Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

സംഘ്പരിവാര്‍ പിന്തുടരുന്നത് കൊളോണിയല്‍ പാരമ്പര്യം

കെ.പി രാമനുണ്ണി

ന്ത്യയില്‍ ഇപ്പോള്‍ ഫാഷിസമുണ്ടോ, അത് ജര്‍മനിയിലും ഇറ്റലിയിലും കഴിഞ്ഞുപോയ കാര്യമല്ലേ എന്ന് സംശയിക്കുന്ന ബുദ്ധിജീവികള്‍ ഇന്ന് ജീവിച്ചിരിക്കുന്നുണ്ട്. ഫാഷിസം ഇവിടെ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കുന്ന ബുദ്ധിജീവികളെ നമുക്ക് വെറുതെ വിടാം. എന്നാല്‍, ഫാഷിസം ഇവിടെ എത്രത്തോളമുണ്ട്, അതിനെതിരെ എങ്ങനെയെല്ലാം പ്രതിരോധം സൃഷ്ടിച്ചെടുക്കാം എന്നതിനെ പറ്റിയാണ് നാം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രമുഖ എഴുത്തുകാരനായ ഉംബര്‍ട്ടോ എക്കോ പതിനാല് ലക്ഷണങ്ങളാണ് ഫാഷിസത്തിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നത്. ഇതില്‍ രണ്ട് ലക്ഷണങ്ങളൊഴികെ ബാക്കിയെല്ലാം ഇവിടെ പൂര്‍ത്തീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള രണ്ട് ലക്ഷണങ്ങള്‍ സൈനിക വകുപ്പിലൂടെ അധികാരം പിടിച്ചെടുക്കുക, തെരഞ്ഞെടുപ്പ് പ്രക്രിയയെ റാഞ്ചിക്കൊണ്ടുപോവുക എന്നിവയാണ്. അതിന്ന് പ്രകടമായി സംഭവിച്ചുകഴിഞ്ഞിട്ടില്ല. ഏതു നിമിഷവും സംഭവിക്കാവുന്ന അവസ്ഥയിലേക്കാണ് നാം നീങ്ങിക്കൊണ്ടിരിക്കുന്നത്. അതു കൂടാതെയുള്ള എല്ലാ ലക്ഷണങ്ങളും ഇവിടെ പൂര്‍ത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഭൂതകാലത്തെ മഹത്വവല്‍ക്കരിക്കുക, പാരമ്പര്യത്തെ വികൃതവല്‍ക്കരിക്കുക, അങ്ങനെ ലോകത്തിന്റെ മുമ്പില്‍ തന്നെ ഇന്ത്യയെ അപഹാസ്യമാക്കുക. കൗരവന്മാരുണ്ടായത് സ്റ്റൈംസെല്‍ റിസര്‍ച്ചിലൂടെയാണെന്ന് വിളിച്ചുപറഞ്ഞ് ശാസ്ത്രലോകത്തിനു മുമ്പില്‍ ഇന്ത്യയെ നാണംകെടുത്തുന്നു. ഒരു സാഹിത്യ സൃഷ്ടിയായ ഗണപതി, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വഴി അന്ന് ജീവിച്ചിരുന്ന സ്വത്വമായിരുന്നു എന്ന് തട്ടിവിടുന്നു. ഇന്ത്യയിലെ ദേവന്മാരും ദേവതകളും സാഹിത്യത്തിന്റെ സൃഷ്ടികളാണ്. അവരെല്ലാം ചില മൂല്യങ്ങളുടെ, ചില പ്രത്യേക പ്രതിഭാസങ്ങളുടെ പ്രത്യക്ഷീകരണങ്ങളാണ്. ദുര്‍ഗയും കാളിയുമെല്ലാം തിന്മകളെ നശിപ്പിക്കുന്ന ശക്തികളാണ്. അവരെയെല്ലാം മുസ്‌ലിംകള്‍ക്കെതിരിലും ക്രിസ്ത്യാനികള്‍ക്കെതിരിലും ആഞ്ഞടിക്കുന്ന ശക്തികളായി പരിവര്‍ത്തിപ്പിക്കുന്നത് ജിഹാദിനെ വികൃതവല്‍ക്കരിക്കുന്നതു പോലെത്തന്നെയാണ്. അങ്ങനെ വികൃതവല്‍ക്കരിക്കുന്നവരില്‍ ഏറ്റവും മുമ്പിലാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകള്‍ എന്ന് തെളിയിച്ചുകൊണ്ടാണ് അവര്‍ നമ്മുടെ പാരമ്പര്യത്തെയും ഭൂതകാലത്തെയും മാറ്റിമറിക്കുന്നത്. 

