Prabodhanm Weekly

Pages

Search

2016 ഏപ്രില്‍ 08

2946

1437 ജമാദുല്‍ ആഖിര്‍ 30

ആശ(ങ്ക)കള്‍ പകര്‍ന്ന ലോക മാധ്യമ ഉച്ചകോടി

ഹുസൈന്‍ കടന്നമണ്ണ

കോലാഹലമുഖരിതവും ആശങ്കാഭരിതവുമാണ് വാര്‍ത്താമാധ്യമരംഗം. മാധ്യമ അധിപന്മാരും പ്രവര്‍ത്തകരും  വായനക്കാരും പ്രേക്ഷകരും ഒരുപോലെ പുത്തന്‍ പരിവര്‍ത്തനങ്ങളും വെല്ലുവിളികളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. 

മെലിഞ്ഞില്ലാതാകുന്ന മൂലധനം, ഭരണകൂട ഭീഷണികള്‍, പരസ്യദാതാക്കളുടെ സമ്മര്‍ദം, അപകീര്‍ത്തിക്കേസുകളുടെ കെട്ടുകള്‍, സ്‌കൂപ്പടിക്കാനും അതിജീവനത്തിനുമുള്ള മത്സരപ്പാച്ചിലിനിടയില്‍ സഹജീവികള്‍ തമ്മിലുണ്ടാവുന്ന സ്വാഭാവിക പാരവെപ്പുകള്‍, എല്ലാം ഞൊടിയിടക്ക് വലിച്ചുപുറത്തിട്ടും പ്രചരിപ്പിച്ചും വാര്‍ത്തകളുടെ രസച്ചരട് പൊട്ടിക്കുന്ന നവമാധ്യമങ്ങള്‍.. ഇങ്ങനെയുള്ള വെല്ലുവിളികള്‍ക്കു മുമ്പില്‍ മാധ്യമാധിപന്മാര്‍ പകച്ചുനില്‍ക്കുന്നു.

മാധ്യമ മുതലാളിമാരുടെ ഇടപെടലുകള്‍, പീഡനങ്ങള്‍, വേതനക്കുറവ്, ഭരണകൂടഭീകരത, പോലീസിന്റെയും രഹസ്യാന്വേഷണ ഏജന്‍സികളുടെയും ഭീഷണികള്‍, മര്‍ദനങ്ങള്‍,  കൊലപാതകങ്ങള്‍, ജയില്‍ശിക്ഷ, പൊതുസമൂഹത്തിന്റെ നിഷേധാത്മക പ്രതികരണങ്ങള്‍... മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ട് പ്രശ്‌നങ്ങളേറെ. 

മാധ്യമാധിപന്മാരുടെയും പ്രവര്‍ത്തകരുടെയും മൂലധനശക്തികളുടെയും ചൂഷണങ്ങളും അടിച്ചേല്‍പ്പിക്കലുകളും ഒരു ഭാഗത്ത്. മാധ്യമകുടുംബത്തിലെ  പ്രിന്റ്- ഇലക്‌ട്രോണിക്-സോഷ്യല്‍ മീഡിയാ ധാരകള്‍ വീട്ടകങ്ങളിലും ഉള്ളന്‍കൈകളിലും അധിനിവേശം നടത്താനൊരുമ്പെട്ടിറങ്ങിയതിന്റെ ഗുരുതര പ്രത്യാഘാതങ്ങള്‍ മറുഭാഗത്ത്. പരിസരബോധം മറന്ന് മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലേക്ക് കണ്ണുനട്ടിരിക്കുന്നതിനിടെ ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ഭാര്യയെ/മകളെ കാണാനില്ലാത്ത അവസ്ഥ.. പൊതുജനങ്ങള്‍ക്കുമുണ്ട് ഒട്ടേറെ പരാതികള്‍.  

