Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

ഫീഫീ ഐലന്റും സൂനാമിയെ അതിജീവിച്ച പള്ളിയും

മുനീര്‍ മുഹമ്മദ് റഫീഖ്

മത - വംശ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയിലൂടെ-2

ഹാത് യായില്‍നിന്ന് രാവിലെ തന്നെ പടിഞ്ഞാറന്‍ തീരപ്രദേശമായ ക്രാബിയിലേക്ക് ഞങ്ങള്‍ യാത്രതിരിച്ചു. ഏകദേശം ഇരുനൂറ് കിലോ മീറ്ററിലധികമുണ്ട് ഹാത് യായില്‍നിന്ന് ക്രാബിയിലേക്ക്. ക്രാബിയിലും മുസ്‌ലിംകള്‍ ഏറെയുണ്ട്. തായ് ഭൂപ്രദേശങ്ങള്‍ പലതും കേരളത്തിനു സമാനമാണ്. നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിക്കുന്ന വീഥികള്‍ താരതമ്യേന മേന്മയുള്ളതാണ്. തായ്‌ലന്റിന്റെ കിഴക്കു പടിഞ്ഞാറന്‍ തീരദേശ നഗരമാണ് ക്രാബി. പുരാതനകാലത്തെ ഒരു വാള്‍ കണ്ടെടുത്തതിനാലാണ് ഈ പ്രദേശത്തിന് 'ക്രാബി' എന്ന് പേരുവീണത്. ക്രാബി എന്നാല്‍ തായ് ഭാഷയില്‍ വാള്‍ എന്നര്‍ഥം. ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ക്രാബി. ക്രാബി പ്രൊവിന്‍സില്‍ ഉള്‍പ്പെടുന്ന ഏതാനും ദ്വീപുകളില്‍ ഒന്നാണ് ഫീഫീ ഐലന്റ്. ക്രാബിയില്‍നിന്ന് ഫുക്കറ്റ്, ഫീഫീ ഐലന്റ് പോലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് ബോട്ട് വഴിയാണ് പോകാനാവുക. ദിവസത്തില്‍ മൂന്നോ നാലോ സര്‍വീസുകളേ ഉള്ളൂ. ക്രാബിയില്‍നിന്ന് അറുപത് കിലോമീറ്റര്‍ കടല്‍ യാത്ര ചെയ്തു വേണം ഫീഫീ ഐലന്റിലെത്താന്‍. ദക്ഷിണ തായ്‌ലന്റിലെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങളില്‍ ഒന്നായ ഈ ദ്വീപിനെ കുറിച്ച് സുഹൃത്ത് ഫവാസ് വിവരിക്കുന്നതിനു മുമ്പ് കേട്ടറിവു പോലുമുണ്ടായിരുന്നില്ല. യൂറോപ്യന്‍ സഞ്ചാരികളുടെ പറുദീസയാണത്രെ ഈ ബീച്ച്. വൈറ്റ് സാന്റ് ബീച്ചുകളാണ് ദ്വീപിന്റെ മുഖ്യ ആകര്‍ഷണം. ബോട്ടില്‍ അധികവും വെള്ളക്കാരായ ടൂറിസ്റ്റുകള്‍. 

