Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

സൂഫിസത്തിന്റെ യാഥാര്‍ഥ്യം

ഇബ്‌നുല്‍ ജൗസി

ഭൗതികവിരക്തരുടെ വ്യവസ്ഥാപിത കൂട്ടായ്മയായാണ് സൂഫിസരണികള്‍ മനസ്സിലാക്കപ്പെടുന്നത്. എന്നാല്‍, സാഹിദുകളില്‍(ഭൗതിക വിരക്തര്‍)നിന്ന് സവിശേഷമായ പല വ്യതിരിക്തതകളും സൂഫികള്‍ക്കും സൂഫിസത്തിനുമുണ്ട്. ദൈവസ്മരണയാല്‍ ഒറ്റപ്പെട്ടുകഴിയുന്നവരാണ് അവരെന്ന് നമുക്ക് തോന്നുമെങ്കിലും തങ്ങളുടേതായ പല വിശേഷണങ്ങളും രീതികളും അവര്‍ക്കുണ്ട്. സൂഫിസരണികളുടെ ആവിര്‍ഭാവം വിരക്തിയില്‍നിന്നായിരുന്നുവെങ്കിലും പിന്നീടത് സംഗീതാസ്വാദനം, നൃത്തം തുടങ്ങിയവയിലേക്ക് വഴുതിപ്പോയി. പ്രത്യക്ഷത്തില്‍ കാണുന്ന സൂഫിസരണികളുടെ വിരക്തി(സുഹ്ദ്)യില്‍ ആകൃഷ്ടരായി പരലോകം കാംക്ഷിക്കുന്നവര്‍ സൂഫികളോടൊപ്പം ചേര്‍ന്നു. ദുന്‍യാപൂജകരെയും മറ്റും ആ സരണികളിലെ വിനോദങ്ങളും കളികളുമൊക്കെയാണ് ആകര്‍ഷിച്ചത്. ഇവരില്‍ പൈശാചിക സ്വാധീനമുണ്ടോ എന്ന് പരിശോധിക്കാന്‍ സൂഫിസരണികളുടെ അടിസ്ഥാനം, ശാഖകള്‍, പരിപാടികള്‍ എന്നിവയെകുറിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്.
ആദ്യകാലങ്ങളില്‍ ഇസ്‌ലാമിന്റെ അനുയായികള്‍ മുസ്‌ലിം, മുഅ്മിന്‍ എന്നൊക്കെയായിരുന്നു വിളിക്കപ്പെട്ടിരുന്നത്. പിന്നീട് 'സാഹിദ്' അഥവാ വിരക്തന്‍ എന്നും 'ആബിദ്' അഥവാ ആരാധനകളില്‍ മുഴുകുന്നവന്‍ എന്നുമൊക്കെ പ്രയോഗങ്ങളുണ്ടായി. ശേഷം വന്ന ഒരു വിഭാഗം, വിരക്തിയിലും ആരാധനയിലും മുഴുകുകയും അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. അതിനായി അവര്‍ ത്വരീഖത്തുകള്‍ ഉണ്ടാക്കി. ചില പെരുമാറ്റ രീതികള്‍ ആവിഷ്‌കരിച്ചു. മസ്ജിദുല്‍ ഹറാമില്‍ സ്വൂഫ എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു മനുഷ്യന്‍ ദൈവസേവയില്‍ മുഴുകിയിരിക്കാറുണ്ടായിരുന്നുവത്രെ. ഗൗസുബ്‌നു മുര്‍ എന്നാണയാളുടെ പേര്. അയാളിലേക്ക് ചേര്‍ത്താണ്, ദൈവാരാധനയില്‍ മുഴുകിയിരുന്നവര്‍ തങ്ങളെ സ്വൂഫികള്‍ എന്ന് നാമകരണം ചെയ്തത് എന്ന അഭിപ്രായമുണ്ട്. ജാഹിലിയ്യാ കാലത്ത് കഅ്ബയുടെ ചാരത്ത് ആരാധനകളുമായി കഴിഞ്ഞിരുന്ന സ്വൂഫ എന്ന ആളിലേക്ക് ചേര്‍ത്താണ് സ്വൂഫി എന്ന പ്രയോഗം എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
