Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

ഭാരത മാതാ സങ്കല്‍പവും അധീശ ദേശീയ വ്യവഹാരങ്ങളും

സി. അഹ്മദ് ഫാഇസ്

ഴുത്തുകാരനും രാഷ്ട്രീയ നേതാവുമായിരുന്ന കെ.എം മുന്‍ഷി 1905-ല്‍ ഹിന്ദുത്വ ദേശീയവാദത്തിന്റെ പിതാക്കളിലൊരാളായ അരബിന്ദൊ ഘോഷിനോട് ചോദിച്ചു: 'എങ്ങനെയാണ് ഒരാള്‍ക്ക് രാജ്യസ്‌നേഹിയാവാന്‍ കഴിയുക?' അരബിന്ദൊ ചുവരില്‍ തൂക്കിയിട്ടിരുന്ന ബ്രിട്ടീഷിന്ത്യയുടെ ഭൂപടത്തിലേക്ക് ചൂണ്ടി പറഞ്ഞു: 'താങ്കള്‍ ഈ മാപ്പ് കണ്ടോ? ഇത് കേവലമൊരു മാപ്പല്ല. ഭാരത മാതാവിന്റെ ചിത്രം കൂടിയാണ്. അതിന്റെ നഗരങ്ങളും പുഴകളും കാടുകളും എല്ലാം ചേര്‍ന്നതാണ് അതിന്റെ ഭൗതികശരീരം. വലുതാകട്ടെ,  ചെറുതാകട്ടെ അവളുടെ എല്ലാ മക്കളും അവളുടെ ഞരമ്പുകളാണ്. ഭാരതത്തെ ജീവിക്കുന്ന മാതാവായി മനസ്സിലാക്കുക. അവളെ പൂര്‍ണമായ ഭക്ത്യാദരങ്ങളോടെ ആരാധിക്കുക.' ഒരു നൂറ്റാണ്ടിനിപ്പുറം 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന/ഉയര്‍ത്തിവിട്ട വിവാദങ്ങളെ സമീപിക്കുമ്പോള്‍ നാമീ സംഭവം ഓര്‍ക്കുക. 

ചരിത്രകാരനായ എറിക് ഹോബ്‌സോം ദേശീയതകളെ ദേവതാസങ്കല്‍പവുമായി സംയോജിപ്പിക്കുന്നതിനെ പറ്റി നാഷന്‍സ് ആന്റ് നാഷ്‌നലിസം സിന്‍സ് 1780: പ്രോഗ്രാം, മിത്ത്, റിയാലിറ്റി എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. മെക്‌സിക്കൊയെ ഗ്വാദലൂപേ (Guadalupe) കന്യകയായും കാറ്റലോണിയയെ മോണ്ട്‌സെറാത് (Montserrat) ദേവതയായുമൊക്കെ കാണുന്നതില്‍ അതത് രാജ്യത്തിന്റെ ദേശീയതയും അഖണ്ഡതയും അവിടങ്ങളിലെ ദേശീയവാദികള്‍ ദര്‍ശിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ 19-ാം നൂറ്റാണ്ടിലെ ബംഗാളി സാഹിത്യത്തിലൂടെയും ചിത്രരചനകളിലൂടെയുമാണ് ദുര്‍ഗാ ദേവി ദേശീയ ഭാവനയായി രൂപപ്പെടുന്നത്. 1873-ല്‍ കിരണ്‍ ചന്ദ്ര ബാനര്‍ജിയുടെ നാടകത്തിലാണ് ആദ്യമായി അത് കടന്നുവന്നത്. പിന്നീട് 1882-ല്‍ ബങ്കിങ് ചന്ദ്ര ചാറ്റര്‍ജിയുടെ 'ആനന്ദമഠം' എന്ന നോവലിലൂടെ വ്യാപക പ്രചാരം നേടി. ജഗദ്ദാത്രി, കാളി, ദുര്‍ഗ എന്നീ ദേവിമാരുടെ മൂന്നു മുഖങ്ങളാണ് നോവലിലൂടെ ചിത്രീകരിക്കപ്പെടുന്നത്.