ആറോളം ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ഫീഫീ ദ്വീപ്. കടലില്‍ ഉയര്‍ന്നുനില്‍ക്കുന്ന ചെങ്കുത്തായ മലകളാല്‍ സമ്പന്നമാണ് ഈ ദ്വീപുകള്‍. അതിനു ചുറ്റിലുമുള്ള ബോട്ട് യാത്ര ഏതൊരു സഞ്ചാരിയുടെയും മനം കുളിര്‍പ്പിക്കുന്നതാണ്. ഒന്നിലൊഴികെ അഞ്ചു ദ്വീപുകളിലും ആള്‍പാര്‍പ്പില്ല. പ്രധാന ദ്വീപായ ഫീഫീ ഡോണില്‍ വെറും ഇരുനൂറ്റി അമ്പതില്‍ താഴെയേ ജനസംഖ്യയുള്ളൂ. ജനസംഖ്യയുടെ 80 ശതമാനവും മുസ്‌ലിംകളാണ്. മുമ്പ് മുസ്‌ലിംകള്‍ മാത്രമുണ്ടായിരുന്ന ദ്വീപില്‍ ഇപ്പോള്‍ ബുദ്ധമതക്കാരായ തായ്-ചൈനീസ് വംശജരുമുണ്ട്. 100 ശതമാനവും മുസ്‌ലിംകളാണെന്നാണ് തദ്ദേശീയനായ ഒരു മുസ്‌ലിമില്‍നിന്ന് അറിയാന്‍ കഴിഞ്ഞത്. പ്രദേശവാസികള്‍ കുറവാണെങ്കിലും സഞ്ചാരികളായി നിത്യവും ആയിരക്കണക്കിനാളുകള്‍ ദ്വീപില്‍ വന്നുപോയിക്കൊണ്ടിരിക്കുന്നു. ബോട്ട്‌ജെട്ടി മുതല്‍ ഇരു ഭാഗത്തേക്കും നടന്നു നീങ്ങാവുന്ന നടപ്പാതകള്‍ക്ക് ഇരുവശവുമായി പലതരം ചെറുകിട കച്ചവടക്കാരുടെ ഷോപ്പുകള്‍. ഷോപ്പുകളില്‍ അധികവും വ്യത്യസ്തമായ തായ് വിഭവങ്ങള്‍ വിളമ്പുന്ന റെസ്റ്റോറന്റുകളാണ്. പുറം കടലില്‍ പലതരം യാത്രകള്‍ ഓഫര്‍ ചെയ്യുന്ന ബോട്ട് സര്‍വീസുകള്‍, തായ് കരകൗശല ശാലകള്‍, മസാജ് പാര്‍ലറുകള്‍ തുടങ്ങി ചെറുതെങ്കിലും ടൂര്‍ അനുബന്ധ ബിസിനസ് സെന്ററാണ് ഫീഫീ ഐലന്റ്. മോട്ടോര്‍ ബൈക്കുകളും സൈക്കിളുകളും മാത്രമാണ് ദ്വീപ് നിവാസികളുടെ വാഹനങ്ങള്‍. മൂന്നു മണിയോടെ ദ്വീപില്‍ ഇറങ്ങിയ ഞങ്ങള്‍ ആദ്യമന്വേഷിച്ചത് പള്ളിയാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഫീഫീ ഐലന്റ് സന്ദര്‍ശിച്ച ഫവാസിന് ദ്വീപിന്റെ ഭൂമിശാസ്ത്രം അറിയാമായിരുന്നു. 

മസ്ജിദുല്‍ ഇസ്വ്‌ലാഹ്; സൂനാമിയെ അതിജയിച്ച പള്ളി

ബോട്ട്‌ജെട്ടിയില്‍നിന്ന് അല്‍പദൂരം വലതു വശത്തേക്ക് നടന്നാല്‍ സുന്ദരമായ ഒരു ചെറിയ പള്ളി കാണാം. മസ്ജിദുല്‍ ഇസ്വ്‌ലാഹ്. അല്‍ ഇസ്വ്‌ലാഹ് കോ ഫീഫീ മോസ്‌ക് എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. പള്ളിയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ കേന്ദ്രമാണ് ഈ പള്ളി. ടൂറിസവുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്ത് ജീവിക്കുന്നവരാണ് ഇവിടത്തെ മുസ്‌ലിംകളിലധികവും. ചെറിയ റെസ്റ്റോറന്റുകള്‍, ബോട്ട് സവാരി, ട്രാവല്‍ ഗൈഡ് (കടല്‍യാത്ര) തുടങ്ങിയവയാണ് അവരുടെ ജീവിതായോധനം. ദ്വീപിലെ മുസ്‌ലിംകളെ മുഴുവന്‍ ഒരേസമയം ഉള്‍ക്കൊള്ളാന്‍ പോന്ന വലിപ്പം ആ പള്ളിക്കുണ്ടെന്നു തോന്നുന്നില്ല. നമ്മുടെ നാട്ടിലെ ഒരു ചെറിയ നമസ്‌കാരപ്പള്ളിയുടെ വലിപ്പമേ ദ്വീപിലെ ഈ ഏക നമസ്‌കാരപ്പള്ളിക്കുള്ളൂ. നമസ്‌കാരശേഷം പള്ളിയില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന ഒരു വൃദ്ധനോട് മലായ് ഭാഷയില്‍ സംസാരിക്കാന്‍ എന്റെ സുഹൃത്ത് ശ്രമിച്ചുനോക്കി. എന്നാല്‍ ഭാഷാപ്രശ്‌നം മൂലം അധിക കാര്യങ്ങളൊന്നും അദ്ദേഹത്തില്‍നിന്ന് അറിയാന്‍ സാധിച്ചില്ല. 

