Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 22

2948

1437 റജബ് 14

ആരാധനാലയങ്ങളിലെ സ്ത്രീകള്‍

ത്വയ്യിബ അര്‍ശദ്

സ്ത്രീകളുടെ ആരാധനാലയപ്രവേശം ഇന്നും നമ്മുടെ ജനാധിപത്യ ഇന്ത്യയില്‍ ചര്‍ച്ചയാവുന്നു. സംവാദങ്ങളും തുറന്ന ചര്‍ച്ചകളും സംഘടിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് പള്ളിപ്രവേശം വിലക്കിയിരുന്ന ഒരു കാലത്തുനിന്നും ഇന്ന് വളരെയേറെ മുന്നേറിയിട്ടു്. ജമാഅത്തെ ഇസ്‌ലാമി, മുജാഹിദ് പ്രസ്ഥാനങ്ങള്‍ നേതൃത്വം കൊടുക്കുന്ന പള്ളികളിലല്ലാതെ മറ്റു പള്ളികളില്‍ മുമ്പേ സ്ത്രീകള്‍ക്ക് നമസ്‌കാര സൗകര്യം ഉണ്ടാകാറില്ല. സ്ത്രീകള്‍ക്ക് നമസ്‌കരിക്കണമെങ്കില്‍ 'സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം' എന്നെഴുതിയ ബോര്‍ഡ് അന്വേഷിച്ചു നടക്കേണ്ടിവരുന്നു.

സ്ത്രീകള്‍ നമസ്‌കരിക്കാന്‍ പള്ളിയില്‍ വരുന്നത് നിഷിദ്ധമാണെന്ന പഴയ വാദത്തിന് ഇന്ന് മുമ്പത്തെപ്പോലെ അത്ര കാര്‍ക്കശ്യമില്ല. 'യാത്രക്കാരികളായ സ്ത്രീകള്‍ക്ക് ഇവിടെ നമസ്‌കരിക്കാം' എന്ന ബോര്‍ഡുകള്‍ ഇന്ന് ഒറ്റപ്പെട്ടതല്ല. യാത്രയിലല്ലാത്തപ്പോള്‍ അവിടെ സ്ത്രീകള്‍ നമസ്‌കാരത്തിന് വരണ്ട എന്ന് അതിനര്‍ഥമുണ്ട്. അഥവാ സ്ത്രീ ആരാധനാ സ്വാതന്ത്ര്യക്കുറിച്ച അടിസ്ഥാന നിലപാട് ഇനിയും മാറിയിട്ടില്ല. പള്ളിയില്‍ പ്രവേശിച്ച് നമസ്‌കരിക്കാന്‍ മാത്രം സ്ത്രീ സാമൂഹികമായി വളര്‍ന്നിട്ടില്ല എന്നാണോ? സാധാരണയായി മാര്‍ക്കറ്റുകളിലും ജോലിസ്ഥലത്തും തുണിക്കടകളിലും കല്യാണങ്ങളിലും സല്‍ക്കാരങ്ങളിലും മതപ്രഭാഷണങ്ങളിലും ഉറൂസുകളിലും സാന്നിധ്യമറിയിക്കുന്ന സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ മാത്രം സംഭവിക്കുന്ന വിപത്ത് എന്താണ്? പുരുഷന്മാരെ വഴി തെറ്റിക്കുമെന്നോ, അതോ സ്ത്രീകള്‍ പുരുഷന്മാര്‍ പങ്കെടുക്കുന്ന പള്ളികളില്‍ പോയി പ്രാര്‍ഥിച്ചാല്‍ സ്വയം വഴിതെറ്റുമെന്നോ? 

