Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

ജനപദങ്ങള്‍ക്കുമേല്‍ ഭീതിയുടെ പുതപ്പുകള്‍ വിരിക്കുന്നു

പി. സുരേന്ദ്രന്‍

സംഘ്പരിവാര്‍ കാലത്തും നമുക്ക് ജീവിക്കേണ്ടതുണ്ട് എന്നതല്ല ഞാന്‍ പറയാനുദ്ദേശിക്കുന്ന കാര്യം. മറിച്ച്, സംഘ്പരിവാറിനെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യണമെന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാക്കേണ്ട വലിയൊരു കാര്യമുണ്ട്. ഏതാണ്ട് പത്ത് - പതിനാല് ലക്ഷം ആളുകളെ ഒന്നിച്ച് അഭിസംബോധന ചെയ്ത, വെജിറ്റേറിയന്‍ മാത്രമായ, ഇവാ ബ്രൗണിനു മുമ്പില്‍ നല്ല കാമുകനായി അവതരിച്ച, ഇവാ ബ്രൗണിനു വേണ്ടി തന്റെ '11' മീശയെടുത്ത് അവരോടൊപ്പം അധോലോകത്തില്‍ ആ മീശ വീണ്ടും വളരുന്നതുവരെ കാത്തിരുന്ന അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നതാണ് ചരിത്രത്തിന്റെ വലിയ വിജയം. മാത്രമല്ല, ഹിറ്റ്‌ലറുടെ കാലത്തെ കലാകാരന്മാരും ബുദ്ധിജീവികളും അതിജീവിക്കുക തന്നെ ചെയ്തിട്ടുണ്ട് എന്ന വലിയ ചരിത്രപാഠം നമ്മുടെ മുമ്പിലുണ്ട്. ആ പാഠമുള്‍ക്കൊണ്ടാണ് സംഘ്പരിവാര്‍ കാലത്തെ നമ്മുടെ സാംസ്‌കാരിക പോരാട്ടങ്ങളൊക്കെയും ആരംഭിക്കുന്നത് എന്ന് ഞാന്‍ വിചാരിക്കുന്നു. 

ഒരു രൂപപരിണാമത്തെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്. ഒരുപക്ഷേ, ഹിന്ദുമഹാസഭയെന്ന് പറയുന്ന ഒന്നിനു വന്നിട്ടുള്ള രൂപപരിണാമം. ആ രൂപപരിണാമത്തിനു ശേഷം അത് നരവംശ ശാസ്ത്രത്തെയും ചരിത്രത്തെയും അപായകരമാംവിധം മലിനപ്പെടുത്തുകയും അവാസ്തവങ്ങളെ വാസ്തവങ്ങളായി അവതരിപ്പിക്കുകയും ചെയ്തു. മോദി അധികാരത്തില്‍ വരുമെന്നോ സംഘ്പരിവാറിന്റെ രാഷ്ട്രീയം ഇന്ത്യയില്‍ പ്രചരിക്കപ്പെടുമെന്നോ അവരുടെ അധികാര കേന്ദ്രങ്ങളിവിടെ രൂപപ്പെടുമെന്നോ ഒന്നും പ്രതീക്ഷിക്കാത്ത കാലത്താണ് അംബേദ്കര്‍ വേദകാലഘട്ടത്തിലെ ഗോമാംസ ഭക്ഷണത്തെക്കുറിച്ച് എഴുതിയത്. അംബേദ്കര്‍ നടത്തുന്ന വിശകലനങ്ങള്‍ വര്‍ത്തമാനകാല ഇന്ത്യയില്‍ തീര്‍ച്ചയായും സംഘ്പരിവാറിനെതിരെ ഉയര്‍ത്താവുന്ന ഏറ്റവും വലിയ ഖഡ്ഗങ്ങളിലൊന്നായി മാറുന്നുവെന്നുകൂടി നമ്മള്‍ മനസ്സിലാക്കണം. ഒരു പാരമ്പര്യത്തെ നുണകളിലൂടെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അക്രമാസക്തമായ ഒരു പുരുഷത്വം കടന്നുവരുന്നു. അത് എല്ലാ തരത്തിലുള്ള ബഹുസ്വരതകളെയും തള്ളിക്കളയുന്നു. വളരെ മോണോലിത്തിക്കായുള്ള ഒരു ഹൈന്ദവ സാംസ്‌കാരിക-രാഷ്ട്രീയ ഭൂപടം ഉണ്ടാക്കിയെടുക്കാന്‍ വേണ്ടിയുള്ള ശ്രമത്തോട് കുതറിക്കൊണ്ടാണ് അംബേദ്കര്‍ താന്‍ ജനിച്ച മതത്തില്‍ താന്‍ ജീവിച്ച് മരിക്കുകയില്ല എന്ന് പ്രഖ്യാപിച്ച് നാഗ്പൂരില്‍വെച്ച് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിക്കുന്നത്. 

