Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്ന അവള്‍ക്ക് ജീവിതം നല്‍കി ഇസ്‌ലാം

ഖദീജ നര്‍ഗീസ്

സുന്നി സ്ത്രീകള്‍ക്ക് സംഘടന രൂപീകരിക്കാമെന്ന 'സമസ്ത' ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രസ്താവനയാണ് ഈ കുറിപ്പെഴുതാന്‍ പ്രേരണ. വളരെ വൈകിയാണെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നതില്‍ അതിയായ സന്തോഷമുണ്ട്. വളരെയധികം സ്വാഗതാര്‍ഹമായ തീരുമാനമായി ഇതിനെ കാണുന്നു. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും സ്ത്രീകള്‍ക്കുവേണ്ടി സംഘടന രൂപീകരിച്ചിട്ടുണ്ട്. കേരള മുസ്‌ലിംകളിലെ ഭൂരിപക്ഷത്തെ ഉള്‍ക്കൊള്ളുന്ന 'സമസ്ത' തങ്ങളുടെ സഹോദരിമാര്‍ക്ക് വേണ്ടി സംഘടന രൂപീകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. 

ജനിച്ചാല്‍ ജീവിക്കാന്‍ അവകാശമില്ലാതിരുന്ന, ജീവനോടെ കുഴിച്ചുമൂടപ്പെട്ടിരുന്ന അവള്‍ക്ക് സമാശ്വാസമായി ഖുര്‍ആന്‍ പുരുഷന്റേതിന് തുല്യപദവി നല്‍കി അവളെ ആദരിച്ചു. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും സ്ത്രീ പുരുഷ സഹവര്‍ത്തിത്വത്തെ ആശ്രയിച്ചാണിരിക്കുന്നത്. സ്ത്രീയും പുരുഷനും മനുഷ്യവര്‍ഗത്തിന്റെ രണ്ടു വശങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഈ രണ്ടു വിഭാഗങ്ങളില്‍ ഏതെങ്കിലുമൊന്നിന്റെ വിജയമോ പരാജയമോ മനുഷ്യസമൂഹത്തെ മൊത്തമായാണ് ബാധിക്കുക. സ്ത്രീയും പുരുഷനും തങ്ങളുടേതായ ദൗത്യനിര്‍വഹണത്തിന്റെ ഇടങ്ങളും സാധ്യതകളും കണ്ടെത്തുകയും അന്വേഷിക്കുകയും ചെയ്യേണ്ടത് മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അനിവാര്യമാണ്. ഇസ്‌ലാം വളരെ കൃത്യമായി അനുശാസിക്കുന്നതും അതുതന്നെയാണ്. സൃഷ്ടിപ്പിന്റെ മഹത്വത്തിന് സ്ത്രീ പുരുഷ സമന്വയം പൂര്‍ണത നല്‍കുന്നു. ''ഹേ മനുഷ്യരേ, തീര്‍ച്ചയായും നാം നിങ്ങളെ ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു'' (ഖുര്‍ആന്‍ 49:13). പ്രതിഫലത്തില്‍പോലും സ്ത്രീ പുരുഷന്മാര്‍ക്കിടയില്‍ വ്യത്യാസമില്ലെന്ന് ഖുര്‍ആന്‍ പറയുന്നു: ''ആണാകട്ടെ പെണ്ണാകട്ടെ ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല'' (ഖുര്‍ആന്‍ 4:124). ''സത്യവിശ്വാസികളും സത്യവിശ്വാസിനികളും പരസ്പരം മിത്രങ്ങളാണ്'' (ഖുര്‍ആന്‍). ഇങ്ങനെ സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ടു ഭാഗം പോലെയാണെന്നും പുരുഷനെപോലെ അവളും ശ്രേഷ്ഠവതിയാണെന്നും പുരുഷന് അവകാശങ്ങളുള്ളതുപോലെ അവള്‍ക്കുമുണ്ടെന്നും ഇസ്‌ലാം സ്ഥാപിക്കുകയുണ്ടായി. എന്നാല്‍, ദുര്‍വ്യാഖ്യാനങ്ങളുടെയും യാഥാസ്ഥിതിക ചിന്തകളുടെയും ഫലമായി സ്ത്രീകളുടെ ഇടം പരിമിതപ്പെട്ടുപോയതിനാല്‍, ഇസ്‌ലാമും പ്രവാചകനും എന്നും ആരോപണങ്ങള്‍ക്കും നിന്ദകള്‍ക്കും പാത്രീഭൂതമായി. സ്ത്രീ കേവലം ഗൃഹോപകരണമല്ലെന്നും പുരുഷനെപ്പോലെ വിദ്യയഭ്യസിക്കാനും പള്ളിയില്‍ പോകാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും ജോലി ചെയ്യാനും അവള്‍ക്കും അവകാശമുണ്ടെന്നും ഖുര്‍ആനും പ്രവാചകനും ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. പക്ഷേ, പൗരോഹിത്യത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളും ഇടപെടലുകളും കാരണം സ്ത്രീക്ക് അക്ഷരാഭ്യാസം ഹറാമായി. പള്ളികളും ആരാധനാ സ്വാതന്ത്ര്യവും സ്ത്രീക്ക് വിലക്കപ്പെട്ടു. സ്ത്രീകളെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളച്ചിടാന്‍ പൗരോഹിത്യത്തിന് വളരെ എളുപ്പമായി. 