തസ്വവ്വുഫും സ്വൂഫിയും 'അഹ്‌ലുസ്സ്വുഫ്ഫ'യിലേക്കാണ് ചേര്‍ക്കപ്പെടുക എന്നാണ് മറ്റൊരു വീക്ഷണം. മസ്ജിദുന്നബവിയില്‍ കഴിഞ്ഞുകൂടിയിരുന്നവരാണ് അഹ്‌ലുസ്സ്വുഫ്ഫ. അവര്‍ ദരിദ്രരും നിത്യവൃത്തിക്ക് വകയില്ലാത്തവരുമായിരുന്നു. കുടുംബമോ സ്വത്തുവകകളോ ഇല്ലാത്തതിനാല്‍ പ്രവാചകന്‍  അവര്‍ക്ക് മദീനാ പള്ളിയോടു ചേര്‍ന്ന് ഒരു കോലായ കെട്ടി നല്‍കി. അനിവാര്യ കാരണങ്ങളാലാണ് അവര്‍ അത്തരമൊരു ജീവിതം തെരഞ്ഞെടുത്തത്. ഉപജീവനത്തിന് ദാനം സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. മുസ്‌ലിംകള്‍ക്ക് അല്ലാഹു വിജയം നല്‍കിയപ്പോള്‍ ഈ അവസ്ഥയില്‍നിന്ന് അവര്‍ സ്വയം മുക്തരായി. അവര്‍ പള്ളി കോലായയില്‍നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോയി. സ്വൂഫി എന്നത് അഹ്‌ലുസ്സ്വുഫ്ഫഃയിലേക്ക് ചേര്‍ത്തുപറയുന്നത് ഭാഷാപരമായിതന്നെ തെറ്റാണ്. സ്വഫിയ്യ് എന്നാണ് അങ്ങനെയെങ്കില്‍ പറയേണ്ടത്. സ്വൂഫി എന്ന പ്രയോഗം സ്വൂഫാനയില്‍നിന്നാണെന്ന് വാദിക്കുന്നവരുണ്ട്. സ്വൂഫാനയിലേക്ക് ചേര്‍ത്തു പറയുമ്പോള്‍ സ്വൂഫാനിയ്യ് എന്നാണ് പറയേണ്ടത്.
തസ്വവ്വുഫ് പില്‍ക്കാലത്തുണ്ടായ പ്രയോഗമാണ്. അതിന്റെ ആദ്യകാല വക്താക്കള്‍ തസ്വവ്വുഫിന്റെ ഗുണഗണങ്ങള്‍ ധാരാളം വിവരിച്ചിട്ടുണ്ട്. അതുപ്രകാരം തസ്വവ്വുഫ് മാനസികവും ആത്മീയവുമായ പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളുമാണ്. തെറ്റായ സ്വഭാവചര്യകള്‍ക്കെതിരിലുള്ള സമരമാണ്. വിരക്തി, വിവേകം, സഹനം, ആത്മാര്‍ഥത, സത്യസന്ധത തുടങ്ങിയ ഗുണവിശേഷങ്ങള്‍ ആര്‍ജിക്കലാണ്. തല്‍ഫലമായി ദുന്‍യാവില്‍ സദ്കീര്‍ത്തിയും ആഖിറത്തില്‍ പ്രതിഫലവും നേടാന്‍ സാധിക്കും. ജുനൈദുബ്‌നു മുഹമ്മദ് തസ്വവ്വുഫിനെ കുറിച്ച് പറയുന്നു: ''ദുഷിച്ച സ്വഭാവങ്ങള്‍ വെടിയലും സല്‍ഗുണങ്ങള്‍ ആര്‍ജിക്കലുമാണ് തസ്വവ്വുഫ്.'' മുഹമ്മദുബ്‌നു ഖഫീഫ് പറയുന്നത് ഇങ്ങനെ: ''എല്ലാവരും അയാഥാര്‍ഥ്യങ്ങള്‍ക്കുമേല്‍ ചടഞ്ഞുകൂടുന്നു. എന്നാല്‍ സൂഫികള്‍ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുന്നു. നിയമത്തിന്റെ ബാഹ്യ വശങ്ങളെക്കുറിച്ച് എല്ലാവരും ചിന്തിക്കുമ്പോള്‍ അവര്‍ സ്വയം ഭക്തിയെയും ചിരന്തന സത്യത്തെയും തേടുന്നു.'' ഇവരുടെ ആദ്യ തലമുറകളില്‍ ഇബ്‌ലീസ് തോന്നിച്ച കാര്യങ്ങള്‍ക്ക് പുറമെ പില്‍ക്കാലക്കാര്‍ക്ക് വേറെ പലതും പിന്നെയും തോന്നിക്കുകയുണ്ടായി. ഓരോ തലമുറ കഴിയുംതോറും സൂഫി അഭിരുചികള്‍ മാറിക്കൊണ്ടുമിരുന്നു. പൂര്‍വികരില്‍ പൂര്‍ണ തൃപ്തിയില്ലാത്ത നിലയിലേക്ക് പില്‍ക്കാലക്കാര്‍ എത്തിപ്പെടാനും ഇതു കാരണമായി.