ബുദ്ധമതത്തിനൊരു പ്രതീകമുണ്ട്. ആദി ബുദ്ധമതത്തിന്റെ ഭൂമികയെടുത്തു നോക്കിയാല്‍, ചോരയുടെ മണം സഹിക്കവയ്യാത്ത ചരിത്രസന്ധിയില്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നപ്പോഴാണ് ബുദ്ധന്‍ അഹിംസയെക്കുറിച്ചു സംസാരിച്ചതെന്നു കാണാം. അന്ന് യാഗശാലകളിലേക്ക് തെളിച്ച് കൊണ്ടുപോകുന്ന മൃഗങ്ങളുടെ കരച്ചില്‍ കേള്‍ക്കാന്‍ ബുദ്ധന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, വര്‍ണാശ്രമധര്‍മത്തെ അദ്ദേഹം എതിര്‍ത്തു. ബുദ്ധന്‍തന്നെ ശിഷ്യന്മാരുടെ ഇടയിലേക്ക് ദലിത് ജനവിഭാഗങ്ങളില്‍പെട്ട ആളുകളെയും കൂട്ടിക്കൊണ്ടുവന്നു. തീര്‍ച്ചയായും നിര്‍വാണത്തെ ജാതിയുടെയും മതത്തിന്റെയും വര്‍ഗഗോത്രങ്ങള്‍ക്കപ്പുറത്ത് നിന്നുകൊണ്ടാണ് ബുദ്ധന്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ആ ബുദ്ധമതം സ്വീകരിച്ചുകൊണ്ട് അംബേദ്കര്‍ ഇന്ത്യയുടെ മഹിതമായ പാരമ്പര്യത്തെ വീണ്ടും അവതരിപ്പിക്കുകയാണ് ചെയ്തത്. അതിന്റെ തുടര്‍ച്ചകളാണ് പിന്നീട് സംഭവിച്ചത്. പക്ഷേ, അപ്പോഴും ഈ വലിയ തോതിലുള്ള അവഗണന അംബേദ്കര്‍ക്ക് അനുഭവിക്കേണ്ടിവന്നുവെന്ന് നമുക്ക് കാണാന്‍ പറ്റും. പക്ഷേ, പിന്നീട് കാഞ്ച ഐലയ്യയെ പോലുള്ള ആളുകള്‍ ഒന്നുകൂടി അതിനെ നവീകരിക്കുന്നുണ്ട്. ബൗദ്ധ ദര്‍ശനത്തെ കുറേകൂടി വ്യക്തമായി ഇന്ത്യയിലെ സംഘ്പരിവാര്‍ കാലത്തെ രാഷ്ട്രീയത്തോടുള്ള ഉജ്ജ്വലമായ പ്രതിരോധായുധമായി അദ്ദേഹം മാറ്റുന്നുണ്ട്. അതുകൊണ്ടാണ് ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഒരു പുസ്തകം എഴുതാനുള്ള സാഹചര്യമുണ്ടായത്.

