ്മദ് ത്വാഹിര്‍ അല്‍മൈസാവി എഴുതിയ ആമുഖ പഠനം.

6. Jasser Auda-Maqasid al - Shariah as Philosophy of Islamic Law p. 23

Comments

Other Post

ഹദീസ്‌

ആദരവ് അര്‍ഹിക്കുന്നതാണ് വാര്‍ധക്യം
അബൂദര്‍റ് എടയൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /23-26
എ.വൈ.ആര്‍