Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

ശുദ്ധി ഈമാനിന്റെ പകുതിയാകുന്നതെപ്പോള്‍?

കെ.ടി അബ്ദുര്‍റഹ്മാന്‍ നദ്‌വി

ര്‍ക്കശാസ്ത്രകാരന്മാര്‍ നിര്‍വചിക്കും പോലെ മനുഷ്യന്‍ സംസാരിക്കുന്ന ജന്തു(ഹയവാന്‍ നാതിഖ്) മാത്രമല്ല, വീടുണ്ടാക്കിപ്പാര്‍ക്കുകയും കുളിച്ച് ശുദ്ധിയായി വസ്ത്രമുടുത്ത് ജീവിക്കുകയും ചെയ്യുന്ന ജീവിയുമാണ്. വെടിപ്പും സംസ്‌കാരവുമുള്ളവന്‍. മനുഷ്യന്‍ സംസ്‌കാരസമ്പന്നനും നാഗരികനുമൊക്കെയായത് അവന്‍ സാമൂഹിക ജീവിയായതുകൊണ്ടാണ്. സാമൂഹിക ജീവിതം മനുഷ്യന് സഹജവും, സംസ്‌കാരം അവന്റെ കൂട്ടായ്മയുടെ ഫലവുമാണ്. അവന്‍ ചിന്തിക്കുന്ന ജീവിയായതുകൊണ്ടുകൂടിയാണ് അവന്‍ സംസ്‌കാരങ്ങളുടെ വിധാതാവും നാഗരികതയുടെ സ്രഷ്ടാവുമായത്. സംസ്‌കാരങ്ങളെ രൂപപ്പെടുത്തി നിലനിര്‍ത്തുന്നത് മതങ്ങളാണെന്നതും ഒരു യാഥാര്‍ഥ്യമാണ്. മനുഷ്യന് മതം ആവശ്യമാണോ എന്ന ചോദ്യം ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, മതമുണ്ടാകുന്നത് ഒഴിവാക്കാന്‍ മനുഷ്യന് കഴിയില്ലെന്നതാണ് വസ്തുത. മതം വേണ്ടാത്തവരുടെ ഒരു കൂട്ടായ്മ രൂപപ്പെട്ടാല്‍ അതും വേറൊരു മതമായിത്തീരുകയാണല്ലോ ചെയ്യുക.

ശുദ്ധിയും മതവും

വെടിപ്പും വൃത്തിയും ശുദ്ധിയും സാംസ്‌കാരിക വിഷയങ്ങള്‍ എന്നതിനേക്കാള്‍, മതവിശ്വാസങ്ങളുമായി ബന്ധമുള്ള പരികല്‍പനകളാണ്. മതത്തെ ജീവിതത്തില്‍നിന്ന് പുറത്തുനിര്‍ത്തുന്നവര്‍ക്ക് പാപപുണ്യബോധം അന്ധവിശ്വാസമായതുപോലെ, ശുദ്ധിയെയും വെടിപ്പിനെയും കുറിച്ച മതകീയ കാഴ്ചപ്പാടുകളും അന്ധവിശ്വാസങ്ങള്‍ തന്നെയായിരിക്കും. അവരെ സംബന്ധിച്ചേടത്തോളം വസ്ത്രധാരണം ശരീരസുരക്ഷക്കും സൗന്ദര്യപ്രകടനത്തിനുമുള്ളതു മാത്രമാണ്. കുളി, അംഗസ്‌നാനം മുതലായവ അഴുക്കു കളയാനും ശരീരസുഖത്തിനും മാത്രവും. സൗന്ദര്യസങ്കല്‍പം മാറുന്നതിനനുസരിച്ച് വസ്ത്രത്തിന്റെ മോഡല്‍ മാത്രമല്ല, അളവും മാറും. അഴുക്കു കളയാനും ശരീരസുഖത്തിനും ജലമല്ലാത്ത മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതില്‍ ശാസ്ത്രം വിജയിച്ചാല്‍ അവര്‍ക്കത് മതിയാകും. അതിനാല്‍ ഈ ലേഖനത്തില്‍ സംസ്‌കാരം കൊണ്ട് മതസംസ്‌കാരമാണുദ്ദേശ്യം.

