Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 15

2947

1437 റജബ് 07

വിദ്യാഭ്യാസത്തിന്റെ മാനവീകരണം ചിന്തയും പ്രയോഗവും

എ.കെ ഹാരിസ്

റിവ് ദൈവികമാണ്. അത് പുതുതായി നിര്‍മിക്കപ്പെടുന്നില്ല; കണ്ടെത്തുകയോ കാലത്തിനും ആശയത്തിനും അനുസരിച്ച് ആവിഷ്‌കരിക്കുകയോ ആണ്. അറിവിനെ ഇപ്രകാരം കാലികമായി ആവിഷ്‌കരിക്കുന്നതിനെയാണ് നിര്‍മാണമെന്നോ  പുനര്‍നിര്‍മാണമെന്നോ വ്യവഹരിക്കുന്നത്. മനുഷ്യസൃഷ്ടിപ്പിന്റെ ഒന്നാം നാള്‍ ദൈവം മനുഷ്യനെ എല്ലാ അറിവും പഠിപ്പിച്ചു: ''ആദമിന് നാം എല്ലാ വിജ്ഞാനവും നല്‍കി'' (ഖുര്‍ആന്‍ 2: 31). തുടര്‍ന്ന് ദിവ്യബോധനം വഴി പ്രവാചകന്മാരിലൂടെ മനുഷ്യനിലേക്ക് പകര്‍ന്നുനല്‍കി. പ്രവാചകന്മാര്‍ അതിന്റെ അന്തസ്സത്തയെ സമൂഹത്തിന് വിശദീകരിച്ചുകൊടുത്തു (തഫ്‌സീര്‍). കാലികമായി പൊതുസമൂഹത്തിന്റെ ഭാഷയിലേക്കും അനുഭവങ്ങളിലേക്കും അതിനെ വ്യാഖ്യാനിക്കുന്നു (തഅ്‌വീല്‍). അതുകൊണ്ടുതന്നെ ഇസ്‌ലാമിക കാഴ്ചപ്പാടില്‍ അറിവിന്റെ പ്രഥമ സ്രോതസ്സ് ദൈവിക വചനമായ വിശുദ്ധ ഖുര്‍ആനാണ്. ഖുര്‍ആന്റെ വ്യാഖ്യാനമായ പ്രവാചക ജീവിതം രണ്ടാമത്തെയും, കാലികമായി പണ്ഡിതന്മാര്‍ ചിന്തിച്ചും അന്വേഷിച്ചും (ഇജ്തിഹാദും ഇസ്തിന്‍ബാത്ത്വും) കണ്ടെത്തിയ കാര്യങ്ങള്‍ അടിസ്ഥാന മൂല്യസങ്കല്‍പ്പത്തെ നിരാകരിക്കാത്തിടത്തോളം മൂന്നാമത്തെ സ്രോതസ്സായും പരിഗണിക്കുന്നു. ഇസ്‌ലാമിക വൈജ്ഞാനിക സങ്കല്‍പ്പം ദിവ്യവെളിപാടിനെയും (നഖ്‌ലി) ശുദ്ധനിരീക്ഷണത്തെയും (അഖ്‌ലി) കോര്‍ത്തിണക്കുന്നു. ഇപ്രകാരം യുക്തി, നിരീക്ഷണം, ഉള്‍പ്രേരണ, അനുഭവം, മുന്നറിവ് എന്നീ മാര്‍ഗങ്ങളിലൂടെയെല്ലാം അറിവ് (ഇല്‍മ്) കരസ്ഥമാക്കാനാവും. 

അറിവും മൂല്യബോധവും

അറിവ് (Knowledge) പകരുകയോ സ്വായത്തമാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം(Education). വിദ്യാഭ്യാസമാണ് നാഗരികതയുടെ അസ്തിവാരം. നാഗരികതകള്‍ രൂപപ്പെടുത്തുന്നതിലും അതിന്റെ വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിലും അതത് സമൂഹത്തിന്റെ അറിവിനെ കുറിച്ചുള്ള ആശയങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വലിയ പങ്കുണ്ട്. അപ്രകാരം തന്നെ അറിവിനെ പുനഃസൃഷ്ടിക്കുന്നതിലും കണ്ടെടുക്കുന്നതിലും ആശയങ്ങള്‍ക്ക് സ്വാധീനമുണ്ട്. ഈ ആശയങ്ങളെയാണ്  ലോകവീക്ഷണം (World View) എന്ന് വിശദീകരിക്കുന്നത്. സമൂഹത്തിന്റെ മൂല്യഘടനയെ രൂപപ്പെടുത്തുന്നതിലും രാഷ്ട്രീയവും സാംസ്‌കാരികവുമായ പ്രശ്‌നനിര്‍ധാരണത്തിനും ലോകവീക്ഷണം നിര്‍ണായകമാണ്. ഗ്രീക്ക് -ചൈനീസ് -ഈജിപ്ഷ്യന്‍ സംസ്‌കാരങ്ങളെല്ലാം വ്യത്യാസപ്പെട്ടത് ഈ ലോകവീക്ഷണത്തിലെ വ്യതിരിക്തത കൊണ്ടാണ്. ഗ്രീസിലെ യുക്തിചിന്തയും (Rationalism) ചൈനയുടെ കണ്‍ഫ്യൂഷനിസവും ഈജിപ്തിന്റെ രാഷ്ട്രീയ ചിന്തയും അവരവര്‍ രൂപപ്പെടുത്തിയ അറിവിലും  വിദ്യാഭ്യാസത്തിലും ശക്തമായി പ്രതിഫലിച്ചു.