നായാടി മുതല്‍ നമ്പൂതിരി വരെ എന്നുപറഞ്ഞുകൊണ്ടിരിക്കുന്ന വിശാല ഹിന്ദുത്വത്തിനകത്ത് ബ്രാഹ്മണ ഹിന്ദുത്വത്തിനു മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് യഥാര്‍ഥത്തിലുണ്ടായത്. ആ അവഗണനയും ജാതീയമായ പിന്നാക്കാവസ്ഥയുമാണ് രോഹിത് വെമുലയുടെ ആത്മഹത്യയില്‍ വരെ ചെന്നെത്തുന്നത്. രോഹിത് വെമുലയുടെ മരണം ഒരു Institutional Murder ആയിരുന്നുവെന്നാണ് ഞങ്ങളൊക്കെയും വിശ്വസിക്കുന്നത്. അത് ആത്മഹത്യയല്ല. ആ ഒരു കാലഘട്ടത്തെ നമ്മള്‍ എങ്ങനെയാണ് അതിജീവിക്കുന്നതെന്നാണ് പ്രശ്‌നം. നമുക്ക് പലതരത്തില്‍ പാരമ്പര്യത്തെ കുറിച്ച് ആലോചിക്കേണ്ടിവരും. എല്ലാത്തിനെയും വികലമാക്കുകയാണ്. ഹനുമാന്‍ സേനയുടെ കാര്യം തന്നെ എടുക്കാം. ഹനുമാന്‍ സേനയുടെ പേരില്‍ ഈയിടെ ഒരു പോസ്റ്റര്‍ കണ്ടു; ഗുലാം അലി ഇന്ത്യയില്‍ പാടരുത്. കാരണം, ഗുലാം അലി ഇന്ത്യക്കാരനല്ലെന്നാണ്. സ്‌നേഹസമ്പന്നനായ ഹനുമാനെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവനാക്കി മാറ്റുകയാണിവിടെ. അതുപോലെത്തന്നെ, വിവേകാനന്ദന്റെ കട്ടൗട്ടുകള്‍ സ്ഥാപിക്കുന്നു. വിവേകാനന്ദനെ പ്രഛന്നവേഷക്കാരന്‍ മാത്രമായിട്ടാണ് ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ അവതരിപ്പിക്കുന്നത്. ആ പ്രഛന്നവേഷത്തിനകത്ത് പതിയിരിക്കുന്നത് സവര്‍ക്കറാണെന്ന രാഷ്ട്രീയം കൂടി നമ്മള്‍ തിരിച്ചറിയണം. അതുകൊണ്ടുതന്നെ ഈ സവര്‍ക്കറെ നേരിടാന്‍ യഥാര്‍ഥ വിവേകാനന്ദനെ ഉയര്‍ത്തിക്കൊണ്ടുവരണം. 

സന്യാസികള്‍ എന്നുപറയുന്ന ഒരു വിഭാഗത്തെക്കുറിച്ച് നമുക്കറിയാം. സംഘ്പരിവാര്‍ കൂടെ നിര്‍ത്തുന്ന എല്ലാ സന്യാസികളും പുരുഷത്വത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. കെ.പി ശശികലയും അക്രമാസക്തമായ ഒരു പുരുഷത്വത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അവരുടെ നാവിനെ അവരുടെ മസ്തിഷ്‌കം നിയന്ത്രിക്കുകയില്ലെന്ന് ഉറപ്പാണ്. പക്ഷേ, അവരുടെ നാവിനെ അവരുടെ ഗര്‍ഭപാത്രവും നിയന്ത്രിക്കുന്നില്ലല്ലോയെന്നതാണ് നമ്മെ ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. ഈ അക്രമാസക്തമായ സ്‌ത്രൈണതയെയാണ് നമ്മള്‍ പ്രതിരോധിക്കേണ്ടത്. അങ്ങനെ പ്രതിരോധിക്കണമെങ്കില്‍ ആ വലിയ പാരമ്പര്യത്തെക്കുറിച്ച് വീണ്ടും ഓര്‍മിക്കേണ്ടിവരും. ഇവിടെയാണ് ഗാന്ധിജിയുടെ പ്രസക്തി. എന്തുകൊണ്ട് ഗാന്ധിജിയെ തള്ളിക്കളഞ്ഞ് ഗോദ്‌സെയെ പൂജിക്കുന്നുവെന്ന് ചോദിച്ചാല്‍ ഒരു വലിയ പാരമ്പര്യത്തെക്കുറിച്ച് നമ്മള്‍ അന്വേഷിക്കേണ്ടതായി വരും. അത് തീര്‍ച്ചയായും ഗാന്ധിജിയുടെ മാതാവായ പുത്‌ലീഭായിയുടെ പാരമ്പര്യമാണ്. ബനിയാകുടുംബത്തിന്റെ പാരമ്പര്യമാണ്. അവരുടെ കുടുംബ ക്ഷേത്രത്തില്‍ ആരാധനക്ക് വേണ്ടി വെച്ചിട്ടുള്ള മഹാഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വിശുദ്ധ ഖുര്‍ആനുണ്ടായിരുന്നു എന്നതുതന്നെയാണ് ഗാന്ധിജിയെ സംഘ്പരിവാറിന് അസ്വീകാര്യനാക്കുന്നത്. അങ്ങനെ വളരെ മോണോലിത്തിക്കായിട്ടുള്ള ഒരു രാഷ്ട്രം രൂപപ്പെടുത്താനൊരുങ്ങുന്നു. അതിനെതിരെയുള്ളതാണ് അടിസ്ഥാനപരമായ ഈ ചെറുത്തുനില്‍പ്പ്. 