ഇബ്‌ലീസിന്റെ അടിസ്ഥാന ദൗത്യം അവര്‍ക്ക് അറിവ് തടയുക എന്നതായിരുന്നു. ലക്ഷ്യം അമല്‍ (കര്‍മം) മാത്രമാണെന്നു വന്നു. വിജ്ഞാന കിരണങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ അവര്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു. അവരില്‍ ചിലര്‍ പൂര്‍ണമായ ഭൗതിക വിരക്തിയാണ് ലക്ഷ്യമെന്ന് വാദിച്ചു. ശരീരത്തെ അലങ്കരിക്കുന്ന സര്‍വതും വെടിഞ്ഞു. ധനത്തെ തേളിനോടുപമിച്ചു. മനുഷ്യനന്മക്കായി ദൈവം ഉണ്ടാക്കിയതാണ് സമ്പത്തെന്ന വസ്തുത അവര്‍ വിസ്മരിച്ചു. സ്വയംപീഡയില്‍ അതിരുകവിഞ്ഞു. ഉറക്കം പരിപൂര്‍ണമായി വെടിയുന്ന അതിരുകവിയലുകളില്‍ വരെ കാര്യങ്ങളെത്തി. ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും തങ്ങളുടെ പ്രവൃത്തികളും നടപടിക്രമങ്ങളും ഒട്ടും ഗൗരവമില്ലാത്തതായിപ്പോയി. അറിവില്ലായ്മ കാരണം അവരില്‍ പലരുടെയും ചെയ്തികള്‍ ദുര്‍ബലവും കെട്ടിച്ചമച്ചതുമായ ഹദീസുകളെ ആധാരമാക്കിയായിരുന്നു. തങ്ങള്‍ ചെയ്യുന്നത് എന്താണെന്നു പോലും അവര്‍ക്കറിയില്ലായിരുന്നു.
പിന്നീട് വന്നവര്‍ വിശപ്പ്, ദാരിദ്ര്യം, ദുര്‍ബോധനങ്ങള്‍, വിപത്തുകള്‍ എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഹാരിസുല്‍ മുഹാസബിയെ പോലെ അതിനെക്കുറിച്ച് എഴുതിയവരുമുണ്ട്. വേറെ ചിലര്‍ സൂഫിസരണിയെ ശുദ്ധീകരിക്കാന്‍ ശ്രമിച്ചു. വ്യതിരിക്തമായ ചില സവിശേഷതകള്‍ അതിനു നല്‍കി. ആസ്വാദനം, ഉല്ലാസം, സംഗീതം, നൃത്തം എന്നിവയേക്കാള്‍ തസ്വവ്വുഫിന്റെ പ്രത്യേകത ശുദ്ധിയും സംസ്‌കരണവുമാണെന്ന് സ്ഥാപിച്ചു. എന്നാല്‍ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. സൂഫി ശൈഖുമാര്‍ നൂതനമായ പലതും ആവിഷ്‌കരിച്ചു. ഇല്‍മിനെ, അറിവിനെ അവര്‍ രണ്ടായി തിരിച്ചു; നിഗൂഢമായ അറിവും ബാഹ്യമായ അറിവും. അവരുടെ വീക്ഷണത്തില്‍ ശരീഅത്ത് ബാഹ്യമായ (ളാഹിര്‍) അറിവാണ്. വിവേകരഹിതമായ ഭാവനകള്‍ നിമിത്തം വിശപ്പില്‍ അഭയം തേടിപ്പോയി ഒരു കൂട്ടര്‍. കുഫ്‌റിന്റെയും പുതുനിര്‍മിതി(ബിദ്അത്ത്)യുടെയും ഇടയിലാണിവര്‍ എന്നു പറയേണ്ടിവരും. പിന്നീട് ഇവര്‍ക്കിടയില്‍ ധരാളം ത്വരീഖത്തുകളുണ്ടായി. അവരുടെ ആദര്‍ശങ്ങളും വിശ്വാസങ്ങളും പിഴച്ചു. അവതാര സങ്കല്‍പവും അദൈ്വതവും വരെ തസ്വവ്വുഫിന്റെ ചെലവില്‍ പ്രചരിപ്പിക്കപ്പെട്ടു. വൈവിധ്യപൂര്‍ണമായ നൂതന വാദങ്ങളുമായി ഇബ്‌ലീസ് അവരെ വഴിതെറ്റിച്ചുകൊണ്ടിരുന്നു, അവര്‍ക്ക് പുതിയ ചര്യകള്‍ ഉണ്ടാക്കി നല്‍കിക്കൊണ്ടിരുന്നു, അബൂ അബ്ദുര്‍റഹ്മാന്‍ അസ്സലമി എന്നയാള്‍ കിതാബുസ്സുനന്‍ എന്ന ഗ്രന്ഥം അവര്‍ക്കായി എഴുതി. വ്യാഖ്യാനങ്ങളുടെ പൊരുളുകള്‍ ക്രോഡീകരിച്ചു. പ്രമാണങ്ങളുടെ ആധികാരിക പിന്‍ബലമില്ലാത്ത അതിശയോക്തി കലര്‍ന്ന കാര്യങ്ങളാണ് അതില്‍ മിക്കവാറുമുള്ളത്. യഹ്‌യബ്‌നു മുഅയ്യിന്‍ സൂഫികള്‍ക്കു വേണ്ടി കള്ള ഹദീസുകള്‍ വരെ ഉണ്ടാക്കിയിട്ടുണ്ട്.
