Prabodhanm Weekly

Pages

Search

2016 മെയ് 06

2950

1437 റജബ് 28

വെല്ലുവിളികള്‍ക്കു മുമ്പില്‍ പതറാതെ ഒരു നേതാവും രാഷ്ട്രവും

ഡോ. അബ്ദുസ്സലാം വാണിയമ്പലം

ക്കഴിഞ്ഞ മാര്‍ച്ച് 13-ന് ഇസ്തംബൂളില്‍ നടന്ന ദിയാനത്ത് ഫൗണ്ടേഷന്റെ ഇന്റര്‍നാഷ്‌നല്‍ ബിനവലന്‍സ് അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്ത ഞങ്ങളുടെ മുമ്പില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഉദ്ഘാടകനായെത്തിയപ്പോള്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ പലപ്പോഴായി മനസ്സില്‍ കോറിയിട്ട ചിത്രങ്ങളൊക്കെയും, ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രസിഡന്റുമാരിലൊരാളായ ആ ആള്‍രൂപത്തില്‍ ഒരുക്കൂടിയതായി തോന്നി. കോണ്‍ഫറന്‍സ് ഹാളിലേക്ക് ഉര്‍ദുഗാന്‍ പ്രവേശിച്ചതോടെ സദസ്സ് ഇളകിമറിഞ്ഞു. സെക്യൂരിറ്റി സ്റ്റാഫിന്റെ വിലക്കു വകവെക്കാതെ കൈനീട്ടിയവര്‍ക്കൊക്കെ അദ്ദേഹം ഹസ്തദാനം ചെയ്തു. ഇടക്ക് തന്നോട് പ്രശ്‌നങ്ങള്‍ പറയുന്നവര്‍ക്ക് നിന്ന് കൊടുത്തു. സ്റ്റേജിനടുത്തേക്ക് വളരെ സമയമെടുത്താണ് എത്തിപ്പെട്ടത്.

സദസ്സിന്റെ മുന്‍നിരയില്‍ മധ്യഭാഗത്തിരുന്ന പ്രസിഡന്റിനു തൊട്ടുപിറകിലിരുന്ന ഞാന്‍ കണ്‍നിറയെ അദ്ദേഹത്തെ നോക്കിക്കാണുകയായിരുന്നു. ടി.വി സ്‌ക്രീനില്‍ കത്തിക്കയറുകയും രോഷാകുലനാവുകയും ചെയ്യുന്ന ഉര്‍ദുഗാന്‍ ഒരു സാധാരണ മനുഷ്യനായി വിനയപൂര്‍വം കുനിഞ്ഞിരിക്കുന്നു. അല്‍ഫാതിഹ് മസ്ജിദിലെ ഇമാമിന്റെ ശ്രവണസുന്ദരമായ ഖുര്‍ആന്‍ പാരായണം ആരംഭിച്ചപ്പോള്‍ ആ മുഖം ഭക്തിസാന്ദ്രമായി. സ്റ്റേജില്‍ നടക്കുന്നതിന്റെ വിശദാംശങ്ങള്‍ തൊട്ടടുത്തുള്ളവരോട് ഇടക്കിടെ അന്വേഷിക്കുന്നുണ്ട്. കൈയില്‍ തന്നെയുള്ള മൊബൈല്‍ ഫോണ്‍ ഇടക്ക് അറ്റന്റ് ചെയ്യുന്നുമുണ്ട്.

ചടങ്ങിന്റെ ഉദ്ഘാടനത്തിനായി ഉര്‍ദുഗാന്റെ പേര് വിളിച്ചപ്പോള്‍ സദസ്സ് വീണ്ടും ആദരപൂര്‍വം എഴുന്നേറ്റു. ആരവങ്ങള്‍ക്കിടയില്‍ ചുറുചുറുക്കോടെ അദ്ദേഹം സ്റ്റേജിലേക്ക് ഓടിക്കയറി. അദ്ദേഹത്തിന്റെ ശരീരഭാഷക്കൊരു സവിശേഷതയുണ്ട്. തുര്‍ക്കികള്‍ സാധാരണ പറയാറുണ്ട്; ഉര്‍ദുഗാന് രണ്ട് ഭാഷയേ അറിയൂ. ഒന്ന്, ടര്‍ക്കിഷ് ഭാഷയും രണ്ട്, ശരീരഭാഷയും.

