Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 29

2949

1437 റജബ് 21

ക്ഷാമകാലത്തെ ജലനിലപാടുകള്‍

കെ.ടി അബ്ദുസ്സമദ്, ദുബൈ

രു ജലദിനം (മാര്‍ച്ച് 22) കൂടി കടന്നുപോയി. ഓരോ തുളളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ 1993 മുതലാണ് ഐക്യരാഷ്ട്ര സഭ ജലദിനം ആചരിച്ചുവരുന്നത്.
'ജലം അമൂല്യമാണ്, പാഴാക്കരുത്', 'ഇനിയൊരു യുദ്ധം ഉണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിനു വേണ്ടിയായിരിക്കും' തുടങ്ങിയ പ്ലക്കാര്‍ഡുകളേന്തി തെരുവിലിറങ്ങുമ്പോഴും സെമിനാറുകള്‍ സംഘടിപ്പിക്കുമ്പോഴും പാഴാക്കിക്കൊണ്ടിരിക്കുന്ന വെള്ളത്തെക്കുറിച്ച് നമ്മില്‍ അധികമാളുകളും ബോധവാന്മാരല്ല എന്നതാണ് സത്യം. പാഴാക്കുന്ന വെള്ളത്തേക്കാള്‍ അനേകമിരട്ടിയാണ് ഓരോ ദിവസവും മനുഷ്യര്‍ മലിനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന നഗരവല്‍ക്കരണവും പ്രകൃതിയില്‍നിന്ന് മനുഷ്യന്‍ അകന്നതും ഇതിന് കാരണമാണ്.
യഥാര്‍ഥത്തില്‍ ഭൂമിയിലെ ജലത്തിന്റെ അളവ് കുറഞ്ഞതുകൊണ്ടല്ല ജലക്ഷാമം അനുഭവപ്പെടുന്നത്. ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും ആവശ്യമായ വെള്ളം ഭൂമിയില്‍ അല്ലാഹു ഒരുക്കിയിട്ടുണ്ട്.
മനുഷ്യനെ സംബന്ധിച്ചേടത്തോളം ജനനം മുതല്‍ മരണം വരെ വെള്ളം ആവശ്യമുണ്ട്. 'പാനീയം പ്രാണിനാല്‍ പ്രാണം' എന്നാണ് ചൊല്ല്. ഭൂമിയുടെ നാലില്‍ മൂന്ന് ഭാഗം വെള്ളമാണെന്നതുപോലെ, മനുഷ്യശരീരത്തിലെ 70 ശതമാനവും വെള്ളമാണ്.
ലോകത്ത് മുപ്പതിലേറെ രാജ്യങ്ങള്‍ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ടണ്ട്. 110 കോടി ജനങ്ങള്‍ക്ക് ജലം വേണ്ടത്ര ലഭിക്കുന്നില്ല. ഒരു പതിറ്റാണ്ടു കഴിഞ്ഞാല്‍ മൂന്നിലൊരാള്‍ക്ക് ജലം അന്യമാവുമെന്നാണ് യു.എന്‍ മുന്നറിയിപ്പ്. വെള്ളത്തിന് കേരളത്തില്‍ ഇത്തവണ കടുത്ത ക്ഷാമം അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആളുകള്‍ വെള്ളത്തിനു വേണ്ടി നെട്ടോട്ടമോടുന്നു. കുളങ്ങളും കിണറുകളും നദികളുമെല്ലാം വറ്റുന്നു. പാടങ്ങളിലെയും വയലുകളിലെയും കൃഷി നാശത്തിന്റെ വക്കിലാണ്.
ജലസംരക്ഷണത്തില്‍ വിശ്വാസിയുടെ ബാധ്യത എന്താണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. ജലം പ്രകൃതി വിഭവവും സാമൂഹിക സ്വത്തുമാണ് എന്ന ബോധമാണ് ഒന്നാമതായി വേണ്ടത്. ജലസംരക്ഷണം ജീവിതാവശ്യത്തിന് എന്നതിലുപരി, തന്റെ ധാര്‍മിക ബാധ്യതയായി വിശ്വാസി തിരിച്ചറിയണം. നമ്മെ പോലെ നമ്മുടെ സഹോദരന്നും  നമ്മുടെ തലമുറക്കും മാത്രമല്ല, വരും തലമുറകള്‍ക്കും അവകാശപ്പെട്ടതാണെന്നുള്ള ബോധ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയണം.