മതങ്ങള്‍ വ്യത്യസ്തമാകുന്നത്

ആചാര്യന്മാര്‍ മാറുന്നതുകൊണ്ടു മാത്രമല്ല മതങ്ങള്‍ വ്യത്യസ്തമാകുന്നത്. ആചാരങ്ങളും വിശ്വാസങ്ങളും മാറുന്നതുകൊണ്ടു കൂടിയാണ്. മതാചാര്യന്മാരില്‍ ഏതാണ്ട് എല്ലാവരെയും എല്ലാ മതവിശ്വാസികളും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. മുസ്‌ലിംകളുടെ കാര്യം പറഞ്ഞാല്‍, പൂര്‍വ പ്രവാചകന്മാരെ അംഗീകരിക്കാതെ മുഹമ്മദ് നബിയെ മാത്രം ദൈവദൂതനായി വിശ്വസിച്ചാല്‍ മുസ്‌ലിമാവുകയില്ല. ജൂത-ക്രൈസ്തവ ആചാര്യന്മാരായ മോസസും ജീസസും മുസ്‌ലിംകള്‍ക്ക് മൂസാ നബിയും ഈസാ നബിയുമാണ്. അബ്രഹാം പ്രവാചകന്‍ ജൂത-ക്രൈസ്തവരൊക്കെ അംഗീകരിക്കുന്ന സാംസ്‌കാരിക പിതാവാണ്. ഇബ്‌റാഹീമീ മാര്‍ഗം (മില്ലത്ത് ഇബ്‌റാഹീം) പുനഃസ്ഥാപിക്കാനാണ് മുഹമ്മദ് നബി നിയോഗിതനായത്.

ഭാരതീയരായ പ്രവാചകന്മാരിലും വിശ്വസിക്കാന്‍ കടപ്പെട്ടവരാണ് മുസ്‌ലിംകള്‍. ഭാരതീയ ചരിത്രവും ഇതിഹാസങ്ങളും കൂടിക്കുഴഞ്ഞ് പ്രവാചകന്മാര്‍ ആരൊക്കെയെന്ന് തിരിച്ചറിയാനാകാത്തതാണ് പ്രശ്‌നം. എങ്കിലും ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍ തുടങ്ങിയ ഭാരതീയാചാര്യന്മാര്‍ പ്രവാചകന്മാരായിരിക്കാന്‍ സാധ്യതയുള്ളവര്‍ തന്നെയാണ്. അക്കാര്യം ചരിത്രപരമായി തെളിയിക്കപ്പെട്ടാല്‍ അവരിലും കൂടി വിശ്വസിച്ചാല്‍ മാത്രമേ ഒരാള്‍ മുസ്‌ലിമാവുകയുള്ളൂ. ചുരുക്കത്തില്‍, പ്രധാനമായും ആചാര്യന്മാരല്ല, ആചാരങ്ങളും വിശ്വാസങ്ങളുമാണ് മതങ്ങളെ വ്യത്യസ്തമാക്കുന്നത്.