നാല്‍പത്തിയഞ്ച് മിനിറ്റ് നീണ്ടുനിന്ന പ്രസംഗം നോക്കി വായനയല്ല. സാമൂഹികസേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്ദാന പരിപാടിയെന്ന നിലയില്‍ സാമൂഹിക സേവനത്തെയും അതിന്റെ പ്രധാന്യത്തെയും ഇസ്‌ലാമിക സമൂഹം അക്കാര്യത്തില്‍ കാണിക്കുന്ന ജാഗ്രതയെയും പറ്റി തട്ടുതടവില്ലാതെ ഒഴുകിയ പ്രസംഗം. ചടങ്ങില്‍ മുന്‍ സുഡാന്‍ പ്രസിഡന്റ് സിവാറുദ്ദഹബിന് അവാര്‍ഡ് നല്‍കിയത് ഉര്‍ദുഗാന്‍ തന്നെയായിരുന്നു. അവാര്‍ഡ് ജേതാക്കള്‍ അവാര്‍ഡ് വാങ്ങിയശേഷം പ്രസംഗിക്കുമ്പോള്‍ മറ്റ് അവാര്‍ഡ് ദാതാക്കള്‍ തൊട്ടടുത്ത് കാത്തുനിന്നതുപോലെ ഉര്‍ദുഗാനും കാത്തുനിന്നു. പ്രസിഡന്റിനെ നിര്‍ത്തിയുള്ള സിവാറുദ്ദഹബിന്റെ പ്രസംഗം നീണ്ടുപോകുന്നതു കണ്ടപ്പോള്‍ സംഘാടകര്‍ അസ്വസ്ഥരായെങ്കിലും ഉര്‍ദുഗാന്‍ ഒരസ്വസ്ഥതയും പ്രകടിപ്പിച്ചില്ല. അദ്ദേഹം പറഞ്ഞ് കഴിയുന്നതുവരെ വിനയപൂര്‍വം കാത്തുനിന്നു. 

ചടങ്ങ് നന്ദിപ്രകാശനത്തോടെ അവസാനിക്കുന്നതുവരെ പ്രസിഡന്റ് സദസ്സിലുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ വീണ്ടും അദ്ദേഹം സെക്യൂരിറ്റി ഭേദിച്ച് കൈനീട്ടിയവര്‍ക്കൊക്കെയും പണിപ്പെട്ട് കൈ നല്‍കി. തന്നോട് സംസാരിക്കാന്‍ ശ്രമിച്ചവര്‍ക്ക് ചെവി നല്‍കി. 