വ്യത്യസ്ത വീക്ഷണങ്ങള്‍

മനുഷ്യനും സമൂഹവും പ്രകൃതിയും അവയുടെ ആത്മീയതയെയും ഭൗതികതയെയും പ്രതിനിധാനം ചെയ്യുന്ന ദ്വിമാന സ്വഭാവത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കുകയാണ് ഇസ്‌ലാമിക ദര്‍ശനം ചെയ്യുന്നത്. ആശയങ്ങളുടെ പ്രകാശനത്തില്‍ കാലികമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്. ജീവിതത്തെ ഭൗതികതയുടെ പരിമിതിയില്‍നിന്ന് വീക്ഷിക്കുന്ന മുതലാളിത്തവും കമ്യൂണിസവും രൂപപ്പെടുത്തുന്ന അറിവിന്നും അതില്‍നിന്ന് നിഷ്പന്നമാവുന്ന വിദ്യാഭ്യാസത്തിനും ആത്മീയതയുടെ ആകാശം തിരിച്ചറിയാനായില്ല. രണ്ടും മനുഷ്യന്റെ ഭൗതികാശയങ്ങളില്‍ ഒന്നിക്കുമ്പോള്‍ അവതരണത്തിലും ആവിഷ്‌കാരത്തിലും വ്യത്യാസപ്പെടുന്നു എന്നു മാത്രമേയുള്ളൂ. പണകേന്ദ്രിത സമൂഹത്തെ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന മുതലാളിത്തം അറിവിനെയും വിദ്യാഭ്യാസത്തെയും മൂലധനോപാധിയായും ലാഭം നേടാനുള്ള മാര്‍ഗമായും കണക്കാക്കുന്നു. പണമൂല്യമുള്ള മൂലധനത്തെ കൂടുതല്‍ പെറ്റുകൂട്ടാന്‍ കഴിയുന്നതാണ് നല്ല വിദ്യാഭ്യാസം എന്നതാണ് മുതലാളിത്ത വീക്ഷണം. 

തൊഴിലാളി സമൂഹത്തിന്റെ ഉന്നതി ലക്ഷ്യമാക്കി കോര്‍പറേറ്റ് മുതലാളിത്തത്തിനെതിരെ പടയൊരുക്കലാണ് കമ്യൂണിസത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യം. തൊഴിലാളി അധികാരിയാവുക എന്ന കുറഞ്ഞ വ്യത്യാസം മാത്രമേ ഇവ രണ്ടും തമ്മിലുള്ളൂ. 'തൊഴിലാളി വര്‍ഗം അധികാരമേറ്റാല്‍ അവരായി പിന്നെ അധികാരി വര്‍ഗം' എന്ന കവിവാക്യം ഈ വസ്തുത തുറന്നുകാട്ടുന്നു. ചുരുക്കത്തില്‍, അധികാരിവര്‍ഗവും കീഴാള വര്‍ഗവും വിദ്യാഭ്യാസത്തെയും അറിവിനെയും ആവിഷ്‌കരിക്കുമ്പോള്‍ വ്യത്യസ്തങ്ങളാകുന്നത് അവയുടെ ആശയതലത്തിലെ വൈവിധ്യംകൊണ്ടാണ്. 

അറിവിന്റെ ഇസ്‌ലാമീകരണം-ഒരാമുഖം

അറിവിന്റെ ഇസ്‌ലാമീകരണം എന്നത് പതിനഞ്ചാം നൂറ്റാണ്ടിനു ശേഷം രൂപപ്പെട്ട സാങ്കേതിക പ്രയോഗമാണ്. അറിവ് സ്രഷ്ടാവിനാല്‍ നിര്‍മിതമാണെന്നും മനുഷ്യന്‍ അതിന്റെ സംഘാടകനോ പ്രയോക്താവോ ആണെന്നുമുള്ള ഇസ്‌ലാമിന്റെ മൗലിക സങ്കല്‍പത്തെ പുതിയ കാലത്തേക്ക് പകരുന്നതാണ് അറിവിന്റെ ഇസ്‌ലാമീകരണം എന്ന പ്രയോഗം.   പതിനഞ്ചാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ആരംഭം കുറിച്ച നവോത്ഥാനം / ജ്ഞാനോദയം നിലവിലുള്ള ജ്ഞാനശാസ്ത്രത്തെയും വൈജ്ഞാനിക രീതിബോധങ്ങളെയും കീഴ്‌മേല്‍മറിച്ചു. ദൈവികവും മതാത്മകവുമായ മൂല്യങ്ങളെ തിരസ്‌കരിച്ചു. യുക്തിക്കും ബുദ്ധിക്കും വിശദീകരിക്കാന്‍ കഴിയാത്തവയെ അസംബന്ധങ്ങളായി മുദ്രയടിച്ചു. ആത്മീയശൂന്യമായ ജീവിത രീതിയെ ആഘോഷമാക്കി. ഏഴാം നൂറ്റാണ്ട് മുതല്‍ 14-ാം നൂറ്റാണ്ട് വരെയുള്ള കാലയളവില്‍ വളര്‍ച്ച പ്രാപിച്ച വൈദ്യശാസ്ത്രം, സാമൂഹികശാസ്ത്രം, ഗോളശാസ്ത്രം, ഗണിതശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളിലെ സംഭാവനകളെ അവയുടെ അടിസ്ഥാനങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി. അവയെ ഭൗതികമായ ഘടനയോടും അടിസ്ഥാനത്തോടും കൂടി തനി യൂറോപ്യനായി പുനരവതരിപ്പിച്ചു. ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സംഭാവനകളെ മറച്ചും മറിച്ചും പ്രഛന്നമാക്കിയും ആധുനികതയുടെ പേറ്റന്റ് നല്‍കി യൂറോപ്യനാക്കി. യുക്തിചിന്തയുടെ ബാര്‍ കോഡൊട്ടിച്ച് വിജ്ഞാനീയങ്ങളെ ആധുനികതയുടെ മത്സരക്കമ്പോളത്തില്‍ വില്‍പ്പനക്കു വെച്ചു. 