ജലലഭ്യത ഉറപ്പുവരുത്താന്‍:
1. പരമാവധി സംഭരിച്ചുവെക്കുക
കുളങ്ങള്‍, കിണറുകള്‍, തോടുകള്‍ എന്നിവ നിര്‍മിക്കുക. ഇസ്‌ലാം ഇതിന് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രവാചകന്‍ (സ) മദീനയില്‍നിന്ന് അല്‍പം അകലെയുള്ള അരുവിയില്‍നിന്ന് ശുദ്ധവെള്ളം കൊണ്ടുവന്ന് എപ്പോഴും സൂക്ഷിക്കാറുണ്ടായിരുന്നു. സഅ്ദുബ്‌നു ഉബാദ(റ)യുടെ മാതാവ് മരണപ്പെട്ടപ്പോള്‍ പ്രവാചകന്റെയടുക്കല്‍ വന്ന് തന്റെ മാതാവിനു വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല പ്രവര്‍ത്തനം ഏതാണെന്ന് അദ്ദേഹം ചോദിച്ചപ്പോള്‍, കിണര്‍ കുഴിക്കാന്‍ പ്രവാചകന്‍ പറഞ്ഞുവെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കിണര്‍ നിര്‍മിച്ച് പുണ്യം നേടാമെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുകയായിരുന്നു.
ദേശീയ ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികം വെള്ളം കേരളത്തില്‍ ലഭിക്കുന്നുണ്ട്. നമ്മുടെയത്ര മഴ ലഭിക്കാത്ത തമിഴ്‌നാട് പറയത്തക്ക ജലക്ഷാമമില്ലാതെ മുന്നോട്ടു പോകുമ്പോള്‍ നാം മൂന്ന് മാസം വെള്ളമില്ലാതെ പ്രയാസപ്പെടുന്നു. കേരളം 15-20 ഡിഗ്രി ചെരിഞ്ഞു നില്‍ക്കുന്നതുകൊണ്ട് ഇവിടെ പെയ്യുന്ന മഴവെള്ളമെല്ലാം അറബിക്കടലിലേക്ക് ഒലിച്ചുപോകുന്നു. ഇതിന് തടയിടണമെങ്കില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മഴയെ നാം പരമാവധി സംഭരിച്ചുവെക്കണം.
പണ്ടുകാലങ്ങളില്‍ മഴവെള്ളം പാഴാകാതിരിക്കാന്‍ പറമ്പ് കിളക്കുകയോ കുഴിയുണ്ടാക്കുകയോ ചെയ്യുമായിരുന്നു. ഇങ്ങനെ ഭൂമി സംഭരിച്ചുവെച്ച വെള്ളം വേനല്‍ക്കാലത്ത് ഉറവകളായി കിട്ടുന്നതിനാല്‍ ക്ഷാമം അനുഭവപ്പെട്ടിരുന്നില്ല. ഇന്ന് നമ്മുടെ മുറ്റമെല്ലാം ഒരു തുള്ളി വെള്ളം പോലും ഭൂമിക്കടിയിലേക്ക് പോകാത്ത വിധം ഇന്റര്‍ലോക്ക് ചെയ്തുകഴിഞ്ഞു. പറമ്പുകളില്‍ കൊത്തിക്കിളയോ കൃഷിയോ നടക്കുന്നില്ല. പ്ലാസ്റ്റിക് വസ്തുക്കള്‍ അശ്രദ്ധമായി വലിച്ചെറിയുന്നതുകാരണം വെള്ളം ഭൂമിയിലേക്ക് താഴ്ന്നുപോകുന്നില്ല. നമ്മുടെ പറമ്പില്‍, മുറ്റത്ത് ലഭിച്ചുകൊണ്ടിരിക്കുന്ന വെള്ളം എത്രയും പെട്ടെന്ന് പൊതുവഴിയിലേക്കോ തോടിലേക്കോ തിരിച്ചുവിടുന്നു. ചുരുക്കത്തില്‍, ജലം നാം സംഭരിച്ചുവെക്കാതെ പുറന്തള്ളുന്നതുകൊണ്ടുകൂടിയാണ് ഈ വെള്ളക്ഷാമം.