മുസ്‌ലിംലോകത്തിന്റെ പ്രതീക്ഷ

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി ഭൂരിപക്ഷം നേടിയ വാര്‍ത്ത തുര്‍ക്കി മാത്രമല്ല മുസ്‌ലിം ലോകവും സ്വീകരിച്ചത് നെടുവീര്‍പ്പോടെയായിരുന്നു. തുര്‍ക്കിയെ സംബന്ധിച്ചേടത്തോളം തൂക്കുസഭക്ക് ശേഷം ഭരണസ്ഥിരത ഉറപ്പുവരുത്തിയതിലുള്ള ആശ്വാസം. മുസ്‌ലിം ലോകത്തെ സംബന്ധിച്ചേടത്തോളം, ഉര്‍ദുഗാന്റെ പാര്‍ട്ടി പരാജയപ്പെട്ടാല്‍ അത് വമ്പിച്ച ആഘാതമാകുമായിരുന്നു. അറബ് വസന്താനന്തരം ഈജിപ്തിലും ലിബിയയിലും യമനിലുമുണ്ടായ പ്രതിവിപ്ലവങ്ങള്‍ എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറം കൊടിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമാണ് വഴിമാറിയത്. ഏകാധിപത്യത്തിന്റെ ശത്രുക്കളെ മുഴുവന്‍ തെരഞ്ഞുപിടിച്ച് കൊല്ലുന്ന സ്വേഛാധിപതികള്‍ അരങ്ങുവാഴുകയും അറബ് ലോകവും യൂറോപ്പൂം അമേരിക്കയും അതിനെയൊക്കെ പിന്തുണക്കുകയും ചെയ്തപ്പോള്‍ അന്നാടുകളിലെ കുറേ മനുഷ്യര്‍ ജീവനും കൊണ്ടോടിപ്പോന്നത് തുര്‍ക്കിയിലേക്കായിരുന്നു. അങ്ങനെ ലോകത്തെങ്ങും സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുന്ന സംഘടനകളുടെയും നേതാക്കളുടെയും സാധാരണ ജനങ്ങളുടെയും ആസ്ഥാനമാണിന്ന് തുര്‍ക്കി. ഈജിപ്തിലെ സീസി ഭരണകൂടമുള്‍പ്പെടെ സകല സ്വേഛാധിപതികളെയും മുന്‍പിന്‍ നോക്കാതെ വിമര്‍ശിക്കാന്‍ ആര്‍ജവമുള്ള ഏക മുസ്‌ലിം രാഷ്ട്രമാണത്. ഗസ്സക്കു വേണ്ടിയും റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കു വേണ്ടിയും കണ്ണീര്‍ വാര്‍ക്കുന്ന പ്രസിഡന്റും പ്രധാനമന്ത്രിയുമുള്ള രാജ്യം. തൊട്ടടുത്ത സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ നരനായാട്ടിനെ തുടര്‍ന്ന് അഭയാര്‍ഥികളായ മൂന്നു മില്യന്‍ പേരെ സ്വന്തം പൗരന്മാരെ പോലെ തമ്പ് കെട്ടി തീറ്റിപ്പോറ്റുന്ന രാഷ്ട്രം.

അങ്ങനെ നിരാലംബമായ മുസ്‌ലിം ലോകം ഉര്‍ദുഗാനെന്ന ഒരൊറ്റ വ്യക്തിയെ ആശ്രയിച്ചുനില്‍ക്കുന്ന സാഹചര്യമാണ് രൂപപ്പെട്ടത്. ഇലക്ഷനില്‍ അദ്ദേഹം പരാജയപ്പെട്ടാല്‍ പ്രതീക്ഷയുടെ അവസാനത്തെ തിരിനാളവും കെട്ടു എന്നാകുമായിരുന്നു അതിന്റെ അര്‍ഥം. ഇതേ കാരണങ്ങള്‍ കൊണ്ടുതന്നെ ഉര്‍ദുഗാനെ തെരഞ്ഞെടുപ്പില്‍ നിലംപരിശാക്കാന്‍ ലോകശക്തികളും ചില അറബ് സ്വേഛാധിപതികളും ബില്യനുകളാണ് ഒഴുക്കിയത്. പക്ഷേ തുര്‍ക്കി ജനത അവരെ നിരാശപ്പെടുത്തി.