ബുദ്ധിജീവികളും കലാകാരന്മാരും സംശയത്തോടുകൂടി വീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഏതൊരു വിയോജിപ്പിനെയും വിശ്വാസവഞ്ചനയായി കരുതുന്നു. പാകിസ്താനെ സാംസ്‌കാരിക തലസ്ഥാനമാക്കാവുന്ന രീതിയില്‍ ഇവിടെയുള്ള കൊള്ളാവുന്ന മുഴുവന്‍ ആളുകളെയും അവിടേക്ക് കയറ്റിയയക്കാന്‍ തയാറായിക്കൊണ്ടാണ് സംഘ്പരിവാറിന്റെ നില്‍പ്പ്. അതുപോലെ ഇന്ത്യയുടെ ബഹുസ്വരതയെ മുഴുവന്‍ കൊഞ്ഞനം കുത്തുന്നു. എ.കെ. രാമാനുജന്റെ Three Hundred Ramayanas എന്ന പുസ്തകം കണ്ടുകെട്ടി  രാമായണമെന്നു പറഞ്ഞാല്‍ ഇവര്‍ ടി.വിയില്‍ കാണിക്കുന്ന കോമാളിത്തം മാത്രമാക്കി മാറ്റുന്ന അവസ്ഥയുണ്ടാക്കുകയാണ്. ഏറ്റവും ജനപ്രിയ സാഹിത്യനായകനായ ശ്രീരാമനെ പള്ളിപൊളിക്കാന്‍ വേണ്ടി ഉപയോഗിക്കുകയാണ്. മുസ്‌ലിംകളോട് ചെയ്യുന്ന അനീതി പോലെത്തന്നെ, അതില്‍ കൂടുതലായി ഹൈന്ദവ പ്രതീകങ്ങളോടാണിവര്‍ അനീതി ചെയ്തുകൊണ്ടിരിക്കുന്നത്. ശ്രീരാമനെപ്പറ്റിയുള്ള ഒരു കഥ ഞാന്‍ പലയിടത്തും പറഞ്ഞിട്ടുള്ളതാണ്. ശ്രീരാമന്‍ കാട്ടില്‍പോയ സമയത്ത് അദ്ദേഹത്തെ മടക്കി വിളിക്കാനായി ഭരതന്‍ കാട്ടിലേക്കു വരുമ്പോള്‍ ശ്രീരാമന്‍ ആദ്യം ചോദിച്ചത്, പ്രജകളില്‍ ചാര്‍വാകന്മാര്‍ക്ക് സുഖമല്ലേ എന്നാണ്. അന്ന് ഏതാനും ശതമാനം മാത്രം വരുന്ന ന്യൂനപക്ഷമാണ് ചാര്‍വാകന്മാര്‍. ന്യൂനാല്‍ ന്യൂനപക്ഷത്തിന്റെ ക്ഷേമമന്വേഷിച്ച ശ്രീരാമന്റെ പേരിലാണ് ഇവര്‍ പള്ളി പൊളിച്ചത്. അപ്പോള്‍ ഇവര്‍ പള്ളി പൊളിക്കുകയാണോ ചെയ്തത്? ശ്രീരാമനെ അവഹേളിക്കുകയാണോ ചെയ്തത്? ഇതാണ് അടിസ്ഥാനപരമായ ചോദ്യം. ഗുജറാത്തില്‍ പള്ളികള്‍ പൊളിക്കുകയും മുസ്‌ലിംകളെ ഉപദ്രവിക്കുകയും ചെയ്യുന്ന സമയത്ത് അവിടെ കുത്തിനിര്‍ത്തിയിരുന്നത് ഹനുമാന്റെ വിഗ്രഹമായിരുന്നു. ആരാണീ ഹനുമാന്‍ എന്ന് തുഞ്ചത്തെഴുത്തഛന്‍ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഹനുമാനെന്ന് പറഞ്ഞാല്‍ മുസ്‌ലിംകളുടെ പള്ളി പൊളിച്ചാല്‍ അവിടെ കുത്തിനിര്‍ത്തേണ്ട കിങ്കരനല്ല. ആ ഹൈന്ദവപ്രതീകം വളരെ മഹത്തായതാണ്. സീതയെ രാവണന്‍ അപഹരിച്ചതിനു ശേഷം ശ്രീരാമനും ഹനുമാനും ലക്ഷ്മണനും സുഗ്രീവനുമെല്ലാം കൂടി കടല്‍ കടക്കാന്‍ വരുന്ന സമയത്ത് രാവണ സഹോദരനായ വിഭീഷണന്‍, രാവണനെ ഉപദേശിക്കുകയാണ്; ആരാന്റെ ഭാര്യയെ കൂട്ടുന്നത് ശരിയല്ല, അവളെ മടക്കിക്കൊടുക്കൂ. രാവണന്‍ കേള്‍ക്കുന്നില്ല. വിഭീഷണനെ കൊല്ലാനായി വരികയാണ്. ആ സമയത്ത് വിഭീഷണന്‍ ആകാശമാര്‍ഗത്തിലൂടെ വന്ന് രാമനോട് എന്നെ രക്ഷിക്കണം എന്ന് പറയുന്നു. രാമന്‍ എല്ലാവരോടും അഭിപ്രായം ചോദിക്കുന്നു. ലക്ഷ്മണനും സുഗ്രീവനുമെല്ലാം സംശയിക്കുകയാണ്. കാരണം, രാവണന്റെ സഹോദരനാണ്. ശത്രുവിനെ വിശ്വസിച്ചാലും ശത്രുവിന്റെ മിത്രത്തെ വിശ്വസിക്കരുതെന്നാണ്. ആ സമയത്ത് ഹനുമാനാണ് പറയുന്നത്; ജാതി നാമാദികള്‍ക്കല്ല പ്രാധാന്യം, മനുഷ്യന്റെ ഗുണഗണങ്ങള്‍ക്കാണെന്ന്. വിഭീഷണനെ സ്വീകരിക്കാന്‍ രാമനെ പ്രേരിപ്പിക്കുന്ന ഹനുമാനെയാണ് മുസ്‌ലിംകളുടെ പള്ളി പൊളിക്കുന്ന സമയത്ത് അവിടെ നിര്‍ത്തിയിരിക്കുന്നത്. 