പ്രകൃതി മതം

പ്രകൃതി മതമാണ് ഇസ്‌ലാം. മനുഷ്യന് സഹജമായി ഇണങ്ങാന്‍ പറ്റുന്ന പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍ മുഖാന്തരം ബോധ്യപ്പെടുന്ന മതം. മനുഷ്യനെ സാംസ്‌കാരികമായി വളര്‍ത്താനും സാമൂഹികമായി ഉന്നതിയിലെത്തിക്കാനും നിദാനമായ വിശ്വാസസംഹിതയാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. ജീവിതത്തിന് ഇടുക്കമുണ്ടാക്കാത്ത മിനിമം അനുഷ്ഠാനങ്ങള്‍ മാത്രമേ ഇസ്‌ലാമിലുള്ളൂ. ഖുര്‍ആന്‍ പറയുന്നു: ''അതിനാല്‍ ഋജുമാനസനായി നിന്റെ മുഖം ദൈവികമതത്തിനു നേരെ തിരിക്കുക. ദൈവം മനുഷ്യനെ സൃഷ്ടിച്ച അതേ പ്രകൃതിയില്‍ നിലകൊള്ളുക. ഇതുതന്നെയാകുന്നു ഋജുവും സത്യവുമായ മതം. പക്ഷേ അധികജനങ്ങളും അറിയുന്നില്ല'' (അര്‍റൂം 30). മുന്നറിയിപ്പുകാരനായ ഒരു ദൈവദൂതനെ ഒരു ജനതയിലേക്കും ദൈവം നിയോഗിക്കാതിരുന്നിട്ടില്ല (അല്‍ഫാത്വിര്‍). ''അല്ലയോ വിശ്വാസികളേ, നിങ്ങള്‍ (ദൈവത്തിന്റെ മുമ്പാകെ) നമിക്കുകയും പ്രണമിക്കുകയും നിങ്ങളുടെ രക്ഷിതാവിന് വഴിപ്പെടുകയും പുണ്യകര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്യുവിന്‍. അതുവഴി നിങ്ങള്‍ക്ക് മോക്ഷം പ്രതീക്ഷിക്കാം. ദൈവിക മാര്‍ഗത്തില്‍ സത്യസന്ധമാംവിധം പോരാടുവിന്‍. അവന്‍ നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു. അവന്‍ ഈ മതത്തില്‍ നിങ്ങളുടെ മേല്‍ ഒരു ഇടുക്കമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവ് ഇബ്‌റാഹീമിന്റെ മാര്‍ഗം പിന്തുടരുവിന്‍. ഖുര്‍ആനിലും പൂര്‍വ വേദങ്ങളും ദൈവത്തിന് സമര്‍പ്പിക്കുന്നവര്‍ (മുസ്‌ലിമൂന്‍) എന്ന് നിങ്ങളെ നാമകരണം ചെയ്തത് ദൈവമാണ്'' (അല്‍ ഹജ്ജ് 77,78).

അന്തിമ വേദം

അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ധാരാളം പ്രവാചകന്മാര്‍ നിയോഗിക്കപ്പെട്ടുപോന്നിട്ടുണ്ട്. പ്രവാചകാധ്യാപനങ്ങള്‍ വിസ്മരിച്ചതു കാരണം അത് പുനരുദ്ധരിക്കാനാണവര്‍ വീണ്ടും വീണ്ടും നിയോഗിതരാകുന്നത്. വേദങ്ങളും പലതുണ്ട്. വേദപാഠങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിക്കപ്പെടുന്നതുകൊണ്ടോ വേദങ്ങള്‍ മനുഷ്യരുടെ ഇടപെടലിന് വിധേയമാകുന്നതുകൊണ്ടോ ആണ് പുതിയ വേദം അവതരിപ്പിക്കപ്പെടുന്നത്. ദൈവിക വേദങ്ങള്‍ മനുഷ്യരുടെ പൊതു സ്വത്താണ്. അത് കുത്തകവത്കരിക്കാന്‍ ദൈവം ആരെയും അനുവദിച്ചിട്ടില്ല. എന്നാല്‍ ജാതിശ്രേണി നിലനില്‍ക്കുന്ന മതസമൂഹങ്ങളില്‍ കീഴ്ജാതിക്കാര്‍ വേദം കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ജാതികളുണ്ടായതുതന്നെ വേദം ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചതുകൊണ്ടാണ്. ജാതി വേണ്ടെന്നുവെച്ചാല്‍ മതവുമുണ്ടാവുകയില്ലെന്ന സ്ഥിതിയാണിപ്പോള്‍. മതസങ്കല്‍പവും ആചാരങ്ങളും ആ വിധത്തില്‍ മനുഷ്യരിലെ വരേണ്യ വിഭാഗങ്ങള്‍ പുനഃസൃഷ്ടിച്ചിരിക്കുകയാണ്.