എന്നാല്‍, തുര്‍ക്കിയില്‍ എല്ലാം ഭദ്രമാണെന്ന് ഇപ്പറഞ്ഞതിന് അര്‍ഥമില്ല. യഥാര്‍ഥത്തില്‍ അല്‍പ്പം ആശങ്കയോടെയാണ് ഇസ്തംബൂളിലേക്ക് വിമാനം കയറിയത്. കാരണം തുര്‍ക്കി ഒരു വര്‍ഷം മുമ്പുള്ള തുര്‍ക്കിയല്ല. സ്‌ഫോടനങ്ങള്‍ ആ രാജ്യത്തെയും പതിവ് സംഭവങ്ങളായിക്കൊണ്ടിരിക്കുകയാണ്. ആശങ്ക അസ്ഥാനത്തായിരുന്നില്ല. ഉര്‍ദുഗാന്‍ ഇസ്തംബൂളില്‍ ഞങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ തൊട്ടുമുമ്പ് തലസ്ഥാന നഗരിയായ അങ്കാറയില്‍ സ്‌ഫോടനമുണ്ടായി. ഇരുപതിലധികം പേര്‍ കൊല്ലപ്പെട്ടു. ഇസ്തംബൂളിലും കരുതിയിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ടായിരുന്നു. ഞാന്‍ ഇസ്തംബൂള്‍ വിട്ടതിന്റെ പിറ്റേ ദിവസം അവിടെയും സ്‌ഫോടനമുണ്ടായി.

കുര്‍ദ് പാര്‍ട്ടികളായ എച്ച്.ഡി.പിയും പി.കെ.കെയുമാണ് പല സ്‌ഫോടനങ്ങളുടെയും പിന്നില്‍. അവരെ മറയാക്കി മറ്റു പലരും തുര്‍ക്കിയില്‍ ഇറങ്ങിക്കളിക്കുന്നുമുണ്ട്. ഇറാഖിനും സദ്ദാം ഹുസൈനും സംഭവിച്ചതിന്റെ ആവര്‍ത്തനമാണ് തുര്‍ക്കിക്കും ഉര്‍ദുഗാന്നും സംഭവിക്കാന്‍ പോകുന്നതെന്ന് പേടിക്കുന്നവര്‍ മുസ്‌ലിം ലോകത്തുണ്ട്. 2003-ല്‍ അധികാരത്തില്‍ വന്ന ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ രാജ്യത്തുണ്ടാക്കിയ പുരോഗതിയും യൂറോപ്പില്‍ മാത്രമല്ല ലോകത്തു തന്നെ അതുണ്ടാക്കിയ മതിപ്പും മുസ്‌ലിം ലോകത്തിന്റെ നേതൃപദവിയിലേക്കുള്ള അതിന്റെ ചുവടുവെപ്പുകളും അയല്‍രാജ്യമായ സിറിയയിലെ ബശ്ശാര്‍ ഭരണത്തെ പിഴുതെറിയാനുള്ള ജനങ്ങളുടെ പോരാട്ടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും അത് ഇസ്രയേലിനുണ്ടാക്കുന്ന ഭീഷണിയുമൊക്കെ ആ രാജ്യത്തെയും അതിന്റെ നേതൃത്വത്തെയും ലോകത്ത് പലരുടെയും കണ്ണിലെ കരടാക്കുക സ്വാഭാവികം. അങ്ങനെ വലിയൊരു ശത്രുവലയത്തിലാണ് കുറച്ചുകാലമായി തുര്‍ക്കി. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്തായാലും ഉര്‍ദുഗാനെ താഴെയിറക്കാനാകുമെന്ന അവരുടെ പ്രതീക്ഷ താളം തെറ്റിയതോടെ ഭീകര പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിന്റെ സുരക്ഷിതത്വവും അതുവഴി സാമ്പത്തിക പുരോഗതിയും അവതാളത്തിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

