Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

ബഹുസ്വരതയുടെ ഖുര്‍ആനികാടിത്തറകള്‍

വി.എ.എം അശ്‌റഫ്

വ്യത്യസ്ത മതസമൂഹങ്ങളിലാണ് മനുഷ്യന്‍ പിറന്നുവീഴുന്നത്. ഇവ ഉപേക്ഷിച്ചു പോകുന്നവര്‍ പത്തു ശതമാനത്തില്‍ താഴെ മാത്രമാണ്. ഭൂരിപക്ഷവും തങ്ങളുടെ 'ജന്മമതങ്ങളെ' പുല്‍കി തന്നെയാണ് മരിക്കുന്നത്. 'സ്വന്തം' മതം മാത്രമാണ് ശരിയെന്ന അവകാശവാദം മിക്ക മതക്കാര്‍ക്കുമുണ്ട്. ഇതേപ്പറ്റി ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന അതിസൂക്ഷ്മവും പിഴവറ്റതുമായ പ്രതിപാദനങ്ങളെ സംക്ഷിപ്തമായി ക്രോഡീകരിക്കുകയാണിവിടെ.

വിശ്വാസപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങള്‍ ദൈവനിശ്ചിതമാണ്. ഏവരെയും ഏകശിലാഖണ്ഡമായ ധാരണയിലേക്ക് കൊണ്ടുവരിക അന്ത്യനാള്‍ വരെ അസാധ്യമായിരിക്കുമെന്നത് ഖുര്‍ആന്റെ ഖണ്ഡിതമായ പ്രഖ്യാപനമാണ്: ''ആകാശ-ഭൂമികളുടെ നിര്‍മാണവും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യങ്ങളും അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാകുന്നു''(30:22).1

മതങ്ങളുടെ ഉല്‍പത്തി പ്രവാചകസന്ദേശങ്ങളില്‍നിന്നാണ്. ദൈവത്തിന്റെ ഏകത്വം അംഗീകരിച്ചും പരലോകബോധത്തിലൂന്നിയും മനുഷ്യര്‍ സോദരത്വേന നീതിയിലും ധര്‍മത്തിലും സഹവര്‍ത്തിക്കുക എന്നതാണ് അടിസ്ഥാന പ്രവാചകസന്ദേശം.2 എന്നാല്‍, സ്വാര്‍ഥ ലക്ഷ്യങ്ങള്‍ക്കായി ഭിന്നിപ്പുണ്ടാക്കുകയും പിളര്‍പ്പില്‍നിന്ന് മുതലെടുക്കുകയും ചെയ്യുക എന്നത് സ്ഥാപിത താല്‍പര്യക്കാരുടെ എന്നത്തെയും രീതിയാണ്.3 ഇവ്വിധം വിവിധ മതങ്ങള്‍ രൂപം കൊളളുകയായിരുന്നു. 

പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വെളിച്ചത്തില്‍ ഏവര്‍ക്കും അന്വേഷിച്ചെത്താവുന്നതാകും യാഥാര്‍ഥ്യം.4  ഭൗതിക ജീവിതത്തില്‍ സുഭിക്ഷതയും സുരക്ഷിതത്വവും പരലോകവിജയവും ഉറപ്പുനല്‍കുന്ന പ്രത്യയശാസ്ത്രമെന്ന നിലക്കാണ് ഇസ്‌ലാം പ്രസക്തമായിരിക്കുന്നത്.5 'നീതി' എന്ന ഉദാത്ത മൂല്യത്തെ കൈയൊഴിച്ചുള്ള വ്യാഖ്യാനം ഇസ്‌ലാമിനെ അപ്രസക്തമാക്കും.6  ഐ.എസ് പോലുള്ള ഭീകരസംഘടനകള്‍ ഇതിന് തെളിവാണ്.

ഭൂവാസികള്‍ക്കാകെയായി നല്‍കപ്പെട്ട വിഭവങ്ങള്‍7 ഒരുപിടിയാളുകളിലേക്ക് കേന്ദ്രീകരിച്ച് ചൂഷണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നതും മതത്തെ അപ്രസക്തവും അപകടകരവുമാക്കും. വിമര്‍ശനാത്മകമായ മതവായനകളിലൂടെ മാത്രമേ മതത്തിന്റെ അന്തസ്സത്തയായ വിമോചനാശയങ്ങള്‍ വളര്‍ത്തിയെടുക്കാനാവൂ.