ഇവര്‍ യഥാര്‍ഥത്തില്‍ കൊഞ്ഞനംകുത്തിക്കൊണ്ടിരിക്കുന്നത് ഹൈന്ദവതയെയാണ്, ഇവിടത്തെ സംസ്‌കാരത്തെയാണ്. ബഹുസ്വരമായ, സഹിഷ്ണുതാപരമായ, സ്‌നേഹനിര്‍ഭരമായ ഭാരതീയ സംസ്‌കാരത്തെയാണ്. ചരിത്രത്തെ വിഷലിപ്തമാക്കാനുള്ള ശ്രമവും ഇതുപോലെത്തന്നെയാണ്. കൊളോണിയല്‍ ശക്തികളായിരുന്നു ഇവിടത്തെ ചരിത്രത്തെ വിഷലിപ്തമാക്കിയത്. സ്വാതന്ത്ര്യം കിട്ടിയ സമയത്ത് വെറും 3000 ഇംഗ്ലീഷുകാര്‍ മാത്രമാണ് കോടാനുകോടി ഇന്ത്യക്കാരെ ഭരിച്ചിരുന്നത്. അവര്‍ക്കിവിടത്തെ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കാതെ നിവൃത്തിയുണ്ടായിരുന്നില്ല. അവരുടെ പ്രത്യയശാസ്ത്രമാണ് ദേശത്തിനുവേണ്ടി വാദിക്കുന്നവര്‍ നാണമില്ലാതെ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ചരിത്രം ഹിന്ദുവിന്റെയും മുസ്‌ലിമിന്റെയും സംഘട്ടന ചരിത്രമായി ഇവര്‍ ചിത്രീകരിക്കുന്നു. കൊളോണിയല്‍ ശക്തികളുടെ വായിലുള്ളതാണ് ഇവര്‍ ശബ്ദിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെത്തന്നെ കോര്‍പറേറ്റുകളെ ക്ഷണിക്കുന്ന സമയത്തും സാമ്രാജ്യത്വശക്തികളുടെ കൂട്ടിക്കൊടുപ്പുകാരായിട്ടാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. സത്യത്തില്‍ ഇന്ത്യാചരിത്രം അതാണോ? 