മുഹമ്മദുല്‍ ഫാതിഹ് തിരിച്ചുവരുന്നു 

ഇങ്ങനെയൊക്കെയാണെങ്കിലും തുര്‍ക്കി വെല്ലുവിളികളെ അതിജീവിക്കുമെന്നു പ്രതീക്ഷിക്കാനാണ് ന്യായങ്ങള്‍ കാണുന്നത്. 1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ (ഇസ്തംബൂള്‍) ജയിച്ചടക്കിയ മുഹമ്മദുല്‍ ഫാതിഹ് എന്ന ഇരുപത്തിരണ്ടുകാരനാണ് ഇന്ന് തുര്‍ക്കികളുടെ പ്രതീകപുരുഷന്‍. അല്ലാതെ ഖിലാഫത്തിന് അന്ത്യംകുറിച്ച അത്താതുര്‍ക്ക് കമാല്‍പാഷയല്ല (അദ്ദേഹമാണ് ഔദ്യോഗികമായി രാഷ്ട്രപിതാവെങ്കിലും). ആ വിജയവും സാഹസികതയുമാണ്  ലോകം ഭരിച്ച ഉസ്മാനീ സാമ്രാജ്യത്തിന്റെ പഴയ പ്രതാപത്തെക്കുറിച്ച അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുന്നത്. അങ്ങനെ അവര്‍ ഉര്‍ദുഗാനില്‍ മുഹമ്മദുല്‍ ഫാതിഹെന്ന സാഹസിക സേനാനായകനെ കാണുന്നു. അദ്ദേഹത്തിന്റെ വിജയങ്ങളിലൂടെ ഉസ്മാനീ സാമ്രാജ്യത്തിന്റെ തിരിച്ചുവരവ് സ്വപ്നം കാണുന്നു. മുസ്‌ലിം ലോകം അറബ് ലോകത്തിനപ്പുറത്തുനിന്ന് പുതിയൊരു  നവോത്ഥാനത്തിന്റെ വെളിച്ചം കാണുന്നു. അതിനെ സര്‍വാത്മനാ സ്വീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് മുസ്‌ലിം ലോകം മാറിക്കഴിഞ്ഞാല്‍ അത്ഭുതപ്പെടേണ്ടതില്ല. അടുത്തകാലംവരെയും ഖത്തറിന്റെ മാത്രം തോഴനായിരുന്ന തുര്‍ക്കി ഇന്ന് സുഊദിഅറേബ്യയുടെയും തോഴനാണ്. സുഊദി-തുര്‍ക്കി-ഖത്തര്‍ അച്ചുതണ്ട് മിഡിലീസ്റ്റ് രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്ന ഒരു സാഹചര്യം രൂപപ്പെട്ടുവരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അമേരിക്കയെയും യൂറോപ്പിനെയും അവലംബിക്കാനാവില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് സല്‍മാന്‍ രാജാവ് തുര്‍ക്കിയെ കൂടെക്കൂട്ടി മുസ്‌ലിം ലോകതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ശ്രമം ആരംഭിച്ചതിന്റെ തെളിവായിരുന്നു ഒടുവില്‍ രൂപപ്പെട്ട ഇസ്‌ലാമിക സഖ്യസേന. ഖത്തറാവട്ടെ, തുര്‍ക്കിക്ക് സൈനികത്താവളംവരെ അനുവദിച്ചുകഴിഞ്ഞു. ഈ പ്രതീക്ഷകളുടെയൊക്കെ അച്ചുതണ്ടും ഉര്‍ദുഗാനെന്ന വ്യക്തി തന്നെയാണ്. ആദര്‍ശത്തിന്റെ ബലംകൊണ്ടുമാത്രമല്ല ഒരു സംഘം വിജയിക്കുന്നത്, ആ സംഘത്തിന്റെ മുന്നില്‍ നില്‍ക്കുന്ന വ്യക്തിയുടെ കരിഷ്മ കൊണ്ടുകൂടിയാണ്. 

