Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

കുപ്പായത്തിലെ കറ

കെ.പി ഇസ്മാഈല്‍

കുപ്പായം ഇസ്തിരിയിടാനെടുത്തപ്പോഴാണ് മുന്‍ഭാഗത്ത് തവിട്ടുനിറത്തിലുള്ള കറ കണ്ടത്. പഞ്ഞി നനച്ച് ഉരച്ചുനോക്കി. പോകുന്നില്ല. സാരമില്ല. കുപ്പായം ഇസ്തിരിയിട്ട് ധരിച്ച് പുറത്തിറങ്ങി. 

സുഹൃത്ത് പെട്ടെന്നു തന്നെ അതു ശ്രദ്ധിച്ചു. 'കുപ്പായത്തില്‍ കറയുണ്ടല്ലോ. പെട്ടെന്ന് കാണുന്നിടത്തു തന്നെയായിപ്പോയി'' സുഹൃത്ത് പറഞ്ഞു. 'ശരിയാണ്'' ഞാന്‍ പറഞ്ഞു. 'സാരമില്ല. കുപ്പായത്തിനല്ലേ കറ. നമ്മുടെ മുഖത്തും ശരീരത്തിലും എന്തെല്ലാം പുള്ളികളും വരകളും കലകളും കിടക്കുന്നു. അതൊക്കെ ചുരണ്ടിക്കളയണമെന്ന് നമുക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അവയെല്ലാം നാം സഹിക്കുന്നു. അല്ലെങ്കില്‍ നിസ്സാരമെന്ന് വിചാരിക്കുന്നു. അതിനേക്കാള്‍ നിസ്സാരമല്ലേ കുപ്പായത്തിലെ കറ.'' സുഹൃത്ത് താല്‍പര്യപൂര്‍വം ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ സംഭാഷണം അല്‍പം തത്ത്വശാസ്ത്രത്തിലേക്ക് വഴുതി. കുപ്പായത്തിലെ കറപോലെയാണ് എല്ലാ പ്രശ്‌നങ്ങളും എന്ന് വിചാരിക്കാന്‍ കഴിയണം. ചിലര്‍ക്ക് എല്ലാ സൗഭാഗ്യങ്ങളുമുണ്ടാകും. എന്നാല്‍ അതിനിസ്സാരമായ എന്തെങ്കിലും പ്രശ്‌നം അവരുടെ സമാധാനം കെടുത്തും. അത് പെരുപ്പിച്ച് മനസ്സു പുണ്ണാക്കി ജീവിതം തന്നെ ഒടുക്കിക്കളയുന്നവരില്ലേ? എല്ലാം അംഗീകരിക്കാനുള്ള മനക്കരുത്താണ് ആദ്യം വേണ്ടത്. 'ഉള്ളതു മതി' എന്നു വിചാരിക്കണം. കൂടുതല്‍ കിട്ടുന്നതെന്തും ബോണസ്സാണെന്നു മനസ്സിലാക്കണം. നഷ്ടപ്പെടുന്നതെല്ലാം തനിക്ക് അര്‍ഹതയില്ലാത്തവയാണെന്ന് കരുതണം. വരുന്നതു വരട്ടെ എന്ന ചിന്തയുണ്ടെങ്കിലേ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകൂ. വരുമ്പോള്‍ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇപ്പോള്‍ ഉള്ളതെല്ലാം നമുക്ക് ദാനമായി കിട്ടിയതോ അധ്വാനിച്ച് നേടിയതോ ആണ്. ശൂന്യതയില്‍നിന്നാണ് നാം ധന്യരായത്. ഭൗതികമായ ധന്യതയേക്കാള്‍ ആന്തരികമായ, മാനസികമായ ധന്യതയാണ് വേണ്ടത്. അധികമാളുകള്‍ക്കും ഇല്ലാത്തതാണ് മാനസിക ധന്യത. ഭൗതികമായ പളപളപ്പുള്ളവര്‍ പോലും ആത്മഹത്യയില്‍ അഭയം തേടുന്നത് ആന്തരികമായ ഈ ശൂന്യത കൊണ്ടാണ്. മാനസികദാര്‍ഢ്യമുള്ളവര്‍ എന്തു നേടിയാലും നഷ്ടപ്പെട്ടാലും അമിതാഹ്ലാദമോ അതീവ ദുഃഖമോ പ്രകടിപ്പിക്കുകയില്ല. ശാന്തമായൊഴുകുന്ന നദിപോലെ അവര്‍ ജീവിക്കുന്നു. ഇരുകരകളെയും പച്ചപിടിപ്പിക്കുന്നു. ജീവജാലങ്ങള്‍ക്ക് കുടിനീര്‍ നല്‍കുന്നു. അനേകം ജീവികളെ സംരക്ഷിക്കുന്നു.