നമ്മെയടക്കം തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഇവിടെ ചരിത്രനിര്‍മിതി ഇംഗ്ലീഷുകാര്‍ നടത്തിയത്. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് അവരുടെ പ്രധാനപ്പെട്ട മന്ത്രിമാര്‍ രജപുത്രന്മാരായിരുന്നു. കൊട്ടാരത്തിലുള്ള കവികള്‍ ഹിന്ദുക്കളായിരുന്നു. ഇവിടെ ആദ്യമായി വേദങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജമ ചെയ്തത് മുഗള്‍ ചക്രവര്‍ത്തിയുടെ മകനായ ദാരാ ഷിക്കോഹ് ആയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ വിപ്ലവപ്രസ്ഥാനമെന്ന് പറയാവുന്ന ഭക്തിപ്രസ്ഥാനത്തെ നയിച്ചത് ഹിന്ദുസന്യാസിമാരും മുസ്‌ലിം സൂഫിവര്യന്മാരും ചേര്‍ന്നുകൊണ്ടായിരുന്നു. ഇങ്ങനെയുള്ള മതസൗഹാര്‍ദത്തിന്റേതായ മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. 

വിശുദ്ധ ഖുര്‍ആനില്‍ പറയുന്ന പോലെ ഒരു പുരുഷനില്‍നിന്നും ഒരു സ്ത്രീയില്‍നിന്നും നിങ്ങളെ ജനിപ്പിച്ചു. അവിടെ ഏകത്വത്തിന്റെ പ്രഖ്യാപനമാണ് നടക്കുന്നത്. നാം നിങ്ങളെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി വ്യത്യസ്ത വര്‍ഗങ്ങളും വംശങ്ങളുമാക്കി മാറ്റി. അവിടെ ബഹുസ്വരതയുടെ അംഗീകാരവുമുണ്ട്. ഇതാണ് ഭാരതീയ സംസ്‌കാരത്തില്‍ കാണാന്‍ സാധിക്കുന്നത്. വ്യത്യസ്തങ്ങളായ സ്വത്വങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരേ ദൈവത്തിന്റെ മക്കളെപ്പോലെ കൂടിക്കഴിഞ്ഞുകൊണ്ടുള്ള ഈ സംസ്‌കാരത്തെ വിദ്വേഷകലുഷിതമായ സംസ്‌കാരം കൊണ്ട് പകരം വെച്ചത് ഇംഗ്ലീഷുകാരാണ്. ആ പാരമ്പര്യമാണ് ഇവര്‍ ഏറ്റുപിടിച്ചുകൊണ്ടിരിക്കുന്നത്. ഇവര്‍ ചരിത്രത്തില്‍ വിഷം കലര്‍ത്തുകയാണ്. അങ്ങനെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ തലമുറയില്‍ വിഷം കുത്തിവെച്ചുകൊണ്ടിരിക്കുന്നു. 