കടക്കെണിയില്‍ മുങ്ങി ലോക ബാങ്കിന്റെ മുമ്പില്‍ നാണംകെട്ടുനിന്ന ഒരു രാജ്യത്തെയാണ് 10 വര്‍ഷം കൊണ്ട് ഉര്‍ദുഗാന്‍ ലോകത്തെ ഏറ്റവും ശക്തമായ 11 സാമ്പത്തിക ശക്തികളിലൊന്നാക്കി മാറ്റിയത്. ലോക രാഷ്ട്രങ്ങളില്‍ സാമ്പത്തികമായി 111-ാം സ്ഥാനത്തു നിന്നിരുന്ന തുര്‍ക്കിയെ അദ്ദേഹം 16-ാം സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്തി. ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം തുര്‍ക്കി ലിറയുടെ മൂല്യം വര്‍ധിച്ചത് 30 ഇരട്ടിയാണ്. ആളോഹരി വരുമാനം വര്‍ഷത്തില്‍ 3500 ഡോളറായിരുന്നത് 10 വര്‍ഷത്തിനുള്ളില്‍ 11000 ഡോളറായി ഉയര്‍ത്തി. കയറ്റുമതി 36 ബില്യനില്‍നിന്ന് 158 ബില്യനായി വര്‍ധിപ്പിച്ചു. തൊഴിലില്ലായ്മ 38 ശതമാനത്തില്‍നിന്ന് 2  ശതമാനത്തിലേക്കിറക്കിക്കൊണ്ടുവന്നു. ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 300 ശതമാനം ശമ്പളവര്‍ധന നല്‍കി. വിദ്യാഭ്യാസ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും സമാനമായ ബജറ്റ് അനുവദിച്ചുകൊണ്ട് ഉര്‍ദുഗാന്‍ പതിവുകള്‍ തെറ്റിച്ചു. 

സെക്യൂലറിസത്തെയും ഇസ്‌ലാമിനെയും സമന്വയിപ്പിക്കുന്നതില്‍ കാണിച്ച സാമര്‍ഥ്യമാണ് തുര്‍ക്കിയില്‍ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടിയുടെ വിജയത്തിന്റെ രഹസ്യം. പാര്‍ട്ടി നേതാക്കളാരും വ്യക്തിജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളില്‍ ഒരു വിട്ടുവീഴ്ചക്കും തയാറായില്ല. എന്നാല്‍, സെക്യുലര്‍ രാഷ്ട്രത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ധൃതിപ്പെട്ടതുമില്ല. യൂനിവേഴ്‌സിറ്റികളില്‍ മുഖമക്കന അനുവദിക്കാത്ത നിയമം നിലനില്‍ക്കുന്നതിനാല്‍ സ്വന്തം മകളെ അമേരിക്കയില്‍ മക്കനയിട്ട് പഠിപ്പിച്ച ഉര്‍ദുഗാന്‍ യൂനിവേഴ്‌സിറ്റിയില്‍ മക്കന അനുവദിക്കുന്നതിനല്ല, രാജ്യത്തിന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുന്‍ഗണന നല്‍കിയത്. അതില്‍ വിജയിച്ച ശേഷം ഈയിടെ മാത്രമാണ് വിദ്യാര്‍ഥിനികള്‍ക്ക് മുഖമക്കന അനുവദനീയമാക്കിയ നിയമം കൊണ്ടുവന്നത്. ജനാധിപത്യത്തെ എന്നും കശാപ്പു ചെയ്തുപോന്നിട്ടുള്ള പട്ടാളത്തെ നിലക്കുനിര്‍ത്തിയതാണ് ഉര്‍ദുഗാന്റെ മറ്റൊരു വിജയം. ജനാധിപത്യത്തെ രാജ്യത്ത് ഊട്ടിയുറപ്പിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കിയതും ഇന്റലിജന്‍സിനെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയതും അദ്ദേഹത്തിനു തുണയായി. 

അങ്ങനെ പല നിലകളില്‍ വിജയിച്ച ഒരു നേതാവും രാഷ്ട്രവുമാണ് ഇന്ന് ഉര്‍ദുഗാനും തുര്‍ക്കിയും. അതോടൊപ്പം ഇസ്‌ലാമിനെ അവലംബിച്ച് പുതിയ ലോകത്ത് ഒരു സാമൂഹിക ക്രമം എങ്ങനെ സ്ഥാപിക്കാമെന്നതിന്റെ മാതൃകയും അവര്‍ കാഴ്ചവെക്കുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /21-22
എ.വൈ.ആര്‍

ഹദീസ്‌

കറകളഞ്ഞ പശ്ചാത്താപം
സി.എം റഫീഖ് കോക്കൂര്‍