മനുഷ്യനും ബഹുസ്വരതയും

മനുഷ്യനായി പിറന്ന ഏതൊരാളും ദൈവത്തില്‍നിന്നുള്ള സവിശേഷ ചൈതന്യം നല്‍കപ്പെട്ടവനും മഹത്വമര്‍ഹിക്കുന്നവനുമാണ്.8 മതവീക്ഷണങ്ങള്‍ക്കതീതമായാണ് ദൈവാനുഗ്രഹങ്ങള്‍ ഇഹലോകത്ത് നല്‍കപ്പെടുന്നത്.9

ഇസ്‌ലാമികമായി മാനവചരിത്രമെന്നത് പ്രവാചക ചരിത്രം കൂടിയാണ്. 1,24,000 പ്രവാചകന്മാര്‍ വ്യത്യസ്ത ജനതകളിലേക്ക് ആഗതരായി. ആ പ്രവാചകന്മാരെയൊക്കെയും വിവേചനമില്ലാതെ അംഗീകരിക്കേണ്ടതുണ്ട്.10 ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ 25 പേരല്ലാത്തവരും പ്രവാചകന്മാരായുണ്ട്.11 എല്ലാ പ്രവാചകന്മാരുടെയും അടിസ്ഥാനദര്‍ശനം ഇസ്‌ലാം (ഏകദൈവ പരലോകവിശ്വാസങ്ങളും സത്കര്‍മങ്ങളും) ആണ്.12 ഇസ്‌ലാമേതര മാര്‍ഗങ്ങള്‍ വഴിപിഴച്ചവയും (ത്വാഗൂത്ത്) ആണ്.13 

'ഇസ്‌ലാം' എന്നതിന്റെ യഥാര്‍ഥ വിവക്ഷ ഖുര്‍ആന്‍ (3:83-85) വ്യക്തമാക്കുന്നുണ്ട്. അതായത്, പ്രകൃതിനിയമങ്ങളെപോലെ മര്‍ത്യന്റെ ധാര്‍മിക നിയമങ്ങളും ദൈവേഛക്കനുസൃതമാക്കുക. ദൈവിക ദര്‍ശനമെന്ന നിലയില്‍ 'ദൈവ സമര്‍പ്പണം' എന്ന ഏക ധര്‍മമേ പ്രബോധിതമായിട്ടുള്ളൂ.14  നോഹയും മോശെയും അനുയായികളും യേശുവും അനുയായികളുമൊക്കെ മുസ്‌ലിംകളായിരുന്നു.15 സബഇലെ ഷീബാ രാജ്ഞി സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് 'ഇസ്‌ലാം' സ്വീകരിച്ചു.16 പൂര്‍വികമതങ്ങള്‍ കമ്പ്യൂട്ടറിന്റെ പൂര്‍വിക ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെപോലെ ഇസ്‌ലാം തന്നെയാണ്. 'ഇസ്‌ലാം' മനുഷ്യസൃഷ്ടിപ്പിനു മുമ്പേ മനുഷ്യനില്‍ നിലീനമാക്കപ്പെട്ടിരുന്നു എന്ന് 'അമാനത്ത്' സങ്കല്‍പം സൂചിപ്പിക്കുന്നു.17  മനുഷ്യസൃഷ്ടിവേളയില്‍ സാക്ഷ്യപ്പെടുത്തിയ യാഥാര്‍ഥ്യങ്ങളുടെ ഓര്‍മപ്പെടുത്തലുകാരായാണ് പ്രവാചകന്മാര്‍ ആഗതരായത്.18 നൈതികബോധം എല്ലാ മനുഷ്യര്‍ക്കും ജന്മസിദ്ധമാണ്.19 എല്ലാറ്റിന്റെയും അന്തിമ വിധിതീര്‍പ്പ് ദൈവത്തിനു മാത്രം.20 ഭൂമിയിലെ ജീവിതം നന്മയുടെ മത്സരമായാണ് വിഭാവന ചെയ്തിരിക്കുന്നത്: ''നിങ്ങളില്‍ ഏവര്‍ക്കും ശരീഅത്തും കര്‍മമാര്‍ഗവും നിശ്ചയിച്ചിട്ടണ്ട്. ദൈവം ഇഛിച്ചിരുന്നുവെങ്കില്‍ നിങ്ങളേവരെയും ഒരൊറ്റ സമുദായമാക്കുമായിരുന്നു. എന്നാല്‍ ഇങ്ങനെ ചെയ്തത് നിങ്ങള്‍ക്കവന്‍ നല്‍കിയതില്‍ നിങ്ങളെ പരീക്ഷിക്കാനായിട്ടത്രെ. അതിനാല്‍ നിങ്ങള്‍ നന്മകളില്‍ പരസ്പരം മത്സരിച്ചു മുന്നേറുവിന്‍'' (5:48). ഓരോരുത്തര്‍ക്കും നല്‍കിയതനുസരിച്ചാകും വിചാരണ എന്ന ആശയം പ്രത്യേകം ശ്രദ്ധിക്കുക.