യൂറോപ്യന്‍ നവോത്ഥാനം ഇത്രമേല്‍ മതനിരാസപരവും ദൈവനിഷേധപരവും ആയിത്തീരുന്നതില്‍ ക്രൈസ്തവ യൂറോപ്പിന് വലിയ പങ്കുണ്ട്. പോപ്പും പാതിരിയും യുക്തിചിന്തയെ വിലങ്ങുവെച്ചിരുന്നു. ന്യായയുക്തമായ സന്ദേഹങ്ങളെ ക്രൈസ്തവത വെച്ചുപൊറുപ്പിച്ചില്ല. വസ്തുനിഷ്ഠമായ ബോധ്യങ്ങളെ ശരികേടെന്ന് മുദ്രവെച്ച് പോപ്പും ദേവാലയവും അതുന്നയിച്ചവര്‍ക്കെതിരെ 'ഇടയലേഖനങ്ങള്‍' പ്രസിദ്ധീകരിച്ചു. ഫലത്തില്‍ മതം പഴഞ്ചനും മതേതരത്വം പുതുമയുള്ളതുമായി. യുക്തിചിന്തക്കു വേണ്ടി നിലകൊണ്ടവരെ തൂക്കിക്കൊന്നും കരിച്ചുകൊന്നും ക്രൈസ്തവ യൂറോപ്പ് മതനിരാസത്തിന്റെ കമ്പോളമൂല്യം വര്‍ധിപ്പിച്ചു. 

ആധുനിക വിദ്യാഭ്യാസം

യുക്തിചിന്തയിലും (Rationalism) ഉപയുക്തതാ വാദത്തിലും (Utilitarianism) അധിഷ്ഠിതമായാണ് യൂറോപ്യന്‍ വിദ്യാഭ്യാസം വികസിച്ചത്. ഈ വിദ്യാഭ്യാസ രീതിക്ക് അസ്തിവാരം പണിയുന്നതില്‍ വലിയ പങ്ക് വഹിച്ചവരാണ് ചാള്‍സ് റോബെര്‍ട്ട് ഡാര്‍വിന്‍ (1809-1882), സിഗ്മണ്ട് ഫ്രോയ്ഡ് (1856-1939), കാള്‍ മാര്‍ക്‌സ് (1818-1883) തുടങ്ങിയവര്‍. സൃഷ്ടിവാദത്തെ നിരാകരിച്ച ഡാര്‍വിന്‍ പരിണാമത്തെ സൈദ്ധാന്തികമായി അവതരിപ്പിച്ചു. ശാശ്വതവും സ്ഥിരവുമായ മൂല്യങ്ങളെ നിരാകരിച്ച് മാറ്റങ്ങളെ മൂല്യബോധത്തിന് അടിസ്ഥാനമായി നിശ്ചയിച്ചു. മാറ്റമാണ് മെച്ചപ്പെട്ടത്. ജീവകണം നിരന്തരം മാറ്റത്തിന് വിധേയമാവുന്നു. മനുഷ്യന്റെ അന്തസ്സത്ത മൃഗീയമാണെന്നും മനുഷ്യന്റെ പൂര്‍വരൂപം മൃഗമാണെന്നും 1856 മുതല്‍ സമൂഹം വായിക്കാന്‍ തുടങ്ങി. മെച്ചപ്പെട്ട മാനുഷിക മൂല്യങ്ങളുടെ സ്ഥാനത്ത് ഭൗതികാസക്തിയെ സ്ഥാപിച്ചു. മാറ്റത്തില്‍ നിലനില്‍ക്കുന്നതാണ് ശരിയും സത്യവും. കൂടാതെ കീഴ്‌പ്പെടുത്താന്‍ കെല്‍പ്പുള്ളതാണ് ശക്തമായ ശരി. ഈ കാഴ്ചപ്പാട് കൈയേറ്റത്തിനും യുദ്ധത്തിനുമുള്ള അനുവാദമായി കണക്കാക്കപ്പെട്ടു. ലോകം കഴുത്തറുപ്പന്‍ മത്സരവേദിയായി മാറി. മത്സരത്തിനു മേലുള്ള ഏതു നിയന്ത്രണവും മോശമായി. ശക്തിയാണ് ശരി (Might is Right) എന്നത് അടിസ്ഥാന മൂല്യമായി ഗണിക്കപ്പെട്ടു. ഇത്തരം അടിസ്ഥാനാശയങ്ങളെ പ്രകാശിപ്പിക്കാനും ഉല്‍പാദിപ്പിക്കാനും കഴിയുന്നതായിരിക്കണം അറിവും വിദ്യാഭ്യാസവും. പള്ളിയോട് ചേര്‍ന്ന പള്ളിക്കൂടം പഴഞ്ചനാണ്. കമ്പോളത്തോട് അടുത്തതും കമ്പോളവിനിമയം സാധ്യവുമാക്കുന്ന ഉപയുക്തതയുള്ള വസ്തുവാകണം വിദ്യാഭ്യാസമെന്ന് ആധുനികത നിഷ്‌കര്‍ഷിച്ചു.