ഭാരതത്തില്‍ വേദങ്ങളടക്കം സ്ത്രീകള്‍ രചിച്ചിട്ടുള്ള പാരമ്പര്യമാണ് നമുക്കുള്ളത്. ഇസ്‌ലാമിക ചരിത്രം നോക്കുകയാണെങ്കില്‍ മാനവകുലത്തില്‍ ആദ്യം സ്ത്രീയുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് മുഹമ്മദ് നബിയാണ്. മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗം എന്നു പറയുന്ന ഇസ്‌ലാം സ്ത്രീത്വത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. എന്നാല്‍, ഫാഷിസ്റ്റുകള്‍ ആത്യന്തികമായി സ്ത്രീവിരുദ്ധരാണ്. പുരുഷാധിപത്യത്തിന്റെ എല്ലാ നീചത്വങ്ങളോടും കൂടി സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അവള്‍ രാത്രി ഇറങ്ങിനടന്ന് മറ്റുള്ളവരെ പ്രലോഭിപ്പിച്ചതുകൊണ്ടാണെന്ന് പറയുന്നു. മറ്റു ജാതിക്കാരുമായുള്ള പ്രണയത്തിന്റെ പേരില്‍, ഒന്നു നോക്കിച്ചിരിക്കുന്നുവെന്നതിന്റെ പേരില്‍ സഹോദരന്മാര്‍ സഹോദരിമാരെ കൊല്ലുന്ന അവസ്ഥ വരെയുണ്ടാകുന്നു. അതുപോലെത്തന്നെ ദുര്‍ബലരോടുള്ള അവഹേളനം-ഉംബര്‍ട്ടോ എക്കോ പറയുന്ന മറ്റൊരു ലക്ഷണമാണിത്. താഴെക്കിടയിലുള്ളവന്‍ അവിടെ അങ്ങനെ കിടക്കട്ടെ, അവനൊന്നും ഉയരേണ്ടതില്ല എന്ന പ്രഖ്യാപനമാണ് സംവരണത്തിനെതിരായി ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ദലിതരെ വീറോടെ ചുട്ടുകൊല്ലുന്നു. തന്റെ വേഗതയേറിയ വാഹനത്തിന്റെ മുന്നില്‍ ഒരു പട്ടിക്കുഞ്ഞ് പെടുന്ന അപകടം പോലെയാണ് ഗുജറാത്തില്‍ വംശഹത്യ നടന്നതെന്ന നമ്മുടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്തുമാത്രം നീചമായ മനസ്സിനെയാണ് പ്രതിനിധീകരിക്കുന്നത്! കപടമായ വാക്കുകളുപയോഗിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും വര്‍ഗീയമായ കാര്യങ്ങള്‍ നടത്തുന്ന സമയത്ത്, രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിംകളും സംഘടിച്ച് രാജ്യത്തെ നന്നാക്കാന്‍ ശ്രമിക്കൂ എന്ന് ഭംഗിവാക്ക് പറയുകയും മറുഭാഗത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഹിന്ദു-മുസ്‌ലിം സഹോദരന്‍ എന്ന വാക്കുപോലും നമുക്ക് പറയാനാവാത്ത അവസ്ഥയാണ്. കാരണം, ഇവര്‍ കപടമായി ഹിന്ദു-മുസ്‌ലിം സഹോദരന്‍ എന്നു വിളിക്കുകയും മറുഭാഗത്ത് ഫ്രിഡ്ജില്‍ ഗോമാംസം വെച്ചിട്ടുണ്ടെന്ന് ആരോപിച്ച് തല്ലിക്കൊല്ലുകയും ചെയ്യുന്നു. മാത്രമല്ല, ഈദിനു പോലും ആശംസ നേരാത്ത രീതിയില്‍ പാരുഷ്യം സൂക്ഷിക്കുന്ന ഒരു പ്രധാനമന്ത്രി ഉണ്ടായി എന്നുള്ളതാണ്. ഇങ്ങനെ അന്യവല്‍ക്കരിക്കുകയെന്നത് ഫാഷിസത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ്. ഛവേലൃ ശ െവലഹഹ അതായത്, അന്യന്‍ നരകമാണ് എന്ന നിലക്കാണാ അന്യവല്‍ക്കരണം. ഗോള്‍വാള്‍ക്കറിന്റെ Bunch of Thoughts-ല്‍ എന്താണ് പറയുന്നത്? ക്രിസ്ത്യാനികള്‍, മുസ്‌ലിംകള്‍, കമ്യൂണിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം ഈ രാജ്യത്തിന്റെ ശത്രുക്കള്‍. ഹിന്ദുക്കള്‍ ഗോക്കളെ ആരാധിക്കുകയും മുസ്‌ലിംകള്‍ അവയെ കൊല്ലുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സംഘ്പരിവാറിന്റെ കാലത്ത് നാമെങ്ങനെയാണ് ജീവിക്കുക എന്നത് പ്രസക്തമായ ചോദ്യമാണ്. വളരെ താത്ത്വികമായ ഒരു പ്രതിസന്ധി ഇതിന്റെ പിറകിലുണ്ട്. ഇതിനെ എതിര്‍ക്കാതെ നമുക്ക് ജീവിക്കാനാവില്ല. എതിര്‍പ്പ് ഏതെല്ലാം രീതികളിലാവണമെന്നുള്ളത് വളരെ നിര്‍ണായകമാണ്. 