നൂറു വര്‍ഷമായി മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്‌നാപൂര്‍ എന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല. ഇതിനെതിരെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ ഭൂമാതാ ബ്രിഗേഡ് എന്ന വനിതാ സംഘടനയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ പ്രതിഷേധിച്ചു. സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ പരിഗണിക്കുന്ന ഭരണഘടന നിലവിലുള്ള രാജ്യത്ത് ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്നത് ശരിയായ നടപടിയല്ലെന്ന് കാട്ടിയാണ് ഭൂമാതാ റാണരാഗിണി ബ്രിഗേഡ് (ബി.ആര്‍.ബി) എന്ന സംഘടനയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഷാനി ഷിന്‍ഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയത്. സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിന് വിലക്കുള്ള രാജ്യത്തെ മറ്റു ക്ഷേത്രങ്ങളിലും സമരവുമായി രംഗത്തുവരാന്‍ ഇവര്‍ ഒരുങ്ങുകയാണ്. മഹാരാഷ്ട്രയിലെ ഷാനി ഷിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നല്‍കാത്തതിനെ പിന്തുണച്ച് ആര്‍.എസ്.എസ് മുഖവാരിക ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തിലാണ് ക്ഷേത്രം അധികൃതരുടെ നിലപാടിന് ആര്‍.എസ്.എസ് പിന്തുണ നല്‍കിയത്. 'തങ്ങള്‍ വിശ്വസിക്കാത്ത ദൈവത്തെ ബലമായി ആരാധിക്കണോ അതോ വിശ്വാസികളുടെ വികാരം മാനിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കണോ എന്ന് പ്രതിഷേധക്കാര്‍ ആലോചിക്കണമെന്നും' ആര്‍.എസ്.എസ് പറഞ്ഞു. ഹിന്ദുത്വവാദികളായ ആര്‍.എസ്.എസ് സ്ത്രീകള്‍ക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. സ്ത്രീകളുടെ സാന്നിധ്യം അമ്പലത്തിന്റെ  വിശുദ്ധിയെ അശുദ്ധമാക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. ഭക്ഷണം പാചകം ചെയ്യുകയും പ്രസവിക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്നതിനപ്പുറം ഓരോ സ്ത്രീക്കും അവളുടേതായ വ്യക്തിത്വമുണ്ടെന്ന് പുരുഷ മേധാവിത്വ സമൂഹം മനസ്സിലാക്കുന്നില്ല.

എന്നും വിവാദമായിരുന്ന ശബരിമലയിലെ സ്ത്രീകളുടെ പ്രവേശന വിഷയത്തില്‍ ഈയിടെ സുപ്രീം കോടതി ശക്തമായ നിലപാടെടുത്തു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹരജിയില്‍, ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന് ഭഗവദ്ഗീതയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആത്മീയത പുരുഷന് മാത്രമാണോ എന്നും കോടതി ചോദിച്ചു. കേസില്‍ രണ്ട് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു. പത്തിനും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാ അഭിഭാഷകരും നല്‍കിയ പൊതുതാല്‍പര്യഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഇതുസംബന്ധിച്ച് പുതിയ സത്യവാങ്മൂലം നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിന് കോടതി അനുമതി നല്‍കി. പത്തിനും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പണ്ടുമുതലേ പ്രവേശം അനുവദിച്ചിരുന്നില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറില്ല. ശബരിമലയില്‍ 41 ദിവസത്തെ വ്രതമെടുത്താണ് ഭക്തര്‍ എത്തുന്നത്. 1500 വര്‍ഷം മുമ്പ് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്നോ എന്ന് ആര്‍ക്കറിയാമെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകണോ വേണ്ടയോ എന്നത് അവരുടെ താല്‍പര്യമാണ്. ആര്‍ക്കാണത് തടയാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു.

ശബരിമലയില്‍ സ്ത്രീകളെ, അവര്‍ക്ക് ആര്‍ത്തവബുദ്ധിമുട്ട് ഇല്ലാത്ത സമയത്ത് കയറ്റുന്നതില്‍ മേല്‍പ്പറഞ്ഞ ക്ഷേത്രത്തിലെ താന്ത്രിക സങ്കല്‍പ്പം തടസ്സമാണെങ്കില്‍ അത് കാലോചിതമായി പരിഷ്‌കരിക്കപ്പെടണം. 