കുഞ്ഞുങ്ങളെ വളര്‍ത്തുകയും പരിപാലിക്കുകയും വീടിന്റെ ഭരണസാരഥ്യം കൈയാളുകയും ചെയ്യേണ്ട സ്ത്രീ വിദ്യാസമ്പന്നയും കാലികമായ മാറ്റങ്ങളെക്കുറിച്ച് അവബോധമുള്ളവളുമാകേണ്ടതുണ്ട്. എന്നാല്‍, അതിനുള്ള അവസരങ്ങള്‍ നിഷേധിച്ചപ്പോള്‍ ഉന്നതലക്ഷ്യങ്ങളോ സ്വപ്നങ്ങളോ ഇല്ലാതെ പരുപരുത്ത ജീവിത യാഥാര്‍ഥ്യങ്ങളിലൂടെ യാത്ര ചെയ്യേണ്ട ഗതികേട് അവള്‍ക്കുണ്ടായി. വ്യക്തിപരവും സാമൂഹികവുമായ അവഗണനയും സമൂഹത്തില്‍നിന്നവള്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നു. ഇതവളില്‍ അപകര്‍ഷബോധത്തിനും ആത്മനിന്ദക്കും വഴിമരുന്നിട്ടു. സമൂഹത്തിലവള്‍ രണ്ടാം കിടയാണെന്ന പൊതുബോധവും സൃഷ്ടിക്കപ്പെട്ടു.

മനുഷ്യരിലെ രണ്ടാം തരമെന്ന നിലയിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീ സമൂഹം വിദ്യാഭ്യാസത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും സാമൂഹിക ഇടപെടലിനും അനുയോജ്യമായ തൊഴിലിനും വേണ്ടി അതിയായി ആഗ്രഹിച്ചു. സാമൂഹിക നവോത്ഥാനത്തിന്ന് പൂര്‍ണതയും സമഗ്രതയും കൈവരുന്നത് സ്ത്രീകള്‍ മുന്നേറ്റത്തിന്റെ നിരയിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മാത്രമാണ്. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്ന ഇന്നലെകളില്‍ സാമൂഹിക നവോത്ഥാനത്തിന്ന് സമഗ്രത കൈവരാതിരുന്നത് സ്ത്രീ മുന്നേറ്റത്തിന്റെ അഭാവം കൊണ്ടായിരുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളും നവോത്ഥാന നായകരും അവരുടെ ഉന്നമനത്തിന് അക്ഷീണം യത്‌നിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു ചെറുവിഭാഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ന്നുവന്നുവെങ്കിലും മുഖ്യഭാഗവും ഇനിയും കാര്യമറിയാതെ ജീവിച്ചുമരിക്കുകയാണ്. 

ക്ഷേത്രപ്രവേശത്തിന് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബോംബെ ഹൈക്കോടതിയുടെ വിധി വളരെ സ്വാഗതാര്‍ഹവും സ്ത്രീകള്‍ക്ക് അഭിമാനവുമാണ്. മാറുമറയ്ക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമില്ലാത്ത കാലം കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അമ്പലത്തില്‍ കയറാനും ആരാധനകളില്‍ പങ്കാളികളാകാനും പാടില്ലാത്ത കാലം. പൗരോഹിത്യത്തിന്റെ വിഭാഗീയ ചിന്ത കാരണമായി ഹിന്ദു സ്ത്രീകളും വളരെയധികം യാതനകള്‍ അനുഭവിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ അവരില്‍നിന്നുതന്നെ സ്ത്രീ നവോത്ഥാനത്തിന് മുറവിളികളുണ്ടായി. വി.ടി ഭട്ടതിരിപ്പാട്, രാജാറാം മോഹന്റോയ് തുടങ്ങിയ സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെ ഇടപെടല്‍ മൂലമാണ് സതി, ബഹുഭാര്യത്വം, അയിത്തം എന്നിവ നിര്‍ത്തലാക്കപ്പെട്ടതും അക്ഷരജ്ഞാനം നേടാനും മാറുമറയ്ക്കാനുമൊക്കെയുള്ള അവകാശം ലഭ്യമായതും. 

21-ാം നൂറ്റാണ്ടിലും സ്ത്രീക്ക് ക്ഷേത്രപ്രവേശത്തിനും ആരാധനാ സ്വാതന്ത്ര്യത്തിനും കോടതി ഇടപെടേണ്ടതായി വന്നത് പുരോഹിതന്മാരുടെ ദുഷ്ടചിന്തകൊണ്ടാണ്. അവര്‍ സ്ത്രീയെ മനുഷ്യനായി കാണുന്നില്ല. പുരുഷന്റെ കൂടപ്പിറപ്പായി പുരുഷനെപ്പോലെ ജീവിക്കാനുള്ള അവകാശമുള്ളവളാണെന്ന് ഇനിയും അംഗീകരിക്കാന്‍ അവര്‍ തയാറല്ല. ഈ ചിന്താഗതിക്ക് മതവുമായി യാതൊരു ബന്ധവുമില്ല. ഇസ്‌ലാം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ സ്ത്രീയും പുരുഷനും ഒരേ ആത്മാവിന്റ ഭാഗമാണെന്നും അവര്‍ ദൈവത്തിന്റെ മുമ്പില്‍ തുല്യരാണെന്നും ലോകത്തോട് ഉറക്കെ പറഞ്ഞിട്ടുണ്ട്.

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