മനുഷ്യന്റെ അറ്റമില്ലാത്ത ആഗ്രഹങ്ങള്‍ക്കു മേല്‍ നിശ്ചയിക്കുന്ന ഏതു നിയന്ത്രണവും ആക്ഷേപാര്‍ഹമാണെന്ന് ഫ്രോയ്ഡ് സിദ്ധാന്തിച്ചു. മനോസംഘര്‍ഷങ്ങളുണ്ടാക്കുന്നത് നിയന്ത്രണങ്ങളാണ്. മനശ്ശാസ്ത്രത്തെ അടിച്ചമര്‍ത്തപ്പെട്ട ശൈശവ വികാരങ്ങളുമായി ഫ്രോയ്ഡ് ബന്ധിപ്പിച്ചു. കുഞ്ഞുനാള്‍ മുതല്‍ പ്രകടിപ്പിക്കുന്ന ലൈംഗിക ചേഷ്ടകളുടെ പിടിച്ചമര്‍ത്തല്‍ മാനസിക പൊരുത്തക്കേടുകള്‍ക്ക് വഴിവെക്കുന്നു. മതങ്ങള്‍ ഇത്തരം സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കുന്നു. ബോധമനസ്സ്, ഉപബോധമനസ്സ്, സെന്‍സര്‍ഷിപ്പ്, ഇഡ്, ഈഗോ, സൂപ്പര്‍ ഈഗോ തുടങ്ങിയ സംജ്ഞകള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. കൂടാതെ സ്വതന്ത്ര ലൈംഗികതയെ ഫ്രോയ്ഡ് കെട്ടഴിച്ചുവിട്ടു. എന്റേതെല്ലാം എന്റേതാണ്, എന്റേതിന്റെ ഉടമസ്ഥാവകാശവും നിയന്ത്രണവും എനിക്ക് മാത്രമാണ്, അതില്‍ ആര്‍ക്കും പങ്കില്ല എന്നതാണ് ലിബറലിസം. ക്ഷമിക്കാനും സഹിക്കാനും പരസ്പരം വിട്ടുവീഴ്ച ചെയ്യാനും ആഗ്രഹങ്ങളെ മാറ്റിവെക്കാനും നിയന്ത്രിക്കാനുമുള്ള മനുഷ്യന്റെ പ്രത്യേകതയെ ഫ്രേയ്ഡിയന്‍ ലിബറലിസം നിരാകരിച്ചു. അത്തരം വിദ്യാഭ്യാസ പാഠ്യരീതി പൊതുസമൂഹത്തില്‍നിന്ന് മാനവിക മൂല്യങ്ങളെ അടര്‍ത്തിമാറ്റി. 

ഉല്‍പാദനോപാധികളുടെ (Means of Production) ഉടമസ്ഥാവകാശത്തെ, സാമൂഹികബന്ധങ്ങളുടെ (Social relations) മാനദണ്ഡമായി നിശ്ചയിക്കുകയാണ് കാള്‍ മാര്‍ക്‌സ് ചെയ്തത്. ചരിത്രഗതിയെ നിയന്ത്രിക്കുന്നതും സാമ്പത്തിക മേല്‍ക്കോയ്മ തന്നെയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള സംഘട്ടനമെന്ന് ചരിത്രത്തെ ഭൗതികമായി മാര്‍ക്‌സ് വ്യാഖ്യാനിച്ചു. അടിസ്ഥാന മൂല്യസ്രഷ്ടാക്കളും, എന്നാല്‍ കടുത്ത ചൂഷണത്തിന് വിധേയരാകുന്നവരുമായ തൊഴിലാളി വര്‍ഗത്തെ മാര്‍ക്‌സിസം അഭിസംബോധന ചെയ്തു. ഉല്‍പാദനോപാധികളുടെ ഉടമസ്ഥത അനീതി മാത്രമേ ഉല്‍പാദിപ്പിക്കൂ. തൊഴിലാളി വര്‍ഗസമൂഹത്തിന്റെ അഭ്യുന്നതി ലക്ഷ്യംവെച്ചുകൊണ്ടുള്ള വിദ്യാഭ്യാസ കാഴ്ചപ്പാട് മനുഷ്യന്റെ സ്വതന്ത്രമായ വികാസ സാധ്യതക്ക് മങ്ങലേല്‍പ്പിച്ചു. ഇടതുപക്ഷ രാജ്യങ്ങളുടെ വികസനവും വിദ്യാഭ്യാസവും ഏകപക്ഷീയമാവുന്നത് ഇതുകൊണ്ടുതന്നെയാവണം. ഫലത്തില്‍ സര്‍വതന്ത്ര സ്വാതന്ത്ര്യം ഉദ്‌ഘോഷിക്കുന്ന മുതലാളിത്ത ലിബറല്‍ വ്യവസ്ഥ അമിതോല്‍പാദനത്തിലേക്ക് (Over production)കമ്പോളത്തെ നയിച്ചപ്പോള്‍, തൊഴിലാളി വര്‍ഗ കമ്യൂണിസം അല്‍പോല്‍പാദനത്തിലേക്ക് (Under production)സമൂഹത്തെ കൊണ്ടെത്തിച്ചു. 