ആര്‍ത്തവകാലത്ത്  പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വീടിന്റെ അടുക്കളകളില്‍ പോലും പ്രവേശനമില്ലാത്ത വീടുകള്‍ അനവധി. ആര്‍ത്തവകാലം അയിത്തം കല്‍പിച്ചുകൊണ്ട് അകറ്റിനിര്‍ത്താന്‍ മാത്രം അപകടകാരിയാണോ? കുഞ്ഞുങ്ങളുണ്ടാകുന്നതിനുള്ള വളരെ പ്രധാനപ്പെട്ട ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവം ജൈവികമായ സ്വാഭാവിക പ്രക്രിയാണെന്ന് തിരിച്ചറിയുമ്പോള്‍ തന്നെ ആര്‍ത്തവകാല വിലക്കുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ആരാധനാലയങ്ങളില്‍ മാത്രമല്ല പൊതുസമൂഹത്തിലും ഈ വിലക്ക് ബാധകമാണെന്ന നിലയാണ് ഇപ്പോള്‍. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്. പുരുഷന്നും സ്ത്രീക്കും ഒരുപോലെ പൊതു ഇടങ്ങളും പൊതു സര്‍വീസുകളും ഉപയോഗിക്കാന്‍ തുല്യമായ അവകാശം ആണുള്ളത്. എന്നിട്ടും നിയമലംഘനം നടത്തുന്ന പൊതുമേഖലാ ജീവനക്കാര്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട് ചില  സംഘടനകള്‍. 'ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം പരിഷ്‌കൃത സമൂഹത്തിന്  ചേര്‍ന്നതല്ല. പൊതു ഇടങ്ങളില്‍ ഈ കാരണത്തിന്റെ പേരില്‍ സ്ത്രീയെ മാറ്റി നിര്‍ത്താന്‍ ആര്‍ക്കും അവകാശമില്ല. അത് ഭരണഘടനാവിരുദ്ധമാണ്' എന്ന് ഈ സംഭവവുമായി ബന്ധപ്പെട്ട് എഴുത്തുകാരി കെ.ആര്‍ മീര പറയുകയുണ്ടായി.

എന്നാല്‍ നാനൂറു വര്‍ഷത്തിലേറെയായി പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഉത്തരാഖണ്ഡ് ഗര്‍വാളിലെ പരശുരാമ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശനം അനുവദിക്കുകയുണ്ടായി. കാലാനുസൃതമായി മാറ്റം വരുത്തി എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശം അനുവദിക്കുന്നതായി ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍ ജവഹര്‍ സിങ് ചൗഹാന്‍ അറിയിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. പാരമ്പര്യത്തിന്റെ പേരില്‍ ഇനി ആര്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ വിലക്കുകള്‍ ഉണ്ടായിരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം ക്ഷേത്രാചാരത്തിന്റെ ഭാഗമായുള്ള മൃഗബലിയും മറ്റും നിരോധിച്ചതായും ക്ഷേത്രക്കമ്മിറ്റി വ്യക്തമാക്കി. ക്ഷേത്രക്കമ്മിറ്റിയുടെ പുതിയ നിലപാട് തങ്ങളുടെ 13 വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമായിട്ടാണെന്ന് ദലിത് സംഘടനകളും നേതാക്കളും അവകാശപ്പെടുന്നു. ഇനിയും 339 ക്ഷേത്രങ്ങളില്‍ ദലിതര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നും അവര്‍ പറഞ്ഞു.

ഇസ്‌ലാം അതിന്റെ പ്രഥമ ദിനം മുതല്‍തന്നെ സ്ത്രീകള്‍ക്ക് വിമോചനത്തിന്റെ പാതയൊരുക്കിയിട്ടുണ്ട്. അതവരെ വിശ്വാസപരമായി തങ്ങളുടെ കുടുംബത്തില്‍നിന്ന് ഭിന്നവും സ്വതന്ത്രവുമായ പാത തെരഞ്ഞെടുക്കാന്‍ പ്രാപ്തരാക്കി. പ്രവാചകന്റെ കാലത്ത് പല സ്ത്രീകളും ഒറ്റയ്ക്ക് നാടും വീടും വിട്ട് അന്യദേശത്തേക്ക് പലായനം ചെയ്തിരുന്നു. അവര്‍ നബിയുടെ മുമ്പില്‍ ഒറ്റക്ക് വന്ന് അനുസരണ പ്രതിജ്ഞയും എടുത്തു. വിശ്വാസം സ്വീകരിച്ച ശേഷം തന്റെ ഭര്‍ത്താവ് വിശ്വാസത്തിലേക്ക് കടന്നുവരാതിരുന്നിട്ട് കൂടി താന്‍ സ്വതന്ത്രമായി തെരഞ്ഞെടുത്ത സത്യത്തിന്റെ മാര്‍ഗത്തില്‍നിന്ന് തെല്ലും അകന്നുനില്‍ക്കാന്‍ അന്നത്തെ ഒരു ധീര വനിതയും തയാറായില്ല. അവരുടെ മുന്നില്‍ പള്ളിക്കൂടവും പള്ളികളും ആരും അടച്ചുപിടിച്ചില്ല. പുരുഷന്മാരോടൊപ്പം ആരാധനക്കായി അഞ്ചു നേരവും സ്ത്രീകള്‍ ഹാജരായി. പ്രവാചക കാലത്തുതന്നെ നിലനിന്നിരുന്ന പ്രവാചകന്റെ പള്ളിയിലെ സ്ത്രീനമസ്‌കാര സ്വാതന്ത്ര്യം ഇന്നും തുടരുന്നതായി കാണാം. പക്ഷേ, സമുദായത്തിലെ ഒരു വിഭാഗം ഇന്നവര്‍ക്ക് പള്ളിപ്രവേശം വിലക്കിയിരിക്കുകയാണ്. സ്ത്രീകള്‍ വീടകങ്ങളില്‍ ഒതുങ്ങേണ്ടവരാണെന്നും പൊതു കാര്യങ്ങളില്‍ ഇടപെടരുതെന്നും പള്ളിയില്‍ പോകരുതെന്നും അവര്‍ നിരന്തരം വാദിക്കുന്നു. അതായത് യാത്രയിലോ വീടിനു വെളിയിലോ ആണെങ്കില്‍ തന്നെ നമസ്‌കാരത്തിന്റെ സമയം കഴിഞ്ഞിട്ടാണെങ്കിലും സ്ത്രീകള്‍ വീടുകളില്‍ തിരിച്ചെത്തിയിട്ട് എല്ലാ നമസ്‌കാരങ്ങളും 'ഖദാ' ആയി നിര്‍വഹിച്ചാല്‍ മതി എന്നാണ് ഇക്കൂട്ടരുടെ വാദം. 