ബഹുസ്വരതയെ സൃഷ്ടിപ്പിന്റെയും പ്രകൃതിയുടെയും നിയമമായാണ് ഇസ്‌ലാം പരിഗണിക്കുന്നത്. വ്യത്യസ്ത മത-സാംസ്‌കാരിക- ഭാഷാ സംവര്‍ഗങ്ങള്‍ ദൈവിക പദ്ധതിയുടെ ഭാഗം തന്നെയാണ്.21 ജൂത സിനഗോഗുകളിലും ക്രൈസ്തവ ദേവാലയങ്ങളിലും മസ്ജിദുകളിലും ദൈവത്തിന്റെ നാമം സ്മരിക്കപ്പെടുന്നതിനാല്‍ അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.22 അതിനാലാണ് നജ്‌റാനില്‍നിന്നെത്തിയ ക്രൈസ്തവ നിവേദക സംഘത്തെ തന്റെ മസ്ജിദില്‍ ആരാധന നടത്താന്‍ പ്രവാചകന്‍(സ) അനുവദിച്ചത്. വ്യത്യസ്ത ആരാധനാക്രമങ്ങള്‍ ദൈവഛേയുടെ ഭാഗമാണ്: ''ഓരോരുത്തര്‍ക്കും ഓരോ ദിശയുണ്ട്. അവര്‍ അതിലേക്ക് തിരിയുന്നു. നിങ്ങള്‍ നന്മയുടെ ദിശയിലേക്ക് മുന്നേറുവിന്‍. എവിടെയായിരുന്നാലും ദൈവം നിങ്ങളെയെല്ലാം പ്രാപിക്കുന്നതാകുന്നു'' (2:148).

വീക്ഷണ വ്യത്യാസങ്ങള്‍ തികച്ചും സ്വാഭാവികമാണ്.23 ദൈവേതരരെ ആരാധിക്കുന്നവരെ പോലും അവമതിക്കാനോ അവ്വിധം സംഘര്‍ഷമുണ്ടാക്കാനോ പാടില്ല.24 വെറുപ്പിന്റെ കനലുകളെരിക്കുന്ന വിധം ഊഹക്കഥകള്‍ പ്രചരിപ്പിച്ച് വിദ്വേഷത്തിന്റെ വിത്തുവിതക്കരുത്.25 പ്രവാചകന്മാര്‍ അതത് ജനതയുടെ ഭാഷയിലാണ് ജനങ്ങളോട് സംസാരിച്ചത്.26 ഇത് നമുക്ക് മാതൃകയാകണം. മാപ്പു നല്‍കുന്നതിനാണ് ശിക്ഷയേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത്.27