അറിവിന്റെ ഇസ്‌ലാമികമാനം

ഇസ്‌ലാം അറിവിനെ സത്യമായും യാഥാര്‍ഥ്യമായും (ഹഖ്) അവതരിപ്പിക്കുന്നു. മനുഷ്യന്‍ ദൈവത്തെ കണ്ടെത്തുകയും അതിലൂടെ പ്രകൃതിയെയും മനുഷ്യനെ തന്നെയും കണ്ടെടുക്കുകയും ചെയ്യലാണ് യഥാര്‍ഥ വിദ്യാഭ്യാസം. അറിവിന്റെ ഉറവിടം ദൈവികമാണെന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന ആശയമാണ് (ഖുര്‍ആന്‍ 2: 30-33, 2: 239, 2: 282, 5: 4, 5: 109, 6: 80, 7: 187). ഈ അറിവിനെ വികസിപ്പിക്കുന്നതിലും കാലികമായി ആവിഷ്‌കരിക്കുന്നതിലും മനുഷ്യന് ദൈവം സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നു. ഖുര്‍ആന്‍ 750-ലധികം തവണ ചിന്തിക്കാനും അന്വേഷിക്കാനും ഗവേഷണം ചെയ്യാനും മനുഷ്യനെ പ്രേരിപ്പിക്കുന്നുണ്ട്. 

എന്ത് പഠിക്കണം (What to learn?), എന്തിനുവേണ്ടി പഠിക്കണം (For what to learn?) എന്നീ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഈ ചോദ്യങ്ങള്‍ പഠിതാവിന്റെ നിലയും നിലപാടും തമ്മില്‍ ബന്ധപ്പെട്ടുകിടക്കുന്നു. മനുഷ്യന്‍ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയാണ് (ഖലീഫത്തുല്ലാഹ്)എന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്. സ്രഷ്ടാവിന്റെ അഭീഷ്ടങ്ങള്‍ക്കനുസരിച്ച് വ്യക്തിയെയും സമൂഹത്തെയും പരിസ്ഥിതിയെയും ആവിഷ്‌കരിക്കുകയും വികസിപ്പിക്കുകയും ചെയ്യേണ്ടത് ഖിലാഫത്തിന്റെ ഭാഗമാണ്. അല്ലാഹു മനുഷ്യന് സബീല്‍-വഴി-കാണിച്ചു (76: 03). ഈ സബീലിനുള്ള സവിശേഷത വ്യക്തമാക്കുകയും ചെയ്തു. അത് തിരിച്ചറിഞ്ഞ് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ സഹായിക്കുകയാണ് അറിവ് ചെയ്യുന്നത്. ഈ അറിവ് മനുഷ്യരില്‍ എത്തുന്നത് പ്രവാചകന്മാര്‍ മുഖേനയാണ്. ഇതിനുള്ള മാധ്യമമാണ് ദിവ്യവെളിപാട് (വഹ്‌യ്). ഇപ്രകാരം അറിവിന്റെ പ്രഥമ ഉറവിടം ദിവ്യവെളിപാടായി ഇസ്‌ലാം കണക്കാക്കുന്നു. ഇത് പഞ്ചേന്ദ്രിയ ജന്യമായ പരിമിതികളില്‍നിന്ന് മുക്തമായിരിക്കും. ജീവിതത്തെ കാലികമായി ചിട്ടപ്പെടുത്തുന്നതിന് യുക്തിയും ഭാവനയും ചിന്തയും ആവശ്യമാണ്. ഇപ്രകാരം മനുഷ്യരുമായും പ്രകൃതിയുമായും എന്‍ഗേജ് ചെയ്യാന്‍ മനുഷ്യന് അല്ലാഹു സ്വാതന്ത്ര്യം നല്‍കി. ഈ സ്വീകരണവും നിരാസവും അടിസ്ഥാനാശയത്തില്‍ ബന്ധിതമായിരിക്കും. ആകാശം പോലെ വളരാനും വേരിലേക്കും വിത്തിലേക്കും സൂക്ഷ്മബന്ധം സ്ഥാപിക്കാനും ഇതിടയാക്കും. അറിവിനെ എത്ര സൂക്ഷ്മ തലത്തില്‍ (Micro level) വ്യവഹരിക്കാന്‍ വിട്ടാലും അതിന്റെ സ്ഥൂലഭാവ(Macro aspect)വും തിരസ്‌കരിക്കപ്പെടുന്നില്ല.

അറിവിന്റെ മാനവീകരണം

യൂറോപ്യന്‍ യുക്തിചിന്തയും മതേതരസങ്കല്‍പ്പങ്ങളും അപമാനവീകരിച്ച (Dehumanize) മനുഷ്യന്‍, സമൂഹം, പരിസ്ഥിതി, ദൈവം തുടങ്ങിയ അടിസ്ഥാനാശയങ്ങളെയും അവയില്‍നിന്ന് നിഷ്പന്നമായ അറിവ്, ശാസ്ത്രം, വിദ്യാഭ്യാസം എന്നിവയെയും മാനവിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ അപനിര്‍മിക്കുന്നതിനെയാണ് അറിവിന്റെ മാനവീകരണം / ഇസ്‌ലാമീകരണം എന്ന് വ്യവഹരിക്കുന്നത്.  