ഈ പശ്ചാത്തലത്തിലാണ് ഈയിടെ ദോഹയില്‍ നടന്ന (മാര്‍ച്ച് 20,21) മൂന്നാമത് ദ്വിദിന ലോക മാധ്യമ ഉച്ചകോടി പ്രസക്തമാവുന്നത്. ആദ്യമായാണ് അറബ്-മധ്യപൗരസ്ത്യദേശത്ത് ലോക മാധ്യമ ഉച്ചകോടി ചേരുന്നത്. 'വാര്‍ത്തയുടെയും വാര്‍ത്താസ്ഥാപനങ്ങളുടെയും ഭാവി' എന്ന ശീര്‍ഷകത്തില്‍ നടന്ന ഉച്ചകോടിയില്‍ നൂറോളം രാജ്യങ്ങളില്‍നിന്നായി മുന്നൂറ്റി അമ്പതിലേറെ മാധ്യമാധിപന്മാരും പ്രവര്‍ത്തകരും പങ്കെടുത്തു. ആഗോള മാധ്യമരംഗത്തെ തഴക്കവും പഴക്കവും ചെന്ന വമ്പന്മാരുടെയും കളരിയില്‍ പയറ്റിത്തുടങ്ങിയ നവാഗതരുടെയും പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ആതിഥേയരായ അല്‍ജസീറക്കു പുറമെ ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ, ബി.ബി.സി, സി.എന്‍.എന്‍, എന്‍.ബി.സി, ന്യൂയോര്‍ക്ക് ടൈംസ്, തോംസണ്‍ റോയിട്ടേഴ്‌സ്, ജപ്പാനീസ് ഏജന്‍സിയായ ക്യൂഡോ, അസോസിയേറ്റഡ് പ്രസ്, ഇത്താര്‍ താസ്, സ്പുട്‌നിക് ഇന്റര്‍നാഷ്‌നല്‍ തുടങ്ങിയവയുടെ സാന്നിധ്യം ശ്രദ്ധേയമായി. ഇന്ത്യയെ പ്രതിനിധീകരിച്ചെത്തിയത് ദ ഹിന്ദുവിന്റെ പബ്ലിഷറും ചെയര്‍മാനുമായ എന്‍. റാം. 

'ഇരുപതു വര്‍ഷം മുമ്പ് അല്‍ജസീറ മീഡിയാ നെറ്റ്‌വര്‍ക്ക് സ്ഥാപിതമായതു മുതല്‍ മികച്ച മാധ്യമസേവനം നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പ്രേക്ഷകന്റെ ധിഷണയെ അതു മാനിക്കുന്നു. സത്യസന്ധതയോടും പ്രഫഷനല്‍ മികവോടും വിവരം ജനങ്ങളിലെത്തിക്കുന്നു. വീക്ഷണങ്ങള്‍ക്കും മറുവീക്ഷണങ്ങള്‍ക്കും ഇടം നല്‍കുന്നു. ആരാവട്ടെ, എവിടെയാവട്ടെ, മനുഷ്യനോടും മനുഷ്യന്റെ നീതിപൂര്‍വകമായ പ്രശ്‌നങ്ങളോടുമാണ് അതിന്റെ പ്രതിബദ്ധത''-ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് അല്‍ജസീറ നെറ്റ്‌വര്‍ക്ക് ചെയര്‍മാന്‍ ശൈഖ് ഹമദ്ബിന്‍ സാമിര്‍ അല്‍ഥാനി പറഞ്ഞു. ''സത്യത്തിലേക്കെത്തുക, അതെവിടെയാണെങ്കിലും. സംഭവത്തിന്റെ നിജഃസ്ഥിതിയും ചിത്രവും പൂര്‍ണ വിശ്വാസ്യതയോടെ റിപ്പോര്‍ട്ട് ചെയ്യുക. അല്‍ജസീറയുടെ തുടക്കംതൊട്ടേയുള്ള പ്രഥമ ലക്ഷ്യം അതായിരുന്നു.''-ശൈഖ് ഹമദ് കൂട്ടിച്ചേര്‍ത്തു. 

പത്രപ്രവര്‍ത്തന പാരമ്പര്യങ്ങള്‍ ദ്രുതപരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ വാര്‍ത്താസമാഹരണം, വസ്തുതാന്വേഷണരീതികള്‍, അനുവാചകശീലങ്ങള്‍, മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ ഗഹനമായ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. 

'നാം മാധ്യമരംഗത്തെ ഡിജിറ്റല്‍ വിപ്ലവത്തിലേക്ക് പ്രവേശിച്ചിട്ട് ഇരുപതു വര്‍ഷമായി.  ഇനിമുതല്‍ വാര്‍ത്തകള്‍ക്കുള്ള ഡിമാന്റും അതിനനുസരിച്ചുള്ള വാര്‍ത്താവിതരണവും വര്‍ധിക്കുമെങ്കിലും ഈ പോക്കു പോയാല്‍ പല രംഗത്തും നിലവാരം പുലര്‍ത്താനാവില്ല.''-അസോസിയേറ്റഡ് പ്രസിന്റെ പ്രസിഡന്റ് ഗാരി പ്ര്യൂട്ട് പറഞ്ഞു. 