'ഉമ്മത്ത്' എന്ന പദം ജനത എന്ന അര്‍ഥത്തിലും28 മുസ്‌ലിം സമൂഹം എന്ന അര്‍ഥത്തിലും29 ഖുര്‍ആനില്‍ പ്രയോഗിച്ചിരിക്കുന്നു. പൂര്‍വവേദക്കാരില്‍ വിശ്വാസികളുണ്ട.്30 ഏവരും യോജിക്കുന്ന മേഖലകള്‍ക്കാണ് മുന്‍ഗണന കൊടുക്കേണ്ടത്.31 'ഞങ്ങളുടെ ദൈവവും നിങ്ങളുടെ ദൈവവും ഒന്നുതന്നെ; ഞങ്ങള്‍ക്ക് അവതരിക്കപ്പെട്ടതിലും നിങ്ങള്‍ക്ക് അവതരിപ്പിച്ചതിലും ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു' എന്ന ഉള്‍ക്കൊള്ളല്‍ ശൈലിയാണ് വിശ്വാസി പുലര്‍ത്തേണ്ടത്.32

അമുസ്‌ലിംകളായതിന്റെ പേരില്‍ ഒരു ജനതയോട് യുദ്ധം ചെയ്യുന്ന നയം അനിസ്‌ലാമികമാണ്; അതിക്രമം നടത്തുന്നത് മുസ്‌ലിമാണെങ്കിലും അവനെതിരെയുളള പോരാട്ടം അനിവാര്യം.33 മതസ്വാതന്ത്ര്യം അടക്കമുള്ള മനുഷ്യാവകാശ സംരക്ഷണാര്‍ഥമുള്ള യുദ്ധങ്ങള്‍ മാത്രമേ ഇസ്‌ലാമികമാവൂ: ''പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ ദൈവമാര്‍ഗത്തില്‍ പോരാടാതിരിക്കാന്‍ എന്തുണ്ട് ന്യായം?'' (4:75).

സദാ സമാധാന വാഞ്ഛ പുലര്‍ത്തുന്നത് വിശ്വാസിയുടെ സ്വഭാവമാണ്.34 അക്രമികളല്ലാത്ത സകലരുമായും നീതിയില്‍ വര്‍ത്തിക്കുക എന്നതാകണം മുസ്‌ലിം സമീപനം.35 നന്മകളില്‍ സഹകരിച്ചും തിന്മകളില്‍ നിസ്സഹകരിച്ചും ബഹുത്വങ്ങളെ സംഘര്‍ഷരഹിതമാക്കണം.36 നന്മകൊണ്ട് തിന്മയെ ചെറുക്കുക എന്നതാണ് ഏറ്റവും ഉന്നതമായ രീതി.37 ഒരു വിഭാഗത്തെ നിതാന്ത ശത്രുക്കളാക്കി കാണുന്ന രീതി ശരിയല്ല.38 ഇരുട്ടിന്റെ ദുശ്ശക്തികള്‍ പരസ്പരം മിത്രങ്ങളായതിനാല്‍39 നന്മയുടെയും ധര്‍മത്തിന്റെയും ശക്തികളുടെ സൗഹൃദം അരക്കിട്ടുറപ്പിക്കുകയാകണം നയം.40

ജൂത-ക്രൈസ്തവരെ മാത്രമല്ല പാഴ്‌സി, ഹിന്ദു, ബൗദ്ധ വിഭാഗങ്ങളെയും വേദക്കാരായി പരിഗണിച്ച പണ്ഡിതന്മാരുണ്ട്. എല്ലാ വേദക്കാരോടും പരമാവധി മൃദുവായ രീതിയിലാകണം ഇടപെടല്‍: ''യുക്തിപൂര്‍വമായും സദുപദേശത്തോടെയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. നല്ല രീതിയില്‍ ജനങ്ങളോട് സംവദിക്കുക''(16:125). യോജിപ്പിന്റെ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കല്‍ യുക്തിയുടെ കൂടി നേട്ടമാണ്.41

മോക്ഷം ആര്‍ക്ക്?