അബൂനസ്വ്ര്‍ സിറാജ് സൂഫികള്‍ക്കായി ഗ്രന്ഥ രചന നടത്തിയ ആളാണ്. ലംഉസ്സ്വൂഫിയ്യ എന്ന തന്റെ ഗ്രന്ഥത്തില്‍ പിഴച്ച ആദര്‍ശങ്ങളും നീച വര്‍ത്തമാനങ്ങളും വരെ ചേര്‍ത്തിട്ടുണ്ട്. അബൂത്വാലിബ് അല്‍മക്കിയുടെ ഖൂതുല്‍ ഖുലൂബില്‍ കള്ള ഹദീസുകള്‍, അടിസ്ഥാനരഹിതമായ സ്വലാത്തുകള്‍, വ്യാജവും പിഴച്ചതുമായ വിശ്വാസങ്ങള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. 'അല്ലാഹു തന്റെ ഔലിയാക്കള്‍ക്ക് മുന്നില്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെടും' എന്നുവരെ ആ കൃതിയിലുണ്ട്. അബൂത്വാലിബ് അല്‍മക്കി ബഗ്ദാദിലെത്തി. അദ്ദേഹത്തിന്റെ പ്രഭാഷണസദസ്സില്‍ ആളുകള്‍ ഒരുമിച്ചുകൂടി. അദ്ദേഹം പറഞ്ഞു: 'മനുഷ്യര്‍ക്ക് അവരുടെ സ്രഷ്ടാവിനേക്കാള്‍ ദ്രോഹിയായി മറ്റാരുമില്ല.' ആളുകള്‍ക്ക് അത് ഇഷ്ടമായില്ല. അവരയാളെ അവിടെനിന്ന് ആട്ടിയോടിച്ചു. പിന്നെ അയാളെ സംസാരിക്കാന്‍ അനുവദിച്ചില്ല.
ഇപ്രകാരം തന്നെയാണ് അബൂ നുഐമില്‍ അസ്ബഹാനിയുടെ കിതാബുല്‍ ഹുല്‍യയും. യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കാത്തവിധം അബൂബക്‌റും ഉമറും ഉസ്മാനും അലിയ്യും സൂഫികളായിരുന്നു എന്ന് അതില്‍ സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരെക്കുറിച്ച് ധാരാളം അത്ഭുത സംഭവങ്ങളും അതില്‍ വിവരിക്കുന്നു. ഖാദി ശുറൈഹും ഹസന്‍ ബസ്വരിയും സുഫ്‌യാനു സ്സൗരിയും അഹ്മദുബ്‌നു ഹമ്പലും സൂഫികളായിരുന്നു എന്നുവരെ അതില്‍ വാദിക്കുന്നു. സുഹ്ദിന്റെ വക്താക്കളായിരുന്ന ഫുദൈലും ഇബ്‌റാഹീമുബ്‌നു അദ്ഹമും സൂഫികളുടെ ലിസ്റ്റിലാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിട്ടുള്ളത്.
