Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

മരുഭൂവിലെ ഉറവ

റസാഖ് പള്ളിക്കര

ഖ്യാനവൈദഗ്ധ്യത്തിന്റെ മാന്ത്രിക സ്പര്‍ശത്തില്‍ പിറവിയെടുത്ത 'മനുഷ്യന് ഒരു ആമുഖം' എന്ന പ്രശസ്ത നോവലിനെപ്പറ്റി നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. സുഭാഷ് ചന്ദ്രന്റെ തന്നെ 'മധ്യേയിങ്ങനെ', 'കഥയാക്കാനാവാതെ' തുടങ്ങിയ കൃതികളും

ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാം. അദ്ദേഹം പലപ്പോഴും ആഹ്ലാദത്തോടെ പങ്കുവെക്കുന്ന ഒരനുഭവം വായനക്കാരെ വല്ലാതെ വശീകരിക്കും.

നൂറ്റാണ്ടുകള്‍ക്കപ്പുറമുള്ള കനിവിന്റെ കവാടമാണ് അത് തുറന്നുവെക്കുന്നത്. ഒരു കഥയുടെ കാല്‍പനിക സ്വരങ്ങളിലും മുങ്ങിപ്പോവാതെ വളരെ സത്യസന്ധമായി അദ്ദേഹമത് ആവേശപൂ

ര്‍വം വരച്ചുവെക്കുന്നു. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഥാകൃത്തിന്റെ ഭാര്യയുടെ കന്നിപ്രസവമാണ് സന്ദര്‍ഭം. സാമ്പത്തിക പരാധീനതകളുണ്ട്. ആരോടും ചോദിക്കാന്‍ തോന്നുന്നില്ല. അതിനേക്കാളേറെ മനസ്സിനെ പ്രയാസപ്പെടുത്തുന്നത് ഉദ്വേഗത്തിന്റെയും ആശങ്കയുടെയും ആ നിമിഷങ്ങള്‍.

മകളുടെ പ്രസവത്തിനായി അടുത്തുതന്നെ ഒരു മുസ്‌ലിം വൃദ്ധയുമുണ്ട്. കണ്ടുള്ള പരിചയം അവരെ ഏറെ അടുപ്പിച്ചു. ചില നേരങ്ങളില്‍ കഥാകൃത്തിന്റെ വെപ്രാളങ്ങള്‍ തിരിച്ചറിഞ്ഞ ആ വൃദ്ധ അദ്ദേഹത്തെ സമാധാനിപ്പിക്കുന്നു.

എത്രയോ പ്രസവങ്ങളുടെ ഉദ്വേഗങ്ങളും വേദനകളുമറിഞ്ഞ ആ വൃദ്ധക്ക് ഇതൊക്കെ എന്തെന്ന ഭാവം. ഇടയില്‍ റോഡിലുണ്ടാവുന്ന അപകടവും ചോരക്കളവും. അതില്‍ ഭാര്യയുടെ രോദനം മുങ്ങിപ്പോവുകയാണോ എന്ന് അദ്ദേഹം സന്ദേഹിക്കുന്നു. 

ഒടുവില്‍ നഴ്‌സ് വാതില്‍ തുറക്കുന്നു. ഭാര്യയുടെ സിസേറിയന്‍ കഴിഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അടുത്ത നിമിഷം ആ ഉമ്മയുടെ മകളും ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുത്ത വാര്‍ത്ത വരുന്നു.

ഉമ്മ ചോദിച്ചു:

''മോന്റെ കുഞ്ഞിനെ കണ്ടോ?''

''ഇല്ല, ഇപ്പോള്‍ കൊണ്ടുവരും''

ഒടുവിലവര്‍ തോര്‍ത്തില്‍ പൊതിഞ്ഞു പിടിച്ചിരുന്ന ഒരു കുപ്പി പുറത്തേക്കെടുത്തു. സംസം! 

'നിങ്ങളുടെ കുഞ്ഞിനും ഈ വെള്ളം ഇത്തിരി കൊടുത്തോട്ടെ?'

ബന്ധുക്കളില്‍ ചിലരുടെ മുഖം കറുത്തെങ്കിലും അത് വകവെച്ചില്ല.

ഉമ്മ ആ കുപ്പിയില്‍നിന്ന് ഏതാനും തുള്ളി വെള്ളം എന്റെ കുഞ്ഞിന്റെ വായിലേക്കിറ്റിച്ചു.

എന്നിട്ട് ഉമ്മയുടെ 'സംസം' വിശദീകരണം കേട്ടപ്പോള്‍ നഴ്‌സ് ചിരിച്ചു.

''ഇസ്മാഈല്‍ നബി മരുഭൂമിയില്‍ കിടന്നപ്പോള്‍ പടച്ചവന്‍ ഉറവ പൊട്ടിച്ച വെള്ളമാണിത്.''

അവരത് സന്തോഷത്തോടെ, കൃതാര്‍ഥതയോടെ പറഞ്ഞിട്ട് കുപ്പി അടക്കാന്‍ തുടങ്ങി.

അപ്പോള്‍ അവിചാരിതമായ ഒരു ആന്തരിക ചോദന കഥാകൃത്തിനെ ഒരു യാചകനെപ്പോലെ കൈനീട്ടിച്ചു.

''ഒരല്‍പം... എനിക്കും തരുമോ?''

''പിന്നെന്താ''- ഉമ്മ പറഞ്ഞു.

പിന്നെ വിറക്കുന്ന കൈക്കുമ്പിളിലേക്ക് ആ തീര്‍ഥജലം പകര്‍ന്നു. മരുഭൂമിയില്‍ കുളിര്‍ത്ത ജലം!

നാലാം പതിപ്പിലെത്തിയ 'കാണുന്ന നേരത്ത്' എന്ന കൃതിയില്‍ മാത്രമല്ല പല സന്ദര്‍ഭങ്ങളിലായി ഈ പുണ്യപാനം കഥാകൃത്ത് വളരെ ആഹ്ലാദത്തോടെ പങ്കുവെക്കുന്നത് അത് പ്രകാശിപ്പിക്കുന്ന മാനവികതയുടെ വറ്റാത്ത കുളിര്‍മ തിരിച്ചറിഞ്ഞതുകൊണ്ടാണ്. ആസുരമായ നമ്മുടെ കാലത്ത് പലര്‍ക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഈ തിരിച്ചറിവാണ്.

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