ഞാനൊരിക്കല്‍ കാശിയില്‍ പോയി. ഉസ്താദ് ബിസ്മില്ലാ ഖാനെ കാണാനായിരുന്നു ആ യാത്ര. അദ്ദേഹത്തിന് ഭാരതരത്‌ന ബഹുമതി ലഭിച്ച സമയത്ത് അദ്ദേഹത്തെ കാണാനും ഗൃഹം സന്ദര്‍ശിക്കാനും പറ്റുമെങ്കില്‍ അദ്ദേഹത്തിന്റെ മുന്നിലിരുന്ന് ഷഹ്‌നായി വായിക്കുന്നത് കേള്‍ക്കാനുമാണ് കാശിയിലേക്ക് പോയത്. കാശിയില്‍ ചെന്നപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഏതോ സ്വീകരണ യോഗത്തിലായിരുന്നു ഉസ്താദ്. അദ്ദേഹത്തിന്റെ മരുമകന്‍ എന്നെ സ്‌നേഹത്തോടുകൂടി സ്വീകരിക്കുകയും പട്ടുവസ്ത്രം നെയ്യുന്ന കാശിയിലെ ഏറ്റവും തിരക്കുള്ള മഞ്ഞ കെട്ടിടത്തിലേക്കു കൂട്ടിക്കൊണ്ടുപോവുകയും കുറേ നേരം അദ്ദേഹത്തിന്റെ മരുമകനെനിക്ക് ഷഹ്‌നായി വായിച്ചുതരികയും ചെയ്തു. അതിനു ശേഷം അവിടെനിന്ന് പുറത്തിറങ്ങിയപ്പോള്‍ ബ്രാഹ്മണനായ ഒരാള്‍ എന്നോട് പറഞ്ഞത്, 'തീര്‍ച്ചയായും നിങ്ങള്‍ ഉസ്താദിനെ കാണാന്‍ വന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. ഞങ്ങളിവിടത്തെ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്, ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഷഹ്‌നായി വായിച്ചാലേ കാശി വിശ്വനാഥന്‍ ഉണരുകയുള്ളൂ' എന്നാണ്. ഈ മഹിതമായ പാരമ്പര്യം നമ്മളില്‍നിന്നും പൊയ്‌പ്പോകുന്നുവെന്നതാണ് നമ്മെ ഭയപ്പെടുത്തുന്നത്. 