മനുഷ്യരില്‍ സവര്‍ണരും അവര്‍ണരും ഒരു വര്‍ണത്തിലുമുള്‍പ്പെടാത്ത അടിമ വിജാതീയരുമുണ്ടായതെങ്ങനെയാണ്? ജന്മനാ അശുദ്ധ വര്‍ഗങ്ങളാണവരെന്നാണ് നിലവിലെ മതസങ്കല്‍പം. വരേണ്യ വിഭാഗം വിശുദ്ധന്മാരും. ഈ മനുഷ്യവിരുദ്ധ മതസങ്കല്‍പങ്ങള്‍ മുപ്പത്തിമുക്കോടി ദൈവങ്ങളെയും അത്രയും ജാതികളെയും സൃഷ്ടിച്ചു. ഇത്തരമൊരു സാമൂഹിക സാംസ്‌കാരിക മതാവബോധത്തില്‍നിന്നാണ് രാജ്യത്തെ വിശ്വാസവും ആചാരങ്ങളും ഉല്‍പാദിപ്പിക്കപ്പെടുന്നത്. മുജ്ജന്മ പാപസിദ്ധാന്തവും പുനര്‍ജന്മ വിശ്വാസവും നൂറ്റാണ്ടുകളായി കോടാനുകോടി മനുഷ്യജന്മങ്ങളെ എന്തും സഹിച്ച് അടിമകളായി ജീവിച്ചുതീര്‍ക്കാന്‍ പാകപ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു അടിമത്തത്തില്‍നിന്ന് മോചനമാഗ്രഹിക്കാത്തവരുണ്ടാകുമോ? അടിയന്തരവും സത്വരവുമായ ശുദ്ധീകരണവും വിപ്ലവവും ആവശ്യപ്പെടുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യമാണിത്.

ഇസ്‌ലാം പ്രകൃതി മതമാണെന്ന് പറയുകയുണ്ടായി. അതിനാല്‍ നിലവിലെ കലുഷമായ സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇസ്‌ലാമിന് മാത്രമാണ് പരിഹാരം സമര്‍പ്പിക്കാനാവുക. ശുദ്ധിയെക്കുറിച്ച ഇസ്‌ലാമിക പരികല്‍പനയും ഇസ്‌ലാമിന്റെ ആരാധനാനുഷ്ഠാനങ്ങളും മാത്രം പഠിച്ചാല്‍ ഈ കാര്യം മനസ്സിലാകും. പാപപുണ്യത്തെക്കുറിച്ച ഇസ്‌ലാമിക പരികല്‍പനയും വിശ്വാസവും അതിന് മകുടം ചാര്‍ത്തുകയും ചെയ്യും. മുജ്ജന്മ പാപസങ്കല്‍പവും മനുഷ്യന്‍ ജന്മനാ പാപിയാണെന്ന വിശ്വാസവും ഇസ്‌ലാമിന് അന്യമാണ്. അതിനാല്‍ ഇസ്‌ലാമില്‍ ജന്മനാ മ്ലേഛന്മാരായ മനുഷ്യരോ മ്ലേഛ ഇടങ്ങളോ ഇല്ല. ജന്മപാപത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ദൈവം മനുഷ്യനായി അവതരിച്ച് കുരിശിലേറേണ്ട ആവശ്യവുമില്ല.