ഇസ്‌ലാമില്‍ സ്ത്രീ എല്ലാ മൗലിക അവകാശങ്ങളുമുള്ള വ്യക്തിത്വമാണ്. സാമ്പത്തിക രംഗത്ത് അവള്‍ ഉടമയും സ്വതന്ത്രയുമാണ്. സമ്പാദിക്കാനും ചെലവഴിക്കാനും അവള്‍ക്ക് ആരുടെയും സമ്മതം ആവശ്യമില്ല. കുടുംബത്തില്‍ അധികാരവും അവകാശവുമുള്ള പൂര്‍ണ വ്യക്തിത്വം. പുരുഷന്‍ അവളുമായി കൂടിയാലോചിച്ചുകൊണ്ടാണ് കുടുംബ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാണ് ഖുര്‍ആന്റെ ശാസന. രാഷ്ട്രീയ കാര്യങ്ങളില്‍ പോലും പ്രവാചകന്റെ കാലത്ത് സ്ത്രീകളുടെ അഭിപ്രായങ്ങള്‍ക്ക് വ്യക്തമായ ഇടമുണ്ടായിരുന്നു. അവരുടെ കൂടി അഭിപ്രായങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് സച്ചരിതരായ ചില ഖലീഫമാര്‍ പോലും തെരഞ്ഞെടുക്കപ്പെട്ടത്. 

സ്ത്രീക്ക് ഇത്രയധികം സ്വാതന്ത്ര്യം നല്‍കുന്ന മതമായിട്ടുകൂടി  മുസ്‌ലിം സ്ത്രീകളെ കുറിച്ച് പൊതുധാരണ സ്വാതന്ത്ര്യമില്ലാത്ത വിഭാഗം എന്നാണ്; എല്ലാറ്റിനും വിലക്ക് കല്‍പിക്കപ്പെട്ടവള്‍ എന്നുമാണ്. ഈയൊരു പൊതുധാരണക്ക് കാരണം ഏറക്കുറെ സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗങ്ങളാണ്. 

ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പ്രഭവകേന്ദ്രമാണ് പള്ളികള്‍. അവിടെയുള്ള ജുമുഅ ഖുത്വ്ബകളിലൂടെയാണ് വിശ്വാസികള്‍ വൈജ്ഞാനികമായും ആത്മീയമായും സംസ്‌കരിക്കപ്പെടുന്നത്. നമസ്‌കാരത്തിനു ശേഷവും സമൂഹത്തിന് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ അവിടെനിന്ന് നല്‍കിക്കൊണ്ടിരുന്നു. ഇബ്‌നു ഉമറില്‍ നിന്ന്: നബി (സ) പറഞ്ഞു: ''നിങ്ങളുടെ സ്ത്രീകള്‍ രാത്രിയില്‍ പള്ളിയില്‍ പോകാന്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് അനുവാദം നല്‍കുക.'' മറ്റൊരു റിപ്പോര്‍ട്ടില്‍ ''നിങ്ങളുടെ സ്ത്രീകള്‍ അനുവാദം ചോദിച്ചാല്‍ നിങ്ങള്‍ അവരെ തടയരുത്.''

ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പത്‌നിമാരിലൊരാള്‍ സ്വുബ്ഹിനും ഇശാക്കും സാധാരണ പള്ളിയില്‍ ജമാഅത്തില്‍ പങ്കെടുത്തിരുന്നു. അവരോട് ചിലര്‍ ചോദിച്ചു. 'ഉമറിനു വെറുപ്പാണെന്നറിഞ്ഞിട്ടും നിങ്ങളെന്തിനാണ് പള്ളിയില്‍ വരുന്നത്.?' അവര്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദാസികള്‍ക്ക് നിങ്ങള്‍ പള്ളി വിലക്കരുതെന്ന നബിയുടെ വാക്ക് തന്നെ.' ഭര്‍ത്താക്കന്മാരുടെ അനിഷ്ടം പോലും പരിഗണിക്കാതെ കൂടുതല്‍  ശ്രേഷ്ഠമായത് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട് എന്ന് ഈ സംഭവത്തില്‍നിന്ന് മനസ്സിലാക്കാം

ഇമ്രാന്റെ ഭാര്യ മര്‍യമിനെ പ്രസവിച്ച സന്ദര്‍ഭം വിവരിക്കവെ ഖുര്‍ആന്‍ പറയുന്നു: ''അങ്ങനെ ആ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ അവള്‍ പറഞ്ഞു: എന്റെ നാഥാ, ഞാന്‍ പ്രസവിച്ചത് പെണ്‍കുഞ്ഞിനെയാണ്. അവള്‍ പ്രസവിച്ചത് ആരെയെന്നു നന്നായി അറിയുന്നവനാണ് അല്ലാഹു - ആണ് പെണ്ണിനെ പോലെയല്ലല്ലോ. ആ കുഞ്ഞിനു ഞാന്‍ മര്‍യം എന്ന് പേരിട്ടിരിക്കുന്നു.അവളെയും അവളുടെ സന്താന പരമ്പരകളെയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് രക്ഷിക്കാനായി  ഞാനിതാ നിന്നില്‍ അഭയം തേടുന്നു'' (ആലുഇംറാന്‍ 36). ഈ സൂക്തത്തിലെ 'ആണ് പെണ്ണിനെ പോലെയല്ലല്ലോ' എന്ന ഭാഗം സ്ത്രീത്വത്തെ ആദരിക്കാനും മഹത്വപ്പെടുത്താനുമാണ് അവതരിച്ചിട്ടുള്ളത്. ദീര്‍ഘകാലം താന്‍ കണ്ട സ്വപ്നം തകര്‍ന്നു പോയെന്നു കരുതി വ്യസനത്തോടെ കഴിയുകയായിരുന്നല്ലോ ഇമ്രാന്റെ ഭാര്യ. പള്ളിയുടെ പരിപാലനത്തിനായി കഴിഞ്ഞുകൂടുന്ന ഒരു പുത്രനെയായിരുന്നു അവള്‍ പ്രതീക്ഷിച്ചത്. ഭജനമിരിക്കലും പ്രാര്‍ഥനാലയത്തില്‍ സേവനം ചെയ്യലും പൊതുവെ പുരുഷന്മാര്‍ക്ക് പറഞ്ഞിട്ടുള്ളതാണല്ലോ! പിന്നെ പെണ്‍കുട്ടിയുണ്ടായിട്ടെന്ത് കാര്യം എന്നാലോചിച്ചു വിഷമിച്ചു കഴിയുന്ന ഇമ്രാന്റെ ഭാര്യയെ തിരുത്തിക്കൊണ്ടാണ്  'അവള്‍ പ്രസവിച്ചത് ആരെയെന്നു അല്ലാഹുവിനാണ് നന്നായി അറിയുക' എന്ന് പറഞ്ഞത്. അതായത്, അവളുടെ കുഞ്ഞിന്റെ മൂല്യവും പ്രാധാന്യവും അല്ലാഹുവിനാണ് നന്നായി അറിയുക.അവള്‍ക്കത് അറിയുമായിരുന്നെങ്കില്‍ അവള്‍ ഉദ്ദേശിച്ച കാര്യം മികവാര്‍ന്ന രീതിയില്‍ നിര്‍വഹിക്കാന്‍ ഈ പെണ്‍കുഞ്ഞിനു കഴിയുമെന്ന് അവള്‍ക്ക് ബോധ്യപ്പെടുമായിരുന്നു. ഈ പെണ്‍കുട്ടിയെക്കൊണ്ട് അല്ലാഹു ഉദ്ദേശിച്ച കാര്യം മാതാവ് അറിഞ്ഞിരുന്നെങ്കില്‍ ദുഃഖിക്കാന്‍ ഇടവരില്ലായിരുന്നു എന്നര്‍ഥം.

