Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

ശുഭപ്രതീക്ഷ നിറഞ്ഞതാവട്ടെ ജീവിതം

ശമീര്‍ബാബു കൊടുവള്ളി

'ഈ വരണ്ട ഭൂമിയെ കുറിച്ചോര്‍ത്ത് നീ നിരാശനാകരുത്. നീ അതിനെ സംസം കൊണ്ടോ കണ്ണുനീര്‍ കൊണ്ടോ രക്തം കൊണ്ടോ നനക്കുക. എങ്കില്‍ നിനക്ക് നേട്ടങ്ങള്‍ കൊയ്‌തെടുക്കാം. അനുഗ്രഹങ്ങളും സമൃദ്ധിയും കൈവരിക്കാം'

-അല്ലാമാ ഇഖ്ബാല്‍ 

വിശ്വാസി തന്റെ ജീവിതത്തില്‍ നിര്‍ബന്ധമായും ഉറപ്പുവരുത്തേണ്ട സവിശേഷമായ ഗുണമാണ് ശുഭപ്രതീക്ഷ. സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും വിജയപരാജയങ്ങളും കൂടിച്ചേര്‍ന്നതാണ് ജീവിതം. ജീവിതത്തില്‍ എന്തിനെയും ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അഭിമുഖീകരിക്കണം. ശുഭപ്രതീക്ഷയാണ് ജീവിതത്തിന് കരുത്തും മനസ്സിന് സംതൃപ്തിയും നല്‍കുന്നത്. ക്രിയാത്മകമായി ചിന്തിക്കാനും നിഷേധാത്മകമായി വികാരപ്പെടാതിരിക്കാനും സാധിക്കണം. ക്രിയാത്മക ചിന്തയാണ് ജീവിതത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അസാധ്യത എന്ന ഒന്നില്ലെന്ന് ഉറച്ചുവിശ്വസിക്കണം. എന്തിനും സാധിക്കും, ഭാവി ഭാസുരമാണ്, സാധ്യതകളുടെ കലയാണ് ജീവിതം തുടങ്ങിയ ജീവസ്സുറ്റ തത്ത്വങ്ങളാവണം ജീവിതത്തിന്റെ അടിസ്ഥാനം. നിഷേധാത്മക വികാരം ജീവിതത്തെ അധോഗതിയിലേക്കാണ് നയിക്കുന്നത്. ഒന്നിനും സാധിക്കില്ല, ഭാവി ഇരുളടഞ്ഞതാണ് തുടങ്ങിയ വികാരങ്ങള്‍ വിഷാദചിത്തരിലെ വിഷബീജങ്ങളാണ്. നമ്മുടെ ബോധപൂര്‍വമുള്ള ജീവിതം സ്വത്ത്വത്തെയും അതിന്റെ രണ്ട് ഭാഗങ്ങളായ ആത്മാവിനെയും യുക്തിയെയും ഓരോ നിമിഷവും നവീകരിച്ചുകൊണ്ടിരിക്കും. അഭിമാനബോധം ശുഭപ്രതീക്ഷയുടെ മുന്നുപാധിയാണ്. സ്വന്തത്തെ ഒരാള്‍ ആദരിക്കുന്നില്ലെങ്കില്‍ ഇതരര്‍ ആരും അവനെ ആദരിക്കുകയില്ല. സ്വന്തത്തെക്കുറിച്ച് അഭിമാനബോധം ഉണ്ടാവണം. വിശ്വസിക്കുന്ന ആദര്‍ശത്തില്‍ അഭിമാനബോധം ഉണ്ടാവണം. സ്വന്തം ജോലി, കുടുംബം, സമൂഹം തുടങ്ങിയവയിലെല്ലാം അഭിമാനബോധം ഉണ്ടാവണം. അഭിമാനബോധം ഉണ്ടെങ്കിലേ ശുഭപ്രതീക്ഷ നിലനിര്‍ത്താനാവുകയുള്ളൂ. 

ശുഭപ്രതീക്ഷ മുസ്‌ലിംജീവിതത്തിന്റെ അടയാളമാവണമെന്നാണ് ഇസ്‌ലാമികപാഠം. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''നിശ്ചയം വിശ്വസിക്കുകയും നാടുവെടിയുകയും ദൈവമാര്‍ഗത്തില്‍ സമരത്തിലേര്‍പ്പെടുകയും ചെയ്തവര്‍, അവരാണ് ദൈവികകാരുണ്യം പ്രതീക്ഷിക്കുന്നവര്‍'' (അല്‍ ബഖറ: 212). വിശ്വാസം, പലായനം, പോരാട്ടം എന്നിവയില്‍ നിമഗ്നനായ സാധകന്റെ ആത്മീയവും ഭൗതികവുമായ കരുത്താണ് ദൈവത്തിന്റെ കാരുണ്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയെന്നത്. ''നിങ്ങള്‍ നിന്ദിതരോ ദുഃഖിതരോ ആവരുത്. സത്യവിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് അത്യുന്നതര്‍'' (ആലു ഇംറാന്‍: 139). പ്രവാചകന്‍ (സ) പറയുകയുണ്ടായി: ''നിങ്ങളിലൊരാളും ദൈവത്തെക്കുറിച്ച് സദ്ഭാവന വെച്ചുപുലര്‍ത്തുന്നവനായിട്ടല്ലാതെ മരിക്കാവതല്ല'' (മുസ്‌ലിം). 