മനുഷ്യരുടെ കര്‍മദോഷമാണ് അവരെ പാപികളും പുണ്യവാന്മാരുമൊക്കെയാക്കുന്നത്. അത് വ്യക്തിപരമാണ്. അതിന് ദൈവത്തോട് മനുഷ്യര്‍ പശ്ചാത്തപിക്കുകയാണ് ചെയ്യേണ്ടതെന്നാണ് ഇസ്‌ലാമിന്റെ നിലപാട്. പാപം ചെയ്യാതിരിക്കാനും പാപം ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പശ്ചാത്തപിച്ച് മോചനം നേടാനും മനുഷ്യന്‍ യഥാര്‍ഥ ജ്ഞാനമാര്‍ജിക്കണമെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. യഥാര്‍ഥ ജ്ഞാനത്തിനാധാരം ദൈവിക വെളിപാടും പ്രവാചക മാതൃകയുമാണെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വേദങ്ങള്‍ ദൈവിക വെളിപാടുകളുടെ സമാഹാരമാണ്. എന്നാല്‍ വേദവാഹകര്‍ വേദാധ്യാപനങ്ങളില്‍നിന്ന് വ്യതിചലിച്ചും വേദാധ്യാപനങ്ങള്‍ ജനങ്ങളില്‍നിന്ന് മറച്ചുപിടിച്ചും വേദം തിരുത്തിക്കുറിച്ചും വ്യാജ ദൈവങ്ങളെ സൃഷ്ടിക്കുകയോ സ്വയം ദൈവം ചമയുകയോ ചെയ്യുന്നതിന് ചരിത്രം സാക്ഷിയാണ്. പിന്നീട് ജനങ്ങളെ സ്വന്തം ചൊല്‍പടിയില്‍ നിര്‍ത്താന്‍ അവര്‍ നവീന വിശ്വാസാചാരങ്ങളും നിയമങ്ങളും സൃഷ്ടിക്കുന്നു. ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള വിദ്യയാണിത്. യഥാര്‍ഥത്തില്‍ അവിദ്യയാണിത്. ഈ അവിദ്യയാണ് ഖുര്‍ആന്റെ ഭാഷയില്‍ ജാഹിലിയ്യത്ത് (അജ്ഞാനം). മനുഷ്യരെ എക്കാലത്തും അടിമപ്പെടുത്തിയ ഈ ദുഷിച്ച സാമൂഹിക വ്യവസ്ഥക്കെതിരെയാണ് പ്രവാചകന്മാര്‍ പോരാടിയത്. വേദങ്ങള്‍ അവതരിപ്പിക്കപ്പെട്ടതും അതിനെതിരെ തന്നെയായിരുന്നു. അതിനെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അദ്ദേഹം (പ്രവാചകന്‍) അവരോട് നന്മ  കല്‍പിക്കുകയും തിന്മ വിലക്കുകയും ശുദ്ധ വസ്തുക്കള്‍ അവര്‍ക്ക് അനുവദിച്ചുകൊടുക്കുകയും അശുദ്ധ വസ്തുക്കള്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവെക്കുകയും അവരെ വരിഞ്ഞുമുറുക്കിയ ചങ്ങലകള്‍ (സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവും മതപരവുമായ ഭാരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമാണുദ്ദേശ്യം) പൊട്ടിച്ചെറിയുകയും ചെയ്യുന്നു'' (അല്‍ അഅ്‌റാഫ് 157).