2. ദാനം ചെയ്യുക
എല്ലാവരും ഉപയോഗിക്കേണ്ട പൊതു സ്വത്താണ് വെള്ളമെന്ന് മനസ്സിലാക്കി പരമാവധി ദാനം ചെയ്യുക. ഇത് പ്രവാചകന്‍(സ) വളരെയധികം പ്രോത്സാഹിപ്പിച്ച പുണ്യകര്‍മമാണ്. ജലക്ഷാമം മുതലെടുത്ത്, സ്വന്തം കിണറ്റിലെയും മറ്റും വെള്ളം കച്ചവടം ചെയ്യുന്നവരെ കാണാറുണ്ട്. ഇത് പ്രവാചകന്‍ വിലക്കിയതാണ്. 'നിങ്ങള്‍ വെള്ളം വില്‍ക്കരുത്' എന്നാണ് നബിയുടെ അധ്യാപനം. മദീനയിലെ പ്രശസ്തമായ 'ബിഅ്‌റു റൂമാത്ത്' ഒരു ജൂതന്‍ സ്വകാര്യവല്‍ക്കരിച്ച് കച്ചവടം നടത്തിയതും അത് ഉസ്മാന്‍ (റ) പ്രവാചകന്റെ നിര്‍ദേശപ്രകാരം വിലകൊടുത്തുവാങ്ങി ദാനം ചെയ്തതും പ്രസിദ്ധമാണല്ലോ.
മനുഷ്യന്റെ മൗലികാവകാശമായ വെള്ളം ഇന്ന് കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. ജല മാഫിയ എന്ന് വിളിക്കാവുന്ന സംഘങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. ജലസമൃദ്ധമായിരുന്ന നമ്മുടെ കേരളം പോലും ഇത്തരം മാഫിയകളുടെ പിടിയിലകപ്പെടുകയാണ്. കല്യാണങ്ങളിലും സല്‍ക്കാരങ്ങളിലും കുപ്പിവെള്ളം അലങ്കാരവിഭവമാണിപ്പോള്‍. വെള്ളം കാശുകൊടുത്ത് വാങ്ങുന്നത് കൗതുകത്തോടെയും അത്ഭുതത്തോടെയും കണ്ടിരുന്ന കാലം പൊയ്മറഞ്ഞു.