നാം അനീതിക്കെതിരെ എത്ര വലിയ ശബ്ദമുയര്‍ത്തുന്ന സമയത്തും നമ്മുടെ ശബ്ദം ഇടക്ക് കലമ്പിപ്പോകും. എത്ര വലിയ അധര്‍മത്തിനെതിരെ പറയുന്ന സമയത്തും നമ്മുടെ മുഖം വികൃതമായിപ്പോകും. അങ്ങനെ പ്രതിരോധിക്കുന്ന നമ്മുടെ ശബ്ദത്തെ കലമ്പിപ്പിക്കുകയും നമ്മുടെ മുഖപേശികളെ വികൃതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം ഇവിടെ സംജാതമായിരിക്കുന്നു. അതിനാല്‍ വ്യത്യസ്തമായ വഴികള്‍ നമുക്ക് ആലോചിക്കേണ്ടതായുണ്ട്. നമ്മുടെ ഭാഷാപിതാവായ തുഞ്ചത്താചാര്യന്‍ കാണിച്ചുതരുന്ന ഒരു വഴിയുണ്ട്. 16-ാം നൂറ്റാണ്ടില്‍ സാമ്രാജ്യത്വ അധിനിവേശവും ഏറ്റവും വലിയ ദുഷ്പ്രഭുത്വവും നിലനിന്നിരുന്ന ആ ദുഷിച്ച കാലത്ത് അദ്ദേഹം എങ്ങനെയാണ് അതിനെ പ്രതിരോധിച്ചത്? നേരിട്ടെതിര്‍ത്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ തലകൂടി കാണില്ലായിരുന്നു. ഏറ്റവും നന്മ നിറഞ്ഞ കാലത്തെ, ഒരു ലോകത്തെ അദ്ദേഹം ഭാവനയിലൂടെ സൃഷ്ടിക്കുകയായിരുന്നു. അദ്ദേഹം അധ്യാത്മ രാമായണം ആവിഷ്‌കരിക്കുമ്പോള്‍, ഏറ്റവും നല്ല സ്ത്രീ-പുരുഷ ബന്ധത്തിലൂടെ മര്യാദക്കാരനായ ശ്രീരാമനെ ആവിഷ്‌കരിക്കുമ്പോള്‍ ഉദാത്തമായ ഒരവസ്ഥയെ ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്. അങ്ങനെയുള്ള ഒരു പ്രതിരോധവും കൂടി, നാം ശബ്ദം കനപ്പിക്കുകയും എതിര്‍ക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ നടത്തേണ്ടതുണ്ട്. 