'മനസ്സംതൃപ്തിയാണ് ഐശ്വര്യം' എന്ന പ്രവാചകമൊഴി ഉദാത്തമായ ജീവിത വീക്ഷണമാണ് പ്രഖ്യാപിക്കുന്നത്. ഭൗതിക നേട്ടങ്ങള്‍ എത്രയുണ്ടെങ്കിലും മനസ്സംതൃപ്തിയില്ലെങ്കില്‍ എല്ലാം പ്രയോജനരഹിതമാകും. സമാധാനം തേടി അലയുന്നവരെ നാം കണ്ടിട്ടുണ്ട്. സമ്പത്തും സ്ഥാനമാനങ്ങളും ഇല്ലാഞ്ഞിട്ടല്ല, എന്തോ ഒന്നിന്റെ കുറവ് അവരെ അലട്ടുന്നു. ആ ഒന്നിനെത്തേടിയാണ് അവര്‍ ലോകം ചുറ്റുന്നത്. കസ്തൂരിമാന്‍ കസ്തൂരിയന്വേഷിച്ച് കാട്ടിലാകെ അലയുന്നുവെന്ന് കബീര്‍ ദാസ് പാടി. കസ്തൂരി തന്റെ നാഭിയില്‍തന്നെയാണെന്ന് കസ്തൂരിമാന്‍ അറിയുന്നില്ല. അതുപോലെയാണ് മനുഷ്യന്‍ സമാധാനം തേടിയലയുന്നത്. അകലെ പോയി വാങ്ങേണ്ട ഒരു വസ്തുവല്ല സമാധാനം. അത് മനസ്സിനുള്ളില്‍ വളര്‍ന്നുവരേണ്ട ഒരു വികാരമാണ്.  എല്ലാം കാണുകയും കേള്‍ക്കുകയും വഴിനടത്തുകയും ചെയ്യുന്ന ഒരു ശക്തിയുണ്ടെന്നും അവന്‍ തന്നെ സംരക്ഷിക്കുമെന്നും എല്ലാ ദുഃഖങ്ങളിലും അവന്‍ കൂടെയുണ്ടാകുമെന്നും എല്ലാ വീഴ്ചകളില്‍നിന്നും അവന്‍ താങ്ങിയെഴുന്നേല്‍പ്പിക്കുമെന്നുമുള്ള ദൃഢവിശ്വാസം മനുഷ്യന് നല്‍കുന്ന ആശ്വാസവും കരുത്തും വളരെ വലുതാണ്. 

ദൈവം സ്‌നേഹസ്വരൂപനാണ്. സ്‌നേഹത്തിന്റെ സഹോദരിയാണ് കാരുണ്യം. സ്‌നേഹമുള്ളിടത്ത് അനുജത്തിയുമുണ്ടാകും. അതുകൊണ്ടാണ് ഖുര്‍ആനില്‍ 'അല്ലാഹു കാരുണ്യവാന്‍' എന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സ്‌നേഹമില്ലാത്ത ഹൃദയങ്ങളില്‍ ദൈവവിശ്വാസമില്ല. മക്കനയും ബുര്‍ഖയും താടിയും തലപ്പാവും ളോഹയുമൊന്നും വിശ്വാസത്തിന്റെ അടയാളങ്ങളല്ല. അതുകൊണ്ടാണ് ഈ വേഷധാരികളില്‍ കള്ളന്മാരും കപടന്മാരും ക്രൂരന്മാരും വഞ്ചകന്മാരും കാണുന്നത്. വേഷം ഒരു സമൂഹത്തിന്റെ അടയാളമാകാം. ഉള്ളില്‍ വിശ്വാസമില്ലെങ്കില്‍ വേഷംകൊണ്ട് കാര്യമില്ല. 

എല്ലാവരെയും സ്‌നേഹിക്കാന്‍ കഴിയണം. അപ്പോള്‍ സ്‌നേഹം സേവനമായി ഒഴുകും. കുഞ്ഞുങ്ങളോട് വാത്സല്യവും വലിയവരോട് ആദരവും രോഗികളോട് കരുണയും സ്‌നേഹത്തിന്റെ പൂക്കളാണ്. അന്യരെ സേവിക്കുന്നതിലൂടെ നേടുന്ന ആനന്ദവും ശാന്തിയും അതിരില്ലാത്തതാണ്. സ്‌നേഹമുള്ള ഹൃദയങ്ങളില്‍ ദൈവത്തിന്റെ സ്‌നേഹം നിറഞ്ഞുകൊണ്ടിരിക്കും. സ്‌നേഹമില്ലാത്തവരുടെ ഹൃദയം ശൂന്യമായിരിക്കും. കാരണം, അവര്‍ ഹൃദയത്തിന്റെ പാത്രം കമഴ്ത്തിവെക്കുന്നു. 

കുപ്പായത്തിലെ കറ പോലെ ഏറെ പ്രശ്‌നങ്ങളും നിസ്സാരമാണെന്നും അവഗണിക്കേണ്ടവയാണെന്നും ചിന്തിക്കുന്നവര്‍ക്കേ ജീവിതത്തിന്റെ ശരിയായ മൂല്യം കണ്ടെത്താന്‍ കഴിയൂ.

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