എന്നാല്‍ തസ്വവ്വുഫ് സുഹ്ദ് പോലെയല്ല. അതിനേക്കാള്‍ വൈപുല്യമുള്ളതാണ്. ഇവ രണ്ടിനുമിടയില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ഇബ്‌നു ഹവാസന്‍ അല്‍ കുശൈരി തന്റെ കിതാബുര്‍രിസാലയില്‍ സൂഫി ചിന്താധാരയെക്കുറിച്ച് എഴുതുന്നു. ഫനാഅ് (നാശം), ബഖാഅ് (നിത്യത), ഖബഌ (പിടുത്തം), ബസ്ത്വ് (വിശാലത), വഖ്ത് (സമയം), ഹാല് (അവസ്ഥ), വജ്ദ് (പ്രേമം), വുജൂദ് (ആസ്തിക്യം), ജംഅ് (ഒരുമിച്ചുചേരല്‍), തഫര്‍റുഖ് (വേര്‍പിരിയല്‍), സ്വഹ്‌വ് (തെളിമ), സകര്‍ (ലഹരി), ദൗഖ് (രുചി), ശുര്‍ബ് (കുടി), മഹ്‌വ് (മറയല്‍), ഇസ്ബാത് (ഉറപ്പ്), തജല്ലി (ദൈവം പ്രത്യക്ഷപ്പെടല്‍), മുഹാദിറത്ത് (ഹാളിറാകല്‍), മുകാശഫത് (വെളിവാക്കല്‍), ശരീഅത്ത് (നിയമം), ഹഖീഖത്ത് (യാഥാര്‍ഥ്യം) തുടങ്ങി വിചിത്രമായ പലതും ഇവര്‍ ആവിഷ്‌കരിച്ചു. യാതൊരടിസ്ഥാനവും ഇതിനില്ല. ഇവയുടെ വ്യാഖ്യാനങ്ങളാകട്ടെ ഇതിലും വിചിത്രമാണ്. മുഹമ്മദുബ്‌നു ത്വാഹിര്‍ മുഖദ്ദസി സ്വഫ്‌വത്തു തസ്വവ്വുഫില്‍ എഴുതിയത് വായിച്ചാല്‍ നാം ലജ്ജിച്ച് തലതാഴ്ത്തും.
ഇമാം അബൂ ഹാമിദില്‍ ഗസാലിയുടെ ഇഹ്‌യായിലും ചില പിശകുകളുണ്ടായിട്ടുണ്ട്. ബാത്വിനിയ്യാ വിഭാഗക്കാരുടെ (നിഗൂഢവാദികള്‍) വാദങ്ങളാണ് അദ്ദേഹം അതിന് ആധാരമാക്കിയത്. വ്യര്‍ഥമായ പലതും അദ്ദേഹം അതില്‍ വിവരിക്കുന്നുണ്ട്. ഫിഖ്ഹിന്റെ തത്ത്വങ്ങള്‍ വിട്ട് ഇല്‍മുല്‍ മുകാശഫ(വെളിപാടുകള്‍)യെ അദ്ദേഹം അതിനായി അവലംബിച്ചു. ഇബ്‌റാഹീം (അ) നക്ഷത്രങ്ങള്‍, ചന്ദ്രന്‍, സൂര്യന്‍ എന്നിവയെ കണ്ടു എന്നതുകൊണ്ടര്‍ഥമാക്കുന്നത് അതിന്റെ പ്രകാശം കണ്ടു എന്നാണ്. അതാകട്ടെ അല്ലാഹു ഇട്ട മറയാകുന്നു. അല്‍ മുഫസ്സ്വഹില്‍ ഇമാം ഗസാലി പറയുന്നു: 'സൂഫികള്‍ തങ്ങളുടെ ഉണര്‍വില്‍ മലക്കുകളെയും നബിമാരുടെ ആത്മാക്കളെയും കാണുന്നുണ്ട്. അവരുടെ ശബ്ദം കേള്‍ക്കാനും പ്രയോജനകരമായത് സ്വീകരിക്കാനും അവര്‍ക്ക് കഴിയും. നാവുകള്‍ക്ക് മൊഴിയാനാകാത്ത അവസ്ഥയിലേക്ക് ഇത് മാറും.'
ഇങ്ങനെയൊക്കെ ഇവര്‍ എഴുതാനും പറയാനും കാരണം അറിവില്ലായ്മയാണ്. ഇസ്‌ലാമിനേക്കാളും സുന്നത്തിനേക്കാളും ജനങ്ങളുടെ നടപ്പുരീതികളെ അവലംബിച്ചതിനാലാണ് ഈ അപകടം സംഭവിച്ചത്. സുഹ്ദിനും അതിന്റെ ആളുകള്‍ക്കും ജനഹൃദയങ്ങളില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. അവരുടെ വാക്കുകള്‍ വശ്യവും നിര്‍മലവുമായിരുന്നു. അതിന്റെ ബാഹ്യരൂപത്തിലാണ് ജനം ആകൃഷ്ടരായത്. പൂര്‍വികരുടെ ചരിത്രം പരിശോധിച്ചാല്‍ അവര്‍ പരുക്കന്‍ ജീവിതമായിരുന്നു ഇഷ്ടപ്പെട്ടിരുന്നതെന്നു കാണാം. ആളുകള്‍ അവരിലേക്ക് ആകൃഷ്ടരാകാന്‍ അത് കാരണമായി. ശുദ്ധിയുടെയും അനുഷ്ഠാനങ്ങളുടെയും ത്വരീഖഃ(സരണി)യായിരുന്നു എന്നത് കൊണ്ടായിരുന്നു അത്. ആദ്യകാലത്ത് സൂഫികള്‍ രാജാക്കന്മാരില്‍നിന്നും നേതാക്കളില്‍നിന്നും അകന്നു ജീവിച്ചിരുന്നുവെങ്കിലും പിന്നീട് അവരുടെ ഉറ്റ ചങ്ങാതിമാരായിത്തീര്‍ന്നു.