1905-ല്‍ കഴ്‌സണ്‍ പ്രഭുവിന്റെ കാലത്ത് ബംഗാള്‍ വിഭജിക്കപ്പെട്ട കലുഷമായ കാലസന്ധിയിലാണ് കാവിവസ്ത്രമണിഞ്ഞ, കൈയില്‍ ജപമാലയും വേദവുമായി നില്‍ക്കുന്ന, പ്രശോഭിത വദനത്തോടെയുള്ള 'ഭാരത മാതാവി'നെ മഹാകവി രബീന്ദ്രനാഥ് ടാഗോറിന്റെ അനന്തിരവന്‍ അഭനീന്ദ്രനാഥ് ടാഗോര്‍ വരച്ചുവെക്കുന്നത്. വാസ്തവത്തില്‍ ദുര്‍ഗാ ദേവി ബംഗാളികളുടെ 'മാതാവാ'ണ്. അരബിന്ദൊ ഘോഷാണ് 'ഭാരത് മാതാ' എന്ന സങ്കല്‍പത്തെ ദേശീയ പ്രസ്ഥാനത്തിന്റെ അമരത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചത്. വന്ദേമാതരവും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവുമെല്ലാം പൊതു മണ്ഡലത്തിലേക്ക് കൊണ്ടണ്ടുവന്നതില്‍ അരബിന്ദൊ ഘോഷ് നേതൃത്വം നല്‍കിയ അനുശീലന്‍ സമിതിക്ക് വലിയ പങ്കുണ്ട്. അരബിന്ദൊയുടെ ഭാരത മാതാ സങ്കല്‍പം അടിസ്ഥാനപരമായി മുസ്‌ലിം അപരവല്‍ക്കരണത്തില്‍ അധിഷ്ഠിതമാണെന്ന് അദ്ദേഹത്തിന്റെ  കൃതികളിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാവും.

1937-ല്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ആനന്ദമഠത്തില്‍നിന്നെടുത്ത വന്ദേമാതരം ഇന്ത്യയുടെ ഔേദ്യാഗിക ഗാനമാക്കുന്നതിനായി പ്രമേയം കൊണ്ടുവരുന്നുവെന്നറിഞ്ഞ രബീന്ദ്രനാഥ് ടാഗോര്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചന്ദ്രബോസിനെഴുതി: 'വന്ദേമാതരത്തിന്റെ അന്തസ്സത്ത ദുര്‍ഗാദേവിക്കുള്ള സ്തുതിയാണെന്ന് വ്യക്തമാണ്. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. പത്ത് കൈകളുള്ള ദുര്‍ഗാദേവിയുടെ രൂപത്തെ സ്വദേശമായി കണ്ട് ഏതെങ്കിലും മുസല്‍മാന്‍ ദേശഭക്തിയോടെ ആരാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. ആനന്ദമഠം എന്ന നോവല്‍ ഒരു സാഹിത്യ സൃഷ്ടിയാണ്. വന്ദേമാതരം എന്ന ഗാനം അതിലുണ്ടാവുന്നത് ശരി തന്നെ. എന്നാല്‍ പാര്‍ലമെന്റ് എല്ലാ മതവിഭാഗങ്ങളും ഒരുമിക്കുന്ന ഇടമാണ്. അവിടെ ഇത്തരമൊരു ഗാനം അനുയോജ്യമല്ല.' പിന്നീട് വന്ദേമാതരം എന്ന ഗാനത്തിലെ മുസ്‌ലിം വിരുദ്ധ ഭാഗങ്ങള്‍ ഒഴിവാക്കി കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയപ്പോള്‍ അതിനെ ഹിന്ദുക്കളുടെ സംസ്‌കാരത്തെ കൈയൊഴിയാന്‍ ആവശ്യപ്പെട്ടതായിട്ടാണ് അരബിന്ദൊ ചിത്രീകരിച്ചത് എന്ന് അദ്ദേഹത്തിന്റെ India's Rebirth എന്ന പുസ്തകത്തില്‍ കാണാം. 