ഭിന്നിപ്പ് വെടിഞ്ഞ് 'നന്മ കല്‍പിക്കുക; തിന്മ വിരോധിക്കുക' എന്ന ദൗത്യത്തില്‍ നിലയുറപ്പിക്കുമ്പോള്‍ മാത്രമാണ് മാനവിക സന്ദേശ പ്രഘോഷണത്തിലൂടെ ഇസ്‌ലാമിക സമൂഹം പ്രസക്തമാകുന്നുളളൂ.42 സാമുദായിക മേധാവിത്വവാദവുമായി ഈ ആശയം സംഘട്ടനത്തിലാണ്. ഏതെങ്കിലും മതത്തിന് ദൈവവുമായി പ്രത്യേക ബന്ധമുണ്ടെന്നും43 ദൈവത്തിന് പുത്രന്മാരും ഇഷ്ടക്കാരുമുണ്ടെന്നും44 തങ്ങള്‍ മാത്രം വിശുദ്ധരും45 മോക്ഷാര്‍ഹരുമാണെന്നും46 നരകത്തീ തങ്ങളെ അല്‍പമേ സ്പര്‍ശിക്കൂ47 എന്നും തങ്ങള്‍ക്ക് മാത്രമായി എല്ലാം പൊറുത്തുകൊടുക്കപ്പെടും48 എന്നുമൊക്കെയുള്ള വാദങ്ങള്‍ ഖുര്‍ആന്‍ കടപുഴക്കിയെറിയുന്നു. പരമമായ വിജയവും മോക്ഷവും തങ്ങള്‍ക്കാണെന്ന വംശീയവാദങ്ങളെ ഖുര്‍ആന്‍ വിശകലനം ചെയ്യുന്നു.49 ദൈവത്തോടുള്ള അനുസരണത്തില്‍ സ്വയം അര്‍പ്പിക്കുകയും കര്‍മം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആര്‍ക്കും പ്രതിഫലമുണ്ട്.50 ''കാര്യം നിങ്ങളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചല്ല, വേദവിശ്വാസികളുടെ വ്യാമോഹങ്ങളെ ആശ്രയിച്ചുമല്ല; തിന്മ ചെയ്യുന്നവന് അതിന്റെ ഫലം ലഭിക്കും'' (4:123). ജൂത-ക്രൈസ്തവ വിഭാഗങ്ങളില്‍ മോക്ഷാര്‍ഹരുണ്ടെന്നത് ഖുര്‍ആന്റെ പ്രഖ്യാപനമാണ്.51 ഏകദൈവ-പരലോക വിശ്വാസവും സത്കര്‍മാചരണവുമുള്ള ആര്‍ക്കും ഇഹ-പര വിജയം സാധ്യം.52 ജൂത-ക്രൈസ്തവരെ 'ഔലിയാക്കളാക്കരുത്' എന്ന നിര്‍ദേശത്തെ (ഖുര്‍ആന്‍ 5:51) 'സ്‌നേഹിതരാക്കരുത്' എന്ന് തെറ്റായി പരിഭാഷപ്പെടുത്തിയവരുണ്ട്. ഇസ്‌ലാമുമായി കൊടിയ ശത്രുത പുലര്‍ത്തുന്നവരുമായുള്ള ആത്മബന്ധത്തെ മാത്രമാണ് ഖുര്‍ആന്‍ നിഷേധിക്കുന്നത് എന്ന് സാകല്യേനയുള്ള വായന ബോധ്യപ്പെടുത്തും.53