'എന്റെ സ്ഥാപനത്തിലെ നവീകരണത്തിന്റെ മുഖ്യമുഖം ജോലിയും നിക്ഷേപവും സാങ്കേതിക സംരംഭങ്ങളും വര്‍ധിപ്പിക്കലാണ്. ഞങ്ങള്‍ വാര്‍ത്താസമാഹരണത്തിനായി ഇതിനകം ഡ്രോണുകളെ പരീക്ഷിച്ചുകഴിഞ്ഞു. മനുഷ്യ ഇടപെടലുകളില്ലാതെ വാര്‍ത്തകള്‍ ഉല്‍പാദിപ്പിക്കാന്‍ 'റോബോട്ട് ജേര്‍ണലിസ'വും പരീക്ഷിച്ചു.'' അസോസിയേറ്റഡ് പ്രസിന്റെ നവീകരണയത്‌നങ്ങള്‍ ഗാരി വിശദീകരിച്ചു.  

നവമാധ്യമങ്ങള്‍ പരമ്പരാഗത മാധ്യമങ്ങള്‍ക്ക് സൃഷ്ടിക്കുന്ന ഭീഷണി എത്രത്തോളമെന്ന് വിശദീകരിക്കുന്നതായിരുന്നു ഉല്‍ഘാടന സമ്മേളനത്തിലെ 'സിന്‍ഹുവാ' പ്രസിഡന്റ് കായ് മിംഗ്‌സ് ഹാവോയുടെ വാക്കുകള്‍. 'ജനങ്ങള്‍ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്ന പ്രഥമ സ്രോതസ്സ് മൊബൈല്‍ ഇന്റര്‍നെറ്റായി മറിക്കഴിഞ്ഞു. വാര്‍ത്താസ്രോതസ്സുകളുടെ വൈവിധ്യം കൂടുന്നതിനനുസരിച്ച് ജനങ്ങള്‍ കൂടുതല്‍ സെലക്ടീവായി മാറുകയാണ്. അതിനാല്‍ മാധ്യമങ്ങള്‍ ഗുണമേന്മയും പ്രേക്ഷകപ്രിയമായ ഉള്ളടക്കവും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു.'' അദ്ദേഹം തുടര്‍ന്നു.

'ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്കുകളുടെയും ഡിജിറ്റല്‍ ടെക്‌നോളജിയുടെയും ദ്രുതവളര്‍ച്ച മാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയതോടൊപ്പം വികസനത്തിന് പുതിയ അവസരങ്ങളും തുറന്നിരിക്കുകയാണ്. പരമ്പരാഗത പ്രഫഷനല്‍ മാധ്യമസ്ഥാപനങ്ങള്‍ ഇപ്പോഴും പകരക്കാരില്ലാത്ത വിധം മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. ഇന്റര്‍നെറ്റിലെ അധിക വിവരങ്ങളും നല്‍കുന്നത് അവര്‍ തന്നെയാണ്. നവമാധ്യമങ്ങള്‍ അധികപക്ഷവും നിര്‍വഹിക്കുന്നത് 'കോപ്പി-പേസ്റ്റ്' റോള്‍ മാത്രം. അങ്ങനെ നോക്കുമ്പോള്‍ നവമാധ്യമങ്ങള്‍ക്കുള്ള ശേഷികള്‍ പരമ്പരാഗത മാധ്യമങ്ങളുടെ പ്രചാരവും സ്വാധീനവും വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയും ടെര്‍മിനലുകളിലൂടെയും വര്‍ധിപ്പിക്കാന്‍ സഹായകമാവുകയാണ് ചെയ്തത്. അതിനാല്‍ നിലവില്‍ സംജാതമായ വിപ്ലവം വെല്ലുവിളികളേക്കാളേറെ അവസരങ്ങളാണ് സൃഷ്ടിക്കുന്നത്.''അദ്ദേഹം പറഞ്ഞു.