ഇപ്പോള്‍ ബാബ രാംദേവ് 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യം എല്ലാവരും വിളിക്കണം എന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ടിരിക്കുന്നു. ജെ.എന്‍.യു സമര പശ്ചാത്തലത്തില്‍ ദേശീയതയെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായ സമയത്തു തന്നെയാണ് ഇത്തരമൊരാവശ്യം ഉയര്‍ന്നുവന്നത് എന്നത് യാദൃഛികമല്ല.

കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രാ നിയമസഭയില്‍നിന്ന് മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.എല്‍.എ വാരിസ് പത്താനെ 'ഭാരത് മാതാ കീ ജയ്' വിളിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി-ശിവസേനാ സഖ്യത്തിന്റെ സ്പീക്കര്‍ പുറത്താക്കുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് മജ്‌ലിസിന്റെ തന്നെ മറ്റൊരംഗമായ ഇംതിയാസ് ജലീല്‍, കോടിക്കണക്കിനു രൂപ ചെലവിട്ട് ശിവജി, ബാല്‍ താക്കറെ തുടങ്ങിയവര്‍ക്ക് സ്മാരകം പണിയുന്നതിനെതിരെ ശക്തമായ വിമര്‍ശം ഉന്നയിച്ചതായിരുന്നു പശ്ചാത്തലം. കടുത്ത വരള്‍ച്ചയിലും കടക്കെണിയിലും അകപ്പെട്ട് നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ്  ഇമ്മട്ടില്‍ ഖജനാവിലെ പണം തുലക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോഴാണ് ശിവസേനാ അംഗം രാംദാസ് കദം, വാരിസ് പത്താനുനേരെ തിരിഞ്ഞ് ദേശക്കൂറ് തെളിയിക്കാന്‍ ആവശ്യപ്പെടുന്നത്. മജ്‌ലിസ് അംഗങ്ങള്‍ 'ഭാരത് മാതാ കീ ജയ്' വിളിക്കണമെന്ന് ഹിന്ദുത്വവാദികള്‍ ഭീഷണി മുഴക്കിയ ഘട്ടത്തിലാണ് വാരിസ് ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ അതിന്റെ ആവശ്യമില്ലെന്ന് തുറന്നടിച്ചത്. സഭയില്‍നി

ന്ന് പുറത്താക്കണം എന്ന ആവശ്യത്തെ ഭരണപക്ഷത്തോടൊപ്പം കോണ്‍ഗ്രസും എന്‍.സി.പിയുമടക്കം പിന്തുണച്ചു എന്നത് നമ്മുടെ ദേശീയതാ സങ്കല്‍പത്തില്‍ സവര്‍ണ ബിംബങ്ങളും ആശയങ്ങളും എത്രത്തോളം ആഴത്തില്‍ വേരോടിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു. 

മാര്‍ച്ച് ആദ്യം ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് യുവാക്കളെ 'ഭാരത് മാതാ കീ ജയ്' വിളിപ്പിച്ച് രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതിനെപ്പറ്റി ഉദ്‌ബോധിപ്പിച്ചിരുന്നു. രണ്ടാഴ്ചക്കു ശേഷം, തന്റെ കഴുത്തില്‍ കത്തിവെച്ചാലും പ്രസ്തുത മുദ്രാവാക്യം വിളിക്കില്ലെന്ന് അസദുദ്ദീന്‍ ഉവൈസി  പ്രതികരിച്ചതാണ് ദേശീയതലത്തില്‍ ഈ വിവാദം ചൂടുപിടിക്കാന്‍  കാരണമായത്. തുടര്‍ന്നാണ് മഹാരാഷ്ട്രാ അസംബ്ലിയില്‍ മേല്‍പറഞ്ഞ സംഭവം ഉണ്ടാവുന്നത്. എന്നാല്‍ ഉവൈസിയുടെ പ്രസ്താവനക്കു ശേഷം നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവില്‍ പാസ്സാക്കിയ പ്രമേയം, 1905-ല്‍ അരബിന്ദൊ ഘോഷ് കെ.എം മുന്‍ഷിക്ക് നല്‍കിയ മറുപടിക്ക് ഭരണഘടനാ സാധൂകരണമുണ്ട് എന്ന തരത്തിലായിരുന്നു. ഇന്ത്യ എന്നാല്‍ ഭാരതം എന്ന് ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ ഒന്നില്‍ പറഞ്ഞിട്ടുള്ളതിനാല്‍ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കാന്‍ വിസമ്മതിക്കുന്നത് ഭരണഘടനയോടുള്ള അനാദരവാണെന്നാണ് പ്രമേയകര്‍ത്താക്കളുടെ വിചിത്രമായ കണ്ടെത്തല്‍. എന്നാല്‍  ഭരണഘടനാപരമായി പ്രസ്തുത പ്രമേയം തെറ്റാണെന്ന് മുന്‍ സുപ്രീം കോടതി വിധികള്‍ സ്ഥാപിക്കുന്നുണ്ട്.