ഇത് ഏറെ ശ്രമകരമായ ദൗത്യമാണ്. രണ്ടാം ലോക ഭീകരയുദ്ധത്തിനുശേഷം സ്വാതന്ത്ര്യം നേടിയ മുസ്‌ലിം രാജ്യങ്ങള്‍ സ്വതന്ത്രവും മൗലികവുമായ ഇസ്‌ലാമിക കാഴ്ചപ്പാടിലൂന്നിയ വിദ്യാഭ്യാസ രീതിശാസ്ത്രം രൂപപ്പെടുത്തിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധരായിരുന്നില്ല. സാമ്രാജ്യത്വ ശക്തികള്‍ ഇത്തരം പ്രദേശങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയപ്പോള്‍ തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ വേണ്ടതൊക്കെ ചെയ്തുവെക്കുകയും ചെയ്തു. പടിഞ്ഞാറന്‍ തലച്ചോറുള്ള മുസ്‌ലിംകളെ സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. 

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ അറിവിന്റെ ഇസ്‌ലാമീകരണം എന്ന ആശയം ശക്തിപ്പെട്ടുതുടങ്ങി.  1977-ല്‍ മക്കയില്‍ നടന്ന ആഗോള മുസ്‌ലിം വിദ്യാഭ്യാസ സമ്മേളനം ലോക മുസ്‌ലിംകളെ ഈ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഈ ചിന്ത വികസിപ്പിക്കുന്നതിലും പ്രായോഗിക മാതൃകകള്‍ സമര്‍പ്പിക്കുന്നതിലും പ്രധാന പങ്കു വഹിച്ചവരായിരുന്നു മലേഷ്യയിലെ സയ്യിദ് മുഹമ്മദ് നഖീബുല്‍ അത്ത്വാസും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഇസ്മാഈല്‍ റാജീ ഫാറൂഖിയും. കൂടാതെ എ.കെ ബ്രോഹി, ഇബ്‌റാഹീം റഅബ്, ഡോ. ഇസ്മാഈല്‍ മുല്ല, ഡോ. നജാത്തുല്ല സിദ്ദീഖി തുടങ്ങിയവരും വ്യത്യസ്ത വിഷയങ്ങള്‍ കേന്ദ്രീകരിച്ച് നവീകരണത്തിന് ശ്രമിക്കുകയുണ്ടായി. വിദ്യാഭ്യാസത്തിന്റെ മാനവീകരണം എന്നതിനെ Desecularization, Dewesternization, Resacralization, Integration of Knowledge Holistic എന്നിങ്ങനെയെല്ലാം വ്യവഹരിച്ചുവരുന്നുണ്ട്. ചുരുക്കത്തില്‍, അടിസ്ഥാനങ്ങളില്‍ സമാനതയുണ്ടെങ്കിലും പ്രായോഗിക സമീപനത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍  വ്യത്യസ്തത കാണാനാവും. പ്രയോഗവല്‍ക്കരിക്കുന്ന സമൂഹവും ചുറ്റുപാടും ഈ വ്യത്യസ്തതക്ക് നിമിത്തമായിട്ടുണ്ട്. 

അത്ത്വാസും റാജീ ഫാറൂഖിയും

1980-ല്‍ പ്രസിദ്ധീകൃതമായ 'ഇസ്‌ലാമും മതേതരത്വവും' (Islam and Secularism) എന്ന അത്ത്വാസിന്റെ കൃതി യൂറോപ്യന്‍ നാസ്തിക-യുക്തിചിന്തയെ ശക്തമായി ചോദ്യം ചെയ്തു. വിദ്യാഭ്യാസത്തിന്റെ ഇസ്‌ലാമീകരണത്തിന് രണ്ട് ഘട്ടങ്ങള്‍ അത്ത്വാസ് നിര്‍ദേശിച്ചു. ഒന്നാമതായി, മേല്‍പറഞ്ഞ ലക്ഷ്യമില്ലാത്ത, നിര്‍മത-നിരീശ്വരത്വത്തില്‍ അധിഷ്ഠിതമായ ആധുനി