''ആര്‍ തന്റെ മനസ്സിന്റെ സങ്കുചിതത്വത്തില്‍നിന്ന് മുക്തരാകുന്നുവോ അവര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (ഖുര്‍ആന്‍.59:9). എല്ലാ വേദഗ്രന്ഥങ്ങളിലും ദൈവത്തിന്റെ അരുളപ്പാടുകള്‍ കാണാം.54 വിശ്വാസികളോട് ഏറെ അടുത്ത് നില്‍ക്കുന്ന ക്രൈസ്തവരുണ്ട്.55 ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇസ്‌ലാമിനോടുള്ള നിലപാടുകള്‍ ഈ ആശയത്തെ ബലപ്പെടുത്തുന്നു. മോശെ, യേശു, ദാവൂദ്, അബ്രഹാം എന്നിവര്‍ക്ക് അവതീര്‍ണമായ വേദങ്ങളിലൊക്കെ വെളിച്ചമുണ്ട്; അവയിലെ നന്മകളൊക്കെ ഉദാത്തങ്ങളുമാണ്.56 വംശീയ-സാമുദായിക മേന്മാവാദങ്ങളൊക്കെ തിരസ്‌കരിക്കപ്പെടേണ്ടതാണ്.57 അനാഥര്‍, അഗതികള്‍, അപരിചിതര്‍, അയല്‍ക്കാര്‍ എന്നിവര്‍ക്ക് നല്‍കപ്പെടുന്ന കരുണാവായ്പിലും സകാത്ത് വിതരണത്തിലും മതം ഒരു ഘടകമല്ല.58 ആര് സമാധാനമാശംസിച്ചാലും കൂടുതല്‍ മെച്ചമായ വിധം തിരികെ പ്രതികരിക്കണം.59 നിര്‍ബന്ധാവസ്ഥയിലുളള മനുഷ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശിക്ഷ നല്‍കപ്പെടുന്നില്ല.60  മനഃപൂര്‍വമായല്ലാത്ത തെറ്റുകള്‍ പൊറുത്തുകൊടുക്കപ്പെടുന്നു.61 മനുഷ്യന് താങ്ങാനാകാത്ത ഭാരം ദൈവം കല്‍പിക്കുന്നില്ല.62 വ്യത്യസ്ത സ്വത്വങ്ങള്‍ക്ക് അവരുടെ കര്‍മം അലങ്കാരമാക്കി കൊടുത്തതുകൊണ്ടും63 ദുര്‍ബലനായി സൃഷ്ടിക്കപ്പെടുന്നതിനാലും64 തന്റെ തന്നെ അനുഭവപരിസരങ്ങളില്‍  ബന്ധിതനായി 'ജന്മമത'ത്തില്‍തന്നെ ഭൂരിപക്ഷവും കടിച്ചു തൂങ്ങുന്നു. എന്നാല്‍, ഹൃദയങ്ങളിലുളളത് അറിയാവുന്ന ദൈവം,65 നീതിപൂര്‍വം വിധി കല്‍പിക്കും. ദൈവത്തിങ്കല്‍ പ്രവൃത്തിയുടെ സ്വീകാര്യത പുറം ലേബലല്ല; വിശ്വാസവും സല്‍കൃത്യങ്ങളുമാണ്.66 മുസ്‌ലിം ലോകത്ത് നിലനില്‍ക്കുന്ന മതനിന്ദ, മതപരിത്യാഗ നിയമങ്ങള്‍ ഖുര്‍ആനുമായി പൊരുത്തപ്പെടുന്നില്ല.67 സമ്പൂര്‍ണ മതസ്വാതന്ത്ര്യമാണ് ഇസ്‌ലാമിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനം.68 ദിവ്യപ്രകാശം കിഴക്കിനെയും പടിഞ്ഞാറിനെയും അതിലംഘിച്ചുനില്‍ക്കുന്നു.69 ഏകസ്രോതസ്സില്‍നിന്നുള്ള നിര്‍വിഘ്‌നമായ പ്രവാഹം പോലെ മതങ്ങള്‍ തമ്മിലുള്ള മൂല്യപരമായ സാധര്‍മ്യങ്ങള്‍ അമ്പരപ്പിക്കുംവിധം പ്രകടിതമാകുമ്പോള്‍ പോലും മതങ്ങളിലെ വിശ്വാസ-ആചാര വ്യത്യസ്തതകള്‍ അവഗണിക്കാവതല്ല. നിലവിലുള്ള മതങ്ങള്‍ അവയുടെ ഉല്‍പത്തിയില്‍ സത്യം, നീതി, കാരുണ്യം എന്നീ മാനവിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടവയായിരുന്നു; പിന്നീട് ഭിന്നപന്ഥാവുകളിലൂടെ മുന്നേറി. മനുഷ്യന്റെ വികാസക്ഷമതയുമായി ബന്ധപ്പെട്ട് ശരീഅത്തിലും കര്‍മമാര്‍ഗത്തിലും വരുന്ന മാറ്റം, മനുഷ്യസ്വാര്‍ഥത നടത്തിയ മതവക്രീകരണങ്ങള്‍ എന്നിവയാണ് മതവൈരുധ്യങ്ങളുടെ അടിസ്ഥാനം.70 ഖുര്‍ആനാണ് പൂര്‍ണരൂപത്തിലുള്ള മാര്‍ഗദര്‍ശനം നല്‍കുന്ന വേദഗ്രന്ഥം; അനിതരസാധാരണമായ വികാസ ക്ഷമതയാണ് ഖുര്‍ആനെ കാലാതിവര്‍ത്തിയായ വേദമാക്കുന്നത്.71  