രണ്ടാം ദിവസം 'വാര്‍ത്താ കവറേജില്‍ സാങ്കേതികവിദ്യയുടെ സ്വാധീനം' എന്ന ശീര്‍ഷകത്തില്‍ നടന്ന ചര്‍ച്ചയില്‍ അല്‍ജസീറ നെറ്റ്‌വര്‍ക്കിന്റെ സ്ട്രാറ്റജി ആന്റ് ഡെവലപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ യാസിര്‍ ബിശ്ര്‍, നേരത്തേ കായ് മിംഗ്‌സ് നടത്തിയ വിശകലനം ഇങ്ങനെ പൂരിപ്പിച്ചു: 'പഴയ ശക്തിസ്വരൂപങ്ങളും പരമ്പരാഗത സ്ഥാപനങ്ങളും ഇന്റര്‍നെറ്റിനു മുമ്പില്‍ പത്തിമടക്കി പിന്‍വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണമായി, 2014-ല്‍ ന്യൂയോര്‍ക്ക് ടൈംസ് 54 ശതമാനം പിറകോട്ടടിച്ചു. മറുവശത്ത് ഗൂഗ്ള്‍ 2010-ല്‍ 66 ബില്യന്‍ ആസ്തിയിലേക്ക് വളര്‍ന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ദി ഇന്റിപെന്റന്റ് പത്രം കടലാസ് പ്രിന്റിംഗ് നിര്‍ത്തി. ഒറ്റ ദിവസം ഒരു ബില്യന്‍ ആളുകള്‍ ഫേസ്ബുക്കിലുടെ ആശയവിനിമയം നടത്തുന്നതായി അതിന്റെ സ്ഥാപകന്‍ പറയുന്നു. ആളുകള്‍ ദിനേന ശരാശരി മൂന്നു മണിക്കൂര്‍ സ്മാര്‍ട്ട് ഫോണുകളിലൂടെ നവസാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതായാണ് പഠനം. അതിനാല്‍ ഇപ്പോള്‍ മത്സരം പരമ്പരാഗത മാധ്യമങ്ങളും നവമാധ്യമങ്ങളും തമ്മിലായിരിക്കുന്നു.'' അദ്ദേഹം തുടര്‍ന്നു. 'അതേസമയം ഈ നവമാധ്യമങ്ങള്‍ക്കും മനുഷ്യരെ വേണം. ഉള്ളടക്കവും വേണം. അഥവാ മാധ്യമപ്രവര്‍ത്തകരെയും പരമ്പരാഗത മാധ്യമങ്ങളെയും വേണം.'' 

'സോഷ്യല്‍' ജേര്‍ണലിസം

വായനക്കാരെയും പ്രേക്ഷകരെയും എങ്ങനെ നിലനിര്‍ത്താം എന്ന ചര്‍ച്ച ചൂടുപിടിക്കുമ്പോള്‍ തന്നെ, പത്രപ്രവര്‍ത്തനം സാമൂഹിക പ്രതിബദ്ധതയോടെയാവണമെന്നതില്‍ ഏറക്കുറെ സമവായം രൂപപ്പെടുന്നുണ്ടായിരുന്നു. ചൈനയുടെ കുഗ്രാമങ്ങളില്‍ ജനങ്ങളനുഭവിക്കുന്ന ദാരിദ്ര്യത്തെ കേന്ദ്രീകരിച്ച് സിന്‍ഹുവാ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ ആറു മാസത്തെ അന്വേഷണാത്മക വിവരസമാഹരണം കായ് എടുത്തു പറഞ്ഞു. പ്രസ്തുത സംരംഭം സര്‍ക്കാറിന്റെ നയപരിപാടികളില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ കാരണമായതായും അദ്ദേഹം പറഞ്ഞു. 

അസോസിയേറ്റഡ് പ്രസ്സിന്റെ പ്ര്യൂട്ടിന് തദവസരത്തില്‍ പറയാനുണ്ടായിരുന്നത്, തന്റെ ഏജന്‍സി ചെയ്ത എക്കാലത്തെയും മികച്ച ഒരു 'സ്‌റ്റോറി'യെ കുറിച്ചായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ വില്‍ക്കപ്പെടുന്ന തൊലികളഞ്ഞ ചെമ്മീന്‍ തയാറാക്കിയിരുന്നത് തായ്‌ലന്റില്‍ മനുഷ്യക്കടത്തിലൂടെയെത്തി കുടുങ്ങിയ പാവങ്ങളായ മുക്കുവന്മാരാണെന്ന വസ്തുതയാണ് അന്വേഷണത്തിലൂടെ ബോധ്യപ്പെട്ടത്. പ്രസ്തുത 'സ്‌റ്റോറി' പിന്നീട് അവരുടെ മോചനത്തിലേക്ക് നയിക്കുകയുണ്ടായി. 