3. മലിനമാക്കാതിരിക്കുക
തോടുകളിലും കുളങ്ങളിലും നദികളിലും വെള്ളം കുറയുമ്പോള്‍ വിഷം കലക്കി മീന്‍ പിടിക്കാറുണ്ട് ചിലര്‍. മലിന ജലം പുഴയിലേക്കും മറ്റും ഒഴുക്കിവിടുന്നതും കാണാം. വ്യവസായശാലകള്‍ അധികവും മലിനജലവും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടുന്നത് നദികളിലേക്കാണ്. രോഗങ്ങളില്‍ അഞ്ചില്‍ നാലും മലിനജലത്തില്‍നിന്നാണ് വരുന്നതെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഒഴുകാത്ത, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കുന്നതു പോലും ഇസ്‌ലാം നിരോധിച്ചിരിക്കുന്നു.
വൃത്തി ഈമാനിന്റെ പകുതിയാണെന്ന് ഉദ്‌ബോധിപ്പിക്കപ്പെട്ട സത്യവിശ്വാസിക്ക് വെള്ളം മലിനമാക്കാന്‍ ഒരിക്കലും കഴിയില്ല. കുടിക്കാനുള്ള പാനീയത്തിലേക്ക് നിശ്വസിക്കുന്നതു പോലും പ്രവാചകന്‍ നിരോധിച്ചു. നിശ്വാസ വായുവിലെ അണുക്കള്‍ വെള്ളത്തില്‍ കലരുമ്പോള്‍ അത് ജലത്തിന് ദോഷം വരുത്തുമെന്ന് ശാസ്ത്രം സൂചിപ്പിക്കുന്നു.

4. അമിതോപയോഗമരുത്
വെള്ളം ധൂര്‍ത്തടിച്ചുകളയുന്നതിനെ ഇസ്‌ലാം വിലക്കി. ഇബാദത്തിന്റെ ഭാഗമായ കുളിക്കും വുദൂഇനുമെല്ലാം ധാരാളം വെള്ളം ഉപയോഗിക്കാമെന്ന ധാരണ നമ്മില്‍ പലര്‍ക്കുമുണ്ട്. ഒഴുകിക്കൊണ്ടിരിക്കുന്ന നദിയില്‍നിന്നാണ് വുദൂഅ് ചെയ്യുന്നതെങ്കില്‍ പോലും അമിതവ്യയം പാടില്ലെന്ന് അനസ് (റ) വുദൂഅ് ചെയ്യുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍ (സ) അദ്ദേഹത്തെ ശാസിക്കുകയുണ്ടായി. മറ്റൊരിക്കല്‍ ഒരാള്‍ നബി(സ)യുടെ അടുക്കല്‍ വന്ന് വുദൂഅ് ചെയ്യുന്നത് കാണിച്ചുതരണമെന്ന്  ആവശ്യപ്പെട്ടപ്പോള്‍, അംഗസ്‌നാനത്തിന് നിര്‍ദേശിക്കപ്പെട്ട അവയവങ്ങള്‍ മൂന്ന് പ്രാവശ്യം കഴുകി കാണിച്ചുകൊടുത്ത ശേഷം അവിടുന്ന് പറഞ്ഞു: ''ഇതാണ് വുദൂഅ്. ആരെങ്കിലും ഇതിനേക്കാള്‍ അധികരിപ്പിച്ചാല്‍ അവന്‍ തെറ്റു ചെയ്യുകയും തിന്മ പ്രവര്‍ത്തിക്കുകയും അക്രമം കാണിക്കുകയും ചെയ്തു.''
നബി (സ) ഒരു മുദ്ദ് (ഏകദേശം ഒരു കപ്പ്) കൊണ്ട് വുദൂഅ് എടുക്കുകയും നാലു മുദ്ദ് കൊണ്ട് നിര്‍ബന്ധ കുളി നിര്‍വഹിക്കുകയും ചെയ്യാറുണ്ടായിരുന്നു. കുളിക്കുമ്പോഴും വുദൂഅ് എടുക്കുമ്പോഴും വസ്ത്രങ്ങളും പാത്രങ്ങളും മറ്റും കഴുകുമ്പോഴും പാഴാക്കിക്കളയുന്ന വെളളം എത്രത്തോളമെന്ന് ഓരോരുത്തരും ആലോചിക്കുക. പ്രവാചകാധ്യാപനങ്ങള്‍ നാം സ്വയം ഉള്‍ക്കൊള്ളുകയും കര്‍മപഥത്തില്‍ കൊണ്ടുവരികയും സമൂഹത്തിന് പകര്‍ന്നുനല്‍കുകയും വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-24 / അന്നൂര്‍ /16-20
എ.വൈ.ആര്‍