മതസൗഹാര്‍ദത്തിന്റെ, സഹിഷ്ണുതയുടെ, പരസ്പര ബഹുമാനത്തിന്റെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്. ശ്രീരാമകൃഷ്ണ പരമഹംസന്‍ മുസ്‌ലിമായി ജീവിച്ചിട്ടാണെങ്കിലും ഈശ്വരസാക്ഷാത്കാരം നേടാന്‍ ശ്രമിച്ച ദേഹമാണ്. സ്വാമി വിവേകാനന്ദന്‍ മുഹമ്മദ് നബിയെ എത്ര ബഹുമാനത്തോടുകൂടിയാണ് കണ്ടിരുന്നതെന്നതുകൂടി നാം ശ്രദ്ധിക്കണം. ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ പ്രതീകങ്ങള്‍ മുഴുവന്‍ ഇസ്‌ലാമിനെ ആദരിക്കുകയും മുഹമ്മദ് നബിയെ വാഴ്ത്തുകയും ചെയ്തവരാണ്. മഹാത്മാഗാന്ധി ഏറ്റവും വലിയ മുസ്‌ലിം സ്‌നേഹിയായിരുന്നു. അദ്ദേഹം വലിയ അഹിംസാവാദിയും സസ്യഭുക്കായിട്ടുകൂടി ഗോമാംസം കഴിക്കുന്നവരുടെ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയുമായിരുന്നു. ഇവരാണ് ശരിയായ ഹൈന്ദവതയുടെയും ഭാരതീയ സംസ്‌കാരത്തിന്റെയും പ്രതീകങ്ങള്‍. ആ പ്രതീകങ്ങളെ പൊലിപ്പിച്ചുകൊണ്ട്, ഇവിടെയുള്ള ഹിന്ദു-മുസ്‌ലിം മൈത്രിയെ പൊലിപ്പിച്ചുകൊണ്ട്, കബീര്‍ദാസിനെ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് നമുക്ക് പ്രതിരോധം തീര്‍ക്കണം. 

കബീര്‍ദാസ് മരിച്ചപ്പോള്‍ മുസ്‌ലിംകളും ഹിന്ദുക്കളും അദ്ദേഹത്തിന്റെ മൃതദേഹത്തിനുവേണ്ടി അവകാശമുന്നയിച്ചു. സ്‌നേഹം കൊണ്ടാണീ അവകാശവാദമുന്നയിക്കല്‍. ആ സമയം ഒരു സന്യാസി അതിലൂടെ നടന്നുവന്നു. ഒരു തുണി ഉപയോഗിച്ച് കബീര്‍ദാസിന്റെ മൃതദേഹം മൂടി. തുണിയെടുത്തു നോക്കുമ്പോള്‍ മൃതദേഹം കുറച്ചു പൂക്കളായി മാറിയിരിക്കുന്നു. ഒരു ഭാഗത്തുള്ള പൂക്കള്‍ ഹിന്ദുക്കളും മറുഭാഗത്തുള്ള പൂക്കള്‍ മുസ്‌ലിംകളും കൊണ്ടുപോയി. എത്ര മനോഹരമായ കാവ്യസങ്കല്‍പ്പം! മതസൗഹാര്‍ദത്തിന്റെ പേരില്‍ നിലനില്‍ക്കുന്ന ഈ പാരമ്പര്യത്തെയാണ് സംഘ്പരിവാര്‍ കൊഞ്ഞനംകുത്തുന്നത്. ദേശീയത, പാരമ്പര്യത്തെ നമുക്ക് നമ്മുടേതാക്കി മാറ്റേണ്ടതുണ്ട്. അല്ലെങ്കില്‍ അത് മറ്റുചിലര്‍ കടത്തിക്കൊണ്ടുപോകും. ഇന്ത്യയുടെ ശരിയായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ളൊരു പ്രതിരോധമാണ് നാം നടത്തേണ്ടത്. പാരമ്പര്യത്തെ തള്ളിക്കളയുകയാണെങ്കില്‍ ഇവരെല്ലാം ചേര്‍ന്ന് നമ്മെ രാജ്യദ്രോഹികളാക്കി മാറ്റും. 