ക വിദ്യാഭ്യാസത്തില്‍നിന്നും അറിവിനെയും വിദ്യാഭ്യാസത്തെയും മോചിപ്പിക്കുക. ഈ പ്രക്രിയയെ അദ്ദേഹം വേര്‍പ്പെടുത്തല്‍ (Isolation) എന്ന് വിളിച്ചു. രണ്ടാമതായി, നിലവിലെ വിദ്യാഭ്യാസ ഘടനയിലേക്ക് ഇസ്‌ലാമിക ആശയത്തിലധിഷ്ഠിതമായ വിജ്ഞാനീയങ്ങള്‍ സന്നിവേശിപ്പിക്കുക (Infusion). നിലവിലെ വിദ്യാഭ്യാസ ഘടനയെ സ്വീകരിക്കുന്നതില്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരം ഉണ്ടെങ്കിലും കാലഘട്ടത്തിന്റെ തേട്ടം ആധുനിക വിദ്യാഭ്യാസ ഘടനയെ അംഗീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. കാരണം ആധുനികതയോടും ഇസ്‌ലാമിന് സംവദിക്കാനാകുമെന്നത് യാഥാര്‍ഥ്യമാണ്. അതേസമയം മതേതരത്വം രൂപംകൊടുത്ത ഭാഷയെ കൈയൊഴിയാന്‍ അത്ത്വാസ് നിര്‍ദേശിച്ചു. ഭാഷയാണ് ചിന്തക്കും യുക്തിക്കും കാരണമാകുന്നത്. ആധുനിക വിദ്യാഭ്യസത്തിന്റെ ഘടനയെ ഇസ്‌ലാമികാടിസ്ഥാനങ്ങളില്‍ പരിഷ്‌കരിച്ചും പുനര്‍നിര്‍മിച്ചും പുതുക്കിപ്പണിതും കാലഘട്ടത്തിന്റെ വെല്ലുവിളിയെ അഭിമുഖീകരിക്കാന്‍ സയ്യിദ് അത്ത്വാസ് 1987-ല്‍ മലേഷ്യയിലെ ക്വാലാലമ്പൂര്‍ കേന്ദ്രീകരിച്ച് International Institute of Islamic Thought and Civilization (ISTAC) സ്ഥാപിച്ചു. 

ഫലസ്ത്വീനീ-അമേരിക്കന്‍ ചിന്തകനായ ഇസ്മാഈല്‍  റാജീ ഫാറൂഖി ഇസ്‌ലാമിന്റെ പാരമ്പര്യത്തില്‍നിന്ന് അറിവിനെയും വിദ്യാഭ്യാസത്തെയും രൂപപ്പെടുത്താന്‍ പ്രായോഗിക മാതൃകകള്‍ സമര്‍പ്പിക്കുകയുണ്ടായി. ഫാറൂഖി 1981-ല്‍ വെര്‍ജീനിയയില്‍ തുടക്കം കുറിച്ച International Institute of Islamic Thought (IIIT) ആധുനിക വിജ്ഞാന ശാഖകളെ മാനവീകരിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന സ്ഥാപനമായിരുന്നു.

പഞ്ചേന്ദ്രിയജന്യമായ വിജ്ഞാനീയത്തെയും (അഖ്‌ലി) ദിവ്യവെളിപാടിലൂടെ കരഗതമായ വിജ്ഞാനത്തെയും (നഖ്‌ലി) ബുദ്ധിപരമായി സംയോജിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പഞ്ചേന്ദ്രിയ ജ്ഞാനത്തിന്റെ പരിമിതി മറികടക്കാന്‍ ഇത് സഹായിക്കുന്നു. അഭൗതികമായ ജ്ഞാനത്തെ കേന്ദ്രീകരിച്ച് അറിവും വിദ്യാഭ്യാസവും വികസിപ്പിക്കുമ്പോള്‍ ആധുനിക വിദ്യാഭ്യാസത്തിനും ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തിനും ഇടയിലുള്ള ദ്വിത്വം (Dichotomy) നീക്കംചെയ്യപ്പെടുന്നു. 

ശാസ്ത്രവും വിദ്യാഭ്യാസവും മൂല്യനിരപേക്ഷമാണെന്ന ആധുനികതയുടെ കാഴ്ചപ്പാടിനെയും അദ്ദേഹം  നിരാകരിക്കുന്നു. എന്നാല്‍ മൂല്യാധിഷ്ഠിതം, മൂല്യനിരപേക്ഷം എന്നീ കാഴ്ചപ്പാടുകളെ ഏകീകരിക്കാനും എല്ലാ അറിവുകളെയും മൂല്യബന്ധിതമാക്കാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

പാഠ്യപദ്ധതിയിലെ ഇരട്ടത്വം (Academic Dualism)

മതപരവും മതേതരവുമായ വിദ്യാഭ്യാസ പാഠ്യപദ്ധതി ഒരേസമയം പഠിപ്പിക്കപ്പെടുക എന്നതാണ് പാഠ്യപദ്ധതിയിലെ ഇരട്ടത്വം. മതാധിഷ്ഠിത ജ്ഞാന പരിസരത്തില്‍നിന്ന്  രൂപപ്പെടുന്ന വിദ്യാഭ്യാസ കാഴ്ചപ്പാടുകളും ആശയങ്ങളും മതേതര പാഠ്യപദ്ധതി നിരാകരിക്കുന്നു. മനുഷ്യാരംഭത്തെ കുറിച്ച സൃഷ്ടിവാദവും പരിണാമവാദവും പാഠ്യപദ്ധതിയിലെ ഇരട്ടത്വത്തിന് ഉദാഹരണമാണ്. മതാധിഷ്ഠിത വിദ്യാഭ്യാസത്തിലെ ശരി, മതേതര പാഠ്യപദ്ധതിയില്‍ തെറ്റാവാം. മതേതര കാഴ്ചപ്പാടിലെ തെറ്റ് മതവിദ്യാഭ്യാസ കാഴ്ചപ്പാടില്‍ ശരിയോ തെറ്റോ ആവാം. ഫലത്തില്‍ വിദ്യാര്‍ഥിയും വിദ്യാഭ്യാസവും സംശയത്തിലകപ്പെടുന്നു. ജീവിതായോധനത്തിനു വേണ്ടി ഭൗതിക പാഠ്യപദ്ധതി പിന്തുടരേണ്ടത് അനിവാര്യമാവുന്നതാണ് ഇതിന് കാരണം. ഇസ്‌ലാമിന്റെ മൂല്യസങ്കല്‍പത്തിലധിഷ്ഠിതമായ സാമൂഹിക വ്യവസ്ഥ സ്ഥാപിക്കപ്പെടുന്നതോടെ ഈ ഇരട്ടത്വം ഇല്ലാതാക്കാനാവും. ഈ രണ്ട് ജ്ഞാനധാരകളെയും നൈതിക ഭൂമികയില്‍നിന്ന് നീതിയുക്തം ഉദ്ഗ്രഥിക്കുകയാണ് (Judicious Integration) കരണീയം.