അടിയുറപ്പുള്ള ആദര്‍ശബോധത്തിന്റെ ഫലമാണ് ശുഭപ്രതീക്ഷ. അഥവാ വിശ്വാസത്തില്‍ ചാലിച്ച ശുഭപ്രതീക്ഷയുടെ ഉറവിടം ആദര്‍ശബോധമാണ്. 'അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ല, മുഹമ്മദ്(സ) അല്ലാഹുവിന്റെ ദൂതനാകുന്നു' എന്ന ആദര്‍ശം ശുഭപ്രതീക്ഷയുടെ ചക്രവാളങ്ങളാണ് സാധകന്റെ മുമ്പില്‍ തുറന്നുവെക്കുന്നത്. 'നിങ്ങള്‍ അല്ലാഹുവല്ലാതെ മറ്റൊരു ദൈവമേയില്ലെന്ന് പ്രഖ്യാപിക്കുക, എങ്കില്‍ നിങ്ങള്‍ വിജയിക്കും' എന്ന പ്രവാചകന്റെ ആഹ്വാനം പ്രവാചകസഖാക്കള്‍ക്ക് നല്‍കിയ ശുഭപ്രതീക്ഷ ചില്ലറയായിരുന്നില്ല. അതോടൊപ്പം ദൈവത്തെ ഭയപ്പെടുകയും അവനെ അനുസരിക്കുകയും അവന്റെ കല്‍പനകള്‍ പാലിക്കുകയും നിരോധങ്ങള്‍ വെടിയുകയും ചെയ്തുകൊണ്ട്  ജീവിതം നയിച്ചാല്‍ ഓരോ കാര്യത്തിന്റെയും പര്യവസാനം പ്രത്യാശാപൂര്‍ണമായിരിക്കും.

ആത്മാവിന്റെ ഔഷധമാണ് ശുഭപ്രതീക്ഷ. ശുഭപ്രതീക്ഷ ഉണ്ടെങ്കിലേ ആത്മാവിന് ശാന്തിയും സമാധാനവും ലഭിക്കുകയുള്ളൂ. ശുഭപ്രതീക്ഷയില്ലെങ്കില്‍ ആത്മാവ് തിരമാലകള്‍ ഒഴിയാത്ത സാഗരം പോലെ എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. ഏകാഗ്രതയോടെ ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ അത് എങ്ങോ അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കും. ആവശ്യമില്ലാത്ത ചിന്തകളായിരിക്കും ആ ആത്മാവില്‍ കൂടുകെട്ടുക. ശുഭപ്രതീക്ഷ അസ്തമിക്കുമ്പോഴാണ് ആത്മഹത്യ പോലുള്ള നിത്യവിനാശത്തില്‍ പലരും അഭയം തേടുന്നത്. ''നിങ്ങള്‍ നിങ്ങളുടെ കൈകളാല്‍ നിങ്ങളെത്തന്നെ ആപത്തിലകപ്പെടുത്തരുത്'' (അല്‍ബഖറ: 195). ആത്മാവിന് വിഷാദം അനുഭവപ്പെടുമ്പോള്‍ 'ആത്മാവേ വെറുതെ വിഷാദപ്പെടാതെ സകല പ്രത്യാശകളും ദൈവത്തില്‍ അര്‍പ്പിക്കൂ' എന്ന വാക്യം ഉരുവിടുന്നത് നന്നായിരിക്കും.

യുക്തിക്ക് തെളിച്ചവും ജീവിതത്തിന് ഉണര്‍വും ലഭിക്കണമെങ്കില്‍ ശുഭപ്രതീക്ഷ കൂടിയേ തീരൂ. നല്ല മനസ്സാണ് നല്ല ആരോഗ്യത്തിന്റെയും നല്ല ധിഷണയുടെയും നല്ല സ്വഭാവങ്ങളുടെയും അടിസ്ഥാനം. കാലുഷ്യങ്ങളില്‍നിന്നും പ്രതിസന്ധികളില്‍നിന്നും മനസ്സ് തീര്‍ത്തും മുക്തമാവുമ്പോഴാണ് അതില്‍ പ്രയോജനപരവും ആരോഗ്യകരവുമായ വിപ്ലവചിന്തകള്‍ രൂപപ്പെടുന്നത്. സര്‍ഗാത്മകതയുടെ പ്രപഞ്ചം തുറക്കാന്‍ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കില്‍ ശുഭപ്രതീക്ഷയുടെയും ഭാവനയുടെയും ലോകം അവന്‍  ആദ്യം തുറന്നുകൊള്ളട്ടെ.     