രാഷ്ട്രീയമായി ഒരുപക്ഷേ നമുക്ക് മോദിയെ തോല്‍പ്പിക്കാന്‍ കഴിയുമായിരിക്കാം. അത് തീര്‍ച്ചയായും സാധിക്കുമെന്നുതന്നെയാണ് എന്റെ വിശ്വാസം. പക്ഷേ, അപ്പോഴും നമ്മെ ഗ്രസിക്കാനിടയുള്ള രോഗാണുവായി ഈ സവര്‍ണ ഫാഷിസം ഒളിഞ്ഞിരിക്കുക തന്നെയുണ്ടാവുമെന്ന് ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാലറിയാം. ബാബരി മസ്ജിദിന്റെ തകര്‍ച്ചയാണിവര്‍ക്ക് ഏറ്റവും വലിയ ആത്മവിശ്വാസം പകര്‍ന്നുകൊടുത്തതെന്ന് ഞാന്‍ കരുതുന്നു. ബാബരി മസ്ജിദിനെ ഹൃദയത്തോടു ചേര്‍ത്തുവെച്ച് സംരക്ഷിക്കാന്‍ കഴിഞ്ഞില്ലായെന്നത് ഇന്ത്യയിലെ മതേതര ശക്തികള്‍ക്കേറ്റ ഏറ്റവും കനത്ത പ്രഹരമായിരുന്നു. ഇന്ത്യയിലെ മതേതരശക്തികളും മതേതര രാഷ്ട്രവും മനുഷ്യ മഹാവലയം തീര്‍ത്ത് ബാബരി മസ്ജിദിനെ സംരക്ഷിച്ചു നിര്‍ത്തണമായിരുന്നു. ആ ബാബരി മസ്ജിദിനെ ഇവരുടെയൊക്കെ കണ്ണ് നിവര്‍ന്നിരിക്കെ തകര്‍ക്കാന്‍ കഴിഞ്ഞുവെന്നതാണ് സംഘ്പരിവാറിന് കിട്ടിയ ഏറ്റവും വലിയ ആത്മവിശ്വാസം. ഈ തകര്‍ച്ചക്കുമുമ്പേ നടന്നുപോയ മഹാ ജാഥയിലൂടെയാണ് ഇത്രയേറെ വംശീയ സ്വഭാവം അത് ആര്‍ജിച്ചത്. പിന്നീട് ജെനോസൈഡ് എന്നു പറയുന്ന വംശഹത്യയിലേക്കുള്ള അനേകം സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഇതിനെ എങ്ങനെയാണ് ചെറുക്കുന്നതെന്നാലോചിക്കണം. ഈ വെജിറ്റേറിയന്‍സിനകത്ത് പതുങ്ങിയിരിക്കുന്ന അക്രമാസക്തമായ ഒരു ലോകമുണ്ടെന്നാണ് ഞാന്‍ പറയുന്നത്. അതിനെ നാം അടിസ്ഥാനപരമായി ചെറുത്തുതോല്‍പ്പിച്ചേ മതിയാകൂ. അല്ലെങ്കില്‍ അത് നമ്മുടെ ജീവിതം അസാധ്യമാക്കും. എന്തു വിലകൊടുത്തും ജീവിച്ചേ മതിയാകൂ. അതുകൊണ്ട് മരണത്തെക്കുറിച്ച് ആലോചിക്കേണ്ടതില്ല. ഇപ്പോള്‍ ജീവിക്കുന്നതിനെക്കുറിച്ച് മാത്രം ആലോചിക്കുക. പ്രഫ. എം.എന്‍ വിജയന്‍ മാഷ് പറയാറുണ്ടായിരുന്നു, 'ഫാഷിസം എപ്പോഴും ജനപദങ്ങള്‍ക്കുമേല്‍ ഭീതിയുടെ വലിയ പുതപ്പുകള്‍ വിരിക്കും' എന്ന്. ആ പുതപ്പുകള്‍ എടുത്തുകളഞ്ഞ് തെരുവുകളെ സംവാദാത്മകമാക്കി മാറ്റുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ല.

 (തൃശൂര്‍ ടൗണ്‍ ഹാളില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച 'മോദിക്കെതിരെ തിരസ്‌കാര്‍ സെല്‍ഫി' സാംസ്‌കാരിക സംഗമത്തില്‍ നടത്തിയ പ്രഭാഷണം).

തയാറാക്കിയത്: ബുശ്‌റ പൂക്കോട്ടൂര്‍

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