'നല്ലൊരു വൃത്താന്തപത്രം അഭിപ്രായപ്രകടനത്തിനും സംവാദത്തിനും വിവാദത്തിനും പ്രതികരണത്തിനുമുള്ള വേദിയാവണം. സ്വന്തത്തോടുതന്നെ സംസാരിക്കുന്ന ഒരു രാഷ്ട്രമായിരിക്കണമത്.''-എന്‍. റാം പറഞ്ഞു. ''നിങ്ങളത് ഭംഗിയായി നിര്‍വഹിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അജണ്ട 'ക്രമീകരിക്കുന്ന'തിലുപരി 'നിര്‍മിക്കാന്‍' കഴിയും. നാം നിലകൊള്ളുന്നത് സ്വതന്ത്രവും ധീരവും അന്വേഷണ-നിരീക്ഷണ സ്വാതന്ത്ര്യവുമുള്ള പത്രപ്രവര്‍ത്തനത്തിനു വേണ്ടിയാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം

ഉച്ചകോടിയിലുടനീളം മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി മുറവിളികളുയര്‍ന്നു. സംഘര്‍ഷഭരിതമായ മധ്യപൗരസ്ത്യദേശത്ത് അവരനുഭവിക്കുന്ന പീഡനങ്ങള്‍ പലരും എടുത്തുപറഞ്ഞു. '2006-നു ശേഷം 800-ലേറെ മാധ്യമപ്രവര്‍ത്തകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്''-യുനെസ്‌കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ആവിഷ്‌കാരസ്വാതന്ത്ര്യ-മാധ്യമവികസന വേദി'യുടെ ഡയറക്ടര്‍ ഗെയ് ബെര്‍ഗര്‍ പറഞ്ഞു. ''മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിന് വിവിധ തലങ്ങളിലുള്ളവര്‍ കൂട്ടായി പ്രവര്‍ത്തിക്കണം. ഒരു സംഘടനക്കു മാത്രം പ്രശ്‌നം പരിഹരിക്കാനാവില്ല.''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണം വിഷയമാക്കി കഴിഞ്ഞ നാലു വര്‍ഷത്തിനിടെ യു.എന്‍ എട്ടു പ്രമേയങ്ങളിറക്കിയിട്ടുണ്ടെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ലെന്ന് ബെര്‍ഗര്‍ ചൂണ്ടിക്കാട്ടി. 

ബെര്‍ഗര്‍ പറഞ്ഞ വിഷയം ഗൗരവതരമാണെന്ന് മറ്റു പ്രഭാഷകര്‍ നിരത്തിയ കണക്കുകളും വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകരനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് സംഘര്‍ഷഭൂമികളെന്നോ സമാധാനഭൂമികളെന്നോ വ്യത്യാസമില്ല. 'അതിരുകളില്ലാത്ത റിപ്പോര്‍ട്ടര്‍മാര്‍' എന്ന സംഘടന തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 2015-ല്‍ മൊത്തം കൊല്ലപ്പെട്ട 110 മാധ്യമപ്രവര്‍ത്തകരില്‍ പലരും മരിച്ചത് സംഘര്‍ഷമേഖലകളിലായിരുന്നെങ്കിലും കൂടുതല്‍ സമാധാനമേഖലകളിലായിരുന്നു. 67 പേര്‍ ദൗത്യനിര്‍വഹണത്തിനിടെയാണ് കൊല്ലപ്പെട്ടത്. ഏറ്റവും കൂടുതല്‍ ഇറാഖിലും (11) സിറിയയിലും (10) ആണെങ്കിലും മൂന്നാം സ്ഥാനത്ത് ഫ്രാന്‍സ് (8) ഉണ്ടെന്നത് ആരെയും ഞെട്ടിക്കുന്നു. 

ലോകത്ത് ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ ജയിലിലടക്കപ്പെട്ടിട്ടുള്ളത് ചൈനയിലും ഈജിപ്തിലുമാണ്. മാധ്യമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലായി 199-ലേറെ പേര്‍ ജയിലില്‍ കഴിയുന്നു. അതിന്റെ കാല്‍ഭാഗവും ചൈനയിലാണ്. ഈജിപ്തില്‍ അവരുടെ എണ്ണം 23 ആണ്. കഴിഞ്ഞ വര്‍ഷമത് 14 ആയിരുന്നു. 