1986-ലെ ബിജോ ഇമ്മാനുവല്‍ വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള കേസില്‍ ദേശീയ ഗാനം ചൊല്ലുന്നത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നും അങ്ങനെ ചൊല്ലാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂളില്‍നിന്ന് തങ്ങളെ പുറത്താക്കിയ നടപടി റദ്ദുചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള മൂന്ന് കുട്ടികളുടെ ഹരജി സുപ്രീം കോടതി  പരിഗണിക്കുകയുണ്ടായി. കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് ഒ. ചിന്നപ്പ റെഡ്ഡി, ദേശീയ ഗാനമാലപിക്കുമ്പോള്‍  കൂടെ ചൊല്ലണമെന്നില്ലെന്നും സംസാരിക്കാന്‍ അവകാശമുള്ളതുപോലെ മിണ്ടാതിരിക്കാനും അവകാശമുണ്ടെന്നും പ്രസ്താവിച്ചു. മതവിശ്വാസപ്രകാരം ഒരാള്‍ക്ക് ദേശീയ ഗാനം ചോല്ലുന്നതില്‍ വിയോജിപ്പുണ്ടെങ്കില്‍  ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 25 അതനുവദിച്ചുതരുന്നുണ്ടെന്നും വിധിയില്‍ പറയുന്നു. Prevention of Insults to National Honour Act (1971) പ്രകാരം ദേശീയ ഗാനം ചൊല്ലാതിരിക്കുന്നത് നിയമലംഘനമായി കണക്കാക്കാമെന്നിരിക്കെ പ്രസ്തുത വിധി പ്രകാരം  ദേശീയഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ചുതരുന്നു. ഭരണഘടനയിലോ മറ്റേതെങ്കിലും ആക്ടുകളിലോ പരാമര്‍ശിക്കപ്പെടാത്ത 'ഭാരത് മാതാ കീ ജയ്' വിളിക്കാതിരുന്നതിന് ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധിയെ നിയമസഭയില്‍നിന്ന് പുറത്താക്കിയ മഹാരാഷ്ട്രാ അസംബ്ലി സ്പീക്കറുടെയും അത്തരമൊരാവശ്യം ഉന്നയിച്ച പാര്‍ട്ടികളുടെയും എം.എല്‍.എമാരുടെയും നടപടി ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. ഏകദൈവത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇസ്‌ലാം വിശ്വാസികളെ സംബന്ധിച്ചേടത്തോളം ഭൂമിയെയോ ഭൂവിഭാഗത്തെയോ മണ്ണിനെയോ പ്രകൃതിയെയോ മാതാവായോ ദൈവമായോ ഒരുനിലക്കും സങ്കല്‍പിക്കാനോ ആരാധിക്കാനോ കഴിയില്ല. എല്ലാം പ്രപഞ്ചനാഥന്റെ നശ്വര സൃഷ്ടികളാണെന്ന ഉന്നതചിന്തയാണ് ഏകദൈവ വിശ്വാസത്തിന്റെ കാതല്‍.