ഉദ്ഗ്രഥിത പാഠ്യ സമീപനം (Integrated Learning Apporach - ILA)

ആധുനിക പൊതു വിദ്യാഭ്യാസം ഉള്ളടക്കത്തിലും അവതരണത്തിലും (Content and Presentation) കാലികമായ മാറ്റത്തിന് വിധേയമായപ്പോള്‍ മതവിദ്യാഭ്യാസ മേഖല പരമ്പരാഗതമായി തന്നെ തുടരുന്നു എന്നത് നിരാശാജനകമാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിലൂന്നിയ പാഠ്യപദ്ധതിയെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയുടെ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും (Tools and Techniques) സഹായത്തോടെ നവീകരിക്കുന്നതാണ് ഉദ്ഗ്രഥിത സമീപനം. ആധുനിക വിദ്യാഭ്യാസത്തിലെ ഭൗതിക വിഷയങ്ങളെ ഇസ്‌ലാമിക കാഴ്ചപ്പാടോടെ സമ്മിശ്രം പഠിക്കുന്ന രീതിയാണിത്. ഭൗതിക വിദ്യാഭ്യാസം പഠിതാവില്‍ ഉണ്ടാക്കിയേക്കാവുന്ന സംശയത്തെയും മതവിരുദ്ധതയെയും ബുദ്ധിപരമായും പ്രായോഗികമായും സമീപിക്കാനും നിലപാടുകള്‍ സ്വീകരിക്കാനും ഉദ്ഗ്രഥിത പാഠ്യപദ്ധതി അവസരം നല്‍കുന്നു. 

ഇവിടെ പ്രധാനമായും മൂന്ന് ഊന്നലുകള്‍ ഉണ്ടായിരിക്കണം. ഇസ്‌ലാമിക ജ്ഞാനാടിത്തറയെ കുറിച്ച മൗലികമായ അറിവും, അടിസ്ഥാന ജ്ഞാന സ്രോതസ്സുകളായ ഖുര്‍ആന്‍, ഹദീസ് എന്നിവയിലുള്ള അവഗാഹവുമാണ് ഒന്നാമത്തേത്. എങ്കില്‍ മാത്രമേ പഠിതാവിന് ഭൗതിക വിദ്യാഭ്യാസത്തിന്റെ പരിമിതികളും പോരായ്മകളും ഇസ്‌ലാമികാടിസ്ഥാനത്തില്‍ വ്യവഛേദിക്കാന്‍ കഴിയൂ. രണ്ടാമതായി, ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പാഠ്യപദ്ധതിയുടെ ലക്ഷ്യം,  ഉപകരണങ്ങള്‍, സാങ്കേതികത, ഗവേഷണ രീതിശാസ്ത്രം തുടങ്ങിയവയെ കുറിച്ചും കൃത്യമായ ബോധ്യങ്ങള്‍ ഉണ്ടായിരിക്കണം. മൂന്നാമത്തേതാണ്, ഏറെ പ്രാധാന്യമുള്ളത്. ആധുനിക പാഠ്യവിഷയങ്ങളെ ഇസ്‌ലാമികാടിത്തറയില്‍ പുനര്‍നിര്‍വചിക്കുകയും പുതുക്കിപ്പണിയുകയും ചെയ്യുക എന്നതാണത്. മുസ്‌ലിം പണ്ഡിത സമൂഹത്തിന്റെയും ഭൗതിക വിദ്യാഭ്യാസ മേഖലയിലെ ഗവേഷകരുടെയും ഒന്നിച്ചുള്ള ശ്രമം നിലവിലെ വിദ്യാഭ്യാസത്തിന്റെ ഈ അപനിര്‍മാണത്തിന് അത്യന്താപേക്ഷിതമാണ്. ശാസ്ത്ര വിഷയങ്ങളേക്കാള്‍ സാമൂഹിക മാനവിക വിഷയങ്ങളില്‍ ഊന്നിയ ഗവേഷണമാണ് ആദ്യം പരിഗണിക്കേണ്ടത്. സാമ്പത്തിക ശാസ്ത്രം, മനശ്ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷാശാസ്ത്രം എന്നീ മേഖലകളില്‍ ആഗോള-ദേശീയ തലങ്ങളില്‍ ആരംഭം കുറിക്കപ്പെട്ട പരിശ്രമങ്ങള്‍ ശുഭോദര്‍ക്കമാണെന്ന് പറയാതെ വയ്യ. 

Comments

Other Post

ഹദീസ്‌

അനാഥരോട് കരുണയുള്ളവരാവുക
പി.എ സൈനുദ്ദീന്‍

ഖുര്‍ആന്‍ ബോധനം

സൂറ 24 /അന്നൂര്‍ /10-11
എ.വൈ.ആര്‍