ഇതെല്ലാം ഔദ്യോഗിക കണക്കുകള്‍ മാത്രമാണെന്നാണ് ഈജിപ്തില്‍ 10 മാസം തടവില്‍ കഴിയേണ്ടിവന്ന മാധ്യമപ്രവര്‍ത്തകന്‍ അബ്ദുല്ല അശ്ശാമി (അല്‍ജസീറ) പറയുന്നത്. ഈജിപ്തില്‍ തൊണ്ണൂറിലേറെ പത്രപ്രവര്‍ത്തകര്‍ അഴിയെണ്ണി കഴിയുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 

ശ്രദ്ധേയമായ സംയുക്തപ്രഖ്യാപനം

വിവിധ മാധ്യമസ്ഥാപനങ്ങള്‍ തമ്മിലും വ്യത്യസ്ത ദേശക്കാരായ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുമുള്ള സഹകരണം സര്‍വതലങ്ങളിലും കൂടുതല്‍ ശക്തിപ്പെടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള സംയുക്തപ്രഖ്യാപനത്തോടെയാണ് ഉച്ചകോടി സമാപിച്ചത്. ''മാധ്യമസ്ഥാപനങ്ങള്‍ പരസ്പരം 

അനുഭവങ്ങള്‍ പങ്കുവെക്കണം. വിവരവിപ്ലവ യുഗത്തിലെ സാങ്കേതികവിദ്യയുടെ ദ്രുതമാറ്റങ്ങള്‍ അഭിമുഖീകരിക്കാന്‍ നവീന അവസരങ്ങള്‍ നാം ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കണം.'' പ്രഖ്യാപനം ഊന്നിപ്പറയുന്നു.

വാര്‍ത്താസമാഹരണത്തിന്റെ വിവിധ തലങ്ങള്‍, സംഘര്‍ഷമേഖലകളിലെ സുരക്ഷിതത്വം, അവകാശ-ബാധ്യതകളെക്കുറിച്ച അവബോധം തുടങ്ങിയ കാര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ സംവിധാനമുണ്ടാക്കുമെന്ന് പറയുന്ന പ്രഖ്യാപനരേഖ സംഘടനയിലേക്കു പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നുമുണ്ട്. 'നാം, ലോക മാധ്യമ ഉച്ചകോടി എപ്പോഴും പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യുന്നു. ലോകത്തെ എല്ലാ ഭൂമിശാസ്ത്രമേഖലകള്‍ക്കും അതില്‍ പ്രാതിനിധ്യമുണ്ടാവണം. എല്ലാ തരത്തിലുള്ള മാധ്യമങ്ങള്‍ക്കും സ്വാഗതം!'' 

2008-ല്‍ ബീജിംഗിലാണ് ലോക മാധ്യമ ഉച്ചകോടിയുടെ പിറവി. ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവയാണ് അതിന് മുന്‍കൈ എടുത്തത്. 2009-ല്‍ ബീജിംഗില്‍ തന്നെ പ്രഥമ സമ്മേളനവും നടന്നു. കടുത്ത മാധ്യമപീഡനങ്ങള്‍ നടത്തുന്ന ചൈന ഇത്തരം വേദികള്‍ രൂപീകരിച്ച് സ്വന്തം അത്യാചാരങ്ങള്‍ക്ക് മറയിടുകയാണെന്ന് അക്കാലത്ത് ആക്ഷേപമുയര്‍ന്നിരുന്നു. സ്വാതന്ത്ര്യം, മനുഷ്യാവകാശം, ആവിഷ്‌കാരസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ അപകീര്‍ത്തി നേരിടുന്ന രാജ്യങ്ങളുടെ സ്ഥിരം അടവാണ് ഇത്തരം വേദികളൊരുക്കല്‍. പക്ഷേ മുന്‍കൈയെടുത്തത് ആരാണെന്നും എന്തിനാണെന്നും അറിഞ്ഞുകൊണ്ടുതന്നെ ഇത്തരം വേദികളെ ഗുണപരമായി ഉപയോഗപ്പെടുത്തിയാല്‍ ഒട്ടേറെ സാധ്യതകള്‍ തുറന്നുകിട്ടും. രണ്ടാമത് ഉച്ചകോടിക്ക് 2012-ല്‍ മോസ്‌കോയും മൂന്നാമതു ഉച്ചകോടിക്കു ഇപ്പോള്‍ ദോഹയില്‍ അല്‍ജസീറയും ആതിഥ്യമരുളിയത് അത്തരം ക്രിയാത്മക ചിന്തയുടെ ഫലമായാണ്.  

Comments

Other Post

ഹദീസ്‌

ദേഷ്യം നിയന്ത്രിക്കുന്നവന്റെ മഹത്വം
സി.എം റഫീഖ് കോക്കൂര്‍

ഖുര്‍ആന്‍ ബോധനം

സൂറ-24 /അന്നൂര്‍ /6-9
എ.വൈ.ആര്‍