ജീവിതത്തില്‍ ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് മികച്ച മാതൃകകളാണ് പ്രവാചകന്മാര്‍. ഓരോ പ്രവാചകനും ജീവിതത്തെയും ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളെയും സമീപിച്ചത് നിര്‍മാണാത്മകമായും ശുഭാപ്തിയോടെയുമായിരുന്നു. ദൈവികമായ ഉള്‍വിളികളും പ്രചോദനങ്ങളുമാണ് അവരെ നിയന്ത്രിച്ചുകൊണ്ടിരുന്നത്. ജീവിതത്തിന്റെ ഏതു ഭാഗത്തേക്ക് തിരിഞ്ഞാലും ശരി അവിടെയെല്ലാം നന്മയും മൂല്യവും പ്രതീക്ഷയും കണ്ടെത്തി അവര്‍. പ്രതികൂല സാഹചര്യങ്ങളെ ഉയര്‍ന്ന മനസ്സോടെ അതിജീവിച്ചുപോന്നു. മക്കയില്‍നിന്ന് മദീനയിലേക്കുള്ള പലായനത്തിന്റെ മധ്യേ തന്നെ പിടികൂടാന്‍ വന്ന ശത്രുവായ സുറാഖയോട് മുഹമ്മദ് (സ) പറഞ്ഞ വാക്ക് പ്രവാചകനിലെ തികഞ്ഞ ശുഭപ്രതീക്ഷയെയാണ് അടയാളപ്പെടുത്തുന്നത്. പ്രവാചകന്‍ സുറാഖയോട് പറഞ്ഞു: ''കിസ്‌റയുടെ വളയങ്ങള്‍ നിന്റെ കൈകളില്‍ അണിയിക്കുമ്പോള്‍ നിന്റെ അവസ്ഥ എന്തായിരിക്കും.'' തീര്‍ത്തും പ്രതികൂലവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ സാഹചര്യത്തിലാണ് പ്രവാചകന്‍ ഈ പ്രവചനം നടത്തിയതെന്ന് ഓര്‍ക്കണം.

ആത്മവിശ്വാസവും ക്രിയാത്മക മനോഭാവവുമാണ് വ്യക്തിയെ ഉയരങ്ങളിലേക്ക് നയിക്കുന്നത്. വിശ്വാസി നിര്‍മാണാത്മകമായും ശുഭപ്രതീക്ഷയോടെയും ജീവിതത്തെ സമീപിക്കണമെന്നാണ് ദൈവത്തിന്റെ താല്‍പര്യം. നിരാശയും ഉള്‍വലിയലും ഒന്നിനും പരിഹാരമല്ല. ''ദൈവത്തില്‍നിന്നുള്ള കാരുണ്യത്തെ സംബന്ധിച്ച് നിങ്ങള്‍ നിരാശരാവരുത്. സത്യനിഷേധികളായ ജനതയല്ലാതെ ദൈവത്തിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശരാവുകയില്ല'' (യൂസുഫ്: 87). ഓരോ മനുഷ്യന്റെയും നെറ്റിത്തടത്തില്‍ പ്രതീക്ഷയുടെ മുദ്രകള്‍ ദൈവം കൊത്തിവെച്ചിട്ടുണ്ട്. അവ കണ്ടെത്തി ജീവിതത്തെ ധന്യമാക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഓരോരുത്തരും ധന്യമായ ജീവിതം സ്വപ്‌നം കാണണം. പാപം ചെയ്തുപോയവര്‍ പാപമില്ലാത്ത കറകളഞ്ഞ മനസ്സ് സ്വപ്‌നം കാണണം. പരാജിതര്‍ വിജയത്തിന്റെ സുദിനം ദീര്‍ഘദൃഷ്ടിയോടെ നോക്കിക്കാണണം. കടത്തിലകപ്പെട്ടവര്‍ കടമെല്ലാം വീട്ടി സന്തോഷം നിറഞ്ഞ സമൃദ്ധിയുടെ കാലം സ്വപ്‌നം കാണണം. കഴിഞ്ഞ കാലത്തെക്കുറിച്ച് ദുഃഖിക്കാതിരിക്കുക. ഭാവിയെക്കുറിച്ചുള്ള സ്വപ്‌നങ്ങളുമായി മുന്നോട്ടുപോവുക. നല്ലത് ചിന്തിക്കുക. സാധ്യമാവുന്നത്ര കര്‍മനിരതരാവുക. ദൈവത്തോട് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. ശേഷം ദൈവത്തില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുകയും ചെയ്യുക. ജീവിതത്തില്‍ ഉണ്ടാവുന്ന വിപരീത സാഹചര്യങ്ങള്‍ തുറന്ന അവസരങ്ങളായി കാണുകയും ലക്ഷ്യം നേടുന്നതുവരെ കര്‍മത്തില്‍ ഏര്‍പ്പെടുകയും ചെയ്യുക. അങ്ങനെ ശുഭപ്രതീക്ഷ നിറഞ്ഞതാവട്ടെ ജീവിതം.  

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