സൂഫികൃതികളില്‍ മിക്കതും യാതൊരടിസ്ഥാനവുമില്ലാത്തതാണ്. കേട്ടുകേള്‍വികളും പഴങ്കഥകളുമാണ് മിക്കതിന്റെയും ആധാരം. ഗോപ്യമായ അറിവെന്നാണ് സൂഫികള്‍ ഇതിനെപ്പറ്റി പറയുന്നത്. വസ്‌വാസ് (ദുര്‍മന്ത്രണം), ഖത്വറാത്ത് (തോന്നല്‍) എന്നീ സൂഫിസംജ്ഞകളെ കുറിച്ച് ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പറയുന്നു: 'സ്വഹാബത്തോ താബിഉകളോ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.' ഹാരിസുല്‍ മുഹാസബിയെക്കുറിച്ച് ഇമാം അഹ്മദ് പറയുന്നത്, അദ്ദേഹത്തോടൊപ്പം ഇരിക്കരുതെന്നാണ്. 'ഹാരിസിനെയും അയാളുടെ പുസ്തകങ്ങളെയും സൂക്ഷിക്കണം. വഴികേടുകളിലേക്കും ബിദ്അത്തിലേക്കും മാത്രമേ അത് നിങ്ങളെ നയിക്കുകയുള്ളു.' 'നിങ്ങള്‍ പ്രവാചകാനുചരന്മാരെ കണ്ടുപഠിക്കൂ. ഇയാളേക്കാള്‍ എന്തുകൊണ്ടും അവരാണ് നിങ്ങള്‍ക്കുത്തമം' എന്ന് അബൂ സര്‍അ പറയുന്നുണ്ട്. അപ്പോള്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: 'അതില്‍ ധാരാളം ഗുണപാഠങ്ങളുണ്ടല്ലോ?' രോഷത്തോടെയായിരുന്നു അബൂ സര്‍അ പ്രതികരിച്ചത്; 'അല്ലാഹുവിന്റെ കിതാബില്‍ ഗുണപാഠമില്ലാത്തവര്‍ക്ക് ഈ കിതാബുകളിലും ഗുണപാഠമുണ്ടാകില്ല.'
സൂഫികള്‍ ഔലിയാക്കള്‍ക്ക് അമ്പിയാക്കളേക്കാള്‍ പദവിയുണ്ടെന്ന് വാദിക്കുന്നുണ്ട്. മലക്കുകളെ കണ്ടവരും അവരോട് സംസാരിച്ചവരുമൊക്കെയുണ്ട് സൂഫികളില്‍! അബു യസീദില്‍ ബസ്ത്വാമി നബിക്കുണ്ടായതുപോലെ തനിക്കും മിഅ്‌റാജുണ്ടായതായി അവകാശപ്പെട്ടു. ഹുസൈനുബ്‌നു ഈസായോടാണ് ഇയാളിത് പറഞ്ഞത്. ബസ്ത്വാമികള്‍ അയാളെ അവിടെനിന്നും ആട്ടിയോടിച്ചു. സഹ്‌ലാ ബ്‌നു അബ്ദില്ല എന്ന സൂഫി തന്റെ അടുക്കല്‍ മലക്കുകളും ജിന്നുകളും പിശാചുക്കളും ഹാജറാകാറുണ്ടായിരുന്നു എന്ന് വാദിച്ചിരുന്നു.