വരാനിരിക്കുന്ന കൊടും പരീക്ഷണത്തെ അതിജീവിക്കാനുള്ള മനോബലവും ത്രാണിയും മര്‍യമിന് ഉണ്ടാകുന്നതിനു വേണ്ടി ദീര്‍ഘനേരം പ്രാര്‍ഥന നടത്തിക്കൊണ്ട് കഴിച്ചുകൂട്ടാന്‍ അല്ലാഹു അവള്‍ക്ക് ദിവ്യബോധനം നല്‍കുന്നുണ്ട്. സമൂഹം പ്രചരിപ്പിക്കുന്ന സകലവിധ ആരോപണങ്ങളെയും നേരിടാനുള്ള ഈമാനിക കരുത്തും വ്യക്തിത്വ പ്രഭാവവും മര്‍യമിനുണ്ടായിരുന്നു. നബി(സ) പറഞ്ഞു: 'സ്വര്‍ഗത്തിലെ സ്ത്രീകളുടെ നേതാവാണ് മര്‍യം.' അവളുടെ ഭക്തിയും ധ്യാനവും ജീവിത വിശുദ്ധിയും കണ്ട് സ്വന്തം നാട്ടുകാര്‍ അവളെ 'ഹാറൂന്റെ സഹോദരി' എന്നാണ് വിളിച്ചത്. ധ്യാനത്തിലും ജീവിത വിശുദ്ധിയിലും ഇസ്രാഈല്‍ സന്താന പരമ്പരകളില്‍ ധാരാളമായി ഉദാഹരിക്കപ്പെടുമായിരുന്നു ഹാറൂന്‍ നബി. 

ഈസാ ദൈവപുത്രനല്ല എന്ന് സ്ഥാപിക്കാന്‍ മാത്രമല്ല മര്‍യമിലേക്ക് ഈസായെ ചേര്‍ത്തു പറയുന്നത്; മര്‍യമിന് നല്‍കുന്ന ആദരമത്രെ അത്. അത് ഇസ്‌ലാം എല്ലാ സ്ത്രീകള്‍ക്കും നല്‍കുന്ന ആദരമാണ്. ആരാധനാലയം പോലുള്ള വിശുദ്ധ സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്നും അവ പുരുഷന്മാര്‍ക്ക് മാത്രമാണെന്നുമുള്ള വാദത്തെയാണ് മര്‍യം തിരുത്തിയത്.

സ്ത്രീകള്‍ മാലിന്യം കണക്കെയാണ് വിശുദ്ധ സ്ഥലങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത്. ശബരിമലയിലേക്ക് പോകുന്ന സ്വാമിമാര്‍ അടങ്ങിയ ബസ്സില്‍ കയറിയ ഒരു സ്ത്രീയെ ബസ്സില്‍നിന്ന് ഇറക്കിവിട്ട സംഭവം വളരെയധികം കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ആര്‍ത്തവകാരിയായ സ്ത്രീയുടെ സാന്നിധ്യം സ്വാമിമാരുടെ പുണ്യകര്‍മത്തെ നിഷ്ഫലമാക്കുമെന്നാണ് വിശ്വാസം. സ്ത്രീ ആര്‍ത്തവകാരിയായിരിക്കാം എന്ന ഒരു ചാന്‍സ് ഉള്ളതിനാല്‍ സൂക്ഷ്മതക്ക് നല്ലത് അവരെ ഇറക്കിവിടലാണ്! 

ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഒരു പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം തയാറാക്കിയ  ശ്രീദേവി എസ്. കര്‍ത്തയെ പുസ്തക പ്രാകാശന ചടങ്ങില്‍നിന്ന് മാറ്റിനിര്‍ത്തുകയുണ്ടായി. സ്ത്രീ തന്നെ വിവര്‍ത്തനം ചെയ്ത പുസ്തക പ്രകാശന ചടങ്ങില്‍ 'സ്ത്രീ' ആയതുകൊണ്ട് അവര്‍ക്ക് വിലക്ക് കല്‍പിക്കുന്നു. പുസ്തകം എഴുതാമെങ്കില്‍ എന്തുകൊണ്ട് പ്രകാശന വേദിയില്‍ പങ്കെടുത്തുകൂടാ? സ്വാമി എഴുന്നള്ളുന്ന വേദിയില്‍ സ്ത്രീകള്‍ ആരും ഉണ്ടാകാന്‍ പാടില്ല.സദസ്സിലെ ആദ്യത്തെ മൂന്നു വരികളിലും സ്ത്രീകള്‍ ഇരിക്കരുത്. സ്ത്രീകളുടെ സാന്നിധ്യത്താല്‍ അശുദ്ധമാക്കപ്പെടുന്ന വേദിയില്‍ മുഖ്യാതിഥി പങ്കെടുക്കാന്‍ തയാറല്ലത്രെ. അദ്ദേഹം തന്റെ ആശ്രമ ധര്‍മം പൊതുവേദിയില്‍ നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ സംഭവം ഏറെ വിവാദമായി. രാത്രിയില്‍ സ്ത്രീകളോടൊപ്പം രഹസ്യമായി ശയിക്കുകയും പകല്‍ സമയത്ത് സ്ത്രീകളുടെ സാന്നിധ്യം അശുദ്ധമാവുകയും ചെയ്യുന്ന 'ആത്മീയ ഗുരുക്കന്മാര്‍' അധികരിച്ചുവരികയാണല്ലോ നമ്മുടെ നാട്ടില്‍. ഇന്ത്യയില്‍ സ്ത്രീ പീഡനങ്ങളുടെ മുന്‍നിരയില്‍ കണ്ടു വരുന്നത് ആത്മീയാചാര്യന്മാരെയാണ്. നിര്‍ഭാഗ്യവശാല്‍, ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് പ്രത്യേക സിംഹാസനമൊരുക്കുന്ന ഒരു പാര്‍ട്ടിയുമാണ്. 

പുരോഹിതന്മാര്‍ക്കും ആത്മീയ നേതാക്കള്‍ക്കും ചൂഷണം ചെയ്യാനുള്ള പഴുത് ബാക്കിവെച്ചുകൊണ്ടാണ് പല മതാചാര്യന്മാരും ജനങ്ങളെ മതം പഠിപ്പിക്കുന്നത്. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയില്‍ ദല്ലാളുമാരെ കടത്തിക്കൂട്ടുന്നതാണ് ഇതിന്റെ ആദ്യപടി. ദൈവത്തേക്കാളും സ്ഥാനം ദല്ലാളിന് കൊടുക്കേണ്ട ദുരവസ്ഥയില്‍ ക്രമേണ ജനം എത്തിപ്പെടുന്നു. ദല്ലാളുമാര്‍ കല്‍പിക്കുന്നതനുസരിച്ച് ഭക്തര്‍ ദൈവത്തിന്റെ കവാടങ്ങളിലേക്കുപോലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നു.

ഇന്ന് ഇന്ത്യയുടെ അമരത്തിരിക്കുന്നതാകട്ടെ, ആട്ടിയകറ്റപ്പെട്ടവരെയും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ട കീഴ്ജാതിക്കാരെയും സ്ത്രീകളെയും നിരന്തരം അവഗണിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താക്കളാണ്. ബി.ജെ.പി. എം.പിമാര്‍ നടത്തുന്ന പ്രസ്താവനകള്‍ തികച്ചും സ്ത്രീവിരുദ്ധമാണ്. ഹിന്ദു സ്ത്രീകള്‍ നാലും അഞ്ചും പ്രസവിക്കണമെന്നും അത് മറ്റുള്ള മതക്കാരുടെ ജനസംഖ്യ വര്‍ധിക്കുന്നത് തടയുമെന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്നവര്‍ മുസ്‌ലിം കുടുംബത്തിലെ വനിതകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ മകളെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പീഡിപ്പിക്കാതെ വിട്ടത് ഭാഗ്യമായി കരുതണമെന്നും ഉമര്‍ ഖാലിദ് ഒളിവില്‍നിന്ന് തിരിച്ചുവന്നില്ലെങ്കില്‍ അവന്റെ സഹോദരിയെ പീഡിപ്പിക്കുമെന്നുമൊക്കെ ആയിരുന്നു ചിലരുടെ പ്രസ്താവനകള്‍. 