വുദൂ, കുളി, തയമ്മും

തീണ്ടല്‍, അയിത്തം, ശുദ്ധികലശം പോലെയുള്ള വാക്കുകള്‍ നമുക്ക് സുപരിചിതമാണ്. അയിത്തവും തീണ്ടലും ശുദ്ധികലശവും ജാതിശ്രേണിയെയും തദ്‌സംബന്ധമായ ദുഷ്ടാചാരങ്ങളെയും വിവേചനത്തെയും ഓര്‍മപ്പെടുത്തുന്നു. ഇതുമൂലം വിശുദ്ധന്മാരുടെ ഒരു കൂട്ടവും അവരുടെ ശ്രേണികളും രൂപപ്പെടുന്നു. മറ്റൊരു കൂട്ടര്‍ മ്ലേഛരായി ചാപ്പ കുത്തപ്പെടുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇസ്‌ലാം പഠിപ്പിച്ച ശുദ്ധാശുദ്ധ പരികല്‍പനയുടെ വ്യതിരിക്തതയും അതിലടങ്ങിയ മാനവികതയും ജനാധിപത്യ വിഭാവനയും നമുക്ക് ബോധ്യപ്പെടുക. ഇസ്‌ലാമിന്റെ ശുദ്ധാശുദ്ധ പരികല്‍പന വ്യക്തിയുമായും അയാള്‍ ദൈവവുമായി പുലര്‍ത്തുന്ന സഹവാസവുമായാണ് ബന്ധപ്പെട്ടു നില്‍ക്കുന്നത്. വ്യക്തിക്ക് സുപ്രധാന ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ വുദൂവും കുളി അനിവാര്യമാകുന്ന സ്ഥിതിയില്‍ കുളിയും നിര്‍ബന്ധമാണ്. ശുക്ലസ്ഖലനം, സ്ത്രീ പുരുഷ സംസര്‍ഗം, സ്ത്രീകള്‍ക്ക് ആര്‍ത്തവവും പ്രസവരക്തവുമുണ്ടായി നിലക്കുമ്പോള്‍ എന്നീ അവസരങ്ങളില്‍ കുളി നിര്‍ബന്ധമാകുന്നതാണ്. വുദൂ ഇല്ലാത്ത അവസ്ഥക്ക് ചെറിയ അശുദ്ധി (അല്‍ ഹദസുല്‍ അസ്ഗര്‍)യെന്നും കുളി നിര്‍ബന്ധമാകുന്ന അവസ്ഥക്ക് വലിയ അശുദ്ധി(അല്‍ ഹദസുല്‍ അക്ബര്‍)യെന്നും പറയുന്നു. വുദൂ ചെയ്തതിനു ശേഷം വിസര്‍ജിച്ചാല്‍ വുദൂ മുറിയും. സ്ത്രീകള്‍ പ്രസവിക്കുകയോ ആര്‍ത്തവമുണ്ടാവുകയോ ചെയ്താല്‍ രക്തം മുറിഞ്ഞാല്‍ കുളിച്ച് ശുദ്ധീകരിക്കേണ്ടതുണ്ട്. അതുകൊണ്ടുമാത്രമാണ് ആ അവസ്ഥകളെ അശുദ്ധാവസ്ഥയെന്ന് പറയുന്നത്. പല മതസമൂഹങ്ങളും ആചരിച്ചുവരുന്നതുപോലെ ആ സമയത്ത് സ്ത്രീകളെ വീട്ടില്‍നിന്നും കൂട്ടത്തില്‍നിന്നും മാറ്റിനിര്‍ത്തുകയെന്ന നിലപാട് ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആര്‍ത്തവാവസ്ഥക്ക്, രോഗമെന്നും തര്‍ജമ ചെയ്യാവുന്ന 'അദാ' എന്ന വാക്കാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്. രക്തം മുറിഞ്ഞ് ശുദ്ധിയാകുന്നതുവരെ അവരുമായുള്ള സംസര്‍ഗം മാത്രമാണ് ഖുര്‍ആന്‍ വിലക്കിയത്. രോഗാവസ്ഥയെന്ന് വ്യംഗ്യമായി ഉപയോഗിച്ചതുകൊണ്ട് ആ സമയത്ത് സ്ത്രീകള്‍ക്ക് പരിചരണം നല്‍കണമെന്നുകൂടി സിദ്ധിക്കുന്നുണ്ട്. ചുരുക്കത്തില്‍, ആണായാലും പെണ്ണായാലും നമസ്‌കാരം, ത്വവാഫ് പോലെ അല്ലാഹുവുമായുള്ള നേര്‍ സഹവാസം നടത്തുമ്പോള്‍ ശുദ്ധിയോടു കൂടി നിര്‍വഹിക്കണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ജന്മനാ വിശുദ്ധരോ മ്ലേഛരോ ആയ വ്യക്തികളോ സംഘങ്ങളോ ഇല്ല ഇസ്‌ലാമിക വീക്ഷണത്തില്‍. ശുദ്ധന്മാരുടെയും മ്ലേഛന്മാരുടെയും ശ്രേണീബന്ധങ്ങളും ഇസ്‌ലാമിന് അന്യമാണ്.