സൂഫികളിലെ ആദ്യ തലമുറ ഖുര്‍ആന്‍, സുന്നത്ത് എന്നിവയെ അടിസ്ഥാനമാക്കുമ്പോഴും അറിവില്ലായ്മ മുന്തിനിന്നിരുന്നു. ഇബ്‌ലീസ് അവരില്‍ പലവിധം തോന്നലുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അബൂസുലൈമാന്‍ അദ്ദാറാനി പറയുന്നു: ''പലപ്പോഴും എന്റെ മനസ്സില്‍ പല തമാശകളും തോന്നും. ഒരുകാലത്ത് അത് ജനങ്ങള്‍ക്കിടയില്‍ പ്രചരിച്ചിരുന്നതൊക്കെയാകാം. എങ്കിലും കിതാബിന്റെയും സുന്നത്തിന്റെയും യുക്തമായ തേളിവുകളില്ലെങ്കില്‍ അവയൊന്നും ഞാന്‍ സ്വീകരിക്കുകയില്ല.'' അബൂയസീദില്‍ ബസ്ത്വാമി പറയുന്നു: ''ഖുര്‍ആന്‍ പാരായണം, വിരക്ത ജീവിതം, ജമാഅത്തിലെ നിഷ്ഠ, ജനാസയില്‍ പങ്കെടുക്കല്‍, രോഗിയെ സന്ദര്‍ശിക്കല്‍ എന്നിവ ഉപേക്ഷിക്കുകയും ഇവക്കുവേണ്ടി വാദിക്കുകയും ചെയ്താല്‍ അയാള്‍ മുബ്തദിഅ് (നൂതനവാദി) ആണ്.'' അബ്ദുല്‍ ഹമീദുല്‍ ഹുബലി പറയുന്നു: ''നിയമത്തിന്റെ പ്രകടരീതികള്‍ക്ക് വിരുദ്ധമായി ഗോപ്യമായ അറിവിനുവേണ്ടി ഒരുവന്‍ വദിച്ചാല്‍ അയാള്‍ തെറ്റുകാരനാണ്.'' ജുനൈദ് പറയുന്നു: ''നമ്മുടെ മദ്ഹബ് ഖുര്‍ആനിനും സുന്നത്തിനും വിധേയമാണ്. കിതാബും സുന്നത്തും പഠിക്കാത്തവന്‍ അറിവുള്ളവനല്ല. അയാളെ പിന്തുടരാനും പാടില്ല. തസ്വവ്വുഫ് പറഞ്ഞു കേള്‍ക്കുന്ന കാര്യങ്ങളൊന്നുമല്ല. വിശപ്പും ഭൗതിക വിരക്തിയും സുഖാഡംബരങ്ങള്‍ ത്യജിക്കലും അല്ലാഹുവുമായുള്ള നല്ല ബന്ധം നിലനിര്‍ത്തലുമാകുന്നു. അതിന്റെ അടിസ്ഥാനം ദുന്‍യാവിനോടുള്ള വേര്‍പിരിയല്‍ തന്നെ.'' ഹാരിസ പറഞ്ഞതുപ്രകാരം, 'ഞാന്‍ ലോകത്തെ അറിഞ്ഞു. എന്റെ രാവുകളില്‍ ഞാന്‍ ഉണര്‍ന്നിരുന്നു. പകലുകളില്‍ ഞാന്‍ ദാഹം സഹിച്ചു.' അബൂ ബക ശഫാഫ് പറയുന്നു: 'ദൈവിക വിധികളിലെ കല്‍പനകളും നിരോധനങ്ങളും പ്രകടമായ നിലക്ക് ആര് വെടിയുന്നുവോ അയാള്‍ക്ക് ഗോപ്യമായ ഹൃദയസാക്ഷ്യം നിഷിദ്ധമായിരിക്കുന്നു.' ഹസന്‍ നൂരി തന്റെ അനുയായികളോട് പറയാറുണ്ടായിരുന്നു; 'ഇസ്‌ലാമിക നിയമങ്ങളില്‍നിന്ന് ഞാന്‍ ഒഴിവാണെന്ന് ഒരാള്‍ അല്ലാഹുവിനെ ചേര്‍ത്ത് വാദിച്ചാല്‍ അയാളെ നിങ്ങള്‍ സമീപിക്കുക പോലും അരുത്. അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമായ കാര്യങ്ങള്‍ ഒരാള്‍ വാദിച്ചാല്‍ അയാളുടെ ദീന്‍ പോലും സംശയിക്കേണ്ടതായിട്ടുണ്ട്.' ജരീരിയുടെ അഭിപ്രായത്തില്‍, 'നമ്മുടെ അടുക്കല്‍ ഇതെല്ലാം ഒറ്റ വിഷയമാണ്. നീ ദൈവത്തോട് ചേര്‍ന്നുനില്‍ക്കുക. ഇല്‍മിന്റെ പ്രത്യക്ഷ താല്‍പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക.' അബൂജഅ്ഫര്‍ പറയുന്നു: ''ആര്‍ തന്റെ വാക്കുകളും പ്രവൃത്തികളും കിതാബും സുന്നത്തും വെച്ച് തുലനം ചെയ്യുന്നില്ലയോ, തന്റെ മനോഗതങ്ങളെ സംശയിക്കുന്നില്ലയോ അയാള്‍ ദീനീ വ്യക്തിത്വമുള്ളവനല്ല.''