ദ്വീപില്‍ അല്‍പസമയം ചുറ്റിയടിച്ച ശേഷം മഗ്‌രിബ് നമസ്‌കാരത്തിന് ഞങ്ങള്‍ വീണ്ടും പള്ളിയിലെത്തി. നമസ്‌കാരത്തിന് ഏകദേശം ഇരുപതോളം ആളുകളുണ്ട്. ചെറുതെങ്കിലും പള്ളിയില്‍ ഒരു ഭാഗത്ത് സ്ത്രീകള്‍ക്കും നമസ്‌കരിക്കാന്‍ ഇടമുണ്ട്. നമസ്‌കാരശേഷം ഏതാനും കുട്ടികള്‍ (പെണ്‍കുട്ടികളടക്കം) പള്ളിയിലിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ട്. ഉസ്താദിന് ചൊല്ലിക്കേള്‍പ്പിക്കാനുള്ള സൂറത്തുകള്‍ ഓതി പരിശീലിക്കുകയാണ് ആ കുട്ടികള്‍. മദ്‌റസക്കായി പ്രത്യേകം കെട്ടിടമില്ല. വളരെ പരിമിതമായ സ്ഥലമേ പള്ളിക്കുള്ളൂ. തൊട്ടടുത്തായി പള്ളി ജീവനക്കാര്‍ക്കും മറ്റും താമസിക്കാനായി ഒരു ചെറിയ കെട്ടിടവുമുണ്ട്. പള്ളിയുടെ ഖബ്‌റിസ്ഥാന്‍ പള്ളിയില്‍നിന്ന് അല്‍പം വിട്ടുമാറി ഒരു ചെറിയ സ്ഥലമാണ്. 

നമസ്‌കാരശേഷം പള്ളിയില്‍ വട്ടംകൂടിയ ഏതാനും പേര്‍ ഞങ്ങളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ പള്ളി ഇമാമുമുണ്ട്. മലേഷ്യയില്‍ വിദ്യാഭ്യാസം നേടിയ ഒരു ചെറുപ്പക്കാരനാണ് ഇമാം. ദീനീ ഉന്നത പഠനത്തിനായി തായ് മുസ്‌ലിംകള്‍ കൂടുതലും അവലംബിക്കുന്നത് അയല്‍രാജ്യമായ മലേഷ്യയെയാണ്. പുറമെ ഇന്ത്യയിലെ ദയൂബന്ദിലും ഈജിപ്തിലെ അല്‍ അസ്ഹറിലും പോകുന്നവരുമുണ്ട്. മലേഷ്യയിലേതു പോലെ ശാഫിഈ മദ്ഹബ് അനുധാവനം ചെയ്യുന്നവരാണ് ദ്വീപ് നിവാസികള്‍. എന്നാല്‍, അവിടത്തെ പോലെ നമസ്‌കാരശേഷം പരസ്പരം ഹസ്തദാനം ചെയ്യുന്ന പതിവ് ഇവിടെ ഇല്ലെന്നു തോന്നുന്നു. സഞ്ചാരികളായി ഈ ദ്വീപിലെത്തുന്ന മുസ്‌ലിംകള്‍ ഈ പള്ളിയും സന്ദര്‍ശിക്കാറുണ്ട്. പള്ളിയോട് ചേര്‍ന്നു തന്നെയുള്ള മറ്റൊരു കെട്ടിടത്തില്‍ അന്നു രാത്രി അവര്‍ താമസസൗകര്യം ഒരുക്കിത്തന്നു. അല്‍പസമയത്തെ സംഭാഷണത്തിനു ശേഷം പ്രായം ചെന്ന ഒരാള്‍ പള്ളിജോലിക്കാരനെന്ന് തോന്നിക്കുന്ന മറ്റൊരാളോട് എന്തെല്ലാമോ കുശുകുശുക്കുന്നതു കണ്ടു. ഞങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള മുറി കാട്ടിത്തരാനുള്ള നിര്‍ദേശമാണത്. രണ്ടു പേര്‍ക്ക് വിശാലമായി കിടക്കാവുന്ന കൊതുകുവലകളുള്ള ഒരു മെത്ത അദ്ദേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു. വിശാലമായ റൂമില്‍ മറ്റു പലരുമുണ്ട് ഇതുപോലെ അന്തിയുറങ്ങാന്‍. 

ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ വ്യക്തി അത്താഴത്തിന് ഞങ്ങളെ ക്ഷണിച്ചു. അദ്ദേഹവുമായി സംസാരിച്ചുകൊണ്ട് ദ്വീപിന്റെ മുസ്‌ലിം ഉള്‍പ്രദേശങ്ങളിലൂടെ ഞങ്ങള്‍ നടന്നുനീങ്ങി. ഞങ്ങളുടെ ആതിഥേയനില്‍നിന്നാണ് ദ്വീപിനെ കുറിച്ച് പലതും അറിയാന്‍ കഴിഞ്ഞത്. ടൂറിസ്റ്റുകളുമായി പുറം കടലില്‍ സവാരി ബോട്ട് ഓടിച്ചാണ് അദ്ദേഹം ഉപജീവനം നടത്തുന്നത്. ദ്വീപിലെ മുസ്‌ലിംകളില്‍ ഏറിയ പങ്കും ചെറുതും വലുതുമായ ബോട്ടുകള്‍ ഓടിക്കുന്നവരാണ്. എന്തായാലും കടലാണ് അവരുടെ ഉപജീവനമാര്‍ഗം. വെള്ളിയാഴ്ച ജുമുഅ വേളകളില്‍ ദ്വീപില്‍ ബോട്ട്‌സവാരികളും ടൂര്‍ പ്രോഗ്രാമുകളും നിര്‍ത്തിവെക്കപ്പെടുകയോ അവക്ക് ഭംഗം വരികയോ ചെയ്യും. മുസ്‌ലിംകളായ ബോട്ടുകാര്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പോകുന്നതിനാലാണത്. ഒരു തായ് മുസ്‌ലിമിന്റെ വളരെ ചെറിയ ഒരു റെസ്‌റ്റോറന്റിലേക്കാണ് ആതിഥേയന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. വീടിന്റെ തുറന്ന മുന്‍വശവും വരാന്തയും അദ്ദേഹം ഹോട്ടലാക്കിയിരിക്കുകയാണ്. സഹായത്തിന് അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട്. ബുദ്ധമതക്കാരനായ പിതാവ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്‌ലാം സ്വീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധമതക്കാരനെ വിവാഹം കഴിച്ച തന്റെ സഹോദരിയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ബുദ്ധമതക്കാരും മുസ്‌ലിംകളും തമ്മിലുള്ള മിശ്രവിവാഹങ്ങള്‍ തായ്‌ലന്റില്‍ വിരളമല്ല. തായ്‌ലന്റ് പല അര്‍ഥത്തിലും മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ്. ബുദ്ധമതത്തിന്റെയും തായ് സംസ്‌കാരത്തിന്റെയും സ്വാധീനം മുസ്‌ലിം ജീവിതത്തിലും കാണാം. എന്നാല്‍ അവ വിശ്വാസപരമായി മുസ്‌ലിംകളെ എത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് കൃത്യമായി പറയുക വയ്യ. ഭക്ഷണശേഷം ആതിഥേയരോട് നന്ദിപറഞ്ഞ് ഞങ്ങള്‍ പള്ളിയിലേക്കു തിരിച്ചു. 