അപ്പോള്‍ നമുക്ക് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു സംശയമുണ്ട്. ഇന്ത്യന്‍ പാരമ്പര്യമെന്നത് നല്ലതു മാത്രമാണോ എന്ന്. അല്ല, നന്മതിന്മകള്‍ നിറഞ്ഞിട്ടുള്ളതുതന്നെയാണ്. ജീവിതോന്മുഖമായിട്ടുള്ള കാര്യത്തില്‍ നാം നല്ലതിനെയെല്ലാം കൂടുതല്‍ ഓര്‍ക്കുകയും മോശമായതിനെ വിസ്മരിക്കുകയും ചെയ്യേണ്ടതുണ്ട്. ചീത്തയെ അഭിസംബോധന ചെയ്യരുതെന്നല്ല അതിനര്‍ഥം. 

വര്‍ഗീയ ശക്തികളെ തുറന്നുകാട്ടിയും പോസിറ്റീവായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് നാം മുന്നോട്ടുപോവേണ്ടത്.  ഇങ്ങനെയുള്ള പ്രവര്‍ത്തനത്തിന് മതത്തിന്റെ ശരിയായ വഴി ഉയര്‍ത്തിക്കാട്ടേണ്ടതുണ്ട്. ഹൈന്ദവതയും ഇസ്‌ലാമും തമ്മില്‍ ജീവിതദര്‍ശനപരമായി വളരെ അടുപ്പമുള്ള ചിന്താസരണികളാണ്. മുഹമ്മദ് നബി(സ) അല്‍ അമീന്‍ എന്നാണ് അറിയപ്പെട്ടത്. മനുഷ്യനെ മനുഷ്യനാക്കുന്ന വാക്കിന് വളരെ വലിയ വിലയാണുള്ളത്. ഹൈന്ദവ വിശ്വാസ പ്രമാണങ്ങള്‍ പ്രകാരവും വാക്കിന് പ്രാധാന്യമേറെയാണ്. വാക്ക് അറിയാതെ പറഞ്ഞതിന്റെ പേരില്‍ ജീവിതം മുഴുവന്‍ അവിവാഹിതനായി കഴിയുകയും രാജ്യം കൊടുക്കുകയും ചെയ്തിട്ടുള്ള പാരമ്പര്യം. ഹൈന്ദവ ദര്‍ശനങ്ങളും ഇസ്‌ലാമും പലപ്പോഴും അടുത്തു നില്‍ക്കുന്നുണ്ട്. ഏതു കാര്യം നോക്കുകയാണെങ്കിലും നമുക്ക് അങ്ങനെയേ കാണാന്‍ പറ്റൂ. അങ്ങനെയുള്ള ഒരേ തരത്തിലുള്ള ചിന്താരീതികളോടു കൂടി ഇവിടെ പുലര്‍ന്നുവന്നിട്ടുള്ള മതങ്ങളെ പരസ്പരം അന്യവല്‍ക്കരിക്കാനാണ് ചിലരുടെ ശ്രമം. അവരാണ് ഇന്ത്യയുടെ ബഹുസ്വരതക്കും സംസ്‌കാരങ്ങള്‍ക്കും എതിരെന്നും നമ്മളാണ് ശരിയായ പൈതൃകസൂക്ഷിപ്പുകാര്‍ എന്നും പറഞ്ഞുകൊണ്ട് വര്‍ഗീയമുക്ത രാജ്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളില്‍ നാം മുന്നേറേണ്ടതുണ്ട്. 

(തൃശൂര്‍ ടൗണ്‍ ഹാളില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച 'മോദിക്കെതിരെ തിരസ്‌കാര്‍ സെല്‍ഫി' സാംസ്‌കാരിക സംഗമത്തില്‍ നടത്തിയ പ്രഭാഷണം).

തയാറാക്കിയത്: ബുശ്‌റ പൂക്കോട്ടൂര്‍

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