സൂഫി ശൈഖുമാരായ, മേല്‍ ഉദ്ധരിക്കപ്പെട്ടവരുടെ വാക്കുകള്‍ സത്യമാണെങ്കില്‍, പല സൂഫി ശൈഖുമാര്‍ക്കും അവിവേകത്താല്‍ പല തെറ്റുകളും സംഭവിച്ചിട്ടുണ്ടെന്ന് സമ്മതിക്കേണ്ടിവരും. അതിനാല്‍ അത് തിരുത്തേണ്ടത് നമ്മുടെ ബാധ്യതയാണ്. കാരണം സത്യത്തിന്റെയും ധര്‍മത്തിന്റെയും കാര്യത്തില്‍ പക്ഷപാതിത്വം പാടില്ല. അവര്‍ക്ക് തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍, അവര്‍ ആരായാലും അവരെ സൂക്ഷിക്കണം. ഒരു ജനത്തോട് സാദൃശ്യപ്പെടുന്നവര്‍ അവരില്‍പെട്ടവരാണ് എന്നാണല്ലോ. ഇവരുടെ പിഴവുകള്‍ ധാരാളമാണ്. ഇത്തരക്കാര്‍ക്ക് സംഭവിച്ച ചില പിഴവുകള്‍ മാത്രമാണ് ചൂണ്ടിക്കാണിച്ചത്. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത് തെറ്റു ചെയ്തവരെ ആക്ഷേപിക്കാനല്ല. ഇസ്‌ലാമിന്റെ പവിത്രത സംരക്ഷിക്കാനും ദീനിനോടുള്ള നമ്മുടെ പ്രതിബദ്ധത കാരണമായിട്ടുമാണ് നാം ഈ ഉദ്യമത്തിനു മുതിര്‍ന്നത്. അറിവ് ആര്‍ജിച്ചാല്‍ വന്നുചേരുന്ന ഉത്തരവാദിത്തമാണിത്. സത്യത്തെ വിശദീകരിക്കാന്‍ പണ്ഡിതന്മാര്‍ ഈ ദൗത്യം തുടര്‍ന്നുകൊണ്ടേയിരിക്കും. അനുഗൃഹീതരായ സാഹിദുകളെക്കുറിച്ചാണോ നിങ്ങള്‍ ഇങ്ങനെയൊക്കെ പറയുന്നത് എന്ന അവിവേകികളുടെ വര്‍ത്തമാനത്തെ ഞാന്‍ അവഗണിക്കുന്നു. നമ്മുടെ വിധേയത്വം ദൈവത്തോടും അവന്റെ നിയമങ്ങളോടുമാണ്; വ്യക്തികളോടല്ല. വ്യക്തികള്‍ ഔലിയാക്കളോ സ്വര്‍ഗാവകാശികളോ ആരുമാകട്ടെ, അവരുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നത് അവരുടെ പദവികളെ ഒരുനിലക്കും ബാധിക്കുന്നില്ല. പദവി നല്‍കുന്നത് അല്ലാഹുവാണ്.
ഒരു കാര്യം ഞാന്‍ സൂചിപ്പിക്കട്ടെ, തെളിവുകളൊന്നുമില്ലാതെ ഒരു വ്യക്തിയെ മഹത്വവല്‍ക്കരിക്കുന്നവര്‍ ഈസാ നബി(അ)യുടെ അത്ഭുത പ്രവൃത്തികള്‍ കണ്ട് അദ്ദേഹത്തില്‍ ദിവ്യത്വം ആരോപിക്കുന്നവരെ പോലെയാണ്. ഈസാ നബിയില്‍ ദിവ്യത്വം ദര്‍ശിച്ചവര്‍, അദ്ദേഹം ഭക്ഷണം കഴിച്ചിട്ടാണ് ജീവിക്കുന്നതെന്ന് ചിന്തിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഒട്ടും യോജിക്കാത്ത ദിവ്യത്വം അദ്ദേഹത്തിന് അവര്‍ ചാര്‍ത്തി നല്‍കില്ലായിരുന്നു. ഇമാം അഹ്മദുബ്‌നു ഹമ്പല്‍ ഒരാളെ അത്യധികം പുകഴ്ത്തി. പിന്നീട് അയാളെക്കുറിച്ച് ധാരാളം തെറ്റുകള്‍ സംഭവിച്ച വ്യക്തിയാണെന്ന് കേട്ടപ്പോള്‍ ഇമാം  പറഞ്ഞു: 'ഈ തെറ്റുകളില്ലായിരുന്നുവെങ്കില്‍ ഇയാള്‍ എത്ര നല്ല മനുഷ്യനാകുമായിരുന്നു.'
  
(അബ്ദുര്‍റഹ്മാനുബ്‌നുല്‍ ജൗസി (ഹി.510-592) രചിച്ച തല്‍ബീസു ഇബ്‌ലീസ് എന്ന കൃതിയില്‍നിന്ന്. വിവ: സൈനുദ്ദീന്‍ അടിമാലി)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