അടുത്ത ദിവസം രാവിലെ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ വ്യൂ പോയിന്റാണ് ഞങ്ങള്‍ സന്ദര്‍ശിക്കുന്നത്. മലമുകളില്‍നിന്ന് സൂര്യോദയം കാണാമെന്ന് കരുതി സ്വുബ്ഹ് നമസ്‌കാരം കഴിഞ്ഞ് തൊട്ടുടനെ ഞങ്ങള്‍ നടത്തം ആരംഭിച്ചതാണ്. എന്നാല്‍ അങ്ങോട്ടുള്ള കാല്‍നടയാത്ര അത്ര എളുപ്പമായിരുന്നില്ല. ഒന്നര മണിക്കൂറിലേറെ നടന്നാണ് ഞങ്ങള്‍ ആ കുന്നിന്‍മുകളില്‍ എത്തിയത്. കുന്നിന്‍മുകളിലെ ഏതാനും പാറക്കൂട്ടങ്ങളില്‍നിന്ന് നോക്കിയാല്‍ ദ്വീപിന്റെ ഏകദേശ രൂപരേഖ കിട്ടും. കുന്നിന്‍മുകളില്‍നിന്നുള്ള ദ്വീപുകളുടെയും വിശാലമായ കടലിന്റെയും കാഴ്ച അതിമനോഹരമാണ്. ദീര്‍ഘനേരത്തെ നടത്തമുണ്ടാക്കിയ ക്ഷീണം തീര്‍ക്കാന്‍ പോന്നതായിരുന്നു ആ കാഴ്ച. സഞ്ചാരികള്‍ വന്നുതുടങ്ങുന്നേയുള്ളൂ. കുന്നിന്‍മുകളില്‍ ഒരു വീടും അതിനോട് ചേര്‍ന്നുതന്നെ ഒരു ചെറിയ റെസ്റ്റോറന്റുമുണ്ട്. കുന്നിന്‍മുകളില്‍ സജ്ജമാക്കിയിരിക്കുന്ന ഈ വ്യൂ പോയിന്റും ചെറിയ ഉദ്യാനവും സ്വകാര്യ വ്യക്തികളുടേതാണ്. ഒരോ സഞ്ചാരിക്കും മുപ്പത് ബാത് വീതം ഫീസ് ഈടാക്കുന്നുണ്ട് അവര്‍. പ്രത്യേകമായ രീതിയില്‍ തലമറച്ച ഒരു മുസ്‌ലിം സ്ത്രീ ഞങ്ങളോട് പണം ചോദിച്ചപ്പോഴാണ് ഞങ്ങള്‍ അവരുടെ ഭൂമിയിലാണ് നില്‍ക്കുന്നതെന്ന് മനസ്സിലായത്. 2004-ല്‍ സൂനാമിയില്‍ വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരാണ് അവര്‍. അതോടെയാണവര്‍ തീരദേശത്തുനിന്ന് മലമുകളിലേക്ക് കയറിയത്. മലമുകളില്‍ തന്നെ സ്ഥിരതാമസം തുടങ്ങിയ അവര്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി ചെറിയ ഒരു ഉദ്യാനവും ഒരു റെസ്റ്റോറന്റും ഒരുക്കിയിട്ടുണ്ട്. അവരുടെ ജീവിതായോധന മാര്‍ഗം ഇപ്പോള്‍ ഇതാണ്. 2004-ലെ സൂനാമി സഞ്ചാരികളടക്കമുള്ള കുറേ പേരുടെ ജീവന്‍ കവര്‍ന്നു. കടല്‍തീരങ്ങളിലുള്ള കച്ചവടസ്ഥാപനങ്ങളെ സൂനാമി തുടച്ചുനീക്കിയപ്പോള്‍ പള്ളി മാത്രമാണ് കേടുപാടുകള്‍ കൂടാതെ അവശേഷിച്ചതെന്ന് അവര്‍ പറഞ്ഞു. സൂനാമിയെ അതിജീവിച്ച പള്ളി പിന്നീട് സുഊദി അറേബ്യയുടെ ധനസഹായത്തോടെയാണ് നവീകരിച്ച് ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയത്. 

(അവസാനിച്ചു)

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