'ഭാരത് മാതാ കീ ജയ്' എന്നതിനുപകരം 'ഹിന്ദുസ്താന്‍ സിന്ദാബാദ്' എന്നോ 'ജയ് ഹിന്ദ്' എന്നോ പറയാന്‍ താന്‍ തയാറാണെന്നും, താന്‍ എന്തുപറയണമെന്ന് മറ്റുള്ളവര്‍ തന്റെ വായില്‍ തിരുകുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമസഭയില്‍നിന്ന് പുറത്താക്കപ്പെട്ട ശേഷം വാരിസ് പത്താന്‍ മാധ്യമങ്ങളോട് പറയുകയുണ്ടായി. തങ്ങളുടെ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ മുദ്രാവാക്യങ്ങള്‍ മുഴക്കാതിരിക്കാനും നിലവിളക്ക് കൊളുത്താതിരിക്കാനുമെല്ലാമുള്ള ഭരണഘടനാപരമായ അവകാശം പോലും മാനിക്കാന്‍ കഴിയാത്തവിധം സവര്‍ണ അധീശത്വം 'മതേതര ദേശീയ സങ്കല്‍പ'ത്തില്‍ വന്നുകഴിഞ്ഞുവെന്ന് നാള്‍ക്കുനാള്‍ വ്യക്തമാവുന്നു.

ബി.ജെ.പിയുടെ പ്രമേയവും ബാബ രാംദേവിനെപ്പോലുള്ളവരുടെ ആവശ്യവുമെല്ലാം ഏതുതരം രാജ്യമാണ് ഇവര്‍ വിഭാവനം ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന ഏകാത്മക സാംസ്‌കാരിക ഹിന്ദുത്വ ദേശീയതയെ തന്നെയാണ് കോണ്‍ഗ്രസ് അടക്കമുള്ള മതേതര പാര്‍ട്ടികളും ഉള്ളില്‍ പേറുന്നതെന്ന് മഹാരാഷ്ട്രാ നിയമസഭയില്‍ നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. ജെ.എന്‍.യു വിവാദത്തെ തുടര്‍ന്നുണ്ടായ ദേശീയതയെ സംബന്ധിച്ച ചര്‍ച്ചകളില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍ ദേശഭക്തര്‍ എന്ന വിധത്തില്‍ മാപ്പുസാക്ഷിത്വ മനോഭാവത്തോടെ പ്രതികരിച്ച ജെ.എന്‍.യുവിനകത്തും പുറത്തുമുള്ള ഇടതു പാര്‍ട്ടികളിലും ഇതിന്റെ സ്വാധീനം കാണാം. 

നിലനില്‍ക്കുന്ന അധീശ ദേശീയ വ്യവഹാരങ്ങളെ ചോദ്യം ചെയ്യാനാകുന്ന പ്രത്യയശാസ്ത്ര അടിത്തറ ഇപ്പോള്‍ ഇന്ത്യയിലെ ഏത് ബി.ജെ.പിയിതര പാര്‍ട്ടിക്കാണുള്ളത് എന്നത് ബില്യന്‍ ഡോളര്‍ ചോദ്യമാണ്. അധീശ വ്യവഹാരങ്ങളെ ചോദ്യംചെയ്യുന്നു എന്നതാണ് രോഹിത് വെമുല മുന്നോട്ടുവെച്ച രാഷ്ട്രീയത്തിന്റെ പ്രസക്തി. അതുകൊണ്ടുതന്നെയാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയെ ഭരണകൂടം നോട്ടമിടുന്നതും വിദ്യാര്‍ഥികളെ വേട്ടയാടുന്നതും. അരബിന്ദൊ ഘോഷും സവര്‍ക്കറുമടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭാരതമാതാ സങ്കല്‍പത്തിലധിഷ്ഠിതമായ ഏകാത്മക ദേശീയതക്ക് പകരം വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വത്തെപ്പറ്റി പറയുന്ന, ദേശികളെ പ്രധാനമായി കാണുന്ന ദേശീയ സങ്കല്‍പം മുന്നോട്ടുവെക്കുന്നതിലൂടെ മാത്രമേ നിലവിലെ അധീശ ദേശീയ വ്യവഹാരങ്ങളെ മറികടക്കാന്‍ കഴിയൂ.  

(ദല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ വിദ്യാര്‍ഥിയാണ് ലേഖകന്‍)

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