ഭൂമി മൊത്തം പള്ളിയാണെന്ന പ്രവാചക വചനത്തില്‍നിന്ന് എവിടെയായാലും ഭൂമി ഏത് മനുഷ്യന്നും ഉപയോഗപ്പെടുത്താന്‍ വിലക്കുകളില്ലെന്ന് മനസ്സിലാക്കാം.

ഇനി വസ്തുക്കളുടെ കാര്യമാണെങ്കില്‍ വിസര്‍ജ്യവസ്തുക്കള്‍, രക്തം, ചലം, ശവം മുതലായവ മ്ലേഛ(നജ്‌സ്)മാണ്. അവയുള്ള ഇടങ്ങളിലോ അവ വഹിച്ചോ നമസ്‌കാരം പോലുള്ള ആരാധനാ കര്‍മങ്ങള്‍ സാധുവാകുകയില്ല. എന്നാല്‍ മനുഷ്യശവം മ്ലേഛമല്ല. അക്കാര്യത്തില്‍ മുസ്‌ലിംകളുടേതെന്നോ അമുസ്‌ലിംകളുടേതെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. മരിച്ച മനുഷ്യരെ കുളിപ്പിക്കുന്നത്, അവരോടുള്ള ആദരസൂചകമായും ജീവിക്കുന്ന മനുഷ്യര്‍ കുളിക്കുന്നതുപോലെ ശരീരത്തില്‍നിന്ന് അഴുക്കു കളയാനും വേണ്ടിയാണ്. അല്ലാതെ മൃതദേഹം അശുദ്ധമായതുകൊണ്ടല്ല.

മനുഷ്യന്‍ ആഹരിക്കുന്ന ഭക്ഷണം വിഹിതവും ശുദ്ധിയുള്ളതുമാകണമെന്ന് ഇസ്‌ലാമിന് നിര്‍ബന്ധമുണ്ട്. പ്രവാചകന്‍ നല്ലത് അനുവദനീയമാക്കുകയും ദുഷിച്ചത് നിഷിദ്ധമാക്കുകയും ചെയ്യുന്നുവെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. മാംസം ഭക്ഷ്യയോഗ്യമാകണമെങ്കില്‍ അത് നിയമാനുസൃതം അറുത്തതാകണം. അഥവാ വ്യാജദൈവങ്ങളുടെ നാമത്തില്‍ അറുത്തതാകരുത്. അറുത്താലും അനുവദനീയമാകാത്തത് പന്നിമാംസം മാത്രമാണ്. അതിന് വൈദ്യശാസ്ത്രപരവും ആരോഗ്യസംബന്ധവും മനശ്ശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ടെന്ന് തീര്‍ച്ചയാണ്. 