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യയിലേതുപോലെ സ്ത്രീകളുടെ ആരാധനാലയ പ്രവേശം എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. സ്ത്രീകള്‍ പള്ളികളില്‍ പോകുന്നതിനെ പറ്റി സംശയങ്ങളും സംവാദങ്ങളും ഇല്ല. ഏതൊരു പൊതുസ്ഥലത്തും പുരുഷന്മാരുടേതു പോലെ സ്ത്രീകള്‍ക്കും പ്രാര്‍ഥനാ സൗകര്യം ഉണ്ടാകും. വീടിനു പുറത്ത് എവിടെയും നമസ്‌കാര സൗകര്യമുണ്ട്. സ്ത്രീകള്‍ക്ക് ഏതു പാതിരാത്രിയിലും പള്ളികളില്‍ പങ്കെടുക്കാം. റമദാനില്‍ ഖിയാമുല്ലൈല്‍ (രാത്രിനമസ്‌കാരം) നമസ്‌കരിക്കാനായി സ്ത്രീകളും പുരുഷന്മാരോടോപ്പം കൂട്ടം കൂട്ടമായി പള്ളികളില്‍ എത്തുന്നു. ജുമുഅ ദിവസവും സ്ത്രീകളും പുരുഷന്മാരോടൊപ്പം എല്ലാ പള്ളികളിലും പങ്കെടുക്കുന്നു. ഇവിടെ സ്ത്രീകള്‍ക്കായുള്ള പള്ളികള്‍ അന്വേഷിച്ചു നടക്കേണ്ടതില്ല.

വിദ്യാര്‍ഥിനികള്‍ പൊട്ടു തൊടുന്നതും മഫ്ത ധരിക്കുന്നതും പോലും വിദ്യാലയങ്ങളില്‍ നിരോധിക്കപ്പെടുന്നു. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ എഴുതുമ്പോള്‍ വിമര്‍ശകരാല്‍  ക്രൂശിക്കപ്പെടുന്നു. പെണ്ണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്നു. കമന്റുകള്‍ ആക്ഷേപമായും, അശ്ലീലമായും നിറഞ്ഞൊഴുകുന്നു. അവള്‍ എന്ത് എഴുതണം, എന്ത് ചിന്തിക്കണം, എന്ത് ഉടുക്കണം, എങ്ങനെ നടക്കണം എന്ന് തീരുമാനിക്കുന്നത് പുരുഷാധിപത്യ സമൂഹമാണ്. 'എന്തായാലും വെറും പെണ്ണല്ലേ; അവള്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെട്ട് എഴുതാന്‍ മാത്രം വളര്‍ന്നോ' എന്ന തരം കമന്റുകള്‍.  പുരുഷന്മാര്‍ ഉള്ളിടത്ത് സ്ത്രീകള്‍ ശബ്ദിക്കരുത്. പൊതുയിടം അവള്‍ക്കുള്ളതല്ല,അവനുള്ളതാണ് എന്ന് നിത്യേന നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ നമ്മെ വീണ്ടും ഓര്‍മിപ്പിക്കുന്നു.

സാമൂഹിക വികസന സൂചികയില്‍ മുന്നില്‍ നില്‍ക്കുമ്പോഴും കേരളത്തില്‍ സ്ത്രീകളോടുള്ള വിവേചനം അതിശക്തമാണ്. സാമൂഹിക സംഘടനകളും ആക്ടിവിസ്റ്റുകളും വര്‍ധിച്ചുവരുന്ന ഈ കാലത്ത് സ്ത്രീകളുടെ സാന്നിധ്യം പോലും അശ്ലീലമായി കണക്കാക്കപ്പെടുകയാണ്. പ്രശ്‌നം സ്ത്രീയുടെ ആരാധനാ സ്വാതന്ത്ര്യത്തിന്റേതു മാത്രമല്ല, അവളുടെ വ്യക്തിത്വത്തിന്റേതും സാമൂഹിക ഇടത്തിന്റേതും കൂടിയാണ്. വീട് മാത്രമല്ല പൊതുയിടം അവള്‍ക്കു കൂടിയുള്ളതാണ് എന്ന് നിരന്തരം നമ്മുടെ സമൂഹത്തെ ബോധവത്കരിക്കേണ്ടിയിരിക്കുന്നു.യാഥാസ്ഥിക മനോഭാവത്തോടു കൂടി ചലിച്ചിരുന്ന മുസ്‌ലിം സംഘടനകള്‍ നേരിയ ചില മാറ്റങ്ങളിലേക്ക് ഉണരുന്നു എന്നുള്ളത് പ്രശംസനീയം തന്നെ. 

Comments

Other Post

ഹദീസ്‌

നേരെചൊവ്വെ നിലകൊള്ളുക
അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /12-15
എ.വൈ.ആര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /16-20
എ.വൈ.ആര്‍