 

കുറിപ്പുകള്‍

(1) കൂടാതെ ഖുര്‍ആന്‍ 11:118, 10:99, 11:28, 49:11 എന്നിവയും കാണുക. (2) ഖു.10:84,40:78 (3) ഖു.3:105, 23:53, 8:46,6:159, 3:103, 2:213,42:14 (4) ഖു.30:8, 10:67, 16:68, 69 (5) ഖു.28:77, 62:172, 16:97, 7:32 (6) ഖു.16:90, 5:8, 4:135 (7) ഖു. 11:6, 7:54, 13:16, 17, 21:30-33, 18:46, 66:23, 2:29, 22:65, 31:20 (8) ഖു.42:15, 29:46, 17:70 (9) ഖു.17:20,  2:126, ഇതേ ആശയം യേശുവും ആവര്‍ത്തിക്കുന്നു (മത്തായി 5:45). (10) ഖു.2:136, 2:85, 3:84 (11) ഖു.40:78 (12) ഖു.3:85, 5:19, 3:17,3:79 (13) ഖു.4:51, 4:76, 16:36 (14) ഖു.42:13 (15) ഖു.10:72,73, 7:123, 10:84, 5:111, 35:52 (16) ഖു.27:44 (17) ഖു.7:172, 174 (18) ഖു.2:38,39, 51:55, 5:19 (19) ഖു.7:172, 91:7,8,9,10, 3:104, 3:110, 3:114, 7:157, 9:71, 9:112, 22:41, 31:17 (20) ഖു.2:113, 3:55, 5:48, 6:164, 10:93, 16:92, 16:124, 22:69, 32:25, 39:3, 39:46, 45:17 (21) ഖു.14:4, 10:47, 35:27,28, 16:93 (22) ഖു.22:40 (23) ഖു.4:59 (24) ഖു.6:108 (25) ഖു.17:36, 49:11 (26) ഖു.14:4 (27) ഖു.2:178, 2:237, 3:134, 3:159, 4:149, 5:13, 24:22, 7:119, 64:14 (28) ഖു.3:113, 5:66, 6:108, 7:38, 7:159, 5:66, 7:157, 7:164, 16:120, 7:164, 28:23 (29) ഖു.3:110, 21:92, 23:52 (30) ഖു.3:110 (31) ഖു.3:64 (32) ഖു.42:15, 29:46 (33) ഖു.2:190, 22:39,40 (34) ഖു.8:61,62 (35) ഖു.60:8,9 (36) ഖു.5:2 (37) ഖു.41:34,35 (38) ഖു.41:34, 60:7 (39) ഖു.4:44 (40) ഖു.3:104, 49:13, 2:213 (41) ഖു.29:46, 3:64, 22:67,68,69, 42:15 (42) ഖു.3:104, 3:110 (43) ഖു.62:6, 5:18 (44) ഖു.5:20 (45) ഖു.4:49 (46) ഖു.2:94 (47) ഖു.3:24 (48) ഖു.7:169 (49) ഖു.2:113, 2:111,112 (50) ഖു.2:112 (51) ഖു.3:113,114,115; 7:159, 5:82 3:199 (52) ഖു.22:17, 2:62, 5:69 (53) ഖു.3:118, 5:57,58, 60:7,8,9 (54) ഖു.42:15, 2:4 (55) ഖു.5:82 (56) ഖു.5:68, 5:66, 5:43, 5:46, 5:47, 87:19 (57) ഖു.2:136, 2:177, 4:163  166, 5:44  48, (58) ഖു.4:36, 9:60 (59) ഖു.4:86 (60) ഖു.2:173, 16:106,5:3,6:119, 2:225 (61) ഖു.53:32 (62) ഖു.2:286, 2:285, 7:42 (63) ഖു.6:108 (64) ഖു.4:26 (65) ഖു.2:235 (66) ഖു.2:177 (67) ഖു.37:12, 13:12, 15:11, 21:41, 6:101, 21:5, 7:180, 20:130 (68) ഖു.2:256, 18:29, 6:104 (69) ഖു.24:35, 2:177, 2:115 (70) ഖു.5:48, 2:79 (71) ഖു.11:1

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