ഇസ്‌ലാമിക വീക്ഷണ പ്രകാരം വ്യക്തികള്‍ നന്നാകണമെങ്കില്‍ അവരുടെ മനസ്സും ശരീരവും അവര്‍ ഉപയോഗിക്കുന്ന വസ്തുക്കളും ഒരുപോലെ ശുദ്ധമാകണമെന്നര്‍ഥം. ആഹാരപദാര്‍ഥങ്ങള്‍ നിയമാനുസൃതമാകണം. തന്റെ മനസ്സും ശരീരവും ശുദ്ധമായിരിക്കണമെന്ന ആലോചനയും സത്വരശ്രദ്ധയും ഓരോ മനുഷ്യന്നുമുണ്ടാകണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അതിനാല്‍ ശുദ്ധീകരിക്കാന്‍ വെള്ളം ലഭിക്കാതിരിക്കുകയോ വെള്ളമുപയോഗിക്കാന്‍ തടസ്സം നേരിടുകയോ ചെയ്യുമ്പോഴും നമസ്‌കാരം പോലുള്ള നിര്‍ബന്ധ ആരാധനാ കര്‍മങ്ങള്‍ ഉപേക്ഷിക്കരുതെന്നും ശുദ്ധിയെക്കുറിച്ച അവബോധം സദാ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കൈകള്‍ മണ്ണില്‍ അടിച്ച് മുഖവും കൈകളും തടവി പ്രതീകാത്മക ശുദ്ധീകരണം നിര്‍വഹിക്കണമെന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു (അല്‍മാഇദ 6). ഈ അനുഷ്ഠാനത്തിനാണ് തയമ്മും എന്ന് പറയുന്നത്.

ഇസ്‌ലാം മനുഷ്യരെ ഏകവര്‍ഗമായാണ് കാണുന്നതെന്നും മനുഷ്യര്‍ക്കിടയില്‍ ഒരു തരത്തിലുള്ള വിവേചനവും ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും ഇസ്‌ലാമിന്റെ ആരാധനാ വിധികളില്‍നിന്നും ശുദ്ധീകരണാനുഷ്ഠാനങ്ങളില്‍നിന്നും ഗ്രഹിക്കാനാകും. ബഹുദൈവവിശ്വാസം മനുഷ്യര്‍ക്കിടയില്‍ ജുഗുപ്‌സാവഹമായ വിവേചനവും ജാതിവെറിയും അടിമത്തവും നിലനിര്‍ത്തുന്നതുകൊണ്ടാണ് ബഹുദൈവ വിശ്വാസം മ്ലേഛമാണെന്ന് ഖുര്‍ആന്‍ പറഞ്ഞത്. ഇത്തരം അസമത്വങ്ങളില്‍നിന്നും അനീതികളില്‍നിന്നും മനുഷ്യര്‍ക്ക് മോചനവും സ്വര്‍ഗീയ മോക്ഷവും വാഗ്ദാനം ചെയ്തുകൊണ്ടാണ് എല്ലാ കാലത്തും ദേശങ്ങളിലും പ്രവാചകന്മാര്‍ ആഗതരായത്. മുഹമ്മദ് നബി(സ) ആ ശൃംഖലയിലെ അവസാന കണ്ണിയാണ്. 'മനുഷ്യരെല്ലാം ആദമില്‍നിന്ന്, ആദം മണ്ണില്‍നിന്ന്' എന്നാണ് തിരുവചനം. ഒടുവിലെ വേദമായ വിശുദ്ധ ഖുര്‍ആന്‍ ഈ വിശ്വാസം സാമൂഹിക ജീവിതത്തില്‍ സാക്ഷാത്കരിക്കാനുതകുന്ന ആരാധനാ സമ്പ്രദായങ്ങളും അതിനു മുന്നോടിയായുള്ള ശുദ്ധിസംബന്ധമായ അനുഷ്ഠാനങ്ങളുമാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. വിശാലമായ ഈ മാനവിക വിഭാവനയിലേക്കും സംശുദ്ധമായ സാമൂഹിക ജീവിതത്തിലേക്കും മനുഷ്യരെ നയിക്കുന്ന വിശ്വാസ സംഹിതയാണ് ഇസ്‌ലാം മുന്നോട്ടുവെച്ചിട്ടുള്ളത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് മുഹമ്മദ് നബി(സ) പ്രഖ്യാപിച്ചു: ''ശുദ്ധി ഈമാനിന്റെ പകുതിയാണ്.'' 

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